എന്നെപ്പറ്റിത്തന്നെ

ഒരു പ്രത്യേകതരം ജന്മം.

നാളത്തേക്ക് കാര്യമായൊന്നും കരുതി വയ്ക്കാതെ, എന്നാല്‍ അരിഷ്ടിച്ചു് ചെലവു ചെയ്തു്, അതിവിദൂരഭാവിയില്‍ ഒരുപക്ഷേ നടന്നേക്കാനിടയുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിത്തിരിച്ച ഒരു പ്രാന്തന്‍.

അച്ഛനുമമ്മയും ഞാന്‍ നേരെയാവുമെന്ന പ്രതീക്ഷയില്‍ എന്നെ വിദ്യാഭ്യാസത്തിനയച്ചു. പക്ഷേ, ഞാന്‍ എനിക്കു് തോന്നിയതേ പഠിച്ചുള്ളൂ, ചെയ്തുള്ളൂ.

പ്രത്യേകിച്ചെന്തെങ്കിലുമൊരു മൂല്യം സ്വയമുണ്ടെന്നു് കരുതിയില്ല. ആരെയും മാതൃകയാക്കാനും തോന്നിയില്ല. നല്ലതോ തീയതോ എന്നില്ലാതെ, കൌതുകം തോന്നിയതിലെല്ലാം ചെന്നു് തലയിട്ടു. കണ്ണില്‍ക്കണ്ടതിന്റെയെല്ലാം പിന്നാലെ നടന്നു. ഇഷ്ടം പോലെ തിരിച്ചടികളും വാങ്ങിച്ചു കൂട്ടി. എന്നിട്ടും പഠിക്കാതെ പിന്നെയും പിന്നെയും തോന്നിയ വഴി തന്നെ നടന്നു… വഴി കാട്ടിത്തരാന്‍ ആരുമുണ്ടായിരുന്നില്ല, കണ്ടതൊക്കെ വഴി. ആരെങ്കിലും വഴി കാട്ടിത്തന്നിരുന്നെങ്കില്‍ത്തന്നെ ഞാനതു് സ്വീകരിക്കുമായിരുന്നോയെന്നും തീര്‍ച്ച പറഞ്ഞുകൂടാ. പല ജോലികള്‍, പഠനം.. വീണേടം വിഷ്ണുലോകം.

ഓര്‍ക്കാപ്പുറത്തു് സര്‍ക്കാര്‍ എനിക്കു് പഞ്ചായത്താപ്പീസ്സിലെ പണി വച്ചു നീട്ടിയപ്പോള്‍ യാതൊരു മുന്‍പിന്‍ ചിന്തകളുമില്ലാതെ പഠനം പാതി വഴിയിലുപേക്ഷിച്ചു് അതു പോയി കഴുത്തിലാക്കി. പത്തുപേര്‍ വേണ്ടിടത്തു് നാലാമനായി ചെന്നു കയറിയപ്പോള്‍, ആ വകുപ്പു തന്നെ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നാടുകടത്തി ശിക്ഷിക്കാനുള്ള സൈബീരിയ ആയി മുദ്ര കുത്തിയിരുന്ന ആ സ്ഥലത്തു നിന്നു് രക്ഷപ്പെട്ടു തിരികെ പോരാന്‍ വഴി കണ്ടില്ല.

പിന്നെ അതായി കളരിയും ജീവിതവും. ഒരു കുട്ടി പോലും നല്ലവാക്കു് പറയാത്ത ഒരു ജോലി മൂന്നര വര്‍ഷം ചെയ്തു. ഒരു സാധാരണ മനുഷ്യജീവിക്കു താങ്ങാവുന്നതിലുമധികം ആക്രമണങ്ങള്‍, അടിച്ചമര്‍ത്തലുകള്‍.. പടുദാരിദ്ര്യമടക്കം ഒട്ടനവധി പ്രശ്നങ്ങള്‍ കൊണ്ടു ഗതികെട്ട ആളുകളുടെ കഷ്ടപ്പാടുകളും ശാപവാക്കുകളും. പല സമയത്തും, അവരുടെ പരിമിതമായ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ സാധിക്കാതിരുന്ന നിസ്സഹായതയും അതിന്റെ മനഃക്ലേശവും.. പ്രാദേശികതലങ്ങളിലെ പച്ചരാഷ്ട്രീയത്തിന്റെ നിര്‍ദ്ദയത്വം സ്വാനുഭവങ്ങളിലൂടെ അറിഞ്ഞു, മനുഷ്യജന്മത്തിന്റെ നിസ്സാരതയും. എന്നില്‍ പ്രതീക്ഷകള്‍ പുലര്‍ത്തിയിരുന്ന പലരും അവിടെ നിന്നു മാറിപ്പോവാനുപദേശിച്ചെങ്കിലും, പിന്നീടതിന്നു് തോന്നിയില്ലെന്നതാണു സത്യം. പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാര്‍ക്കു നടുവില്‍, നിശ്ശബ്ദമായ പ്രവര്‍ത്തനവും സഹനവും കൊണ്ടു് പിടിച്ചു നില്‍ക്കാനാവില്ലെന്നു വന്നപ്പോള്‍ നിലനില്പിനായി പൊരുതാന്‍ പഠിച്ചു. ഉള്ളു കത്തിപ്പുകയുമ്പോഴും ചിരിക്കാന്‍ പഠിച്ചു, ചിന്തകള്‍ മറച്ചുവയ്ക്കാനും. ആ അടവിലും തടയിലും എനിക്കുമുണ്ടായി, ചെറിയ ചില വിജയങ്ങള്‍. അങ്ങനെ കൊണ്ടും കൊടുത്തും കുറച്ചു കാലം തള്ളി നീക്കി.

