പഞ്ചായത്തുകളെന്നാല്‍

എന്താണീ പഞ്ചായത്തുകള്‍?

ദിനപത്രങ്ങളിലെ പ്രാദേശികവാര്‍ത്താ പേജുകളില്‍ പഞ്ചായത്തുതലത്തിലുള്ള ഒരു വാര്‍ത്തയെങ്കിലുമില്ലാത്ത ദിവസങ്ങളുണ്ടാവാറില്ല. പഞ്ചായത്തുകളെ പ്രാദേശിക സര്‍ക്കാരുകളെന്നും ഈയിടെയായി മുഖ്യധാരാമാദ്ധ്യമങ്ങള്‍ സൂചിപ്പിച്ചു വരാറുണ്ടു്.

പല സിനിമകളിലും നാടകങ്ങളിലും പഞ്ചായത്തുകളെയും അതിലെ ജനപ്രതിനിധികളെയും ചിത്രീകരിച്ചതു് നാം കണ്ടിട്ടുണ്ടു്. പഞ്ചവടിപ്പാലം തുടങ്ങി, അഴകിയ രാവണന്‍, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, ഇങ്ങേയറ്റം പ്രമാണി വരെയുമുള്ള സിനിമകള്‍. പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ പൊതുവില്‍ കോമാളികളും വിവരദോഷികളുമാണെന്നും, അപ്രധാനമായ ചില ഏര്‍പ്പാടുകള്‍ നടക്കുന്ന ഒരു സ്ഥലമാണതെന്നുമുള്ള ഒരു ഏകദേശ ധാരണ, സമൂഹത്തിന്റെ മേല്‍നിലകളില്‍ മാത്രം പരിചയിച്ചിട്ടുള്ള അഭ്യസ്തവിദ്യരുടെ ഇടയില്‍ വരുത്തിത്തീര്‍ക്കാന്‍ ഈ സിനിമകളും നാടകങ്ങളും ഏറിയോ കുറഞ്ഞോ പ്രേരണയായിട്ടുണ്ടു്.

ഈ ധാരണ ശരിയോ തെറ്റോ എന്നതവിടെ നില്‍ക്കട്ടെ. അതല്ല ഇവിടെത്തെ ചിന്താവിഷയം. യഥാര്‍ത്ഥത്തില്‍ പഞ്ചായത്തു് എന്നു വച്ചാല്‍ എന്താണു്? ജനങ്ങള്‍ക്കിടയിലും സമൂഹത്തിലും അതിന്റെ നിലയെന്താണു്? എന്താണു് അതിന്നു് ഗ്രാമീണ ജീവിതത്തില്‍ നിര്‍വ്വഹിക്കാനുള്ള പങ്കു്? ഈ ചുമതലകള്‍ അതു് നിറവേറ്റുന്നതു് എങ്ങനെയൊക്കെയാണു്? പഞ്ചായത്തുകളില്ലെങ്കില്‍ എന്തു സംഭവിക്കും?

ഇത്തരം ചോദ്യങ്ങള്‍ക്കു് സമൂഹത്തിന്റെ പല തട്ടിലുള്ള ആളുകള്‍ക്കും പറയാനുള്ള മറുപടി പലതായിരിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കു് അവരുടേതായ കാഴ്ചപ്പാടുകള്‍ കാണും. സാധാരണ ജനത്തിനു് അവരുടേതു്. ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടു് വേറൊന്നായിരിക്കും. പലപ്പോഴും ഈ കാഴ്ചപ്പാടുകള്‍ തമ്മില്‍ പൊരുത്തപ്പെട്ടു പോയ്ക്കൊള്ളണമെന്നുമില്ല.

ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ അവശ്യഘടകങ്ങളുള്‍ക്കൊള്ളുന്ന ഏറ്റവും ചെറിയ യൂണിറ്റുകളാണു് ഭാരതത്തിലെ ഗ്രാമപഞ്ചായത്തുകള്‍. പഞ്ചായത്തുകളെപ്പറ്റി പൊതുവില്‍ സ്വീകാര്യമാകാവുന്ന വിശേഷണം “ശാശ്വത പിന്തുടര്‍ച്ചാവകാശമുള്ള ഏകാംഗീകൃത നികായ”ങ്ങളാണു് അവയെന്നതാണു്. നികായമെന്നാല്‍ സമൂഹമെന്നര്‍ത്ഥം. വിശദമാക്കിയാല്‍, ഒരു പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കുള്ളില്‍ അതു് സാധാരണ ഗതിയില്‍ ചെയ്തു വരുന്ന സേവനങ്ങളും പ്രവര്‍ത്തനങ്ങളും ചെയ്യാനുള്ള ആധികാരികത, നിയമപരമായി ആ സമൂഹത്തിന്റെ വിവിധ ഘടകങ്ങള്‍ക്കു് മേല്‍ മാത്രം നിക്ഷിപ്തമാണു് എന്നു്. ഈ സമൂഹത്തിനുള്ളില്‍, വോട്ടവകാശമുള്ള ജനത്തിനും അവരുടെ കാര്യാലോചനാ സഭയായ ഗ്രാമസഭയ്ക്കുമാണു് ഒന്നാമതു് പ്രാമുഖ്യം. നേരിട്ടു് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍, അവരുള്‍പ്പെടുന്ന ഭരണസമിതി, സ്റ്റാന്റിങ് കമ്മറ്റികള്‍, പഞ്ചായത്തിന്റെ കേന്ദ്ര ആഫീസും ഘടകസ്ഥാപനങ്ങളും അവയിലെ ഉദ്യോഗസ്ഥവൃന്ദവും, വിവിധ ആവശ്യങ്ങള്‍ക്കായി രൂപീകരിക്കപ്പെടുന്ന കമ്മറ്റികള്‍, പല ആവശ്യങ്ങള്‍ക്കുമായി പഞ്ചായത്തു് സൃഷ്ടിക്കുന്ന സ്ഥാനങ്ങള്‍ എന്നിവ പിന്നാലെ. നാം കാണുന്ന സമൂഹത്തില്‍ ഉണ്ടാവാറുള്ളതു പോലെ, പുറത്തു നിന്നു നോക്കുമ്പോള്‍ ഈ സമൂഹത്തിന്റെ ഘടകങ്ങള്‍ക്കിടയിലും പ്രാമാണ്യത്തര്‍ക്കങ്ങളും ചില്ലറ മൂപ്പിളമ പ്രശ്നങ്ങളും നിയമ-രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളുമൊക്കെ ഉണ്ടാവാറുണ്ടു്. പരസ്പരം കൂടിക്കലര്‍ന്നും ഇഴചേര്‍ന്നും കിടക്കുന്ന അതിന്റെ വിവിധ ഘടകങ്ങള്‍ ഒരു മനസ്സോടെ പ്രവര്‍ത്തിച്ചെങ്കിലേ പഞ്ചായത്തെന്ന യന്ത്രം വിജയകരമായി മുന്നോട്ടു പോവുകയുള്ളൂ.

ഇവിടെ ഞാന്‍ പറയാനുദ്ദേശിക്കുന്നതു് താഴേത്തട്ടിലെ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചും ജീവിച്ചും പരിചയിച്ച ഒരു ജീവനക്കാരന്‍ എന്ന നിലയിലുള്ള എന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമാണു്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള കാര്യങ്ങള്‍ മാത്രമേ ഇവിടെ ഞാന്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നുമുള്ളൂ. പഞ്ചായത്തുതലത്തിലെ ഉദ്യോഗസ്ഥവൃന്ദത്തില്‍ പെടുന്ന ഒരാള്‍ എന്ന നിലയിലുള്ള ചായ്‌വു് ഈ കുറിപ്പുകളില്‍ കണ്ടേയ്ക്കാം. ആര്‍ക്കെങ്കിലും എന്റെ ഈ കുറിപ്പുകള്‍ പ്രയോജനപ്പെടുന്നെങ്കില്‍, ആവട്ടെ. പ്രയോജനപ്പെട്ടില്ലെങ്കിലും സാരമില്ല. എന്റെ അനുഭവക്കുറിപ്പുകളാണിവ. വരും ദിവസങ്ങളില്‍ കുറേശ്ശെക്കുറേശ്ശെയായി കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കുറിച്ചിടാന്‍ ശ്രമിക്കാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )