പഞ്ചായത്തു് കമ്പ്യൂട്ടര്‍വല്ക്കരണവും ഭരണഭാഷയും – ചില ചിന്തകള്‍

–“കേരള പഠന കോണ്‍ഗ്രസ്സ് – 2015” ല്‍ അവതരിപ്പിച്ചതു്–

“നിങ്ങളൊരാളോടു് അയാള്‍ക്കു് മനസ്സിലാവുന്നൊരു ഭാഷയില്‍ സംസാരിച്ചാല്‍ അതു് അയാളുടെ തലയ്ക്കുള്ളിലെത്തും. എന്നാല്‍ നിങ്ങള്‍ അയാളോടു് അയാളുടെ തന്നെ ഭാഷയില്‍ സംസാരിച്ചാലോ, അയാളുടെ ഹൃദയത്തിലേക്കാണതെത്തുക.” -നെല്‍സണ്‍ മണ്ടേല.

പഞ്ചായത്തെന്നാല്‍ നേരിട്ടു് ഏറ്റവും അടിത്തട്ടില്‍ ജനങ്ങളുമായി ഇടപെടുകയും പ്രശ്നപരിഹാരം നടത്തുകയും, അവരുടെ അടിസ്ഥാനരേഖകള്‍ നിയമാനുസൃതം സൂക്ഷിക്കുകയും പുതുക്കുകയും ആവശ്യാനുസരണം ലഭ്യമാക്കുകയും ചെയ്യുന്ന ഭരണഘടനാദത്തമായ അധികാരങ്ങളോടും ഉത്തരവാദിത്തങ്ങളോടും കൂടിയ പ്രാദേശിക ഭരണസംവിധാനമാണു്. അതിന്റെ ഭരണഭാഷ അത്തരം ആളുകളുമായി അകല്‍ച്ചയില്ലാതെ സദാസമയം ഇടപെടുവാന്‍ പര്യാപ്തമായിരിക്കണം. സംസ്ഥാനത്തെ ഭരണഭാഷ മലയാളമാണു്. ഭാഷാന്യൂനപക്ഷങ്ങള്‍ക്കു് മുന്‍തൂക്കമുള്ള മേഖലകളില്‍ അവരുടെ മാതൃഭാഷയായിരിക്കണം ഭരണഭാഷ. കമ്പ്യൂട്ടര്‍വല്ക്കരണം നടത്തുമ്പോഴും ഈ അടിസ്ഥാനതത്വം മറക്കാന്‍ പാടില്ല. എന്നാല്‍ ഇന്നു് ഗ്രാമപഞ്ചായത്തുകളില്‍ ഉപയോഗത്തിലുള്ള സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ മിക്കതും ഈ തത്വം തമസ്കരിച്ചാണു് തയ്യാറാക്കിയിരിക്കുന്നതെന്നു് പറയാതെ വയ്യ.

ഭരണഘടനാസ്ഥാപനങ്ങളായ ഗ്രാമപഞ്ചായത്തുകള്‍ക്കു് ഒരു തരത്തിലും നിയന്ത്രണാധികാരമില്ലാത്ത രണ്ടു് ഉന്നത തല ഏജന്‍സികളാണു് ഗ്രാമപഞ്ചായത്തുകള്‍ ഉപയോഗിക്കേണ്ട സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ എങ്ങനെ വേണമെന്നു് തീരുമാനിക്കുന്നതും തയ്യാറാക്കുന്നതും. ഇവ ഇന്‍ഫോര്‍മേഷന്‍ കേരള മിഷനും, എന്‍ ഐ സിയുമാണു്. മേല്‍ ഏജന്‍സികള്‍ക്കു് ഇക്കാര്യത്തില്‍ കുത്തകാവകാശമാണുള്ളതു്. ഇവര്‍ ഒരുക്കിത്തരുന്ന, ശരാശരിയിലും താഴ്ന്ന സാങ്കേതിക നിലവാരത്തിലുള്ള ഉപാധികളേക്കാള്‍ മെച്ചപ്പെട്ടൊരു സംവിധാനം ഗ്രാമപഞ്ചായത്തുകള്‍ക്കു് സ്വന്തം നിലയ്ക്കു് ഒറ്റയ്ക്കോ കൂട്ടായോ വികസിപ്പിച്ചെടുക്കാനോ, തിരഞ്ഞെടുക്കാനോ ഉള്ള സ്വാതന്ത്ര്യം ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്‍ (ഐ കെ എം) തന്നെ കൌശലത്തോടെ സര്‍ക്കാരിനെ സ്വാധീനിച്ചു് ഇല്ലാതാക്കിയിരിക്കുകയുമാണു്. ഈ യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ടുകൊണ്ടു വേണം ഇനി എങ്ങനെ മുന്നോട്ടു് പോകണമെന്നു് ചിന്തിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യേണ്ടതു്.

വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതു് യൂണിക്കോഡ് മലയാളത്തിലായിരിക്കണമെന്ന നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായി മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, പഞ്ചായത്തു വകുപ്പും ഇപ്പോഴും കാലഹരണപ്പെട്ട ആസ്കീ മലയാളത്തിലാണു് വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നതും കത്തിടപാടുകള്‍ നടത്തി വരുന്നതും. ഈ ദുരവസ്ഥയില്‍ ഇടപെട്ടു് പരിഷ്കരണ നടപടികള്‍ ഏറ്റെടുത്തു് നടത്തുവാന്‍ ഉത്തരവാദപ്പെട്ട ഐ കെ എം പോലും, മിക്ക സമയത്തും കാലഹരണപ്പെട്ട ആസ്കീ മലയാളത്തില്‍ വിവരവിനിമയം നടത്തുന്നു..! ഒന്നുകില്‍ അവര്‍ക്കതിനെപ്പറ്റി അറിവോ അവശ്യം വേണ്ട ഉള്‍ക്കാഴ്ചയോ ഇല്ല, അല്ലെങ്കില്‍ ബോധപൂര്‍വ്വം മറ്റെന്തൊക്കെയോ നിഗൂഢ താല്പര്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഉത്തരവു് നടപ്പാക്കാതിരിക്കുന്നു. രണ്ടായാലും ഇതുകൊണ്ടു് വരാനിരിക്കുന്ന ഭാവി ബുദ്ധിമുട്ടുകള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും വകുപ്പിനുമാണു്. അതിനാല്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെട്ടു് വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതും വിനിമയവും പൂര്‍ണ്ണമായും യൂണിക്കോഡ് മലയാളത്തിലാക്കുവാന്‍ വേണ്ട ക്രിയാത്മക നടപടി ആയതിനു് ക്ഷമതയുള്ളവരില്‍ നിന്നും ഉണ്ടാവേണ്ടതാണു്.

ഇന്‍ഫോര്‍മേഷന്‍ കേരള മിഷനും എന്‍ ഐ സിയും ഗ്രാമപഞ്ചായത്തുകള്‍ക്കു് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ യഥേഷ്ടം അതാതിടത്തെയോ, അതുപയോഗിക്കുന്ന ആളുടെയോ താല്പര്യാനുസൃതം ഭാഷ തെരഞ്ഞെടുക്കുന്നതിനും സൌകര്യപ്രദമായി ഉപയോഗിക്കുന്നതിനും പര്യാപ്തമല്ല. മിക്കപ്പോഴും ഇംഗ്ലീഷ് എന്ന ഒറ്റ ഭാഷ മാത്രമേ തെരഞ്ഞെടുക്കുവാന്‍ ലഭ്യമാവുന്നുള്ളൂ. അവയില്‍ നിന്നെടുക്കുന്ന റിപ്പോര്‍ട്ടുകള്‍ മിക്കതും അതേ. തനി സാധാരണക്കാരുള്‍പ്പെടുന്ന ഗ്രാമസഭകളിലും, മിക്കപ്പോഴും ഉന്നത വിദ്യാഭ്യാസമൊന്നുമില്ലാത്ത ജനപ്രതിനിധികളടങ്ങുന്ന സ്റ്റാന്‍ഡിങ് കമ്മറ്റികളിലും, ഭരണസമിതിയിലും വായിച്ചു് അവതരിപ്പിക്കേണ്ടതും ബോദ്ധ്യപ്പെടുത്തി പാസ്സാക്കിയെടുക്കേണ്ടതുമായ റിപ്പോര്‍ട്ടുകളില്‍ ഈ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളില്‍ നിന്നു് കിട്ടുന്നവ ഒരുവിധമെല്ലാം തന്നെ ഇംഗ്ലീഷിലും, സാങ്കേതിക പദാവലികളുടെ ബാഹുല്യം കൊണ്ടു് സാധാരണക്കാര്‍ക്കു് മനസ്സിലാക്കിയെടുക്കാന്‍ അതീവ ദുഷ്കരമാവുന്ന തരത്തിലാക്കിയും വച്ചിരിക്കുന്ന സാഹചര്യമാണിന്നുള്ളതു്. ലളിതമായി അവതരിപ്പിക്കേണ്ട വിഷയങ്ങള്‍ ആവശ്യമില്ലാതെ സങ്കീര്‍ണ്ണമാക്കി വയ്ക്കുന്ന പ്രവണത ജനങ്ങളെ ഭരണത്തില്‍ നിന്നും അകറ്റാനേ സഹായിക്കൂ.

പൊതുഭരണത്തില്‍ ഐ സി ടി (Information and communication technology) യുടെ ഉപയോഗം മാത്രമാണു് ഇ-ഗവേര്‍ണന്‍സ് എന്ന പേരില്‍ ഇപ്പോള്‍ നടന്നു വരുന്നതു്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ-ഗവേര്‍ണന്‍സിന്റെ കാമ്പു് എന്നതു്, സേവനങ്ങള്‍ ഗുണഭോക്താവിലേക്കെത്തിക്കുകയും, ഉദ്ദേശിച്ച സേവനത്തില്‍ ഗുണഭോക്താവു് തൃപ്തനാണെന്നു് ഉറപ്പു വരുത്തുകയും ചെയ്യുകയും, സര്‍ക്കാരിനു് / പഞ്ചായത്തിനു് ഭരണത്തിന്റെ കാര്യക്ഷമത നേരിട്ടു് ബോദ്ധ്യപ്പെടുന്ന വിധത്തില്‍, സ്വമേധയാ പ്രവര്‍ത്തിക്കുന്ന ഒരു പ്രതികരണ സംവിധാനം ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണു്. ഇങ്ങനെയൊരു സംവിധാനം ഗ്രാമപഞ്ചായത്തുകള്‍ക്കു് നിര്‍ഭാഗ്യവശാല്‍ ഇന്നില്ല. അതുണ്ടാവേണ്ടതുണ്ടു്.

ഇ-ഗവേര്‍ണന്‍സിനെ യുനെസ്കോ നിര്‍വ്വചിച്ചിരിക്കുന്നതു ശ്രദ്ധിക്കൂ: “E-Governance is the public sector’s use of information and communication technologies with the aim of improving information and service delivery, encouraging citizen participation in the decision-making process and making government more accountable, transparent and effective.” തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയില്‍ പൗരപങ്കാളിത്തം ഉറപ്പു വരുത്തുന്ന, അപ്രകാരം ഭരണത്തെ കൂടുതല്‍ നഷ്ടോത്തരവാദപരവും സുതാര്യവുമാക്കുന്നതുമായ, യുനെസ്കോ വിഭാവനം ചെയ്യുന്ന ഈ ഒരു തലത്തിലേക്കു് ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്തു വകുപ്പിലും നടന്നു വരുന്ന ഇ-ഗവേര്‍ണന്‍സ് ഉദ്യമങ്ങളെ എത്തിക്കുവാനുള്ള ഒരു നീക്കവും നാളിതുവരെ തുടങ്ങിയിട്ടു പോലുമില്ലെന്നു് ഖേദപൂര്‍വ്വം പറയേണ്ടിയിരിക്കുന്നു. ഉടനേ തന്നെ ഈ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ടു്.

2005ലെ വിവരാവകാശ നിയമത്തിലെ 4(1), 4(2), 4(3), 4(4) വകുപ്പുകളില്‍ ആവശ്യപ്പെടുന്നതു്, വിവരങ്ങള്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വിവിധ വിനിമയമാര്‍ഗ്ഗങ്ങളിലൂടെ കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്കു് സ്വമേധയാ വിവരം നല്കുംവിധം നടപടികള്‍ കൈക്കൊള്ളുന്നതിനു് (Proactive disclosure of information) എല്ലാ പബ്ലിക്‍ അതോറിറ്റിയും നിരന്തരം ഉദ്യമിക്കുകയും അങ്ങനെ പൊതുജനങ്ങള്‍ക്കു് വിവരം നേടുന്നതിനു് വിവരാവകാശ നിയമത്തിന്റെ ഉപയോഗം പരമാവധി കുറച്ചു് ആശ്രയിക്കുന്നതാക്കുകയും വേണം, വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു് എളുപ്പം ലഭ്യമാവുന്ന വിധത്തിലും വ്യാപകമായും എല്ലാ വിവരങ്ങളും പ്രചരിപ്പിക്കപ്പെടണം, വിവരങ്ങള്‍ പ്രാദേശിക ഭാഷയിലും കഴിവതും ഇലക്ട്രോണിക്‍ രൂപത്തില്‍ സൌജന്യമായി ലഭ്യമാക്കണം എന്നൊക്കെയാണു്. ഗ്രാമപഞ്ചായത്തുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുന്ന പബ്ലിക്‍ അതോറിറ്റികളായതിനാല്‍ പ്രത്യേകിച്ചും, ആധുനിക മാനകങ്ങള്‍ക്കനുസൃതമായി പ്രാദേശിക ഭാഷയില്‍ വിവരങ്ങള്‍ സൂക്ഷിക്കുകയും, വിനിമയം ചെയ്യുവാനുമുള്ള ചട്ടക്കൂടു് ഗ്രാമപഞ്ചായത്തുകള്‍ക്കായി അടിയന്തിരമായി ഉണ്ടാക്കിയെടുക്കേണ്ടതുണ്ടു്. അപ്രകാരമൊരു ചട്ടക്കൂടു് ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ജോലിഭാരം ഭാവിയില്‍ കുറയ്ക്കുവാനും, അതുവഴി കൂടുതല്‍ ഉള്‍ക്കാഴ്ചയോടെയും ക്രിയാത്മകമായും താന്താങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും.

കൂടാതെ കേന്ദ്രസര്‍ക്കാര്‍ ഈയിടെ F. No. 1(3)/2014 – EG II നമ്പ്രായി പുറത്തിറക്കിയ Policy on Adoption of Open Source Software for Government of India, ഏപ്രില്‍ 2015 നു് പുറത്തിറക്കിയ Framework For Adoption of Open Source Software In e-Governance Systems എന്നിവ പ്രകാരം, കേന്ദ്ര / സംസ്ഥാന / പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇ-ഗവേര്‍ണന്‍സിനു് കഴിയുന്നതും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഉപയോഗിക്കേണ്ടതു്. സ്ഥിരമായ, മാനകീകരിക്കപ്പെട്ട ഇ-ഗവേര്‍ണന്‍സ് ഉപാധികള്‍ പ്രയോഗത്തില്‍ വരുത്തുന്നതിനു് വേണ്ടിയുള്ളതും, വിവിധ ഏജന്‍സികള്‍ വികസിപ്പിച്ചെടുത്ത സംവിധാനങ്ങള്‍ തമ്മില്‍ പരസ്പരം യോജിച്ചുള്ള പ്രവര്‍ത്തനം സാദ്ധ്യമാക്കുന്നതും, ഇഷ്ടമുള്ള സാങ്കേതികവിദ്യ തെരഞ്ഞെടുക്കാന്‍ ഉപയോക്താവിനു് അവസരമുണ്ടാക്കുന്നതും, ഒരു ഏജന്‍സിയെത്തന്നെ ആശ്രയിക്കേണ്ടുന്ന അവസ്ഥ ഒഴിവാക്കുന്നതും, പൊതു രേഖകളിലേക്കും വിവരങ്ങളിലേക്കും ദീര്‍ഗ്ഘകാല പ്രവേശനം സാദ്ധ്യമാക്കുന്നതുമായ സുസ്ഥിര മാര്‍ഗ്ഗങ്ങളാണു് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ലക്ഷ്യമിടുന്നതു്. ഈ ആവശ്യത്തിലേക്കായി 2010 നവംബറില്‍ വിജ്ഞാപനം ചെയ്ത Policy on Open Standards for e-Governance, IFEG: 01 നമ്പ്രായി പുറത്തിറക്കിയ Technical Standards on Interoperability Framework for e-Governance, ഈ ലക്ഷ്യം കൈവരിക്കുന്നതിനായി തുറന്ന അപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസുകള്‍ കൊണ്ടു വരുന്നതിനായി F.No. 1(4)/2014-EG II നമ്പ്രായി പുറത്തിറക്കിയ Policy on Open Application Programming Interfaces (APIs) for Government of India, ഇ-ഗവേര്‍ണന്‍സ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളില്‍ പ്രാദേശിക ഭാഷകള്‍ വേണ്ട വിധം ഉള്‍പ്പെടുത്തുന്നതിനു് സഹായകമാകുവാന്‍ വേണ്ടി 2014 ജനുവരിയില്‍ പുറത്തിറക്കിയ Best Practices For Localization of e-Governance applications in Indian Languages (L10N-eGOV) എന്ന രേഖ, തുടങ്ങി ഒരുപിടി മാനകങ്ങളും അനുബന്ധരേഖകളും, കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴായി പുറത്തിറക്കിയിട്ടുണ്ടു്. ഭാരത സര്‍ക്കാര്‍ കൂടി ഭാഗമായ അന്താരാഷ്ട്ര ഓപ്പണ്‍ ഗവണ്മെന്റ് മൂവ്മെന്റിന്റെ കൂടി പശ്ചാത്തലത്തില്‍ ഇവയെ വിലയിരുത്തേണ്ടതുണ്ടു്, അവയ്ക്കനുസരിച്ചു് ഗ്രാമപഞ്ചായത്തുകളുടെ ഇ-ഗവേര്‍ണന്‍സ് ഉദ്യമങ്ങള്‍ ഉടച്ചു വാര്‍ക്കേണ്ടതുമുണ്ടു്.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ കാലഹരണപ്പെട്ടതും, ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു് തടസ്സമുണ്ടാക്കുന്നതുമായ കുത്തക ഫ്രെയിംവര്‍ക്കുകളും മറ്റുമുപയോഗിച്ചു് പരസ്പരബന്ധമില്ലാത്ത രീതിയിലാണു് തയ്യാറാക്കിയിട്ടുള്ളതു്. ഈ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളെപ്പറ്റിയുള്ള അടിസ്ഥാനവിവരങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു:

ഐ കെ എം ഗ്രാമപഞ്ചായത്തുകള്‍ക്കു് ഉപയോഗിക്കാന്‍ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍
ക്രമ നമ്പ്ര് സോഫ്റ്റ്‌വെയര്‍ /
വെബ്ബ്സൈറ്റ്
ഭാഷ ഫ്രെയിംവര്‍ക്ക് / ഭാഷ ലൈസന്‍സ് / പകര്‍പ്പവകാശം
1 സുലേഖ
(പദ്ധതി നിര്‍വ്വഹണം)
ഇംഗ്ലീഷ് ASP.NET/ IIS 7.5 കുത്തക
2 സേവന
(സിവില്‍ രജിസ്ട്രേഷന്‍)
ഇംഗ്ലീഷ് ASP.NET, PHP/ IIS 6.0 കുത്തക
3 സേവന (പെന്‍ഷന്‍) ഇംഗ്ലീഷ് ASP.NET/ IIS 7.5 കുത്തക
4 സഞ്ചിത
(നിയമ സംഹിത)
മലയാളം (ASCII) ASP.NET, Flash/ IIS 6.0 കുത്തക
5 സഞ്ചയ
(റവന്യൂ, ഇ പേയ്‌മെന്റ്)
ഇംഗ്ലീഷ് ASP.NET,PHP/ IIS 6.0 കുത്തക
6 സചിത്ര (ജി ഐ എസ്) ഇംഗ്ലീഷ് ArcIMS, IIS 6.0 കുത്തക
7 സചിത്ര (അസെറ്റ്) ഇംഗ്ലീഷ് Visual Basic കുത്തക
8 സാംഖ്യ (അക്കൌണ്ടിങ്) ഇംഗ്ലീഷ് Visual Basic കുത്തക
9 സ്ഥാപന (എസ്റ്റാബ്ലിഷ്‌മെന്റ്),
(പി എഫ് മാനേജ്‌മെന്റ്)
ഇംഗ്ലീഷ് Visual Basic, ASP.NET/ IIS 7.5 കുത്തക
10 സൂചിക (ഫ്രണ്ട് ഓഫീസ്,
ഫയല്‍ ട്രാക്കിങ്, മോണിറ്ററിങ്)
ഇംഗ്ലീഷ് Visual Basic ASP.NET,PHP,
IIS 6.0
കുത്തക
11 സുഗമ (എസ്റ്റിമേറ്റ് തയ്യാറാക്കല്‍) ഇംഗ്ലീഷ് Visual Basic, ASP.NET/ IIS 7.5 കുത്തക
12 സങ്കേതം (കെട്ടിട നിര്‍മ്മാണ അനുമതി) ഇംഗ്ലീഷ് ASP.NET/ IIS 6.0 കുത്തക
13 സകര്‍മ്മ (ഔദ്യോഗിക കമ്മറ്റി തീരുമാനങ്ങള്‍) (വിവരം ലഭ്യമായില്ല) (വിവരം ലഭ്യമായില്ല) (വിവരം ലഭ്യമായില്ല)
14 സംവേദിത (ത. സ്വ. ഭ. സ്ഥാപനങ്ങളുടെ വെബ്ബ്‌സൈറ്റ്) മലയാളം WordPress, Apache 2.2 (Ubuntu) സ്വതന്ത്രം
15 http://www.lsgkerala.gov.in മലയാളം / ഇംഗ്ലീഷ് ASP.NET,PHP/ IIS 6.0 കുത്തക

മേല്‍ പട്ടികയില്‍ നിന്നു തന്നെ ഐ കെ എമ്മിന്റെ ഈ വിഷയത്തിലുള്ള കാഴ്ചപ്പാടില്ലായ്മ വ്യക്തമാണു്. സമഗ്രമായ സോഫ്റ്റ്‌വെയര്‍ പിന്തുണാ സംവിധാനത്തിനു പകരം ഒറ്റയ്ക്കൊറ്റയ്ക്കു് വേര്‍തിരിഞ്ഞു് നില്ക്കുന്ന, സംയോജിപ്പിച്ചു് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്ത, മലയാളത്തിനോ സ്വതന്ത്ര സോഫ്റ്റ്‌വെയറിനോ വേണ്ടത്ര പ്രാധാന്യം നല്കാത്ത അപൂര്‍ണ്ണമായ സോഫ്റ്റ്‌വെയര്‍ സംവിധാനമേ ഐ കെ എമ്മിനു് നാളിതുവരെയായിട്ടും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഈ രംഗത്തെ ഐ കെ എമ്മിന്റെ കുത്തകയും, ആരോഗ്യകരമായ മാത്സര്യമില്ലാത്ത അവസ്ഥയുമാണീ ദുരവസ്ഥയ്ക്കു് മുഖ്യ കാരണം. ആയതിനാല്‍ ഈ രംഗത്തെ ഐ കെ എമ്മിന്റെയും എന്‍ ഐ സിയുടെയും കുത്തക അവസാനിപ്പിച്ചു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളും അവയുടെ പ്രാദേശിക ഭാഷാ പിന്തുണയും വികസിപ്പിച്ചെടുക്കുന്ന മേഖലയില്‍ കഴിവും പ്രാപ്തിയുമുള്ള, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സ്വകാര്യ-ചെറുകിട കമ്പനികള്‍ എന്നിവര്‍ക്കു കൂടി ഈ രംഗത്തു് അവസരം ലഭിച്ചാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടാന്‍ കുറച്ചെങ്കിലും സഹായകമായേക്കും. ഗ്രാമപഞ്ചായത്തുകള്‍ക്കു് ഒറ്റയ്ക്കോ കൂട്ടായോ അവര്‍ക്കാവശ്യമായ സോഫ്റ്റ്‌വെയര്‍ സംവിധാനം പണം മുടക്കി വികസിപ്പിച്ചെടുക്കാനായി, മുമ്പുണ്ടായിരുന്നതും എന്നാല്‍ ഐ കെ എമ്മിന്റെ അസ്ഥാനത്തുള്ള ഇടപെടല്‍ മൂലം നഷ്ടപ്പെട്ടതുമായ സ്വാതന്ത്ര്യം അടിയന്തിരമായി പുനഃസ്ഥാപിക്കുകയും വേണം.

അംഗന്‍വാടികളില്‍ ഏടാകൂടം

നിങ്ങള്‍ ഇവിടെ തെറ്റിദ്ധരിച്ചു വന്നെത്തിയതാണെന്നുറപ്പു്, നൂറുതരം. ശരിയല്ലേ? 🙂 ആ വീഡിയോ ക്ലിപ്പ് കണ്ടില്ലേ? കണ്ടില്ലെങ്കില്‍ കാണൂ അതാദ്യം. എന്നിട്ടു ബാക്കി പറയാം.

ഏടാകൂടം എന്നു പറയുന്ന സാധനം യഥാര്‍ത്ഥത്തില്‍ ആ വീഡിയോയില്‍ കാണുന്നതാണത്രേ. അതൊരു തരം. ഇതുപോലെ വേറെയും തരം ഏടാകൂടങ്ങളുണ്ടത്രേ. ഇതു് അഴിച്ചെടുക്കാനും തിരികെ അതുപോലെ കുടുക്കിയെടുക്കാനും ആദ്യമായി ശ്രമിക്കുമ്പോഴുള്ള ബുദ്ധിമുട്ടില്‍ നിന്നാണു്, ഭാഷയില്‍ ഏടാകൂടമെന്ന പ്രയോഗത്തിന്റെ നിഷ്പത്തി എന്നു ചിലര്‍ പറയുന്നു. കൂടിച്ചേര്‍ന്നതും കൂട്ടിച്ചേര്‍ത്തതും ഒക്കെയാണു് കൂടം എന്നാലോചിച്ചാല്‍ ഈ വാദത്തില്‍ കഴമ്പില്ലാതെയുമല്ല. എന്റെ കുട്ടിപ്രായത്തില്‍ ഈയിനത്തില്‍ പെട്ട ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല. ഒരു പക്ഷേ, മേല്‍ത്തട്ടിലെ വളരെ ചെറിയ ഒരു വിഭാഗം കുട്ടികള്‍ക്കേ ഇത്തരം ഉപകരണങ്ങള്‍ കാണാന്‍ തന്നെ കിട്ടീട്ടുണ്ടാവൂ. കോഴിക്കോട്ടു് പന്തീരാങ്കാവിനടുത്തോ മറ്റോ ഉള്ള ഒരു അദ്ധ്യാപകന്റെ കൈവശം അദ്ദേഹം ഒരു ഹോബിയെന്ന നിലയില്‍ ശേഖരിച്ച ഇതുപോലത്തെ കുറേ സ്പെസിമനുകള്‍ ഉണ്ടെന്നു് മുമ്പെന്നോ എവിടെയോ വായിച്ചിട്ടുണ്ടു്. ആരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ഓര്‍മ്മയില്‍ നിന്നും പോയി. വേറെയും ആളുകളുടെ സ്വകാര്യശേഖരങ്ങളില്‍ ഇതുപോലുള്ളവ കാണാനും സാദ്ധ്യതയുണ്ടു്. നമ്മുടെ നാട്ടിലെ പഴയ തലമുറയിലെ ആശാരിമാരുടെ കരവിരുതിന്റെ സാക്ഷ്യപത്രങ്ങളാണവ.

പറയാന്‍ വന്നതു് അതൊന്നുമല്ല. തീര്‍ത്തും നിലച്ചു പോയ ഏടാകൂടങ്ങളുടെ നിര്‍മ്മാണം പുനരുജ്ജീവിപ്പിച്ചു കൂടേ? ഗ്രാമങ്ങളിലെ അംഗന്‍വാടികളിലെ കുട്ടികള്‍ക്കു കളിക്കാനായി ഗ്രാമപഞ്ചായത്തുകള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കാറുണ്ടു്. കുഞ്ഞു് ജനിക്കുന്നതിനു് മുമ്പേ തന്നെ അംഗന്‍വാടികളുടെ സേവനം ലഭ്യമാണെങ്കിലും പ്രീസ്കൂള്‍ എന്ന നിലയില്‍ 3 മുതല്‍ 6 വയസ്സു വരെയാണു് അംഗന്‍വാടികളില്‍ കുഞ്ഞുങ്ങളെ പരിചരിച്ചു വരുന്നതു്. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കു് യോജിച്ച കളിപ്പാട്ടങ്ങള്‍ തിരഞ്ഞപ്പോള്‍ National Association for the Education of Young Childrenന്റെ (അമേരിക്കനാണേ, നമ്മുടെയല്ല) വെബ്സൈറ്റില്‍ (http://www.naeyc.org/toys) നിന്നും കിട്ടിയതു് താഴെ:

—————————————————————————————-

Good toys for 3- to 6-year-olds:

Things for solving problems – puzzles (with 12 to 20+ pieces), blocks that snap together, collections and other smaller objects to sort by length, width, height, shape, color, smell, quantity, and other features – collections of plastic bottle caps, plastic bowls and lids, keys, shells, counting bears, small colored blocks

Safe toys for young children are well-made (with no sharp parts or splinters and do not pinch); painted with nontoxic, lead-free paint; shatter-proof; and easily cleaned.

—————————————————————————————-

അപ്പോ, ഇത്തരം ഏടാകൂടങ്ങള്‍ അഥവാ puzzles നമ്മുടെ അംഗന്‍വാടിക്കുട്ട്യേള്‍ക്കു് പറ്റുംന്നല്ലേ കണക്കാക്കേണ്ടതു്? ഇവയുടെ നിര്‍മ്മാണം ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കു് ഏറ്റെടുക്കാവുന്ന പ്രവൃത്തിയാണെന്നു തോന്നുന്നു. സാമ്പത്തികഭദ്രതയുള്ള കുടുംബശ്രീ സ്വയംസഹായസംഘങ്ങള്‍ക്കും ഒരു കൈ നോക്കാവുന്നതാണു്. ഒരു ഗ്രാമപഞ്ചായത്തില്‍ ശരാശരി 20ഓ അതില്‍ക്കൂടുതലോ അംഗന്‍വാടികളുണ്ടാവും. കേരളത്തില്‍ 991 ഗ്രാമപഞ്ചായത്തുകളുണ്ടു്, കൂടാതെ കേരളത്തിലെ 60 മുനിസിപ്പാലിറ്റികളിലും 5 കോര്‍പ്പറേഷനുകളിലും കൂടി അംഗന്‍വാടികളുണ്ടു്. ഇവരെല്ലാം കൂടി എല്ലാ വര്‍ഷവും അംഗന്‍ വാടികളിലേക്കു് കളിപ്പാട്ടങ്ങള്‍ വാങ്ങില്ലെങ്കില്‍ത്തന്നെയും, അത്ര വലുതൊന്നുമല്ലെങ്കിലും അതൊരു വിപണിയാണു്, മിതമായ വിലയ്ക്കു് വില്പന നടത്താമെങ്കില്‍. നിര്‍മ്മാണം ക്ലച്ചു പിടിച്ചാല്‍ അംഗന്‍വാടികള്‍ക്കു പുറമേയും വിപണി കണ്ടെത്തിക്കൂടേ?

ചെയ്യേണ്ടതു്:

ഏടാകൂടങ്ങളുടെ ലഭ്യമായ മാതൃകകള്‍ കണ്ടെത്തി, ചൈല്‍ഡ് ഡവലപ്മെന്റ് സ്പെഷലിസ്റ്റുകളുടെ / ഡവലപ്മെന്റല്‍ പീഡിയാട്രീഷ്യന്‍മാരുടെ സഹായത്തോടെ ആവശ്യമായ പരിഷ്കരണങ്ങള്‍ നടത്തി, വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദനം നടത്താവുന്ന കുറെ മാതൃകകള്‍ തയ്യാറാക്കാം. തയ്യാറാക്കുന്ന മാതൃകകള്‍ നിലവിലുള്ള ടോയ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കുന്നതാവണം. നമ്മുടെ നാട്ടില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് വക BIS IS 9873-1:2012 എന്ന പേരില്‍ ടോയ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡുണ്ടു് (ഈ സ്റ്റാന്‍ഡേര്‍ഡ് നിര്‍ബ്ബന്ധിതമല്ല, വളണ്ടറിയാണെന്ന പോരായ്മയുണ്ടു്. നമ്മുടെ രാജ്യത്തു് കുട്ടികള്‍ക്കു് അത്രയൊക്കെ പ്രാധാന്യമേ നല്കുന്നുള്ളൂ. ISO 8124-1:2012 എന്ന അന്താരാഷ്ട്ര ടോയ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡുമായി ഈ ബി ഐ എസ് സ്റ്റാന്‍ഡേര്‍ഡിനു് വലിയ വ്യത്യാസമൊന്നുമില്ല).

ആ വീഡിയോ ക്ലിപ്പു് കണ്ടപ്പോ, അതിന്റെ ഇന്നത്തെ സാദ്ധ്യതകള്‍ ആലോചിച്ചാലോചിച്ചു് കാടുകേറി പ്രാന്തായിപ്പോയ വിവരക്കേടപ്പടി ഇവിടെ വിളമ്പീന്നേയുള്ളൂ.. കാര്യാക്കണ്ടാ.. അതല്ലാ, ശരിക്കും കാര്യായിട്ടെടുക്കാനാണു് പുറപ്പാടെങ്കില്‍, എല്ലാ ആശംസകളും. ധൈര്യമായി പുതിയ ഏടാകൂടത്തില്‍ ചെന്നു് തലയിട്ടോളൂ…. 🙂

 

ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്തു വകുപ്പിലും വിവര സാങ്കേതിക വിദ്യ – ഒരു റിപ്പോര്‍ട്ടു കൂടി

ഇതു ഞാന്‍ പഞ്ചായത്തു കമ്പ്യൂട്ടറൈസേഷന്‍ സംബന്ധിച്ചു് തയ്യാറാക്കി 22/3/2013നു് ഉചിതമാര്‍ഗ്ഗേണ സമര്‍പ്പിച്ച (submitted via proper channel) രണ്ടാമത്തെ റിപ്പോര്‍ട്ടാണു്. എല്ലാവരുടെയും അറിവിലേക്കായി ഇവിടെ പങ്കു വയ്ക്കുന്നു.

ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്തു വകുപ്പിലും വിവര സാങ്കേതിക വിദ്യ – വിശദീകരണ റിപ്പോര്‍ട്ട്

പഞ്ചായത്തുകളുടെയും പഞ്ചായത്തു വകുപ്പിന്റെയും ആധുനികവത്ക്കരണത്തിനു് സഹായകരമായ വിധത്തില്‍ ഉപയോഗിക്കുവാന്‍ വേണ്ടി ഞാന്‍ തയ്യാറാക്കി 06/06/2012 തിയ്യതിയില്‍ കൂരാച്ചുണ്ടു് ഗ്രാമ പഞ്ചായത്തു് സെക്രട്ടറി ഉചിതമാര്‍ഗ്ഗേണ സര്‍ക്കാരിലേക്കു് സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ടിനോടനുബന്ധിച്ചു്, ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു് വ്യക്തമായ വിശദീകരണ റിപ്പോര്‍ട്ടു് സമര്‍പ്പിക്കുവാന്‍ ബഹുമാനപ്പെട്ട കോഴിക്കോടു് പഞ്ചായത്തു് ഡെപ്യൂട്ടി ഡയറക്‍ടര്‍ എന്നെ നേരില്‍ കേട്ടപ്പോള്‍ ഉത്തരവായിരുന്നു. അതു പ്രകാരം, ബന്ധപ്പെട്ട രേഖകളും ഉത്തരവുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മറ്റും പരിശോധിച്ചും, ബന്ധപ്പെട്ട സാങ്കേതിക മേഖലകളില്‍ നിന്നുള്ള വ്യക്തികളുമായി ആശയവിനിമയം നടത്തിയും, ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളും വ്യക്തത വരുത്തിയ എന്റെ അഭിപ്രായക്കുറിപ്പുകളും മുന്‍ഗണനയനുസരിച്ചു് താഴെ പ്രസ്താവിച്ച പ്രകാരം സമര്‍പ്പിച്ചു കൊള്ളുന്നു:-

Constitution of India: Part IVA Fundamental Duties; 51 A. It shall be the duty of every citizen of India- (h) to develop the scientific temper, humanism and the spirit of inquiry and reform;”

ഏതൊരു രംഗവും അതിന്റെ ചുറ്റുപാടുകള്‍ മാറുന്നതിനനുസരിച്ചു് കാലാനുസൃതമായി പരിഷ്കരിക്കപ്പെടണം. അപ്രകാരം പരിഷ്കരിക്കപ്പെടാതിരുന്നാല്‍ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരികയും മാറുന്ന സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ പരാജയപ്പെടുകയും ചെയ്യും. അപ്രകാരം സംഭവിക്കാതിരിക്കാന്‍ നാമോരോരുത്തരും സ്വന്തം നിലയിലും കൂട്ടായും പരിശ്രമിക്കേണ്ടതുണ്ടു്. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്റെ കാര്യത്തിലും ഇതു് ബാധകമാണു്. കാലം ചെല്ലുന്നതിനനുസരിച്ചു് നമുക്കു ചുറ്റും ഉപയോഗത്തിലുള്ള സാങ്കേതികവിദ്യയില്‍ പ്രകടമായ പരിഷ്കാരങ്ങള്‍ ദൃശ്യമാവുന്നു. പഴയ സങ്കേതങ്ങള്‍ ക്രമേണ ഉപേക്ഷിക്കപ്പെടുകയും പുതിയതും തുറന്നതുമായ മാനകങ്ങള്‍ (open standards) കടന്നു വരികയും അവയെ ആസ്പദമാക്കി നവീന സങ്കേതങ്ങള്‍ വ്യാപകമായി ഉപയോഗത്തില്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരം പുത്തന്‍ സങ്കേതങ്ങള്‍ നല്കുന്ന സൌകര്യങ്ങള്‍ പ്രതിദിനം അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണു് നമുക്കു ചുറ്റുമുള്ള സമൂഹം. സ്വതന്ത്രമായി ലഭ്യമായ ഇത്തരം ആധുനിക സാങ്കേതിക സൌകര്യങ്ങള്‍ പഞ്ചായത്തുകളുടെ ഭരണത്തിലും പഞ്ചായത്തു വകുപ്പിലും പ്രയോജനപ്പെടുത്തേണ്ടതുണ്ടു്. വകുപ്പിന്റെയും പഞ്ചായത്തുകളുടെയും കാര്യക്ഷമത കൂട്ടാന്‍ അതു് സഹായിക്കും.

1. യൂണിക്കോഡ്

പഞ്ചായത്തു വകുപ്പില്‍ നിലവില്‍ സി ഡാക്കിന്റെ ഐ എസ് എമ്മും അതിന്റെ ASCII ഫോണ്ടുകളും ഉപയോഗിച്ചാണു് ഇന്നും രേഖകള്‍ തയ്യാറാക്കുന്നതും ഇ-മെയിലിലയക്കുന്നതും. ഈ കാര്യങ്ങള്‍ക്കു് ഐ എസ് എം ഉപയോഗിക്കുന്ന സമ്പ്രദായം നിര്‍ത്തി പൂര്‍ണ്ണമായും ആധുനിക യൂണിക്കോഡില്‍ തന്നെ രേഖകള്‍ തയ്യാറാക്കുകയും ഇ-മെയില്‍ അയക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന സമ്പ്രദായത്തിലേക്കു് പഞ്ചായത്തുകളും വകുപ്പുമൊന്നാകെ മാറേണ്ടതുണ്ടു്. ഐ എസ് എം ഉപയോഗിച്ചു് രേഖകള്‍ തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്യുമ്പോള്‍ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ടു്. ഇവയില്‍ ചിലതു് താഴെ ചേര്‍ക്കുന്നു:

ചിത്രം 3

൧. ഐ എസ് എം ഉപയോഗിച്ചു് ഇ-മെയിലില്‍ നേരിട്ടു് മലയാളത്തില്‍ ടൈപ്പു ചെയ്യാന്‍ കഴിയില്ല. ചെറിയ സന്ദേശങ്ങള്‍ പോലും എം എസ് ഓഫീസ് ഉപയോഗിച്ചു് ടൈപ്പു ചെയ്തു് കുത്തിക്കെട്ടി (ഫയല്‍ അറ്റാച്ചുമെന്റായിട്ടു്) അയക്കേണ്ടി വരുന്നു. അസൌകര്യത്തിനു പുറമേ ഇതു് ഇന്റര്‍നെറ്റ് ട്രാഫിക്കും മെയില്‍ബോക്സ് ഉപയോഗവും ആവശ്യമില്ലാതെ കൂടാനും ഇടയാക്കുന്നുണ്ടു്.

ചിത്രം 4

൨. പഞ്ചായത്താപ്പീസുകളിലും പഞ്ചായത്തു വകുപ്പിന്റെ ഇതര ആപ്പീസുകളിലും തയ്യാറാക്കുന്ന ഡിജിറ്റല്‍ രേഖകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണു്. ഏതൊരു പൌരന്‍ ഈ രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ആവശ്യപ്പെട്ടാലും കൊടുക്കാന്‍ അതാതു് ആപ്പീസുകള്‍ ബാദ്ധ്യസ്ഥമാണു്. എന്നാല്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റവും ഐ എസ് എം ഫോണ്ടുകളും ഉള്ളവര്‍ക്കു് മാത്രമേ ഇങ്ങനെ ഐ എസ് എം ഉപയോഗിച്ചു് തയ്യാറാക്കിയ രേഖകള്‍ നേരാംവണ്ണം വായിക്കാന്‍ പറ്റൂ. മറ്റു് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കു് ഈ രേഖകള്‍ വായിക്കണമെങ്കില്‍ കുറച്ചു പണിപ്പെടേണ്ടി വരും. ഒന്നാമത്തെ കാരണം, വിന്‍ഡോസിനു വേണ്ടി മാത്രമായി ഉണ്ടാക്കിയ സോഫ്റ്റ്‌വെയറാണു് ഐ എസ് എം എന്നതു തന്നെ. ഐ എസ് എമ്മിന്റെ കൂടെ കിട്ടുന്ന ഫോണ്ടുകള്‍ സ്വതന്ത്രമോ സൌജന്യമോ അല്ലെന്നതു മറ്റൊരു കാരണമാണു്. ഐ എസ് എമ്മില്‍ കിട്ടുന്നതിനേക്കാള്‍ പലമടങ്ങു് മികച്ച സാങ്കേതിക വിദ്യയും ഫോണ്ടുകളും സ്വതന്ത്രമായും സൌജന്യമായും ലഭ്യമായ മറ്റു് ആധുനിക ഓപ്പറേറ്റിങ് സിസ്റ്റങ്ങളുപയോഗിക്കുന്നവര്‍ പോലും നമ്മള്‍ തയ്യാറാക്കി സൂക്ഷിക്കുന്ന രേഖകള്‍ വായിക്കുന്നതിനുവേണ്ടി സ്വാഭാവികമായി വേണ്ടതിലപ്പുറമുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കേണ്ടി വരും.

൩. മറ്റാപ്പീസുകളില്‍ നിന്നും ഇ-മെയിലില്‍ ഇങ്ങനെ ലഭിക്കുന്ന രേഖകള്‍ തുറന്നു് വായിക്കുമ്പോള്‍ ഐ എസ് എം സോഫ്റ്റ്‌വെയറും രേഖ തയ്യാറാക്കാന്‍ ഉപയോഗിച്ച ഫോണ്ടും രേഖ കിട്ടുന്നിടത്തെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ വാക്കുകള്‍ക്കു പകരം ലത്തീന്‍ അക്ഷരങ്ങളുടെയും ചില ചിഹ്നങ്ങളുടെയും അര്‍ത്ഥമില്ലാത്ത ശ്രേണികള്‍ മാത്രം കാണുന്നു (ചിത്രം 1). ഇനി ഈ ഫോണ്ട് കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍പ്പോലും ചില സമയത്തു് ല്‍, ല്ല, ണ്ട, ന്മ തുടങ്ങിയ അക്ഷരങ്ങള്‍ക്കു പകരം ആ സ്ഥാനത്തു് ഒഴിഞ്ഞ ചതുരക്കള്ളികള്‍ കാണുന്നു (ചിത്രം 2). ഈ ചതുരക്കള്ളികളുടെ സ്ഥാനത്തെ അക്ഷരങ്ങള്‍ ഏതാവുമെന്നു് പല സമയത്തും പരിചയ സമ്പന്നര്‍ക്കേ ഊഹിച്ചു കണ്ടു പിടിക്കാന്‍ പറ്റുകയുള്ളൂ. ഉദാഹരണത്തിനു് നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ പേരു് ഇപ്രകാരം തയ്യാറാക്കുന്ന രേഖയില്‍ ന❑❑ എന്നു കാണുമ്പോള്‍ കോഴിക്കോടു് ജില്ലയ്ക്കു പുറത്തു നിന്നുള്ളവര്‍ക്കു് ഇതെന്താണെന്നു് മനസ്സിലാക്കുവാന്‍ പ്രയാസം നേരിടും.

൪) ജീവനക്കാരന്‍ ആപ്പീസിനു പുറത്തായിരിക്കുമ്പോള്‍, ഇ-മെയിലില്‍ വന്ന മലയാളത്തിലുള്ള അടിയന്തിര സന്ദേശം വായിക്കണമെങ്കില്‍ ആദ്യം ഇന്റര്‍നെറ്റിനു പുറമേ ഐ എസ് എം കൂടി ലഭ്യമായ ഇടം തിരയാന്‍ പോകണം. ഐ എസ് എം സോഫ്റ്റ്‌വെയറും അതിന്റെ ഫോണ്ടുകളും എല്ലാവര്‍ക്കും സൌജന്യമായി ലഭിക്കുന്നവയല്ലാത്തതിനാല്‍ ഇത്തരം ഇടങ്ങള്‍ തിരഞ്ഞു കണ്ടെത്തുക പ്രായോഗികമല്ല. യൂണിക്കോഡ് മലയാളം ലഭ്യമായിട്ടുള്ള ആധുനിക മൊബൈല്‍ ഫോണുകളൊന്നും തന്നെ ഐ എസ് എം ഉപയോഗിച്ചു് തയ്യാറാക്കിയ രേഖകളെ പിന്തുണയ്ക്കുന്നവയുമല്ല.

ചിത്രം 5

൫) മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി ഒരു രേഖ തയ്യാറാക്കുമ്പോള്‍ ഓരോ പ്രാവശ്യം ഭാഷ മാറുമ്പോഴും ഫോണ്ട് പ്രത്യേകമായി തിരഞ്ഞെടുത്തു മാറ്റേണ്ടി വരുന്നു. ഇതിനു സമയം സാമാന്യത്തിലും കൂടുതല്‍ വേണം. ഇങ്ങനെ തയ്യാറാക്കിയ ഒരു രേഖയിലെ ഫോണ്ടു മാറ്റണമെങ്കില്‍ ഒറ്റയടിക്കു ചെയ്യാനും പറ്റില്ല. മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ ഭാഗങ്ങള്‍ വെവ്വേറെ തിരഞ്ഞു പിടിച്ചു മാറ്റണം. കുറേയധികം പേജുകളുള്ള രേഖകളാകുമ്പോള്‍ ഇതെത്രമാത്രം ബുദ്ധിമുട്ടാണെന്നും, എത്ര സമയമെടുക്കുമെന്നും ഒരിക്കലെങ്കിലും ഇതു ചെയ്തിട്ടുള്ളവര്‍ക്കറിയാമായിരിക്കും. ഇത്തരം രേഖകളിലെ ഫോണ്ടു് മുഴുവനായും ഓര്‍ക്കാപ്പുറത്തു് ഇംഗ്ലീഷിലേക്കു് മാറിപ്പോയാല്‍ പൂര്‍വ്വസ്ഥിതിയിലാക്കുക അതീവ ക്ലേശകരവുമാണു്.

൬) ഐ എസ് എമ്മിന്റെ വിവിധ ഫോണ്ടുകളില്‍ത്തന്നെ അക്ഷരങ്ങള്‍ ഇന്നയിന്ന സ്ഥാനത്തു് എന്ന മാപ്പിങ്ങിനു് ഐകരൂപ്യമില്ല (ചിത്രം 3). അതുകൊണ്ടു തന്നെ വിവരങ്ങള്‍‌ക്കൊപ്പം ഫോണ്ടും കൂടി കൈമാറേണ്ട അവസ്ഥയുണ്ടാവുന്നു. അല്ലെങ്കില്‍ രേഖ അയക്കുന്നിടത്തെന്ന പോലെ അയച്ചു കിട്ടേണ്ടിടത്തും ഐ എസ് എം ഉണ്ടായിരിക്കണം. ഇങ്ങനെയൊക്കെ ആണെങ്കില്‍ത്തന്നെയും കമ്പ്യൂട്ടര്‍ ഇതു് മലയാളത്തിലുള്ള ഒരു രേഖയായല്ല സൂക്ഷിച്ചു വച്ചിരിക്കുന്നതു്, ലത്തീന്‍ അക്ഷരങ്ങളുടെ ശ്രേണിയായി സൂക്ഷിച്ച ASCII ഫയലായിട്ടാണു്. ഈ രേഖകളിലെ മലയാളത്തില്‍ കാണുന്ന ഭാഗം തിരഞ്ഞെടുത്തു് ഏതെങ്കിലും ഇംഗ്ലീഷ് ഫോണ്ടാക്കി മാറ്റിയാല്‍ ഇക്കാര്യം ബോദ്ധ്യമാകും. അതുകൊണ്ടൊക്കെത്തന്നെ, വാക്കുകള്‍ തിരയുക, തരം തിരിക്കുക, അക്ഷരമാലാക്രമത്തിലാക്കുക, അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുക, ഇന്‍ഡെക്സു ചെയ്യുക, പര്യായ നിഘണ്ടു ഉപയോഗിക്കുക തുടങ്ങി പല കാര്യങ്ങളും ചെയ്യാന്‍ ഏകീകൃതമായ ഒരു രീതി ഇത്തരം രേഖകളില്‍ സാദ്ധ്യമല്ല.

ഇത്തരം അസൌകര്യങ്ങള്‍ തരണം ചെയ്യുന്നതിനു് ഐ എസ് എം എന്നേക്കുമായി ഉപേക്ഷിച്ചു് പൂര്‍ണ്ണമായും യൂണിക്കോഡിലേക്കു് മാറിയേ തീരൂ. ഇപ്രകാരം യൂണിക്കോഡിലേക്കു് മാറാന്‍ വേണ്ടി സ. ഉ. (എം എസ്.) 31/08/വി.സ.വ. നമ്പ്രായി സര്‍ക്കാര്‍ 2008 ആഗസ്ത് 21നു് ഈ വിഷയത്തില്‍ ഉത്തരവു് പുറപ്പെടുവിച്ചിട്ടുമുണ്ടു്. ആയതിനാല്‍ വകുപ്പൊന്നാകെ പൂര്‍ണ്ണമായും യൂണിക്കോഡിലേക്കു് മാറുന്നതിനു് ക്രിയാത്മകമായ നടപടികളുണ്ടാവേണ്ടതാണു്.

2. ഭരണഭാഷ മലയാളം

ഭരണഭാഷ മലയാളമായതിനാലും മലയാളത്തിലാണു് വകുപ്പിലെ ആശയവിനിമയം നടന്നു വരുന്നതു് എന്നുള്ളതിനാലും മലയാളത്തിനു് പൂര്‍ണ്ണ ഔദ്യോഗിക പിന്തുണ നല്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണു് വകുപ്പിലും പഞ്ചായത്തുകളിലും ഉപയോഗിക്കേണ്ടതു്. സര്‍ക്കാര്‍ അംഗീകരിച്ച യൂണിക്കോഡ് ഇന്‍സ്ക്രിപ്റ്റ് മലയാളം കീബോര്‍ഡ് ലേയൌട്ടു് ഔദ്യോഗിക പതിപ്പില്‍ തന്നെ ലഭ്യമായതു് ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേയുള്ളൂ. നിലവില്‍ വകുപ്പിലും പഞ്ചായത്തുകളിലും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വിന്‍ഡോസിന്റെ വിവിധ വേര്‍ഷനുകളിലൊന്നും പ്രസ്തുത മലയാളം കീബോര്‍ഡ് ലേയൌട്ടിനു് വിന്‍ഡോസിന്റെ ഔദ്യോഗിക പിന്തുണയില്ല. പോരാത്തതിനു് വിന്‍ഡോസില്‍ സ്വതവേ ലഭ്യമായ മലയാളത്തില്‍ അക്ഷരവിന്യാസക്രമം പലേടത്തും ഭാഷാനിയമങ്ങള്‍ തെറ്റിച്ചു കൊണ്ടാണുള്ളതു്. (ഉദാഹരണത്തിനു്, ഭാഷാനിയമപ്രകാരം ശരിയായ മ് + പ = മ്പ എന്നതു് വിന്‍ഡോസിന്റെ ചില പതിപ്പുകളില്‍ ന് + പ = മ്പ എന്നേ കിട്ടൂ. വിന്‍ഡോസിന്റെ സ്വതവേയുള്ള പതിപ്പില്‍ ന്‍ + റ ആണു് ന്റ. എന്നാല്‍ ഭാഷാനിയമമനുസരിച്ചു് ശരി ന് + റ = ന്റ ആണല്ലോ. കൂടാതെ വിന്‍ഡോസിന്റെ പുതിയ വേര്‍ഷനുകളില്‍ യൂണിക്കോഡിന്റെ ആദ്യ വേര്‍ഷനുകളനുസരിച്ചു് രേഖപ്പെടുത്തിയ ചില്ലക്ഷരങ്ങളൊന്നും തന്നെ നേരാംവണ്ണം ദൃശ്യവല്ക്കരിക്കുന്നുമില്ല. ഇക്കാരണങ്ങളാല്‍ത്തന്നെ വിന്‍ഡോസുപയോഗിച്ചു് മലയാളത്തില്‍ ശേഖരിച്ചു സൂക്ഷിക്കുന്ന വിവരത്തിനു് ഭാഷാനിയമങ്ങള്‍ അനുശാസിക്കുന്ന പ്രകാരമുള്ള കൃത്യതയില്ല. ഇതു് രേഖകളില്‍ വ്യാപകമായ അക്ഷരപ്പിശകുകള്‍ക്കു് വഴി വെയ്ക്കും. നിയമാനുസൃതമായി സൂക്ഷിക്കേണ്ട ഡിജിറ്റല്‍ രേഖകളില്‍ ഇപ്രകാരം അക്ഷരപ്പിശകുകള്‍ കൂടുതലായി കടന്നു കൂടുന്നതു് അത്രയൊന്നും ക്ഷന്തവ്യവുമല്ല. മലയാളത്തിനു വേണ്ടിയുള്ള de facto സ്റ്റാന്റേര്‍ഡുകള്‍ വിന്‍ഡോസില്‍ അംഗീകരിക്കാത്തതാണു് ഈ പ്രശ്നങ്ങളുടെ മൂലകാരണം. എന്നാല്‍ ഗ്നു/ലിനക്സില്‍ ഇക്കാര്യങ്ങളില്‍ ഭാഷാപരമായ കൃത്യത അതിശ്രദ്ധയോടെ ദീക്ഷിച്ചിട്ടുമുണ്ടു്.) മലയാളം ടൈപ്പ്റൈറ്റര്‍ കീബോര്‍ഡ് ലേയൌട്ടും ഗ്നു/ലിനക്സില്‍ ലഭ്യമാണു്.

സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഗ്നു/ലിനക്സിന്റെ മലയാളത്തിലുള്ള പ്രാദേശികവല്ക്കരണം (ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും മറ്റു് അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളുടെയും സമ്പര്‍ക്കമുഖം (interface) മലയാളത്തിലാക്കുന്ന പ്രക്രിയ) വളരെയധികം മുന്നേറിയിട്ടുണ്ടു്. വിന്‍ഡോസില്‍ ഇതിപ്പോഴും കിട്ടാക്കനിയാണു്. മാത്രമല്ല ഗ്നു/ലിനക്സിന്റെയും ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും പ്രാദേശികവല്ക്കരണ പ്രക്രിയയില്‍ ഉപയോക്താക്കള്‍ക്കു് പങ്കുകൊള്ളാനും കഴിയും. ഇതിനാല്‍ത്തന്നെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു് ആക്കം കൂട്ടുവാന്‍ ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റമായി ഉപയോഗിക്കുന്നതു വഴി സാധിക്കും.

3. തുറന്ന മാനകങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറും

24/9/2010 തിയ്യതിയില്‍ 86/2010/Fin നമ്പ്രായി പുറത്തിറക്കിയ ധനകാര്യവകുപ്പിന്റെ സര്‍ക്കുലറില്‍ സര്‍ക്കാര്‍ ആപ്പീസുകളില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും സൂക്ഷിക്കുന്ന അവസരത്തില്‍ കഴിയുന്നേടത്തോളം ലിനക്സും മറ്റു് ഓപ്പന്‍സോഴ്സ് (സ്വതന്ത്ര)സോഫ്റ്റ്‌വെയറും ഉപയോഗിക്കണമെന്നു് നിര്‍ദ്ദേശമുണ്ടു്. കേന്ദ്ര സര്‍ക്കാര്‍ 2010 നവംബര്‍ 10നു് വിജ്ഞാപനം ചെയ്തിട്ടുള്ള ഇ-ഗവേര്‍ണന്‍സിനു വേണ്ടിയുള്ള തുറന്ന മാനകങ്ങളുടെ നയരേഖയില്‍ (Open standards policy) കാര്യക്ഷമതയ്ക്കും, സുതാര്യതയ്ക്കും, വിശ്വാസ്യതയ്ക്കും തുറന്ന മാനകങ്ങള്‍ വേണമെന്ന നിലപാടാണു് സ്വീകരിച്ചു കാണുന്നതു്. കേന്ദ്ര സര്‍ക്കാര്‍ 2011 ജൂണ്‍ 23നു് പുറത്തിറക്കിയിട്ടുള്ള ഹാര്‍ഡ്‌വെയര്‍ പ്രൊക്യൂര്‍മെന്റിനു വേണ്ടിയുള്ള ഡിവൈസ് ഡ്രൈവറുകളുടെ കരടു് നയത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിനനുഗുണമായ ഹാര്‍ഡ്‌വെയറിനെ പിന്താങ്ങുന്ന നിലപാടാണു് സ്വീകരിച്ചിട്ടുള്ളതു്. 2007ല്‍ ബഹുമാനപ്പെട്ട മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമും ഡോ. എ ശിവതാണു പിള്ളയും ചേര്‍ന്നെഴുതിയ Envisioning an Empowered Nation: Technology for Societal Transformation എന്ന പുസ്തകത്തില്‍ “വിവരസാങ്കേതികവിദ്യയിലെ ഭാവി വെല്ലുവിളികളില്‍ സോഫ്റ്റ്‌വെയര്‍സുരക്ഷിതത്വത്തോടു് ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സിസ്റ്റത്തില്‍ സുരക്ഷിതത്വ അല്‍ഗോരിതങ്ങള്‍ ഉള്‍ച്ചേര്‍ക്കാന്‍ ഓപ്പണ്‍ സോഴ്സ് കോഡുകള്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കും. ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ വ്യവസായം ഇപ്പോഴും ഉടമസ്ഥതാവകാശ പരിഹാരങ്ങളില്‍ വിശ്വസിക്കുന്നതായി തോന്നുന്നു. അതോടൊപ്പം ഐ ടിയുടെ വ്യാപനം വ്യക്തികളുടെ നിത്യജീവിതത്തെ സ്വാധീനിക്കുകയുമാണു്. ഈ ഉടമസ്ഥതാ ശൈലികള്‍ ഉള്‍ക്കൊള്ളുന്ന ബിസിനസ്സ് രീതിയിലെ ഏതെങ്കിലുമൊരു ചെറിയ മാറ്റം വഴി സാമൂഹികജീവിതത്തില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സമൂഹത്തിനു മൊത്തം വില കുറഞ്ഞതും ആവശ്യമായ സുരക്ഷിതത്വം നല്കുന്നതുമായ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കണമെന്നു് പറയുന്നതു് ഈ കാരണങ്ങളാലാണു്. നമ്മുടെ നൂറു കോടി മനുഷ്യരുടെ ക്ഷേമത്തിനായി ഭാരതത്തില്‍ ഓപ്പണ്‍ സോഴ്സ് കോഡ് സോഫ്റ്റ്‌വെയര്‍ വന്‍ തോതില്‍ വരുകയും നിലനില്ക്കുകയും വേണം.” എന്നു നിരീക്ഷിക്കുകയും കാഴ്ചപ്പാടു് പങ്കു വയ്ക്കുകയും ചെയ്യുന്നുണ്ടു്. തുറന്ന മാനകങ്ങളും ആവശ്യമായതില്‍‌ കൂടുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും സ്വതന്ത്ര ഫ്രെയിംവര്‍ക്കുകളും നിലവിലുണ്ടായിരിക്കേ, ഇപ്പോഴത്തേതു പോലുള്ള കുത്തക സോഫ്റ്റ്‌വെയറുകളിന്മേലുള്ള ആശ്രിതത്വം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ക്കോ വകുപ്പിനോ ഗുണം ചെയ്യുകയുമില്ല.

4. പൊതുമേഖലയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്ടുകള്‍

കെ എസ് ഇ ബിയുടെ ഒരുമ സോഫ്റ്റ്‌വെയര്‍ പൊതുമേഖലയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗത്തിനു് ഉദാഹരണമാണു്. കെ എസ് ഇ ബിയുടെ 729 സെക്‍ഷന്‍ ആപ്പീസുകളിലും ഒരു സെര്‍വര്‍, ഒരു ബാക്കപ്പ് സെര്‍വര്‍, നാലു് ക്ലൈന്റ് കമ്പ്യൂട്ടറുകള്‍ എന്നിവയടങ്ങുന്ന സംവിധാനമാണു് നിലവിലുള്ളതു്. ഇവയില്‍ സെര്‍വറിലും ബാക്കപ്പ് സെര്‍വറിലും ഡെബിയന്‍ ഗ്നു/ലിനക്സും ക്ലൈന്റ് കമ്പ്യൂട്ടറുകളില്‍ ഉബുണ്ടുവും ആണു് പ്രവര്‍ത്തിക്കുന്നതു്. ഖാദി ബോര്‍ഡിലും പ്രാഥമിക ഓപ്പറേറ്റിങ് സിസ്റ്റമായി ഗ്നു/ലിനക്സാണു് ഉപയോഗിക്കുന്നതു്. ഐ ടി @സ്കൂള്‍ പൊതുമേഖലയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗത്തിനു് മറ്റൊരുദാഹരണമാണു്. സംസ്ഥാനത്തുടനീളമുള്ള പ്രൈമറി, സെക്കണ്ടറി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഗ്നു/ലിനക്സും മറ്റു് സ്വതന്ത്ര സോഫ്റ്റുവെയറുകളും ഉപയോഗിച്ചാണു് ഐ ടി പഠനം നടത്തിക്കൊണ്ടിരിക്കുന്നതു്. ഭാവിയില്‍ വകുപ്പിലേക്കും പഞ്ചായത്തുകളിലേക്കുമെത്തുന്ന ജീവനക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം സിദ്ധിച്ച ഇവരാകും. ഐ ടി @ സ്കൂള്‍ പ്രൊജക്ട് സംസ്ഥാനത്തുടനീളമുള്ള 15000ലധികം വരുന്ന സ്കൂളുകളുടെയും 7,000,000 ലധികം വരുന്ന വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതു് സ്വതന്ത്ര സ്കൂള്‍ ഇആര്‍പി സോഫ്റ്റ്‌വെയറായ ഫെഡെനയുടെ ഇംപ്ലിമെന്റേഷനായ ‘സമ്പൂര്‍ണ്ണ‘ ഉപയോഗിച്ചാണു്. സ്വതന്ത്ര വെബ് സാങ്കേതികവിദ്യയായ റൂബി ഓണ്‍ റെയില്‍സ് ഉപയോഗിച്ചു് വികസിപ്പിച്ചെടുത്ത പ്രസ്തുത ഫെഡെന സോഫ്റ്റ്‌വെയര്‍ ലോകമെമ്പാടുമുള്ള 40000ലധികം സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നുണ്ടു്. എല്ലാം കൊണ്ടും ഐ ടി @ സ്കൂള്‍ പ്രൊജക്ട് മറ്റു് ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ക്കു് ഒരു മാതൃകയാണു്. കലക്ടറേറ്റുകളിലെ ആപ്പീസ് സംവിധാനം മുന്നോട്ടു പോവുന്ന‌തു് എന്‍ ഐ സി, ഗ്നു/ലിനക്സിലും പി എച്ച് പി, മൈഎസ്‌ക്യുഎല്‍, അപ്പാച്ചെ എന്നിവയിലും അധിഷ്ഠിതമായി വികസിപ്പിച്ചെടുത്ത ഡിസി സ്യൂട്ട് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു്. സര്‍ക്കാരിന്റെ സുതാര്യകേരളം പരിപാടിയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നതു് ഗ്നു/ലിനക്സ്, പി എച്ച് പി, മൈഎസ്‌ക്യുഎല്‍, അപ്പാച്ചെ, വി എല്‍ സി എന്നീ സങ്കേതങ്ങളുടെ സഹായത്തോടെ സി-ഡിറ്റ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണു്. ഐ സി ഡി എസ്സില്‍ 12000ഓളം വരുന്ന അംഗന്‍വാടികളിലെ കുട്ടികളുടെ ആരോഗ്യ, പോഷണ നില മോണിറ്റര്‍ ചെയ്യാന്‍ ഉദ്ദേശിച്ചു് തയ്യാറാക്കി ഇംപ്ലിമെന്റേഷന്‍ ഘട്ടത്തിലേക്കു് നീങ്ങിക്കൊണ്ടിരിക്കുന്ന എം ഐ എസ് സോഫ്റ്റ്‌വെയര്‍ സി-ഡാക്‍ നിര്‍മ്മിച്ചതു് ക്യൂട്ടി, ജാവ, പോസ്റ്റ്ഗ്രെഎസ്‌ക്യുഎല്‍, കുഗാര്‍ റിപ്പോര്‍ട്ടിങ് ടൂള്‍ എന്നിവ ഉപയോഗിച്ചാണു്. കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പ്രോവിഡന്റ് ഫണ്ട്, പേറോള്‍, ലീവ്, ഫണ്ട് വിതരണം മുതലായവ കൈകാര്യം ചെയ്യുന്നതു് ഗ്നു/ലിനക്സില്‍ ജാവ, അപ്പാച്ചെ ടോംക്യാറ്റ് സെര്‍വര്‍, പോസ്റ്റ്ഗ്രെഎസ്‌ക്യുഎല്‍ എന്നിവയുപയോഗിച്ചു് സി-ഡാക്‍ നിര്‍മ്മിച്ച സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണു്. പി ഡബ്ല്യു ഡിയുടെ വെബ് പോര്‍ട്ടല്‍ നിര്‍മ്മിക്കാന്‍ ഇനാപ്പ് ഉപയോഗിച്ചതു് അപ്പാച്ചെ വെബ് സെര്‍വര്‍, ജക്കാര്‍ത്ത-ടോംക്യാറ്റ്, ജാവ, പോസ്റ്റ്ഗ്രെഎസ്‌ക്യുഎല്‍, പോസ്റ്റ്ഫിക്സ്, മെയില്‍മാന്‍, ഗ്നു/ലിനക്സ് എന്നിവയാണു്. എറണാകുളം റീജ്യനല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡിലെ മില്‍മ സൊസൈറ്റികളിലെ ധനകാര്യ മാനേജ്മെന്റ്, റിപ്പോര്‍ട്ടുകള്‍, എം ഐ എസ് മുതലായവ കൈകാര്യം ചെയ്യുന്നതിനു വേണ്ടി ഇനാപ്പ് നിര്‍മ്മിച്ച പ്രിസം സോഫ്റ്റ്‌വെയര്‍ മൈഎസ്‌ക്യുഎല്‍, ജാവ, ഗ്നു/ലിനക്സ് എന്നീ സങ്കേതങ്ങളാണു് ഉപയോഗിച്ചിരിക്കുന്നതു്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ധനകാര്യ വിഭാഗവും, പരീക്ഷാവിഭാഗവും കമ്പ്യൂട്ടര്‍വല്ക്കരണം നടത്തിയിരിക്കുന്നതു് പൈത്തണ്‍, ജി ടി കെ+, പോസ്റ്റ്ഗ്രെഎസ്‌ക്യുഎല്‍ എന്നിവയുപയോഗിച്ചു് സ്വന്തമായി നിര്‍മ്മിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു്. കേരള പി എസ് സിയുടെ പ്രവര്‍ത്തനങ്ങളുടെ കമ്പ്യൂട്ടര്‍വല്ക്കരണവും സ്വതന്ത്രസോഫ്റ്റ്‌വെയറുകളില്‍ അധിഷ്ഠിതമാണു്. കേരളത്തില്‍ നിലവില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പിന്താങ്ങുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണു് കെല്‍ട്രോണ്‍, എന്‍ ഐ സി, സി-ഡിറ്റ്, സി-ഡാക്‍ എന്നിവ.

5. മൈക്രോസോഫ്റ്റ് വിന്‍ഡോസ് കൊണ്ടുള്ള പ്രശ്നങ്ങള്‍

വിന്‍ഡോസില്‍ ഒഴിയാബാധയായ വൈറസ് പ്രശ്നം ഗ്നു/ലിനക്സിലില്ലാത്തതിനാല്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനും അതു് സമയാസമയം പുതുക്കുന്നതിനും വേണ്ടി ഇപ്പോള്‍ ചെലവാക്കിക്കൊണ്ടിരിക്കുന്ന തുക ലാഭിക്കുവാനും വൈറസ് സ്കാനിങിനും മറ്റും വേണ്ടി വിനിയോഗിക്കുന്ന സമയം മറ്റു് പ്രയോജനകരമായ കാര്യങ്ങള്‍ക്കു വേണ്ടി തിരിച്ചു വിടുവാനും കഴിയും. ഗ്നു/ലിനക്സിനും ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും ഉദാരമായ ലൈസന്‍സ് വ്യവസ്ഥകളാണുള്ളതെന്നതിനാല്‍ എത്ര പകര്‍പ്പുകള്‍ വേണമെങ്കിലും എടുത്തു് എത്ര കമ്പ്യൂട്ടറുകളില്‍ വേണമെങ്കിലും സ്ഥാപിക്കാന്‍ യാതൊരു നിയമതടസ്സവുമില്ല. എന്നാല്‍ വിന്‍ഡോസില്‍ ഇത്രയും സ്വാതന്ത്ര്യം ലഭ്യമല്ല. അധികമായി വേണ്ടി വരുന്ന വിന്‍ഡോസ് പകര്‍പ്പുകള്‍ ലൈസന്‍സ് ഫീ കൊടുത്തു് വാങ്ങേണ്ടതായിട്ടുണ്ടു്. ഇപ്രകാരം ലൈസന്‍സ് ഫീ കൊടുത്തു് വാങ്ങിയാലും, കാലാനുസൃതമായി വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ചു് ഓപ്പറേറ്റിങ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യേണ്ടി വരുമ്പോള്‍ വീണ്ടും ലൈസന്‍സ് ഫീ കൊടുത്തു് പുതിയ പതിപ്പു് വാങ്ങേണ്ടി വരും. ഇക്കാരണത്താല്‍ തന്നെ 2000 ഫിബ്രവരി മാസത്തിലിറങ്ങിയ വിന്‍ഡോസ് 2000 നിരവധി പഞ്ചായത്തുകളില്‍ കാലാനുസൃതമായി പുതുക്കാന്‍ സാധിക്കാതെ ഇപ്പോഴും അവരുടെ സെര്‍വറുകളില്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ടു്. വിന്‍ഡോസ് 2000 നു് അതു പുറത്തിറക്കിയ മൈക്രോസോഫ്റ്റ് കമ്പനി 13/7/2010 മുതല്‍ പിന്തുണ പിന്‍വലിച്ചിട്ടു പോലും ഇതു തന്നെ തുടര്‍ന്നും ഉപയോഗിക്കേണ്ടി വരുന്നതു് ഒരര്‍ത്ഥത്തില്‍ ഗതികേടു തന്നെയാണു്. മാത്രമല്ല വിന്‍ഡോസ് പുറത്തിറക്കുന്ന മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനെതിരെ വിപണിയിലെ സ്വന്തം കുത്തകസ്ഥാനം ദുരുപയോഗം ചെയ്തതിനു് യൂറോപ്യന്‍ കമ്മീഷന്‍, ഇതര നെറ്റ്‌വര്‍ക്കിങ് സോഫ്റ്റ്‌വെയറുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാന വിവരങ്ങള്‍ പങ്കു വയ്ക്കുവാനും, (തുടര്‍ന്നും വിവരങ്ങള്‍ പങ്കു വയ്ക്കാത്തതിനു് 280.5മില്യണ്‍ യൂറോ കൂടി അധികപിഴ 2006ല്‍ ചുമത്തി. മാത്രമല്ല എന്നിട്ടും വിവരം പങ്കു വച്ചില്ലെങ്കില്‍ പ്രതിദിനം അടയ്ക്കേണ്ട പിഴ 3 മില്യണ്‍ യൂറോ ആക്കി ഉയര്‍ത്തുമെന്നു് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തു. ഇത്രയൊക്കെയായിട്ടും വിവരങ്ങള്‍ പങ്കു വയ്ക്കാതിരുന്നതിനു് 2008 ല്‍ യൂറോപ്യന്‍ യൂണിയന്‍ 899 മില്യണ്‍ യൂറോ കൂടി അധിക പിഴ ചുമത്തി.) മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ കുത്തക സ്വഭാവം വെളിവാക്കുന്ന നിരവധി കേസുകളിലൊന്നു മാത്രമാണു് ഇതു്. ഇപ്രകാരം അധികാരസ്ഥാനങ്ങളെയും നീതിന്യായ സംവിധാനങ്ങളെയും വെല്ലുവിളിച്ചു് വിവരങ്ങള്‍ക്കു മേല്‍ ആധിപത്യസ്വഭാവം കാണിക്കുന്ന ഒരു കമ്പനി ഒരുക്കുന്ന പ്ലാറ്റ്ഫോമുപയോഗിച്ചു്, നമ്മുടെ രാജ്യത്തെ വിവിധ നിയമങ്ങളനുസരിച്ചു് ശേഖരിച്ചു സൂക്ഷിക്കുന്ന ഇവിടത്തെ പൌരന്മാരുടെ അടിസ്ഥാന വിവരങ്ങള്‍ ഒരു നെറ്റ്‌വര്‍ക്കിലൂടെ കൈമാറേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന വിവരസുരക്ഷാ പ്രശ്നം വളരെ ഗൌരവമായി കണക്കിലെടുക്കേണ്ടതാണെന്നു് തോന്നുന്നു. നിലവില്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ്, എം എസ് ഓഫീസ്, ഐ എസ് എം, ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍, പേജ്‌മേക്കര്‍, ഫോട്ടോഷോപ്പ് തുടങ്ങി പല കുത്തക സോഫ്റ്റ്‌വെയറുകളുടെയും അനധികൃത പകര്‍പ്പുകള്‍ (pirated) ചില പഞ്ചായത്താപ്പീസ്സുകളിലും വകുപ്പിനു കീഴിലുള്ള മറ്റു് ആപ്പീസുകളിലുമെങ്കിലും ഉപയോഗിച്ചു വരുന്നുണ്ടു്. ഇതു് 1957 ലെ ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരവും 2000 ലെ വിവര സാങ്കേതികവിദ്യാ നിയമം(ഇന്‍ഫോര്‍മേഷന്‍ ടെക്‍നോളജി ആക്ട്) വകുപ്പു് 66(2) പ്രകാരവും ഗുരുതരവും ശിക്ഷാര്‍ഹവുമായ കുറ്റമായതിനാല്‍ ഇപ്രകാരമുള്ള ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടതാണു്. എന്നാല്‍ ഇത്തരം നിയമപരമായ നൂലാമാലകളൊന്നും തന്നെ ഗ്നു/ലിനക്സിനും ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കുമില്ല. അതിനാല്‍ ഇത്തരം കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കു പകരം അവയുടെ മേഖലയില്‍ പ്രവര്‍ത്തനശേഷിയുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാവുന്നതാണു്. മിക്ക ഗ്നു/ലിനക്സ് വിതരണങ്ങള്‍ക്കും ഏതു സമയത്തും ലഭ്യമായ ഓണ്‍ലൈന്‍ സംഭരണികള്‍ ഉണ്ടു്. ഇത്തരം സംഭരണികളില്‍ ഇപ്പോള്‍ നമ്മള്‍ ആപ്പീസുകളില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വേര്‍ഡ് പ്രൊസസ്സര്‍, സ്പ്രെഡ്ഷീറ്റ്, വെബ് ബ്രൌസര്‍ മുതലായവ കൂടാതെ വിവിധാവശ്യങ്ങള്‍ക്കുള്ള 29000 എണ്ണത്തോളം വരുന്ന സോഫ്റ്റ്വെയറുകള്‍ (ഡെബിയന്‍ ഗ്നു/ലിനക്സില്‍) ഒരേ ഉറവിടത്തില്‍ത്തന്നെ ലഭ്യമാണെന്നതിനാല്‍ ഓരോ ആവശ്യത്തിനും വെവ്വേറെയായി സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് വാങ്ങി സ്ഥാപിക്കേണ്ടി വരുന്നില്ല. മാത്രമല്ല ഈ സോഫ്റ്റ്‌വെയറുകളിലുണ്ടാവുന്ന പുതുക്കലുകള്‍ സൌജന്യമായിത്തന്നെ ഉപയോക്താവിനു് ലഭ്യമാക്കാനും കഴിയും. അതിനാല്‍ത്തന്നെ പൊതുപണം വളരെയേറെ ലാഭിക്കാന്‍ സാധിക്കും. ഈ ഒരു സൌകര്യം വിന്‍ഡോസിലും ഇതര കുത്തക സോഫ്റ്റ്‌വെയറുകളിലും ലഭ്യമല്ല.

6. ഗ്നു/ലിനക്സിലേക്കു്

ഗ്രാമപഞ്ചായത്തു് ആപ്പീസുകളിലല്ലാതെ പഞ്ചായത്തു് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ആപ്പീസുകളിലും പഞ്ചായത്തു് ഡയറക്ടറുടെ ആപ്പീസിലും പഞ്ചായത്തു് വകുപ്പിനു കീഴിലുള്ള മറ്റു് ആപ്പീസുകളിലും, വിന്‍ഡോസില്‍ മാത്രം പ്രവര്‍ത്തിക്കുന്നതും നിര്‍ബ്ബന്ധമായും ഉപയോഗിക്കേണ്ടതുമായ സോഫ്റ്റ്‌വെയറുകളൊന്നും തന്നെയില്ലാത്തതിനാല്‍ ഇവിടെയെല്ലാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെല്ലാം തന്നെ ഗ്നു/ലിനക്സിലേക്കു് മാറ്റുന്നതിനു് തടസ്സമില്ല. പഞ്ചായത്തു് ഡെപ്യൂട്ടി ഡയറക്ടറാഫീസുകളും പഞ്ചായത്തു് ഡയറക്ടറാഫീസും പൂര്‍ണ്ണമായി ഗ്നു/ലിനക്സിലേക്കു് മാറിക്കഴിയുന്നതോടെ ഐ എസ് എം ഉപയോഗിച്ചുള്ള കാലഹരണപ്പെട്ട ASCII വിനിമയരീതി പൂര്‍ണ്ണമായും ഇല്ലാതാകുകയും ആധുനിക യൂണിക്കോഡ് സംവിധാനത്തിലേക്കു് മാറുകയും ചെയ്യും. ASCII വിനിമയ രീതിയിലുള്ള കത്തിടപാടുകള്‍ സ്വീകരിക്കേണ്ടതില്ല എന്ന അവസ്ഥയുണ്ടാവുന്നതിനാല്‍ ഗ്രാമപഞ്ചായത്തു് ആപ്പീസുകളില്‍ ഇന്റര്‍നെറ്റുമായി യോജിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകളും ഐ കെ എമ്മിന്റെ, വിന്‍ഡോസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ സ്ഥാപിച്ചിട്ടില്ലാത്ത മറ്റു കമ്പ്യൂട്ടറുകളും ഇതോടെ ഗ്നു/ലിനക്സിലേക്കു് മാറ്റാന്‍ തടസ്സമുണ്ടാവില്ല. ആയതിനാല്‍ ഗ്രാമപഞ്ചായത്തുകളിലും അവയുടെ ഘടകസ്ഥാപനങ്ങളിലും പഞ്ചായത്തു് വകുപ്പിനു കീഴിലുള്ള മറ്റു് ആപ്പീസുകളിലും വിന്‍ഡോസിനും മറ്റു് കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കും പകരം, ഗ്നു/ലിനക്സും ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശം നല്കാവുന്നതും, അതിനു വേണ്ടിയുള്ള ക്രിയാത്മക നടപടികള്‍ സ്വീകരിക്കാവുന്നതുമാണു്.

7. കേന്ദ്രീകൃത സമഗ്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കല്‍

പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം ഒരു ടീം വര്‍ക്കാണെന്നതിനു പുറമേ ഒരു പ്രക്രിയ കൂടിയാണു്. ഇതിനു്, ബന്ധപ്പെട്ട എല്ലാ stakeholders നേയും പങ്കെടുപ്പിച്ചു കൊണ്ടു് വിശദവും സമഗ്രവുമായ വിഷയാപഗ്രഥനം നടത്തേണ്ടതുണ്ടു്. അപ്രകാരമൊരു സമഗ്ര അപഗ്രഥനം നാളിതുവരെ നടത്തിക്കാണുന്നില്ല. ഞാന്‍ 01/06/2012നു് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 6, 7, 8, 9 ഖണ്ഡികകളില്‍ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങളെ ഒന്നുകൂടി ഊന്നി പ്രസ്താവിച്ചു കൊള്ളുന്നു. ഇവയില്‍ ഖണ്ഡിക 6 ലെ നിര്‍ദ്ദേശങ്ങള്‍ എന്റെ എം എസ് സി കോഴ്സിന്റെ ഭാഗമായി 2008ല്‍ ഞാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വച്ചു ചെയ്ത ജി ഐ എസ് പ്രൊജക്ട് ഡിസര്‍ട്ടേഷനില്‍ (പകര്‍പ്പു് കില(തൃശൂര്‍)യിലെ ലൈബ്രറിയില്‍ ലഭ്യമാണു്) പ്രസ്താവിച്ചിട്ടുള്ളതിന്റെ ചുരുക്കമാണു്. പ്രസ്തുത നാലു് ഖണ്ഡികകളില്‍ ചൂണ്ടിക്കാണിച്ചതു പോലെ പഞ്ചായത്തു് ആപ്പീസുകളിലും അവയുടെ ഘടകസ്ഥാപനങ്ങളിലും പഞ്ചായത്തു വകുപ്പിലും സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ അധിഷ്ഠിതമായ, ഇ ആര്‍ പി (എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ്), ജി ഐ എസ് (ജ്യോഗ്രഫിക്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം), സി എം എസ് (കണ്ടെന്റ് മാനേജ്‌മെന്റ് സിസ്റ്റം) എന്നീ മൂന്നു ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന കേന്ദ്രീകൃതമായ സമഗ്ര സോഫ്റ്റ്‌വെയര്‍ ആണു് പ്രയോഗത്തില്‍ വരേണ്ടതു്. ഇവയില്‍ ഇ ആര്‍ പി ഘടകമായി ഓപ്പണ്‍ ഇ ആര്‍ പിയും, ജി ഐ എസ് ഘടകമായി ക്വാണ്ടം ജിസ്, പോസ്റ്റ്ജിസ്, പോസ്റ്റ്ഗ്രെഎസ്‌ക്യുഎല്‍, മാപ്പ് സെര്‍വര്‍, ഓപ്പണ്‍ ലെയേഴ്സ് എന്നിവയുടെ സംയോജനത്തെയും, സി എം എസ് ഘടകമായി ദ്രുപല്‍ ഉം പരിഗണിക്കാവുന്നതാണു്. നിലവില്‍ ഈ മേഖലകളില്‍ ലഭ്യമായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളില്‍ വച്ചു് കൂടുതല്‍ വികസിതവും മികച്ചവയുമാണു് ഇവ.

പ്രതിദിനം ശരാശരി 700ഓളം ഡൌണ്‍ലോഡുകളാണു് ഓപ്പണ്‍ ഇ ആര്‍ പിക്കു് ലോകവ്യാപകമായി നിലവിലുള്ളതു്. ഇതു് ഈ സോഫ്റ്റ്‌വെയറിന്റെ മികവാണു് കാണിക്കുന്നതു്. ഇന്ത്യയിലും നിരവധി സ്ഥാപനങ്ങള്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്നുണ്ടു്. ഇതിന്റെ സര്‍വ്വീസ്, കസ്റ്റമൈസേഷന്‍, ഡവലപ്പ്മെന്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തിലുമുണ്ടു്. ജി ഐ എസ് വിവരശേഖരം പോസ്റ്റ്ജിസ്, പോസ്റ്റ്ഗ്രെഎസ്‌ക്യുഎല്‍ എന്നിവയില്‍ ശേഖരിച്ചു് മാപ്പ് സെര്‍വര്‍, ഓപ്പണ്‍ ലെയേഴ്സ് എന്നിവ വഴി വിനിമയം ചെയ്യാം. ക്വാണ്ടം ജിസ് ഡെസ്ക്ടോപ്പ് ക്ലൈന്റായി ഉപയോഗിച്ചോ, സാധാരണ ബ്രൌസര്‍ ഉപയോഗിച്ചോ ജി ഐ എസില്‍ പ്രവേശിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും അപഗ്രഥനം നടത്തുകയും ചെയ്യാവുന്ന രീതിയില്‍ സംവിധാനം ചെയ്യാം. മികച്ച ജി ഐ എസ് പ്രൊജക്ടുകളില്‍ ലോകവ്യാപകമായിത്തന്നെ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണു് ഇവ. ഇന്നു് ലോകത്തു് ലഭ്യമായവയില്‍ ഏറ്റവും മികച്ച സി എം എസ് സോഫ്റ്റ്‌വെയറുകളിലൊന്നാണു് ദ്രുപല്‍. കേരളത്തിലും ദ്രുപല്‍ ഉപയോഗിച്ചു് വെബ് സൊല്യൂഷനുകള്‍ നല്കുന്ന കമ്പനികളും സ്ഥാപനങ്ങളുമുണ്ടു്. പഞ്ചായത്തുകളുടെയും അവയുടെ ഘടകസ്ഥാപനങ്ങളുടെയും പഞ്ചായത്തു് വകുപ്പിന്റെയും സാഹചര്യങ്ങളുമായി ഇവയെല്ലാം ഒത്തു പോകുമെന്നും കാണുന്നു.

ഇവ മൂന്നു ഘടകങ്ങളുമുപയോഗിച്ചു് എങ്ങനെ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കണമെന്നതും വിശദാംശങ്ങളുടെ രൂപകല്പനയും മറ്റും, പഞ്ചായത്തു് കാര്യങ്ങളിലും വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയിലും വൈദഗ്ദ്ധ്യമുള്ളവരുമായും, അതതു് സാങ്കേതിക മേഖലകളിലെ വിദഗ്ദ്ധരുമായും കൂടിയോലോചിച്ചു് തീരുമാനിക്കാവുന്നതാണു്. പ്രാഥമിക നിര്‍ദ്ദേശമെന്ന നിലയില്‍ അക്കൌണ്ടിങ്, ബജറ്റ്, വരവുചെലവുകള്‍, മാനവവിഭവശേഷി നിയന്ത്രണം, പ്രൊജക്ട് മാനേജ്മെന്റ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, യോഗങ്ങള്‍ക്കുള്ള പിന്തുണ, വാങ്ങലുകള്‍, സഹായക രേഖകളടക്കമുള്ള പങ്കാളിത്ത ഫയല്‍ മാനേജ്മെന്റ് തുടങ്ങിയവ ഇ ആര്‍ പി ഘടകത്തിലും; ആസ്തികള്‍, നികുതികള്‍, ലൈസന്‍സിങ്, വിഭവ മാനേജ്മെന്റ്, കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍, നെല്‍വയല്‍-തണ്ണീര്‍ത്തടങ്ങളുടെ ഡാറ്റാബാങ്ക് മുതലായവ ജി ഐ എസ് ഘടകത്തിലും; ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം, വിവരങ്ങളുടെയും രേഖകളുടെയും അറിയിപ്പുകളുടെയും മറ്റും പ്രസിദ്ധീകരണം, നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും സര്‍ക്കുലറുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ക്രോഡീകരിക്കല്‍ തുടങ്ങിയവ സി എം എസ് ഘടകത്തിലും കൈകാര്യം ചെയ്യുന്നതു് പരിഗണിക്കാവുന്നതാണു്. നിലവില്‍ ലാന്റ് യൂസ് ബോര്‍ഡും, കെ എസ് ആര്‍ ഇ സിയും ശേഖരിച്ചു് സൂക്ഷിച്ചു വച്ചിട്ടുള്ള ജി ഐ എസ് ഡാറ്റാ ശേഖരം നമ്മുടെ ജി ഐ എസ് ഘടകത്തിന്റെ അടിസ്ഥാനവിവര ശേഖരമാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണു്. പഞ്ചായത്തുകളുടെയും വകുപ്പിന്റെയും ദര്‍ഘാസ് മുതലായവയ്ക്കുള്ള പരസ്യങ്ങള്‍, നോട്ടിഫിക്കേഷനുകള്‍, പൌരാവകാശ രേഖകള്‍, പഞ്ചായത്തുകളുടെ വികസന രേഖകള്‍, പദ്ധതി രേഖകള്‍, ജൈവ വൈവിദ്ധ്യ രജിസ്റ്ററുകള്‍ മുതലായവ അതാതു് ഓഫീസുകളില്‍ നിന്നു തന്നെ വികേന്ദ്രീകൃതമായി വെബ്ബില്‍ പ്രസിദ്ധപ്പെടുത്തുവാന്‍ തക്ക വണ്ണം സി എം എസ് ഘടകത്തില്‍ ക്രമീകരണം വരുത്തേണ്ടതാണു്. ഈ കേന്ദ്രീകൃത സമഗ്ര സോഫ്റ്റ്‌വെയറിന്റെ മേല്‍പ്പറഞ്ഞ മൂന്നു ഘടകങ്ങളിലും ക്രോഡീകരിക്കപ്പെടുന്ന സ്ഥിതിവിവരക്കണക്കുകളും വിവരങ്ങളും മറ്റും 2005ലെ വിവരാവകാശ നിയമത്തിലെ 4(1), 4(2) വകുപ്പുകള്‍ അനുശാസിക്കുന്നതു പ്രകാരം, സി എം എസ് ഘടകം വഴി അതാതു് സമയത്തു തന്നെ സ്വമേധയാ പ്രസിദ്ധീകരിക്കപ്പെടുകയും അവ സമയാസമയങ്ങളില്‍ നവീകരിക്കപ്പെടുകയും അപ്രകാരം പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ക്കു വേണ്ടി ആവശ്യക്കാര്‍ വെബ്ബില്‍ സെര്‍ച്ച് എഞ്ചിനുകള്‍ വഴി തിരച്ചില്‍ നടത്തുമ്പോള്‍ സ്വമേധയാ ക്രമമായി ലഭ്യമാക്കാനും കഴിയുന്ന വിധത്തില്‍ സംവിധാനം ചെയ്യാവുന്നതാണു്.

നിലവില്‍ ഐ കെ എം അനുവര്‍ത്തിച്ചു പോരുന്ന, കുത്തക സോഫ്റ്റ്‌വെയര്‍ ഫ്രെയിംവര്‍ക്കുകള്‍ ഉപയോഗിച്ചു് സോഫ്റ്റ്‌വെയറിന്റെ കോഡ്ബേസ് മുതല്‍ വികസിപ്പിച്ചു കൊണ്ടുവരുന്ന രീതിയേക്കാള്‍, അതാതു് ആവശ്യങ്ങള്‍ക്കു വേണ്ടി വികസിപ്പിച്ചെടുത്തു കൊണ്ടേയിരിക്കുന്നതും ഇപ്പോള്‍ത്തന്നെ വളരെ വികസിതവുമായ ഇത്തരം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ഫ്രെയിംവര്‍ക്കുകളും കസ്റ്റമൈസ് ചെയ്തു് സ്വന്തമായ കേന്ദ്രീകൃത സമഗ്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചെടുക്കുന്ന രീതിക്കു് ചില മെച്ചങ്ങളുണ്ടു്:

൧. ഇപ്പോഴുള്ളതുപോലെ എല്ലാ പഞ്ചായത്തുകളിലും സെര്‍വര്‍ കമ്പ്യൂട്ടര്‍ സ്ഥാപിക്കേണ്ട ആവശ്യമില്ല, ക്ലൈന്റ് കമ്പ്യൂട്ടറുകള്‍ മാത്രം മതിയാവുന്നതാണു്. സംസ്ഥാനതലത്തിലുള്ള കേന്ദ്രീകൃത സെര്‍വറില്‍ സമഗ്ര സോഫ്റ്റ്‌വെയറിന്റെ എല്ലാ ഘടകങ്ങളും സ്ഥാപിച്ചു് വിവരങ്ങള്‍ ശേഖരിക്കുകയും വിനിമയം ചെയ്യുകയുമാവാം. മിറര്‍ സൈറ്റുകള്‍ ഏര്‍പ്പെടുത്തി സെര്‍വറിലെ തിരക്കു നിയന്ത്രിക്കാം. സോഫ്റ്റ്‌വെയറിലുണ്ടാകുന്ന പുതുക്കലുകള്‍ കേന്ദ്രീകൃത സെര്‍വറില്‍ ചെയ്താല്‍ മതി. കൈകാര്യത്തിനു് ഇപ്പോഴുള്ളതിനേക്കാള്‍ സൌകര്യമുണ്ടു്. മൊത്തത്തിലുള്ള പ്രവര്‍ത്തനം കേന്ദ്രീകൃതമായും വികേന്ദ്രീകൃതമായും മോണിറ്റര്‍ ചെയ്യാനും സാധിക്കും. ഇന്നു ചെയ്യുന്ന പോലെ എല്ലാ പഞ്ചായത്തിലും സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ കൊണ്ടുപോയി ഇന്‍സ്റ്റാള്‍ ചെയ്യേണ്ട കാര്യമില്ല. പഞ്ചായത്തുകളില്‍ ഇന്നുള്ളതു പോലെ വി പി എന്‍ കണക്‍ഷന്റെ ആവശ്യമുണ്ടാവുന്നില്ല. സാധാരണ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്‍ഷന്‍ തന്നെ ധാരാളം. ഇതിനാല്‍ എല്ലാ ക്ലൈന്റ് കമ്പ്യൂട്ടറുകളിലും ഇപ്പോഴുള്ള വി പി എന്‍ കണക്‍ഷനില്‍ ലഭ്യമാവാത്ത ഇന്റര്‍നെറ്റിലെ മറ്റെല്ലാ റിസോഴ്സുകളും ലഭ്യമാക്കാം. ഇതു് ജീവനക്കാര്‍ക്കെല്ലാവര്‍ക്കും പ്രവേശസൌകര്യം (accessibility) കൂട്ടും. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും സോഫ്റ്റ്‌വെയറുകളുടെയും സുരക്ഷാപാച്ചുകള്‍ അടക്കമുള്ള അപ്ഡേറ്റുകള്‍, മറ്റു സോഫ്റ്റ്‌വെയറുകള്‍ എന്നിവ സൌകര്യപ്രദമായി ലഭ്യമാക്കുന്നതിനും മറ്റും സാധാരണ ഇന്റര്‍നെറ്റ് കണക്‍ഷന്‍ നെറ്റ്‌വര്‍ക്കിലൂടെ എല്ലാ ക്ലൈന്റ് കമ്പ്യൂട്ടറുകളിലും എത്തിക്കേണ്ടതു് അത്യാവശ്യമാണു താനും. കൂടാതെ മേല്‍ പ്രസ്താവിച്ച കാരണങ്ങളാല്‍ സാമ്പത്തിക ലാഭവുമുണ്ടു്. ഒരു സെര്‍വര്‍ കമ്പ്യൂട്ടറിന്റെ ഇപ്പോഴത്തെ വിപണി വിലയായി കുറഞ്ഞതു് 1,79,000 രൂപയായി കണക്കാക്കിയാല്‍ത്തന്നെ ഗ്രാമപഞ്ചായത്താപ്പീസുകളില്‍ സെര്‍വര്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി പലപ്പോഴായി ചെലവാക്കേണ്ടി വരുന്ന 17,50,62,000 രൂപ ലാഭിക്കാന്‍ കഴിയും. ജില്ലാ പഞ്ചായത്താപ്പീസുകളും ഐ കെ എമ്മിന്റെ സോഫ്റ്റ്‌വെയറുകള്‍ വിന്യസിക്കേണ്ടുന്ന ഇതര ആപ്പീസുകളും കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ഇതിലും കൂടിയ തുക യഥാര്‍ത്ഥത്തില്‍ ലാഭിക്കാന്‍ സാധിക്കുമെന്നു് മനസ്സിലാക്കാം. ഓരോ പഞ്ചായത്തും വി പി എന്‍ കണക്‍ഷനു വേണ്ടി ചെലവാക്കിക്കൊണ്ടിരിക്കുന്ന തുകയും ലാഭിക്കാം.

൨. പൂര്‍ണ്ണമായും നമ്മുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ടുകൊണ്ടു് നിര്‍മ്മിച്ച സോഫ്റ്റ്‌വെയറുകളല്ല ഇവയെങ്കിലും, ഇവയെ കസ്റ്റമൈസ് ചെയ്തു് നമ്മുടെ ആവശ്യങ്ങള്‍ക്കിണങ്ങും വിധം വഴക്കിയെടുക്കാവുന്നതാണു്. അപ്രകാരം ചെയ്യുന്നതിനൊപ്പം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം, ജനനമരണ, വിവാഹ രജിസ്ട്രേഷന്‍ തുടങ്ങിയ നമ്മുടെ പ്രത്യേകാവശ്യങ്ങള്‍ക്കു വേണ്ടുന്ന അധിക മൊഡ്യൂളുകള്‍ പ്രത്യേകമായി വികസിപ്പിച്ചെടുത്തു് ഇവയുമായി സംയോജിപ്പിച്ചു് പ്രവര്‍ത്തിപ്പിക്കാനും, ഈ സോഫ്റ്റ്‌വെയറുകളില്‍ നിലവിലുള്ള മറ്റു് സമാനമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള മോഡ്യൂളുകളെ നമ്മുടെ ആവശ്യത്തിനുപകരിക്കുന്ന വിധത്തില്‍ കസ്റ്റമൈസ് ചെയ്തു് ഉപയോഗിക്കുവാനും കഴിയും. ഇങ്ങനെ നമുക്കു വേണ്ട സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചെടുക്കാന്‍ വേണ്ട സമയം വളരെയധികം ലാഭിക്കാം.

൩. ജനറിക്‍ ആയി വേണ്ടുന്ന, ഡാറ്റാബേസ് കൈകാര്യം, സമ്പര്‍ക്കമുഖം, പ്രിന്റിങ് സൌകര്യം തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ഇപ്പോള്‍ അനുവര്‍ത്തിച്ചു വരുന്ന രീതിയിലുള്ളതു പോലെ പ്രത്യേകമായി വികസിപ്പിച്ചെടുക്കേണ്ട ആവശ്യമില്ല, ആയവ ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളില്‍ത്തന്നെ നിലവില്‍ ലഭ്യമാണെന്നതിനാല്‍.

൪. ഇവയെല്ലാം തന്നെ ശ്രദ്ധേയമായ അന്താരാഷ്ട്ര പ്രൊജക്ടുകളായതിനാല്‍ ഇവ ഉപയോഗിക്കുന്നതും, കസ്റ്റമൈസ് ചെയ്യുന്നതും, നമ്മുടെ ആവശ്യങ്ങള്‍ക്കു് യോജിച്ച വിധമുള്ള അധിക മൊഡ്യൂളുകള്‍ വികസിപ്പിക്കുന്നതും, ഈ ആവശ്യങ്ങള്‍ക്കു സഹായകരമായ വിധത്തില്‍ ഇവയുടെ വികസിപ്പിക്കല്‍ ടീമുകളുമായി (Developer teams) ആശയവിനിമയം നടത്തുന്നതുമൊക്കെ, ഒരു സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കല്‍ സ്ഥാപനമെന്ന നിലയില്‍ ഐ കെ എമ്മിന്റേയും ഐ കെ എമ്മിലെ സാങ്കേതിക ജീവനക്കാരുടെയും പ്രവര്‍ത്തനശേഷിയും നിലവാരവും ഉയര്‍ത്താനും, പ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവരുന്നതിനും വളരെയധികം സഹായിക്കും. ഇങ്ങനെ ഐ കെ എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്രനിലവാരം കൈവരിക്കുന്നതിനുള്ള ശ്രമം ഇപ്പോഴേ തുടങ്ങേണ്ടതാണു്. അതുവഴി വകുപ്പിനും പഞ്ചായത്തുകള്‍ക്കും മെച്ചമുണ്ടാകുകയും ചെയ്യും.

നമ്മുടെ രാജ്യത്തു് സര്‍ക്കാര്‍ പ്രൊജക്ടുകളില്‍ ഇതുപോലെ അന്താരാഷ്ട്ര ടീമുകളുമായി യോജിച്ചു് പ്രവര്‍ത്തിക്കുന്ന സമ്പ്രദായം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടു്. ഭാരത സര്‍ക്കാരിന്റെ ഡാറ്റാ പോര്‍ട്ടലായ http://data.gov.in ഇതിനുദാഹരണമാണു്. എന്‍ ഐ സി യുടെയും യു എസ് ഗവണ്മെന്റിലെ ടീമിന്റെയും സംയുക്ത സംരംഭമായ പ്രസ്തുത പ്രൊജക്ടില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫ്രെയിംവര്‍ക്കായ ദ്രുപല്‍ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത കസ്റ്റം പ്ലാറ്റ്ഫോമാണു് ആധാരമായി പ്രവര്‍ത്തിക്കുന്നതു്. ഇതിന്റെ സോഴ്സ് കോഡ് മുഴുവനായും, താല്പര്യമുള്ള ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാവുന്ന വിധത്തില്‍ പബ്ലിക്‍ കോഡ് ഷെയറിങ് പ്ലാറ്റ്ഫോമായ ഗിറ്റ്ഹബില്‍ ലഭ്യമാണു്. ഈ മാതൃക നമുക്കും പകര്‍ത്താവുന്നതാണു്. ഈ പോര്‍ട്ടല്‍ വെബ് കണ്ടെന്റ് ആക്സസ്സിബിലിറ്റി ഗൈഡ്‌ലൈന്‍സ് ലെവല്‍ എഎ, ഗൈഡ്‌ലൈന്‍സ് ഫോര്‍ ഇന്ത്യന്‍ ഗവണ്മെന്റ് വെബ്സൈറ്റ്സ് എന്നീ രണ്ടു് പ്രധാന സ്റ്റാന്റേര്‍ഡുകള്‍ ആധാരമാക്കിയാണു് വികസിപ്പിച്ചെടുത്തിട്ടുള്ളതു്. എന്നാല്‍ ഐ കെ എം തദ്ദേശസ്വയംഭരണ വകുപ്പിനു വേണ്ടിയും പഞ്ചായത്തുകള്‍ക്കു വേണ്ടിയും വികസിപ്പിച്ചെടുത്തിട്ടുള്ള വെബ്സൈറ്റുകള്‍ ഈ രണ്ടു സ്റ്റാന്റേര്‍ഡുകളും അനുസരിക്കുന്നില്ല എന്നു് ഖേദപൂര്‍വ്വം പറയേണ്ടി വരുന്നു. നമ്മുടെ ഈ വെബ്സൈറ്റുകളില്‍ വളരെയേറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, വളരെ നിയന്ത്രണമുള്ള പകര്‍പ്പവകാശത്തോടെയാണു് ഇവ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നതിനാല്‍ വിക്കിപീഡിയ പോലെയുള്ള പുതിയ കാലത്തിന്റെ വിജ്ഞാനവ്യാപന പരിശ്രമങ്ങള്‍ക്കു് ഈ വിവരങ്ങള്‍ എടുത്തുപയോഗിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ത്തന്നെ പ്രയോഗക്ഷമതയുടെ കാര്യത്തിലും അഭിഗമ്യതയുടെ (accessibility) കാര്യത്തിലും നമ്മുടെ വെബ്സൈറ്റുകള്‍ തുലോം പുറകിലാണെന്നതു് വസ്തുതയാണു്. കൂടുതല്‍ ആളുകളിലേക്കു് എത്തുന്ന വിധത്തില്‍ എടുത്തുപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ആവശ്യം തന്നെയെന്താണു്? അതിനാല്‍ ഈ അവസ്ഥ മാറേണ്ടതുണ്ടു്. നമ്മുടെ സമഗ്ര സോഫ്റ്റ്‌വെയറിന്റെ സി എം എസ് ഘടകം പുതിയ വെബ് സ്റ്റാന്റേര്‍ഡുകള്‍ അനുസരിക്കുന്ന വിധത്തിലും ഉദാരമായ പകര്‍പ്പുപേക്ഷ വ്യവസ്ഥകള്‍ പ്രകാരവും സംവിധാനം ചെയ്യേണ്ടതാണു്. പകര്‍പ്പുപേക്ഷയുടെ കാര്യത്തില്‍ CC BY-SA 2.5 IN ലൈസന്‍സില്‍ പ്രസിദ്ധീകരിച്ച കെ എസ് ഇ ബിയുടെ വെബ്സൈറ്റിനെ (http://www.kseb.in) മാതൃകയാക്കാവുന്നതാണു്.

8. ഐ കെ എം ഉടനെ ചെയ്യേണ്ടതു്

ഐ കെ എം ഇപ്പോള്‍ അനുവര്‍ത്തിച്ചു വരുന്ന സോഫ്റ്റ്‌വെയര്‍ വികസന രീതി, അതതു് സാങ്കേതിക മേഖലകളിലെ വിദഗ്ദ്ധരുമായി ആലോചിച്ചു് സമഗ്രമായി അപഗ്രഥിച്ചു് സ്വാംശീകരിച്ചതല്ല. അതാതു് കാലഘട്ടങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനരീതികള്‍ (best practices) അനുസരിച്ചു് ഉരുത്തിരിഞ്ഞു വന്നതോ സ്വതന്ത്ര സോഫ്റ്റ്‌വെയറിലധിഷ്ഠിതമോ അല്ല. മറിച്ചു്, സമഗ്രമായ ഒരു കാഴ്ചപ്പാടിന്റെ അഭാവത്തിലും ഒരു പ്രത്യേക കാലഘട്ടത്തിലും അപ്പോള്‍ മുന്നിലുള്ള വിഷയം മാത്രം കണക്കിലെടുത്തും അപ്പോള്‍ ഐ കെ എമ്മില്‍ നിലവിലുണ്ടായിരുന്ന സാങ്കേതിക വിഭാഗം ജീവനക്കാരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടും ചിലതെല്ലാം ഭാഗികമായും സോഫ്റ്റ്‌വെയറിന്റെ ഉപയോക്താക്കളായ ജീവനക്കാരുടെ കൈകാര്യസൌകര്യം വേണ്ട രീതിയില്‍ പരിഗണിക്കാതെയും വികസിപ്പിച്ചെടുത്തിട്ടുള്ളതാണു്. പഞ്ചായത്തുകള്‍, അവയുടെ ഘടകസ്ഥാപനങ്ങള്‍, പഞ്ചായത്തു് വകുപ്പിന്റെ ഇതര ആപ്പീസുകള്‍ ഇവിടെയെല്ലാമുള്ള ജീവനക്കാര്‍ എന്നീ മൂര്‍ത്തവസ്തുക്കളെയും അവരുടെ ചുറ്റുപാടുകളെയും പ്രാഥമികമായി കാണേണ്ടതിന്നു പകരം അവര്‍ കൈകാര്യം ചെയ്യേണ്ടുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ഉത്തരവുകള്‍ക്കും മാത്രമാണു് സോഫ്റ്റ്‌വെയറുകളില്‍ പ്രാമുഖ്യം കൊടുത്തിട്ടുള്ളതു്. പഞ്ചായത്തുകളുടെ ഘടകസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മതിയായ സോഫ്റ്റ്‌വെയര്‍ പിന്തുണയുള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനമൊരുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നിലവില്‍ പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ പ്രക്രിയയില്‍ സോഫ്റ്റ്‌വെയറിന്റെ മുഖ്യ ഉപയോക്താക്കളായ ജീവനക്കാര്‍ക്കു് പങ്കൊന്നും അനുവദിച്ചിട്ടുമില്ല. ഈ കാരണങ്ങളെല്ലാം ഉപയോക്തൃ സൌഹാര്‍ദ്ദമില്ലാത്തതും പരസ്പര ബന്ധമില്ലാത്തതുമായ പലതരം സോഫ്റ്റ്‌വെയറുകളുടെ പിറവിക്കു് വഴിയൊരുക്കി. കമ്പ്യൂട്ടര്‍വല്ക്കരണം നടത്തുവാന്‍ ശേഷിക്കുന്ന വിഷയങ്ങളുടെ ബാഹുല്യം കൂടി കണക്കിലെടുക്കുമ്പോള്‍, തുടര്‍ന്നും ഇപ്രകാരം സമഗ്രതയില്ലാതെ സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കുന്ന രീതി തുടര്‍ന്നു പോവുകയാണെങ്കില്‍, പഞ്ചായത്തുകള്‍ കൈകാര്യം ചെയ്യുന്ന ഓരോ വിഷയത്തിനും ഓരോന്നെന്ന തോതില്‍ വരാന്‍ പോകുന്ന സോഫ്റ്റ്‌വെയറുകളുടെ എണ്ണക്കൂടുതല്‍ കൊണ്ടു്, പഞ്ചായത്തു തലത്തിലും സര്‍ക്കാര്‍ തലത്തിലുമുള്ള കേന്ദ്രീകൃതമായ മേല്‍നോട്ടവും കൈകാര്യവും വിഷമകരമാകുന്ന അവസ്ഥയിലേക്കു് ഭാവിയില്‍ എത്തിപ്പെടുമെന്നതിനു് സംശയമില്ല.

സാങ്കേതിക മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ക്കനുസരിച്ചു് സ്വയം അപ്ഡേറ്റ് ചെയ്യാന്‍ ഐ കെ എം ശ്രമിച്ചില്ല. അതിനാല്‍ത്തന്നെ പഴയതും കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നതുമായ സാങ്കേതിക വിദ്യകളിലും ആശയങ്ങളിലും ഐ കെ എം തളച്ചിടപ്പെടുകയും, തത്ഫലമായി പഞ്ചായത്തുകള്‍ക്കും പഞ്ചായത്തു് വകുപ്പിനും സാങ്കേതികവിദ്യയുടെ കാര്യത്തില്‍ കാലത്തിനൊപ്പിച്ചു് മുന്നോട്ടു് നീങ്ങാന്‍ സാധിക്കാതെ വരികയും ചെയ്തു. ഈ പോരായ്മകള്‍ ഐ കെ എമ്മില്‍ നിന്നു് പുറത്തു വന്നു കൊണ്ടിരുന്ന സോഫ്റ്റ്‌വെയറുകളുടെ നിലവാരം ശരാശരിയിലും ഇടിഞ്ഞു താഴാനും, ഐ കെ എമ്മില്‍ നിന്നും പഞ്ചായത്തുകളിലെയും വകുപ്പിലെയും ജീവനക്കാരെ മാനസികമായി അകറ്റാനും ഒരു പരിധി വരെ ഇടയാക്കി. നാളിതുവരെ മലയാളത്തില്‍ കൈകാര്യം ചെയ്തുവന്നിരുന്ന അക്കൌണ്ടിങ്, ഐ കെ എമ്മിന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയറായ സാംഖ്യ സ്ഥാപിച്ചു കഴിയുന്നതോടെ പൂര്‍ണ്ണമായും ഇംഗ്ലീഷിലായി മാറുന്നതു കാണാം. പ്രസ്തുത സോഫ്റ്റ്‌വെയറിന്റെ സമ്പര്‍ക്കമുഖവും പൂര്‍ണ്ണമായും ഇംഗ്ലീഷിലാണു്. ഫ്രണ്ട് ഓഫീസില്‍ രേഖകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സൂചികയിലും ഇതു തന്നെ അവസ്ഥ. കമ്പ്യൂട്ടറുകളില്‍ മലയാളത്തില്‍ത്തന്നെ വേണ്ട വിധത്തില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ തക്കവണ്ണം സാങ്കേതിക വിദ്യ വളര്‍ന്നിട്ടുള്ള ഇന്നത്തെ കാലത്തും, ഭരണഭാഷ മലയാളമാക്കാനും മലയാളം കമ്പ്യൂട്ടിങ്ങിനു വേണ്ടിയും പ്രത്യേക നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചു വരുന്ന സാഹചര്യത്തിലും നടക്കുന്ന, കൊളോണിയല്‍ കാലഘട്ടത്തിലേക്കുള്ള ഈ തിരിച്ചുപോക്കിനു് യാതൊരു ന്യായീകരണവുമില്ല. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു് കുത്തക സോഫ്റ്റ്‌വെയറുകളുണ്ടാക്കി സോഴ്സ് കോഡ് രഹസ്യമാക്കി വച്ചിരിക്കുന്ന ഐ കെ എമ്മിന്റെ രീതി, വര്‍ത്തമാന കാലത്തെ അംഗീകൃത വിശ്വാസപ്രമാണങ്ങള്‍ പ്രകാരം ധാര്‍മ്മികമായി ശരിയല്ല. ഈ പോരായ്മകളെല്ലാം പരിഹരിക്കേണ്ടതുണ്ടു്.

സാങ്കേതിക തലത്തിലുള്ള വിപുലമായ ചര്‍ച്ചകള്‍ക്കു ശേഷം കേന്ദ്രീകൃത സമഗ്ര സോഫ്റ്റ്‌വെയറിനു വേണ്ടിയുള്ള മാനകങ്ങളും (standards) പൊതുനയങ്ങളും കാലതാമസം കൂടാതെ രൂപീകരിക്കേണ്ടതാണു്. നിലവില്‍ സി-ഡിറ്റ്, കെല്‍ട്രോണ്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ അതതു് മേഖലകളില്‍ കഴിവു് തെളിയിച്ച സ്ഥാപനങ്ങളെയും കമ്പനികളെയും എംപാനല്‍ ചെയ്തു് പ്രവൃത്തികള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഔട്ട്സോഴ്സ് ചെയ്തു് ഏല്പിച്ചു് പൂര്‍ത്തീകരിച്ചെടുക്കുക പതിവുണ്ടു്. സമഗ്ര സോഫ്റ്റ്‌വെയറിന്റെ മാനകങ്ങളും പൊതുനയങ്ങളും രൂപീകരിച്ച ശേഷം ഐ കെ എമ്മിനും ഈ മാതൃക അവലംബിക്കാവുന്നതാണു്. ഓപ്പണ്‍ ഇ ആര്‍ പി, സ്വതന്ത്ര ജി ഐ എസ്, ദ്രുപല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയും സ്ഥാപനങ്ങളെയും എംപാനല്‍ ചെയ്തു് സമഗ്ര സോഫ്റ്റ്‌വെയറിന്റെ വിവിധ ഭാഗങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനായി ഏല്‍പ്പിക്കാവുന്നതാണു്. ഐ കെ എമ്മില്‍ ഇപ്പോഴുള്ള ഡൊമെയിന്‍ കണ്‍സള്‍ട്ടന്റുമാരുടെ സേവനം, പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഭാഗങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന സമയത്തു് പ്രവൃത്തി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ക്കു് ലഭ്യമാക്കാന്‍ ഏര്‍പ്പാടാക്കാവുന്നതാണു്. പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഭാഗങ്ങളുടെ തുടര്‍ന്നുള്ള മെയിന്റനന്‍സ് ചുമതല, ബന്ധപ്പെട്ട ഭാഗം വികസിപ്പിച്ചെടുത്ത സ്ഥാപനത്തില്‍ നിന്നും സാങ്കേതിക പരിശീലനം നേടിക്കൊണ്ടു് ഐ കെ എമ്മിനു് ഏറ്റെടുക്കാവുന്നതാണു്. ഇതു് ഐ കെ എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ നിലവാരം കൊണ്ടു വരാനും സമയം ലാഭിക്കുവാനും സഹായിക്കും.

ഐ കെ എമ്മും, ഐ കെ എമ്മിലെ സാങ്കേതിക വിഭാഗം ജീവനക്കാരും സമയബന്ധിതമായിത്തന്നെ ഗ്നു/ലിനക്സിലും മേല്‍ പ്രസ്താവിച്ച ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലും അവ വികസിപ്പിച്ചെടുക്കാനുപയോഗിച്ച പൈത്തണ്‍ മുതലായ പ്രോഗ്രാമിങ് ഭാഷകളിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാതൃകയിലുള്ള സോഫ്റ്റ്‌വെയര്‍ വികസന രീതികളിലും പ്രാവീണ്യം നേടേണ്ടതാണു്. ഐ കെ എം ഇനി റിക്രൂട്ട് ചെയ്യുന്ന സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കു് മേല്പറഞ്ഞ സോഫ്റ്റ്‌വെയറുകളിലും പ്രോഗ്രാമിങ് ഭാഷകളിലും പ്രാവീണ്യമുണ്ടായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണു്. ഇനി പുതുതായുള്ള സോഫ്റ്റ്‌വെയര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്ന ആശയപ്രകാരമുള്ള കേന്ദ്രീകൃത സമഗ്ര സോഫ്റ്റ്‌വെയറില്‍ മാത്രമാക്കി പരിമിതപ്പെടുത്തേണ്ടതാണു്. ഐ കെ എമ്മിന്റെ നിലവിലുള്ള സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ത്തന്നെ സമഗ്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തിനു് വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും തുടരുകയും ചെയ്യാവുന്നതാണു്. ഐ കെ എമ്മിന്റെ ഇപ്പോഴത്തെ സോഫ്റ്റ്‌വെയറുകളുടെ പ്രവര്‍ത്തനരീതികളും അവയിലൂടെ നാളിതു വരെ ശേഖരിച്ച വിവരങ്ങളും അവശ്യം വേണ്ടുന്ന പരിഷ്കരണങ്ങളോടെ സമയബന്ധിതമായി ഈ കേന്ദ്രീകൃത സമഗ്ര സോഫ്റ്റ്‌വെയറിലേക്കു് പൂര്‍ണ്ണമായും പകര്‍ത്തിക്കഴിയുമ്പോള്‍ ഇപ്പോഴത്തെ സോഫ്റ്റ്‌വെയറുകള്‍ ഉപേക്ഷിക്കാവുന്നതും, സമഗ്ര സോഫ്റ്റ്‌വെയറിലേക്കു് പൂര്‍ണ്ണമായും മാറാവുന്നതുമാണു്. തുടര്‍ന്നുള്ള സോഫ്റ്റ്‌വെയര്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഈ സമഗ്ര സോഫ്റ്റ്‌വെയറില്‍ മാത്രം നടത്തിയാല്‍ മതിയാകുന്നതാണു്. ഇതു് പ്രവര്‍ത്തന സൌകര്യം കൂട്ടും. പഞ്ചായത്തുകളിലെയും വകുപ്പിലെയും താല്പര്യവും കഴിവുമുള്ള ജീവനക്കാരെക്കൂടി സമഗ്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ (സോഫ്റ്റ്‌വെയറിന്റെ പ്രാദേശികവല്ക്കരണത്തില്‍ പ്രത്യേകിച്ചും) പങ്കാളികളാക്കാവുന്നതാണു്. ഐ കെ എം ഈ വിഷയങ്ങളില്‍ നേതൃപരമായ പങ്കു് വഹിക്കണം. ഇതിനായുള്ള ക്രിയാത്മക നടപടികള്‍ തുടങ്ങുകയും തുടരുകയും വേണം.

മേല്‍ വിവരങ്ങള്‍ ഉചിത നടപടികള്‍ക്കായി.

(ഒപ്പു്)

ജയ്സെന്‍ നെടുമ്പാല
ജൂനിയര്‍ സൂപ്രണ്ടു്,
കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തു് കാര്യാലയം.

ഈ റിപ്പോര്‍ട്ടിന്റെ പി.ഡി.എഫ് പതിപ്പു് ഇവിടെ

മുമ്പത്തെ റിപ്പോര്‍ട്ടിന്റെ പി ഡി എഫ് പതിപ്പു് ഇവിടെ

പഞ്ചായത്തു കമ്പ്യൂട്ടറും യൂണിക്കോഡ് മലയാളവും

1. കുറ്റസമ്മതവും മുന്‍കൂര്‍ജാമ്യവും

ഇതു് പഞ്ചായത്താപ്പീസ്സുകളിലെയും പഞ്ചായത്തു വകുപ്പിലെയും എന്റെ സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി, ഞങ്ങളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ഉപയോഗിക്കുന്നതിലേക്കു വേണ്ടി മാത്രം തയ്യാറാക്കിയ സഹായകക്കുറിപ്പാണു്. പ്രായോഗികമായി ഇത്തരം കാര്യങ്ങള്‍ എങ്ങനെ ചെയ്യാം എന്നു വിവരിക്കുക മാത്രമാണു് ഉദ്ദേശ്യം. അവരവരുടെ സ്വന്തം ഉത്തരവാദിത്തത്തിലേ ഈ രേഖ മറ്റെന്തെങ്കിലും ആവശ്യത്തിനു് ഉപയോഗിക്കാവൂ. യൂണിക്കോഡ് മലയാളത്തില്‍ തന്നെ ഡാറ്റാ എന്‍ട്രി നടത്തേണ്ട അവസ്ഥ പഞ്ചായത്താപ്പീസ്സുകളില്‍ ഉണ്ടായിട്ടു പോലും പുതുതായി സര്‍വ്വീസിലേക്കു വരുന്നവര്‍ക്കുള്ള മലയാളം ടൈപ്പിങ് പരിശീലനം ഇതുവരെ കാലഹരണപ്പെട്ട ഐ എസ് എമ്മില്‍ നിന്നു് യൂണിക്കോഡിലേക്കു് മാറിയിട്ടില്ല. പലര്‍ക്കും അവരവര്‍ ഐ എസ് എമ്മില്‍ ഉപയോഗിച്ചു് ശീലിച്ചു വന്ന മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ (ഇന്‍സ്ക്രിപ്റ്റും റെമിങ്ടണും) എങ്ങനെ യൂണിക്കോഡ് മലയാളത്തിനു വേണ്ടി സ്വന്തം കമ്പ്യൂട്ടറില്‍ ഇണക്കിച്ചേര്‍ക്കാമെന്നറിയില്ല, അതു സാധിക്കുമോ എന്നറിയില്ല, ഐ എസ് എമ്മിലെ മലയാളവും യൂണിക്കോഡ് മലയാളവും തമ്മിലുള്ള വ്യത്യാസമെന്താണെന്നറിയില്ല. പലരും യൂണിക്കോഡ് മലയാളം കിട്ടാന്‍ വേണ്ടി തങ്ങള്‍ക്കു് പരിചയമില്ലാത്ത കീബോര്‍ഡ് ലേയൌട്ടുകളും സംവിധാനങ്ങളും ഉപയോഗിച്ചു് കഷ്ടപ്പെടുന്നു. അവരെ സഹായിക്കാന്‍ വേണ്ടിയാണു് ഈ കുറിപ്പു്. മറ്റു മേഖലകളില്‍ നിന്നുള്ളവര്‍ അവരവരുടെ സാഹചര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി, ഇണങ്ങുമെന്നുണ്ടെങ്കില്‍ മാത്രമേ ഇതിലെ നിര്‍ദ്ദേശങ്ങള്‍ കൈക്കൊള്ളാവൂ. എനിക്കു മുമ്പേ പലരും പല രീതിയില്‍ പലയിടങ്ങളിലായി വിവരിച്ചിട്ടുള്ള കാര്യം തന്നെയാണിതു്. ഈ കുറിപ്പു് ആധികാരികമല്ല, ആധികാരിക വിവരം തന്നെ വേണമെന്നുള്ളവര്‍ക്കു് ബന്ധപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ അസ്സല്‍ രേഖകള്‍ വായിച്ചു മനസ്സിലാക്കാവുന്നതാണു്.

 2. മുന്നുര

പഞ്ചായത്തു കിണറും പഞ്ചായത്തു റോഡും പഞ്ചായത്തു പൈപ്പും ഒക്കെ കാലങ്ങളായി വാമൊഴിയിലും വരമൊഴിയിലും അച്ചടിയിലും ഉണ്ടെങ്കിലും, പഞ്ചായത്തു കമ്പ്യൂട്ടര്‍ എന്നൊന്നുണ്ടെന്നു് ആദ്യമായി കണ്ടുപിടിച്ചയാള്‍ ഞാനാകുന്നു. ഈ പദപ്രയോഗം ഒരു രേഖയില്‍ ആദ്യമായി പ്രയോഗിച്ചതിനു് എനിക്കു് പ്രത്യേകമായി ഒരവാര്‍ഡു തരേണ്ടതാണെന്ന എന്റെ അവകാശവാദത്തെ പിന്താങ്ങുന്നവര്‍ മാത്രമേ, ഇനി താഴോട്ടുള്ള ഭാഗങ്ങള്‍ വായിക്കുമ്പോഴുണ്ടായേക്കാവുന്ന സംശയങ്ങള്‍ എന്നോടന്വേഷിക്കാവൂ. എന്നെ പിന്താങ്ങാത്തവരും ഇതു വായിക്കുന്നതിന്നു് ഇവിടെ ഒരു വിരോധവുമില്ല. പക്ഷേ, അങ്ങനെയുള്ളവര്‍ എന്നെ വിളിച്ചു സംശയങ്ങളൊന്നും തന്നെ ചോദിക്കരുതേ… ഇനി അഥവാ അങ്ങനെത്തെ ആര്‍ക്കെങ്കിലും എന്നോടു് ഇക്കാര്യങ്ങളില്‍ എന്തെങ്കിലും ചോദിക്കണമെന്നു തോന്നിയാലോ? ഞാന്‍ ഒരക്ഷരം മുണ്ടൂല്ല, അത്ര തന്നെ. ഹോ… നിങ്ങളൊക്കെ വല്യ വല്യ ആളുകള്‍.. നമ്മള്‍ പാവങ്ങള്‍.. ജീവിച്ചു പോയ്ക്കോട്ടെ…

3. ചില പ്രശ്നങ്ങള്‍ – കമ്പ്യൂട്ടര്‍-മലയാളം രേഖകളില്‍

നമ്മള്‍ പഞ്ചായത്താപ്പീസ്സുകളിലും പഞ്ചായത്തു വകുപ്പിലെ ജീവനക്കാര്‍ ജോലി ചെയ്യുന്ന മറ്റു് ആപ്പീസ്സുകളിലും ആശയവിനിമയത്തിനു് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇ-മെയിലും സര്‍വ്വസാധാരണമായി ഉപയോഗിച്ചു തുടങ്ങിയിട്ടു് കാലം കുറച്ചായി. പ്രതിവര്‍ഷം ശരാശരി 20,000 മുതല്‍ 25,000 വരെ എണ്ണം തപാലുകള്‍ ഗ്രാമപഞ്ചായത്താപ്പീസ്സുകളില്‍ നമ്മള്‍ കൈകാര്യം ചെയ്യുന്നുണ്ടു്. അവയില്‍ റിപ്പോര്‍ട്ടുകളാവശ്യപ്പെട്ടു കൊണ്ടുള്ള മിക്ക കത്തുകളും ഇ-മെയിലിലാണു് എത്തുന്നതു്. അടിയന്തിര സ്വഭാവമുള്ള തപാലുകള്‍ മിക്കതിനും കാലവിളംബം ഒഴിവാക്കുന്നതിനു് നമ്മള്‍ മറുപടികള്‍ ഇ-മെയിലില്‍ അന്നന്നു തന്നെ അയക്കാറുമുണ്ടു്. ഇപ്രകാരം കമ്പ്യൂട്ടറുപയോഗിച്ചു് മലയാളത്തില്‍ രേഖകളും ഇ-മെയിലും ടൈപ്പു ചെയ്തെടുക്കാന്‍ സി-ഡാക്‍ തയ്യാറാക്കി കുത്തക ലൈസന്‍സോടെ വിതരണം ചെയ്യുന്ന ഐ എസ് എം ആണല്ലോ ഇപ്പോഴും ഉപയോഗിച്ചു വരുന്നതു്. കമ്പ്യൂട്ടറില്‍ രേഖകള്‍ തയ്യാറാക്കാന്‍ ഐ എസ് എം ഉപയോഗിക്കുമ്പോള്‍ അനുഭവപ്പെടുന്ന ചില പ്രശ്നങ്ങളും തകരാറുകളും നമുക്കു് നേരത്തേ തന്നെ അറിയാം. എന്റെ അനുഭവങ്ങളില്‍ നിന്നും ചിലതു്:-

  • ഐ എസ് എം ഉപയോഗിച്ചു് ഇ-മെയിലില്‍ നേരിട്ടു് മലയാളത്തില്‍ ടൈപ്പു ചെയ്യാന്‍ കഴിയില്ല. ചെറിയ സന്ദേശങ്ങള്‍ പോലും എം എസ് ഓഫീസ് ഉപയോഗിച്ചു് ടൈപ്പു ചെയ്തു് കുത്തിക്കെട്ടി (ഫയല്‍ അറ്റാച്ചുമെന്റായിട്ടു്) അയക്കേണ്ടി വരുന്നു. ഇതു് ഇന്റര്‍നെറ്റ് ട്രാഫിക്‍ അനാവശ്യമായി കൂടാന്‍ ഇടയാക്കുന്നുണ്ടു്.

ചിത്രം 1

  • വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ മാത്രമേ ഇങ്ങനെ തയ്യാറാക്കിയ രേഖകള്‍ നേരാം വണ്ണം വായിക്കാന്‍ പറ്റൂ. മറ്റു് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കു് ഈ രേഖകള്‍ വായിക്കണമെങ്കില്‍ കുറച്ചു പണിപ്പെടേണ്ടി വരും. ഒന്നാമത്തെ കാരണം, വിന്‍ഡോസിനു വേണ്ടി മാത്രമായി ഉണ്ടാക്കിയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണു് ഐ എസ് എം എന്നതു തന്നെ. ഐ എസ് എമ്മിന്റെ കൂടെ കിട്ടുന്ന ഫോണ്ടുകള്‍ സ്വതന്ത്രമോ സൌജന്യമോ അല്ലെന്നതു മറ്റൊരു കാരണമാണു്. ഐ എസ് എമ്മില്‍ ലഭ്യമായതിനേക്കാള്‍ പല മടങ്ങു് മികച്ച സാങ്കേതിക വിദ്യയും ഫോണ്ടുകളും സ്വതന്ത്രമായും സൌജന്യമായും ലഭ്യമായ മറ്റു് ആധുനിക ഓപ്പറേറ്റിങ് സിസ്റ്റങ്ങളുപയോഗിക്കുന്നവര്‍, നമ്മള്‍ തയ്യാറാക്കുന്ന രേഖകള്‍ വായിക്കുന്നതിനു വേണ്ടി മാത്രം ഐ എസ് എം വിലയ്ക്കു വാങ്ങി ഉപയോഗിക്കേണ്ടി വരികയെന്നതു് ലേശം കടന്ന കയ്യല്ലേ? വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ച രേഖകള്‍ കൂടി ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ചിത്രം 2

  • മറ്റാപ്പീസുകളില്‍ നിന്നും ഇ-മെയിലില്‍ ഇങ്ങനെ ലഭിക്കുന്ന രേഖകള്‍ തുറന്നു് വായിക്കുമ്പോള്‍ ഐ എസ് എം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമും രേഖ തയ്യാറാക്കാനുപയോഗിച്ച ഫോണ്ടും നമ്മുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ വാക്കുകള്‍ക്കു പകരം വിചിത്രമായ ചില ചിഹ്നങ്ങള്‍ മാത്രം കാണുന്നു.

ചിത്രം 3

  • ഇനി ഈ ഫോണ്ട് നമ്മുടെ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍പ്പോലും ചില സമയത്തു് ല്‍, ല്ല, ണ്ട, ന്മ തുടങ്ങിയ അക്ഷരങ്ങള്‍ക്കു പകരം ആ സ്ഥാനത്തു് ഒഴിഞ്ഞ ചതുരക്കള്ളികള്‍ കാണുന്നു.

ചിത്രം 4

  • ഈ ചതുരക്കള്ളികളുടെ സ്ഥാനത്തെ അക്ഷരങ്ങള്‍ ഏതാവുമെന്നു് സന്ദര്‍ഭവും സാരസ്യവും നോക്കി നമ്മള്‍ ഊഹിച്ചു കണ്ടുപിടിച്ചു കൊള്ളണം. ഉദാഹരണത്തിനു് നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ പേരു് ഇപ്രകാരം തയ്യാറാക്കുന്ന രേഖയില്‍ ന❑❑ എന്നു കാണുമ്പോള്‍ കോഴിക്കോടു് ജില്ലയ്ക്കു പുറത്തു നിന്നുള്ളവര്‍ക്കു് ഇതെന്താണെന്നു് മനസ്സിലാക്കുവാന്‍ പ്രയാസം. ഡി ടി പി മേഖലയില്‍ നിന്നുള്ളവരും ഈ പ്രശ്നം വേറൊരു തരത്തില്‍ പറഞ്ഞു കേട്ടിട്ടുണ്ടു്.
  • നമ്മള്‍ ഓഫീസിനു പുറത്തായിരിക്കുമ്പോള്‍, ഇ-മെയിലില്‍ വന്ന മലയാളത്തിലുള്ള അടിയന്തിര സന്ദേശം വായിക്കണമെങ്കില്‍ ആദ്യം ഐ എസ് എം ഉള്ള ഇന്റര്‍നെറ്റ് കഫേ തിരയാന്‍ പോകണം. ഐ എസ് എം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമും അതിന്റെ ഫോണ്ടുകളും എല്ലാവര്‍ക്കും സൌജന്യമായി ലഭിക്കുന്നവയല്ലാത്തതിനാല്‍ ഇത്തരം കഫേകള്‍ തിരഞ്ഞു കണ്ടെത്തുക പ്രയാസം.
  • മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി ഒരു രേഖ തയ്യാറാക്കുമ്പോള്‍ ഓരോ പ്രാവശ്യം ഭാഷ മാറുമ്പോഴും ഫോണ്ട് പ്രത്യേകമായി തിരഞ്ഞെടുത്തു മാറ്റേണ്ടി വരുന്നു. ഇതിനു സമയം സാമാന്യത്തിലും കൂടുതല്‍ വേണം. ഇങ്ങനെ തയ്യാറാക്കിയ ഒരു രേഖയിലെ ഫോണ്ടു മാറ്റണമെങ്കില്‍ ഒറ്റയടിക്കു ചെയ്യാനും പറ്റില്ല. മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ ഭാഗങ്ങള്‍ വെവ്വേറെ തിരഞ്ഞു പിടിച്ചു മാറ്റണം. കുറേയധികം പേജുകളുള്ള രേഖകളാകുമ്പോള്‍ ഇതെത്രമാത്രം ബുദ്ധിമുട്ടാണെന്നും, എത്ര സമയമെടുക്കുമെന്നും ഒരിക്കലെങ്കിലും ഇതു ചെയ്തിട്ടുള്ളവര്‍ക്കറിയാമായിരിക്കും. പഞ്ചായത്തുപജീവികളായ നമുക്കു് ഒരിക്കലും ഒന്നിനും തികയാത്ത സംഗതിയും സമയം തന്നെയല്ലേ?

ഇനി പറയാന്‍ പോവുന്നതു് അല്പം സാങ്കേതിക കാര്യങ്ങളാണു്. ഇതത്രയും വായിക്കാന്‍ സമയമില്ല, കാര്യം മാത്രം നടന്നു കിട്ടിയാല്‍ മതിയെന്നുള്ളവര്‍ നേരെ ഖണ്ഡിക 11ലേക്കു ചെന്നാല്‍ മതി. സാങ്കേതികം വായിച്ചു ബോറടിക്കണംന്നൊന്നും ഇവിടെ ആരും നിര്‍ബ്ബന്ധിക്കാന്‍ പോണില്യ.

4. എന്തു കൊണ്ടാണിത്തരം ബുദ്ധിമുട്ടുകള്‍? ഇതിന്നു പരിഹാരമില്ലേ?

ഈ പ്രയാസങ്ങളുടെ കാരണം മനസ്സിലാകണമെങ്കില്‍ കമ്പ്യൂട്ടറിന്റെ ഭാഷയെപ്പറ്റി ഒരു ലേശം വിവരം ആദ്യമേ തന്നെ നമുക്കു വേണം. പ്രശ്നം എവിടെയാണെന്നറിഞ്ഞാലല്ലേ അതിനു പരിഹാരം കാണാനും പറ്റുള്ളൂ? എന്നു കരുതി, ആകെ ബേജാറായി വിയര്‍ത്ത മൂക്കും നെറ്റിയും ടവ്വല്‍ കൊണ്ടു തുടച്ചു്, തല ചൊറിഞ്ഞു വായും പൊളിച്ചിരിക്ക്യൊന്നും വേണ്ട കേട്ടോ. റോക്കറ്റുണ്ടാക്കി പറപ്പിക്കാനുള്ള വിവരമൊന്നും ഇതിനു വേണ്ട. ഒരു കാക്കത്തൊള്ളായിരം പ്രശ്നങ്ങള്‍ പഞ്ചായത്താപ്പീസ്സുകളിലിരുന്നു നമ്മള്‍ കൂളായി കൈകാര്യം ചെയ്തു സോള്‍വാക്കി വിടുന്നില്ലേ? (ചിലപ്പോഴൊക്കെ നമ്മള്‍ വെട്ടിലായിപ്പോവാറുണ്ടെന്നതും വിസ്മരിക്കുന്നില്ല.) സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ പദ്ധതിച്ചെലവു നൂറു ശതമാനമാക്കാന്‍ പകുതി പ്രാന്തു പിടിച്ച അവസ്ഥയില്‍ പെടാപ്പാടു പെടുമ്പോള്‍ത്തന്നെ, ഓര്‍ക്കാപ്പുറത്തു വന്നു പെടുന്ന, തുമ്പും വാലും ഉദ്ദേശ്യവുമൊന്നും ഒറ്റ വായനയില്‍ ഉരുത്തിരിഞ്ഞു കിട്ടാത്ത ഉത്തരവുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആ നേരമില്ലാത്ത നേരത്തു പോലും, വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും വായിച്ചു മനസ്സിലാക്കി, കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ആ നിര്‍ദ്ദേശങ്ങളനുസരിച്ചു തന്നെ കാര്യം നമ്മള്‍ നടത്തിയെടുത്തിട്ടില്ലേ? കുഴപ്പം പിടിച്ച പല ഓഡിറ്റു പരാമര്‍ശങ്ങള്‍ക്കും മറുപടി കൊടുത്തു് ഊരിപ്പോരുന്നതില്‍ നമ്മളില്‍ പലരും കാണിക്കാറുള്ള കൈത്തഴക്കത്തിനും മെയ്‌വഴക്കത്തിനും മുന്നില്‍ സാക്ഷാല്‍ മയിലെണ്ണ പോലും കുമ്പിട്ടു തൊഴുതു പോവാറില്ലേ? അങ്ങനെയൊക്കെ കിട്ടിയ ഗിഡ്നിയും ഗുസ്തിയുമൊക്കെത്തന്നെ ഇതിനു റൊമ്പ ജാസ്തി.