ഈ പരാക്രമങ്ങള്‍ക്കിടയിലൂടെയാണെങ്കിലും കുഴഞ്ഞു മറിഞ്ഞ ആ സംവിധാനം മെച്ചപ്പെടുത്തിയെടുക്കാന്‍ എന്റേതായ എളിയ രീതിയില്‍ ശ്രമിച്ചു. ശ്രമങ്ങളില്‍ ചിലതെല്ലാം പാളിപ്പോയെങ്കിലും കുറെയൊക്കെ വിജയിച്ചു, കൂട്ടുകാരുടെ സഹായത്തോടെ. അവര്‍ അവരുടെതായ രീതിയിലും ഞങ്ങള്‍ കൂട്ടായും ചില വിജയകരമായ പരിശ്രമങ്ങള്‍ നടത്തി. പലപ്പോഴും രാവു പകലാക്കിക്കൊണ്ടുള്ള പരീക്ഷണങ്ങള്‍. ഒറ്റയ്ക്കും കൂട്ടായും ഞങ്ങള്‍ നേടിയ വിജയങ്ങള്‍, തൂവല്‍പ്പക്ഷികളില്‍ പലരും അവരുടെ തട്ടകങ്ങളിലും പകര്‍ത്താന്‍ തുടങ്ങി. അവരുടെ തട്ടകങ്ങളിലെ വിജയഗാഥകള്‍ പലതും ഞങ്ങളും പകര്‍ത്തി. അങ്ങനെ ഞങ്ങളുടെ സൈബീരിയ ഒരു ശ്രദ്ധാകേന്ദ്രമായിത്തുടങ്ങി. ഈ ഓരോ ശ്രമത്തിലും ആ സംവിധാനത്തിന്റെ ശക്തിദൌര്‍ബല്യങ്ങള്‍ എന്റെ മനസ്സില്‍ കൂടുതല്‍ക്കൂടുതല്‍ ഉറച്ചു. ആ യന്ത്രത്തിന്റെ ഏണും കോണും നവരസഭാവങ്ങളും ഞാന്‍ ഹൃദിസ്ഥമാക്കി.

ഇതിനിടയിലൂടെ, ആളുകളുടെ വിശ്വാസവും സൌഹൃദവും നിഷ്കളങ്കമായ സ്നേഹവും ജീവിതവും നന്മയും എല്ലാം കണ്ടെങ്കിലും, അനുഭവിച്ചെങ്കിലും, ക്രമേണ ഞാന്‍ സ്വയം എന്താണോ അതല്ലാതായി മാറിക്കൊണ്ടിരിക്കുകയാണെന്നു തോന്നിത്തുടങ്ങിയപ്പോള്‍ കുറച്ചു കാലം മാറി നില്‍ക്കണമെന്നു തോന്നി.

അങ്ങനെ അവധിയെടുത്തു് വീണ്ടും പഠനത്തിനിറങ്ങിത്തിരിച്ചു. ഏറെ വേദനിപ്പിച്ച നിര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഇക്കാലത്തുണ്ടായെങ്കിലും, വീണ്ടും കൈവന്ന ആ സുവര്‍ണ്ണകാലത്തില്‍ മനസ്സു് തണുത്തു. സ്വസ്ഥമായ അന്തരീക്ഷം, പുതിയ ആശയങ്ങള്‍, പുതിയ കൂട്ടുകാര്‍, പഠനേതര പ്രവര്‍ത്തനങ്ങള്‍.. കാടു്, കായല്‍, വയലുകള്‍, പക്ഷികള്‍, ചിത്രശലഭങ്ങള്‍…

പഠനം തീരാറായപ്പോള്‍, എന്റെ വീടു കഴിഞ്ഞാല്‍ ഞാനേറ്റവുമധികം ഇഷ്ടപ്പെട്ടു പോയിരുന്ന എന്റെ പഞ്ചായത്തിനെ വീണ്ടുമോര്‍ത്തു. അവര്‍ക്കായി ഒരു സമ്മാനം കൊടുക്കണമെന്നു് തോന്നി.

രാജ്യത്തെ പ്രമുഖ ഗവേഷണസ്ഥാപനങ്ങളിലൊന്നില്‍ വച്ചു് അവിടെത്തെ എന്റെ ഗുരുനാഥന്റെ മേല്‍നോട്ടത്തില്‍, എന്റെ അന്നുവരെയുള്ള പരിചയം കൈമുതലാക്കിയും, പുതിയ ചില കാര്യങ്ങള്‍ പഠിച്ചെടുത്തുകൊണ്ടും പരിമിതവിഭവനായ ഞാന്‍ ഊണും ഉറക്കവും കളഞ്ഞു് അവര്‍ക്കായി ഒരു ഉപഹാരം തയ്യാറാക്കി. അതവര്‍ പക്ഷേ, ഏറ്റെടുത്തില്ലെങ്കിലും എന്നെ പിന്തുടരുന്ന ശാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി മനസാ ഞാനതവര്‍ക്കു് സമര്‍പ്പിച്ചു നിശ്ശബ്ദമായി വേദിയൊഴിഞ്ഞു.

പക്ഷേ, ഒട്ടും പ്രതീക്ഷിക്കാതെ വേറൊരു കൂട്ടര്‍ എന്റെ പരിശ്രമങ്ങള്‍ കണ്ടു, അവരിലൊരാളായി എന്നെ കൂടെ കൂട്ടി. അവരില്‍ ചിലരെയെല്ലാം എനിക്കു് നേരത്തേ തന്നെ അറിയാമായിരുന്നു…

അവധിക്കു ശേഷം തിരിച്ചു് മറ്റൊരു പഞ്ചായത്തില്‍ എന്റെ ജോലിയിലേക്കു തന്നെ മടങ്ങിപ്പോയ ഞാന്‍, എന്റെ സൃഷ്ടിയെ എങ്ങനെ മെച്ചപ്പെടുത്താമെന്നും, സഹജീവികളുടെ ബുദ്ധിമുട്ടുകള്‍ എങ്ങനെ കുറയ്ക്കാമെന്നുമാലോചിച്ചു് പദ്ധതികള്‍ നെയ്തുകൂട്ടി. വീണ്ടും അവധിയെടുത്തു് മനസ്സിലെ ആശയങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ വഴിയന്വേഷിച്ചു് ഇറങ്ങിത്തിരിച്ചു.

പ്രതീക്ഷിക്കാതെ എന്നെത്തേടി വന്ന ആ അംഗീകാരത്തിലും പുതിയ കൂട്ടുകാരെ കിട്ടിയ സന്തോഷത്തിലും പക്ഷേ, ഒരിത്തിരി മതിമറന്നു പോയിരുന്നുവോ ഞാന്‍? വെളിച്ചമേതുമില്ലാതിരുന്ന ഒരു ഗുഹയിലെ താമസക്കാരനു് ഒരു കൈത്തിരിനാളം കണ്ടപ്പോഴുണ്ടായ കൌതുകവും ആര്‍ത്തിയുമായിരുന്നു എനിക്കും. എന്റെ ലക്ഷ്യം തന്നെ കുറച്ചു കാലത്തേക്കു് എന്നെ കൈവിട്ടു പോയി.

സ്വന്തം വേരുകളും, കരടിക്കുപ്പായമെന്ന പോലെ ഗ്രസിച്ചു കഴിഞ്ഞിരിക്കുന്ന ഭൂതകാലവും, മായ്ച്ചാലും മനസ്സില്‍ നിന്നും മായാത്ത ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും പേറാമാറാപ്പും ആര്‍ക്കും അത്രയെളുപ്പത്തില്‍ കയ്യൊഴിച്ചു കളയാന്‍ സാധിക്കില്ല, തീര്‍ച്ച. സ്വബോധത്തിന്റെ വെള്ളിവെളിച്ചം തിരികെ കിട്ടിയപ്പോള്‍, പോകേണ്ട വഴിയും തെളിഞ്ഞു കാണുന്നു…

വീണ്ടും എന്നെത്തിരഞ്ഞുകൊണ്ടേയിരിക്കുന്ന ഞാന്‍…

8 thoughts on “എന്നെപ്പറ്റിത്തന്നെ

    • ആഹ്.. അതൊരു സംഭവം.. കുറേ മുന്നെ ചെയ്തതാ.. പക്ഷേ, അന്നത്തെ ചിന്തകളില്‍ നിന്നും കുറേ മുന്നോട്ടു് പോയി… കുറേ വിപുലീകൃതമായ ആശയങ്ങളാണിപ്പോ… സ്വപ്നം കാണുന്നതിനു് പ്രത്യേകിച്ചു് ചെലവൊന്നുമില്ലല്ലോ 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )