വൈറസ് – സിനിമയും കൂരാച്ചുണ്ടിലെ നിപ്പക്കാലവും എന്റെ ഭൂപടവും.

ഇന്നു് ആഷിക്‍ അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമ കണ്ടു. നല്ല സിനിമ. അഭിനേതാക്കള്‍ മിക്കവരും തന്നെ തങ്ങളുടെ മൂലകഥാപാത്രങ്ങളോടു് നീതി പുലര്‍ത്തിയിട്ടുണ്ടു്. എന്നാല്‍ സിനിമയില്‍ ഉള്‍പ്പെടാതെ പോയതും, വേണ്ടത്ര മിഴിവില്ലാതെ ഉള്‍പ്പെടുത്തിയതുമായ ചില കാര്യങ്ങള്‍ പറയുന്നതില്‍ അപാകമുണ്ടാവില്ലെന്നു കരുതുന്നു.

ഒന്നാമതു് ശ്രദ്ധയില്‍പ്പെട്ടതു് രേവതി അവതരിപ്പിച്ച ആരോഗ്യമന്ത്രി സി കെ പ്രമീളയുടെ കഥാപാത്ര രൂപകല്പനയാണു്. വളരെ ദുര്‍ബ്ബലയായ ഒരു സ്ത്രീയായാണു് അവരെ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളതായിക്കണ്ടതു്. എന്നാല്‍ നിപ്പ ബാധിച്ച സമയത്തോ അതിനു മുമ്പോ പിന്‍പോ നമ്മുടെ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജടീച്ചര്‍ അത്തരമൊരു ദുര്‍ബ്ബലയായ ഒരാളാണെന്നു് ഒരു പ്രാവശ്യം പോലും തോന്നിച്ചിട്ടില്ല. വളരെ ഊര്‍ജ്ജസ്വലതയോടെയും കാര്യക്ഷമതയോടെയും തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്ന വ്യക്തിയായാണു് അവര്‍ തന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ ഇപ്പോഴും നിറഞ്ഞു നില്ക്കുന്നതു്. ഒരു പക്ഷേ സിനിമ എന്ന കലാസൃഷ്ടിയുടെ നാടകീയത സംരക്ഷിക്കുന്നതിനു വേണ്ടിയായിരിക്കാം ആ രീതിയില്‍ ചിത്രീകരിച്ചതു്.

പക്ഷേ നിപ്പ ബാധിച്ചു് ഒരാള്‍ മരണമേറ്റു വാങ്ങിയ കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തില്‍ ആ സമയത്തു് ജോലി ചെയ്ത ഒരാളെന്ന നിലയില്‍ എനിക്കു വൈറസ് സിനിമയിലെ ആരോഗ്യമന്ത്രിയുടെ കഥാപാത്ര രൂപകല്പന അത്ര നന്നായിത്തോന്നിയില്ല. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കഥയാണല്ലോ സിനിമ പറയുന്നതു്. ആ കഥാപാത്രത്തെ ശൈലജ ടീച്ചറുടെ വ്യക്തിത്വത്തിനിണങ്ങും വിധത്തിലുള്ള ഒരാളായി സിനിമയില്‍ കാണിക്കാമായിരുന്നുവെന്നു തോന്നി.

രണ്ടാമതായി, ഞങ്ങള്‍ ലോക്കല്‍ അതോറിറ്റിക്കാരെ (അതായതു് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തു് സംവിധാനങ്ങള്‍) സിനിമയില്‍ കാര്യമായൊന്നും സ്പര്‍ശിക്കുന്നില്ല. ആശുപത്രികളിലും ഗവണ്മെന്റ് ഗസ്റ്റ്ഹൌസിലൊരുക്കിയ നിപ്പ സെല്ലിലും മാത്രമായാണു് സിനിമ മുന്നേറുന്നതു്. എന്നാല്‍ ജില്ലയിലെ മറ്റു ഉദ്യോഗസ്ഥസംവിധാനങ്ങളും ചെറുതെങ്കിലും, തങ്ങളുടേതായ പങ്കു് നിപ്പ പ്രതിരോധവിഷയത്തില്‍ നിര്‍വ്വഹിച്ചിട്ടുണ്ടു്. ഒരുപാടു കാര്യങ്ങളൊന്നും ഞങ്ങള്‍ക്കു ചെയ്യാനില്ലായിരുന്നുവെങ്കിലും, നിപ്പ ബാധിച്ച കാലത്തു് കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലും പഞ്ചായത്തു് വകുപ്പിലും നടന്ന കാര്യങ്ങള്‍ പറയുന്നതു തെറ്റായിരിക്കില്ലെന്നു തോന്നുന്നു.

പകര്‍ച്ചവ്യാധി പ്രതിരോധ വിഷയത്തില്‍ മലബാര്‍ മേഖലയിലെ ലോക്കല്‍ അതോറിറ്റികള്‍ക്കുള്ള ചുമതല വിവരിച്ചിട്ടുള്ളതു് 1939ലെ മദ്രാസ് പൊതുജനാരോഗ്യ നിയമത്തിലാണു്. (തിരുവിതാംകൂര്‍-കൊച്ചി ഭാഗത്തു് 1955ലെ ട്രാവന്‍കൂര്‍-കൊച്ചിന്‍ പൊതുജനാരോഗ്യ നിയമത്തിനാണു് പ്രാബല്യം. കേരള സംസ്ഥാന രൂപീകരണ ശേഷം ഇത്ര വര്‍ഷങ്ങളായിട്ടും നമുക്കൊരു ഏകീകൃത പൊതുജനാരോഗ്യ നിയമമില്ലെന്നതു് വേറൊരു കുറിപ്പിനുള്ള വിഷയം.) പ്രസ്തുത നിയമത്തിലെ അദ്ധ്യായം 7ല്‍ പാര്‍ട്ട് ഒന്നിലെ സെക്‍ഷന്‍ 54ലും 55ലും മറ്റുമാണു് പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ ലോക്കല്‍ അതോറിറ്റികള്‍ക്കുള്ള ചുമതലകള്‍ വിവരിക്കുന്നതു്.

04/06/2018നാണു് നിപ്പ സംബന്ധിച്ചു് പഞ്ചായത്തു് ഡെപ്യൂട്ടി ഡയറക്ടറുടെ ആദ്യത്തെ ഇ-മെയില്‍ കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലേക്കു് വരുന്നതു്. നിപ്പ പനി നിരീക്ഷണത്തിലുള്ള ആളുകള്‍ക്കു് സൗജന്യമായി ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ബഹു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ 04/06/2018നു് ചേര്‍ന്ന യോഗനിര്‍ദ്ദേശപ്രകാരമായിരുന്നു അതു്.

നിപ്പ പനി നിരീക്ഷണത്തിലുള്ളവരായി ആരോഗ്യ വകുപ്പു കണ്ടെത്തിയ അര്‍ഹതപ്പെട്ട ആളൂകള്‍ക്കു് സൗജന്യ ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിനു് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും സിവില്‍ സപ്ലൈസ് വകുപ്പു് അതാതു പഞ്ചായത്തുകളിലെ മാവേലി സ്റ്റോറില്‍ / സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എത്തിക്കുന്ന ഭക്ഷണ കിറ്റ് അവിടെ നിന്നും കൈപ്പറ്റി സിവില്‍ സപ്ലൈസ് വകുപ്പു കൈമാറുന്ന ഗുണഭോക്താക്കള്‍ക്കു് എത്തിച്ചു കൊടുക്കേണ്ട ചുമതല അതാതു ഗ്രാമപഞ്ചായത്തുകള്‍ക്കാണെന്നും ഇതിനായി കുടുംബശ്രീ/ആശ/സന്നദ്ധപ്രവര്‍ത്തകരുടെ സേവനം അതാതു പഞ്ചായത്തുകളുടെ യുക്തി അനുസരിച്ചും പ്രയോജനപ്പെടുത്താവുന്നതാണെന്നും, അവ ഗുണഭോക്താക്കള്‍ക്കു ലഭിച്ചു എന്നു് ഉറപ്പു വരുത്തേണ്ട ചുമതല ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തു് സെക്രട്ടറിക്കാണെന്നും ഭക്ഷണ കിറ്റുകള്‍ വീടുകളില്‍ എത്തിക്കുന്നതിനുള്ള വാഹന സൗകര്യങ്ങളും മറ്റു സഹായങ്ങളും ഗ്രാമപഞ്ചായത്തു് സെക്രട്ടറി ചെയ്തു കൊടുക്കേണ്ടതാണെന്നും. തൊട്ടടുത്ത ദിവസം 05/06/2018നു് വൈകുന്നേരത്തോടെ തന്നെ എല്ലാ ഗുണഭോക്താക്കള്‍ക്കും ഭക്ഷണ കിറ്റ് കിട്ടി എന്നു് ഉറപ്പുവരുത്തേണ്ടതാണെന്നും സിവില്‍ സപ്ലൈസ് വകുപ്പു് കൈമാറുന്ന ലിസ്റ്റിലുള്ളവരുടെ മേല്‍വിലാസത്തിലെ അവ്യക്തത, അപൂര്‍ണ്ണമായ മേല്‍വിലാസങ്ങള്‍ എന്നിവയും ഗ്രാമപഞ്ചായത്തു് മെമ്പര്‍മാര്‍ കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായത്തോടെ കണ്ടെത്തേണ്ടതാണെന്നും ഇപ്രകാരം എല്ലാ ഗുണഭോക്താക്കള്‍ക്കും ഭക്ഷണ കിറ്റ് വിതരണം ചെയ്തു എന്ന റിപ്പോര്‍ട്ട് 06/06/2018നു് 11.00 മണിക്കു മുമ്പേ ജില്ലാ കളക്ടര്‍ക്കു്/ നിപ്പ സെല്ലിനു് അതാതു ഗ്രാമപഞ്ചായത്തു് സെക്രട്ടറിമാര്‍ സമര്‍പ്പിക്കേണതാണെന്നും, ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിനുള്ള യുക്തമായ ക്രമീകരണങ്ങള്‍ അതാതു ഗ്രാമപഞ്ചായത്തുകള്‍ ഏര്‍പ്പെടുത്തേണ്ടതും ഇതിന്റെ പ്രവര്‍ത്തനം ഫലപ്രദമായി നടക്കുന്നു എന്നു് ഗ്രാമപഞ്ചായത്തു് പ്രസിഡണ്ട് ഉറപ്പു വരുത്തേണ്ടതും വാര്‍ഡ് തലത്തില്‍ ഗ്രാമപഞ്ചായത്തു് മെമ്പര്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം ഇക്കാര്യത്തില്‍ ലഭ്യമാക്കുന്നതിനു് പ്രസിഡണ്ട് മുന്‍കൈ എടുക്കേണ്ടതാണെന്നും മറ്റുമായിരുന്നു കത്തില്‍.

തുടര്‍ന്നു് 05/06/2018നു് പഞ്ചായത്തു് ഡെപ്യൂട്ടി ഡയറക്‍ടറുടെ അടുത്ത ഇമെയില്‍ വന്നു. അതു് ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ 05/06/2018 തിയ്യതിയിലെ നിർദ്ദേശപ്രകാരമായിരുന്നു.

നിപ്പ വെെറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണത്തില്‍ ഉൾപ്പെടുന്നവർക്കു് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകേണ്ടവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിപ്പ മീഡിയ സെല്ലിൽ നിന്നും ശേഖരിച്ചു് ജില്ലാ സപ്ലെെ ഓഫീസർ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രസ്തുത ലിസ്റ്റ് ഉളളടക്കം ചെയ്യുന്നുവെന്നും, ബന്ധപ്പെട്ടവർക്കു് വിതരണം ചെയ്യേണ്ട കിറ്റുകൾ അന്നു് 2.00 മണിയ്ക്കു് മുമ്പായി ഞങ്ങളുടെ പഞ്ചായത്തു് പരിധിയിലെ സിവിൽ സപ്ലെെസ് ഔട്ട്‌ലെറ്റ് / മാവേലി സ്റ്റോറിൽ ജില്ലാ സപ്ലെെ ഓഫീസർ എത്തിക്കുന്നതാണെന്നും കിറ്റുകൾ അടിയന്തിരമായി ഏറ്റുവാങ്ങി ഗ്രാമപഞ്ചായത്തു് പ്രസിഡന്റ് ആരോഗ്യവകുപ്പു് ജീവനക്കാർ എന്നിവരുമായി കൂടിയാലോചിച്ചു് ബന്ധപ്പെട്ടവർക്കു് എത്തിക്കേണ്ടതുമാണെന്നായിരുന്നു ഉള്ളടക്കം.

പ്രസ്തുത ലിസ്റ്റ് സ്വകാര്യമായി സൂക്ഷിക്കേണ്ടതാണെന്നും, ഇതു വ്യാപകമായി പ്രചരണം നടത്തിയാലുണ്ടാവുന്ന ഭവിഷ്യത്തുകൾക്കു് ഞങ്ങളുടെ ഓഫീസിനു് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന മുന്നറിയിപ്പു കൂടി കത്തിലുണ്ടായിരുന്നു.

മൂന്നു പ്രാവശ്യമായി കിട്ടിയ ലിസ്റ്റുകളില്‍ പഞ്ചായത്തില്‍ പല ഭാഗങ്ങളിലായുള്ള ആകെ 20 പേരുടെ കോണ്‍ടാക്റ്റ് വിവരങ്ങളുണ്ടായിരുന്നു. ലിസ്റ്റുകളും കത്തും നിര്‍ദ്ദേശവും കിട്ടിയ ഉടന്‍ അന്നു് പഞ്ചായത്തു് സെക്രട്ടറി തന്നെ, വിഷയത്തിന്റെ ഗൌരവമുള്‍ക്കൊണ്ടു് നേരിട്ടു് പ്രസ്തുത ഭക്ഷ്യധാന്യ കിറ്റുകള്‍ ഓരോ പ്രാവശ്യവും ഏറ്റു വാങ്ങുകയും പഞ്ചായത്തിന്റെ വാഹനത്തില്‍ ആരോഗ്യവകുപ്പു ജീവനക്കാരെക്കൂടി കൂടെ കൂട്ടി നേരിട്ടു് അതാതു വീടുകളില്‍ എത്തിക്കുകയാണുണ്ടായതു്. ഇങ്ങനെയുള്ള ചെറിയ ചെറിയ ഇടപെടലുകള്‍ ഈ വിഷയത്തില്‍ പല തലങ്ങളിലായി ജില്ലയില്‍ നടന്നിട്ടുണ്ടെന്നു കൂടി ഓര്‍മ്മിപ്പിക്കാനാണു് ഈ കുറിപ്പെഴുതിയതു്.

മൂന്നാമതായി,

സിനിമയിലൊരിടത്തു് ഉണ്ണികൃഷ്ണനു് രോഗം പകര്‍ന്നിരിക്കാനുണ്ടായ വഴികള്‍ അപഗ്രഥിക്കുന്ന സമയത്തു് കോഴിക്കോടു് ജില്ലയുടെ ഒരു ഭൂപടം കാണിക്കുന്നുണ്ടു്.

ആ ഭൂപടം വിക്കിപീഡിയ / വിക്കിമീഡിയ കോമണ്‍സില്‍ നിന്നെടുത്തു മോഡിഫൈ ചെയ്തതാണു്. അതിന്റെ അസ്സല്‍ ഭൂപടം വരച്ചതു് ഞാനാണു്. അതേന്നേയ്, 2011ല്‍ വരച്ചു് വിക്കിപീഡിയയിലും, വിക്കിമീഡിയ കോമണ്‍സിലും ഞാന്‍ തന്നെയാണു് കയറ്റിയിട്ടതു്. ഞാന്‍ വരച്ച ആ ചിത്രം എനിക്കു് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. കാരണം അത്രയും സൂക്ഷ്മതലത്തിലുള്ള വിവരങ്ങള്‍ കൂട്ടിചേര്‍ത്താണാ ഭൂപടമുണ്ടാക്കിയതു്. സംശയമുള്ളവര്‍ക്കു് താഴെ കണ്ണികളില്‍ ചെന്നു് വെരിഫൈ ചെയ്യാം. അതില്‍ ചെന്നു് അതിന്റെ authorന്റെ ഡീറ്റെയില്‍സ് നോക്കിയാല്‍ മതി.

https://commons.wikimedia.org/wiki/File:Kozhikode-district-map-en.svg

https://ml.wikipedia.org/wiki/പ്രമാണം:Kozhikode-district-map-ml.svg

കോഴിക്കോടു് ജില്ലയിലെ ലോക്കല്‍ അതോറിറ്റികളുടെ അതിരുകളും, നിയമസഭാമണ്ഡലങ്ങളും അപ്റ്റുഡേറ്റായും കൃത്യമായും വരച്ചു ചേര്‍ത്തിട്ടുള്ള ഇന്നും ലഭ്യമായ ഒരേയൊരു ഭൂപടം അതേയുള്ളൂ. ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെയെന്ന ഉദ്ദേശ്യത്തില്‍ത്തന്നെയാണു് അന്നു് മെനക്കെട്ടു് അതു വരച്ചതു്. എന്നാലും, അതു സിനിമ പോലെയുള്ള ഒരു കൊമേഴ്‌സ്യല്‍ ആവശ്യത്തിനു് എടുത്തുപയോഗിക്കുമ്പോ അതു വരച്ചയാളോടു് ചെറുതായെങ്കിലും ഒരാശയസംഭാഷണം നടത്തിയിരുന്നെങ്കില്‍ അതെന്നെപ്പോലുള്ളവര്‍ക്കു് ഒരു സന്തോഷമായേനെ. തുടര്‍ന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഒരു പ്രചോദനമായേനെ. സിനിമയ്ക്കായി അതിലും മെച്ചപ്പെട്ട ഭൂപടമുണ്ടാക്കിത്തരാനും സാധിക്കുമായിരുന്നു. ആഹ് പോട്ട്…

അപ്പോ സലാം.

അപ്‌ഡേറ്റ് (05/07/2019 വൈകുന്നേരം)

ഇന്നലെ (04/07/2019) നു് സായംസന്ധ്യയ്ക്കു് ഫേസ്‌ബുക്കിലെ ‘വൈറസ്’ സിനിമയുടെ ഔദ്യോഗിക പേജിലും, സംവിധായകന്‍ ആഷിക്‍ അബുവിന്റെ പേജിലും, നിര്‍മ്മാതാവു് റിമ കല്ലിങ്കലിന്റെ പേജിലും, ഞാന്‍ വരച്ചു വിക്കിമീഡിയ കോമണ്‍സില്‍ ചേര്‍ത്ത കോഴിക്കോടു് ജില്ലയുടെ ഭൂപടം, കടപ്പാടു വയ്ക്കാതെ സിനിമയില്‍ ഉപയോഗിച്ചതിനുള്ള ക്ഷമാപണവും കടപ്പാടും അറിയിപ്പായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

ഫേസ്ബുക്ക് പോസ്റ്റുകളിലേക്കുള്ള കണ്ണികള്‍ താഴെ ചേര്‍ക്കുന്നു.

https://m.facebook.com/story.php?story_fbid=388578951776900&id=337915413509921

https://m.facebook.com/story.php?story_fbid=1358519924317113&id=270685793100537

https://m.facebook.com/story.php?story_fbid=2211684115613479&id=311298132318763

അവര്‍ അതിനു് ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് അനുശാസിക്കും വിധം യഥാവിധി കടപ്പാടു വയ്ക്കണമെന്നേ ഞാനാഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ, അവര്‍ അവരുടെ കടപ്പാടു് അറിയിച്ചതിനൊപ്പം, ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിലും മറ്റും പ്രസിദ്ധപ്പെടുത്തിയവ അടക്കമുള്ള ഇതര ഓപ്പണ്‍ ആക്സസ് പ്രസിദ്ധീകരണങ്ങള്‍ ഭാവിയില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യാമെന്നുള്ള അവരുടെ പ്രതിജ്ഞാബദ്ധതയും, ആ ഭൂപടത്തെപ്പറ്റിയും, ഞാനടക്കമുള്ള വിക്കിമീഡിയ പ്രവര്‍ത്തകരെപ്പറ്റിയും വിശേഷാല്‍, എന്നെപ്പറ്റിത്തന്നെയും എന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദമായിത്തന്നെ അന്വേഷിച്ചറിഞ്ഞു് വിവരിച്ചതും, എന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയറിയിച്ചും പോസ്റ്റ് ചെയ്തതു കണ്ടും, നിരവധി ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ ഈ വിവരം പ്രസിദ്ധപ്പെടുത്തിക്കണ്ടും ഞാന്‍ വാസ്തവത്തില്‍ വണ്ടറടിച്ചു നില്ക്കുകയാണു്. ഇത്രയൊന്നും ഞാന്‍ സത്യമായും ആഗ്രഹിച്ചതേയല്ല, പ്രതീക്ഷിച്ചതുമല്ല. ആഷിക്‍ അബുവിനും, റിമ കല്ലിങ്കലിനും ‘വൈറസ്’ സിനിമാപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം.

വിശാലഹൃദയനായ ഗര്‍വ്വാസീസ് ആശാന്‍ (ജയ്സെന്‍ നെടുമ്പാല) ക്ഷമിച്ചിരിക്കുന്നു. 🙂

(യാത്രകളിലും, തിരക്കുകളിലും പെട്ടുപോയതിനാലാണു് ഈ കുറിപ്പു വൈകിയതു്.)

അപ്‌ഡേറ്റ് (07/07/2019 വൈകുന്നേരം)

പത്രമാദ്ധ്യമങ്ങള്‍ ഇതൊക്കെ കവര്‍ ചെയ്യുമെന്നുള്ളതു് എനിക്കൊരു പുതിയ അറിവാണു്. വെറുതേ സെര്‍ച്ചു ചെയ്തു നോക്കിയപ്പോള്‍ കിട്ടിയ കണ്ണികള്‍ താഴെ കൊടുക്കുന്നു. ഞാനിത്ര വല്യ സംഭവം ആയിത്തീര്‍ന്നെന്നു് അപ്പഴാണു മനസ്സിലായതു്… ഇനി കുറച്ചു വെയിറ്റൊക്കെയിട്ടു നില്ക്കാം, ല്ലേ? 🙂

ആഷിക്‍ അബുവിനെയും റിമ കല്ലിങ്കലിനെയും ഒന്നു നേരില്‍ കണ്ടു സംസാരിക്കണമെന്നുണ്ടെനിക്കു്.. വെറുതേയങ്ങനെ..

https://www.mathrubhumi.com/movies-music/news/aashiq-abu-facebook-post-about-a-mistake-in-virus-movie-1.3930862

https://www.manoramaonline.com/movies/movie-news/2019/07/06/aashiq-abu-facebook-post-about-a-mistake-in-virus-movie-tovino-asif.html

https://www.deshabhimani.com/cinema/movie-virus/808892

https://www.azhimukham.com/film-aashiq-abu-rima-kallingal-apologised-for-virus-map-courtesy/?fbclid=IwAR3_aWzBrcnwLArCl3wPgA3t_53Ytr4b058_PsnaSuPQzHXlIEvmHm4-cqI

https://www.southlive.in/movie/film-news/virus-movie-map-contraversy/

https://www.mediaonetv.in/entertainment/2019/07/04/aashiq-abu-rima-kallingal-apologised-for-virus-film-error

http://www.kairalinewsonline.com/2019/07/05/264723.html

https://malayalam.news18.com/news/film/movies-ashiq-rima-apology-map-used-in-virus-137079.html

https://www.doolnews.com/ashiq-abu-and-rima-kallingal-apologize-485.html

https://www.marunadanmalayali.com/scitech/cyber-space/director-aashiq-abus-fb-post-goes-viral-152050

https://malayalam.samayam.com/malayalam-cinema/movie-news/aashiq-abu-apologies-to-jaisen-nedumpala-on-virus-movie-kozhikode-district-map-controversy/articleshow/70085895.cms