മോഹാലസ്യം ശുഭാന്ത്യം

ദേവഗിരി കോളേജില്‍ നിന്നു് ബിരുദമെടുത്തശേഷം ഒരു കൊല്ലത്തെ ഇടവേള കഴിഞ്ഞാണു് ഞാന്‍ ട്രെയിനിങ് കോളേജില്‍ ചേര്‍ന്നതു്. ഇടവേളയില്‍ ഞാന്‍ കൊണ്ടോട്ടി ഹൈസ്കൂളില്‍ അണ്‍ ട്രെയിന്‍ഡ് അദ്ധ്യാപകനായി ജോലി ചെയ്തു. ഹൈസ്കൂള്‍ പഠന കാലത്തു തന്നെ, ഒരു അദ്ധ്യാപകന്‍ ആവണം എന്നതായിരുന്നു എന്റെ അഭിലാഷം. കോഴിക്കോടു് ട്രെയിനിങ് കോളേജില്‍ ഇന്റര്‍വ്യൂവിന്റെ കാര്‍ഡ് ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ചു. നിശ്ചിത ദിവസം രാവിലെ കോളേജില്‍ എത്തി. കോളേജ് ഹാളില്‍ വെച്ചു് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുകളൊക്കെ കഴിഞ്ഞു. ഇനി പ്രിന്‍സിപ്പാളിന്റെ അഭിമുഖമാണു്. ശ്രീമാന്‍ കരിമ്പുഴ രാമകൃഷ്ണന്‍ സാറാണു് പ്രിന്‍സിപ്പാള്‍‍. കുട്ടിക്കാലം മുതല്‍ക്കു തന്നെ കേട്ടു് പരിചയമുള്ള പേരാണതു്. എന്റെ അനുജന്മാരെല്ലാം പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്തു് അദ്ദേഹം തയ്യാറാക്കിയ പാഠപുസ്തകമായിരുന്നു പഠിക്കാന്‍ ഉണ്ടായിരുന്നതു്. ധാരാളം കളര്‍ ചിത്രങ്ങള്‍ അടങ്ങിയ “ചിത്രാവലി” പുസ്തകം ഏറെ ആകര്‍ഷകമായിരുന്നു. ദേവഗിരി കോളേജില്‍ പഠിക്കുമ്പോള്‍ ഒന്നു രണ്ടു തവണ കലോത്സവത്തിനു് പ്രസംഗകനായി വന്നിട്ടുണ്ടു്. അറിയപ്പെടുന്ന വാഗ്മിയും സാഹിത്യകാരനുമാണു്. അതുകൊണ്ടു തന്നെ അദ്ദേഹത്തെപ്പറ്റി എന്റെ മനസ്സില്‍ ഒരു ആരാധനാ മനോഭാവം വളര്‍ന്നു നിന്നിരുന്നു.

പ്രിന്‍സിപ്പാളിന്റെ റൂമിനു് മുന്നില്‍ ഞാന്‍ അല്‍പ്പനേരം നിന്നു. അദ്ദേഹം എന്തോ തിരക്കിലാണു്. ദൂരെ നിന്നു കണ്ടപ്പോള്‍ ഗാംഭീര്യമുള്ള മുഖഭാവം, വെളുത്തു തടിച്ചു് ഉയരം കൂടിയ ശരീരം, വെളുത്ത ഫുള്‍ക്കൈ ഷര്‍ട്ട്, ഡബിള്‍ മുണ്ടു് – രണ്ടും ടെറികോട്ടണ്‍, നരച്ച തലമുടി, കഴുത്തില്‍ പൂണൂലിന്റെ ഭാഗം പൊങ്ങി നില്‍ക്കുന്നു. കുട്ടികൃഷ്ണ മാരാരുടെ “ഭാരത പര്യടന”ത്തില്‍ ദ്രോണാചാര്യരെ വര്‍ണ്ണിക്കുന്നൊരു ഭാഗമുണ്ടു്. അദ്ദേഹം വരച്ചു നല്‍കിയ ചിത്രം എന്റെ മനസ്സില്‍ തെളിഞ്ഞു. വലതുകൈ നെഞ്ചു വരെ ഉയര്‍ത്തി വന്ദിച്ചു. കയ്യില്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഫയലുമായി ഭയഭക്തി ബഹുമാനങ്ങളോടെ ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. ”ഗെറ്റ് ഔട്ട് ആന്‍ഡ് കം അഗൈന്‍” അദ്ദേഹത്തില്‍ നിന്നു് പെട്ടെന്നുള്ള അലര്‍ച്ച കേട്ടു് ഞാന്‍ ഞെട്ടിത്തരിച്ചു പോയി. എന്താണു് കാര്യമെന്നറിയാതെ ഞാന്‍ പിന്‍വാങ്ങി. വാതില്‍ക്കല്‍ ശങ്കിച്ചു് നില്‍പ്പായി. പ്രിന്‍സിപ്പാളിന്റെ “ഗെറ്റ് ഔട്ട്” കേട്ടുള്ള എന്റെ പാരവശ്യം കണ്ടു, ഓഫീസ് ക്ലാര്‍ക്ക്, ഭരതന്‍ അടുത്തേക്കു് വന്നു് ചെവിയില്‍ മന്ത്രിച്ചു: “ഗുഡ് മോണിങ് പറഞ്ഞു വിഷ് ചെയ്തു കൊണ്ടു് ഒന്നുകൂടി ചെല്ലൂ.” ഞാന്‍ ഓര്‍ത്തു, ഞാന്‍ വിഷ് ചെയ്തിട്ടാണല്ലോ അദ്ദേഹത്തെ സമീപിച്ചതു്. എന്തു പറ്റി?

