വൈറസ് – സിനിമയും കൂരാച്ചുണ്ടിലെ നിപ്പക്കാലവും എന്റെ ഭൂപടവും.

ഇന്നു് ആഷിക്‍ അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമ കണ്ടു. നല്ല സിനിമ. അഭിനേതാക്കള്‍ മിക്കവരും തന്നെ തങ്ങളുടെ മൂലകഥാപാത്രങ്ങളോടു് നീതി പുലര്‍ത്തിയിട്ടുണ്ടു്. എന്നാല്‍ സിനിമയില്‍ ഉള്‍പ്പെടാതെ പോയതും, വേണ്ടത്ര മിഴിവില്ലാതെ ഉള്‍പ്പെടുത്തിയതുമായ ചില കാര്യങ്ങള്‍ പറയുന്നതില്‍ അപാകമുണ്ടാവില്ലെന്നു കരുതുന്നു.

ഒന്നാമതു് ശ്രദ്ധയില്‍പ്പെട്ടതു് രേവതി അവതരിപ്പിച്ച ആരോഗ്യമന്ത്രി സി കെ പ്രമീളയുടെ കഥാപാത്ര രൂപകല്പനയാണു്. വളരെ ദുര്‍ബ്ബലയായ ഒരു സ്ത്രീയായാണു് അവരെ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളതായിക്കണ്ടതു്. എന്നാല്‍ നിപ്പ ബാധിച്ച സമയത്തോ അതിനു മുമ്പോ പിന്‍പോ നമ്മുടെ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജടീച്ചര്‍ അത്തരമൊരു ദുര്‍ബ്ബലയായ ഒരാളാണെന്നു് ഒരു പ്രാവശ്യം പോലും തോന്നിച്ചിട്ടില്ല. വളരെ ഊര്‍ജ്ജസ്വലതയോടെയും കാര്യക്ഷമതയോടെയും തന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്ന വ്യക്തിയായാണു് അവര്‍ തന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ ഇപ്പോഴും നിറഞ്ഞു നില്ക്കുന്നതു്. ഒരു പക്ഷേ സിനിമ എന്ന കലാസൃഷ്ടിയുടെ നാടകീയത സംരക്ഷിക്കുന്നതിനു വേണ്ടിയായിരിക്കാം ആ രീതിയില്‍ ചിത്രീകരിച്ചതു്.

പക്ഷേ നിപ്പ ബാധിച്ചു് ഒരാള്‍ മരണമേറ്റു വാങ്ങിയ കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തില്‍ ആ സമയത്തു് ജോലി ചെയ്ത ഒരാളെന്ന നിലയില്‍ എനിക്കു വൈറസ് സിനിമയിലെ ആരോഗ്യമന്ത്രിയുടെ കഥാപാത്ര രൂപകല്പന അത്ര നന്നായിത്തോന്നിയില്ല. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കഥയാണല്ലോ സിനിമ പറയുന്നതു്. ആ കഥാപാത്രത്തെ ശൈലജ ടീച്ചറുടെ വ്യക്തിത്വത്തിനിണങ്ങും വിധത്തിലുള്ള ഒരാളായി സിനിമയില്‍ കാണിക്കാമായിരുന്നുവെന്നു തോന്നി.

രണ്ടാമതായി, ഞങ്ങള്‍ ലോക്കല്‍ അതോറിറ്റിക്കാരെ (അതായതു് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തു് സംവിധാനങ്ങള്‍) സിനിമയില്‍ കാര്യമായൊന്നും സ്പര്‍ശിക്കുന്നില്ല. ആശുപത്രികളിലും ഗവണ്മെന്റ് ഗസ്റ്റ്ഹൌസിലൊരുക്കിയ നിപ്പ സെല്ലിലും മാത്രമായാണു് സിനിമ മുന്നേറുന്നതു്. എന്നാല്‍ ജില്ലയിലെ മറ്റു ഉദ്യോഗസ്ഥസംവിധാനങ്ങളും ചെറുതെങ്കിലും, തങ്ങളുടേതായ പങ്കു് നിപ്പ പ്രതിരോധവിഷയത്തില്‍ നിര്‍വ്വഹിച്ചിട്ടുണ്ടു്. ഒരുപാടു കാര്യങ്ങളൊന്നും ഞങ്ങള്‍ക്കു ചെയ്യാനില്ലായിരുന്നുവെങ്കിലും, നിപ്പ ബാധിച്ച കാലത്തു് കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലും പഞ്ചായത്തു് വകുപ്പിലും നടന്ന കാര്യങ്ങള്‍ പറയുന്നതു തെറ്റായിരിക്കില്ലെന്നു തോന്നുന്നു.

പകര്‍ച്ചവ്യാധി പ്രതിരോധ വിഷയത്തില്‍ മലബാര്‍ മേഖലയിലെ ലോക്കല്‍ അതോറിറ്റികള്‍ക്കുള്ള ചുമതല വിവരിച്ചിട്ടുള്ളതു് 1939ലെ മദ്രാസ് പൊതുജനാരോഗ്യ നിയമത്തിലാണു്. (തിരുവിതാംകൂര്‍-കൊച്ചി ഭാഗത്തു് 1955ലെ ട്രാവന്‍കൂര്‍-കൊച്ചിന്‍ പൊതുജനാരോഗ്യ നിയമത്തിനാണു് പ്രാബല്യം. കേരള സംസ്ഥാന രൂപീകരണ ശേഷം ഇത്ര വര്‍ഷങ്ങളായിട്ടും നമുക്കൊരു ഏകീകൃത പൊതുജനാരോഗ്യ നിയമമില്ലെന്നതു് വേറൊരു കുറിപ്പിനുള്ള വിഷയം.) പ്രസ്തുത നിയമത്തിലെ അദ്ധ്യായം 7ല്‍ പാര്‍ട്ട് ഒന്നിലെ സെക്‍ഷന്‍ 54ലും 55ലും മറ്റുമാണു് പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ ലോക്കല്‍ അതോറിറ്റികള്‍ക്കുള്ള ചുമതലകള്‍ വിവരിക്കുന്നതു്.

04/06/2018നാണു് നിപ്പ സംബന്ധിച്ചു് പഞ്ചായത്തു് ഡെപ്യൂട്ടി ഡയറക്ടറുടെ ആദ്യത്തെ ഇ-മെയില്‍ കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലേക്കു് വരുന്നതു്. നിപ്പ പനി നിരീക്ഷണത്തിലുള്ള ആളുകള്‍ക്കു് സൗജന്യമായി ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ബഹു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ 04/06/2018നു് ചേര്‍ന്ന യോഗനിര്‍ദ്ദേശപ്രകാരമായിരുന്നു അതു്.

നിപ്പ പനി നിരീക്ഷണത്തിലുള്ളവരായി ആരോഗ്യ വകുപ്പു കണ്ടെത്തിയ അര്‍ഹതപ്പെട്ട ആളൂകള്‍ക്കു് സൗജന്യ ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിനു് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും സിവില്‍ സപ്ലൈസ് വകുപ്പു് അതാതു പഞ്ചായത്തുകളിലെ മാവേലി സ്റ്റോറില്‍ / സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എത്തിക്കുന്ന ഭക്ഷണ കിറ്റ് അവിടെ നിന്നും കൈപ്പറ്റി സിവില്‍ സപ്ലൈസ് വകുപ്പു കൈമാറുന്ന ഗുണഭോക്താക്കള്‍ക്കു് എത്തിച്ചു കൊടുക്കേണ്ട ചുമതല അതാതു ഗ്രാമപഞ്ചായത്തുകള്‍ക്കാണെന്നും ഇതിനായി കുടുംബശ്രീ/ആശ/സന്നദ്ധപ്രവര്‍ത്തകരുടെ സേവനം അതാതു പഞ്ചായത്തുകളുടെ യുക്തി അനുസരിച്ചും പ്രയോജനപ്പെടുത്താവുന്നതാണെന്നും, അവ ഗുണഭോക്താക്കള്‍ക്കു ലഭിച്ചു എന്നു് ഉറപ്പു വരുത്തേണ്ട ചുമതല ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തു് സെക്രട്ടറിക്കാണെന്നും ഭക്ഷണ കിറ്റുകള്‍ വീടുകളില്‍ എത്തിക്കുന്നതിനുള്ള വാഹന സൗകര്യങ്ങളും മറ്റു സഹായങ്ങളും ഗ്രാമപഞ്ചായത്തു് സെക്രട്ടറി ചെയ്തു കൊടുക്കേണ്ടതാണെന്നും. തൊട്ടടുത്ത ദിവസം 05/06/2018നു് വൈകുന്നേരത്തോടെ തന്നെ എല്ലാ ഗുണഭോക്താക്കള്‍ക്കും ഭക്ഷണ കിറ്റ് കിട്ടി എന്നു് ഉറപ്പുവരുത്തേണ്ടതാണെന്നും സിവില്‍ സപ്ലൈസ് വകുപ്പു് കൈമാറുന്ന ലിസ്റ്റിലുള്ളവരുടെ മേല്‍വിലാസത്തിലെ അവ്യക്തത, അപൂര്‍ണ്ണമായ മേല്‍വിലാസങ്ങള്‍ എന്നിവയും ഗ്രാമപഞ്ചായത്തു് മെമ്പര്‍മാര്‍ കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായത്തോടെ കണ്ടെത്തേണ്ടതാണെന്നും ഇപ്രകാരം എല്ലാ ഗുണഭോക്താക്കള്‍ക്കും ഭക്ഷണ കിറ്റ് വിതരണം ചെയ്തു എന്ന റിപ്പോര്‍ട്ട് 06/06/2018നു് 11.00 മണിക്കു മുമ്പേ ജില്ലാ കളക്ടര്‍ക്കു്/ നിപ്പ സെല്ലിനു് അതാതു ഗ്രാമപഞ്ചായത്തു് സെക്രട്ടറിമാര്‍ സമര്‍പ്പിക്കേണതാണെന്നും, ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിനുള്ള യുക്തമായ ക്രമീകരണങ്ങള്‍ അതാതു ഗ്രാമപഞ്ചായത്തുകള്‍ ഏര്‍പ്പെടുത്തേണ്ടതും ഇതിന്റെ പ്രവര്‍ത്തനം ഫലപ്രദമായി നടക്കുന്നു എന്നു് ഗ്രാമപഞ്ചായത്തു് പ്രസിഡണ്ട് ഉറപ്പു വരുത്തേണ്ടതും വാര്‍ഡ് തലത്തില്‍ ഗ്രാമപഞ്ചായത്തു് മെമ്പര്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം ഇക്കാര്യത്തില്‍ ലഭ്യമാക്കുന്നതിനു് പ്രസിഡണ്ട് മുന്‍കൈ എടുക്കേണ്ടതാണെന്നും മറ്റുമായിരുന്നു കത്തില്‍.

തുടര്‍ന്നു് 05/06/2018നു് പഞ്ചായത്തു് ഡെപ്യൂട്ടി ഡയറക്‍ടറുടെ അടുത്ത ഇമെയില്‍ വന്നു. അതു് ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ 05/06/2018 തിയ്യതിയിലെ നിർദ്ദേശപ്രകാരമായിരുന്നു.

നിപ്പ വെെറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണത്തില്‍ ഉൾപ്പെടുന്നവർക്കു് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകേണ്ടവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിപ്പ മീഡിയ സെല്ലിൽ നിന്നും ശേഖരിച്ചു് ജില്ലാ സപ്ലെെ ഒാഫീസർ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രസ്തുത ലിസ്റ്റ് ഉളളടക്കം ചെയ്യുന്നുവെന്നും, ബന്ധപ്പെട്ടവർക്കു് വിതരണം ചെയ്യേണ്ട കിറ്റുകൾ അന്നു് 2.00 മണിയ്ക്കു് മുമ്പായി ഞങ്ങളുടെ പഞ്ചായത്തു് പരിധിയിലെ സിവിൽ സപ്ലെെസ് ഒൗട്ട്‌ലെറ്റ് / മാവേലി സ്റ്റോറിൽ ജില്ലാ സപ്ലെെ ഒാഫീസർ എത്തിക്കുന്നതാണെന്നും കിറ്റുകൾ അടിയന്തിരമായി ഏറ്റുവാങ്ങി ഗ്രാമപഞ്ചായത്തു് പ്രസിഡന്റ് ആരോഗ്യവകുപ്പു് ജീവനക്കാർ എന്നിവരുമായി കൂടിയാലോചിച്ചു് ബന്ധപ്പെട്ടവർക്കു് എത്തിക്കേണ്ടതുമാണെന്നായിരുന്നു ഉള്ളടക്കം.

പ്രസ്തുത ലിസ്റ്റ് സ്വകാര്യമായി സൂക്ഷിക്കേണ്ടതാണെന്നും, ഇതു വ്യാപകമായി പ്രചരണം നടത്തിയാലുണ്ടാവുന്ന ഭവിഷ്യത്തുകൾക്കു് ഞങ്ങളുടെ ഒാഫീസിനു് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന മുന്നറിയിപ്പു കൂടി കത്തിലുണ്ടായിരുന്നു.

മൂന്നു പ്രാവശ്യമായി കിട്ടിയ ലിസ്റ്റുകളില്‍ പഞ്ചായത്തില്‍ പല ഭാഗങ്ങളിലായുള്ള ആകെ 20 പേരുടെ കോണ്‍ടാക്റ്റ് വിവരങ്ങളുണ്ടായിരുന്നു. ലിസ്റ്റുകളും കത്തും നിര്‍ദ്ദേശവും കിട്ടിയ ഉടന്‍ അന്നു് പഞ്ചായത്തു് സെക്രട്ടറി തന്നെ, വിഷയത്തിന്റെ ഗൌരവമുള്‍ക്കൊണ്ടു് നേരിട്ടു് പ്രസ്തുത ഭക്ഷ്യധാന്യ കിറ്റുകള്‍ ഓരോ പ്രാവശ്യവും ഏറ്റു വാങ്ങുകയും പഞ്ചായത്തിന്റെ വാഹനത്തില്‍ ആരോഗ്യവകുപ്പു ജീവനക്കാരെക്കൂടി കൂടെ കൂട്ടി നേരിട്ടു് അതാതു വീടുകളില്‍ എത്തിക്കുകയാണുണ്ടായതു്. ഇങ്ങനെയുള്ള ചെറിയ ചെറിയ ഇടപെടലുകള്‍ ഈ വിഷയത്തില്‍ പല തലങ്ങളിലായി ജില്ലയില്‍ നടന്നിട്ടുണ്ടെന്നു കൂടി ഓര്‍മ്മിപ്പിക്കാനാണു് ഈ കുറിപ്പെഴുതിയതു്.

മൂന്നാമതായി,

സിനിമയിലൊരിടത്തു് ഉണ്ണികൃഷ്ണനു് രോഗം പകര്‍ന്നിരിക്കാനുണ്ടായ വഴികള്‍ അപഗ്രഥിക്കുന്ന സമയത്തു് കോഴിക്കോടു് ജില്ലയുടെ ഒരു ഭൂപടം കാണിക്കുന്നുണ്ടു്.

ആ ഭൂപടം വിക്കിപീഡിയ / വിക്കിമീഡിയ കോമണ്‍സില്‍ നിന്നെടുത്തു മോഡിഫൈ ചെയ്തതാണു്. അതിന്റെ അസ്സല്‍ ഭൂപടം വരച്ചതു് ഞാനാണു്. അതേന്നേയ്, 2011ല്‍ വരച്ചു് വിക്കിപീഡിയയിലും, വിക്കിമീഡിയ കോമണ്‍സിലും ഞാന്‍ തന്നെയാണു് കയറ്റിയിട്ടതു്. ഞാന്‍ വരച്ച ആ ചിത്രം എനിക്കു് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. കാരണം അത്രയും സൂക്ഷ്മതലത്തിലുള്ള വിവരങ്ങള്‍ കൂട്ടിചേര്‍ത്താണാ ഭൂപടമുണ്ടാക്കിയതു്. സംശയമുള്ളവര്‍ക്കു് താഴെ കണ്ണികളില്‍ ചെന്നു് വെരിഫൈ ചെയ്യാം. അതില്‍ ചെന്നു് അതിന്റെ authorന്റെ ഡീറ്റെയില്‍സ് നോക്കിയാല്‍ മതി.

https://commons.wikimedia.org/wiki/File:Kozhikode-district-map-en.svg

https://ml.wikipedia.org/wiki/പ്രമാണം:Kozhikode-district-map-ml.svg

കോഴിക്കോടു് ജില്ലയിലെ ലോക്കല്‍ അതോറിറ്റികളുടെ അതിരുകളും, നിയമസഭാമണ്ഡലങ്ങളും അപ്റ്റുഡേറ്റായും കൃത്യമായും വരച്ചു ചേര്‍ത്തിട്ടുള്ള ഇന്നും ലഭ്യമായ ഒരേയൊരു ഭൂപടം അതേയുള്ളൂ. ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെയെന്ന ഉദ്ദേശ്യത്തില്‍ത്തന്നെയാണു് അന്നു് മെനക്കെട്ടു് അതു വരച്ചതു്. എന്നാലും, അതു സിനിമ പോലെയുള്ള ഒരു കൊമേഴ്‌സ്യല്‍ ആവശ്യത്തിനു് എടുത്തുപയോഗിക്കുമ്പോ അതു വരച്ചയാളോടു് ചെറുതായെങ്കിലും ഒരാശയസംഭാഷണം നടത്തിയിരുന്നെങ്കില്‍ അതെന്നെപ്പോലുള്ളവര്‍ക്കു് ഒരു സന്താഷമായേനെ. തുടര്‍ന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഒരു പ്രചോദനമായേനെ. സിനിമയ്ക്കായി അതിലും മെച്ചപ്പെട്ട ഭൂപടമുണ്ടാക്കിത്തരാനും സാധിക്കുമായിരുന്നു. ആഹ് പോട്ട്…

അപ്പോ സലാം.

അപ്‌ഡേറ്റ് (05/07/2019 വൈകുന്നേരം)

ഇന്നലെ (04/07/2019) നു് സായംസന്ധ്യയ്ക്കു് ഫേസ്‌ബുക്കിലെ ‘വൈറസ്’ സിനിമയുടെ ഔദ്യോഗിക പേജിലും, സംവിധായകന്‍ ആഷിക്‍ അബുവിന്റെ പേജിലും, നിര്‍മ്മാതാവു് റിമ കല്ലിങ്കലിന്റെ പേജിലും, ഞാന്‍ വരച്ചു വിക്കിമീഡിയ കോമണ്‍സില്‍ ചേര്‍ത്ത കോഴിക്കോടു് ജില്ലയുടെ ഭൂപടം, കടപ്പാടു വയ്ക്കാതെ സിനിമയില്‍ ഉപയോഗിച്ചതിനുള്ള ക്ഷമാപണവും കടപ്പാടും അറിയിപ്പായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

ഫേസ്ബുക്ക് പോസ്റ്റുകളിലേക്കുള്ള കണ്ണികള്‍ താഴെ ചേര്‍ക്കുന്നു.

https://m.facebook.com/story.php?story_fbid=388578951776900&id=337915413509921

https://m.facebook.com/story.php?story_fbid=1358519924317113&id=270685793100537

https://m.facebook.com/story.php?story_fbid=2211684115613479&id=311298132318763

അവര്‍ അതിനു് ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് അനുശാസിക്കും വിധം യഥാവിധി കടപ്പാടു വയ്ക്കണമെന്നേ ഞാനാഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ, അവര്‍ അവരുടെ കടപ്പാടു് അറിയിച്ചതിനൊപ്പം, ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിലും മറ്റും പ്രസിദ്ധപ്പെടുത്തിയവ അടക്കമുള്ള ഇതര ഓപ്പണ്‍ ആക്സസ് പ്രസിദ്ധീകരണങ്ങള്‍ ഭാവിയില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യാമെന്നുള്ള അവരുടെ പ്രതിജ്ഞാബദ്ധതയും, ആ ഭൂപടത്തെപ്പറ്റിയും, ഞാനടക്കമുള്ള വിക്കിമീഡിയ പ്രവര്‍ത്തകരെപ്പറ്റിയും വിശേഷാല്‍, എന്നെപ്പറ്റിത്തന്നെയും എന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദമായിത്തന്നെ അന്വേഷിച്ചറിഞ്ഞു് വിവരിച്ചതും, എന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയറിയിച്ചും പോസ്റ്റ് ചെയ്തതു കണ്ടും, നിരവധി ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ ഈ വിവരം പ്രസിദ്ധപ്പെടുത്തിക്കണ്ടും ഞാന്‍ വാസ്തവത്തില്‍ വണ്ടറടിച്ചു നില്ക്കുകയാണു്. ഇത്രയൊന്നും ഞാന്‍ സത്യമായും ആഗ്രഹിച്ചതേയല്ല, പ്രതീക്ഷിച്ചതുമല്ല. ആഷിക്‍ അബുവിനും, റിമ കല്ലിങ്കലിനും ‘വൈറസ്’ സിനിമാപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം.

വിശാലഹൃദയനായ ഗര്‍വ്വാസീസ് ആശാന്‍ (ജയ്സെന്‍ നെടുമ്പാല) ക്ഷമിച്ചിരിക്കുന്നു. 🙂

(യാത്രകളിലും, തിരക്കുകളിലും പെട്ടുപോയതിനാലാണു് ഈ കുറിപ്പു വൈകിയതു്.)

അപ്‌ഡേറ്റ് (07/07/2019 വൈകുന്നേരം)

പത്രമാദ്ധ്യമങ്ങള്‍ ഇതൊക്കെ കവര്‍ ചെയ്യുമെന്നുള്ളതു് എനിക്കൊരു പുതിയ അറിവാണു്. വെറുതേ സെര്‍ച്ചു ചെയ്തു നോക്കിയപ്പോള്‍ കിട്ടിയ കണ്ണികള്‍ താഴെ കൊടുക്കുന്നു. ഞാനിത്ര വല്യ സംഭവം ആയിത്തീര്‍ന്നെന്നു് അപ്പഴാണു മനസ്സിലായതു്… ഇനി കുറച്ചു വെയിറ്റൊക്കെയിട്ടു നില്ക്കാം, ല്ലേ? 🙂

ആഷിക്‍ അബുവിനെയും റിമ കല്ലിങ്കലിനെയും ഒന്നു നേരില്‍ കണ്ടു സംസാരിക്കണമെന്നുണ്ടെനിക്കു്.. വെറുതേയങ്ങനെ..

https://www.mathrubhumi.com/movies-music/news/aashiq-abu-facebook-post-about-a-mistake-in-virus-movie-1.3930862

https://www.manoramaonline.com/movies/movie-news/2019/07/06/aashiq-abu-facebook-post-about-a-mistake-in-virus-movie-tovino-asif.html

https://www.deshabhimani.com/cinema/movie-virus/808892

https://www.azhimukham.com/film-aashiq-abu-rima-kallingal-apologised-for-virus-map-courtesy/?fbclid=IwAR3_aWzBrcnwLArCl3wPgA3t_53Ytr4b058_PsnaSuPQzHXlIEvmHm4-cqI

https://www.southlive.in/movie/film-news/virus-movie-map-contraversy/

https://www.mediaonetv.in/entertainment/2019/07/04/aashiq-abu-rima-kallingal-apologised-for-virus-film-error

http://www.kairalinewsonline.com/2019/07/05/264723.html

https://malayalam.news18.com/news/film/movies-ashiq-rima-apology-map-used-in-virus-137079.html

https://www.doolnews.com/ashiq-abu-and-rima-kallingal-apologize-485.html

https://www.marunadanmalayali.com/scitech/cyber-space/director-aashiq-abus-fb-post-goes-viral-152050

https://malayalam.samayam.com/malayalam-cinema/movie-news/aashiq-abu-apologies-to-jaisen-nedumpala-on-virus-movie-kozhikode-district-map-controversy/articleshow/70085895.cms

Advertisements

സ്റ്റേറ്റ് ഓഫ് ദ മാപ്പ് – ഏഷ്യ 2018 കോണ്‍ഫറന്‍സില്‍ പങ്കെടുത്തതു്..

ഇനി, ഞാന്‍ ഈ കഴിഞ്ഞ 2018 നവംബര്‍ 17-18 തീയ്യതികളില്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടു് ഓഫ് മാനേജ്‌മെന്റില്‍ വച്ചു നടന്ന സ്റ്റേറ്റ് ഓഫ് ദ മാപ്പ് – ഏഷ്യ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത കഥ പറയാം. സ്വതന്ത്ര മാപ്പിങ് പ്ലാറ്റ്ഫോമായ ഓപ്പണ്‍സ്ട്രീറ്റ്മാപ്പിന്റെ സംഘടനാ സംവിധാനമാണു് ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് ഫൌണ്ടേഷന്‍. ഈ സംഘടന സ്റ്റേറ്റ് ഓഫ് ദ മാപ്പ് എന്ന പേരില്‍ എല്ലാ വര്‍ഷവും തെരഞ്ഞെടുത്ത ഏതെങ്കിലുമൊരു നഗരത്തില്‍ വച്ചു് ആഗോള തലത്തിലുള്ള കോണ്‍ഫറന്‍സ് നടത്താറുണ്ടു്. 2017ല്‍ ജപ്പാനില്‍ വച്ചു നടന്ന ഇത്തരമൊരു കോണ്‍ഫറന്‍സില്‍ ഞാന്‍ പങ്കെടുത്ത കഥ മുമ്പു് എഴുതിയിരുന്നല്ലോ. അതു പോലെത്തന്നെ സ്റ്റേറ്റ് ഓഫ് ദ മാപ്പിന്റെ റീജിയണല്‍ തലത്തിലുള്ള കോണ്‍ഫന്‍സുകളും നടത്താറുണ്ടു്. അങ്ങനെ ഏഷ്യന്‍ റീജിയണ്‍ തലത്തില്‍ ഇക്കഴിഞ്ഞ പ്രാവശ്യം നടത്താന്‍ നിശ്ചയിച്ചതു് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലാണു് (ഐ ഐ എം). ഞാനും ഒരു പ്രസന്റേഷന്‍ തയ്യാറാക്കി അപേക്ഷിച്ചു, അതു അംഗീകരിച്ചു കിട്ടുകയും ചെയ്തു.

ഒന്നാം ദിവസം

അങ്ങനെ, കോണ്‍ഫറന്‍സിന്റെ തലേന്നു് ഞാന്‍ കോഴിക്കോടു് കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്റില്‍ നിന്നും ബസ്സ് കയറി ആദ്യദിവസം രാവിലെ ബാംഗ്ലൂര്‍ കെമ്പെഗൌഡ ബസ്സ് ടെര്‍മിനസില്‍ ഇറങ്ങി. മൊബൈല്‍ഫോണിലെ ഡാറ്റയും കാള്‍ പാക്കേജും തീര്‍ന്നിരുന്നു. അവിടെയടുത്തുള്ള ഒരു മൊബൈല്‍ കടയില്‍ കയറി റീചാര്‍ജ്ജു ചെയ്ത ശേഷം കോണ്‍ഫറന്‍സിനു വരാമെന്നേറ്റിരുന്ന മനോജിനെ (മനോജ് കരിങ്ങാമഠത്തില്‍) വിളിച്ചു നോക്കി. മനോജ് നേരത്തേ തന്നെ സ്ഥലത്തെത്തിയിട്ടുണ്ടു്. വഴിയെല്ലാം ചോദിച്ചു മനസ്സിലാക്കി ബസ്സു കയറി ഐ ഐ എമ്മിനടുത്തു ബുക്കു ചെയ്തിരുന്ന ഹോട്ടലില്‍ ചെന്നു കേറി ചെക്ക്-ഇന്‍ ചെയ്തു. രാവിലെത്തെ പല്ലുതേപ്പും കുളിയും മറ്റും കഴിഞ്ഞു് നേരെ ഐ ഐ എമ്മിലേക്കു് ചെന്നു. പ്രവേശന സ്ഥലത്തു തന്നെ പരിപാടിയുടെ വലിയ ഫ്ലക്സ് ബോര്‍ഡ് എന്നെ എതിരേറ്റു. രജിസ്ട്രേഷന്‍ ഡസ്കില്‍ ചെന്നപ്പോള്‍ അവിടെ ഇരിക്കുന്നവരിലൊരാള്‍ നമ്മുടെ “മുസിരിയന്‍” കെല്‍വിനാണു്. രജിസ്ട്രേഷന്‍ കഴിഞ്ഞു അകത്തെ മുറ്റത്തു ചെന്നപ്പോള്‍ അവിടെ എല്ലാവരും കാപ്പിയും കുടിച്ചു കൊണ്ടു് കൊച്ചുവര്‍ത്തമാനത്തില‍ാണു്. മാപ്പ് ബോക്‍സിലെ അരുണ്‍ ഗണേഷിനെ കണ്ടു. അവനുമായി സംസാരിച്ചു കൊണ്ടു നിന്ന പുകാര്‍ എന്ന സംഘടനയുടെ ഡയറക്‍ടര്‍ ഡോ. അനിത പാട്ടീലിനെ പരിചയപ്പെടുത്തിത്തന്നു. അധികം താമസിയാതെ അകത്തു കയറിയിരുന്നു. രാഹുല്‍ ദേയും മറ്റും പങ്കെടുത്ത ദീപം കൊളുത്തിക്കൊണ്ടുള്ള ചെറിയ ഉദ്ഘാടന സെഷന്‍ കഴിഞ്ഞു് നേരത്തേ പരിചയപ്പെട്ട ഡോ. അനിത പാട്ടീലിന്റെ കീനോട്ട് ടോക്ക് ആയിരുന്നു. മുംബൈയിലെ ഇന്‍ഫോര്‍മല്‍ സെറ്റില്‍മെന്റുകളില്‍ താമസിക്കുന്നവരെപ്പറ്റിയും, അവിടങ്ങളുടെ മാപ്പിങ്ങിനെപ്പറ്റിയും അവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന പാനല്‍ ഡിസ്കഷന്‍ – State of the Map Country Panel- ജിനാല്‍ ഫോഫ്‍ലിയ മോഡറേറ്റ് ചെയ്തു. അതു തീര്‍ന്നപ്പോഴേയ്ക്കും ഉച്ചയായി. അപ്പോള്‍ എല്ലാവരുടെയും ഒരു ഗ്രൂപ്പ് ഫോട്ടോയെടുത്തു് ഉച്ചഭക്ഷണത്തിനു് പിരിഞ്ഞു.

46505973_10213257156849895_3011165824212795392_n

അതിമനോഹരമായ ക്യാമ്പസ്സാണു് ഐ ഐ എമ്മിന്റേതു്. എക്സ്പോസ്ഡ് ആര്‍ക്കിടെക്‍ചറില്‍ ചെയ്ത കെട്ടിടങ്ങളാണെല്ലാം. ഒരു അക്കാദമിക്‍ സ്ഥാപനത്തിന്റെ കെട്ടും മട്ടും എങ്ങനെ വേണമെന്നു് മുന്‍കൂട്ടിക്കണ്ടു് നിര്‍മ്മിച്ച പോലെയുണ്ടു് എല്ലാ കെട്ടിടങ്ങളും.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, മാപ്പിങ് രംഗങ്ങളിലുള്ള സുഹൃത്തുക്കള്‍ മിക്കവരും പരിപാടിക്കു് എത്തിയിട്ടുണ്ടു്. സംഘാടക സമിതിയില്‍ത്തന്നെയുള്ള സജ്ജാദ് അന്‍വര്‍, പിന്നെ ആര്‍ക്ക് അര്‍ജ്ജുന്‍, അമ്പാടി, കണ്ണന്‍, ഹൈദരാബാദില്‍ നിന്നു വന്ന ലാവണ്യ ചല്ല, ബാംഗ്ലൂരിലെ ഓം ശിവപ്രകാശ്, തേജേഷ് ജി എന്‍, ഹൈദരാബാദില്‍ നിന്നു തന്നെയുള്ള ശ്രീഹര്‍ഷ തന്നീരു, മാപ്പ്ബോക്സിലുണ്ടായിരുന്ന ശ്രീവിദ്യ, ഹൈദരാബാദിലെ ഗൌതം ഗൊല്ലപ്പള്ളിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന രണ്ടു സുഹൃത്തുക്കള്‍ തുടങ്ങിയവരൊക്കെ വന്നിട്ടുണ്ടു്.

ഉച്ചഭക്ഷണം കഴിഞ്ഞു് ഓഡിറ്റോറിയത്തില്‍ ലൈറ്റ്നിങ് ടോക്കുകളായിരുന്നു. ബംഗ്ലാദേശിലെ ധാക്ക യൂണിവേഴ്സിറ്റിയില്‍ നിന്നു വന്ന ഐറിന്‍ അക്തറിന്റെ, മാപ്പിങ്ങില്‍ പ്രാദേശിക ഭാഷ ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള അവതരണം, ഘന്‍ ശ്യാം വര്‍മ്മയുടെ, നേപ്പാള്‍ഗഞ്ചിലേക്കു് ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് എന്ന പ്രസന്റേഷന്‍, എസ് എം സാവന്‍ ഷരിയാറിന്റെ ബംഗ്ലാദേശ് യൂത്ത്മാപ്പേഴ്സ് ചാപ്റ്ററിനെപ്പറ്റിയുള്ള പ്രസന്റേഷന്‍ എന്നിവ ശ്രദ്ധേയമായി. എന്റെ പ്രസന്റേഷന്‍ N001 എന്ന മുറിയിലായിരുന്നതിനാല്‍ ഉച്ചയ്ക്കു ശേഷം അവിടെ പോയി ഇരുന്നു. എന്റേതു് 2.40നായിരുന്നു. സംഗതി പഴേ ബോംബു കഥ തന്നെ – Mapping efforts in an unsurveyed land – Koorachundu Village Panchayat experience. അനുവദിച്ചതിനേക്കാള്‍ ഒരിത്തിരി സമയം ഞാന്‍ കൂടുതലെടുത്തു. പക്ഷേ എനിക്കീ കഥ പറഞ്ഞു പറഞ്ഞു മടുത്തു തുടങ്ങി. ഇനി പറയാന്‍ പുതിയ കഥ വല്ലതും ഉണ്ടാക്കണം 🙂 . തുടര്‍ന്നു് മനോജ് കരിങ്ങാമഠത്തില്‍ കേരളത്തിലെ വെള്ളപ്പൊക്ക സമയത്തു നടത്തിയ മാപ്പിങ്ങിനെപ്പറ്റയുള്ള പ്രസന്റേഷന്‍ അവതരിപ്പിച്ചു. 3:20നു് ഡെല്‍ഹിയില്‍ നിന്നും വന്ന മഹിമയുടെ Mapping River Use in Urban Areas: Relational Geography of Yamuna in Delhi among its User Communities എന്ന അവതരണത്തിനു് ശേഷം നവീന്‍ ഫ്രാന്‍സിസ് വിക്കിമീഡിയ മാപ്പുകളെപ്പറ്റി വിശദമായി സംസാരിച്ചു.‌ തുടര്‍ന്നു് വൈകുന്നേരത്തെ ചായയ്ക്കു് പിരിഞ്ഞു.

ഹേളവരു

ചായയ്ക്കു ശേഷം കര്‍ണ്ണാടക ഗ്രാമങ്ങളിലെ സവിശേഷ കഥ പറച്ചിലുകാരായ ഹേളവരു എന്ന പേരിലറിയപ്പെടുന്ന നാടോടി കലാകാരന്മാരെ പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു. ഹേളവരു എന്നവര്‍ ഗ്രാമങ്ങളിലെ ഓരോ കുടുംബത്തിന്റെയും ചരിത്രവും പ്രത്യേകതകളും നീണ്ട കടലാസു ചുരുളുകളും പുസ്തകങ്ങളിലും എഴുതി സൂക്ഷിക്കുന്ന പതിവുണ്ടു്. ഇതു അവര്‍ തലമുറകളിലൂടെ കൈമാറി വരുന്നു. അവര്‍ നാടു നീളെ സഞ്ചരിച്ചു് തങ്ങള്‍ കൈകാര്യം ചെയ്യുന്ന കുടുംബകഥകള്‍ അവരുടെ ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിച്ചു് അല്പസ്വല്പം തമാശയുടെ അകമ്പടിയോടെയും കുടമണി കിലുക്കിക്കൊണ്ടും പാടുന്നു. ഇത്തരം ഒരു കഥയുടെ സാംപിള്‍ അവര്‍ ഞങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. കന്നഡയിലായതിനാല്‍ ഏറെയൊന്നും മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കിലും സദസ്സിലെ കന്നഡിഗര്‍ കേട്ടു ചിരിച്ചാസ്വദിക്കുന്നതു കണ്ടു. സംഭവം ഏതായാലും രസകരം തന്നെയാണെന്നു മനസ്സിലായി. ഇപ്രകാരം ഒരു സമുദായം മറ്റു കുടുംബങ്ങളുടെ മുന്‍-പിന്‍ തലമുറകളുടെ വിവരങ്ങള്‍ കാലങ്ങളായി എഴൂതി സൂക്ഷിച്ചു വരുന്നുണ്ടെന്നും ആ വിവരങ്ങള്‍ അവരിന്നും തങ്ങളുടെ സ്വന്തം അനന്തരാവകാശികളിലൂടെ തലമുറകള്‍ കൈമാറി സൂക്ഷിക്കുന്നുവെന്നുമുള്ളതു് എനിക്കു് ഒരു പുതിയ അറിവായിരുന്നു. ഗ്രാമീണ കര്‍ണ്ണാടകയുടെ സ്വഭാവം ഒന്നു കൂടി അടുത്തറിയാന്‍ പറ്റി.

46826684_10213272200665981_6775253202259410944_o

വൈകുന്നേരം അഞ്ചരയ്ക്കു ശേഷം ബേര്‍ഡ്സ് ഓഫ് ഫെതേഴ്സ് പരിപാടിയായിരുന്നു. N001നടുത്തുള്ള ചെറിയ റൂമില്‍ ഒത്തു കൂടിയ ഞങ്ങള്‍ക്കു്, ഐസിഫോസ്സില്‍ നിന്നു് വന്ന ദീപ്തിയും സഹപ്രവര്‍ത്തകരും അവര്‍ സാങ്കേതിക സഹായം ചെയ്തു് കെ എസ് ഇ ബി നടപ്പാക്കിയ, പവര്‍ലൈനുകളുടെ മാപ്പിങ്ങ് പരിചയപ്പെടുത്തിത്തന്നു.

അതിനു ശേഷം ആറര മണിക്കു് ബന്നേര്‍ഘട്ട മെയിന്‍ റോഡിലെ യെല്ലോ സബ്ബ്മറൈന്‍ എന്ന റസ്റ്റാറണ്ടില്‍ വച്ചുള്ള സോഷ്യല്‍ ഇവെന്റിലും ഉഷാറായി പങ്കെടുത്തു് അടുത്ത ദിവസത്തേക്കു് പിരി‍ഞ്ഞു.

photo6305474915444303975

രണ്ടാം ദിവസം

അടുത്ത ദിവസം – നവംബര്‍ 18ാം തീയ്യതി രാവിലെ ചെന്നപ്പോള്‍ “ഇമ്മിണി ബല്യ കമ്പ്യൂട്ടിങ്” വ്ലോഗര്‍ – മുജീബും, രഞ്ജിത്ത് സജീവും കൂട്ടരും കോണ്‍ഫറന്‍സിനെപ്പറ്റിയുള്ള പ്രതിനിധികളായെത്തിയവരുടെ അഭിപ്രായം വീഡിയോ റിക്കോഡിങ് ചെയ്യുന്നതു കണ്ടു. എന്നെയും അവര്‍ വിളിച്ചു വരുത്തി എന്റെ അഭിപ്രായം റിക്കോഡ് ചെയ്തു.

രാവിലെത്തെ ചായയ്ക്കു ശേഷം പത്തു മണിയോടെ പരിപാടികള്‍ ആരംഭിച്ചു. ഓഡിറ്റോറിയത്തില്‍ ആദ്യമായി നൂപുര്‍ റാവല്‍ മോഡറേറ്റ് ചെയ്ത Business of Geospatial Data in Asia – Industry expertsഎന്ന പാനല്‍ ഡിസ്കഷനായിരുന്നു. അതു കഴിഞ്ഞു് ശശാങ്ക് ശ്രീനിവാസന്റെ Using OSM data for biodiversity conservation എന്ന പ്രസന്റേഷന്‍ കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ സമ്മാനിച്ചു. തുടര്‍ന്നു് സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ ഇന്ത്യയില്‍ പലേടത്തും നടന്നു് മാപ്പ് ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. പിന്നാലെ പ്രതാപ് വര്‍ദ്ധന്റെ Visualizing flood propagation with OSM and DEM എന്ന അവതരണം.

46815719_10213272249867211_1266762327206658048_o

പന്ത്രണ്ടു മണിക്കു് ഉച്ചഭക്ഷണത്തിനു് പിരിഞ്ഞു. കുശാലായ ഉച്ചഭക്ഷണത്തിനിടെ ഐ കെ എമ്മില്‍ നിന്നും വന്നവരുമായി സംസാരിച്ചു. ഉച്ചയ്ക്കു ശേഷം N001റൂമില്‍ ലൈറ്റ്നിങ് ടോക്‍സായിരുന്നു. സൈകത് മെയ്‌തി സുന്ദര്‍ബന്‍സ് മേഖലയിലെ ദ്വീപുകളുടെ വലിപ്പം ക്രമേണ കുറഞ്ഞു വരുന്നതിനെപ്പറ്റിയും അതിന്റെ മാപ്പിങ്ങിനെപ്പറ്റിയും സംസാരിച്ചു. തുടര്‍ന്നു് തേജേഷിന്റെ Community Created Free and Open Maps of India by Datameet, ശ്രീഹര്‍ഷ തന്നീരുവിന്റെ Mapping Rural Distress, ശ്രീവിദ്യയുടെ Mapping your Vacation Memories with Mapillary, റിഷബ് ജെയിന്‍ന്റെ Finding the Best Locations for LPG Centers, മിച്ചലീ ഇവാന്‍സിന്റെ Mapping Mosquitoes; Using community mapping and OSM to identify disease hotspots എന്നീ പ്രസന്റേഷനുകള്‍ കണ്ട ശേഷം സെന്‍ട്രല്‍ പെര്‍ഗോളയിലേക്കു് ചെന്നു. അവിടെ എര്‍വ്വിന്‍ ഒലേറിയോയുടെ വര്‍ക്ക്ഷോപ്പിന്റെ നടന്നു കൊണ്ടിരിക്കുകയായിരുന്നു – A crash course on web-based data mining and quick-and-dirty maps, with OpenStreetMap. അതും കണ്ടു് അവിടെയിരുന്നു.

അതിനു ശേഷം ഞങ്ങള്‍ കേരളത്തില്‍ നിന്നു് പരിപാടിക്കു വന്നവരെല്ലാം N001നടുത്തുള്ള ചെറിയ മുറിയില്‍ ഒത്തു കൂടി. അവിടെ വച്ചു കേരളത്തില്‍ മാപ്പിങ് പ്രവൃത്തികള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള നടപടികളെന്തെല്ലാം വേണമെന്നു് ചര്‍ച്ച ചെയ്തു. ഇന്‍ഫോര്‍മേഷന്‍ കേരള മിഷനില്‍ നിന്നു് വന്നവരും മീറ്റിങ്ങിലുണ്ടായിരുന്നു. ഞങ്ങള്‍ പ്രൊജക്ടുകളുടെ സാദ്ധ്യതകളെപ്പറ്റി വിശദമായിത്തന്നെ ചര്‍ച്ച ചെയ്തു. ഒ എസ് എം കേരള കമ്മ്യൂണിറ്റി രൂപീകരിച്ചു തുടര്‍പ്രവൃത്തികള്‍ നടത്താന്‍ തീരുമാനിച്ചു.

നാലര മണിക്കു് ക്ലോസിങ് കീനോട്ട് – കബാഡിവാല കണക്ട് എന്ന സംഘടനയുടെ സി ഇ ഒ ആയ സിദ്ധാര്‍ത്ഥ് ഹാന്‍ഡെയുടെ മനോഹരമായ പ്രസന്റേഷന്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ സമ്മാനിച്ചു. അതോടെ പരിപാടിക്കു് പര്യവസാനമായി. പരിപാടി കഴിഞ്ഞതോടെ ഞാന്‍ അവിടെയെല്ലാം പടങ്ങളെടുത്തു കൊണ്ടു് ചുറ്റിനടന്നു. മിക്കവരും യാത്ര പറഞ്ഞു പിരിഞ്ഞു. സന്ധ്യയോടെ ബാക്കിയുള്ള ഞങ്ങളെല്ലാവരും അവിടെ അടുത്തുള്ള ഒരു റസ്റ്റാറന്റില്‍ കയറി ഭക്ഷണം കഴിച്ചു് പിരിഞ്ഞു.

46863398_10213272252867286_6997864221954277376_o

പരിപാടിയെല്ലാം കഴിഞ്ഞു് നാട്ടിലേക്കു് തിരിക്കാനുള്ള സമയമായി. താമസിച്ച ഹോട്ടലിനു മുകളിലെ റസ്റ്റാറന്റില്‍ പിറ്റേന്നു് രാവിലെ, കോണ്‍ഫറന്‍സിനു പങ്കെടുക്കാന്‍ വന്ന മഹാരാഷ്ട്രക്കാരി അര്‍ച്ചനയെയും, സുന്ദര്‍ബന്‍സിലെ വലിപ്പം കുറയുന്ന ദ്വീപുകളുടെ കഥ പറഞ്ഞ സൈകത് മെയ്‌തിയെയും കണ്ടുമുട്ടി. അവരുമൊന്നിച്ചിരുന്നു് മാപ്പിങ്ങിനെപ്പറ്റി സംസാരിച്ചു കൊണ്ടു് പ്രഭാതഭക്ഷണം കഴിച്ചു പിരിഞ്ഞു.

അതിസാരോപാഖ്യാനം

ഉച്ചയോടെ എന്റെ വയറിനു് ചെറുതായി ഒരു അസ്കിത. ടോയ്‌ലെറ്റില്‍ ഇടയ്ക്കിടെ പോവണമെന്നു് തോന്നാന്‍ തുടങ്ങി. ഞാനിനി എങ്ങനെ ധൈര്യത്തില്‍ ബസ്സില്‍ കയറുമെന്നായി. വാടക കുറഞ്ഞ ഒരു ഹോട്ടലിലേക്കു് താമസം മാറ്റി – എപ്പഴാണീ മാരണം മാറുകയെന്നു പറയാന്‍ പറ്റില്ലല്ലോ. സമയം പോകെപ്പോകെ പ്രശ്നം കൂടെക്കൂടെ വഷളാവാന്‍ തുടങ്ങി. വയറാകെ നാശകോശമായി. വയറിനു പിടിക്കാത്തതെന്താണു തിന്നതെന്നു് ഒരോര്‍മ്മയും കിട്ടുന്നില്ല. ഹോട്ടല്‍ റിസപ്ഷനില്‍ ചെന്നു് അടുത്തു ഡോക്‍ടര്‍മാരാരെങ്കിലും പ്രാക്ടീസ് ചെയ്യുന്നവരുണ്ടോയെന്നു് അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോ പോഹ, ഉറുമാമ്പഴം എന്നിവ വാങ്ങി കഴിച്ചാല്‍ ആശ്വാസം കിട്ടുമെന്നായി പുള്ളി. ഈ പോഹയെന്നാലെന്താണപ്പാ. ഹൂ, ആര്‍ക്കറിയാം. ഗൂഗിളില്‍ സെര്‍ച്ചു ചെയ്തു. പോഹയുടെ ചിത്രങ്ങള്‍ വന്നു. ആഹാ. സംഗതി നമ്മുടെ അവിലാണു്. അടുത്തു തന്നെ ഒരു ആശുപത്രിയുണ്ടെന്നും പുള്ളി പറഞ്ഞു. ഉടന്‍ വഴിയൊക്കെ ചോദിച്ചു മനസ്സിലാക്കി അവിടേക്കു് ചെന്നു. ഡോക്‍ടര്‍ വിശദമായിത്തന്നെ പരിശോധിച്ചു മരുന്നും ഒ ആര്‍ എസ്സും എഴുതിത്തന്നു.

പിറ്റേന്നു് രാവിലെയോടെ സംഗതി ഏതാണ്ടു് നിയന്ത്രണ വിധേയമായി. ബാംഗ്ലൂരിലുള്ള സുഹൃത്തുക്കളായ അനിവറിനെയും, നിഷാന്ത് മയിലാടനെയും ഫോണില്‍ വിളിച്ചു് കാര്യം പറഞ്ഞു. അനിവര്‍, അങ്ങോട്ടു ചെന്നാല്‍ കഞ്ഞി വച്ചു തരാമെന്നേറ്റു. പക്ഷേ, എനിക്കവിടേക്കു് ഈ കോലത്തില്‍ പോകാനൊരു മടി. അവിടെ ചെറിയ കുട്ടികളൊക്കെയുള്ളതല്ലേ. നിഷാന്ത് വീട്ടിലൊറ്റയ്ക്കേയുള്ളൂവെന്നും അങ്ങോട്ടു ചെല്ലാനും പറഞ്ഞതനുസരിച്ചു് അവിടെ ചെന്നു. നിഷാന്ത് ഭക്ഷണമൊക്കെയുണ്ടാക്കിത്തന്നു. പിറ്റേന്നു് വൈകുന്നേരത്തോടെ ഏതാണ്ടു് പൂര്‍ണ്ണമായി ആശ്വാസം കിട്ടി. എങ്കിലും ബസ്സില്‍ ടിക്കറ്റു ബുക്കു ചെയ്യാന്‍ ധൈര്യം വന്നില്ല. പകരം ട്രെയിനില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. എപ്പഴാണു ആവശ്യം വരികയെന്നു പറയാന്‍ പറ്റില്ലല്ലോ. രാത്രിയോടെ നിഷാന്ത് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കിത്തന്നു. ട്രെയിന്‍ വന്നപ്പോള്‍ അതില്‍ കയറി അവനോടു യാത്ര പറഞ്ഞു് പിരിഞ്ഞു. നിഷാന്തിനു് നന്ദി. തിരികെ നാട്ടിലേക്കു്..

ഓപ്പണ്‍ കേജ് ജിയോകോഡര്‍ ബ്ലോഗിലും ഡക്കാണ്‍ ക്രോണിക്കിള്‍ പത്രത്തിലും ഞങ്ങളുടെ പ്രസന്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രാധാന്യത്തോടെ വന്നതു താഴെ.

https://blog.opencagedata.com/post/sotmasia18-not-on-the-map

photo6032786054546828762

പടങ്ങള്‍ക്കു കടപ്പാടു്: മനോജ് കരിങ്ങാമഠത്തില്‍, ആര്‍ക്ക് അര്‍ജ്ജുന്‍, മുജീബ്, കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മറ്റുള്ളവര്‍.

കുടജാദ്രിയില്‍..

കുടജാദ്രിയില്‍ പോകണമെന്നതു് കുറേ നാളായുള്ള ആഗ്രഹമായിരുന്നു. അങ്ങനെ ഞങ്ങള്‍ സ്കൈവാക്ക് ട്രിപ് & ട്രെക്ക് എന്ന ഗ്രൂപ്പിന്റെ കൂടെ കഴിഞ്ഞ മഹാപ്രളയത്തിനു മുമ്പു് ആഗസ്തില്‍ അങ്ങോട്ടൊരു യാത്ര പോയി. ഞങ്ങള്‍ എന്നു പറഞ്ഞാല്‍, ഞാനും ശ്രീധന്യയും ശ്രേയയും. യാത്രച്ചെലവുകള്‍ക്കു് ഒരാള്‍ക്കു് 1950/- ആണു പറഞ്ഞിരുന്നതു്. അതിന്റെ അഡ്വാന്‍സ് കൊടുത്തു ടീമില്‍ കയറിപ്പറ്റി.

കോഴിക്കോടു് നിന്നും മംഗലാപുരം സെന്‍ട്രല്‍ വരെ 10/8/2018 നു് 23.55മണിക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിനും, മംഗലാപുരം സെന്‍ട്രല്‍ മുതല്‍ മൂകാംബിക റോഡ് (ബൈന്ദൂര്‍) വരെ 11/8/2018 നു് 6.05 മണിക്കുള്ള മഡ്ഗാവ് പാസഞ്ചറിനും, തിരിച്ചു് കൊല്ലൂരില്‍ നിന്നു് കോഴിക്കോട്ടേക്കു്, ഷിമോഗ മുതല്‍ തൃശൂര്‍ വരെ 12/8/2018 നു് 20.30 മണിക്കു് പോകുന്ന കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ഐരാവതിനും ടിക്കറ്റുകളെടുത്തു റിസര്‍വ്വു ചെയ്തു. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിനു് ടിക്കറ്റ് ചാര്‍ജ്ജ് രണ്ടു പേര്‍ക്കു് 390/ രൂപ, മഡ്ഗാവ് പാസഞ്ചറിനു് ടിക്കറ്റ് ചാര്‍ജ്ജ് രണ്ടു പേര്‍ക്കു് 110/- രൂപ, ഐരാവതിനു് രണ്ടു പേര്‍ക്കു് 1184/- രൂപ.

വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്സ് രാവിലെ മംഗലാപുരത്തെത്തുമ്പോള്‍ ഞങ്ങള്‍ക്കു തുടര്‍ന്നു പോവേണ്ട മഡ്ഗാവ് പാസഞ്ചര്‍ അവിടെ റെഡിയായിരിക്കും. അതില്‍ക്കയറി ബൈന്ദൂര്‍ ഇറങ്ങി അവിടെ നിന്നും കിട്ടുന്ന ബസ്സിലോ, ടാക്സിയിലോ കയറി കൊല്ലൂര്‍ മൂകാംബിക വരെയെത്തി അവിടെ വച്ചു് മറ്റു ഗ്രൂപ്പംഗങ്ങളുടെ കൂടെ ചേരുകയായിരുന്നു പ്ലാന്‍. യാത്രാദിവസവും കാത്തിരിക്കുമ്പോള്‍ ആഗസ്ത് 1-ാം തീയ്യതി കര്‍ണ്ണാടക കെ എസ് ആര്‍ ടി സിയുടെ അറിയിപ്പു വരുന്നു, കൊല്ലൂരില്‍ നിന്നു് തിരിച്ചു് കോഴിക്കോട്ടേക്കു് യാത്ര ബുക്കു ചെയ്ത കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസ്സ് ട്രിപ്പ് കാന്‍സല്‍ ചെയ്തുവെന്നു്, കൂടെ കാശ് തിരിച്ചു് അക്കൌണ്ടിലേക്കു് മടക്കിയയക്കാമെന്നും. ഉടനേ വേറെ ബസ്സുണ്ടോയെന്നു് നോക്കി. അങ്ങനെ നമ്മുടെ സ്വന്തം ആനവണ്ടി കൊല്ലൂര്‍ – ആലപ്പുഴ കെ എസ് ആര്‍ ടി സി സൂപ്പര്‍ ഡീലക്സ് എയര്‍ ബസ്സില്‍ കോഴിക്കോട്ടേക്കു് 12/8/2018നു് 20.00 മണിക്കുള്ള ബസ്സില്‍ മടക്കയാത്ര ബുക്കു ചെയ്തു. 1068/- രൂപ.

അങ്ങനെ ടിക്കറ്റെല്ലാം ബുക്കു ചെയ്തു യാത്രാ ദിവസവും കാത്തിരുന്നു. യാത്രയ്ക്കു് ദിവസമടുത്തപ്പോള്‍ ശ്രേയക്കു് പനിയും ചുമയും പിടിപെട്ടു. പോകാന്‍ കഴിയുമോയെന്നു തന്നെ സംശയമായി. കുറയുമെന്നു പ്രതീക്ഷിച്ചെങ്കിലും യാത്രയുടെ മൂന്നു നാലു ദിവസം മുമ്പു വരെ ഇംപ്രൂവ്മെന്റൊന്നും കണ്ടില്ല. യാത്രയുടെ രണ്ടു ദിവസം മുമ്പു് ശ്രേയയുടെ നില മെച്ചപ്പെട്ടു. അങ്ങനെ പോകാമെന്നു തന്നെ തീരുമാനിച്ചു.

യാത്രാ ദിവസം രാത്രി കോഴിക്കോടു് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയും കാത്തിരിക്കുമ്പോള്‍ സംഘാംഗമായ ദീപയും ഞങ്ങളുടെ കൂടെ ചേര്‍ന്നു. ട്രെയിനെത്തിയപ്പോള്‍ അതില്‍ കയറി ബര്‍ത്തില്‍ക്കയറി കിടന്നുറങ്ങി ആഗസ്ത് 11നു് രാവിലെ മംഗലാപുരത്തെത്തി. മംഗലാപുരം സ്റ്റേഷനില്‍ നിന്നും അത്യാവശ്യ പ്രഭാതകൃത്യങ്ങളെല്ലാം കഴിച്ചു് മഡ്ഗാവ് പാസഞ്ചറില്‍ കയറിയിരുന്നു. ഞങ്ങള്‍ക്കും ദീപയ്ക്കും ഒരേ കമ്പാര്‍ട്ട്മെന്റില്‍ അടുത്തടുത്ത സീറ്റുകള്‍ തന്നെയായിരുന്നു കിട്ടിയതു്. ശ്രേയയും ദീപയും വേഗം തന്നെ കൂട്ടായി. ഞങ്ങള്‍ പുറമേയുള്ള കാഴ്ചകളും കണ്ടിരുന്നു.

ബൈന്ദൂരില്‍ എത്തിയപ്പോള്‍ അവിടെ റെയില്‍വേ സ്റ്റേഷനിലെ കാന്റീനില്‍ നിന്നു പ്രഭാതഭക്ഷണം കഴിച്ചു. അത്ര തൃപ്തിയൊന്നുമായില്ലെങ്കിലും, വേറെ ഓപ്ഷനില്ലാതിരുന്നതു കൊണ്ടു് അതു മതിയെന്നു വച്ചു. എന്നിട്ടു് ബൈന്ദൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തു നിന്നും ഒരു ടാക്സി പിടിച്ചു് കൊല്ലൂര്‍ക്കു് തിരിച്ചു. കര്‍ണ്ണാടകയുടെ ഗ്രാമക്കാഴ്ചകള്‍ക്കു് ഒരു പ്രത്യേക ഭംഗിയാണു്. കാഴ്ചകളും കണ്ടു് കൊല്ലൂരിലെത്തിയപ്പോള്‍ മിക്കവാറും ടീമംഗങ്ങള്‍ അവിടെയെത്തിയിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മുഴുവന്‍ പേരും എത്തിച്ചേര്‍ന്നു.

എല്ലാവരും എത്തുന്നതിനിടെ റൂമില്‍‍ക്കയറി ഫ്രഷായി. കുറച്ചുനേരം വിശ്രമിച്ചു് ഉച്ചഭക്ഷണം കഴിച്ചു. ഓതന്റിക്‍ കര്‍ണ്ണാടക ഭക്ഷണമൊന്നുമല്ലെങ്കിലും വലിയ കുഴപ്പമില്ല. ഉച്ച തിരിഞ്ഞു് ടീം ലീഡ് ചെയ്യുന്ന റെനീഷിന്റെയും ഷിജി വിക്ടറിന്റെയും നേതൃത്വത്തില്‍ കുടജാദ്രിക്കു പോവുന്ന ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുകള്‍ ബുക്കു ചെയ്തു. അങ്ങനെ കുടജാദ്രിക്കു് പുറപ്പെട്ടു. ഈ യാത്ര ഏറിയ പങ്കും ഓഫ് റോഡാണു്. ഒരു തരം അഡ്വഞ്ചര്‍ ട്രിപ്പ്. അസാദ്ധ്യ അനുഭവം. 3.20നു് കുടജാദ്രിയിലെത്തി. കോടമഞ്ഞും, ചാറ്റല്‍മഴയും. തണുത്തു വിറച്ചു. ശ്രേയയെ മഴക്കോട്ടിനുള്ളില്‍ പൊതിഞ്ഞു കെട്ടി.

കുടജാദ്രിയിലെ ക്ഷേത്രം ചെറുതാണു്.

അവിടെ ക്ഷേത്ര പരിസരത്തു് പുരാതനമായ ഒരു ഇരുമ്പു സ്തംഭമുണ്ടു്. കാഴ്ചയ്ക്കു് അത്രയ്ക്കു ഭംഗിയൊന്നുമില്ലെങ്കിലും ഇതിനു് വളര പഴക്കമുണ്ടു്. കാലാവസ്ഥ ഇത്രമേല്‍ പ്രതികൂലമായിട്ടും, കാലമിത്ര കഴിഞ്ഞിട്ടും അല്പം പോലും തുരുമ്പെടുക്കാത്ത ഇരുമ്പുതൂണ്‍. പ്രാചീന ഭാരതീയ ലോഹവിദ്യയുടെ നിദര്‍ശനം. ഈ തൂണിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ കണ്ണിയില്‍ വായിക്കാം:-

http://www.iisc.ernet.in/~currsci/jun10/articles13.htm

ഞങ്ങള്‍ പടങ്ങളെടുത്തു കൊണ്ടു് സര്‍വ്വജ്ഞപീഠത്തിനരികിലേക്കു് നടന്നു കയറാനാരംഭിച്ചു. ശ്രേയ നടക്കാന്‍ കൂട്ടാക്കാതിരുന്നതു കൊണ്ടു് അവളെയും എടുത്തു കൊണ്ടാണു് കയറിയതു്. സംഘാംഗങ്ങള്‍ അവളെ മാറി മാറി എടുത്തു കൊണ്ടു് സഹായിച്ചു. അടുത്തൊന്നും മറ്റെവിടെയും ട്രെക്കിങ്ങിനു് പോയി പരിചയിക്കാതിരുന്നതിനാല്‍ സര്‍വ്വജ്ഞ പീഠത്തിനരികെ കയറിയെത്താന്‍ വളരെ ബുദ്ധിമുട്ടി. അവിടെയെത്തിയപ്പോള്‍ ആ മഞ്ഞും ചാറ്റല്‍മാഴയും ചേര്‍ന്ന അന്തരീക്ഷം അവാച്യമായൊരനുഭൂതി പകര്‍ന്നു. സര്‍വ്വജ്ഞപീഠത്തില്‍ ശങ്കരാചാര്യരുടെ ചെറിയൊരു ശില്പമുണ്ടു്. അവിടെ കുറച്ചു നേരം ചെലവിട്ടു. സംഘാംഗങ്ങളില്‍ ചിലര്‍ കുറേക്കൂടി അകലെയുള്ള സ്പോട്ടുകളിലേക്കു് ട്രെക്കിങ് പോയി. ഞങ്ങള്‍ അഞ്ചുമണിയോടെ തിരിച്ചിറങ്ങാനാരംഭിച്ചു. തിരികെ കുടജാദ്രി ക്ഷേത്രത്തിനു സമീപമെത്തി പടങ്ങളെടുത്തു. സന്ധ്യ കഴിഞ്ഞു് ഇരുട്ടു പരക്കാന്‍ തുടങ്ങി. എന്നിട്ടും ബാക്കിയുള്ള ടീമംഗങ്ങളെ കാണാനില്ല. ചീറിയടിക്കുന്ന മഴ, കൂടെ മഞ്ഞും. തണുത്തു വിറയ്ക്കുകയാണു്. കുടജാദ്രിയില്‍ ഉള്ള ഒരേയൊരു ചായക്കടയില്‍ നിന്നു് ഓരോ കട്ടന്‍ ചായ വാങ്ങിക്കുടിച്ചു. വിശപ്പിനു് കഴിക്കാനൊന്നും തന്നെ കിട്ടിയതുമില്ല. കുറേനേരം വാഹനത്തില്‍ കാത്തിരുന്നപ്പോള്‍ ടീമംഗങ്ങള്‍ ഓരോരുത്തരായി എത്താന്‍ തുടങ്ങി.

അങ്ങനെ ഞങ്ങള്‍ തിരികെ കൊല്ലൂരിലേക്കു് മടങ്ങി. രാത്രി ഭക്ഷണം കഴിച്ചു് റൂമില്‍ കയറി വിശ്രമിച്ചു.

പിറ്റേന്നു് അവിടെ പകല്‍ നില്ക്കുന്നവരുണ്ടെങ്കില്‍ ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോകാമെന്നു് പറഞ്ഞു. ഞങ്ങളും ഒപ്പം കൂടി. അങ്ങനെ പിറ്റേന്നു് ഒരു ബസ്സ് ബുക്കു ചെയ്തു് ജോഗ് കാണാന്‍ യാത്രയായി. ബസ്സില്‍ പാട്ടു വച്ചപ്പോള്‍ ടീമംഗങ്ങള്‍ക്കൊപ്പം ശ്രേയയും ഡാന്‍സ് ചെയ്തു് അര്‍മ്മാദിച്ചു. ജോഗിലെത്തിയപ്പോള്‍ നല്ല മഴ, കോടമഞ്ഞും. വെള്ളച്ചാട്ടം മഞ്ഞു നീങ്ങുമ്പോള്‍ ഇടയ്ക്കെങ്ങാനും കണ്ടെങ്കിലായി. പക്ഷേ, മൂടല്‍മഞ്ഞിനിടയിലൂടെയുള്ള ആ കാഴ്ച മനോഹരമായിരുന്നു. പടങ്ങളെടുത്തു. കറച്ചു നേരം അവിടെ ചെലവിട്ട ശേഷം ഞങ്ങള്‍ തിരികെ മൂകാംബികയിലേക്കു തന്നെ മടങ്ങി.

സംഘാംഗങ്ങള്‍ മിക്കവരും യാത്ര പറഞ്ഞു പിരിഞ്ഞു. ഞങ്ങള്‍ക്കു പോവാനുള്ള ബസ്സ് രാത്രിയിലായതിനാല്‍ കുറച്ചു സമയം കൂടി മൂകാംബികയില്‍ ചെലവഴിക്കാം. അങ്ങനെ കുളിച്ചു ഫ്രഷായി ക്ഷേത്രദര്‍ശനത്തിനു ചെന്നു. ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടം വിജയനഗരകാലഘട്ടത്തിലേതാണു്. മുഴുവനും ചുറ്റി നടന്നു കണ്ടു. ഈയിടെയായി പുതിയ ഗോപുരമുണ്ടാക്കിയതു് മതില്ക്കെട്ടുമായി ചേര്‍ന്നു നില്ക്കുന്നതായി കാണുന്നില്ല. പടങ്ങളൊക്കെയെടുക്കാന്‍ മറന്നില്ല. പ്രസാദമൊക്കെ വാങ്ങി തിരികെ ഹോട്ടലിലേക്കു മടങ്ങി.

രാത്രിയില്‍ നമ്മുടെ സ്വന്തം ആനവണ്ടിയില്‍ തിരികെ നാട്ടിലേക്കു്….

ഹ..! ജാങ്ക ചക്ക.. ജാങ്ക ചക്ക.. ജാങ്ക ചക്ക.. ജായ്.. :)

വീണ്ടുമൊരു ചക്കക്കാലം. കേരള സര്‍ക്കാര്‍ ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഇന്നും ഞാന്‍ കഴിച്ചു കുറച്ചു പഴുത്ത ചക്കച്ചുളകള്‍. അപ്പോ തോന്നിയതാണു്, കുറച്ചു മുമ്പത്തെ (അതായതു് 2014 ജൂണിലെ) എന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെയും ഷെയര്‍ ചെയ്യാമെന്നു്. അന്നു് ശ്രേയക്കു് ഒരു വയസ്സു്. ഏതായാലും ഇതിവിടെയിടുന്നു:

ചക്ക മാഹാത്മ്യം – The jackfruit saga.

പണ്ടു് 1836ല്‍ മദ്രാസ് ഗവര്‍ണ്ണര്‍ക്കു് സര്‍ക്കാര്‍ സര്‍ജനായിരുന്ന വൈറ്റ്സ് എഴുതിയ കത്തിന്റെ തുടര്‍നടപടികളാണുപോല്‍ പഴയ മദ്രാസ് പ്രസിഡന്‍സി പ്രദേശത്തു് പിലാവും ചക്കയും വ്യാപകമാവാന്‍ കാരണമായതു്. അദ്ദേഹത്തിന്റെ കത്തിലെ പ്രസക്തഭാഗം: “മലബാറിലും സിലോണിലും കാണുന്ന ഒരു പഴവര്‍ഗ്ഗമാണു് ചക്ക. വളരെ സ്വാദുള്ളതും വലിപ്പമുള്ളതുമായ ഒരു പഴമാണിതു്… പാവപ്പെട്ടവന്റെ മുഖ്യഭക്ഷണം തന്നെയാണീ പഴം…

…നമ്മുടെ പ്രസിഡന്‍സിയില്‍ മുഴുവനായും ഇതു് കൃഷി ചെയ്യണമെന്നാണു് എന്റെ അഭിപ്രായം. ഈ പഴമുണ്ടാകുന്ന മരം പാതയോരത്തു് തണല്‍മരങ്ങളായി വച്ചു പിടിപ്പിക്കാം. തടി വീടുപണിക്കുപയോഗിക്കുന്ന വിലയേറിയ ഒരു മരമാണെന്നോര്‍ക്കുക. ജനങ്ങള്‍ക്കു് നല്ല ഭക്ഷണവും തണലും വിലയേറിയ മരവും കിട്ടുമെന്നതിനാല്‍ ഈ കൃഷിയെ നാം പ്രോത്സാഹിപ്പിക്കേണ്ടതാണു്. ഒരു പ്രദേശത്തിന്റെ സംസ്കാരത്തെയാണു് നാം ഉയര്‍ത്തിപ്പിടിക്കേണ്ടതു് എന്ന കാര്യം ഓര്‍ക്കുമല്ലോ.”

ഗവര്‍ണരാകട്ടെ ഈ കത്തു് ബോര്‍ഡ് ഓഫ് റവന്യൂവിന്റെ മുമ്പാകെ വച്ചു. അംഗീകാരം കിട്ടിയതോടെ, മദ്രാസ് പ്രസിഡന്‍സിയിലെ എല്ലാ ജില്ലാ കളക്‍ടര്‍മാര്‍ക്കും പിലാവുകൃഷി നടത്താന്‍ നിര്‍ദ്ദേശം നല്കി: “സര്‍ജന്‍ വൈറ്റ്സിന്റെ നിര്‍ദ്ദേശം നാം അംഗീകരിച്ചു കൊണ്ടു് പിലാവു കൃഷിയെ പ്രോത്സാഹിപ്പിക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു…

…താങ്കള്‍ എത്രയും പെട്ടെന്നു് നല്ല ചക്കക്കുരു ശേഖരിക്കുക. സിലോണിലെ കൊളോണിയല്‍ സെക്രട്ടറിയോടും നാം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടു്. താങ്കളുടെ ജില്ലയിലെ പ്രധാന റോഡുകളുടെ ഇരു വശത്തും ഉടനടി തണല്‍ മരങ്ങളായി പിലാവുകള്‍ നട്ടു പിടിപ്പിക്കുക. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചക്കക്കുരു ശേഖരിക്കേണ്ടതും അതു് പാതയോരങ്ങളില്‍ നട്ടു പിടിപ്പിക്കേണ്ടതുമാണു്. കൂടുതല്‍ വിത്തുകള്‍ മദ്രാസിലേക്കു് അയച്ചു തരികയും വേണം. ഇവിടെ നിന്നു് നല്ല വിത്തുകള്‍ അങ്ങോട്ടും അയച്ചു തരുന്നതായിരിക്കും. പിലാവു കൃഷി നമ്മുടെ സര്‍ക്കാരിന്റെ വിജയകരമായ ഒരു പദ്ധതിയാക്കി മാറ്റേണ്ടതു് താങ്കളുടെയും കീഴുദ്യോഗസ്ഥരുടെയും കടമയാണെന്നു് മറക്കരുതു്. പിലാവു് പാതയോരത്തു നട്ടാലും നാട്ടുകാരുടെ സ്വന്തം സ്ഥലത്തു് നട്ടാലും അതിന്റെ അവകാശം അവര്‍ക്കു തന്നെയാണെന്നു് ഓര്‍മ്മിപ്പിക്കുക…”.

31/12/1836 നു് സിലോണിലെ കൊളോണിയല്‍ സെക്രട്ടറി മദ്രാസ് ഗവര്‍ണര്‍ക്കു് ഇങ്ങനെ എഴുതി: “ചക്കക്കുരു ശേഖരിക്കാനുള്ള താങ്കളുടെ നിര്‍ദ്ദേശം സസന്തോഷം സ്വീകരിച്ചിരിക്കുന്നു. കുറെയേറെ ചക്കക്കുരു നാടിന്റെ നാനാ ഭാഗത്തു നിന്നും ശേഖരിച്ചിരിക്കുന്നു. ഉടനടി അയച്ചു തരുന്നതാണു്…”.

കളക്‍ടറുടെ നിര്‍ദ്ദേശം കിട്ടിയതിനെത്തുടര്‍ന്നു് മലബാര്‍ ജില്ലയിലെ തഹസീല്‍ദാര്‍മാരും, അംശം അധികാരിമാരും കോല്‍ക്കാരന്മാരുമൊക്കെ നാട്ടിടവഴികളിലൂടെ നടന്നു് ചക്കക്കുരു ശേഖരിച്ചതും, മലബാറിലെ പാതയോരങ്ങളിലെല്ലാം പിലാവുകള്‍ നട്ടതും, ഇന്നത്തെ ദക്ഷിണേന്ത്യയിലുള്‍പ്പെട്ട മദ്രാസ് പ്രസിഡന്‍സി പ്രദേശത്തു മുഴുവന്‍ പിലാവു് സര്‍വ്വ സാധാരണമായതുമൊക്കെ ചരിത്രം…

ജനാധിപത്യയുഗത്തില്‍ നമുക്കു് ഹരിതവിപ്ലവം നടന്നു, ഭക്ഷ്യസുരക്ഷ കിട്ടിത്തുടങ്ങി. ഇന്നിപ്പോ അക്കേഷ്യയോടും മട്ടിയോടും മറ്റുമാണു് നമുക്കു് കൂടുതല്‍ പ്രിയം. ചക്കയും പിലാവുമൊക്കെ ആര്‍ക്കു വേണം…

-ചരിത്രവസ്തുതകള്‍ക്കു് അവലംബം: കോഴിക്കോടിന്റെ പൈതൃകം – അഡ്വ. ടി ബി സെലുരാജ്, മാതൃഭൂമി ബുക്‍സ്.

ഒറിജിനല്‍ ഫേസ്‌ബുക്കു് പോസ്റ്റിലേക്കു് :- ഈ കണ്ണി

ഒരു ക്രൈം ത്രില്ലര്‍ സ്വപ്നം

അച്ഛന്റെ സര്‍ജ്ജറി കഴിഞ്ഞു് ഡിസ്ചാര്‍ജ്ജ് ചെയ്തു് ഇന്നലെ വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയതേയുള്ളൂ. കുറേ ദിവസത്തെ ആസ്പത്രി വാസവും ഉറക്കമില്ലായ്മയും ഒക്കെക്കാരണം ഇന്നു് ഓഫീസില്‍ പോയില്ല. ഉച്ചയ്ക്കു് ഊണു കഴിഞ്ഞു് ഒന്നു മയങ്ങി. ഉറക്കത്തില്‍ ഞാനൊരു സ്വപ്നം കണ്ടു. ഇതെന്താണപ്പാ ഇത്രയ്ക്കെല്ലാം പറയാന്‍, ഉറങ്ങുന്നതും സ്വപ്നം കാണുന്നതും ഒക്കെ പതിവുകാര്യങ്ങളല്ലേ എന്നാവും. ഉം അതേ. ന്നാലും പറയാലോ. മുഴുവന്‍ വായിച്ചു കഴിയുമ്പോ ഇതിനകത്തു് കുറച്ചു സംഭവങ്ങളൊക്കെയുണ്ടെന്നു് നിങ്ങള്‍ക്കും തോന്നും. ഇനി അഥവാ തോന്നിയില്ലെങ്കിലും സാരമില്ല, മുഷിയില്ല. അപ്പോ തുടങ്ങാം..

