താമരശ്ശേരിയില്‍ കമ്മ്യൂണിറ്റി ഡിജിറ്റല്‍ ലേണിങ് സ്പേസ്

സര്‍ക്കാരിന്റെ സജീവ ശ്രദ്ധയിലുള്ള പരിപാടികളില്‍ ഒന്നാണു് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ – അതായതു് 1000 പേരില്‍ 5 പേര്‍ക്കു് തൊഴില്‍ സൃഷ്ടിക്കല്‍ എന്നതു്.

ഈ വിഷയത്തില്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടു് പരിപാടികള്‍ ഏറ്റെടുത്തിട്ടുണ്ടു്. പുതിയ സംരംഭകരെ സൃഷ്ടിക്കുന്നതിനു് “ടുഗെദര്‍ വി കാന്‍” എന്ന ആപ്തവാക്യത്തോടു കൂടി യൂത്ത് ഇന്നോവേഷന്‍ പ്രോഗ്രാം എന്നു പേരിട്ടിട്ടുള്ള ഒരു സംരംഭക പ്രോത്സാഹന പരിപാടിയും ഡിജിറ്റല്‍ സ്കില്‍ മേഖലയിലേക്കു് യുവതീയുവാക്കളെ കൊണ്ടുവരുന്നതിനുള്ള പ്രൊജക്‍ടായ “കമ്മ്യൂണിറ്റി ഡിജിറ്റല്‍ ലേണിങ് സ്പേസും” ആണു് അവ. അവയില്‍ യൂത്ത് ഇന്നോവേഷന്‍ പ്രോഗ്രാം തുടങ്ങിയതിനെപ്പറ്റി നേരത്തേ എഴുതിയിട്ടുണ്ടു്. താഴെ കണ്ണിയില്‍ അതിനെപ്പറ്റി വായിക്കാം:-

അടുത്ത പരിപാടി അഥവാ പ്രൊജക്‍റ്റ് ആണു് കമ്മ്യൂണിറ്റി ഡിജിറ്റല്‍ ലേണിങ് സ്പേസ്. അതിനെപ്പറ്റി ഇനി പറയാം.

കമ്മ്യൂണിറ്റി ഡിജിറ്റല്‍ ലേണിങ് സ്പേസ്

താമരശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും താമസക്കാരും ഐ ടി, ഡിജിറ്റല്‍ സ്കില്‍സ്, റിമോട്ട് ജോലികള്‍ തുടങ്ങിയ തൊഴില്‍ മേഖലകളില്‍ അഭ്യസ്തവിദ്യരും താല്പര്യമുള്ളവരുമായ യുവജനങ്ങള്‍ക്കു് പ്രസ്തുത തൊഴില്‍ മേഖലകളിലെ പുതിയ അവസരങ്ങള്‍ പരിചയപ്പെടുന്നതിനും പുതിയ കാര്യങ്ങള്‍ ഇരുന്നു സ്വയം പഠിക്കുന്നതിനും പരിശീലനം നടത്തുന്നതിനും വേണ്ടി ഒരു വേദിയും സാഹചര്യവും പശ്ചാത്തല സൌകര്യങ്ങളും ഒരുക്കുകയും, അവരെ പ്രസ്തുത തൊഴില്‍ മേഖലകളിലെ പുത്തന്‍ തൊഴിലുകള്‍ നേടുന്നതിനു പ്രാപ്തരാക്കുന്നതിനും, അതിലേക്കായി അവര്‍ക്കു വേണ്ട പരിശീലനവും മെന്ററിങ്ങും നല്കുന്നതിനു് ഈ തൊഴില്‍ മേഖലകളില്‍ പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്കു് സൌകര്യവും സാഹചര്യങ്ങളും ഒരുക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ ഒരു കമ്മ്യൂണിറ്റി ഡിജിറ്റല്‍ ലേണിങ് സ്പേസ് തുടങ്ങാന്‍ പദ്ധതി വയ്ക്കുവാന്‍ 22/09/2021 തീയ്യതിയിലെ 3(4)-ാം നമ്പര്‍ പ്രകാരം ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം കൂടിയുള്ള സാഹചര്യത്തില്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രദേശത്തു് മേല്‍പ്പറഞ്ഞ മേഖലകളില്‍‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ വിധത്തിലും, സര്‍ക്കാര്‍ ഏജന്‍സിയായ കെ-ഡിസ്ക് (കേരള ഡവലപ്പ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക്‍ കൌണ്‍സില്‍ – https://kdisc.kerala.gov.in/) ന്റെ പദ്ധതിയായ നോളജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കു് (https://knowledgemission.kerala.gov.in/) പൂരകമാകുന്ന വിധത്തിലും പ്രസ്തുത സ്ഥാപനം രൂപകല്പന ചെയ്തു് നടപ്പാക്കുന്നതിനു് വേണ്ടി, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ടിങ്കര്‍ഹബ് ഫൌണ്ടേഷന്‍ (https://tinkerhub.org/) എന്ന സംഘടനയുടെ സഹായത്തോടെ തയ്യാറാക്കിയ പ്രൊജക്‍റ്റ് പ്രൊപ്പോസലും അന്നേ ദിവസം തന്നെ പഞ്ചായത്ത് അംഗീകരിച്ചു് തീരുമാനിച്ചു. ഇതിനു വേണ്ടി 10,00,000/- രൂപ അടങ്കലില്‍ നമ്പര്‍ 239/22 ആയി പ്രൊജക്റ്റ് വച്ചിട്ടുണ്ടു്. ആയതിനു് നൂതന പ്രൊജക്‍റ്റ് എന്ന വിധത്തില്‍ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓര്‍ഡിനേഷന്‍ സമിതിയുടെ 11/01/2022 തീയ്യതിയിലെ 4.24 നമ്പര്‍ തീരുമാന പ്രകാരം അംഗീകാരം ലഭിച്ചിട്ടുമുണ്ടു്. പദ്ധതി നിര്‍വ്വഹണ ഘട്ടത്തിലേക്കു് കടക്കുന്നു. കോഓര്‍ഡിനേഷന്‍ സമിതിയുടെ നിര്‍ദ്ദേശാനുസരണം സ്ഥാപനത്തിന്റെ നടത്തിപ്പു് സംബന്ധിച്ച രൂപരേഖ തയ്യാറാക്കി 05/04/2022 തീയ്യതിയില്‍ 10(1) നമ്പര്‍ തീരുമാന പ്രകാരം ഭരണസമിതി അംഗീകരിച്ചിട്ടുണ്ടു്.

ഈ പ്രൊജക്‍റ്റിനെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍:-

ലക്ഷ്യങ്ങള്‍

  1. യുവജനങ്ങള്‍ക്കു് വ്യവസായ മേഖലയില്‍ ഡിമാന്റുള്ള പ്രത്യേക കഴിവുകള്‍, ഡിജിറ്റല്‍ കഴിവുകള്‍ എന്നിവ പരിശീലിക്കുന്നതിനും സ്വതന്ത്രമായി അറിവു പങ്കു വയ്ക്കുന്നതിനും പറ്റിയ ഒരു ഇടം തയ്യാറാക്കുക‍.
  2. ആശയങ്ങള്‍ കൈമാറുന്നതിനും പുതിയ ആശയങ്ങളിന്മേല്‍ പ്രവര്‍ത്തിക്കുന്നതിനും ഈ ഇടം ലഭ്യമാക്കുക.
  3. കൂട്ടായിരുന്നു് പഠനപ്രവര്‍ത്തനം നടത്തുന്നതിനും ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും സാദ്ധ്യമാക്കുക.
  4. ഡിജിറ്റല്‍ മേഖലയിലുള്ള അറിവുകള്‍ ആര്‍ജ്ജിക്കുന്നതിനും പുതിയ ആശയങ്ങള്‍ വിഭാവനം ചെയ്യുന്നതിനും പ്രാപ്യമായ ഇടമായി ഇതിനെ മാറ്റുക.

ആര്‍ക്കെല്ലാം പ്രയോജനപ്പെടും?

  • 18 മുതല്‍ 35 വയസ്സു വരെയുള്ള തൊഴില്‍ രഹിതരായവരോ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള തൊഴില്‍ ലഭിക്കാത്തവരോ ആയവരും ബിരുദധാരികളോ ബിരുദപഠനം നടത്തുന്നവരോ ആയവരും താമരശ്ശേരി ഗ്രാമപഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും താമസക്കാരുമായവരും ഇന്റര്‍നെറ്റു വഴി ലഭ്യമായ തൊഴിലവസരങ്ങള്‍ തേടുന്നവരുമായ യുവജനങ്ങള്‍.

എത്ര പേര്‍ക്കു് അവസരം ലഭ്യമാകും?

  • പ്രതിവര്‍ഷം പരമാവധി 200 പേര്‍ക്കു്.

സ്ഥാപന നടത്തിപ്പിലെ പങ്കാളിത്തം

  1. ഗ്രാമപഞ്ചായത്തിന്റെ ചുമതലകള്‍
    1. പദ്ധതിക്കു് യോജിച്ച ഇടം കണ്ടുപിടിക്കല്‍.
    2. പ്രസ്തുത ഇടം പദ്ധതിക്കായി ഒരുക്കല്‍.
    3. ഭാവിഗുണഭോക്താക്കളിലേക്കു് വിവരം കൈമാറല്‍.
    4. പ്രസ്തുത ഇടം നോക്കി നടത്തുന്നതിനു വേണ്ട ജോലിക്കാരെ നിയോഗിക്കല്‍ (വിജ്ഞാന സഹകാരിയുടെ വിദഗ്ദ്ധോപദേശാനുസരണം).
  2. വിജ്ഞാന സഹകാരി (ടിങ്കര്‍ഹബ്ബ്)ന്റെ ചുമതലകള്‍
    1. വിവിധ തരം ജോലികള്‍ക്കായുള്ള പാഠ്യപദ്ധതി തയ്യാറാക്കല്‍.
    2. സ്ഥാപനത്തില്‍ വരുന്ന പഠിതാക്കളുടെ ഇടയില്‍ സാമൂഹ്യബോധം വളര്‍ത്തല്‍.
    3. പ്രാദേശിക സമൂഹവുമായി ഇടപെടല്‍ നടത്തല്‍.
    4. സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന അംഗങ്ങളെ കഴിവുകള്‍ നേടാനും അവര്‍ക്കു താല്പര്യമുള്ള ജോലികള്‍ നേടിയെടുക്കാനും പ്രാപ്തരാവുന്ന വിധത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കല്‍.
    5. യുവജനങ്ങളെ കഴിവുകള്‍ നേടിയെടുക്കാനും, മികച്ച പ്രതിഫലമുള്ള ജോലികള്‍ നേടാനും പ്രചോദിപ്പിക്കല്‍.

പ്രവര്‍ത്തനരീതി

  1. തൊഴില്‍ രഹിതരും പുതിയ കഴിവുകള്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നവരും ജോലി തേടുന്നവരുമായ യുവജനങ്ങള്‍ക്കു് സമീപിക്കാവുന്ന പഠന കേന്ദ്രം / ഇടം ഉണ്ടായിരിക്കും.
  2. ഈ ഇടത്തില്‍ ഇന്റര്‍നെറ്റും, പ്ലഗ് പോയിന്റുകളും ഉള്ള പ്രവൃത്തിസ്ഥലം ഉണ്ടാകും.
  3. ഈ ഇടത്തില്‍ വിജ്ഞാന സഹകാരി, യുവജനങ്ങള്‍ക്കു് വിവിധ ജോലികള്‍ നേടുന്നതിനും കഴിവുകളാര്‍ജ്ജിക്കുന്നതിനുമായി തയ്യാറാക്കിയ പാഠ്യപദ്ധതികളും പഠന രീതിശാസ്ത്രങ്ങളും ഉണ്ടായിരിക്കും.
  4. സ്ഥാപനത്തില്‍ അംഗത്വമെടുത്തവര്‍ക്കു് ഈ പാഠ്യപദ്ധതികളും പഠന രീതിശാസ്ത്രങ്ങളും ജോലികള്‍ നേടുന്നതിനുള്ള ഓണ്‍ലൈന്‍ മാര്‍ഗ്ഗദര്‍ശനവും ‍‍ഉപയോഗപ്പെടുത്താന്‍ സാധിക്കും.
  5. ഇത്തരം കഴിവുകള്‍ ആര്‍ജ്ജിച്ചവരും, ജോലികള്‍ നേടിയവരുമായ അംഗങ്ങള്‍ക്കു് ഈ സ്ഥലം, ഒന്നിച്ചിരുന്നു് ജോലി ചെയ്യാനുള്ള ഇടമായി ഉപയോഗിക്കാനും സാധിക്കും.

ഇവിടെ നിന്നും ആര്‍ജ്ജിക്കാവുന്ന ചില കഴിവുകള്‍

  1. ഡിസൈനിങ്
  2. കണ്ടെന്റ് റൈറ്റിങ്
  3. റിമോട്ട് സപ്പോര്‍ട്ട് ജോലികള്‍
  4. അക്കൌണ്ടിങ്ങും അഡ്‌മിനിസ്ട്രേഷനും
  5. ഓപ്പറേഷന്‍സ്
  6. വെബ്ബ് ഡവലപ്പ്മെന്റ്
  7. ബാസ്കറ്റ് ഓഫ് 21 സെഞ്ച്വറി സ്കില്‍സ്.. മുതലായവ.

സ്ഥാപനത്തിന്റെ ഭരണസംവിധാനം

  • സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍രൂപീകരിക്കുന്ന ഒരു മാനേജ്മെന്റ് കമ്മിറ്റിയും പ്രതിദിന കാര്യങ്ങള്‍ നടത്തുന്നതിനായുള്ള ഒരു പ്രോഗ്രാം കമ്മിറ്റിയും ഉണ്ടായിരിക്കും.

സ്ഥാപനത്തിനായി കണ്ടെത്തി ഇതിനായി പരിവര്‍ത്തനപ്പെടുത്തുന്ന സ്ഥാനം

  • താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും പഴയ ബസ്സ് സ്റ്റാന്റിനടുത്തു് ഷോപ്പിങ് കോംപ്ലക്സിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിനു സമീപമുള്ളതും 7-ാം വാര്‍ഡില്‍ 2139 കെട്ടിട നമ്പറിട്ടതും മുന്‍പു് താമരശ്ശേരി കോഓപ്പറേറ്റീവ് അര്‍ബ്ബന്‍ സൊസൈറ്റി വാടകയ്ക്കെടുത്തിരുന്നതും ഇപ്പോള്‍ ഒഴിഞ്ഞു തന്നതുമായ 14 x 8 മീറ്റര്‍ = 112 ചതുരശ്ര മീറ്റര്‍ (1205.56 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള മുറി.

താമരശ്ശേരി ഗ്രാമപഞ്ചായത്ത് യൂത്ത് ഇന്നൊവേഷന്‍ പ്രോഗ്രാം – സംരംഭകത്വ സെമിനാര്‍

03/01/2022നു് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു് ആരംഭിച്ച യൂത്ത് ഇന്നോവേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി, താമരശ്ശേരിയിലെ പഴയ ബസ്സ് സ്റ്റാന്‍ഡിനു സമീപമുള്ള രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ വച്ചു സംരംഭകത്വ സെമിനാര്‍ നടന്നു. വ്യത്യസ്തമേഖലകളില്‍ സംരംഭം തുടങ്ങാന്‍ താല്പര്യമുള്ളവരെ ഗൂഗ്ള്‍ ഫോം വഴി ആദ്യമേ തന്നെ രജിസ്റ്റര്‍ ചെയ്യിക്കുകയും, അവര്‍ക്കു് താല്പര്യമുള്ള വിഷയങ്ങളില്‍ ക്ലാസ്സെടുക്കാന്‍ പ്രാപ്തരായ ഫാക്കല്‍ട്ടി അംഗങ്ങളെ കണ്ടെത്തി അവരെക്കൊണ്ടു് ക്ലാസ് അവതരിപ്പിക്കുകയും ചെയ്താണു് പരിപാടി നടത്തിയതു്.

പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ഉദ്ഘാടന സെഷനില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയ്സെന്‍ നെടുമ്പാല സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ. ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍ ആദ്ധ്യക്ഷ്യം വഹിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയ്സെന്‍ നെടുമ്പാല
ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ. ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍

വൈസ് പ്രസിഡണ്ട് ഖദീജ സത്താര്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് അയ്യൂബ് ഖാന്‍, മഞ്ജിത കെ., എ. അരവിന്ദന്‍, ഗ്രാമപഞ്ചായത്ത് മെമ്പറായ എം. വി. യുവേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ അശ്റഫ് മാസ്റ്റര്‍ കെ. എം. തുടങ്ങിയവര്‍ സെമിനാറിനു് ആശംസയര്‍പ്പിച്ചു.

വൈസ് പ്രസിഡണ്ട് ഖദീജ സത്താര്‍
മഞ്ജിത കെ.
എ. അരവിന്ദന്‍
അശ്റഫ് മാസ്റ്റര്‍ കെ. എം.
എം. വി. യുവേഷ്

രാവിലെത്തെ ഈ സെഷന്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്ററായ അന്‍ഷാദ് മലയിലിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.

അന്‍ഷാദ് മലയില്‍

സെമിനാര്‍ ബഹുമാനപ്പെട്ട കൊടുവള്ളി എം എല്‍ എ ഡോ. എം. കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ചു് ബഹു. എം എല്‍ എ യൂത്ത് ഇന്നോവേഷന്‍ പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം നടത്തുകയും ചെയ്തു. അദ്ദേഹം രാവിലെ ചില തിരക്കുകളില്‍പ്പെട്ടതിനാല്‍ ഉച്ചയ്ക്കു ശേഷമുള്ള സെഷനുകളുടെ ഇടയിലാണു് ഉദ്ഘാടനത്തിനായി എത്തിച്ചേര്‍ന്നതു്.‌‌

സെമിനാറില്‍ 20 മിനുട്ട് വീതമുള്ള ആകെ പത്തു് അവതരണ സെഷനുകളാണുണ്ടായിരുന്നതു്.

ഒന്നാമത്തെ സെഷനില്‍ ഡോ. അനീസ് കെ. (സയന്റിസ്റ്റ്, മെമ്പര്‍ സെക്രട്ടറി -ടെക്‍നോളജി മാനേജ്‌മെന്റ് യൂണിറ്റ്, ഐ സി എ ആര്‍ – ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച്) സുഗന്ധ വിളകളിലെ മൂല്യവര്‍ദ്ധനവും സംരംഭ സാദ്ധ്യതകളും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.

ഡോ. അനീസ് കെ.
സദസ്സ്
സദസ്സ്

സെഷന്‍ രണ്ട് കൈകാര്യം ചെയ്ത, മൃഗസംരക്ഷണ വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത ഡെപ്യൂട്ടി ഡയറക്‍ടര്‍ ഡോ. കെ. നിനാ കുമാര്‍, മൃഗസംരക്ഷണ മേഖലയിലെ സംരംഭ സാദ്ധ്യതകളെപ്പറ്റി അവതരണം നടത്തി.

ഡോ. കെ. നിനാ കുമാര്‍

മൂന്നാമതായി ഡോ. പ്രീതി എം. (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ടെക്‍നോളജി ബിസിനസ്സ് ഇന്‍കുബേറ്റര്‍, എന്‍ ഐ ടി – കോഴിക്കോടു്) സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കു് ടി ബി ഐ മുഖേനയുള്ള സഹായത്തെപ്പറ്റി സെമിനാറിനു വന്നവരെ ബോധവല്ക്കരിച്ചു.

ഡോ. പ്രീതി എം.

നാലാമത്തെ സെഷന്‍ അവതരിപ്പിച്ച സയ്യിദ് സവാദ് (ബിസിനസ്സ് ഡവലപ്പ്മെന്റ് കോര്‍ഡിനേറ്റര്‍ (മലബാര്‍ റീജിയണ്‍), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍) ന്റെ വിഷയം, സ്റ്റാര്‍ട്ടപ്പുകള്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രോഗ്രാമുകള്‍ എന്നിവയെപ്പറ്റിയായിരുന്നു.

സയ്യിദ് സവാദ്

അഞ്ചാമതായി സെഷന്‍ കൈകാര്യം ചെയ്ത അശ്വല്‍ പുത്രന്‍ (പ്രോഗ്രാം മാനേജര്‍, ഐ ഐ എം കെ – ലൈവ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കോഴിക്കോടു്) ഐ ഐ എം കെ ലൈവിനെപ്പറ്റിയും ഇന്നോവേഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു് ഐ ഐ എം കെ ലൈവ് വഴിയുള്ള സഹായത്തെപ്പറ്റിയുമാണു് ക്ലാസ്സെടുത്തതു്.

അശ്വല്‍ പുത്രന്‍

തുടര്‍ന്നു് ഉച്ചഭക്ഷണത്തിനു പിരിഞ്ഞു.

ഉച്ചയ്ക്കു ശേഷമുള്ള ചില സെഷനുകള്‍ ക്ലാസ്സെടുക്കുന്ന ഫാക്കല്‍ട്ടികളുടെ സൌകര്യാര്‍ത്ഥം പരസ്പരം മാറ്റിയിരുന്നു.

ഒമ്പതാമതായി വരേണ്ടിയിരുന്ന പ്രേംലാല്‍ കേശവന്‍ (ഡയറക്‍ടര്‍, കനറാ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോഴിക്കോടു്) ആണു് അടുത്തതായി ക്ലാസ്സ് നയിച്ചതു്. എന്താണു് ആര്‍സെറ്റി അഥവാ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, എന്താണു് ആര്‍സെറ്റിയില്‍നിന്നും ലഭിക്കുക, ആര്‍സെറ്റിയുടെ സവിശേഷതകള്‍‍ എന്നിവയെപ്പറ്റിയാണു് അദ്ദേഹം സംസാരിച്ചതു്.

പ്രേംലാല്‍ കേശവന്‍

തുടര്‍ന്നു് എട്ടാമതായി വരേണ്ടിയിരുന്ന മിഥുന്‍ ആനന്ദ് വി. എസ്. (ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, കൊടുവള്ളി ബ്ലോക്ക്) സംസാരിച്ചതു് ഒരു സംരംഭ യൂണിറ്റ് എങ്ങനെ സെറ്റപ്പ് ചെയ്യാം, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സ്കീമുകള്‍ എന്ന വിഷയത്തെപ്പറ്റിയാണു്.

മിഥുന്‍ ആനന്ദ് വി. എസ്.

ഇതിനു ശേഷം ആറാമതായി വരേണ്ടിയിരുന്ന താമരശ്ശേരിക്കാരന്‍ തന്നെയായ അബ്ദുള്‍ അസീസ് സി. പി. (പരമ്പരാഗത വ്യവസായങ്ങള്‍ വര്‍ക്കിങ് ഗ്രൂപ്പ് അംഗം, സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ്) ഒരു വിജയസാദ്ധ്യതയുള്ള പദ്ധതി പ്രൊജക്‍റ്റ് പ്രൊപ്പോസല്‍ തയ്യാറാക്കുന്നതെങ്ങനെ എന്ന വിഷയം കൈകാര്യം ചെയ്തു.

അബ്ദുള്‍ അസീസ് സി. പി.

ഈ സെഷനു ശേഷം ബഹു. എം എല്‍ എ ഡോ. എം. കെ. മുനീര്‍ ഉദ്ഘാടനത്തിനായി എത്തിച്ചേരുകയും ഉദ്ഘാടനച്ചടങ്ങും ലോഗോ പ്രകാശനവും നിര്‍വ്വഹിക്കുകയും ചെയ്തു.

ബഹു. എം എല്‍ എ ഡോ. എം. കെ. മുനീര്‍
ബഹു. എം എല്‍ എ ഡോ. എം. കെ. മുനീര്‍
ലോഗോ പ്രകാശനം
സദസ്സ്
വേദിയില്‍

തുടര്‍ന്നു് ഏഴാമതായി പട്ടികയില്‍പ്പെടുത്തിയ സെഷന്‍ കൊടുവള്ളി ബ്ലോക്കിന്റെ ഫിനാന്‍ഷ്യല്‍ ലിറ്ററസി കൌണ്‍സലര്‍ കൂടിയായ സൌത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥ അയോണ ജോര്‍ജ്ജ്, സംരംഭങ്ങള്‍ക്കു് ബാങ്ക് വായ്പകള്‍, ധനസഹായം എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു.

അയോണ ജോര്‍ജ്ജ്

ഏറ്റവും അവസാനത്തേതും പത്താമത്തേതുമായ സെഷന്‍ കൈകാര്യം ചെയ്ത ജോണ്‍ ജോണ്‍ പാറയ്ക്ക‍ (ജനറല്‍ മാനേജര്‍ (ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഓണ്‍ ഡപ്യൂട്ടേഷന്‍), കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡവലപ്പ്‍മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്)കെ എസ് എം ഡി എഫ് സിയുടെ ലോണ്‍ സ്കീമുകളെപ്പറ്റി സംസാരിച്ചു.

ജോണ്‍ ജോണ്‍ പാറയ്ക്ക‍

ജൂനിയര്‍ സൂപ്രണ്ട് എം ശശികുമാര്‍ ഈ സെമിനാറിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന വാഗ്ദാനം നല്‍കുകയും നന്ദി പ്രകാശനത്തോടെ സെമിനാര്‍ അവസാനിച്ചതായി അറിയിക്കുകയും ചെയ്തു.

ഫോട്ടോകള്‍ – 1. ജയ്സെന്‍ നെടുമ്പാല (സെക്രട്ടറി), 2. ബാലന്‍ പി. കെ. (എഫ്. ടി. എസ്‌.)

ഈ പരിപാടിക്കായി തയ്യാറാക്കിയ കത്തുകളും ഫോമുകളും