ദേവഗിരി കോളേജില്‍ പഠിച്ചവരാരും സാമാന്യ മര്യാദ മറക്കില്ല. വിഷ് ചെയ്യുന്ന കാര്യം തീരെ മറക്കില്ല. അഥവാ മറന്നാല്‍ തകിടിയേല്‍ സാറിനെ മറക്കുക എന്നാണര്‍ത്ഥം. ശ്രീ. ദേവസ്യ തകിടിയേല്‍, കോളേജിലെ സീനിയര്‍ മലയാളം ലക്‍ചറര്‍ ആണു്. വെളുത്ത നിറവും നരച്ച തലമുടിയും, വെളുത്ത ജുബ്ബയും വെള്ള സിങ്കിള്‍‍ മുണ്ടും കയ്യില്‍ കാലു വളഞ്ഞ കുടയും ഒത്തു ചേര്‍ന്ന ലളിതമായ വേഷം. ക്ലാസ്സില്‍ വളരെ കര്‍ശന നിലപാടു് സ്വീകരിക്കുന്ന, പലപ്പോഴും ശുണ്ഠി എടുക്കുന്ന അദ്ദേഹം പക്ഷേ, ക്ലാസ്സിനു വെളിയില്‍ സൌമ്യനും ശാന്തനുമാണു്. വഴിയില്‍ അഭിമുഖമായി വരുന്ന വിദ്യാര്‍ത്ഥികള്‍ അടക്കം ആരെയും കൈ ഉയര്‍ത്തി വിഷ് ചെയ്യുകയും കുശലം ചോദിക്കുകയും ചെയ്യുന്ന ജാടയില്ലാത്ത മനുഷ്യന്‍. അദ്ദേഹത്തെയും ദേവഗിരിയെയും വിസ്മരിക്കുന്നതു് എങ്ങിനെ? എനിക്കു് വല്ലാത്ത വിഷമം തോന്നി.

ക്ലാര്‍ക്കിന്റെ നിര്‍ദ്ദേശമനുസരിച്ചു്, ഞാന്‍ “ഗുഡ് മോണിങ് സാര്‍,” എന്നു പറഞ്ഞു കൊണ്ടു്, വീണ്ടും പ്രിന്‍സിപ്പാളിനെ സമീപിച്ചു. ”ഡോണ്ട് യു നോ ദ കോണ്‍ഡക്‍റ്റ് റൂള്‍സ് ഇന്‍ ദ കെ. ഇ. ആര്‍.?” അദ്ദേഹത്തില്‍ നിന്നു് വീണ്ടും ഒരു ചോദ്യം. കൊണ്ടോട്ടി ഹൈസ്കൂളില്‍ ജോലി ചെയ്യുമ്പോഴാണു്, ഞാന്‍ ആദ്യമായി കെ. ഇ. ആര്‍. കാണുന്നതു്. അതു വായിച്ചു നോക്കിയിട്ടില്ല താനും. ഈ ചോദ്യം കൊണ്ടു് പ്രിസിപ്പാള്‍‍ ഉദ്ദേശിക്കുന്നതു് എന്താണെന്നു മനസ്സിലാവാതെ, ഞാന്‍ ഒഴുക്കന്‍ മട്ടില്‍ “സോറി സാര്‍” എന്നു പറഞ്ഞു കൊണ്ടു് ഇന്റര്‍വ്യൂ കാര്‍ഡ്‌ നല്‍കി. അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ മറിച്ചു നോക്കി. പിന്നീടു് ക്ലാര്‍ക്കിന്റെ അടുത്തേക്കു് വിട്ടു. ക്ലാര്‍ക്ക് അഡ്മിഷന്‍ രജിസ്റ്ററില്‍ പേരു് ചേര്‍ത്തതോടെ, മനസ്സിലെ തീ അണഞ്ഞു, ഞാന്‍ അവിടെ അദ്ധ്യാപക വിദ്യാര്‍ത്ഥി ആയിത്തീര്‍ന്നു. വിഷ് ചെയ്യാത്ത കാര്യം പറഞ്ഞു കൊണ്ടു് വിരട്ടിയ അനുഭവം മറ്റു പലര്‍ക്കും ഉണ്ടായതായി പിന്നീടു് അറിയാന്‍ കഴിഞ്ഞു.

അടുത്ത മാസം മുതല്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. ഞാന്‍ കോളേജ് ഹോസ്റ്റലില്‍ താമസമാക്കി. ചാലപ്പുറത്തുള്ള ഒരു പഴയ നാലുകെട്ടില്‍ ആണു് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്നതു്. ലേഡീസ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചതും ചാലപ്പുറത്തു തന്നേയുള്ള മറ്റൊരു നാലുകെട്ടില്‍ ആണു്. കഴിവുള്ള ഏതാനും അദ്ധ്യാപകര്‍ അക്കാലത്തു ഞങ്ങള്‍ക്കു ക്ലാസ്സുകള്‍ എടുക്കാനുണ്ടായിരുന്നു. പ്രധാന വിഷയങ്ങളില്‍ ഒന്നായ ഫിലോസഫി എടുത്തിരുന്നതു് പ്രിന്‍സിപ്പാള്‍‍ തന്നെ ആയിരുന്നു. ഘനഗംഭീരമായ ശബ്ദത്തില്‍, ഗൌരവപൂര്‍ണമായ ക്ലാസുകള്‍. സോഷ്യോളജി, തിരുവനന്തപുരം സ്വദേശിയായിരുന്ന തമ്പി സാറും എജ്യുക്കേഷണല്‍ സൈക്കോളജി, തിരുവല്ല സ്വദേശിയും ചെറുപ്പക്കാരനുമായ തോമസ്‌ സാറും. മലയാളം കൈകാര്യം ചെയ്തിരുന്നതു് ശാന്തശീലനായ ദാമോദരന്‍ നമ്പൂതിരിയും ആയിരുന്നു. അദ്ദേഹം ഞങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡനായും പ്രവര്‍ത്തിച്ചു. ഐച്ഛിക വിഷയങ്ങള്‍ അതാതു വിഷയങ്ങളിലെ വിദഗ്ദ്ധര്‍. നാച്ചുറല്‍ സയന്‍സ് കൈകാര്യം ചെയ്തതു് തോമസ്‌ സാര്‍ തന്നെയായിരുന്നു. എല്ലാവരുടെയും സ്നേഹവും ആദരവും ബഹുമാനവും നേടിയ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതു്. ഞാന്‍ പ്രധാനമായും പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയം വ്യത്യസ്തമായതിനാല്‍ അതിലേക്കു കടക്കുകയാണു്.

ട്രെയിനിങ് കോളേജിന്റെ തൊട്ടടുത്താണു് അന്നു് ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ് പ്രവര്‍ത്തിച്ചിരുന്നതു്. ആ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാളിന്റെ ചുമതലയും ശ്രീ. കരിമ്പുഴ സാറിനു് തന്നെ ആയിരുന്നു. ഒരു ദിവസം അവിടെ ഒരു ഫങ്ഷന്‍ നടന്നു. പാര്‍ലിമെന്റ് ഉദ്ഘാടനമോ മറ്റോ ആണു്. ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചതു്, വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ്‌ കോയയായിരുന്നു. ഉദ്ഘാടനവേദി, ട്രെയിനിങ് കോളേജിന്റെ ലക്‍ചര്‍ ഹാളും. ഹാളില്‍ ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജിലെ കുട്ടികളെ ഇരുത്തി, ഞങ്ങളുടെ ഉച്ച വരെയുള്ള ക്ലാസ്സുകള്‍ റദ്ദാക്കി, നൂറ്റി അന്‍പതോളം വരുന്ന ട്രെയിനിങ് കോളേജ് വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഹാളിന്റെ വരാന്തയില്‍ നിര്‍ത്തി. സി.എച്ചിന്റെ പ്രസംഗവും മറ്റു പരിപാടികളും മറ്റുമായി സമയം ഏതാണ്ടു് രണ്ടു രണ്ടര മണിക്കൂര്‍ നീണ്ടു. ശ്രോതാക്കളായി കൂടുതല്‍ ആള്‍ക്കാരുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ഒരു തന്ത്രമായിരുന്നു അവിടെ പയറ്റിയതു്. അതിനു ബലിയാടുകള്‍ ആവേണ്ടി വന്നതു് ഞങ്ങളും. വാസ്തവത്തില്‍ ഞങ്ങളുടെ ക്ലാസ്സുകള്‍, ട്രെയിനിങ് കോളേജിന്റെ മറ്റു ലക്‍ചര്‍ ഹാളുകളിലേക്കോ, അല്ലെങ്കില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ക്ലാസ്സ് മുറികളിലേക്കോ മാറ്റാമായിരുന്നു. അതു ചെയ്യാതെ ഞങ്ങളെ മുഴുവന്‍ രണ്ടര മണിക്കൂറോളം വരാന്തയില്‍ കുത്തനെ നിര്‍ത്തി ശിക്ഷിച്ചതില്‍ ഏവര്‍ക്കും വലിയ അമര്‍ഷം ഉണ്ടായി. ആരും പക്ഷേ, പ്രതികരിച്ചില്ല. പ്രധാന അതിഥിയുടെ സാന്നിദ്ധ്യം എല്ലാവരും പരിഗണിക്കുകയും മാനിക്കുകയും ചെയ്തു.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു സംഭവം നടന്നു. നാച്ച്വറല്‍ സയന്‍സ് ക്ലാസ്സിലെ ഒരു പാവം വിദ്യാര്‍ത്ഥിനി ആയിരുന്നു സരോജിനി അന്തര്‍ജ്ജനം. അവര്‍ പൂര്‍ണ്ണ ഗര്‍ഭിണി ആയിരുന്നു. ക്ലാസ്സില്‍ എല്ലാവരുടെയും സ്നേഹവും സഹതാപവും നേടിയ ഒരു വ്യക്തിത്വമായിരുന്നു അവരുടേതു്. സാധാരണ, ഭര്‍ത്താവു് അവരെ ഒരു ബൈക്കില്‍ കോളേജില്‍ വിടുകയായിരുന്നു പതിവു്. ആകസ്മികമായ എന്തോ കാരണം കൊണ്ടു് അദ്ദേഹത്തിനു് അന്നു വരാന്‍ പറ്റിയില്ല. ബസ്സിലാണു് അന്തര്‍ജ്ജനം വന്നതു്. കോളേജില്‍ എത്തിച്ചേരാന്‍ അല്‍പ്പം വൈകി. അവരെ പ്രിന്‍സിപ്പാളിന്റെ റൂമില്‍ വിളിപ്പിച്ചു. വൈകിയതിനു ശിക്ഷയും പ്രഖ്യാപിച്ചു. പിന്നെ ഞങ്ങള്‍ അവരെ കാണുന്നതു്, കോളേജ് ഗ്രൌണ്ടിലെ ഫ്ലാഗ് മാസ്റ്റിനടുത്തു പൊരിവെയിലത്തു് നില്‍ക്കുന്നതായാണു്. ട്രെയിനിങ് കോളേജിന്റെയും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെയും പൊതുവായ ഗ്രൌണ്ട് ആണതു്. രണ്ടു കോളേജുകളില്‍ നിന്നും അവരെ കാണാം. അവര്‍ കുറേ നേരം നിന്നു് വിയര്‍ത്തു കുളിച്ചു. ആരും പ്രതികരിച്ചില്ല. പ്രിന്‍സിപ്പാളിനെ എല്ലാവര്‍ക്കും ഭയമായിരുന്നു. ഇന്നത്തെപ്പോലെ കോളേജില്‍ അന്നു് യുണിയനും മറ്റും ഇല്ല. “കടുത്ത ശിക്ഷയായിപ്പോയി” എന്നു് പലരും അടക്കം പറഞ്ഞു, അത്ര തന്നെ. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണു് പിന്നീടു് അവര്‍ ക്ലാസ്സില്‍ വന്നതു്. ശാരീരികവും മാനസികവുമായ പീഡനം അവരെ തളര്‍ത്തിയിരിക്കും. ആ സംഭവം അങ്ങിനെ തീര്‍ന്നു. പക്ഷേ, പ്രിന്‍സിപ്പാളിന്റെ പരുഷമായ ഭാഷയും പെരുമാറ്റവും ഞങ്ങളെ ഏവരെയും ഏറെ അസ്വസ്ഥരാക്കിയിരുന്നു. വിദ്യാര്‍ത്ഥികളില്‍ വില്ലന്മാരായി ആരും തന്നെ ഉണ്ടായിരുന്നില്ല. കുറേപ്പേര്‍ ഏറെക്കാലം പ്രൈമറി അദ്ധ്യാപകരായി ജോലി ചെയ്ത ശേഷം പ്രൈവറ്റായി പഠിച്ചു, ഡിഗ്രിയും, പി. ജി.യും എടുത്ത ശേഷം ബി. എഡ്. ട്രെയിനിങ്ങിനു ചേര്‍ന്നവരായിരുന്നു. പക്വത ആര്‍ജ്ജിച്ചവര്‍. കോളേജില്‍ നിന്നു നേരിട്ടു് എത്തിയ ഞങ്ങളെപ്പോലുള്ളവര്‍, അവരെ ബഹുമാനത്തോടെയാണു് കണ്ടിരുന്നതു്. ആരും അച്ചടക്കം ലംഘിക്കാന്‍ തുനിഞ്ഞിരുന്നില്ല. ചുരുക്കത്തില്‍ ട്രെയിനിങ് കോളേജിന്റെ ഭരണം ആയാസരഹിതവും, പ്രശ്നരഹിതവുമായിരുന്നു. അത്തരമൊരു സ്ഥാപനത്തില്‍, പ്രിന്‍സിപ്പാളിന്റെ അധികാര ദുര്‍വ്വിനിയോഗം അനാവശ്യമായിരുന്നു.

സരോജിനി അന്തര്‍ജ്ജനം

ആഴ്ചകള്‍ ചിലതു വീണ്ടും കടന്നു പോയി. രാവിലെ മുതല്‍ക്കു തന്നെ മഴ കോരിച്ചൊരിയാന്‍ തുടങ്ങിയ ഒരു ദിവസം. ഭൂരിപക്ഷം പേരും നനഞ്ഞു കുതിര്‍ന്നാണു് അന്നു് കോളേജില്‍ എത്തിയതു്. പ്രിന്‍സിപ്പാള്‍‍ ജീപ്പിലാണു് സാധാരണ വരാറു്. അദ്ദേഹം നേരത്തെ തന്നെ കോളേജില്‍ എത്തി, ഓഫീസ് റൂമില്‍ ഇരിക്കുകയാണു്. തലശ്ശേരിക്കാരനായ സുകുമാരന്‍ ഡേ സ്കോളര്‍ ആണു്. അയാള്‍ ട്രെയിന്‍ ഇറങ്ങി, കോളേജിലേക്കു് കുടയും ചൂടി നടന്നെത്തി. ശക്തമായ കാറ്റും മഴയും ചേര്‍ന്നു് അവനെ ശരിക്കും കുളിപ്പിച്ചിരിക്കുന്നു. കോളേജ് വരാന്തയിലേക്കു് കയറിയ സുകുമാരന്റെ ഒരു കയ്യില്‍ പുസ്തകങ്ങളും മറ്റേക്കയ്യില്‍ മടക്കിപ്പിടിച്ച കുടയുമുണ്ടു്. കാലില്‍ നനഞ്ഞൊട്ടുന്ന മുണ്ടിന്റെ കീഴറ്റം അല്‍പ്പം പൊക്കിപ്പിടിച്ചിട്ടുണ്ടു്. അയാള്‍ ഓഫീസ് റൂമിന്റെ വരാന്തയിലൂടെ ക്ലാസ്സിലേക്കു് നടക്കുകയാണു്. പ്രിന്‍സിപ്പാള്‍‍ ,പ്യൂണിനെ വിട്ടു് സുകുമാരനെ റൂമിലേക്കു് വിളിപ്പിച്ചു. ചോദ്യമായി. മാന്യമല്ലാത്ത പെരുമാറ്റമെന്ന ആരോപണം ചുമത്തി, അയാളെ കോളേജില്‍ നിന്നു് സസ്പെന്‍ഡ് ചെയ്തു. സുകുമാരന്‍ ഇനിയെന്തു ചെയ്യേണ്ടു എന്നറിയാതെ, റീഡിംഗ്റൂമില്‍ ചെന്നിരുന്നു. സുകുമാരന്റെ സസ്പെന്‍ഷന്‍ കാര്യം കോളേജ് മുഴുവന്‍ അറിഞ്ഞു. പ്രിന്‍സിപ്പാള്‍‍ ചെയ്തതു്, കടന്ന കയ്യായിപ്പോയെന്നു പലരും പിറുപിറുത്തു. വൈകുന്നേരം കോളേജ് വിട്ടു് എല്ലാവരും സ്ഥലം വിട്ടു.

ഞാന്‍ കോളേജ് ഹോസ്റ്റലില്‍ എത്തി, സസ്പെഷന്‍ കാര്യം ചര്‍ച്ചയാക്കി. കോളേജിലെ തലമുതിര്‍ന്ന ബാലകൃഷ്ണന്‍ നമ്പ്യാര്‍, ദാമോദരന്‍ നമ്പ്യാര്‍, ഗോപിനാഥന്‍ തുടങ്ങിയവരുമായി പ്രത്യേകം പ്രത്യേകം സംസാരിച്ചു. അവരുടെ വിദഗ്ദ്ധാഭിപ്രായം തേടി. പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദയമായ പെരുമാറ്റവും, ധാര്‍ഷ്ട്യവും, അമിതമായ അധികാര പ്രയോഗവും ഏവരിലും അമര്‍ഷമുണ്ടാക്കിയിരുന്നു. പിറ്റേന്നു് രാവിലെ പ്രിന്‍സിപ്പാളിനെ കണ്ടു് സസ്പെന്‍ഷന്‍ പിന്‍വലിക്കാനും അതിരുകടന്ന ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചു. പ്രിന്‍സിപ്പാള്‍‍ വഴങ്ങുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ ബഹിഷ്ക്കരിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും ധാരണയായി. കാര്യം എല്ലാ സഹപാഠികളേയും അറിയിച്ചു. ഏവരുടെയും സഹകരണം ഉറപ്പു വരുത്തണം. ഏറെ വൈകാതെ, ഞങ്ങള്‍ കുറച്ചാളുകള്‍ അടുത്തുള്ള ലേഡീസ് ഹോസ്റ്റലിലേക്കു് പുറപ്പെട്ടു. അവിടെ ഹോസ്റ്റലിന്റെ വരാന്തയില്‍ ഒരു യോഗം ചേര്‍ന്നു. കാര്യങ്ങള്‍ അവതരിപ്പിച്ചു. അവരുടെ അഭിപ്രായങ്ങള്‍ തേടി. സംശയങ്ങള്‍ക്കു് മറുപടി നല്‍കി. ഒടുവില്‍ എല്ലാവരുടെയും സഹകരണം ഉറപ്പു വരുത്തിയ ശേഷം മടങ്ങി. താമസസ്ഥലത്തു് തിരിച്ചെത്തിയ ശേഷം കാര്യങ്ങള്‍ അറിയാത്തവര്‍ ആരുമില്ലെന്നു് ഉറപ്പു വരുത്തി. പിറ്റേന്നു് കോളേജില്‍ എത്തുന്ന ഡേ സ്കോളര്‍മാരെ മുഴുവന്‍ കാര്യങ്ങള്‍ അറിയിക്കുക എന്നതു് ഒരു കടമ്പയായിരുന്നു. ഉറക്കം വരാത്ത രാത്രി കടന്നുപോയി.

പിറ്റേന്നു് കാലത്തു് നേരത്തെ തന്നെ കോളേജിലെത്തി. ഞങ്ങള്‍ എട്ടു പേര്‍ അടങ്ങുന്ന ഒരു നിവേദക സംഘം, ക്ലാസ്സുകള്‍ തുടങ്ങുന്നതിനു മുമ്പു തന്നെ പ്രിസിപ്പാളിന്റെ റൂമിലെത്തി. നിരപരാധിയായ സുകുമാരന്റെ സസ്പെന്‍ഷന്‍ കാര്യം പുനഃപരിശോധിക്കണമെന്നും കഴിയുന്നതും അത് പിന്‍വലിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അതിനു തയ്യാറായില്ലെന്നു് മാത്രമല്ല, തന്റെ അധികാരത്തില്‍ ആരും ഇടപെടേണ്ടെന്നു താക്കീതു നല്‍കുകയും ചെയ്തു. നിരാശയോടെ ഞങ്ങള്‍ തിരിച്ചു പോന്നു. ക്ലാസ്സുകള്‍ ആരംഭിച്ചു. ഇലക്ടീവ് സബ്ജക്റ്റ് ആണു്. ഞങ്ങള്‍ നാലഞ്ചു് പേര്‍ പല ക്ലാസ്സുകളിലും ചെന്നു്, അദ്ധ്യാപകരുടെ അനുവാദത്തോടെ, കാര്യങ്ങള്‍ അറിയിച്ചു. ഫിസിക്കല്‍ സയന്‍സ് ക്ലാസ്സില്‍ നിന്നു്, ഞങ്ങള്‍ അമ്മയെപ്പോലെ കരുതുന്ന ദേവകി ടീച്ചര്‍ ചോദിച്ചു: “എന്തിനാ കുട്ട്യേളെ, വെറുതെ പുലിവാലു് പിടിക്കുന്നതു്?” “പുലി, ഞങ്ങളെക്കൊണ്ടു് വാലു് പിടിപ്പിക്കുകയാണു്” എന്നു് ഞാന്‍ പ്രതിവചിച്ചു. ഇനിയും പലരെയും അറിയിക്കേണ്ടതുണ്ടു്. തോമസ്‌ സാര്‍ സൈക്കോളജി ക്ലാസ്സ് ആരംഭിച്ചു. ഞങ്ങളെല്ലാവരും ക്ലാസ്സില്‍ കടന്നിരുന്നു. അടുത്തതു് പ്രിന്‍സിപ്പാളിന്റെ ഫിലോസഫി ക്ലാസ്സ് ആണു്. ആ ക്ലാസ്സ് ആണു് ബഹിഷ്ക്കരിക്കേണ്ടതു്. ഞാന്‍ ഒരു കഷ്ണം കടലാസ്സില്‍, ക്ലാസ്സ് ബഹിഷ്ക്കരണ കാര്യത്തെപ്പറ്റി ഒരു കുറിപ്പെഴുതി എല്ലാവര്‍ക്കും പാസ്സ് ചെയ്തു. കാര്യം എല്ലാവരും അറിഞ്ഞു കഴിഞ്ഞു. സൈക്കോളജി ക്ലാസ്സ് അവസാനിച്ചു. എല്ലാവരും വെളിയില്‍ ഇറങ്ങി നില്‍പ്പായി.

പ്രിന്‍സിപ്പാള്‍‍ ഘനഗംഭീരഭാവത്തില്‍, ക്ലാസ്സ് എടുക്കാനെത്തി. ഹാളില്‍ ആരുമില്ല. എല്ലാവരും വരാന്തയില്‍ നില്‍പ്പാണു്. അദ്ദേഹം ചോദ്യഭാവത്തില്‍ ഞങ്ങളുടെ നേരെ നോക്കി. ”സസ്പെന്‍ഷന്‍ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്തതില്‍ പ്രതിഷേധിച്ചു് ഞങ്ങള്‍ സാറിന്റെ ക്ലാസ്സ് ബഹിഷ്ക്കരിക്കുകയാണു്.” ഞങ്ങള്‍ കാര്യം അറിയിച്ചു. അദ്ദേഹം കോപം കൊണ്ടു് വിറച്ചു. ഉടന്‍ വന്നു ഒരു ആക്രോശം. ”ഐദര്‍ യു ഗോ ടു ക്ലാസ്സ് ഓര്‍ ഗോ ഹോം.” ആരും അനങ്ങിയില്ല; ഒരു പ്രതികരണവുമില്ല. പിന്നീടു് ശകാരവും ഭീഷണിയും ആരംഭിച്ചു. ഞങ്ങള്‍ക്കു് തികഞ്ഞ നിര്‍വ്വികാരത. എന്നെ സംബന്ധിച്ചിടത്തോളം ഇതു് വല്ലാത്ത ഒരു നിമിഷമായിരുന്നു. ഉള്ളില്‍ തള്ളി വരുന്ന ആവേശവും വികാരവും! പക്ഷേ, അതു മനസ്സില്‍ ഒതുക്കുകയല്ലാതെ, പ്രകടമാക്കുവാന്‍ യാതൊരു വഴിയുമില്ല. എന്റെ ശരീരവും മനസ്സും എന്റെ നിയന്ത്രണത്തില്‍ നിന്നു വിട്ടു. ഞാന്‍ ബോധരഹിതനായി നിലത്തു കുഴഞ്ഞു വീണു. ഒന്നും ഓര്‍മ്മയില്ല.

ബോധരഹിതന്‍

പിന്നീടു് ഞാന്‍ കണ്ണു തുറക്കുന്നതു്, മെഡിക്കല്‍കോളേജ് ഹോസ്പിറ്റലില്‍, ന്യൂറോളജി പ്രൊഫസര്‍, അബ്ദുല്‍ ഗഫൂറിന്റെ മുന്നിലാണു്. ഡോക്ടര്‍ എന്നോടു് എന്തെല്ലാമോ ചോദിക്കുന്നുണ്ടു്. എനിക്കൊന്നിനും മറുപടി പറയാന്‍ കഴിയുന്നില്ല. നാവു് കുഴഞ്ഞിരിക്കുന്നു. കൈകാലുകള്‍ തളര്‍ന്നിരിക്കുന്നു. എന്നെ ഒബ്സര്‍വേഷന്‍ വാര്‍ഡിലേക്കു് മാറ്റി.

ബോധം വീണപ്പോള്‍ എനിക്കു് ചുറ്റും ആകാംക്ഷയോടെ നില്‍ക്കുന്ന ഏതാനും അദ്ധ്യാപകരും സുഹൃത്തുക്കളും! ഒരു ദിവസം അവിടെ കിടക്കാന്‍ നിര്‍ദ്ദേശിച്ചതു കൊണ്ടു്, രണ്ടുപേര്‍ അവിടെ നിന്നു. ബാക്കിയുള്ളവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു. വൈകുന്നേരം നാലു മണിക്കു് ശേഷം കോളേജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും കുറെ പേര്‍ ഹോസ്പിറ്റലില്‍ എന്നെ കാണാനെത്തി. എന്റെ സുഖവിവരം അന്വേഷിച്ചു. കോളേജില്‍ നിന്നും ഞാന്‍ പോന്നതിനു ശേഷം അവിടെയുണ്ടായ സംഭവങ്ങള്‍ അവര്‍ വിവരിച്ചു. ”അശോകന്‍ ബോധം നഷ്ടപ്പെട്ടു വീണപ്പോള്‍ എല്ലാവരുടെയും ആവേശം തണുത്തു, ആശങ്കയായി മാറി. ഭക്ഷ്യവിഷബാധയാണോ; ബ്ലഡ് പ്രഷര്‍ ആണോ; പാരമ്പര്യമായ എന്തെങ്കിലും അസുഖമാണോ എന്നും മറ്റുമുള്ള സംശയങ്ങള്‍ ഉയര്‍ന്നു. പ്രിന്‍സിപ്പാളിന്റെ ക്രോധവും ക്ഷോഭവും പമ്പ കടന്നു. സ്നേഹവും ദയയും പ്രകടമായി. നമുക്കു് അകത്തേക്കു് കടന്നിരുന്നു സംസാരിക്കാം എന്നു് പറഞ്ഞുകൊണ്ടു് അദ്ദേഹം ഹാളിലേക്കു് കടന്നു. എല്ലാവരും അദ്ദേഹത്തെ അനുഗമിച്ചു. വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നു് കാര്യങ്ങള്‍ സംസാരിക്കാന്‍ മഞ്ചേരി സ്വദേശിയും സീനിയറും പക്വമായ സംസാരശൈലിയുടെ ഉടമയുമായ ഗോപിനാഥന്‍ എഴുന്നേറ്റു. പ്രിന്‍സിപ്പാളിന്റെ ഭാഗത്തുനിന്നു ആയിടെ ഉണ്ടായ നിര്‍ഭാഗ്യകരമായ അനുഭവങ്ങള്‍ ഒന്നൊന്നായി അദ്ദേഹം വിവരിച്ചു. “ഇവിടെ ഞങ്ങള്‍ സ്നേഹവും ദയയും ശാന്തമായ സമീപനവും ആണു് അങ്ങയില്‍ നിന്നു് പ്രതീക്ഷിച്ചതു്. പ്രിന്‍സിപ്പാള്‍‍ ക്ലാസ്സിലേക്കു് നടന്നു വരുമ്പോള്‍ ഒരു മദയാന കാടിളക്കി വരുന്ന പ്രതീതിയാണു് ഞങ്ങള്‍ക്കു് അനുഭവപ്പെടുന്നതു്. ക്രൂരമായ സ്നേഹമാണു് അങ്ങയില്‍ നിന്നുണ്ടാകുന്നതു്. വിദ്യാര്‍ത്ഥികളോടു് എങ്ങിനെ പെരുമാറണം എന്നുകൂടി ഇവിടെ നിന്നു് മനസ്സിലാക്കണമെന്നതാണു് ഞങ്ങളുടെ അഭിലാഷം. അങ്ങയില്‍ നിന്നു് ഞങ്ങള്‍ അതു പ്രതീക്ഷിക്കുന്നു. ഇവിടെ മാന്യമല്ലാത്ത രീതിയില്‍ പെരുമാറുന്ന ഒറ്റ വിദ്യാര്‍ത്ഥി പോലും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും കുറ്റവാളികളോടെന്നപോലെ പരുഷമായ പെരുമാറ്റമാണു് അങ്ങയില്‍ നിന്നുണ്ടാകുന്നതു്. അതു നിര്‍ഭാഗ്യകരമാണു്.” ഇതിനെ പിന്താങ്ങിക്കൊണ്ടു് മറ്റു ചിലരും സംസാരിച്ചു. ജീവിതത്തില്‍ ആദ്യമായാണു് ഇത്തരം ഒരു അനുഭവം ഉണ്ടാകുന്നതു് എന്നു് പ്രിന്‍സിപ്പാള്‍‍ തുറന്നു പറഞ്ഞു.

“ക്രൂരമായ സ്നേഹം” എന്ന പ്രയോഗം അദ്ദേഹത്തിന്റെ മനസ്സില്‍ത്തട്ടിയിരുന്നു. സുകുമാരന്റെ സസ്പെന്‍ഷന്‍ അദ്ദേഹം പിന്‍വലിച്ചു. എന്റെ ബോധക്ഷയം, വാസ്തവത്തില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാവാതെ അവസാനിക്കുന്നതിനു കാരണമായെന്നു പിന്നീടു് മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

പിറ്റേന്നു് കാലത്തു് സമയം ഒന്‍പതു മണിയായിക്കാണും. ഡോക്ടര്‍ വന്നു്, എന്നെ പരിശോധിച്ചു. പറയത്തക്ക അസുഖങ്ങള്‍ ഒന്നും ഇല്ലെന്നും, ഇനി പോകാമെന്നും പറഞ്ഞു. എന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഫ്രഷ് അപ് ആവാനൊന്നും കഴിയാത്ത സ്ഥിതിയില്‍ ആയിരുന്നു ഞാന്‍. കോളേജില്‍ നിന്നു് നേരിട്ടു് ആസ്പത്രിയിലേക്കു് കൊണ്ടുവന്നതാണല്ലോ. മുണ്ടും ഷര്‍ട്ടും വല്ലാതെ മുഷിഞ്ഞിട്ടുണ്ടു്. ഹോസ്റ്റലില്‍ എത്തിയാല്‍ മാത്രമേ ഫ്രഷ് അപ് ആവാനും ഡ്രസ്സ് മാറ്റാനും കഴിയുകയുള്ളൂ. മുറിയുടെ താക്കോല്‍ ആണെങ്കില്‍ റൂംമേറ്റ് ആയ ബാലകൃഷ്ണന്‍ നമ്പ്യാരുടെ കൈവശമാണു്. അദ്ദേഹം കോളേജില്‍ ആയിരിക്കും. താക്കോല്‍ ലഭിക്കണമെങ്കില്‍ കോളേജില്‍ പോവണം. രണ്ടും കല്‍പ്പിച്ചു ബസ്സ് കേറി കോളേജില്‍ എത്തി. നമ്പ്യാര്‍ ക്ലാസ്സിലാണു്. ജനറല്‍ ക്ലാസ്സില്‍ തമ്പി സാര്‍ സോഷ്യോളജി എടുക്കുകയാണു്. ഞാന്‍ സ്റ്റേജിനടുത്തു, വാതില്‍ക്കല്‍ ചെന്നു നിന്നു. എന്നെ കണ്ടതും “കഥാനായകന്‍ വന്നാട്ടെ” എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം എന്നെ സ്റ്റേജിലേക്കു് ക്ഷണിച്ചു. ഞാന്‍ മുഷിഞ്ഞ വേഷത്തോടെ സ്റ്റേജിലേക്കു് കേറി. സഹപാഠികള്‍ എല്ലാം കയ്യടിച്ചുകൊണ്ടു് എന്നെ സ്വീകരിച്ചു. തമ്പി സാറിന്റെ അനുവാദം വാങ്ങിക്കൊണ്ടു്, ”സുഹൃത്തുക്കളേ, കാര്യങ്ങള്‍ ശുഭപര്യവസായി ആയി കലാശിച്ചതില്‍ ഏറെ സന്തോഷമുണ്ടു്. എല്ലാവരുടേയും സഹകരണത്തിനു ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.” എല്ലാവരും വീണ്ടും കയ്യടിച്ചു. ഞാന്‍ റൂം മേറ്റിനോടു് താക്കോല്‍ വാങ്ങി, “നാളെ കാണാം” എന്നു പറഞ്ഞു കൊണ്ടു് ഹോസ്റ്റലിലേക്കു് വിട്ടു.

1 thoughts on “മോഹാലസ്യം ശുഭാന്ത്യം

ഒരു അഭിപ്രായം ഇടൂ