പ്ലോട്ട്

രംഗം 1

ഞാനിങ്ങനേ കടപ്പുറത്തു കൂടെ അലസമായി അങ്ങനെ നടക്കുകയാണു്. ഏതോ ഒരു കടപ്പുറം. പ്രഭാതമാണോ സായാഹ്നമാണോ എന്നു് തീര്‍ച്ച പറയാന്‍ സാധിക്കാത്തവിധമുള്ള ഫീലാണു്. നേരിയ വെയിലുണ്ടു്. അടുത്തൊന്നും ആരെയും കാണാനില്ല. അപ്പോഴതാ കടലില്‍ ദൂരെ ഒരു സ്വകാര്യവിമാനം പ്രത്യക്ഷപ്പെടുന്നു. ഞാന്‍ അതിനെ സാകൂതം നോക്കി. ഇത്ര താഴെപ്പറക്കുന്ന ഒരു വിമാനത്തെ ഞാനാദ്യമായി കാണുകയാണു്. അതിങ്ങു കരയിലേക്കു് പ്രവേശിക്കാതെ കടലിനു മുകളില്‍ അധികം ഉയരത്തും ദൂരത്തുമല്ലാതെ ഒരു ഭീമന്‍ തുമ്പിയെപ്പോലെ സ്ഥിരമായി നിന്നു. അടുത്ത നിമിഷം അതില്‍ നിന്നു് ഒരു ബോട്ട് താഴെ കടലിലേക്കു് നിപതിച്ചു. കടലില്‍ കൃത്യമായി പതിച്ച ആ ബോട്ടിലേക്കു് വിമാനത്തില്‍ നിന്നും ഒരു ആള്‍രൂപം ചാടിയിറങ്ങുന്നതും കണ്ടു (ഇങ്ങനെ ചാടാന്‍ ആവുമോ, ചാടിയാല്‍ത്തന്നെ ആണ്ടു പോവാതിരിക്കുമോയെന്നൊക്കെയുള്ള ചോദ്യമെല്ലാം അവിടെ നില്ക്കട്ടെ, ബാക്കി കൂടി  വായിക്കൂ) കുറച്ചു നേരം കടലില്‍ ആ ബോട്ടും അതിലെ ആള്‍രൂപവും ചാഞ്ചാടിക്കളിച്ചു. അതു കഴിഞ്ഞു് ആ ബോട്ട് അതിവേഗത്തില്‍ കരയെ ലക്ഷ്യമാക്കി കുതിച്ചു. അതു് കരയിലേക്കു് അടുക്കും തോറും അതിലെ ആള്‍രൂപം വ്യക്തമായി വന്നു. അപ്സരസ്സാണോയെന്നു് സംശയം തോന്നിക്കുന്ന വിധം ഒരു സുന്ദരി (തന്നെ തന്നെ). വേഷം ഏതോ കറുത്ത ഒരു മെറ്റീരിയല്‍ കൊണ്ടു് നിര്‍മ്മിച്ച ജാക്കറ്റും പാന്റും (അതേ, ഹോളിവുഡ് ആക്‍ഷന്‍ സിനിമകളിലൊക്കെ കാണുന്ന പോലെ തന്നെ). അവളാ ബോട്ടും കൊണ്ടു് എന്റെ നേരെയാണല്ലോ വരുന്നതു്. ബോട്ട് കരയിലേക്കു് ഇടിച്ചു കയറി നിന്നു. അവള്‍ ബോട്ടില്‍ നിന്നു് ചാടിയിറങ്ങി. ഇവളെന്തിനുള്ള പുറപ്പാടാണപ്പായെന്നു് ഞാന്‍ മനസ്സില്‍ കരുതി. അവള്‍ നേരെ എന്റെ അടുത്തേക്കാണു വരുന്നതു്. നേരെ എന്റെ മുന്നില്‍ വന്നു നിന്ന അവള്‍ എനിക്കറിയാത്ത ഏതോ ഒരു ഭാഷയില്‍ എന്തോ പറഞ്ഞു. എനിക്കു മനസ്സിലായില്ല. ആ പറഞ്ഞ കൂട്ടത്തില്‍ landing permit എന്നൊരു വാക്കു കേട്ടതിനാല്‍ ഞാന്‍ കുറച്ചകലെയുള്ള കസ്റ്റംസ് ആപ്പീസിനു നേരെ കൈ ചൂണ്ടുി (അതേ. ഞാന്‍ സ്വപ്നം കാണുന്നതു മുന്‍ കൂട്ടിക്കണ്ടു് സര്‍ക്കാര്‍ അവിടെ കസ്റ്റംസ് ആപ്പീസും മറ്റും നേരത്തേ ഉണ്ടാക്കി വച്ചിട്ടുണ്ടേ). അവള്‍ അവളുടെ ഭാഷയില്‍ നന്ദി (ആണെന്നു് തോന്നുന്നു) പറഞ്ഞിട്ടു് അവിടേക്കു് വച്ചു പിടിച്ചു. എന്താണിതിന്റെയൊക്കെ പൊരുള്‍ എന്നറിയാനും (കൂട്ടത്തില്‍ അവളെ വായ നോക്കാനും) ഞാനും പിന്നാലെ ചെന്നു.

രംഗം 2

കസ്റ്റംസ് ആപ്പീസ് ഒരു ഹൈഫെ സെറ്റപ്പാണു്. അവള്‍ അവളുടെ ഭാഗം വിശദീകരിക്കുന്നു. അവിടെത്തെ ഉദ്യോഗസ്ഥര്‍ക്കു് അതു് മനസ്സിലാവുന്നുണ്ടെന്നു് തോന്നി (എനിക്കേ അവള്‍ പറഞ്ഞതു മനസ്സിലാവാത്തതുള്ളൂ). അപ്പോഴാണു് അടുത്തു നില്ക്കുന്ന ഒരുവന്‍ കടപ്പുറത്തു് ഒരു മൃതദേഹം അടിഞ്ഞതിന്റെ കാര്യവും ആ മരണത്തില്‍ അവള്‍ക്കു പങ്കുണ്ടോയെന്ന കാര്യം ചോദിച്ചറിയണമെന്നു പറഞ്ഞതു്. ഞാന്‍ ഞെട്ടി. ഇവള്‍ ഇത്തരക്കാരിയോ? ഉടനേ ഞാന്‍ അവിടം വിട്ടിറങ്ങി.

രംഗം 3

ആ മൃതദേഹം തിരഞ്ഞാണു് പിന്നെ എന്റെ പോക്കു്. കുറച്ചു ദൂരത്തായി കടപ്പുറത്തു തന്നെ ഒരു മരച്ചുവട്ടില്‍ ഞാനതു കണ്ടെത്തി. ആ മൃതദേഹത്തിനു മുകളില്‍ നിറയെ പൂമ്പാറ്റകള്‍, പക്ഷികള്‍

ഉണര്‍ന്നപ്പോള്‍

എന്നെ ആരോ വിളിച്ചുണര്‍ത്തി. നോക്കുമ്പോ കെട്ടിയവള്‍. സമയം നോക്കിയപ്പോ ഉച്ച തിരി‍ഞ്ഞു് മണി 3.30. ച്ഛെ. കുറച്ചു നേരം കൂടി കിട്ടിയിരുന്നെങ്കില്‍ ഇതിന്റെ ക്ലൈമാക്സ് കൂടി കാണായിരുന്നു. ഒരു ക്രൈം ത്രില്ലര്‍ മൂവിക്കു തിരക്കഥയെഴുതാനുള്ള സ്കോപ്പുണ്ടായിരുന്നു (അപ്പോ ഞാനാരായേനെ). ഇതിപ്പ ഇങ്ങനെ പാതി വഴിയില്‍ അവസാനിച്ചു പോയല്ലോ, സങ്കടം.

ഇതിലിപ്പോ യുക്തിക്കു നിരക്കാത്തതു പലതുമുണ്ടല്ലോയെന്നു് നിങ്ങള്‍ക്കൊരു പക്ഷേ തോന്നിയേക്കാം. ഉണര്‍ന്നെണീച്ചു് കുറച്ചു നേരം ആലോചിച്ചപ്പോ എനിക്കും ഇതിലെ പല കണ്ണികളും യോജിക്കാത്തതായി തോന്നി. എനിക്കിതിനു് ഒരു മറുപടിയേ പറയാനുള്ളൂ. ഇതു ഞാന്‍ സ്വപ്നം കണ്ടതാണു്, ഇതില്‍ ഇങ്ങനെയാണു്.

അപ്പോ സലാം.

വരള്‍ച്ചയും പഞ്ചായത്തുകളും ജി പി എസ്സും

ഇതെന്തു പറ്റി, പരസ്പരബന്ധമില്ലാതെയിങ്ങനെയോരോന്നു ടൈപ്പു ചെയ്തു വിടുന്നെ എന്നാവും ഇപ്പോ വിചാരം. അല്ലല്ലാ, എനിക്കു മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലെ ചൂടില്‍ നട്ടപ്പിരാന്തു പിടിച്ചതൊന്നുമല്ല, സ്വബോധത്തില്‍ കരുതിക്കൂട്ടി ഇങ്ങനെത്തന്നെയാണു് ഞാനിതു ടൈപ്പു ചെയ്തതു്. ഈ മൂന്നും തമ്മിലുള്ള ബന്ധം ഇനി തുടര്‍ന്നു വായിക്കുമ്പോ വഴിയേ മനസ്സിലായിക്കോളും. അതുവരെ എനിക്കു നൊസ്സാണെന്നു തന്നെ കരുതിക്കോളൂ… 🙂

ഈ കുറിപ്പു് ഇത്തിരി വൈകിപ്പോയോ എന്നാണിപ്പോ എന്റെ സംശയം. അച്ഛന്റെ സര്‍ജ്ജറിയും ആസ്പത്രിവാസവും, പിന്നെ എന്റെ മടിയും ആണു് ഇതു വൈകിപ്പോവാനുള്ള കാരണങ്ങള്‍.

ഇനി കാര്യത്തിലേക്കു വരാം. ഇപ്പോ വേനല്‍ കനത്തു വരികയാണല്ലോ. പലേടത്തും ഇപ്പത്തന്നെ കിണറുകളില്‍ കുടിവെള്ളം വറ്റിത്തുടങ്ങി. അങ്ങിങ്ങായി കുറച്ചു് ഇടമഴ ലഭിച്ചെങ്കിലും പല പഞ്ചായത്തുകളിലെയും ജലക്ഷാമമുള്ളയിടങ്ങളില്‍ നിന്നും, ഇനി വരാന്‍ പോവുന്ന ആഴ്ചകളില്‍ ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മുറവിളി ഉയരാനുള്ള സാദ്ധ്യത കാണുന്നു.

സര്‍ക്കാര്‍ ഉത്തരവു്

‘കാലാവസ്ഥാ വ്യതിയാനം കൊണ്ടാണു് മഴ കുറയുന്നതും കുടിവെള്ളമില്ലാതാകുന്നതും, മരങ്ങള്‍ നട്ടു പിടിപ്പിച്ചാലേ രക്ഷയുള്ളൂ’ എന്നിങ്ങനെയൊക്കെ നമുക്കു് വിലയിരുത്തിപ്പറയുകയും, ദീര്‍ഗ്ഘകാലാടിസ്ഥാനത്തിലുള്ള പോംവഴികള്‍ നിര്‍ദ്ദേശിക്കുകയും ആ രീതിയില്‍ പരിശ്രമിക്കുകയുമൊക്കെ ചെയ്യാം. പക്ഷേ, അതു കൊണ്ടു് ഇന്നോ നാളെയോ മറ്റന്നാളോ അത്യാവശ്യത്തിനുപയോഗിക്കാനുള്ള കുടിവെള്ളം ഉടനടി കിട്ടുകയില്ലല്ലോ. അതിനു് തല്ക്കാലം കുടിവെള്ളം ടാങ്കറുകളില്‍ വിതരണം ചെയ്തേ മതിയാവൂ. അതിനാല്‍ സര്‍ക്കാര്‍ നേരത്തേ തന്നെ, പഞ്ചായത്തുകള്‍ കുടിവെള്ളം വിതരണം ചെയ്യേണ്ടതെങ്ങനെയെന്നു് 21/03/2018 തീയ്യതിയില്‍ സ.ഉ.(സാധാ) നം. 754/2018/തസ്വഭവ നമ്പ്രായി സ്പഷ്ടവും വിശദവുമായ ഉത്തരവിറക്കിയിട്ടുണ്ടു്.

ഈ ഉത്തരവു് ഈ കണ്ണിയില്‍ ലഭ്യമാണു്:

https://go.lsgkerala.gov.in/files/go20180321_20352.pdf

ഇതിന്നായി ചെലവഴിക്കാവുന്ന പരമാവധി തുകയും മറ്റും ഉത്തരവിലുണ്ടു്.

എന്നാല്‍ ഈ ഉത്തരവിന്റെ (3), (4) ഖണ്ഡികകള്‍‍ ഒന്നു് ശ്രദ്ധിച്ചു വായിച്ചു നോക്കൂ. ജി പി എസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്തുകയും, ഇതിന്റെ മോണിറ്ററിങ് നടത്തുന്നതിനുള്ള സംവിധാനവും ജി പി എസ് ട്രാക്കിങ്ങിനുള്ള സംവിധാനവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ജില്ലാതല മേധാവികള്‍ ഏര്‍പ്പെടുത്തേണ്ടതാണു് എന്നും, ജി പി എസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്തു് സുതാര്യത ഉറപ്പു വരുത്തിയ ശേഷം തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ സെക്രട്ടറിമാര്‍ ചെലവു് തുക വിനിയോഗിക്കേണ്ടതാണു് എന്നും കൂടി ഉത്തരവില്‍ കാണുന്നു.

കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനം

ജി പി എസ്സും ജി ഐ എസ്സും ഒക്കെ സര്‍ക്കാര്‍ രേഖകളില്‍ കണ്ടാല്‍ അതു ചികഞ്ഞു നോക്കല്‍ ഇപ്പോ ഒരു ശീലമായിട്ടുണ്ടു്. ഈ ഉത്തരവു് ഗ്രാമപഞ്ചായത്തു് ജീവനക്കാരുടേതായ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൊന്നില്‍ ചര്‍ച്ചയ്ക്കു് വന്നു് അനില്‍ സാര്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആദ്യം തോന്നിയതു് ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ആപ്പും മറ്റുമുപയോഗിച്ചുള്ള ഒരു quick and dirty സൊലൂഷനാണു്. എന്നാല്‍ ഈ വിഷയത്തില്‍ അങ്ങിനെയൊരു സമീപനത്തിന്റെ അപകടം വിനോദ് സാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതിനെപ്പറ്റി കുറച്ചുകൂടി ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ടെന്നു് തീരുമാനിച്ചു. അങ്ങനെ ഇതിനെപ്പറ്റി പലരോടുമന്വേഷിച്ചു. കഴിഞ്ഞ വര്‍ഷം റവന്യൂ വകുപ്പു് വില്ലേജാപ്പീസുകള്‍ വഴി കുടിവെള്ളം വിതരണം ചെയ്തപ്പോള്‍ ഇത്തരമൊരു സൊലൂഷന്‍ ഉപയോഗിച്ചിട്ടുണ്ടായിരുന്നുവെന്നു് വിവരം കിട്ടിയപ്പോള്‍ ആ വഴിയും അന്വേഷിച്ചു. സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിലും അന്വേഷിച്ചു. ഇന്റര്‍നെറ്റിലും ഒരു തിരച്ചില്‍ നടത്തി. അങ്ങനെ ഞാന്‍ മനസ്സിലാക്കിയ വിവരങ്ങളാണു് ഇനി പറയാന്‍ പോവുന്നതു്.

കഴിഞ്ഞ വര്‍ഷം ഈ വിധം കോഴിക്കോടു് ജില്ലയിലെ വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ റവന്യു വകുപ്പു മുഖേന ജി പി എസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടിവെള്ള വിതരണം നടത്തുന്നതിനു് വേണ്ട ടെക്‍നിക്കല്‍ സൊലൂഷന്‍ – ജി പി എസ് ട്രാക്കിങ് – ടെണ്ടര്‍ ചെയ്തതില്‍ പ്രവൃത്തി ഏറ്റെടുത്തതു് കോഴിക്കോടു് ജാഫര്‍ഖാന്‍ കോളനിക്കടുത്തു് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയായിരുന്നു. അവര്‍ തന്നെ വികസിപ്പിച്ച https://avlview.com/ എന്ന സോഫ്റ്റ്‌വെയര്‍ ടൂളുപയോഗിച്ചാണിതു ചെയ്തതു്. അവര്‍ വാഹനങ്ങളില്‍ Teltonika എന്ന കമ്പനിയുടെ ജി എന്‍ എസ് എസ് ട്രാക്കറുകളാണുപയോഗിച്ചതെന്ന വിവരവും കിട്ടി.

കെല്‍ട്രോണില്‍ വിവരമന്വേഷിച്ചപ്പോള്‍ അവര്‍ക്കു് മുമ്പു് ഇതിനായുള്ള ഹാര്‍ഡ്‌വെയര്‍ ഉപകരണമുണ്ടായിരുന്നെന്നും അതു് ഒരെണ്ണത്തിനു് 10,000/- രൂപ വിലയുണ്ടായിരുന്നെന്നും, ഇപ്പോള്‍ പ്രൊഡക്‍ഷന്‍ നിര്‍ത്തിയിരിക്കുകയാണെന്നുള്ള വിവരവും കിട്ടി.

ഉപകരണങ്ങള്‍, സ്റ്റാന്‍ഡേര്‍ഡുകള്‍, സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍

വാഹനങ്ങളില്‍ ഫ്ലീറ്റ് മാനേജ്‌മെന്റിനായി ഘടിപ്പിക്കുന്ന ജി എന്‍ എസ് എസ് (ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം), ജി എസ് എം ഉപകരണങ്ങള്‍ക്കു് പൊതുവായുള്ള സവിശേഷതകള്‍ പറയാം.

ഈ ഉപകരണം വാഹനത്തിന്റെ ഇഗ്നിഷന്‍ വയറിനോടും ബാറ്ററി വയറിനോടും ഘടിപ്പിക്കുകയാണു് ചെയ്യുന്നതു്. വാഹനത്തില്‍ ഘടിപ്പിക്കുമ്പോള്‍ മുതല്‍ ഉപകരണം ഓണാവും. ഇവ ജി എന്‍ എസ് എസ് റിസീവറുകളായതിനാല്‍ സാറ്റലൈറ്റുകളില്‍ നിന്നു് ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുകയും, അതിലെ സിം കാര്‍ഡു വഴി ലൊക്കേഷന്‍ ഡാറ്റ, സോഫ്റ്റ് വെയര്‍ സ്ഥാപിച്ചിരിക്കുന്ന സെര്‍വ്വറിലേക്കു് നിശ്ചിത ഇടവേളകളില്‍ അയച്ചു കൊണ്ടിരിക്കുകയും ചെയ്യും. സോഫ്റ്റ്‌വെയറില്‍ വാഹനത്തിന്റെ അതാതു സമയത്തെ പൊസിഷനും മറ്റു വിവരങ്ങളും ഒരു ജി ഐ എസ് മാപ്പില്‍ സ്ക്രീനില്‍ കാണാം. സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമില്‍ നിന്നു് വാഹനത്തിന്റെ ലോഗും കിട്ടും. അങ്ങനെ സോഫ്റ്റ്‌വെയര്‍ വഴി റിയല്‍ടൈം വെഹിക്കിള്‍ ട്രാക്കിങ് സാദ്ധ്യമാകുന്നു. വാഹനത്തില്‍ നിന്നു് ഉപകരണം അഴിച്ചെടുക്കുമ്പോള്‍ ഓഫാവുകയും ചെയ്യും. മിക്ക ഉപകരണങ്ങളിലും ഓഫ്‌ലൈന്‍ ട്രാക്കിങ്ങിനായി ലൊക്കേഷന്‍ ഡാറ്റ (അഥവാ ജി പി എസ് ട്രാക്കുകള്‍) സൂക്ഷിക്കാന്‍ ഒരു മൈക്രോ എസ് ‍ഡി കാര്‍ഡും ഉണ്ടായിരിക്കും. ട്രാക്കറുകളുടെ മോഡല്‍ മാറുന്നതിനനുസരിച്ചു് കൂടുതല്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉണ്ടായിരിക്കുന്നതാണു്. ഫീച്ചറുകള്‍ കൂടുന്നതിനനുസരിച്ചു് ഉപകരണത്തിന്റെ വിലയും കൂടും.

നമുക്കു് മാര്‍ക്കറ്റില്‍ കിട്ടുന്ന ഏതു ട്രാക്കറുകളും ഉപയോഗിക്കാമോ? പാടില്ലെന്നാണു് എന്റെ അറിവു്.

കേന്ദ്ര സര്‍ക്കാരിന്റെ റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സ് മന്ത്രാലയം 2016 നവംബര്‍ 28നു് G.S.R. 1095(E) നമ്പ്രായി ഗസറ്റില്‍ വിജ്ഞാപനം ചെയ്ത സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് (ഇരുപതാം ഭേദഗതി) റൂള്‍സ്-2016, 2018 ഏപ്രില്‍ 1മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ ഭേദഗതി ചട്ടങ്ങള്‍ പ്രകാരം എല്ലാ പബ്ലിക്‍ സര്‍വ്വീസ് വാഹനങ്ങളിലും (ഇരുചക്ര വാഹനങ്ങള്‍, ഇ-റിക്ഷ, മുച്ചക്ര വാഹനങ്ങള്‍, പെര്‍മിറ്റ് വേണ്ടതില്ലാത്ത മറ്റു വാഹനങ്ങള്‍ എന്നിവയൊഴികെ) വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസുകളും എമര്‍ജന്‍സി ബട്ടണുകളും ഘടിപ്പിച്ചിരിക്കണമെന്നു് പറയുന്നു.

ഈ ഭേദഗതി ചട്ടങ്ങള്‍ താഴെ കണ്ണിയില്‍ ലഭ്യമാണു്.

http://egazette.nic.in/WriteReadData/2016/172814.pdf

ഈ വെഹിക്കിള്‍ ട്രാക്കിങ് ഡിവൈസുകളുടെ സ്പെസിഫിക്കേഷന്‍ Automotive Research Association of India തയ്യാറാക്കിയ AIS-140:2016 എന്ന സ്റ്റാന്‍ഡേര്‍ഡ് പ്രകാരമായിരിക്കേണ്ടതാണെന്നും പറയുന്നു. ഈ സ്റ്റാന്‍ഡേര്‍ഡിന്റെ അന്തിമ കരടു് താഴെ കണ്ണിയില്‍ ലഭ്യമാണു്.

https://araiindia.com/hmr/Control/AIS/68201793238AMFinal_Draft_AIS_140.pdf

ഈ ഭേദഗതി ചട്ടങ്ങളുടെ ചുവടു പിടിച്ചു് കേരള സര്‍ക്കാരിന്റെ ട്രാന്‍സ്പോര്‍ട്ട് (ബി) വകുപ്പു് 2017 ആഗസ്ത് 30നു് നം. B2/106/2017-TRANS നമ്പ്രായി കേരള മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സ്-1989 ഉം ഇതേ പ്രകാരം ഭേദഗതി ചെയ്തു. കേരള സര്‍ക്കാര്‍ ഒരു പടി കൂടി കടന്നു് എല്ലാ ഗുഡ്സ് കാര്യേജ് വാഹനങ്ങളിലും കൂടി ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസുകള്‍‍ ഘടിപ്പിക്കണമെന്നു് ചട്ടത്തില്‍ ചേര്‍ത്തു, ഇതു് ഉടനടി പ്രാബല്യത്തില്‍ വരുന്നതാണെന്നും.

നോട്ടിഫിക്കേഷന്‍ താഴെ കണ്ണിയില്‍.

https://www.kerala.gov.in/documents/10180/71efd727-725f-481c-be3f-c1dd803ed039

AIS-140:2016 സ്റ്റാന്‍ഡേര്‍ഡ് പ്രകാരം നിര്‍മ്മിച്ച ട്രാക്കറുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടു്.

സംഗതികളുടെ കിടപ്പു് ഈവിധമൊക്കെയായതിനാല്‍ ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഈ പ്രാവശ്യം മുതല്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളിലും AIS-140:2016 സ്റ്റാന്‍ഡേര്‍ഡ് പ്രകാരം നിര്‍മ്മിച്ച ട്രാക്കറുകള്‍ ഘടിപ്പിക്കേണ്ടി വരുമെന്നു തോന്നുന്നു. കൂടാതെ ഇതിന്റെ മോണിറ്ററിങ് നടത്തുന്നതിനുള്ള സംവിധാനവും ജി പി എസ് ട്രാക്കിങ്ങിനുള്ള സംവിധാനവും (സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം) അതാതു് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല മേധാവികള്‍ ഏര്‍പ്പെടുത്തേണ്ടതായിട്ടുണ്ടെന്നും.

വെഹിക്കിള്‍ ട്രാക്കിങ്ങിനു് സ്വതന്ത്ര സോഫ്റ്റ്‌വെയറും അല്ലാത്തതുമായ നിരവധി സൊലൂഷനുകള്‍ ലഭ്യമാണു്. സര്‍ക്കാരിന്റെ നയവും ഉത്തരവുകളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളെയാണു് ശുപാര്‍ശ ചെയ്യുന്നതെന്നതിനാല്‍ അവ തന്നെ ചര്‍ച്ച ചെയ്യാം.

  1. Traccar എന്ന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ആണു് ഇവയില്‍ പ്രധാനം. ഇതിനെ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു് കസ്റ്റമൈസ് ചെയ്യുകയും ആവാം. കമ്പ്യൂട്ടറില്‍ കൂടിയും സ്മാര്‍ട്ട് ഫോണിലൂടെയും ടാബ്‌ലെറ്റ് വഴിയും ട്രാക്കിങ് നടത്താം. നിരവധി ട്രാക്കര്‍ ഡിവൈസുകളെ ഇതു സപ്പോര്‍ട്ടു് ചെയ്യുന്നുണ്ടു്. വെബ്ബ് സൈറ്റ് – https://www.traccar.org/traccar_1
  2. അടുത്തതു് OpenGTS ആണു്. ഇതു് Traccarന്റെ അത്ര പോരെങ്കിലും ആവശ്യത്തിനു് ഇതും മതിയാവും. കസ്റ്റമൈസ് ചെയ്യാനും പറ്റും. കോഡിങ് കുറച്ചു കൂടുതല്‍ നടത്തേണ്ടി വരുമെന്നതാണു് പോരായ്മ. കണ്ണി – http://www.opengts.org/TrackMap
  3. ഞാന്‍ മുമ്പു് സര്‍ക്കാരിലേക്കു് എഴുതിയയച്ച റിപ്പോര്‍ട്ടില്‍ പരാര്‍ശിച്ച സ്വതന്ത്ര ഇ ആര്‍ പി സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമായ ഓപ്പണ്‍ ഇആര്‍പിയുടെ പുതിയ രൂപമായ Odoo വില്‍ ഫ്ലീറ്റ് മാനേജ്‌മെന്റിനു് പ്രത്യേകം മൊഡ്യൂള്‍ തന്നെയുണ്ടു്. ഈ കണ്ണിയില്‍ അതു് ലഭ്യമാണു് – https://www.odoo.com/page/fleet ഞാന്‍ എന്റെ ഈ കണ്ണിയിലെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതു പ്രകാരം നമുക്കു് Odoo ഉപയോഗിച്ചു് ഇആര്‍പി അധിഷ്ഠിതമായ ഓഫീസ് മാനേജ്‌മെന്റ് സംവിധാനമുണ്ടായിരുന്നുവെങ്കില്‍ ഈ മൊഡ്യൂള്‍ അതില്‍ സംയോജിപ്പിച്ചാല്‍ മാത്രം മതിയാകുമായിരുന്നു. വളരെ ആയാസരഹിതമായി ഇക്കാര്യം നമുക്കു് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞേനെ. datas

ഇവ കൂടാതെ വേറെയും സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ നിലവിലുണ്ടു്.

സൊലൂഷന്‍

ഇപ്പോള്‍ ഇവയില്‍ നമുക്കു പറ്റിയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ഒരു സെന്‍ട്രലൈസ്ഡ് സെര്‍വ്വറില്‍ ഹോസ്റ്റ് ചെയ്യേണ്ടതായിട്ടുണ്ടു്. എല്ലാ ലോക്കല്‍ അതോറിറ്റികള്‍ക്കും വേണ്ടി ഇവയിലേതെങ്കിലും സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം തെരഞ്ഞെടുത്തു് കസ്റ്റമൈസ് ചെയ്തു് സ്ഥാപിച്ചു് എല്ലാ ലോക്കല്‍ അതാറിറ്റികള്‍ക്കും ലോഗിന്‍ കൊടുക്കുന്നതാവും മികച്ച സൊലൂഷന്‍. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യാനും സാധിക്കും. ഐ കെ എം, ഐ ടി മിഷന്‍ എന്നീ ഏജന്‍സികള്‍ക്കു് ഇതു് സാധിക്കാവുന്നതേയുള്ളൂ.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഏതുപകരണം വാങ്ങണമെന്നു് ഈ സാങ്കേതിക ഏജന്‍സികള്‍ ശുപാര്‍ശ ചെയ്യകയും, അതു് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാങ്ങി വാഹനത്തില്‍ ഘടിപ്പിക്കുകയും ചെയ്താല്‍ പ്രശ്നം തീര്‍ന്നു. അല്ലാതെ, ഓരോരുത്തരും തങ്ങള്‍ക്കു തോന്നിയപടി ഉപകരണങ്ങള്‍ വാങ്ങി ഉപയോഗിച്ചാല്‍ സംഗതി ആകെ കുഴയും.

സാദ്ധ്യതകള്‍

ഈ ഉത്തരവുകളും ഭേദഗതി ചട്ടങ്ങളും സ്റ്റാന്‍ഡേര്‍ഡുമൊക്കെ കണ്ടപ്പോള്‍ ഇതിന്റെ സാദ്ധ്യതകളാണു് എന്റെ മനസ്സിലൂടെ കടന്നു പോയതു്.

കഴിഞ്ഞ വര്‍ഷം റവന്യൂ വകുപ്പുകാര്‍ (കോഴിക്കോടു് ജില്ലയില്‍) സ്വകാര്യ കമ്പനിയെയാണു് ഇതിനായി ആശ്രയിച്ചതു്. ഡാറ്റ ശേഖരിക്കുന്നതു് അവരുടെ സെര്‍വ്വറില്‍. റവന്യൂ ഉദ്യോഗസ്ഥര്‍ക്കു് ലോഗിന്‍ മാത്രം. ഞാനാലോചിക്കുന്നതു്, സാങ്കേതികമായി ഇതത്രയ്ക്കൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ലാഞ്ഞിട്ടു കൂടി എന്തുകൊണ്ടു് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു് ഇതു് സാധിച്ചില്ലെന്നാണു്.

ഐ കെ എമ്മിന്റെ കൈവശം ഇപ്പോള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയിലെ റോഡ് ഡാറ്റയില്ലെന്നാണു് കരുതുന്നതു്. (എന്തിനു് നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൈവശം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അപ്റ്റുഡേറ്റായ ബൌണ്ടറി ഡാറ്റ പോലുമില്ലെന്ന പരിതാപകരമായ അവസ്ഥയാണുള്ളതു്). മേല്‍പ്പറഞ്ഞ കുടിവെള്ള വിതരണ ട്രാക്കിങ് ആവശ്യത്തിലേക്കായി ഐ കെ എമ്മാണു് സെര്‍വ്വര്‍ തയ്യാറാക്കുന്നതെങ്കില്‍ എളുപ്പത്തില്‍ റോഡ് ഡാറ്റ കിട്ടാനുള്ള ഒരുപാധിയായി അതിനെ ഉപയോഗിക്കാം. കൂടാതെ, കുടിവെള്ള വിതരണം ഈവിധം നടത്തിക്കഴിഞ്ഞാല്‍, ഇതിന്റെ ജി പി എസ് ട്രാക്ക് ഡാറ്റ സംസ്ഥാനവ്യാപകമായി കുടിവെള്ളക്ഷാമമുള്ളയിടങ്ങളുടെയും കുടിവെള്ളക്ഷാമത്തിന്റെ തീവ്രതയുടെയും വിശദമായ പ്രാഥമിക വിവരസ്രോതസ്സായി ഉപയോഗിക്കാം. ഈ ഡാറ്റയുപയോഗിച്ചു് വിശദമായ അനാലിസിസും നടത്താം. തൊഴിലുറപ്പു് പദ്ധതിയില്‍ നീര്‍ത്തടങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മണ്ണുജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടത്തിവരുന്നുണ്ടല്ലോ. എവിടെയൊക്കെയാണ് കൃത്യമായി ഇത്തരം ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി ജലസംരക്ഷണം ഉറപ്പു വരുത്തേണ്ടതെന്ന വിവരം ഈ ഡാറ്റയില്‍ നിന്നു് കിട്ടുകയും ചെയ്യും. അങ്ങനെ ഉചിതമായ ഇടങ്ങളില്‍ ഇടപെടലുകള്‍ നടത്തി വരും വര്‍ഷങ്ങളില്‍ ആയിടങ്ങളില്‍ വരള്‍ച്ചയുടെ രൂക്ഷത കുറയ്ക്കുന്നതോടൊപ്പം സര്‍ക്കാര്‍ ഫണ്ടിന്റെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കുകയും ചെയ്യാം.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഔദ്യോഗിക വാഹനങ്ങള്‍ക്കും ഈവിധം ട്രാക്കറുകള്‍ ഘടിപ്പിക്കുന്നതായാല്‍ അവയുടെ നിലവിലുള്ള ലോഗ്‌ബുക്കിനു പകരം ജിപിഎസ് അധിഷ്ഠിത ലോഗാക്കി മാറ്റി കൃത്യമായ മോണിറ്ററിങ് നടത്തി ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയാം.

ഔദ്യോഗിക വാഹനങ്ങളുടെ ട്രാക്കറുകളില്‍ നിന്നു് കിട്ടുന്ന റോഡ് ഡാറ്റ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ആസ്തിരജിസ്റ്ററുമായി സംയോജിപ്പിച്ചു് റോഡുകളുടെയും ലെയിനുകളുടെയും വിവരങ്ങള്‍ കൃത്യമാക്കാം.

അങ്ങനെ നിരവധിയനവധി സാദ്ധ്യതകള്‍… സ്വപ്നം കാണുന്നതിനു് പ്രത്യേകിച്ചു് ചെലവൊന്നുമില്ലല്ലോ… അതു കൊണ്ടിങ്ങനെയിങ്ങനെ…

(ചിത്രങ്ങളുടെ പകര്‍പ്പവകാശം അതാതു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം നിര്‍മ്മാതാക്കള്‍ക്കു് / പ്രൊജക്ടുകള്‍ക്കു്)

പുരാവാസ്തുവിസ്മയങ്ങളിലേക്കൊരു യാത്ര

ജപ്പാനില്‍ സ്റ്റേറ്റ് ഓഫ് ദ മാപ്പ് കോണ്‍ഫറന്‍സിനു് പോയി മടങ്ങി വന്ന ആയിടെ ഒരു ദിവസം ശ്രീധന്യ എന്നോടു് “നമുക്കെവിടേക്കെങ്കിലും ഒരു യാത്ര പോകണം” എന്നു പറഞ്ഞു. ഞാനും ആലോചിച്ചു. ഞാനൊരു വിദേശ സര്‍ക്കീട്ടൊക്കെ പോയി വന്നിരിക്ക്യല്ലേ. വീട്ടിലിരുന്നു മടുക്കുന്ന എല്ലാര്‍ക്കും ഉണ്ടാവില്ലേ എങ്ങോട്ടെങ്കിലും ടൂറു പോവാന്‍ ആഗ്രഹം. ഓണം അവധി അടുത്തടുത്തു വരുന്നു. ഓണം കഴിഞ്ഞു് സപ്തംബര്‍ 7, 8 തീയ്യതികളില്‍ ലീവെടുത്താല്‍ 6, 7, 8, 9, 10 തീയ്യതികളിലായി ട്രിപ്പ് പ്ലാന്‍ ചെയ്യാം. ശരി. എവിടേക്കു പോവും? ഹംപിയില്‍ പോയാലോ? ഹംപി കാണണമെന്നു് മുമ്പേയുള്ള ഒരാഗ്രഹമായിരുന്നു. ശ്രീധന്യയോടു ചോദിച്ചപ്പോള്‍ അവള്‍ക്കും സമ്മതം. ഒരു പ്രശ്നമുള്ളതു് ശ്രേയയ്ക്കു് ഇതു വലുതായൊന്നും ആസ്വദിക്കാന്‍ കഴിയില്ലെന്നതാണു്. തല്ക്കാലം അതു സാരമില്ലെന്നു വച്ചു. വടക്കന്‍ കര്‍ണ്ണാടക ഭാഗങ്ങളിലേക്കുള്ള ട്രാവല്‍ പാക്കേജുകള്‍ ഇന്റര്‍നെറ്റില്‍ പരതിയപ്പോ hampitrip.com എന്ന വെബ്‌സൈറ്റില്‍ സാമാന്യം തരക്കേടില്ലാത്ത പാക്കേജ് കിട്ടി. വെബ്‌സൈറ്റ് അത്രയൊന്നും മെച്ചമല്ലെങ്കിലും, അവരുടെ ഹംപി, ബാദാമി, ആനെഗുണ്ടി പാക്കേജ് തരക്കേടില്ലെന്നു തോന്നി. ഒന്നാംദിവസം ആനെഗുണ്ടി, രണ്ടാം ദിവസം ബനശങ്കരി, ബാദാമി, പട്ടദക്കല്‍, മഹാകൂട, ഐഹോളെ -ഇത്രയും, മൂന്നാം ദിവസം ഹംപി എന്നിങ്ങനെയാണു പാക്കേജ്. അപ്പോ അതു ഫിക്‍സ് ചെയ്തു.

ഇനിയുള്ളതു്, ഞങ്ങള്‍ തനിയെ പോവണോ, അതോ വേറെയാരെയെങ്കിലും കൂട്ടണോ എന്നാണു്. തനിയെ ഇത്ര ദൂരം പോവാന്‍ ശ്രീധന്യയ്ക്കു് ഒരു മടി. അപ്പോ, കൂടെ കൂടാനാരുണ്ടെന്നു് പലരോടും അന്വേഷിച്ചു. അവസാനം ചെറിയമ്മയുടെ മകള്‍ സോനയും കുടുംബവും വരാമെന്നേറ്റു. അങ്ങനെ സെറ്റൊത്തപ്പോ ഹംപിട്രിപ്.കോമില്‍ കയറി അഡ്വാന്‍സ് അടച്ചു് ടൂര്‍ ബുക്കു ചെയ്തു. കോഴിക്കോട്ടു നിന്നു് മൈസൂര്‍ വരെ 6/9/17നു് രാവിലെ 10.30നു് പുറപ്പെടുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റിനും, മൈസൂര്‍ നിന്നു് ഹോസ്‌പെട്ട് വരെ രാത്രി 7.00 മണിക്കു് പുറപ്പെടുന്ന ഹംപി എക്സ്പ്രസ്സിനും, തിരികെ ഹോസ്‌പെട്ടില്‍ നിന്നു് മൈസൂര്‍ വരെ 9/9/17നു് രാത്രി 9.30നു് പുറപ്പെടുന്ന ഹംപി എക്സ്പ്രസ്സിനും, 10/9/17നു് ഉച്ചയ്ക്കു് 12.00 മണിയ്ക്കു് മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള കെ എസ് ആര്‍ ടി സി ഫാസ്റ്റ് പാസഞ്ചറിനും മുന്‍കൂട്ടി ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്തു.

അങ്ങനെ സപ്തംബര്‍ ആറാം തീയ്യതി രാവിലെ ഞങ്ങളുടെ യാത്ര ആരംഭിച്ചു. കോഴിക്കോടു് കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്റില്‍ ഞാനും ശ്രീധന്യയും ശ്രേയയും ചെന്നു കേറിയപ്പോള്‍ ഞങ്ങളെയും കാത്തു് സോനയും സനില്‍ജിത്തും മകള്‍ മാളൂട്ടിയും അവിടെയിരിക്കുന്നു. ഞങ്ങള്‍ ബാഗുകളും മറ്റുമായി പത്തരയ്ക്കു് ബസ്സില്‍ കയറി. ബസ്സില്‍ കയറിയ പാടെ ശ്രേയയും മാളൂട്ടിയും കളി തുടങ്ങി. ബസ്സ് വയനാട്ടിലെത്തിയപ്പോള്‍ ഉച്ചയായി. ഉച്ചഭക്ഷണം സോന പൊതിഞ്ഞെടുത്തിരുന്നതു് ബസ്സിലിരുന്നു് കഴിച്ചു. സുല്‍ത്താന്‍ ബത്തേരി ബസ്സ് നിര്‍ത്തിയപ്പോള്‍ ഇറങ്ങിപ്പോയി കയ്യും മുഖവും കഴുകി വീണ്ടും ബസ്സില്‍ കയറിയിരുന്നു. അങ്ങനെ വൈകുന്നേരം നാലു മണിയോടെ ബസ്സ് മൈസൂര്‍ ബസ്സ് സ്റ്റാന്‍ഡിലെത്തി. ബസ്സ് സ്റ്റാന്‍ഡില്‍ നിന്നു് ഒരു ഓട്ടോ പിടിച്ചു് മൈസൂര്‍ കൊട്ടാരത്തിനടുത്തുള്ള ഹോട്ടല്‍ കേഫേ അരമനെയിലേക്കു് ചെന്നു. അവിടെ വച്ചു് വൈകുന്നേരത്തെ ചായയും ലഘുഭക്ഷണവും കഴിച്ചു. രാത്രിയിലേക്കള്ള ഭക്ഷണം പാര്‍സലായി വാങ്ങി. തിരികെ റെയില്‍വേ സ്റ്റേഷനില്‍ ചെന്നു് ഇരിപ്പായി.

രാത്രി ഏഴു മണിക്കു് ഹംപി എക്സ്പ്രസ്സ് എത്തിയപ്പോള്‍ അതില്‍ കയറി. ട്രെയിനില്‍ തിരക്കു കുറവാണു്. ട്രെയിനില്‍ കുറേ നേരം സംസാരിച്ചിരുന്നു. എട്ടരയായപ്പോള്‍ നേരത്തേ പാര്‍സലായി വാങ്ങിയ ഭക്ഷണം എടുത്തു് കഴിച്ചു. ഫോണില്‍ ടൂര്‍ ഓപ്പറേറ്ററുടെ മെസേജ് വന്നു, രാവിലെ ഞങ്ങളെ കൂട്ടാന്‍ വാഹനം റെയില്‍വേസ്റ്റഷനില്‍ കാത്തു നില്പുണ്ടാകുമെന്നു്. ഡ്രൈവറുടെ ഫോണ്‍ നമ്പറും അയച്ചു തന്നു. അധികം താമസിയാതെ ഉറങ്ങി. ട്രെയിന്‍ ലേറ്റാണു്. രാവിലെ ഉണര്‍ന്നു. എത്തേണ്ട സമയമായിട്ടും വണ്ടി ഹോസ്‌പെട്ടിലെത്തിയിട്ടില്ല. ട്രെയിനില്‍ നിന്നു തന്നെ പല്ലുതേപ്പും മുഖം കഴുകലുമെല്ലാം കഴിച്ചു. മാളൂട്ടി അവളുടെ ടാബ് എടുത്തു് ഗെയിം കളിക്കാന്‍ തുടങ്ങി. ശ്രേയയും കൂടെക്കൂടി.

ഞങ്ങള്‍ തീവണ്ടിയുടെ ജനലിലൂടെ വടക്കന്‍ കര്‍ണ്ണാടകയുടെ ലാന്‍ഡ്സ്കേപ്പും നോക്കിയിരുന്നു.

രാവിലെ എട്ടരയോടെ, വണ്ടി ഹോസ്‌പെട്ടിലെത്തി. വണ്ടിയില്‍ നിന്നിറങ്ങി ടൂര്‍ ഓപ്പറേറ്റര്‍ ഏര്‍പ്പാടാക്കിയ ഡ്രൈവറെ വിളിച്ചു. പുള്ളി നേരത്തേ തന്നെ റെയില്‍വേ സ്റ്റേഷനില്‍ കാത്തു നില്പുണ്ടത്രേ. ആഹാ. പുറത്തിറങ്ങി ചുറ്റും നോക്കിയപ്പോള്‍ എന്റെ പേരെഴുതിയ കടലാസ് ഒട്ടിച്ചു വച്ച വണ്ടി – ഒരു ടവേര – കണ്ടു. അധികം പ്രായമില്ലാത്ത ഡ്രൈവര്‍ – പേരു് ചന്ദ്രു – മുറുക്കാന്‍കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു കൊണ്ടു് ബാഗും മറ്റും വണ്ടിയിലെടുത്തു വയ്ക്കാന്‍ സഹായിച്ചു.

DSCN1425

ഡ്രൈവര്‍ ചന്ദ്രു

ചന്ദ്രുവിനോടു് സംസാരിക്കാന്‍ ശ്രമിച്ചപ്പോഴാണു് ആ അസുഖകരമായ സത്യം മനസ്സിലായതു്. ചന്ദ്രുവിനു് മലയാളമോ ഇംഗ്ലീഷോ അറിയില്ല. ഹിന്ദി അല്പസ്വല്പമേ മനസ്സിലാവൂ. പുള്ളിക്കു് നേരെ ചൊവ്വേ അറിയുന്നതു് കന്നഡയും തെലുങ്കും മാത്രമാണു്. ഇതു രണ്ടുമാണെങ്കില്‍ ഞങ്ങള്‍ക്കറിയില്ല താനും. കുടുങ്ങിയല്ലോയെന്നു് ഞാന്‍ മനസ്സില്‍ കരുതി. പോവുന്നിടത്തെവിടെയെങ്കിലും വന്നേക്കാവുന്ന എന്തെങ്കിലും സംശയം ചോദിച്ചു് കാര്യം മനസ്സിലാക്കാനുള്ള സാദ്ധ്യത മങ്ങി. പോട്ടെ, എന്തെങ്കിലും വഴിയുണ്ടാക്കാമെന്നു് ഞാനും കരുതി.

ഞങ്ങള്‍ക്കു വേണ്ടി ബുക്കു ചെയ്തിരുന്ന ഹോട്ടല്‍ മല്ലിഗിയിലെത്തി ചെക്കിന്‍ ചെയ്തു. ഹോട്ടലിലെത്തിയതും കുട്ടികള്‍ രണ്ടും കളി തുടങ്ങി.

പ്രഭാതകൃത്യങ്ങളെല്ലാം പെട്ടെന്നു് തീര്‍ത്തു് പ്രഭാതഭക്ഷണവും കഴിച്ചു് പുറത്തിറങ്ങി വാഹനത്തില്‍ കയറിയിരുന്നു. നേരത്തേയുള്ള പ്ലാന്‍ മാറ്റി ആദ്യത്തെ ദിവസം ഹംപിയും രണ്ടാം ദിവസം ബനശങ്കരി, ബാദാമി, പട്ടദക്കല്‍, മഹാകൂട, ഐഹോളെ എന്നിവിടങ്ങളിലും, മൂന്നാം ദിവസം ആനെഗുണ്ടിയും പോകാമെന്നു് ചന്ദ്രു പറഞ്ഞു. ആനെഗുണ്ടിയില്‍ രാവിലെ നേരത്തേ പോകണമത്രേ. ഞങ്ങള്‍ ശരിയെന്നു് സമ്മതിച്ചു. അങ്ങനെ ആദ്യം തന്നെ പോയതു് ഹംപി വിരൂപാക്ഷ ക്ഷേത്രത്തിലേക്കാണു്.

പോകുന്ന വഴിയില്‍ പഴയ വിജയനഗരത്തിന്റെ മുസ്ലിം ഏരിയയിലെ നഷ്ടാവശിഷ്ടങ്ങള്‍ കണ്ടു.

വിജയനഗരത്തിലെ മുസ്ലിം ഏരിയയിലെ ഒരു കെട്ടിടം

വിജയനഗരത്തിലെ മുസ്ലിം ഏരിയയിലെ ഒരു കെട്ടിടം

വിരൂപാക്ഷ ക്ഷേത്രവും ക്ഷേത്രത്തിനു മുന്നില്‍ മുമ്പുണ്ടായിരുന്ന അങ്ങാടിത്തെരുവും കണ്ടു. ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നു. കരിങ്കല്ലില്‍ കൊത്തിയെടുത്ത ശില്പങ്ങള്‍..‌ ഓരോ തൂണും വ്യത്യസ്തം, മനോഹരം.

ക്ഷേത്രനിര്‍മ്മാണത്തിന്റെ വിജയനഗരശൈലി ഇവിടെയാണു് രൂപം കൊണ്ടതു്. ഈ ശൈലി പിന്നീടു് അന്നത്തെ വിജയനഗരസാമ്രാജ്യത്തിലുള്‍പ്പെട്ടിരുന്ന മധുരയിലേക്കും ചിദംബരത്തേക്കും ശ്രീരംഗത്തേക്കും തിരുവണ്ണാമലയിലേക്കും കാളഹസ്തിയിലേക്കുമെല്ലാം വ്യാപിക്കുകയായിരുന്നു. വിരൂപാക്ഷക്ഷേത്രത്തില്‍ കുരങ്ങന്മാരുമുണ്ടു്. ക്ഷേത്രത്തിന്റെ മച്ചിന്മേലോട്ടു നോക്കിയാല്‍ ഓരോ കഴുക്കോലും കരിങ്കല്ലില്‍ കൊത്തിയെടുത്തതു കാണാം. ക്ഷേത്രത്തില്‍ പൂജ നടക്കുന്നു. പഴയ കന്നഡയിലോ തെലുങ്കിലോ ഉള്ള ശിലാലിഖിതങ്ങളുണ്ടു് ക്ഷേത്രത്തില്‍. ഇതിനടുത്തു തന്നെ വിശാലമായ ഒരു കുളവുമുണ്ടു്.

ഞങ്ങള്‍ അവിടെ നിന്നിറങ്ങി. അതിനടുത്തു തന്നെയുള്ള ഒരു മഠത്തില്‍ കയറി പ്രസാദ ഊട്ടുണ്ടുായിരുന്നു. ഞങ്ങളവിടെക്കയറി ഉച്ചയൂണു കഴിച്ചു. അവിടെനിന്നും പിന്നെ പോയതു് കൃഷ്ണ ക്ഷേത്രത്തിലേക്കാണു്. ഇതു് പണ്ടു് കൃഷ്ണദേവരായര്‍ ഒറീസ്സയിലേക്കു് പട നയിച്ചു വിജയിച്ചതിന്റെ സ്മരണയ്ക്കായി പണിത ക്ഷേത്രമാണു്.

ക്ഷേത്ര ഗോപുരത്തിന്റെ മുകളില്‍ യുദ്ധരംഗങ്ങള്‍ കൊത്തുപണി ചെയ്തു വച്ചിരിക്കുന്നതു് കാണാം. ഗോപുരം ഇപ്പോള്‍ തകര്‍ന്ന നിലയിലാണു്. ഭാഗികമായേ ഇതിനെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ശ്രേയ ക്ഷേത്രത്തില്‍ ഓടിക്കളിച്ചു വീണു് നെറ്റിയില്‍ ചെറുതായി ചതവു പറ്റി, കരയാനും തുടങ്ങി. അധികം താമസിയാതെ തന്നെ അവള്‍ കരച്ചില്‍ നിര്‍ത്തി. ക്ഷേത്രമുറ്റത്തു തന്നെ ഒരു ശിലാലിഖിതമുണ്ടു്. കൃഷ്ണക്ഷേത്രത്തിനു മുന്നിലും ഒരു അങ്ങാടിയുടെ -കൃഷ്ണ ബസാര്‍ – അവശിഷ്ടമുണ്ടു്.

ഇവിടെ നിന്നും ഞങ്ങള്‍ പിന്നെ പോയതു് പ്രസന്ന വിരൂപാക്ഷ ക്ഷേത്രത്തിലേക്കാണു്. ഇതിനു് അണ്ടര്‍ഗ്രൌണ്ട് ശിവ ടെംപ്ള്‍ ഓന്നും പേരുണ്ടു്. ഇതു് പേരു സൂചിപ്പിക്കുംപോലെ, ഭൂനിരപ്പിനു് താഴെയാണുള്ളതു്. അത്ര വലിയ ക്ഷേത്രമൊന്നുമല്ല, ഇതു്.

അടുത്തതു് സനാന എന്‍ക്ലോഷറിലേക്കാണു്. ഇതൊരു മതിലകമാണു്.

ഇവിടെയാണു് പെരുമപ്പെട്ട ലോട്ടസ് മഹല്‍ സ്ഥിതി ചെയ്യുന്നതു്. ലോട്ടസ് മഹലിനടുത്തു തന്നെ ചെറിയ ഒരു മ്യൂസിയം സ്ഥിതി ചെയ്യുന്നു. സനാന എന്‍ക്ലോഷറിനു് പുറത്തും ഒരു മ്യൂസിയം ഉണ്ടു്. ഇതിനടുത്താണു് പ്രസിദ്ധമായ ആനക്കൊട്ടില്‍ – എലിഫന്റ് സ്റ്റേബ്ള്‍സ് – ഉള്ളതു്. എലിഫന്റ് സ്റ്റേബിള്‍സിനകത്തു കയറി മുകളിലേക്കു നോക്കിയാല്‍ മച്ചിലെ ചിത്രപ്പണികള്‍ ഒന്നിനൊന്നു വ്യത്യസ്തമാണു്, ഏറെയും നശിച്ചു പോയിട്ടുണ്ടെങ്കിലും.

പുറത്തിറങ്ങി മാധവ (രംഗ) ക്ഷേത്രവും കണ്ടു. ഇതൊരു ചെറിയ ക്ഷേത്രമാണു്. പിന്നീടു് പോയതു് ഹംപിയുടെ റോയല്‍ എന്‍ക്ലോഷറിന്റെ കോര്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഹസാരരാമ ക്ഷേത്രത്തിലേക്കാണു്. രാമായണം കഥയിലെ വിവിധ രംഗങ്ങള്‍ നിരവധിയായ ശില്പങ്ങളുടെ രൂപത്തില്‍ കൊത്തി വച്ചിട്ടുണ്ടിവിടെ.

പിന്നീടു് ഞങ്ങള്‍ കണ്ടതു് ഒരു രഹസ്യ നിലവറയാണു്. ഇരുള്‍ നിറഞ്ഞ ഒരു ഇടനാഴിയിലേക്കു് ഇറങ്ങിച്ചെന്നാല്‍ തുറസ്സായ ഒരു ഹാളിലെത്തും. ഇന്നതിന്റെ മേല്ക്കൂരയെല്ലാം തകര്‍ന്നു പോയിട്ടുണ്ടു്.

അതും കഴിഞ്ഞു് വലിയ ഒരു സ്റ്റേജ് പോലത്തെ നിര്‍മ്മിതി – മഹാനവമി പ്ലാറ്റ്ഫോം – ന്റെ മുകളില്‍ കയറി. അവിടെ നിന്നാല്‍ ഹംപിയുടെ നഷ്ടസ്വപ്നങ്ങളുടെ ഒരു വിശാലവീക്ഷണം കിട്ടും. അവിടെ നിന്നും അധികം ദൂരത്തല്ലാതെ ഒരു അക്വഡക്‍റ്റിന്റെ അവശിഷ്ടവും, നന്നായി പടുത്തു കെട്ടിയ ഒരു കുളവും ഉണ്ടു്.

ഞങ്ങള്‍ കുളത്തിലിറങ്ങാന്‍ നോക്കിയപ്പോള്‍ സെക്യുരിറ്റിക്കാരന്‍ വിലക്കി. ഞങ്ങള്‍ അവിടെ നിന്നും നടന്നു് മതിലുകള്‍ കയറിക്കടന്നു് പോയതു് ക്വീന്‍സ് ബാത്തിലേയ്ക്കാണു്.

ഇതൊരു സാമാന്യം വലിയ കുളിക്കടവാണു്. വളരെ നന്നായി പരിപാലിച്ചു വരുന്നൊരു നിര്‍മ്മിതിയാണിതു്. ഉള്ളിലെല്ലാം കയറി കണ്ടു.

ഇവിടെ നിന്നും ഞങ്ങള്‍ വാഹനത്തില്‍ കയറി വിഠല ക്ഷേത്രത്തിലേക്കു പോയി. അവിടെത്തെ വാഹന പാര്‍ക്കിങ് സ്ഥലത്തു നിന്നു് ഇലക്‍ട്രിക്‍ കാറുകളിലാണു് വിഠലക്ഷേത്രത്തിലേക്കുള്ള യാത്ര. വിഠല ക്ഷേത്രത്തിനു് മുന്നിലാണു് ഹംപിയിലെ പെരുമപ്പെട്ട കല്‍രഥം സ്ഥിതി ചെയ്യുന്നതു്.

വിഠല ക്ഷേത്രം തന്നെ ഒരു അതിമനോഹര നിര്‍മ്മിതിയാണു്. മണ്ഡപങ്ങളില്‍ നിരവധിയായ ശില്പവേലകള്‍. ഇവിടെത്തെ ഒരു മണ്ഡപത്തിലാണു് സംഗീതം പൊഴിക്കുന്ന തൂണുകളുള്ളതു്. ഗൈഡുമാര്‍ തൂണുകളില്‍ തട്ടി വിവിധ സ്വരങ്ങള്‍ പുറപ്പെടുവിച്ചതു് ഞങ്ങള്‍ കണ്ടു നിന്നു. അവര്‍ പോയ ശേഷം ഞങ്ങളും അവ തട്ടി നോക്കി. ഞങ്ങള്‍ അവയില്‍ തട്ടിയാലും മ്യൂസിക്കല്‍ നോട്സ് വരും എന്നു മനസ്സിലാക്കി. സന്ധ്യയാവാറായിരിക്കുന്നു. എല്ലാവരും തളര്‍ന്നു. മടങ്ങാനുള്ള സമയമായി. വിഠല ക്ഷേത്രത്തില്‍ നിന്നു് തിരിച്ചുള്ള അവസാനത്തെ ഇലക്‍ട്രിക്‍ കാറുകളിലൊന്നില്‍ ഞങ്ങളും കയറിക്കൂടി. ഹംപിയോടു് തല്ക്കാലം വിട.

അങ്ങനെ തിരികെ വീണ്ടും ഹോട്ടലിലേക്കു്. ഹോട്ടലിലെ ഭക്ഷണശാലയില്‍നിന്നു് രാത്രി ഭക്ഷണം കഴിഞ്ഞു് ഉറങ്ങാന്‍ കിടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വാതിലില്‍ ഒരു മുട്ടു്. തുറന്നു നോക്കിയപ്പോള്‍ സോനയാണു്. കിടക്കയില്‍ മൂട്ടയുണ്ടത്രേ. റൂം സര്‍വ്വീസിനെ വിളിച്ചു കാര്യം പറയാന്‍ വിട്ടു. അവര്‍ ആ റൂം മാറ്റി വേറൊരു റൂം ഏര്‍പ്പാടാക്കിക്കൊടുത്തു. പിറ്റേന്നു അതിരാവിലെ ബാദാമിക്കു് യാത്രയാവേണ്ടതാണു്. അതിനാല്‍ അലാറം വച്ചു് വേഗം ഉറങ്ങി.