5. കമ്പ്യൂട്ടറിന്റെ ഭാഷ

ഇനി കാര്യത്തിലേക്കു കടക്കാം. കമ്പ്യൂട്ടറില്ലാതെയാണെങ്കില്‍, സാധാരണ ഗതിയില്‍ കുറേ സമയമെടുത്തു ബുദ്ധിമുട്ടി ചെയ്യേണ്ടി വരുന്നതും, എന്നാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു് എളുപ്പത്തിലും നിസ്സാരമായും ചെയ്യാന്‍ പറ്റുന്നതുമായ ഒരു 1729 കാര്യങ്ങള്‍ നമുക്കു് ഓര്‍ത്തെടുത്തെണ്ണിയെണ്ണിപ്പറയാമെങ്കിലും, ഈ മഹാബുദ്ധിമാനു യഥാര്‍ത്ഥത്തില്‍ 0, 1 എന്നീ രണ്ടു സംഗതികള്‍ മാത്രമേ അറിഞ്ഞു കൂടൂ. അതേന്നേ, ശരിക്കും കാര്യായിട്ടു തന്നെ പറഞ്ഞതാ. എന്റെ തലയ്ക്കു വയ്ക്കാന്‍ ആരും നെല്ലിക്കയൊന്നും കൊണ്ടു വരണംന്നില്യ. വിവരമുള്ളവര്‍ ബൈനറി സമ്പ്രദായം എന്നൊക്കെ ഈ സംഗതിക്കു പേരു പറയുന്നതു കേട്ടിട്ടുണ്ടു്.

6. ആസ്കീ – ASCII ( American Standard Code for Information Interchange)

അപ്പോ, ഈ രണ്ടെണ്ണം മാത്രം ഉപയോഗിച്ചെങ്ങന്യാ സാധാരണ നമ്മള്‍ കമ്പ്യൂട്ടറിലൊക്കെ കാണുന്നതു പോലെത്തെ വിവരങ്ങള്‍ കൈകാര്യം ചെയ്യുക? അദ്ദാണു് സൂത്രം. ഒരു പട്ടികയുണ്ടാക്കി അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും ഓരോ സ്ഥാനസംഖ്യ കൊടുക്കുന്നു. ഈ പട്ടികയ്ക്കു് ആസ്കീ പട്ടിക എന്നു് പേരു പറയാം. ടാസ്കി അല്ല കേട്ടോ 😉 ഒരുദാഹരണം പറഞ്ഞാല്‍, നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ‘1’ എന്ന അക്കത്തിനു് ആസ്കീ പട്ടികയില്‍ നല്‍കിയ സ്ഥാനം 49 ആണു്. ഇംഗ്ലീഷ് ചെറിയക്ഷരം ‘a’ ആസ്കീ പട്ടികയില്‍ 97എന്ന സ്ഥാനത്താണു്.

ഏഴു ബിറ്റുകളുപയോഗിച്ചായിരുന്നു ആദ്യകാലത്തൊക്കെ ഇതു ചെയ്തിരുന്നതു്. ആഹ്? അതെന്താണപ്പാ ‘ബിറ്റ്‘ എന്നാവും ഇപ്പോഴത്തെ ചോദ്യം. സാരല്യ. അതും നമ്മള്‍ കുത്തിയിരുന്നു പഠിച്ചു കാണാപ്പാഠമാക്കി വച്ചിട്ടുണ്ടേ. 0, 1 എന്നീ രണ്ടെണ്ണം മാത്രമേ കമ്പ്യൂട്ടറിനറിയുള്ളൂ എന്നു നേരത്തേ പറഞ്ഞല്ലോ. 0 എന്നു വച്ചാല്‍ ചാര്‍ജ്ജില്ലാത്ത അവസ്ഥയും, 1 എന്നു വച്ചാല്‍ ചാര്‍ജ്ജുള്ള അവസ്ഥയും എന്നു വെറുതേ അങ്ങടു സങ്കല്‍പ്പിക്ക്യ. ഈ പൂജ്യമോ ഒന്നോ സൂക്ഷിക്കാനുള്ള ഇടമാണു് ഒരു ബിറ്റ്. ഒരു ബിറ്റില്‍ ഇതിലേതെങ്കിലും ഒന്നേ ഒരു സമയത്തു സൂക്ഷിക്കാനാവൂ. ഏഴു ബിറ്റുകളുപയോഗിച്ചു് 128 അക്ഷരങ്ങളെ (സംഖ്യകളടക്കം) നമുക്കു പ്രതിനിധാനം ചെയ്യാം. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഓരോ അക്ഷരത്തിനും 8 ബിറ്റ് (ഒരു ബൈറ്റ്) ഉപയോഗിച്ചു തുടങ്ങി. അപ്പോള്‍ 256 അക്ഷരങ്ങള്‍ ഈ പട്ടികയില്‍ ചേര്‍ക്കാമെന്നായി.

ഉദാഹരണം: a = 97 (ദശാംശം) അല്ലെങ്കില്‍ 110 0001 (ബൈനറി)

1 = 49 (ദശാംശം) അല്ലെങ്കില്‍ 011 0001 (ബൈനറി)

കമ്പ്യൂട്ടര്‍ യന്ത്രം കണ്ടുപിടിച്ചു് ആദ്യമായി ഉപയോഗിച്ചു തുടങ്ങിയതു് അമേരിക്കയിലും യൂറോപ്പിലുമൊക്കെയായിരുന്നതിനാല്‍ അവിടങ്ങളിലെ ഭാഷകളുടെ ലിപി സമ്പ്രദായമായ ലത്തീന്‍ ലിപി മാത്രമേ ഇതില്‍ പരിഗണിച്ചിരുന്നുള്ളൂ. ആസ്കീ ഉപയോഗിച്ച് 256 അക്ഷരങ്ങള്‍ മാത്രമേ ശേഖരിക്കാനാവുകയുള്ളൂ എന്നതു കൊണ്ടു്, വ്യത്യസ്തമായ രണ്ടു ഭാഷകളിലെ അക്ഷരങ്ങളും അക്കങ്ങളും മാത്രം ഇതില്‍ ഉള്‍ക്കൊള്ളിക്കാം. കൂടുതല്‍ ഭാഷകള്‍ ചേര്‍ക്കാന്‍ ഇതില്‍ സ്ഥലമില്ല. മറ്റു ഭാഷകളുടെ ലിപികളൊന്നും തന്നെ ഇതു കൊണ്ടു പ്രതിനിധാനം ചെയ്യാനും പറ്റില്ല. ഇതില്‍ ആദ്യത്തെ 128 കോഡുകള്‍ ഇംഗ്ലീഷിനും ബാക്കി വരുന്ന 128 സ്ഥാനങ്ങള്‍ മറ്റേതെങ്കിലും ഭാഷയ്ക്കും ഉപയോഗിക്കാം. ഇങ്ങനെയൊരു ചട്ടക്കൂടാണു് ആസ്കീ ഉണ്ടാക്കിയതു്. കമ്പ്യൂട്ടറുകള്‍ ലോകം മുഴുവന്‍ വ്യാപകമായപ്പോള്‍, ഏതെങ്കിലും രണ്ടു ഭാഷകള്‍ എന്ന നിലയില്‍ നിന്നും ഒരുപാടു ഭാഷകള്‍ കൈകാര്യം ചെയ്യേണ്ടുന്ന നിലയിലേക്കു് കമ്പ്യൂട്ടറുകള്‍ എത്തിപ്പെട്ടു.

7. ഫോണ്ട് എന്‍കോഡിങ്ങ്

ആസ്കീയുടെ പ്രതാപ കാലത്തു് നമ്മുടെ ഇന്ത്യന്‍ ഭാഷകള്‍ കമ്പ്യൂട്ടര്‍ കൊണ്ടു കൈകാര്യം ചെയ്യിക്കുന്നതിനായി നമ്മളുപയോഗിച്ച കുറുക്കുവഴി, ഫോണ്ട് എന്‍കോഡിങ്ങ് എന്ന സൂത്രവിദ്യയാണു്. ഭാരതീയ ഭാഷകളില്‍ അക്ഷരങ്ങള്‍ രേഖപ്പെടുത്താന്‍ ISCII ( Indian Standard Code for Information Interchange ) എന്നൊരു കോഡ് ഉണ്ടാക്കിയിട്ടുണ്ടു്. സി-ഡാക്കിന്റെ ഐ എസ് എമ്മിലും ഇതു തന്നെ പരിപാടി. ആസ്കീ ഫോണ്ടുകളില്‍ ലത്തീന്‍ അക്ഷരങ്ങളുടെ സ്ഥാനത്തു് മലയാളം അക്ഷരങ്ങള്‍ വച്ചു. എന്നു വച്ചാല്‍, അക്ഷരങ്ങള്‍ ശേഖരിക്കുന്നതു ലത്തീനിലും പ്രദര്‍ശിപ്പിക്കുമ്പോള്‍ മലയാളത്തിലും. കീബോര്‍ഡില്‍ നിന്നു വരുന്ന സന്ദേശങ്ങളെ മലയാളം അക്ഷരങ്ങളായി തിരിച്ചറിയുകയും അതനുസരിച്ചു മോണിട്ടറില്‍ പ്രദര്‍ശിപ്പിക്കുകയും അച്ചടിക്കുകയും മാത്രമാണു് ഇത്തരം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ചെയ്യുന്നതു്.

8. ഈ രീതി കൊണ്ടുണ്ടായ പ്രശ്നങ്ങള്‍

അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമടക്കം 900 ത്തിലധികം ഗ്ലിഫുകളുള്ള മലയാളം ഒരു ആസ്കീ ഫോണ്ടിലൊതുക്കാനാവില്ല. മലയാളത്തിലെ ആദ്യത്തെ തനതു ലിപി ഫോണ്ടായ രചന 6 ആസ്കീ ഫോണ്ടുകളുപയോഗിച്ചാണു് എല്ലാ കൂട്ടക്ഷരങ്ങളും കാണിച്ചിരുന്നതു്. ഐ എസ് എം ഫോണ്ടുകളില്‍ത്തന്നെ അക്ഷരങ്ങള്‍ ഇന്നയിന്ന സ്ഥാനത്തു് എന്ന മാപ്പിങ്ങിനു് ഐകരൂപ്യമില്ല.

ചിത്രം 5

അതുകൊണ്ടു തന്നെ വിവരങ്ങള്‍‌ക്കൊപ്പം ഫോണ്ടും കൂടി കൈമാറേണ്ട അവസ്ഥയുണ്ടാവുന്നു. അല്ലെങ്കില്‍ രേഖ അയക്കുന്നിടത്തെന്ന പോലെ അയച്ചു കിട്ടേണ്ടിടത്തും ഐ എസ് എം ഉണ്ടായിരിക്കണം. ഇങ്ങനെയൊക്കെ ആണെങ്കില്‍ത്തന്നെയും കമ്പ്യൂട്ടര്‍ ഇതു് മലയാളത്തിലുള്ള ഒരു രേഖയായല്ല സൂക്ഷിച്ചു വച്ചിരിക്കുന്നതു്, ലത്തീന്‍ ലിപിയിലുള്ള ഫയലായിട്ടാണു്. ഒരു ടെക്‍സ്റ്റു ഫയലില്‍ ഇംഗ്ലീഷും മലയാളവും കൂടി ഉള്‍ക്കൊള്ളിക്കാനും പറ്റില്ല. അതുകൊണ്ടൊക്കെത്തന്നെ രേഖയിലെ വാക്കുകള്‍ തിരയുക, തരം തിരിക്കുക, അക്ഷരമാലാക്രമത്തിലാക്കുക, അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുക, ഇന്‍ഡെക്സു ചെയ്യുക, പര്യായ നിഘണ്ടു ഉപയോഗിക്കുക തുടങ്ങി പല കാര്യങ്ങളും ചെയ്യാന്‍ ഏകീകൃതമായ ഒരു രീതി സാദ്ധ്യമായില്ല.

9. പ്രശ്നപരിഹാരം വരുന്നു

ആസ്കീയെക്കാള്‍ വിപുലമായ യൂണിക്കോഡ് (Unicode) പിന്നീട് നിലവില്‍ വന്നു. ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്ക്കാരത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമാണു യൂണിക്കോഡ്. ഇതു വന്നതോടെ പ്രശ്നപരിഹാരമായി. ഇതില്‍ ലോകത്തില്‍ ഇന്നുള്ള മിക്ക ഭാഷകളിലെയും അക്ഷരരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടു്. 2010 ഒക്ടോബറിലിറങ്ങിയ യൂണിക്കോഡിന്റെ 6.0 പതിപ്പില്‍ 109,449 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പട്ടികയാണുള്ളതു്. ഓരോ ഭാഷയ്ക്കും പട്ടികയില്‍ അതിന്റേതായ സ്ഥാനം നല്കിയിരിക്കുന്നു. ഇതിലെ ആദ്യത്തെ 256 അക്ഷരങ്ങള്‍ ആസ്കീയുടേതു തന്നെയാണു്.

ഈ പട്ടികയില്‍ 3328 മുതല്‍ 3455 വരെയാണു് ( അഥവാ 0D00 – 0D7F) മലയാളത്തിന്റെ സ്ഥാനം. ഇംഗ്ലീഷ് അറിയാവുന്നവര്‍ക്കു മാത്രമേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന ധാരണ തിരുത്താന്‍ യൂണിക്കോഡ് സഹായകമായി. ഒന്നിലധികം ഭാഷകള്‍ ഒരേ ടെക്‍സ്റ്റു ഫയലില്‍ സൂക്ഷിയ്ക്കാം എന്നായി. അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുക, വാക്കുകളും ഖണ്ഡികകളും അക്ഷരമാലാ ക്രമത്തിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏകീകൃത രൂപത്തില്‍ ഏതു ഭാഷയിലും ചെയ്യാന്‍ സാധിക്കണമെങ്കില്‍ യൂണിക്കോഡിന്റെ സഹായം ആവശ്യമാണു്. ഇപ്പോള്‍ മിക്ക ആധുനിക ഓപ്പറേറ്റിങ് സിസ്റ്റങ്ങളും സാങ്കേതികവിദ്യകളും യൂണികോഡിനെ പിന്തുണയ്ക്കുന്നുമുണ്ടു്. ഏതു പ്രാദേശികഭാഷയിലും ഇന്നു് കമ്പ്യൂട്ടിങ് സാധ്യമായി വരികയാണു്. ലോകത്തെവിടെയുമുള്ള കമ്പ്യൂട്ടറുകളില്‍ മലയാളം മാത്രമല്ല ഏതു ഭാഷയും വിളിപ്പുറത്തെത്തും എന്നതാണു് ഇതിന്റെ പ്രത്യേകത. ഇതു പ്രാദേശിക ഭാഷകള്‍ക്കനുഗുണമായ കാര്യമാണെന്നതു കൊണ്ടു തന്നെ, കമ്പ്യൂട്ടറുകളിലൂടെയുള്ള മലയാളം വ്യാപനത്തിനു് ആക്കം കൂടുകയും ചെയ്യും. മലയാളത്തെ മലയാളമായിത്തന്നെ കമ്പ്യൂട്ടര്‍ മനസ്സിലാക്കുന്നു എന്നതിനാല്‍ യൂണിക്കോഡ് സംവിധാനം വന്നതോടെ മലയാളം കമ്പ്യൂട്ടിങിനു് ശക്തി കൈവന്നിട്ടുണ്ടു്. ഏതെങ്കിലുമൊരു മലയാളം യൂണികോഡ് ഫോണ്ട് കമ്പ്യൂട്ടറിലുണ്ടായിരുന്നാല്‍ മതി. ഏതു് അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറിലും മലയാളം ഉപയോഗിക്കാനും, മലയാളത്തില്‍ ടൈപ്പു ചെയ്ത വാക്കുകളും വാചകങ്ങളും ഒരു അപ്ലിക്കേഷനില്‍ നിന്നു പകര്‍ത്തി മറ്റൊന്നില്‍ പതിപ്പിക്കാനും, മലയാളത്തില്‍ ഇ-മെയില്‍ അയക്കാനും ഒക്കെ കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്നു് ഇംഗ്ലീഷില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇപ്പോള്‍ മലയാളത്തിലും ചെയ്യാം. മലയാളത്തിന്റെ തനതു ലിപിയും വെട്ടിച്ചുരുക്കിയ ലിപിയും തമ്മിലുള്ള വ്യത്യാസം ഇതോടെ ഇല്ലാതായിട്ടുണ്ടു്. ഏതു ലിപിയിലുള്ള ഫോണ്ടാണോ കമ്പ്യൂട്ടറിലുള്ളതു്, ആ ലിപിയില്‍ വിവരങ്ങള്‍ കാണാം.

പക്ഷേ 3328 മുതല്‍3455 വരെയുള്ള സ്ഥാനത്ത് 128 സ്ഥാനങ്ങളല്ലേയുള്ളൂ? അതിലെങ്ങനെയാ 900 ത്തിലധികമുള്ള കൂട്ടക്ഷരങ്ങള്‍ വയ്ക്കുന്നെ? അതിനാണു് ഓപ്പണ്‍ടൈപ്പ് ഫോണ്ട് സാങ്കേതികവിദ്യ എന്ന സംഗതി. അക്ഷരങ്ങളുടെ ശ്രേണിയ്ക്കു പകരമായി ഒറ്റ കൂട്ടക്ഷരം മാറ്റി വയ്ക്കാമെന്നായി. ഉദാഹരണത്തിനു്,

പ, ചന്ദ്രക്കല അഥവാ സംവൃതോകാരം (്), ര എന്നിവ തുടര്‍ച്ചയായി വന്നാല്‍ അതു് പ്ര എന്നാക്കി കാണിയ്ക്കുന്നു.

ഇതു് ഫോണ്ടില്‍ ചെയ്യുന്ന സൂത്രവിദ്യയാണു്. യൂണികോഡിനൊപ്പം ഈ സാങ്കേതികവിദ്യ കൂടി ചേര്‍ന്നപ്പോള്‍ മലയാളത്തിലുള്ള മുഴുവന്‍ കൂട്ടക്ഷരങ്ങളേയും കാണിയ്ക്കാമെന്നു വന്നു.

10. യൂണിക്കോഡിന്റെ സാദ്ധ്യതകളും മെച്ചങ്ങളും

മിക്ക മലയാള ദിനപത്രങ്ങള്‍ക്കും ഇന്നു് ഓണ്‍ലൈന്‍ എഡിഷനുണ്ടെന്നതു് നമുക്കറിയാം. മാതൃഭൂമി, മംഗളം എന്നിവ ഉദാഹരണം. ഇവയൊക്കെ യൂണിക്കോഡധിഷ്ഠിത മലയാളമാണു് വിവരവിനിമയത്തിനുപയോഗിക്കുന്നതു്. ഇന്റര്‍നെറ്റിലെ മലയാളത്തിലുള്ള മറ്റനേകം വെബ്സൈറ്റുകളിലെ ഉള്ളടക്കം കാണുവാനും സ്വതന്ത്ര വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയിലെ വിവരങ്ങള്‍ ലഭിക്കുവാനും ഇന്റര്‍നെറ്റില്‍ മലയാളത്തിലുള്ള വാക്കുകള്‍ തിരയണമെങ്കിലുമൊക്കെ നമ്മുടെ കമ്പ്യൂട്ടറില്‍ മലയാളം യൂണിക്കോഡ് സംവിധാനം ഉണ്ടായേ തീരൂ. കൂടാതെ ഐ കെ എമ്മിന്റെ സുലേഖ, പുതുതായി വന്ന സഞ്ചയ എന്നീ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളിലേക്കും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ എം ഐ എസ്സിലേക്കുമൊക്കെ മലയാളത്തില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ യൂണിക്കോഡ് മലയാളം തന്നെ വേണം താനും.

11. ഹൊ, മതി മതി.. ഇനി ഇതെങ്ങന്യാ പഞ്ചായത്തു കമ്പ്യൂട്ടറില്‍ ശരിയാക്കുന്നതെന്നു പറ?

ശ്ശോ… തിരക്കു കൂട്ടാതെ.. വേവുവോളം കാത്താല്‍ ആറുവോളവും കാത്തൂടെ?

ഇതു ചെയ്യുന്നതിന്നു മുമ്പു് ചില മുന്നൊരുക്കങ്ങള്‍ ആവശ്യമാണു്. അതെന്തൊക്കെയാണെന്നു വച്ചാല്‍:

  1. പഞ്ചായത്തു കമ്പ്യൂട്ടറുകളില്‍ എന്റെ കണ്ണില്‍ പെട്ടിടത്തോളം വിന്‍ഡോസ് 2000, വിന്‍ഡോസ് എക്സ് പി, വിന്‍ഡോസ് 7 എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണു നിലവില്‍ ഉപയോഗിച്ചു പോരുന്നതായി കണ്ടിട്ടുള്ളതു്. വിന്‍ഡോസ് 2000 ല്‍ ചില ശ്രമങ്ങളൊക്കെ പലരും നടത്തിയിട്ടുണ്ടെങ്കിലും ഇതു മുഴുവനായും ശരിയാക്കാനുള്ള വിദ്യ ആരും ഇതേവരെ എവിടെയും പറഞ്ഞു കേട്ടിട്ടില്ല. അതിനാല്‍ മറ്റു് രണ്ടെണ്ണത്തില്‍ ഇതെങ്ങനെ ശരിയാക്കാമെന്നു പറയാം. ഇവയില്‍ ഏതിലാണോ ചെയ്യേണ്ടതു് ആ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഇന്‍സ്റ്റലേഷന്‍ സീഡി കയ്യെത്തുന്നിടത്തു് എടുത്തു വയ്ക്കാന്‍ മറക്കരുതു്. ഇനി പകുതി വഴിക്കെങ്ങാനും കമ്പ്യൂട്ടര്‍ ‘എനിക്കെന്റെ സീ ഡി വേണം’ എന്നു പറഞ്ഞാലോ?
  2. പരാക്രമം തുടങ്ങുന്നതിന്നു മുമ്പായി ഇന്‍ഫോര്‍മേഷന്‍ കേരള മിഷനില്‍ (ഐ കെ എം) നിന്നുള്ള ടെക്‍നിക്കല്‍ അസിസ്റ്റന്റിനെ വിളിച്ചു കൂടെയിരുത്തണം എന്നതു നിര്‍ബ്ബന്ധമാണു്. നാലു കാരണങ്ങളുണ്ടു്:
    1. കടലാസ്സുകളിലൊക്കെ പഞ്ചായത്തു കമ്പ്യൂട്ടറിന്റെ ഉടമസ്ഥന്‍ പഞ്ചായത്തു സെക്രട്ടറി തന്നെയാണെങ്കിലും, അതിന്റെ അഡ്മിനിസ്ട്രേറ്റര്‍ റോളിലുള്ളതു റഗുലര്‍ സര്‍വ്വീസ്സിലൊന്നുമുള്ള ആളല്ലാത്ത ഐ കെ എം ടെക്‍നിക്കല്‍ അസിസ്റ്റന്റ് ആണു്.
    2. പഞ്ചായത്തു കമ്പ്യൂട്ടറില്‍ പുതുതായി വല്ലതും ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയിലേ സാധിക്കൂ. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ അഡ്മിനിസ്ട്രേറ്റര്‍ പാസ്‌വേര്‍ഡ് അദ്ദേഹത്തിനേ അറിയൂ. അതവര്‍ നമുക്കു പറഞ്ഞു തരാന്‍ സാദ്ധ്യതയുമില്ല. (അതു സാരമില്ല, നമുക്കു നമ്മുടെ കാര്യം നടക്കണം എന്നേയുള്ളൂ. കമ്പ്യൂട്ടര്‍ പാസ്‌വേര്‍ഡു ചോദിക്കുമ്പോള്‍ അദ്ദേഹത്തോടു തന്നെ എന്റര്‍ ചെയ്തു കൊടുക്കാന്‍ പറഞ്ഞാല്‍ മതി. ബാക്കിയെല്ലാം നമുക്കു തന്നെ ചെയ്യാം.)
    3. ഐ കെ എം ടെക്‍നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കു് ഇതെന്താണെന്നും എങ്ങനെയാണിതു നേരാംവണ്ണം ചെയ്യേണ്ടതെന്നും ധാരണയുണ്ടെന്നു തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഇതിന്നു മുന്നേ തന്നെ അവരിതു് ഇങ്ങനെ തന്നെ ചെയ്തു തരുമായിരുന്നല്ലോ. അതുകൊണ്ടു്, നമ്മള്‍ അവരെ കൂടെയിരുത്തി ഇതു ചെയ്താല്‍ അവര്‍ക്കിതു കണ്ടു മനസ്സിലാക്കാം. പിന്നെ അവര്‍ക്കും മറ്റുള്ളവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാല്ലോ. 🙂
    4. പിന്നെ, പഞ്ചായത്തു വിഷയങ്ങളില്‍ “ഒറ്റസ്യ പ്രവര്‍ത്തനം കുന്തസ്യഃ” എന്നൊരു പ്രമാണമുള്ളതായി ഒരുപാടു കാലത്തെ സര്‍വ്വീസ്സുള്ളവര്‍ പറഞ്ഞു കേട്ടിട്ടുമുള്ളതു കൊണ്ടു് ഇങ്ങനെത്തെ കാര്യങ്ങളൊക്കെ കൂട്ടായി ചെയ്യുന്നതു തന്നെയാണു് അഭികാമ്യം.
  3. മൂന്നാമതായി വേണ്ടതു നമുക്കു പറ്റിയ മലയാളം കീബോര്‍ഡ് ലേയൌട്ടു സംഘടിപ്പിക്കലാണു്. പൊതുവെ രണ്ടു കീബോര്‍ഡ് ലേയൌട്ടുകളാണു പഞ്ചായത്തു വകുപ്പിലെ ജീവനക്കാര്‍ ഉപയോഗിച്ചു വരുന്നതു കണ്ടിട്ടുള്ളതു്:
    1. ഇന്‍സ്ക്രിപ്റ്റ് ലേയൌട്ട്: ഇതു് എല്ലാ ഭാരതീയ ഭാഷകള്‍ക്കും പൊതുവായ കീബോര്‍ഡ് ലേയൌട്ടാണു്. പഞ്ചായത്താപ്പീസ്സുകളില്‍ പൊതുവെ ഉപയോഗിക്കുന്നതു് ഈ ലേയൌട്ടാണു്. വിന്‍ഡോസില്‍ എക്സ് പി മുതലുള്ളവയില്‍ സ്വതവേ ഒരു ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേയൌട്ടുണ്ടെങ്കിലും, അതിന്നു് കേരള സര്‍ക്കാര്‍ പൊതുവില്‍ അംഗീകരിച്ച ഇന്‍സ്ക്രിപ്റ്റ് ലേയൌട്ടുമായി കുറച്ചു വ്യത്യാസങ്ങളുണ്ടു്. വിന്‍ഡോസുണ്ടാക്കുന്ന മൈക്രോസോഫ്റ്റ് കമ്പനിയിലുള്ളവര്‍ അവര്‍ക്കു തോന്നിയ കീകള്‍ക്കു ചുവടെയാണു് അക്ഷരങ്ങള്‍ ഒട്ടും സൌകര്യപ്രദമല്ലാത്ത രീതിയില്‍ നിവേശിച്ചിട്ടുള്ളതു്. അതു കൊണ്ടു തന്നെ ഐ എസ് എമ്മില്‍ ലഭ്യമായ ഇന്‍സ്ക്രിപ്റ്റ് ഉപയോഗിച്ചു ശീലിച്ച ഒരാള്‍ക്കു് ഇതുപയോഗിക്കാന്‍ പ്രയാസമനുഭവപ്പെടും. ഒരുദാഹരണം പറയുകയാണെങ്കില്‍, മൈക്രോസോഫ്റ്റിന്റെ ലേയൌട്ടുപയോഗിക്കുമ്പോള്‍ ന്‍ എന്ന ചില്ലക്ഷരം കിട്ടാന്‍ വേണ്ടി നമ്മുടെ സാധാരണ qwerty കീബോര്‍ഡില്‍ v d ctrl+shift+1 എന്നിങ്ങനെ ഞെക്കണം. v യുടെ സ്ഥാനത്തു ന യും d യുടെ സ്ഥാനത്തു് ് ഉം ഐ എസ് എമ്മിലെ ഇന്‍സ്ക്രിപ്റ്റിലുള്ളതു തന്നെ. ഇതിനെ ചില്ലാക്കാന്‍ വേണ്ടുന്ന zwj അഥവാ zero width joiner (ഐ എസ് എമ്മിലെ NUK നു് പകരമുള്ളതു്), ctrl+shift+1 ഞെക്കിയാലാണു വരേണ്ടതെന്നു് ആരാണു മൈക്രോസോഫ്റ്റിലുള്ളവരെ പഠിപ്പിച്ചു വിട്ടതെന്നറിയില്ല. ഓരോ രേഖയിലും എത്ര പ്രാവശ്യം വരും ചില്ലക്ഷരങ്ങള്‍. ഓരോ പ്രാവശ്യവും ചില്ലക്ഷരം കിട്ടാന്‍ ഈ മൂന്നു കീകളും ഒന്നിച്ചമര്‍ത്തേണ്ടി വരികയെന്നതു വലിയ പാടു തന്നെയാണു്. അല്ലെങ്കിലും മലയാളികളുടെ ഭാഷാ കമ്പ്യൂട്ടിങ് പ്രശ്നങ്ങള്‍ പരിഹരിക്കല്‍ മൈക്രോസോഫ്റ്റ് കമ്പനിയുടെ അജണ്ടയിലുള്ള ഒന്നാവാന്‍ സാദ്ധ്യതയുമില്ല. പക്ഷേ, അതൊന്നും സാരമാക്കേണ്ട. കേരള സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ് പരിപാടിയുടെ വെബ്‌സൈറ്റില്‍ ചെന്നാല്‍ നേരാംവണ്ണം തയ്യാറാക്കിയ ഇന്‍സ്ക്രിപ്റ്റ് ലേയൌട്ടു കിട്ടും. അതു ഡൌണ്‍ലോഡു ചെയ്തു് അഴിച്ചെടുത്തു് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
    2. റെമിങ്ടണ്‍ ടൈപ്പുറൈറ്റര്‍ ലേയൌട്ട്: കമ്പ്യൂട്ടറുകള്‍ സര്‍ക്കാരാപ്പീസ്സുകളിലെത്തുന്നതിന്നും വളരെ മുന്നേ തന്നെ ടൈപ്പ്റൈറ്റിങ് ചെയ്തു പോരുന്ന പഞ്ചായത്തു വകുപ്പിലെ ടൈപ്പിസ്റ്റുമാര്‍ പൊതുവേ പിന്തുടരുന്നതു് ഈ ലേയൌട്ടാണു്. ഇതു കിട്ടാന്‍ ഈ കണ്ണിയില്‍ ചെന്നാല്‍ മതി. ഇവിടെ നിന്നും mlinremi.zip എന്ന ഫയല്‍ ഡൌണ്‍ലോഡു ചെയ്തു് അഴിച്ചെടുത്തു് ഇന്‍സ്റ്റാള്‍ ചെയ്യുക.
  4. ഇനി വേണ്ടതു് നല്ല ഒരു യൂണിക്കോഡ് മലയാളം ഫോണ്ടാണു്. വിന്‍ഡോസില്‍ സ്വതവേ തന്നെ കാര്‍ത്തിക എന്ന പേരില്‍ ഒരു യൂണിക്കോഡ് മലയാളം ഫോണ്ടുണ്ടു്. എന്നാല്‍ ഇതുപോലെ വൃത്തികെട്ട മറ്റൊരു മലയാളം ഫോണ്ട് കാണാന്‍ പ്രയാസം. ഒരു യൂണിക്കോഡ് മലയാളം ഫോണ്ടു് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ളതിനാലാണു് നിങ്ങള്‍ക്കു് ഈ കുറിപ്പു് വായിക്കാന്‍ പറ്റുന്നതു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മ മികച്ച സ്വതന്ത്ര ഫോണ്ടുകളുടെ ഒരു നിര തന്നെ എല്ലാവര്‍ക്കുമായി പങ്കു വയ്ക്കുന്നുണ്ടു്. അവയില്‍ മീരയും രചനയുമാണു് ഏറ്റവും ജനകീയം. ഈ കണ്ണിയില്‍ ചെന്നാല്‍ അവ ഡൌണ്‍ലോഡു ചെയ്തു് ഇന്‍സ്റ്റാള്‍ ചെയ്യാം. ഫോണ്ടുകള്‍ select ചെയ്തു് copy ചെയ്തതിനു ശേഷം Start menu വില്‍ Windows explorer എടുത്തു് C:\Windows\Fonts\ ഫോള്‍ഡറില്‍ ചെന്നു് അവിടെ പതിച്ചാല്‍ മതി.

ഞാന്‍ ജോലി ചെയ്തിട്ടുള്ള ആപ്പീസ്സുകളിലെ കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് എക്സ് പി, വിന്‍ഡോസ് 7 എന്നിവയിലാണു് ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാന്‍ ചിട്ടപ്പെടുത്തി വച്ചിട്ടുള്ളതു്. അതിനാല്‍ അവയില്‍ ഇതെങ്ങനെ ശരിയാക്കാം എന്നു് പറയാം. ഒന്നു് ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞാല്‍ ബാക്കിയെല്ലാം അതുപോലെ ചെയ്തെടുക്കാന്‍ നമുക്കു് വേറെയാരുടേയും സഹായം വേണ്ടല്ലോ. ചിന്ത.കോമിലെ കണ്ണിയില്‍ നിന്നു കിട്ടിയ സൂചന പ്രകാരം വിന്‍ഡോസ് 2000 ലും ഇതു ശരിയാക്കാന്‍ ഒരു ശ്രമം നടത്തി നോക്കായ്കയല്ല. പക്ഷേ, ഐ കെ എം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുടെ ഡാറ്റാ സെര്‍വറായി ഉപയോഗിക്കുന്നതായതു കൊണ്ടു് ആ കമ്പ്യൂട്ടറില്‍ ഇമ്മാതിരി കുത്സിതപ്രവൃത്തികള്‍ നടത്തുന്നതിനു് ഞങ്ങളുടെ ആപ്പീസ്സിന്റെ ചാര്‍ജ്ജുള്ള ഐകെ എം ടെക്‍നിക്കല്‍ അസിസ്റ്റന്റ് അനുവാദം തന്നില്ല. അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഇതു ചെയ്താല്‍ സംഗതി ഗുല്‍മാലായേക്കുമോയെന്നു ശങ്ക തോന്നിയതു കൊണ്ടും, വിന്‍ഡോസ് 2000 അത്രമേല്‍ പഴഞ്ചന്‍ സംവിധാനമായതിനാല്‍ വിജയിക്കുമോയെന്നു് ഉറപ്പില്ലായ്ക കൊണ്ടും ശ്രമം ഉപേക്ഷിക്കേണ്ടി വന്നു (2000 ഫിബ്രവരി മാസത്തിലിറങ്ങിയതാണു മാഷേ. അതിനു ശേഷം എത്ര യുദ്ധങ്ങള്‍ കഴിഞ്ഞു, പുതിയ രാജ്യങ്ങളുണ്ടായി, സാങ്കേതികവിദ്യ എത്ര വികസിച്ചു, ലോകം തന്നെ കണ്ടാലറിയാത്ത വിധം മാറിപ്പോയി… 13/7/2010 മുതല്‍ ഇതിനു് മൈക്രോസോഫ്റ്റ് കമ്പനിയുടെ സപ്പോര്‍ട്ടും ഇല്ലാതായിട്ടുണ്ടു്).

12. വിന്‍ഡോസ് എക്സ് പിയില്‍ യൂണിക്കോഡ് മലയാളം ശരിയാക്കാന്‍

  • ഇതു Configure ചെയ്യുന്നതെങ്ങനെയെന്നു നോക്കാം. ആദ്യ പടി, വിന്‍ഡോസ് എക്സ് പി സര്‍വ്വീസ് പായ്ക്കു് രണ്ടു്, അല്ലെങ്കില്‍ അതിലും മുന്തിയതു് ഡൌണ്‍ലോഡ് ചെയ്തു് ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണു്. ഈ കണ്ണിയില്‍ ചെന്നാല്‍ ഇതു് ലഭിക്കും. എന്നിട്ടു്,
  • Control Panel-ലെ Regional and Language Options ല്‍ Languages എന്ന Tab എടുത്ത് ‘Install Files For Complex Script and right to left languages’ എന്ന കള്ളി ടിക്കു് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുക, ഇല്ലെങ്കില്‍ ടിക്ക് ചെയ്യുക.
  • Windows Xpയുടെ CD ഒരു പക്ഷേ ചോദിച്ചേക്കാം. ആവശ്യപ്പെടുമ്പോള്‍ CD ഡ്രൈവില്‍ ഇട്ടതിനുശേഷം അതു പൂര്‍ണ്ണമായി Install ചെയ്യുക. തുടര്‍ന്ന് സിസ്റ്റം റീസ്റ്റാര്‍ട്ടു് ചെയ്യുക.
  • വീണ്ടും Control Panel ലെ Regional and Language Options ല്‍ Languages എന്ന Tab എടുത്തു് Details എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ചിത്രം 6

  • അപ്പോള്‍ വരുന്ന Text Services and Input Languages വിന്‍ഡോയില്‍ Settings Tab ല്‍ Add button ക്ലിക്ക് ചെയ്യുക.

ചിത്രം 7
ചിത്രം 8

  • Input Language ലിസ്റ്റില്‍ നിന്നും ‘Malayalam (India)’ എന്ന ഭാഷ തിരഞ്ഞെടുക്കുക.
  • വേണ്ടതു് ഇന്‍സ്ക്രിപ്റ്റാണെങ്കില്‍ Key board layout/IME ലിസ്റ്റില്‍ നിന്നും Inscript Keyboard for Malayalam in Windows Operating System തിരഞ്ഞെടുക്കുക. Inscript ലെ c വിട്ടു പോയതു് കാര്യമാക്കേണ്ട. 😉
  • OK ക്ലിക്കു് ചെയ്യുക.

9

  • തുടര്‍ന്നു് Text Services and Input Languages വിന്‍ഡോയിലെ Settings ടാബില്‍ Preferences എന്ന ഭാഗത്തെ Language Bar ഞെക്കുക.
  • അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Show the Language bar on the desktop, Show additional bar icons in the taskbar എന്നീ കള്ളികള്‍ ടിക്കു് ചെയ്ത ശേഷം OK ക്ലിക്കു് ചെയ്യുക.

ചിത്രം 10

    ഇപ്പോള്‍ നിങ്ങളുടെ task bar-ല്‍ Language എന്ന ചിഹ്നം കാണാന്‍ സാധിക്കും. അതില്‍ നിന്നും മലയാളം തിരഞ്ഞെടുത്തു് ടൈപ്പു ചെയ്തു തുടങ്ങിക്കോളൂ.

13. വിന്‍ഡോസ് 7ല്‍ യൂണിക്കോഡ് മലയാളം ശരിയാക്കാന്‍

ചിത്രം 11

  • Control Panel ല്‍ ചെന്നു് Clock, Language, and Region ക്ലിക്കു് ചെയ്യുക.

ചിത്രം 12

  • Region and Language ക്ലിക്കു് ചെയ്യുക.

ചിത്രം 13

  • തുടര്‍ന്നു് വരുന്ന Region and Language വിന്‍ഡോയില്‍ Keyboards and Languages ടാബു് തിരഞ്ഞെടുത്തു് Change keyboards ബട്ടണ്‍ ക്ലിക്കു് ചെയ്യുക.

ചിത്രം 14

  • അപ്പോള്‍ വരുന്ന Text Services and Input Languages വിന്‍ഡോയില്‍ General ടാബു് തിരഞ്ഞെടുത്തു് Add ബട്ടണ്‍ ക്ലിക്കു് ചെയ്യുക.

ചിത്രം 15

  • Add Input Language വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ Malayalam (India) യില്‍ നിങ്ങള്‍ക്കു വേണ്ട കീബോര്‍ഡു് ലേയൌട്ടു് ചെക്കു് ചെയ്ത ശേഷം OK ബട്ടണ്‍ ക്ലിക്കു് ചെയ്യുക.
  • തുടര്‍ന്നു് Text Services and Input Languages വിന്‍ഡോയില്‍ യഥാക്രമം Apply, OK ബട്ടണുകള്‍ ക്ലിക്കു് ചെയ്യുക.

ചിത്രം 16

  • നിങ്ങളുടെ Task bar ല്‍ ഇഷ്ടമുള്ള കീബോര്‍ഡു് തിരഞ്ഞെടുക്കാനുള്ള സംവിധാനം കാണാം. മലയാളം തിരഞ്ഞെടുത്തു് ടൈപ്പു ചെയ്തോളൂ.

14 യുണിക്കോഡ് – സര്‍ക്കാരിന്റെ നിര്‍ദ്ദേശം

ഇനി ഉണ്ടാകാവുന്ന ഒരു സംശയം ഇക്കണ്ട ഹിക്‍മത്തെല്ലാം ചെയ്തു കൂട്ടുന്നതിന്നു് ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലമുണ്ടോ എന്നാവും. നമ്മളങ്ങനെയാണല്ലോ. നമുക്കു് എന്തൊക്കെ അസൌകര്യങ്ങളുണ്ടായാലും ശരി, ഉത്തരവു വരാന്‍ കണ്ണിലെണ്ണയുമൊഴിച്ചു് കാത്തു കാത്തിരിക്കും. മിക്കപ്പോഴും അങ്ങനെ കാത്തിരുന്നേ പറ്റുള്ളൂവെന്നതു വേറെ കാര്യം. എന്നാല്‍ കേട്ടോളൂ, ഇതിനു വേണ്ടി സ.ഉ.(എം.എസ്.)31/08/2008/വി.സ.വ. നമ്പ്രായി 21/08/2008 തിയ്യതിയില്‍ തന്നെ സര്‍ക്കാര്‍ ഉത്തരവു് പുറപ്പെടുവിച്ചിട്ടുണ്ടു്. നമ്മുടെ ആവശ്യത്തിനു് അതിന്റെ സാരാംശം മാത്രം മതി. 2008 ല്‍ ഉത്തരവിറങ്ങി ഇതിപ്പോ 2013 പകുതിയായിട്ടും, നമുക്കിനിയും നേരം വെളിച്ചായിട്ടില്ല. ഇങ്ങനെയിരിക്കുന്നതു ശരിയാണോ? ഈ ബദര്‍ പടപ്പാട്ടു മുഴുവനും പാടിക്കേട്ടിട്ടും “അല്ലോളീ, ഈ അബു ജാഹില്‍ ഇനിയെങ്ങാനും ശരിക്കും ദീനില്‍ കൂടീക്യോളീ?” എന്ന മട്ടിലാണിനിയും സംശയമെങ്കില്‍ ഞാനിനി ഒരക്ഷരം മിണ്ടുന്നില്ല. സര്‍വ്വീസ്സില്‍ നിന്നും പിരിഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ട മൂസ്സാക്ക പറഞ്ഞ പോലെ, “ഇങ്ങക്കു് മാണേങ്കച്ചെയ്തോളീ. ഹല്ല പിന്നെ.” എന്നും മനസ്സില്‍ പറഞ്ഞു് നിഷ്ക്രമിക്കും. അത്രേള്ളൂ.

15 പകര്‍പ്പെടുക്കാനുള്ള അവകാശം

ഈ കുറിപ്പിലെ ഓരോ വാക്കും എനിക്കു മുന്നേ കടന്നു പോയ സുമനസ്സുകളുടെ പ്രവൃത്തികളുടെ ഫലമായി എനിയ്ക്കു സൌജന്യമായി ലഭിച്ചതാണു്. അതിനാല്‍ അവരെയെല്ലാം അനുസ്മരിച്ചു കൊണ്ടു് ഈ വിവരങ്ങള്‍ ഞാന്‍ എന്നെക്കൊണ്ടാവുന്ന വിധത്തില്‍ ക്രോഡീകരിച്ചു് ക്രിയേറ്റീവ് കോമണ്‍സ് Attribution Share Alike (by sa) 2.5 India ലൈസന്‍സില്‍ പുറത്തിറക്കുന്നു. അതിനാല്‍ ഈ വിവരം മുഴുവനും ആര്‍ക്കും ഈ ലൈസന്‍സിനു വിധേയമായി വിജ്ഞാനം പകര്‍ന്നു കൊടുക്കാന്‍ ഉപയോഗിക്കാം. വിജ്ഞാനം സ്വതന്ത്രമാവണം എന്നതാണു് എന്റെ ആഗ്രഹം.

ഈ പോസ്റ്റിന്റെ പി ഡി എഫ് വേര്‍ഷന്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

റേഷന്‍ കാര്‍ഡും ബിപിഎല്‍ ലിസ്റ്റും പഞ്ചായത്തുകളും

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി, കൃത്യമായിപ്പറഞ്ഞാല്‍ ഫിബ്രവരി ഒന്നാം തിയ്യതി മുതല്‍ കേരളത്തിലെ പഞ്ചായത്താപ്പീസുകളില്‍ എപിഎല്‍ റേഷന്‍ കാര്‍ഡുകളില്‍, ബിപിഎല്‍ ലിസ്റ്റിലുള്‍പ്പെട്ടിട്ടുണ്ടെന്ന മുദ്ര പതിച്ചു് സാക്ഷ്യപ്പെടുത്തുന്നതിന്റെ തിരക്കോടു തിരക്കായിരുന്നു. ഇപ്പോള്‍ ഈ തിരക്കൊക്കെ ഏതാണ്ടു് തീരാറായി.

കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലേക്കു് ഈ പണി ഇങ്ങനെയാണു് വന്നതു്: കേന്ദ്ര ഭക്ഷ്യമന്ത്രാലയം 28/12/2012 നു് സംസ്ഥാനത്തെ ബിപിഎല്‍ വിഭാഗത്തിനു് 1,32,725 മെട്രിക്‍ ടണ്‍ അരിയും 54,211 മെട്രിക്‍ ടണ്‍ ഗോതമ്പും അധിക വിഹിതമായി അനുവദിച്ചു. കേരള സര്‍ക്കാരിന്റെ ഭക്ഷ്യ പൊതുവിതരണ വകുപ്പു് 19/1/2013 നു് ഈ ഭക്ഷ്യധാന്യ വിഹിതത്തിനു്, 2009ലെ ബിപിഎല്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുകയും എന്നാല്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭിക്കാത്തതുമായ കുടുംബങ്ങള്‍ക്കു കൂടി അര്‍ഹതയുണ്ടെന്നു് ഉത്തരവിട്ടു. അരി കിലോയ്ക്കു് 6.20 രൂപയും ഗോതമ്പു് കിലോയ്ക്കു് 4.70 രൂപയുമാണു് വില. 22/1/2013 നു് സിവില്‍ സപ്ലൈസ് ഡയറക്‍ടര്‍, 2009ലെ ബിപിഎല്‍ ലിസ്റ്റില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഇപ്രകാരമുള്ള കുടുംബങ്ങളെ കണ്ടെത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പിനു് ബുദ്ധിമുട്ടാണെന്നും, അതിനാല്‍ ഇപ്രകാരമുള്ള കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡിലെ മൂന്നാം പേജില്‍ “ഈ കുടുംബം 2009ലെ ബിപിഎല്‍ ലിസ്റ്റില്‍ —–ാം നമ്പരായി ഉള്‍പ്പെട്ടിട്ടുണ്ടു്” എന്നു് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്കാന്‍ നടപടിയുണ്ടാകണമെന്നു് തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടു് ഏര്‍പ്പാടാക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പു് സെക്രട്ടറിക്കു് കത്തെഴുതി. ഇതിന്റെ പകര്‍പ്പു് കീഴാപ്പീസുകളിലേക്കും കൊടുത്തു. തുടര്‍ന്നു് കൊയിലാണ്ടി താലൂക്കു് സപ്ലൈ ഓഫീസര്‍ അതു ശരിക്കു് വായിച്ചു പോലും നോക്കാതെ 25/1/2013 നു് താലൂക്കിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലേക്കും “പഞ്ചായത്തു സെക്രട്ടറിമാരും മുനിസിപ്പല്‍ സെക്രട്ടറിയും ഇപ്രകാരം രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തിക്കൊടുക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്‍ടര്‍ ഉത്തരവായിരിക്കുന്നു” എന്നു് കത്തയച്ചു. സിവില്‍ സപ്ലൈസ് ഡയറക്‍ടറുടെ ഉത്തരവാണോ പഞ്ചായത്തു സെക്രട്ടറിമാരും മുനിസിപ്പല്‍ സെക്രട്ടറിയും അനുസരിക്കേണ്ടതു്, അങ്ങനെയുള്ള ഒരു ഉത്തരവാണോ ഈ വന്നതു് എന്നൊന്നും നോട്ടമില്ല. എന്തെങ്കിലും കിട്ടാന്‍ കാത്തിരിക്ക്യാണു്, ഉടനേ പഞ്ചായത്തുകളുടെ തലയ്ക്കു് മറിക്കാന്‍.. ഞങ്ങളു് പഞ്ചായത്തുകാരാണെങ്കില്‍ എന്തും ചെയ്തോളുന്ന ഭൈരവന്മാരാണല്ലോ.. 🙂 30/1/2013 നു് തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പു് ഇപ്രകാരം “ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്കണ”മെന്നു് ഉത്തരവിടുകയും 31/1/2013 നു് പഞ്ചായത്തുകളിലേക്കയക്കുകയും ചെയ്തു.

ബിപിഎല്‍ ലിസ്റ്റ് കണ്‍മുമ്പിലുണ്ടു്. വരാന്‍ പോകുന്ന റേഷന്‍ അപേക്ഷകരുടെ പ്രളയം മുന്‍ കൂട്ടിക്കണ്ടു് അന്നു തന്നെ ഇപ്രകാരമൊരു സീല്‍ ഉണ്ടാക്കിച്ചു വച്ചു. പിറ്റേന്നു രാവിലെ മുതല്‍ പഞ്ചായത്താപ്പീസ്സില്‍ നീല റേഷന്‍ കാര്‍ഡുകളുമായി ബിപിഎല്‍കാരുടെ നീണ്ട നിര പ്രത്യക്ഷമായി. സെക്രട്ടറി ഇതു സാക്ഷ്യപ്പെടുത്തിക്കൊടുക്കാന്‍ എന്നെ ചുമതലപ്പെടുത്തി. റേഷന്‍കാര്‍ഡിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പു സഹിതമുള്ള അപേക്ഷ ഫ്രണ്ട് ഓഫീസില്‍ നമ്പരിട്ടു് അപേക്ഷകന്റെ കയ്യില്‍ത്തന്നെ കൊടുക്കും. അവര്‍ അപേക്ഷയും റേഷന്‍കാര്‍ഡുമായി എന്റടുത്തു വരും. ഞാന്‍ അപേക്ഷയിലെ ബിപിഎല്‍ നമ്പര്‍ നോക്കി ബിപിഎല്‍ ലിസ്റ്റിലെ പേരും റേഷന്‍കാര്‍ഡിലെ പേരും ഒന്നു തന്നെയാണോ എന്നു് പരിശോധിച്ചു് ശരിയാണെങ്കില്‍ റേഷന്‍ കാര്‍ഡില്‍ സീലടിച്ചു് നമ്പറെഴുതി ഒപ്പിട്ടു കൊടുക്കും. ആളുടെ പേരോ വീട്ടുപേരോ വ്യത്യാസമുണ്ടെങ്കില്‍ പ്രാഥമികാന്വേഷണത്തിനു ശേഷം ക്ലാര്‍ക്കിനെക്കൊണ്ടു് ബിപിഎല്‍ സര്‍ട്ടിഫിക്കറ്റെഴുതിച്ചു് ഒപ്പിട്ടു് വില്ലേജ് ഓഫീസറുടെ അടുത്തേക്കു് one & same സര്‍ട്ടിഫിക്കറ്റിനയക്കും. അതു കൊണ്ടു വരുന്ന മുറയ്ക്കു് റേഷന്‍ കാര്‍ഡ് സാക്ഷ്യപ്പെടുത്തിക്കൊടുക്കും. ചില കേസില്‍ ബിപിഎല്‍ ലിസ്റ്റില്‍ പേരുള്ളയാള്‍ മരണപ്പെട്ടു പോയിരിക്കും. റേഷന്‍ കാര്‍ഡില്‍ മരണപ്പെട്ടയാളുടെ പേരു വെട്ടിപ്പോയിട്ടുമുണ്ടാകും. അപ്പോള്‍ ആളെ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റെഴുതിക്കൊടുത്തു് വില്ലേജ് ഓഫീസറുടെ അടുത്തേക്കു് ബന്ധുത്വ സര്‍ട്ടിഫിക്കറ്റിനയക്കും. കൊണ്ടു വരുന്ന മുറയ്ക്കു് സാക്ഷ്യപ്പെടുത്തിക്കൊടുക്കും. ഇനിയും ചിലര്‍, പഴയ ബിപിഎല്‍ ലിസ്റ്റില്‍ പേരുണ്ടായിരുന്നു ഇപ്പഴത്തെ ലിസ്റ്റില്‍ പേരില്ല, സാക്ഷ്യപ്പെടുത്തിക്കൊടുക്കുമോ എന്നുചോദിച്ചു് വന്നു. അവരുടെ കാര്യത്തില്‍ തികഞ്ഞ നിസ്സഹായത. ഈ ദിവസങ്ങളില്‍ പ്രതിദിനം ശരാശരി നൂറ്റിയന്‍പതില്‍ചില്വാനം റേഷന്‍ കാര്‍ഡുകളില്‍ ഞാനൊപ്പിട്ടിട്ടുണ്ടു്. ഞാന്‍ ഓഫീസിനു് പുറത്തായിരിക്കുന്ന ദിവസങ്ങളില്‍ സെക്രട്ടറിയും കുറെയെണ്ണം ഒപ്പിട്ടു കൊടുത്തു. ജനസാന്ദ്രത കുറഞ്ഞ പഞ്ചായത്തായതു കൊണ്ടു് ഇവിടെ ഇത്രയൊക്കെയേ ഉള്ളു. ചങ്ങരോത്തു് പോലെയുള്ള ചില പഞ്ചായത്തുകളില്‍ ടോക്കണ്‍ കൊടുത്തിട്ടാണു് തിരക്കു നിയന്ത്രിച്ചതു്. ഇങ്ങനെ കിട്ടിയ അപേക്ഷകളത്രയും പ്രത്യേകമായി സൂക്ഷിച്ചു വച്ചിട്ടുണ്ടു്. എന്താക്കെ വിവരങ്ങളാണു് റേഷന്‍ കാര്‍ഡിലെ മൂന്നാം പേജിലുള്ളതെന്നറിയാമോ? ടിഎസ്ഒ/ആര്‍ഐയുടെ രണ്ടുരൂപ അരിയുടെ ഗുണഭോക്താവെന്ന സീല്‍, മണല്‍ അനുവദിച്ചു എന്ന പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍, ഗ്യാസ് ഏജന്‍സിയുടെ സീല്‍, വികലാംഗസര്‍ട്ടിഫിക്കറ്റ് കൊടുത്തു എന്ന സാക്ഷ്യപ്പെടുത്തല്‍, ഭവനനിര്‍മ്മാണ ഗ്രാന്റ് ഗഡു കൊടുത്ത വിവരം, സ്ത്രീ കുടുംബനാഥയായുള്ള കുടുംബത്തിലെ കുട്ടികളുടെ സ്കോളര്‍ഷിപ്പനുവദിച്ചതായി ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപ്പെടുത്തല്‍, ബാങ്കില്‍ നിന്നും കടമെടുത്ത വിവരം, വെല്‍ഫെയര്‍ ഫണ്ട് ഓഫീസറുടെ സഹായം കൈപ്പറ്റിയ വിവരം, പ്രകൃതിക്ഷോഭ ധനസഹായം അനുവദിച്ചെന്ന തഹസില്‍ദാരുടെ സാക്ഷ്യപത്രം…. അങ്ങനെയങ്ങനെ. ചിലര്‍ അത്യാവശ്യ ഫോണ്‍ നമ്പറുകളും ഇതിലെഴുതി വച്ചു, ചിലതില്‍ കുട്ടികളുടെ കുത്തിവരയും. പഞ്ചായത്തിലെ ബിപിഎല്‍കാരുടെ ഏതാണ്ടൊരു സാമൂഹ്യചിത്രം ഇതിലൂടെ കണ്ടു. ഏതായാലും പഞ്ചായത്തിലെ പരമാവധി അര്‍ഹരായ ആളുകള്‍ക്കു് ഈ അധിക വിഹിതം കിട്ടുമെന്നു് ഞങ്ങളുറപ്പാക്കി. ഞങ്ങളുടെ കുഴപ്പം കൊണ്ടു് ആളുകള്‍ക്കു് അരിയും ഗോതമ്പും കിട്ടാതായിപ്പോവണ്ട. 🙂 ഞങ്ങള്‍ നിര്‍ബ്ബന്ധമായും ചെയ്യേണ്ടുന്ന മറ്റു ജോലികള്‍ക്കു പുറമേയാണിതെങ്കിലും.

ഇനി, ഇപ്പണി ആരായിരുന്നു യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നതു്?
ഉദ്ദേശം 7 മാസങ്ങള്‍ക്കു മുമ്പു് കലക്‍ടറേറ്റില്‍ നിന്നും, ഇപ്രകാരം 2009ലെ ബിപിഎല്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുകയും എന്നാല്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭിക്കാത്തതുമായ കുടുംബങ്ങളുടെ കാര്‍ഡുകള്‍ കൂടി ബിപിഎല്‍ ആക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചിരുന്നു. അന്നും ബിപിഎല്‍ സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്താപ്പീസുകളില്‍ വന്‍ തിരക്കനുഭവപ്പെട്ടു. ഇങ്ങനെ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റു വാങ്ങിയവര്‍ കൂട്ടത്തോടെ കലക്ടറേറ്റിലേക്കു് പോയതു കാരണം കലക്ടറേറ്റിലും വന്‍ തിരക്കു്. ഉന്തും തള്ളുമായി, ബഹളമായി. ഉടന്‍ കലക്ടര്‍ ഇടപെട്ടു് തീരുമാനമാക്കി: അപേക്ഷകള്‍ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റു സഹിതം പഞ്ചായത്താപ്പീസുകളില്‍ തന്നെ വച്ചാല്‍ മതിയെന്നും ഇങ്ങനെ കിട്ടുന്ന അപേക്ഷകള്‍ അതാതു പഞ്ചായത്തുകള്‍ ശനിയാഴ്ച തോറും  കലക്ടറേറ്റില്‍ ഇതിനായി രൂപീകരിച്ച പ്രത്യേക സെല്ലില്‍ എത്തിച്ചാല്‍ മതിയെന്നും. ജനത്തിരക്കു് കലക്ടറേറ്റിനെ വിട്ടു് പഞ്ചായത്താപ്പീസ്സില്‍ കേന്ദ്രീകരിച്ചു. പഞ്ചായത്താപ്പീസുകളില്‍ നിന്നും കലക്ടറേറ്റില്‍ കിട്ടിയ അപേക്ഷകള്‍ ഒന്നാകെ ജില്ലാ സപ്ലൈ ആപ്പീസിലേക്കു് നടപടി സ്വീകരിക്കാനായി അയച്ചു. ജില്ലാ സപ്ലൈ അപ്പീസില്‍ നിന്നു് അവ താലൂക്കു് സപ്ലൈ ആപ്പീസുകളിലേക്കും വേര്‍തിരിച്ചയച്ചു. എന്നാല്‍ അവിടങ്ങളില്‍ ഈ അപേക്ഷകള്‍ നടപടിയൊന്നും സ്വീകരിക്കാതെ ഇക്കാലമത്രയും കെട്ടിക്കിടന്നു. സിവില്‍ സപ്ലൈസ് വകുപ്പു് അന്നു ചെയ്യേണ്ട പണി നേരാം വണ്ണം ചെയ്തിരുന്നെങ്കില്‍ പഞ്ചായത്തുകള്‍ക്കു് ഇന്നീ ബുദ്ധിമുട്ടു് അനുഭവിക്കേണ്ടി വരില്ലായിരുന്നു. ആരോടു് പറയാന്‍.

ഇനിയുമുണ്ടു് രസം. ഒരധികാരസ്ഥാനവും നേരാം വണ്ണം അധികൃതമാക്കിയിട്ടില്ലാത്തതാണു് 2009ലെ ബിപിഎല്‍ ലിസ്റ്റ്. ബ്ലോക്കില്‍ നിന്നും ബിപിഎല്‍ ലിസ്റ്റ് പഞ്ചായത്തില്‍ കൊണ്ടു തരുമ്പോള്‍ അതില്‍ ഒപ്പോ സീലോ ഇല്ലായിരുന്നു. ബിഡിഒയ്ക്കു് ഒപ്പിടാന്‍ വയ്യ. കാരണം അദ്ദേഹത്തെ അധികാരപ്പെടുത്തിയിട്ടില്ല. ബിപിഎല്‍ ലിസ്റ്റ് ക്രോഡീകരിച്ചവര്‍ വരുത്തിവച്ച കുഴപ്പം. പക്ഷേ, പഞ്ചായത്തുകളില്‍ ബിപിഎല്‍ സര്‍ട്ടിഫിക്കറ്റിനു് ആവശ്യക്കാരുടെ തിരക്കേറിവന്നപ്പോള്‍ ഓരോ പഞ്ചായത്തു സെക്രട്ടറിമാരും ഇതു വച്ചു് സര്‍ട്ടിഫിക്കറ്റൊപ്പിട്ടു കൊടുക്കാന്‍ തുടങ്ങി. ആള്‍ത്തിരക്കെങ്ങിനെയെങ്കിലും ഒഴിവാക്കാനായിരുന്നു മുന്‍ഗണന.

1/1/2013നു് പുറപ്പെടുവിച്ച സേവനാവകാശ ഉത്തരവു പ്രകാരം ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തു സെക്രട്ടറിയുടെ ചുമതലയല്ല, ബ്ലോക്ക് പഞ്ചായത്തു് സെക്രട്ടറി(ബിഡിഒ)യുടെ ചുമതലയാണു്. എന്നാല്‍ റേഷന്‍ കാര്‍ഡ് സാക്ഷ്യപ്പെടുത്തിക്കൊടുക്കാന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ “ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം സാക്ഷ്യപ്പെടുത്തി നല്കണ”മെന്നേ പറയുന്നുള്ളൂ. ബിഡിഒ ആണോ പഞ്ചായത്തു സെക്രട്ടറി ആണോ എന്നൊന്നും പറയുന്നില്ല. തിരക്കു മുഴുവന്‍ പഞ്ചായത്താപ്പീസിലും. ഇവരെ മുഴുവന്‍ ബ്ലോക്കിലേക്കു് പറഞ്ഞയച്ചാലോ? അപ്പോ, “മറ്റേ പഞ്ചായത്തില്‍ ചെയ്യുന്നുണ്ടല്ലോ, നിങ്ങക്കെന്താ ചെയ്താലു്” എന്നാവും. അഞ്ചോ ആറോ ഗ്രാമപഞ്ചായത്തുകളുണ്ടാവും ബ്ലോക്കു പരിധിയില്‍. ഇത്രയധികം ആളുകള്‍ ഈ ചുരുങ്ങിയ ദിവസങ്ങളില്‍ ബ്ലോക്കിലേക്കു് ഇരച്ചെത്തുമ്പോള്‍ സംഭവിക്കാവുന്ന മാനേജ്മെന്റ് പരാജയം വലിയ പ്രശ്നമായിത്തീരാനും മതി. വേണ്ടപ്പാ. ഏതു ഭാരവും വലിക്കാന്‍ ഞങ്ങളുണ്ടല്ലോ. പണി തരുന്നെങ്കില്‍ ഇങ്ങനെ സിവില്‍ സപ്ലൈസുകാര്‍ തന്ന പോലെ ശാസ്ത്രീയമായിത്തന്നെ തരണം.
എന്തെല്ലാം ചെയ്യണം.., മറ്റുള്ളവര്‍ വരുത്തുന്ന വീഴ്ചകളുടെ പാപഭാരം പേറേണ്ടതും ഗ്രാമപഞ്ചായത്തുകള്‍ തന്നെ.

ഇന്നിപ്പോള്‍  മാര്‍ച്ചു് 31നകം പുതിയ ബിപിഎല്‍ ലിസ്റ്റെന്നു് ബഹുമാനപ്പെട്ട വകുപ്പുമന്ത്രി. അപ്പോപ്പിന്നെ വെറും ഒന്നര മാസത്തെ വിലയേയുള്ളൂ ഇച്ചെയ്തതിനെല്ലാം…

ഒരു വീടു നോക്കാന്‍ പോയതു്.

അതെന്നായിരുന്നു? കൃത്യം തിയ്യതി ഇപ്പോള്‍ ഓര്‍മ്മയില്ല. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ ജോലി നോക്കിത്തുടങ്ങിയിട്ടു് ഏകദേശം രണ്ടു് വര്‍ഷത്തോളമായിക്കാണും. അപേക്ഷകളിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടാക്കുകയായിരുന്നു അന്നത്തെ എന്റെ മുഖ്യ തൊഴിലിനം. കെട്ടിടനമ്പര്‍ പതിച്ചു നല്‍കാനുള്ളവയും കെട്ടിടങ്ങളുടെ ഉടമാവകാശം മാറ്റാനുള്ളവയും പലവക സര്‍ട്ടിഫിക്കറ്റുകള്‍ക്കു് വേണ്ടിയുള്ളതും മുതല്‍, വീട്ടിലേക്കുള്ള വഴി മറ്റാരെങ്കിലും മുടക്കിയാല്‍ അതില്‍ ഇടപെട്ടു് വഴി പുനഃസ്ഥാപിച്ചു കൊടുക്കാനും, ആരാന്റെ വളപ്പിലെ മരം സ്വന്തം വീടിനു മേല്‍ ചാഞ്ഞാല്‍ അതു് വെട്ടി മാറ്റിക്കൊടുക്കാനുള്ളതും വരെയുള്ള പലയിനം അപേക്ഷകള്‍. കെട്ടിടനമ്പര്‍ പതിച്ചു നല്‍കാനുള്ള അപേക്ഷകളായിരുന്നു കൂടുതലും.

അന്നു് പഞ്ചായത്തില്‍ കെട്ടിടനിര്‍മ്മാണച്ചട്ടം ബാധകമാക്കിയിട്ടുണ്ടായിരുന്നില്ല. കെട്ടിടനമ്പര്‍ പതിക്കാനുള്ള അപേക്ഷകള്‍ ഓരോ സ്ഥലത്തേക്കുമുള്ളതു് തരം തിരിച്ചെടുത്ത ശേഷം അതാതു് സ്ഥലത്തേക്കു് കാല്‍നടയായോ സൈക്കിളിലോ മറ്റു് വാഹനത്തിലോ പോയി പരിശോധന നടത്തി റിപ്പോര്‍ട്ടാക്കി വസ്തു നികുതി നിര്‍ണ്ണയ രജിസ്റ്ററില്‍ നമ്പര്‍ അനുവദിക്കുകയായിരുന്നു അന്നത്തെ പതിവു്. മുമ്പു് പോയിട്ടില്ലാത്ത സ്ഥലമാണെങ്കില്‍, പോവുന്ന അന്നു് കക്ഷികളോടു് അതിനടുത്ത അങ്ങാടിയില്‍ കാത്തു നില്‍ക്കാനും പറയും. ഇന്നിങ്ങനെ കക്ഷികളുടെ കൂടെ ഇത്തരം ആവശ്യങ്ങള്‍ക്കു് പോകുന്നതു് ഒരു ഉത്തരവു വഴി വിലക്കിയിരിക്കുകയാണു്.

അങ്ങനെയുള്ള ഒരു ദിവസം മുയിപ്പോത്തങ്ങാടിയില്‍ ബസ്സില്‍ ചെന്നിറങ്ങിയ എന്നെയും കാത്തുനിന്ന ആളുടെ കൂടെ, വീടിരിക്കുന്നിടത്തേക്കു് നടക്കുകയായിരുന്നു ഞാന്‍. റോഡിലൂടെയും, വയല്‍വരമ്പത്തു കൂടെയും പല വിശേഷങ്ങളും പറഞ്ഞു് അങ്ങനേ നടന്നു പോവുകയാണു്. വലിയ കട്ടിമീശയും പരുക്കന്‍ മട്ടില്‍, ആരെയും കൂസാത്ത മട്ടിലുള്ള സംസാര രീതിയും ഞാന്‍ ശ്രദ്ധിച്ചു. അതയാളുടെ സാധാരണ പെരുമാറ്റരീതിയല്ലെന്നു തോന്നി. പല നാട്ടുവിശേഷങ്ങളും പറഞ്ഞു് അങ്ങനെ നടന്നു പോവുന്ന കൂട്ടത്തില്‍ അയാള്‍ അയാളുടെ സ്വന്തം കഥയും എന്നോടു പറഞ്ഞു. ആള്‍ ജയിലിലായിരുന്നത്രെ. വിചാരണത്തടങ്കലില്‍. ജാമ്യത്തിലിറങ്ങി വന്നിരിക്കുകയാണു്. വല്ല രാഷ്ട്രീയത്തടവുമാവും, ഞാന്‍ കരുതി. അങ്ങനെത്തെ പലരെയും എനിക്കറിയാം. “ജയിലിലോ? എന്തായിരുന്നു കാര്യം?” എന്നു് ചോദിച്ചതിനു് മറുപടിയായി സാമാന്യം വിശദമായിത്തന്നെ അയാള്‍ ആ കഥ പറഞ്ഞു. മുയിപ്പോത്തു് അങ്ങാടിയില്‍ വച്ചു് ഇയാളും വേറൊരാളും കൂടെ രണ്ടും നാലും പറഞ്ഞു് വാക്കുതര്‍ക്കമുണ്ടായതും, വാക്കേറ്റം മൂത്തു് പൊരിഞ്ഞ അടിപിടിയായതും, അടിപിടിക്കിടയില്‍ ഇയാള്‍ വഴിവക്കില്‍ക്കിടന്ന ഒരു വലിയ കല്ലെടുത്തു് എതിരാളിയെ അടിക്കാനാഞ്ഞതും, അടി തടുക്കാന്‍ ഇടയില്‍ ചെന്നുപെട്ട എതിരാളിയുടെ അച്ഛന്റെ തലയില്‍ കല്ലു് ചെന്നു വീണതും, ആള്‍ തല്‍സമയം മരണപ്പെട്ടതും മറ്റും. അയാള്‍ പറഞ്ഞു നിര്‍ത്തിയതു് ഏതാണ്ടിങ്ങനെ വളരെ നിസ്സാരമായാണു്: “സ്പോട്ടിലു് വീണു് അയാളങ്ങു് മരിച്ചും പോയി” ഇതെല്ലാം മൂളിക്കേട്ടുകൊണ്ടു് ഞാന്‍ കൂടെയങ്ങനെ നടക്കുകയാണു്, ഒരു കഥ കേള്‍ക്കുന്നതു പോലെ. പെട്ടെന്നാണു് എന്റെ തലയിലൂടെ ഒരു മിന്നല്‍ പാഞ്ഞതു്. നിമിഷാര്‍ദ്ധത്തിനുള്ളില്‍ താന്‍ ഒരു പച്ചമനുഷ്യജീവന്‍ എടുത്തു കളഞ്ഞതിന്റെ കഥയാണല്ലോ ദൈവേ, ഇത്ര നിസ്സാരമായി ഇയാള്‍ പറഞ്ഞതു്? എന്റെ ദേഹമൊട്ടാകെ ഒരു വിറയല്‍ വന്നുവോ? പിന്നെ ലേശം അകലം വിട്ടായി, നടത്തം. ഓട്ടക്കണ്ണിട്ടു് ഇടക്കിടെ ഇയാളെ സൂക്ഷിച്ചു നോക്കാനും തുടങ്ങി. എന്റെ പരിഭ്രമം അയാള്‍ ശ്രദ്ധിച്ചുവോ? അയാള്‍ സ്വകാര്യമായി അതാസ്വദിക്കുന്നുണ്ടോ എന്നു ചെറുതായൊരു സംശയം.

നടന്നു നടന്നു് ഒടുവില്‍ വീടെത്തി. പുഴക്കരയിലെ പറമ്പില്‍ ഒരു തറയില്‍ നാലു കാലിന്മേല്‍ കെട്ടിപ്പൊക്കിയ ഒരു കൂര. ചാക്കും തുണിയും പായയും കൊണ്ടു് മറച്ചിട്ടുണ്ടു്. ഇതിന്നുള്ളിലാണു് താമസം. ഇതിനാണു് വീട്ടുനമ്പര്‍ വേണ്ടതും. റേഷന്‍ കാര്‍ഡു് വേണം, അതാണത്യാവശ്യം. കൂരയ്ക്കു് വീട്ടുനമ്പര്‍ കിട്ടിയിട്ടു വേണം അതിന്നപേക്ഷിക്കാന്‍. ക്രമേണ ഇതൊരു ചെറിയ വീടാക്കി മാറ്റണം.

പുറത്തുനിന്നൊരാള്‍ വീട്ടില്‍ വന്നതിന്റെ നാട്ടുമര്യാദയെല്ലാം എന്നോടും കാട്ടി. കൂരയില്‍ സ്ഥലസൌകര്യമില്ലാത്തതു കൊണ്ടു് മുറ്റത്തു് ഇരിക്കാന്‍ കസേരയിട്ടു തന്നു. കുറെ ദൂരം വഴി നടന്നു് വന്നതായതു കൊണ്ടു് കുടിക്കാന്‍ വെള്ളവും. ഇത്രയുമായപ്പോള്‍ എനിക്കു് ലേശം ധൈര്യം വന്നു. കൂരയും, അതു നില്‍ക്കുന്ന പറമ്പിന്റെ അതിരും മറ്റും പരിശോധിച്ചു് അളവുകളും മറ്റും ശരിയാണോയെന്നു് ചുറ്റി നടന്നു നോക്കുന്നതിനിടയില്‍, പറമ്പില്‍ അങ്ങിങ്ങായും കൂടിക്കിടന്ന കരിങ്കല്‍ക്കഷ്ണങ്ങളിന്മേലും ഉണങ്ങിപ്പിടിച്ച ചോരപ്പാടുകള്‍ കണ്ണില്‍പ്പെട്ടതു് പെട്ടെന്നാണു്. മുമ്പു കേട്ട കഥയുടെ ഓര്‍മ്മയില്‍ ഒരു നടുക്കം. ഉള്ളിലെ ഞെട്ടല്‍ പുറത്തു കാണിക്കാതെ ഞാനതും നോക്കി നില്‍ക്കുന്നതു കണ്ടിട്ടാവണം അയാള്‍, ഒന്നു രണ്ടു ദിവസം മുന്‍പു് ഒരു മലയണ്ണാന്‍ കുറ്റ്യാടിപ്പുഴയിലൂടെ ഒഴുകി വന്നതു കണ്ടതിന്റെയും, പുഴയിലിറങ്ങി അതിനെ പിടിച്ചെടുത്തു് കൊന്നു കറി വച്ചു തിന്നതിന്റെയും കാര്യം പറഞ്ഞു. അതിനെ കൊന്നതിന്റെയാണത്രേ, ആ ചോരപ്പാടുകള്‍. പെരുവണ്ണാമൂഴി ഭാഗത്തു് മഴയോ ഉരുള്‍പൊട്ടലോ ഉണ്ടാവുമ്പോള്‍ ഇങ്ങനെ ഓരോരോ ജീവികള്‍ ഇതു പോലെ ഒഴുകി താഴേക്കു് വരാറുണ്ടത്രേ. ജീവനോടെയും അല്ലാതെയും. കണ്ണില്‍ പെട്ടാല്‍ പിടിച്ചെടുത്തു് ജീവനുണ്ടെങ്കില്‍ അതിനെ കൊന്നു് തിന്നാന്‍ പറ്റുന്നതാണെങ്കില്‍ തിന്നും, അല്ലെങ്കില്‍ കളയും. രണ്ടായാലും, ആ ജീവിക്കു് സ്വജീവന്‍ നഷ്ടപ്പെട്ടതു തന്നെ. ഇതു കൂടി കേട്ടപ്പോള്‍ എനിക്കവിടെ നിന്നെങ്ങിനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായി. അവിടെത്തെ പരിശോധനയെല്ലാം പെട്ടെന്നു തീര്‍ത്തു് ഫയലില്‍ അത്യാവശ്യ കുറിപ്പുകളുമെഴുതിയിട്ടു് വേഗം അവിടെ നിന്നിറങ്ങി. നിരത്തു വരെ കൂടെ വരണോയെന്നു് അയാള്‍ ചോദിച്ചെങ്കിലും, വേണ്ടെന്നു് പറഞ്ഞൊഴിഞ്ഞു. ആ ഭാഗത്തേക്കുള്ള മറ്റു് അപേക്ഷകളുടെ അന്വേഷണവും മറ്റും തീര്‍ത്തു് പതിവുപോലെ ഓഫീസിലേക്കു് മടങ്ങി.

ഇതല്ലാതെ മറ്റു് പല കാര്യങ്ങളും ചെയ്യേണ്ടതുള്ളതിനാല്‍, ഇത്തരം അപേക്ഷകളുടെ കാര്യത്തില്‍ സാധാരണ ഒരാഴ്ചക്കുള്ളില്‍ ഡോക്കുമെന്റു് റിപ്പോര്‍ട്ടും, വീട്ടുനമ്പര്‍ ശുപാര്‍ശ ചെയ്തു കൊണ്ടു് ഫീല്‍ഡു് റിപ്പോര്‍ട്ടും എഴുതി സെക്രട്ടറിയുടെ അംഗീകാരത്തിനു് സമര്‍പ്പിക്കാറാണു് അന്നത്തെ എന്റെ പതിവു്. പക്ഷേ, ഇയാളുടെ അപേക്ഷയും കൊണ്ടു് ഞാന്‍ ഓഫീസ്സില്‍ തിരികെയെത്തിയ പാടെ ആദ്യം ചെയ്തതു്, ഇതിന്മേല്‍ ഞാന്‍ ചെയ്യേണ്ട നടപടികള്‍ മുഴുവന്‍ തീര്‍ത്തു് അംഗീകാരത്തിനു വച്ചുവെന്നതാണു്. അയാള്‍ ഇനി ഇതും പറഞ്ഞു് എന്റടുത്തു് വരേണ്ട. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ ഓഫീസ്സില്‍ വന്നു് കെട്ടിടത്തിന്റെ ഓണര്‍ഷിപ്പു് സര്‍ട്ടിഫിക്കറ്റും വാങ്ങിപ്പോയി. സെക്രട്ടറിയോടും അയാള്‍ എന്നോടു പറഞ്ഞ പോലെ എന്തോ സൂചിപ്പിച്ചുവെന്നു തോന്നി. അയാളെപ്പറ്റി ഞാന്‍ മറ്റാളുകളോടന്വേഷിച്ചതില്‍, പറഞ്ഞതു മുഴുവന്‍ സത്യമാണെന്നറിഞ്ഞു.

വീണ്ടും ഇദ്ദേഹത്തെ ഞാന്‍ കണ്ടതു് ഒരു ദിവസം രാവിലെ പഞ്ചായത്താപ്പീസ്സിലേക്കു് കയറിച്ചെല്ലുമ്പോഴാണു്. മുമ്പു് ഞാന്‍ കണ്ട രൂപമല്ല. പിരിച്ചു വച്ച കട്ടിമീശയ്ക്കു് പുറമേ, തല മുഴുവന്‍ മൊട്ടയടിച്ചു്, താടി ക്ലീന്‍ഷേവു് ചെയ്തു്, വീതുളി കൃതാവും മറ്റും വച്ചു് കാര്യമായ ഒരു രൂപമാറ്റം വന്നിട്ടുണ്ടു്. പഞ്ചായത്താപ്പീസ്സിന്റെ ഗേറ്റു് അടച്ചു പൂട്ടിയ ശേഷം മതിലിന്മേല്‍ കയറിനിന്നു് വായില്‍ത്തോന്നിയതെല്ലാം വിളിച്ചു പറയുകയാണു്. കുറേ ആളുകള്‍ ഇതും കേട്ടു് ചുറ്റും കൂടി നില്‍ക്കുന്നു. എന്നെ കണ്ടപ്പോള്‍ ഒരു പരിചയഭാവം  കാട്ടിയെങ്കിലും, മുന്നിലൂടെ കയറുന്നതു് അത്ര പന്തിയല്ലെന്നു് എനിക്കു് തോന്നിയതിനാല്‍, കൃഷിഭവന്റെ അടുത്തേക്കു് ചെന്നു് പിന്‍വശത്തെ വാതിലിലൂടെയാണു് അന്നു് ഓഫീസിനുള്ളില്‍ കയറിയതു്. വെറുതേ എന്തിനു് കുഴപ്പത്തില്‍ച്ചാടണം? ഓഫീസ്സിനുള്ളിലാണെങ്കില്‍ എല്ലാവരും ഇക്കാഴ്ചകളെല്ലാം കണ്ടു് ആസ്വദിക്കുകയാണു്. ഞാനും കുറച്ചു നേരം ആ പറയുന്നതും കേട്ടിരുന്ന ശേഷം എന്റെ ദിനേനയുള്ള തിരക്കുകളിലേക്കു് ഊളിയിട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍, ഇതു് കേട്ടറിഞ്ഞു വന്ന പ്രസിഡണ്ടു് നയത്തില്‍ മൂപ്പരെ വിളിച്ചു് കൊണ്ടു പോയി പ്രശ്നമൊഴിവാക്കി.

ചെറുവണ്ണൂരിലെ എന്റെ ദിവസങ്ങള്‍ ഓര്‍ത്തെടുത്തപ്പോള്‍ ഇതു പറയണമെന്നു് തോന്നി. ഇക്കഴിഞ്ഞ ദിവസം എന്റെ അവിടെത്തെ ഒരു സുഹൃത്തിനോടിയാളുടെ കാര്യം അന്വേഷിച്ചപ്പോള്‍, ആ കേസ്സിപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും, പക്ഷേ, ആളിപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും, കഴിഞ്ഞ വര്‍ഷം കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തുവെന്നും അറിയാന്‍ കഴിഞ്ഞു. ആ ജീവിതം അങ്ങനെ അവസാനിച്ചു.