പിറ്റേന്നു് അതിരാവിലെ ഉണര്‍ന്നു. സോനയെയും ചെന്നു് വിളിച്ചു. ഉറങ്ങുന്ന കുട്ടികളെയും എടുത്തു് ഉടന്‍ തന്നെ പുറപ്പെട്ടു് പുറത്തിറങ്ങി. ചന്ദ്രു വാഹനവുമായി റെഡിയാണു്. കയറിയിരുന്നു യാത്ര തുടങ്ങി. നേരം വെളുത്തപ്പോള്‍ കുട്ടികള്‍ ഉണര്‍ന്നു. അപ്പോള്‍ വഴിയിലൊരിടത്തു് വാഹനം നിര്‍ത്തി അവരെ പല്ലുതേപ്പും മുഖം കഴുകലുമെല്ലാം ചെയ്യിച്ചു. വീണ്ടും യാത്ര തന്നെ. റോഡാണെങ്കില്‍ നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുകയാണു്. റോഡിനിരുവശത്തും കിലോമീറ്ററുകളോളം മനുഷ്യവാസമില്ലാതെ കൃഷിഭൂമികള്‍ മാത്രമാണു്. ഇടയ്ക്കു് ഗ്രാമങ്ങള്‍ കാണാം. വൃത്തിയില്ലാത്ത, ചെളിയിലും ചാണകത്തിലും കുഴഞ്ഞ ഗ്രാമങ്ങള്‍. റോഡിലാണെങ്കില്‍ ഞങ്ങളുടെ വാഹനം മാത്രമേയുള്ളൂവെന്നു തോന്നും, മിക്കപ്പോഴും. വല്ലപ്പോഴും എതിരേ വരുന്നതു് കര്‍ണ്ണാടകയുടെ സ്റ്റേറ്റ് ബസ്സുകളാണു്. പ്രൈവറ്റ് ബസ്സുകളെന്നൊരു കാറ്റഗറി അവിടെ കണ്ടതേയില്ല.

അങ്ങനെ ഞങ്ങള്‍ ചോളച്ചഗുഡ്ഡയിലെ ബനശങ്കരി അമ്മന ദേവസ്ഥാനയിലാണു് ആദ്യമെത്തിയതു്.

ഇതു് 7ാം നൂറ്റാണ്ടിലെ കല്യാണി ചാലൂക്യന്മാരുടെ കാലത്തുണ്ടാക്കിയ ഒരു ക്ഷേത്രമാണു്. ഇതു 1750ല്‍ ഒരു മറാത്ത മുഖ്യന്‍ പരിഷ്കരിച്ചു. കരിങ്കല്ലു കൊണ്ടുണ്ടാക്കിയ ക്ഷേത്രവും അതിനു മുന്നിലെ കുളവും കുളക്കടവുമാണു് മുഖ്യ ആകര്‍ഷണം. കുളം പക്ഷേ പൂര്‍ണ്ണമായും വറ്റി വരണ്ടു കിടക്കുകയാണു്. ഞങ്ങള്‍ ക്ഷേത്രവും കുളക്കടവും എല്ലാം ചുറ്റിനടന്നു കണ്ടു. കുളക്കടവിനരികില്‍ ഒരു ചുകന്ന വസ്ത്രം ധരിച്ച ഭക്തന്‍ കന്നഡയിലെ ഏതോ ഭക്തിഗാനം ഉറക്കെ പാടുന്നുണ്ടായിരുന്നു.

അടുത്ത ലക്ഷ്യം ബാദാമിയാണു്. ബാദാമിയിലെത്തിയപ്പോള്‍ ഒരു റസ്റ്റാറണ്ടില്‍ കയറി ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിച്ചു. അതിനു ശേഷം അവിടെത്തെ പെരുമപ്പെട്ട ഗുഹാക്ഷേത്രങ്ങളുടെ അടുത്തേക്കു് ചെന്നു.

ബാദാമി ചാലൂക്യന്മാരുടെ രാജകീയ തലസ്ഥാനമായിരുന്നു. നാലു പ്രധാന ഗുഹാക്ഷേത്രങ്ങളും അപ്രധാനമായി ചെറിയ ചില ഗുഹകളും ക്ഷേത്രങ്ങളുമാണു് ഇവിടെയുള്ളതു്. ഗുഹകളിലെ ശില്പവേലകള്‍ അതിമനോഹരമാണു്. ദക്ഷിണേന്ത്യയിലെ ക്ഷേത്രശില്പകലയുടെ തുടക്കം ഒരു പക്ഷേ ഇവിടെ നിന്നായിരിക്കും. ഏതോ സ്കൂളില്‍ നിന്നുള്ള പഠനയാത്രാസംഘം ഇവിടം സന്ദര്‍ശിക്കുന്നതു കണ്ടു. ഗുഹാക്ഷേത്രങ്ങളും കുളവും ഞങ്ങള്‍ കയറിക്കണ്ടുവെങ്കിലും ബാദാമി കുളത്തിന്റെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലേക്കു് ഞങ്ങള്‍ പോയില്ല. കുട്ടികളെയും കൊണ്ടു് അവിടെ പോവാന്‍ സാധിക്കുമായിരുന്നില്ല.

ഇനി മഹാകൂട എന്ന സ്ഥലമാണു് ലക്ഷ്യം. മഹാകൂടയിലെ ഒരു ഗ്രൂപ്പ് ക്ഷേത്രങ്ങള്‍ 6 ഓ 7 ഓ നൂറ്റാണ്ടുകളിലെ ചാലൂക്യന്മാരുടെ കാലത്തു് നിര്‍മ്മിച്ചവയാണു്. ഇതൊരു ശൈവ കേന്ദ്രമാണു്. ഇവിടെത്തെ വലിയൊരു കുളമാണു് മുഖ്യ അകര്‍ഷണം. നിറയെ വെള്ളമുള്ള ഈ കുളത്തില്‍ ധാരാളം പേര്‍ കുളിച്ചു മദിക്കുന്നുണ്ടായിരുന്നു. കുട്ടികള്‍ രണ്ടിനേയും കുളത്തിലിറക്കി. അവര്‍ക്കതു് വലിയ സന്തോഷമായി.

കുളത്തിലും ഒരു മണ്ഡപത്തില്‍ ശിവലിംഗം കണ്ടു. കുളത്തിന്റെ ഒരു വശത്തായി വെള്ളത്തില്‍ തന്നെ ഒരു പ്രവേശനമാര്‍ഗ്ഗമുണ്ടു്. അതിലൂടെ ശ്വാസം പിടിച്ചു് വെള്ളത്തില്‍ നീന്തി ചെന്നാല്‍ അതിനുള്ളിലും ഒരു ശിവലിംഗമുണ്ടത്രേ. കാഴ്ചകളൊക്കെ കണ്ട ശേഷം ഈ ക്ഷേത്രത്തില്‍ നിന്നു് പ്രസാദം വാങ്ങിക്കഴിച്ചു കൊണ്ടു് ഞങ്ങള്‍ പട്ടദക്കല്ലിലേക്കു പുറപ്പെട്ടു. പോകുന്ന വഴിയില്‍ ചോളവും സാവൂനരിയും മറ്റും കൃഷി ചെയ്യുന്ന പാടങ്ങളാണു് റോഡിനിരുവശത്തും.

ഉള്ളി വിളവെടുത്തു് റോഡിനരികില്‍ ഉണക്കാനിട്ടിരിക്കുന്നതും കണ്ടു.

ഞങ്ങള്‍ പട്ടദക്കല്ലിലെത്തി. ഇവിടെത്തെ ക്ഷേത്രങ്ങള്‍ യുണെസ്കോ ലോകപൈതൃക കേന്ദ്രമാണു്. 7, 8 നൂറ്റാണ്ടുകളില്‍ മണല്‍ക്കല്ലില്‍ നിര്‍മ്മിച്ച നിരവധി ക്ഷേത്രങ്ങളുണ്ടിവിടെ. ദക്ഷിണേന്ത്യന്‍ ഉത്തരേന്ത്യന്‍ ശില്പകലകളുടെ ഒരു സമ്മേളനമാണു് ഈ ക്ഷേത്ര സമുച്ചയങ്ങള്‍.

ക്ഷേത്രങ്ങളും പരിസരവുമെല്ലാം ഞങ്ങള്‍ ചുറ്റിനടന്ന കണ്ട ശേഷം പുറത്തിറങ്ങി ഉച്ചയുണു് കഴിച്ചു. ഉച്ചയൂണിനൊപ്പം കിട്ടിയ അച്ചാറിനു് ഒരു വ്യത്യസ്ത രുചി. ഞങ്ങളാ അച്ചാര്‍ കുറച്ചു പൊതിഞ്ഞു വാങ്ങി. എന്നിട്ടു് ഐഹോളെയിലേക്കു് പുറപ്പെട്ടു.

ഐഹൊളെയിലെത്തിയപ്പോള്‍ സമയം ഏറെ വൈകിയിരുന്നു. ഐഹോളെയില്‍ ചുറ്റിനടന്നു വിശദമായി കാണണമെങ്കില്‍ ഒരു ദിവസം പോരാ. ചാലൂക്യരുടെ കാലത്തു് 4 മുതല്‍ 12ാം നൂറ്റാണ്ടു വരെ നിര്‍മ്മിച്ച നൂറ്റിയിരുപതു ക്ഷേത്രങ്ങളുണ്ടു് ഇവിടെ. ഇവിടെയുള്ള പോസ്റ്റാപ്പീസില്‍ സ്റ്റാമ്പുശേഖരണക്കാരുടെ ആവശ്യാര്‍ത്ഥം പഴയ ചാലൂക്യ രാജകീയ ചിഹ്നം ക്യാന്‍സലേഷന്‍ സീലായി ഉണ്ടെന്ന നോട്ടീസ് കണ്ടു. ക്ഷേത്രസമുച്ചയത്തിലേക്കു് പ്രവേശനം നിര്‍ത്തുന്നതിനു് തൊട്ടുമുമ്പു് ഞങ്ങള്‍ അവിടെ കയറിപ്പറ്റി.

ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെ പടമെടുത്തപ്പോഴേക്കു് ക്യാമറയില്‍ ബാറ്ററി തീര്‍ന്നു് ഓഫായിപ്പോയി. ഇവിടെ നിന്നെടുത്ത ദുര്‍ഗ്ഗാക്ഷേത്രത്തിന്റെ പടം ഇക്കഴിഞ്ഞ പ്രാവശ്യത്തെ Wiki Loves Monuments 2017 in India മത്സരത്തില്‍ ഏഴാം സ്ഥാനത്തെത്തിയതും ഒരു സന്തോഷം.

ക്ഷേത്രങ്ങളിലെ ശില്പവേലകളെല്ലാം കണ്ടു് പുറത്തിറങ്ങിയപ്പോഴേക്കും ചാറ്റല്‍ മഴ പെയ്യാന്‍ തുടങ്ങിയിരുന്നു.

തിരിച്ചു ഹോസ്‌പെട്ടിലേക്കുള്ള യാത്രയില്‍ നന്നായി മഴ പെയ്തു. രാത്രിയായി. പോവുന്ന വഴിയില്‍ ഇടയ്ക്കുള്ള ഒരു ടൌണില്‍ വാഹനം നിര്‍ത്തി രാത്രിയിലേക്കുള്ള ഭക്ഷണം പൊതിഞ്ഞു വാങ്ങി. തിരികെ ഹോട്ടലിലെത്തിയപ്പോഴേക്കും രാത്രി വളരെ വൈകിയിരുന്നു. ഭക്ഷണം കഴിച്ചു് കുറച്ചു നേരം സംസാരിച്ചിരുന്നു് ഉറങ്ങാന്‍ കിടന്നു.

പിറ്റേന്നു് രാവിലെ ഉണരാന്‍ വൈകി. രാവിലെ പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു് റസ്റ്റാറണ്ടില്‍ നിന്നും ചായ പലഹാരങ്ങളും കഴിച്ചു് ചെക്കൌട്ട് ചെയ്തു് യാത്ര പുറപ്പെട്ടു. ആനെഗുണ്ടിയിലേക്കാണു് ഇന്നത്തെ യാത്ര. ഇവിടെത്തെ അഞ്ജനാദ്രി മലയ്ക്കു കീഴെ വണ്ടി നിര്‍ത്തി. മല കയറാന്‍ തുടങ്ങി. കുട്ടികളെയും കൊണ്ടുള്ള മല കയറ്റം കഠിനമാണു്. മലമുകളില്‍ ഒരു ഹനുമാന്‍ക്ഷേത്രമുണ്ടു്. പോവുന്ന വഴിയില്‍ കുരങ്ങന്മാരെയും കണ്ടു. മുകളിലെത്തിയപ്പോള്‍ അവിടെ നിന്നുള്ള ഹംപിയുടെ വിശാലവീക്ഷണം ഗംഭീരമാണു്.

ക്ഷേത്രത്തില്‍ അന്നദാനവുമുണ്ടു്. ഇവിടെ പൊട്ടിക്കുന്ന തേങ്ങ തിന്നുകയും ചെയ്യാം. ഭക്ഷണം ഇവിടെ നിന്നും കഴിക്കാന്‍ നില്ക്കാതെ ഞങ്ങള്‍ മലയിറങ്ങി.

അടുത്തതായി പോയതു് ശ്രീ പമ്പാസരോവര ലക്ഷ്മി ദേവസ്ഥാനത്തേക്കാണു്. ഇതൊരു ചെറിയ ക്ഷേത്രമാണു്. ഇതിനടുത്തു് ഒരു ചെറിയ കുളമുണ്ടു്. ഇവിടെത്തെ ഒരു യന്ത്രച്ചെണ്ട കൌതുകകരമായിത്തോന്നി. ഇവിടെ അന്നദാനവുമുണ്ടു്. ഞങ്ങള്‍ ഇവിടെ നിന്നും ഭക്ഷണം കഴിച്ചു.

പിന്നീടു് ചെന്നതു് ഒരു ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലേക്കാണു്. അത്രയ്ക്കു് പ്രാധാന്യമൊന്നുമില്ലാത്ത ക്ഷേത്രമെന്നു് തോന്നി. ഇവിടെ ഒരു മരത്തിനു മേല്‍ നിറയെ തുണികൊണ്ടുള്ള ഉണ്ടകള്‍ കെട്ടിയിരിക്കുന്നു.

പടങ്ങളെടുത്തു് തിരികെയിറങ്ങി.

പിന്നീടു് തുംഗഭദ്ര ഡാം പോയിക്കണ്ടു. നമ്മുടെ ഇവിടെത്തെ ചെറിയ ഡാമുകളും റിസര്‍വ്വോയറുകളും കണ്ടു് ടി ബി ഡാ‌മിലെത്തുമ്പോള്‍ അതിന്റെ വലിപ്പം കണ്ടു് ഞങ്ങള്‍ അമ്പരന്നു. റിസര്‍വ്വോയറിന്റെ മറ്റേ കര കാണാനേയില്ല. പടങ്ങളെടുത്തു.

നേരം സന്ധ്യയാവാറായി. ഹോസ്‌പെട്ടിലേക്കു് പോയി അവിടെയുള്ള ഒരു റസ്റ്റാറണ്ടില്‍ കയറി രാത്രിഭക്ഷണം കഴിച്ചു. ചന്ദ്രു ഞങ്ങളെ വാഹനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ വിട്ടു തന്നു. അഡ്വാന്‍സ് കഴിച്ചു് ബാക്കി കൊടുക്കാനുള്ള പണം ചന്ദ്രുവിനെ ഏല്‍പ്പിച്ചു. ചന്ദ്രുവിന്റെ സന്തോഷത്തിനു് ചെറിയൊരു തുകയും കൊടുത്തു് യാത്ര പറഞ്ഞു പിരിഞ്ഞു.

റെയില്‍വേസ്റ്റേഷനിലെ റിസര്‍വ്വേഷന്‍ ചാര്‍ട്ട് നോക്കിയപ്പോള്‍ ഞങ്ങളുടെ ആര്‍ എ സി ടിക്കറ്റുകള്‍ കണ്‍ഫേമായിട്ടുണ്ടു്. സമാധാനം. റെയില്‍വ്വേസ്റ്റേഷനിലെ വെയിറ്റിങ് റൂമില്‍ നിന്നു് കുളിച്ചു പുറപ്പെട്ടു വണ്ടിയും കാത്തു നിന്നു. ഹംപി എക്സ്പ്രസ്സെത്തിയപ്പോള്‍ അതില്‍ കയറി. തിരികെ മൈസൂരിലേക്കു്. വണ്ടിയില്‍ കുട്ടികള്‍ രണ്ടും ഫോണില്‍ പാട്ടു വച്ചു് ഡാന്‍സ് തുടങ്ങി. തൊട്ടടുത്ത ബര്‍ത്തില്‍ സ്പെയിനില്‍ നിന്നു് ഇന്ത്യ കാണാന്‍ വന്ന രണ്ടു പേരെ പരിചയപ്പെട്ടു. കുറച്ചു നേരം അവരുമായി സംസാരിച്ചിരുന്നു. രാത്രി വൈകിയപ്പോള്‍ കിടന്നുറങ്ങി.

രാവിലെ ഹംപി എക്സ്പ്രസ്സ് മൈസൂരിലെത്താന്‍ വൈകി. എത്തിയപ്പോള്‍ ഉടനേ റെയില്‍വ്വേ സ്റ്റേഷനില്‍ നിന്നു് കുളിച്ചു പുറപ്പെട്ടു് ഭക്ഷണം കഴിച്ചു ബസ്സ് സ്റ്റാന്‍ഡിലെത്തേണ്ടതുണ്ടു്. പരിപാടികളെല്ലാം സ്പീഡിലാക്കി. റെയില്‍വേ സ്റ്റേഷനിലെ റസ്റ്റാറണ്ടില്‍ നിന്നു് ധൃതിയില്‍ ഭക്ഷണം കഴിച്ചു് കുറച്ചു ഭക്ഷണം പാര്‍സലും വാങ്ങി ഓട്ടോ പിടിച്ചു് ബസ്സ് സ്റ്റാന്‍സിലേക്കു് പുറപ്പെട്ടപ്പോഴാണു് ഫോണുകള്‍ റെയില്‍വേ സ്റ്റേഷനില്‍ ചാര്‍ജ്ജു ചെയ്യാന്‍ വച്ചിടത്തു് മറന്നു വച്ചതോര്‍മ്മ വന്നതു്. വീണ്ടും തിരികെ റെയില്‍വേ സ്റ്റേഷനിലേക്കു് മടക്കം. ഭാഗ്യത്തിനു് ഫോണുകള്‍ രണ്ടും വച്ചിടത്തു തന്നെയുണ്ടു്. എടുത്തു കീശയിലിട്ടു് വീണ്ടും ഓട്ടോയില്‍ വസ്സ് സ്റ്റാന്‍ഡിലേക്കു്. ബസ്സ് സ്റ്റാന്‍സിലെത്തിയപ്പോള്‍ ഞങ്ങള്‍ക്കുള്ള ബസ്സ് പുറപ്പെടാനിനിയും സമയമുണ്ടു്. സമയത്തിന്റെ കാര്യത്തില്‍ എനിക്കൊരു ശ്രദ്ധക്കുറവു പറ്റിയിരുന്നു. ആവശ്യമില്ലാതെ ധൃതി കൂട്ടിയതിനു് എന്റെ നേരെ ആരും ദേഷ്യപ്പെട്ടില്ല, ഭാഗ്യത്തിനു്. 🙂

ബസ്സു പുറപ്പെട്ടു. വഴിയില്‍ പാര്‍സല്‍ വാങ്ങിയ ഭക്ഷണം ബസ്സിലിരുന്നു് കഴിച്ചു. താമരശ്ശേരിയെത്തിയപ്പോള്‍ ഞങ്ങള്‍ സോനയോടും സനില്‍ജിത്തിനോടും യാത്ര പറഞ്ഞു് ബസ്സിറങ്ങി ബാലുശ്ശേരി വഴി വീട്ടിലേക്കു പോന്നു.