ഡെബിയന്‍ സ്ട്രെച്ചില്‍ നിന്നും ബസ്റ്ററിലേക്കു്

ഞാന്‍ എന്റെ ലാപ്പ്ടോപ്പില്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം ഡെബിയന്‍ ഗ്നൂ/ലിനക്സ് എന്ന ഡിസ്ട്രിബ്യൂഷനാണെന്നു് മുമ്പൊരിക്കല്‍ എഴുതിയിരുന്നല്ലോ. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന 2002-2006 കാലത്തു് 3.1 “സാര്‍ജ്” വേര്‍ഷന്‍ മുതലാണു് ഞാന്‍ ഡെബിയന്‍ ഡിസ്ട്രിബ്യൂഷന്‍ പരിചയപ്പെടുന്നതു്. അക്കാലത്താണു് ഹുസൈന്‍ മാഷുടെ “രചന” ആസ്കീ ഫോണ്ട് ഉപയോഗപ്പെടുത്തി അലക്സ് എ ജെ എന്ന ഡവലപ്പര്‍ ലാടെക്കിന്റെ മലയാളം എക്സ്റ്റെന്‍ഷന്‍ പുറത്തിറക്കിയിരുന്നതു് ശ്രദ്ധയില്‍പ്പെട്ടതു്. മലയാളം സമഗ്ര ലിപിയുടെ ആരാധകനായ ഞാന്‍ അതു് ആവേശത്തോടെ ഡെബിയന്‍ സാര്‍ജില്‍ ഇന്‍സ്റ്റാള്‍ ചെയ്തു് പഞ്ചായത്താഫീസിലേക്കുള്ള ചില ഫോറങ്ങള്‍ (forms‍) ലാടെക്കില്‍ ടൈപ്പ്സെറ്റ് ചെയ്തു് ഉപയോഗപ്പെടുത്തുകയുണ്ടായി. എന്റെ അന്നത്തെ പരിമിതമായ അറിവു വച്ചു് അന്നു തയ്യാറാക്കിയ ഫോറങ്ങളില്‍ രണ്ടെണ്ണം സാമ്പിളിനു് താഴെ കണ്ണികളില്‍ ചേര്‍ക്കുന്നു:

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും നികുതിജമയും മാറ്റുന്നതിനുള്ള അപേക്ഷ

ബി പി എല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ

ഈ സമഗ്ര ലിപിയിലെ ഫോമുകള്‍ കണ്ടു് അന്നു് പഞ്ചായത്താപ്പീസിലേക്കുള്ള ഫോമുകള്‍ അച്ചടിച്ചിരുന്ന ഡിടിപിക്കാര്‍ ചിലര്‍ (അവര്‍ക്കു് പിടിയിലൊതുങ്ങാതിരുന്ന) ഇതെങ്ങനെ സാധിച്ചെടുത്തുവെന്നു് കൌതുകത്തോടെ ചോദിച്ചതു് ഓര്‍ത്തു പോവുകയാണു്.

എങ്കിലും ഡെബിയനോടു് പ്രണയം തോന്നിത്തുടങ്ങിയതു് 4.0 “എച്ച്” വേര്‍ഷനോടെയാണു്. അന്നു് പഞ്ചായത്തില്‍ നിന്നും പഠനാവശ്യത്തിനുള്ള ശൂന്യവേതവനാവധിയില്‍ പ്രവേശിച്ചു് എം ജി യൂണിവേഴ്സിറ്റിയില്‍ 2006-2008 ബാച്ചില്‍ പരിസ്ഥിതി ശാസ്ത്രവും മാനേജ്‌മെന്റും എം എസ് സിക്കു് പഠിക്കുമ്പോള്‍ അവിടെ നടന്ന ഒരു മലയാള ഭാഷാ സെമിനാറിനു് കണ്ടു പരിചയപ്പെട്ടതാണു് വിമല്‍ ജോസഫിനെ. വിമലിന്റെ കയ്യില്‍ ഒരമൂല്യ വസ്തുവുണ്ടായിരുന്നു – യൂണിക്കോഡ് മലയാളം പിന്തുണയോടെ റീമാസ്റ്റര്‍ ചെയ്ത ഡെബിയന്‍ “എച്ച്”ന്റെ സിഡി – ഐ എസ് ഒ ഇമേജ്. അതു് ഞാന്‍ യു എസ് ബി പെന്‍ ഡ്രൈവില്‍ കോപ്പി ചെയ്തു വാങ്ങി. അന്നെനിക്കു് സ്വന്തമായി കമ്പ്യൂട്ടറോ ലാപ്പ്ടോപ്പോ ഒന്നുമില്ല. എന്നാലും ആവേശത്തോടെ സംഭവം കൊണ്ടു പോയി യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ ബയോടെക്‍നോളജി ലാബിലെ കമ്പ്യൂട്ടറില്‍ സ്ഥാപിക്കാന്‍ അവിടെത്തെ റിസര്‍ച്ച് സ്കോളറായിരുന്ന രാകേഷിനോടു് അനുവാദം വാങ്ങി. അതില്‍ ആദ്യമേയുണ്ടായിരുന്ന വിന്‍ഡോസിനും അതിലെ പുള്ളിയുടെ ഇതര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ക്കും തകരാറൊന്നും പറ്റരുതെന്നായിരുന്നു നിബന്ധന. എല്ലാം സമ്മതിച്ചു് ഐ എസ് ഒ ഇമേജ് സി ഡിയിലേക്കു് റൈറ്റ് ചെയ്തു് കമ്പ്യൂട്ടറിലിട്ട് ഇന്‍സ്റ്റാളര്‍ പ്രവര്‍ത്തിപ്പിച്ചു. മലയാളത്തില്‍ത്തന്നെ ലോക്കലൈസ് ചെയ്ത ഇന്‍സ്റ്റാളര്‍ കണ്ടു് ഞാന്‍ അത്ഭുതപ്പെട്ടു. ഇതൊക്കെ സാധിക്കുമല്ലേയെന്നു് ഒട്ടൊരു കൌതുകത്തോടെ മനസ്സിലാക്കി. അങ്ങനെ സംഗതി ആ കമ്പ്യൂട്ടറില്‍‍ വിന്‍ഡോസിനൊപ്പം ഡ്യുവല്‍ ബൂട്ടായി സ്ഥാപിച്ചു.‍ അന്നു് പാഠ്യപദ്ധതിയുടെ ഭാഗമായിരുന്ന ഫുള്‍ സെമസ്റ്റര്‍ പ്രൊജക്ട്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ജി ഐ എസില്‍ തന്നെ ചെയ്യണമെന്നു് വാശികേറി നില്ക്കുന്ന സമയമാണു്. അതുകൊണ്ടു് ഡെബിയനില്‍ പ്രവര്‍ത്തിക്കുന്ന ജി ഐ എസ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ തപ്പിപ്പിടിച്ചു് ചെന്നു്, ഗ്രാസ്സ് ജി ഐ എസിന്റേയും മറ്റും ഏറ്റവും പുതിയ വേര്‍ഷന്‍ സോഴ്സ് കോഡ് ഡൌണ്‍ലോഡ് ചെയ്തു് കമ്പൈല്‍ ചെയ്തു് അതില്‍ സ്ഥാപിച്ചു. അന്നു് തിരുവനന്തപുരത്തെ സ്പേസില്‍ ജോലി ചെയ്തിരുന്ന വിമല്‍ തന്നെയാണു്, അന്നു കെല്‍ട്രോണില്‍ ജോലി ചെയ്തിരുന്ന ഗ്രാസ് ജി ഐ എസ് പുലിയായ സജിത്തിനെ പരിചയപ്പെടുത്തിത്തരുന്നതു്…

അങ്ങനെ 2008ല്‍ ഗ്രാസ്സില്‍ അടിസ്ഥാന പരിജ്ഞാനവും കൊണ്ടു് പ്രൊജക്ട് ചെയ്യാന്‍ ഐ ഐ എസ് സിയിലേക്കു പോയി അവിടെ വച്ചു് വിമല്‍ എനിക്കു തന്ന റീമാസ്റ്റര്‍ ചെയ്ത ഡെബിയന്‍ “എച്ച്” ഉപയോഗിച്ചു തന്നെ പ്രൊജക്ട് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. ഈ പ്രവര്‍ത്തനത്തിനിടയിലാണു് ഞാന്‍ മലയാളം കമ്പ്യൂട്ടിങ് മേഖലയിലെ പുലികള്‍ മിക്കവരെയും പരിചയപ്പെടുന്നതു്… അവരുടെയൊക്കെ സഹായത്തോടെയാണു് ആ പ്രൊജക്ട് പൂര്‍ത്തിയാക്കുന്നതും. അന്നു് പ്രൊജക്ട് ഗൈഡായിരുന്ന ഡോ. ടി വി രാമചന്ദ്ര സാറിനെ, പ്രൊജക്ടിനു വേണ്ടി എഴുതിയ പ്രോഗ്രാമിന്റെ സോഴ്സ് കോഡ് കാണിച്ചപ്പോള്‍ അതില്‍ സമൃദ്ധമായുണ്ടായിരുന്ന യൂണിക്കോഡ് മലയാളം ടെക്‍സ്റ്റ് കണ്ടു് എന്നോടു് “You keyed in YOUR language..!” എന്നു് അത്ഭുതത്തോടെ പറഞ്ഞതു് ഇന്നുമോര്‍ക്കുന്നു.

പ്രൊജക്ടും എം എസ് സിയും ഒക്കെ കഴിഞ്ഞെങ്കിലും, ഡെബിയനെ പിരിയാന്‍ തോന്നിയില്ല. 2009ല്‍ ആദ്യമായി ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ ഡെബിയന്‍ 5.0 “ലെന്നി” ആയിരുന്നു സ്ഥിരതയുള്ള വേര്‍ഷന്‍. പ്രീലോഡഡായി വന്നിരുന്ന വിന്‍ഡോസ് കളഞ്ഞു് ഡെബിയന്‍ “ലെന്നി” തന്നെ ലാപ്പ്ടോപ്പില്‍ സ്ഥാപിച്ചു. അതു കഴിഞ്ഞു് 2011ല്‍ 6.0 “സ്ക്യൂസ്” പിന്നെ 2013ല്‍ 7 “വീസി”, തുടര്‍ന്നു് 2015ല്‍ 8 “ജെസ്സി” പതിപ്പു വരെ ആ ലാപ്‌ടോപ്പില്‍ ഉപയോഗിച്ചു. പിന്നീടു് പുതിയ ലാപ്‌ടോപ്പ് വാങ്ങിയപ്പോള്‍ അതില്‍ ഉബുണ്ടുവായിരുന്നു പ്രീലോഡഡായി ഉണ്ടായിരുന്നതു്. അതിനെ കളഞ്ഞു് ഡെബിയന്‍ “ജെസ്സി” തന്നെ അതില്‍ സ്ഥാപിച്ചു. തുടര്‍ന്നു് 2017മുതല്‍‍ 9 “സ്ട്രെച്ച്” ആയിരുന്നു ലാപ്‌ടോപ്പില്‍. ഡെബിയനിലേക്കു് മാറിയ ശേഷം ഒരിക്കല്‍പ്പോലും മറ്റേതെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കു മാറണമെന്നു തോന്നിയിട്ടില്ല. വൈറസ് പ്രശ്നം ഇല്ലേയില്ല. എന്റെ വ്യക്തിഗത ആവശ്യങ്ങള്‍ക്കു് ഇതു് അത്രയും പെര്‍ഫെക്ടുമാണു്.

ഇക്കഴിഞ്ഞ 2019ജൂലൈ 6 നു് ഇതിന്റെ പുതിയ സ്ഥിരതയുള്ള‍ വേര്‍ഷന്‍ 10 “ബസ്റ്റര്‍”‍ റിലീസായി. മുമ്പെല്ലാം ഇതിന്റെ പുതിയ പുതിയ വേര്‍ഷനുകളിറങ്ങുമ്പോള്‍ ചെയ്യാറുള്ളതു പോലെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ എന്റെ ലാപ്പ്‌ടോപ്പും ഡിസ്റ്റ്-അപ്ഗ്രേഡ് ചെയ്തു ഈ പുതിയ വേര്‍ഷനിലേക്കു് മാറ്റണമെന്നുണ്ടായിരുന്നു (ഡിസ്റ്റ്-അപ്ഗ്രേഡെന്നാല്‍ ലാപ്പ്‌ടോപ്പിലെ / കമ്പ്യൂട്ടറിലെ ഓപ്പറേറ്റിങ് സിസ്റ്റം മാത്രമല്ല, അതിലുള്ള എല്ലാ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളും ഒന്നിച്ചു് പുതിയ വേര്‍ഷനിലേക്കു് അപ്ഗ്രേഡ് ചെയ്യുന്ന പ്രക്രിയയാണു്. ഓരോ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമും വെവ്വേറെ ഇന്‍സ്റ്റാള്‍ ചെയ്തു് കുഴങ്ങേണ്ട ആവശ്യമില്ല). പക്ഷേ, ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍നിന്നുള്ള എന്റെ സ്ഥലം മാറ്റവും, കൊടിയത്തൂരിലെ ചാര്‍ജ്ജെടുക്കലും, തുടര്‍ന്നു വന്ന വെള്ളപ്പൊക്കവും മറ്റും കാരണം അതു നീണ്ടു പോയി. കഴിഞ്ഞ രണ്ടു ദിവസം അടുപ്പിച്ചു കിട്ടിയപ്പോള്‍ അതങ്ങു ചെയ്തു. ഇപ്പോഴിതു ടൈപ്പു ചെയ്യുന്നതു് പുതുതായി റിലീസായ ഡെബിയന്‍ ബസ്റ്റര്‍ ഉപയോഗിച്ചാണു്.‍

ഇതിനായി അനുവര്‍ത്തിച്ച നടപടികള്‍

ആദ്യമേ തന്നെ രണ്ടു ട്യൂട്ടോറിയലുകള്‍ എടുത്തു ഓഫ്‌ലൈനായി സേവ് ചെയ്തു വച്ചു.

https://linuxconfig.org/how-to-upgrade-debian-9-stretch-to-debian-10-buster

https://linuxize.com/post/how-to-upgrade-debian-9-stretch-to-debian-10-buster/

ഇവയിലെ നിര്‍ദ്ദേശങ്ങളനുസരിച്ചാണു് കാര്യങ്ങള്‍ നീക്കിയതു്. ആദ്യമേ താഴെപ്പറയുന്ന കമാന്‍ഡ് പ്രവര്‍ത്തിപ്പിച്ചു.

# aptitude search ‘~i(!~ODebian)’

സ്റ്റാന്‍ഡേര്‍ഡ് റെപ്പോസിറ്ററിയിലില്ലാത്ത പാക്കേജുകള്‍ ലിസ്റ്റ് ചെയ്തു. പ്രശ്നമുണ്ടാകാന്‍ സാദ്ധ്യതയുള്ളവ ഒന്നുമില്ലെന്നു് ഉറപ്പാക്കി. തുടര്‍ന്നു് ലാപ്പ്‌ടോപ്പില്‍ നിലവിലുള്ള വേര്‍ഷന്റെ റെപ്പോസിറ്ററിയിലുള്ള പാക്കേജുകള്‍ താഴെപ്പറയുന്ന കമാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിച്ചു് അപ്ഗ്രേഡ് ചെയ്തു.

# apt-get update
# apt-get upgrade

തുടര്‍ന്നു് താഴെപ്പറയുന്ന കമാന്‍ഡ് പ്രവര്‍ത്തിപ്പിച്ചു് ഹോള്‍ഡ് ചെയ്തു വച്ച പാക്കേജുകള്‍ എന്തെങ്കിലുമുണ്ടോയെന്നു് നോക്കി.

# apt-mark showhold

അങ്ങിനെയുള്ളവയൊന്നും കണ്ടില്ല. പിന്നെ താഴെകൊടുത്ത കമാന്‍ഡ് ഉപയോഗിച്ചു് ഭാഗികമായോ മിസ്സിങ് ആയതോ, കാലഹരണപ്പെട്ടതോ ആയ പാക്കേജുകള്‍ ഉണ്ടോയെന്നു് നോക്കി.

# dpkg -C

അങ്ങനെയുള്ളവയൊന്നുമില്ലെന്നു കണ്ടതോടെ താഴെക്കൊടുത്ത കമാന്‍ഡ് പ്രവര്‍ത്തിപ്പിച്ചു:

# apt full-upgrade

അതു കഴിഞ്ഞു് ഇതും:

# apt-get dist-upgrade

Do you want to continue? [Y/n]

എന്ന ചോദ്യത്തിനു് Y എന്നു മറുപടി കൊടുത്തു. അതിന്റെ പണി തീര്‍ന്ന‍പ്പോള്‍ താഴെപ്പറയുന്ന കമാന്‍ഡു‍ കൂടി കൊടുത്തു:

# apt autoremove

മറ്റു പാക്കേജുകളുടെ കൂടെ വന്നതും തല്ക്കാലം ആവശ്യമില്ലാത്തവയുമായ പാക്കേജുകള്‍ ഇങ്ങനെ നീക്കം ചെയ്തു.
എന്നിട്ടു് താഴെപ്പറയുന്ന കമാന്‍ഡ് പ്രവര്‍ത്തിപ്പിച്ചു് sources.list ഫയലിന്റെ ബാക്കപ്പ് വേറെയെടുത്തു് സൂക്ഷിച്ചു.

#cd /etc/apt/
#cp sources.list sources.list.bak

എന്നിട്ടു് ഒറിജിനല്‍ /etc/apt/sources.list ഫയല്‍ nano ഉപയോഗിച്ചു തുറന്നു് ഡെബിയന്‍ സ്ട്രെച്ചിന്റെ സോഴ്സുകള്‍ നീക്കം ചെയ്തു് ഡെബിയന്‍ ബസ്റ്ററിന്റെ സോഴ്സുകള്‍ താഴെക്കൊടുത്ത പ്രകാരം ചേര്‍ത്തു:


deb http://ftp.uk.debian.org/debian/ buster main contrib non-free
deb-src http://ftp.uk.debian.org/debian/ buster main contrib non-free

deb http://ftp.uk.debian.org/debian/ buster-updates main contrib non-free
deb-src http://ftp.uk.debian.org/debian/ buster-updates main contrib non-free

deb http://security.debian.org/ buster/updates main contrib non-free
deb-src http://security.debian.org/ buster/updates main contrib non-free

# Backports repository
deb http://httpredir.debian.org/debian buster-backports main contrib non-free
deb http://ftp.debian.org/debian buster-backports main contrib non-free
deb http://http.debian.net/debian buster-backports main


എന്നിട്ടു് താഴെ കൊടുത്ത കമാന്‍‍ഡ് പ്രവര്‍ത്തിപ്പിച്ചു:

# apt update

ഡെബിയന്‍ ബസ്റ്ററിന്റെ സോഴ്സുകള്‍ അങ്ങനെ എന്റെ ലാപ്‌ടോപ്പിലെത്തി. പക്ഷേ അവസാനം ഒന്നു രണ്ടു എററുകള്‍ കണ്ടപ്പോള്‍, ഒന്നു കൂടി ഈ കമാന്‍ഡു തന്നെ പ്രവര്‍ത്തിപ്പിച്ചു നോക്കി. ഈ പ്രാവശ്യം എറര്‍ കണ്ടില്ല.
തുടര്‍‍ന്നു് താഴെ ചേര്‍ത്ത കമാന്‍ഡ് കൊടുത്തു:

# apt list –upgradable

അപ്ഗ്രേഡ് ചെയ്താല്‍ എന്റെ ലാപ്പ്‌ടോപ്പില്‍ നടക്കാന്‍ പോവുന്ന കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് കിട്ടി. എല്ലാം നോക്കി അവസാനം (press q to quit) എന്നു കണ്ടപ്പോള്‍ qഎന്നു കൊടുത്തു് പുറത്തു കടന്നു. തുടര്‍ന്നു് താഴെ ചേര്‍ത്ത കമാന്‍ഡ്‍ കൊടുത്തു:

# apt-get upgrade

അതിനു ശേഷം ഇതും:

# apt-get dist-upgrade‍

അങ്ങനെ ഡെബിയന്‍ പുതിയ വേര്‍ഷനിലേക്കു് അപ്ഗ്രേഡ് ചെയ്യാന്‍ തുടങ്ങി. ഞാന്‍ കാത്തിരിപ്പുായി. ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നില്ല: എല്ലാ പരിപാടിയും guiയില്‍ ആയിരുന്നു ചെയ്തു കൊണ്ടിരുന്നതു്. അതൊരു മോശം തീരുമാനമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോ സിസ്റ്റം ഹാങ്ങായി. ഒരനക്കവും കാണാതായപ്പോള്‍ റീബൂട്ട് ചെയ്തു നോക്കി. പ്രോംപ്റ്റ് വരുന്നില്ല. പണി പാളി, കുടുങ്ങിയോയെന്നു മനസ്സില്‍ തോന്നി. എനിക്കറിയാവുന്ന ഡെബിയന്‍ ഡവലപ്പര്‍മാരിലൊരാളായ പ്രവീണ്‍ അരിമ്പ്രത്തൊടിയിലിനെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. തുടര്‍ന്നു ചെയ്യേണ്ട കാര്യങ്ങള്‍ പ്രവീണ്‍ പറഞ്ഞതനുസരിച്ചു് ചെയ്തു. Reboot ചെയ്തു് GRUB ലോഡായപ്പോള്‍ ബൂട്ടിങ് ഓപ്ഷനുകളിലെ‍ Advanced options for Debian GNU/Linux എന്നതു സെലക്ട് ചെയ്തു. പ്രോംപ്റ്റ് കിട്ടി. എന്നിട്ടു് താഴെക്കൊടുത്ത പ്രകാരം കാമാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിച്ചു:

# dpkg –configure -a
# apt dist-upgrade
# apt -f installed

അങ്ങനെ പരിഹാര ക്രിയകളൊക്കെ ചെയ്തു് വീണ്ടും താഴെക്കൊടുത്ത കമാന്‍ഡുകള്‍ തന്നെ പ്രവര്‍ത്തിപ്പിച്ചു:

# dist-upgrade
# apt-get update
# apt-get upgrade
# apt autoremove

 

ഇത്തവണ എററുകളൊന്നുമില്ലാതെ എല്ലാം നടന്നു. അങ്ങനെ എന്റെ ലാപ്പ്ടോപ്പിലെ ഡെബിയന്‍ അപ്ഗ്രേഡ് ചെയ്യല്‍ പൂര്‍ത്തിയായി. റീബൂട്ട് ചെയ്തപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ ബൂട്ട് ചെയ്തു.

ക്യുജിഐഎസ് സ്ഥാപിച്ച വിധം

എന്റെ ഒഴിവുസമയ വിനോദങ്ങളില്‍ പ്രധാനപ്പെട്ടൊരു ഐറ്റം റിമോട്ട് സെന്‍സിങ് / ജി ഐ എസ് പരീക്ഷണ പരിപാടികളാണു്. അതിനായി വേണ്ട ഗ്രാസ്സ് ജി ഐ എസ്, ക്യു ജി ഐ എസ് തുടങ്ങിയവയുടെ ലേറ്റസ്റ്റ് വേര്‍ഷനുകള്‍ സ്ഥാപിക്കാനുള്ള ശ്രമമായി. (ഡെബിയന്‍ ബസ്റ്ററിന്റെ ഒഫീഷ്യല്‍ റെപ്പോസിറ്ററിയില്‍ ഗ്രാസ്സും ക്യു ജി ഐ എസ്സുമെല്ലാമുണ്ടെങ്കിലും ക്യു ജി ഐ എസ് പഴയതാണെന്ന പ്രശ്നമുണ്ടു് -വേര്‍ഷന്‍ 2.18. ഇപ്പോഴത്തേതിന്റെ വേര്‍ഷന്‍ 3.8ആണു്). ഇതിനു വേണ്ടി etc/apt/sources.list ഫയലില്‍ ഡെബിയന്‍ സ്ട്രെച്ചിലെ ക്യു ജി ഐ എസ്സിന്റെ സോഴ്സുകള്‍ കമെന്റ് ചെയ്തു വച്ചിരുന്നതു് നീക്കം ചെയ്തു് ഡെബിയന്‍ ബസ്റ്ററിന്റെ സോഴ്സുകള്‍ താഴെക്കൊടുത്ത പ്രകാരം ചേര്‍ത്തു:


deb http://qgis.org/debian/ buster main
deb-src http://qgis.org/debian/ buster main


എന്നിട്ടു് താഴെപ്പറയുന്ന കമാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിച്ചു:

# apt-get update
# apt-get install qgis qgis-plugin-grass

ഇന്‍സ്റ്റാളായതു പഴയ വേര്‍ഷന്‍ തന്നെ. കൂടാതെ കീ സെര്‍വര്‍ എററുകളും‍ കണ്ടു. എന്തു പറ്റിയാവോ. വീണ്ടും ക്യു ജി ഐ എസിന്റെ വെബ്ബ്സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ വായിച്ചു നോക്കി. എന്നിട്ടു് താഴെപ്പറയുന്ന കമാന്‍ഡുകള്‍ കൊടുത്തു:

# wget -O – https://qgis.org/downloads/qgis-2019.gpg.key | gpg –import
# gpg –fingerprint 51F523511C7028C3

അപ്പോള്‍ താഴെപ്പറയുന്ന ഔട്ട്പുട്ട് കിട്ടി:


pub rsa4096 2019-08-08 [SCEA] [expires: 2020-08-08]
8D5A 5B20 3548 E500 4487 DD19 51F5 2351 1C70 28C3
uid [ unknown] QGIS Archive Automatic Signing Key (2019) <qgis-developer@lists.osgeo.org>


തുടര്‍ന്നു് താഴെപ്പറയുന്ന കമാന്‍ഡുകള്‍ കൂടി കൊടുത്തു:

# gpg –export –armor 51F523511C7028C3 | sudo apt-key add –
# apt-key adv –keyserver keyserver.ubuntu.com –recv-key 51F523511C7028C3

ഇത്തവണ എററുകളൊന്നും കണ്ടില്ല.
വീണ്ടും താഴെക്കൊടുത്ത കമാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിച്ചു:

# apt-get update
# apt-get install qgis qgis-plugin-grass

കമാന്‍ഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞപ്പോള്‍ ക്യു ജി ഐ എസ് മെനുവില്‍ നിന്നു് എടുത്തു.‍ പുതിയ വേര്‍ഷന്‍ ക്യു ജി ഐ എസ് തന്നെ കിട്ടി. അങ്ങനെ അപ്ഗ്രേഡിങ് പരിപാടികള്‍ ശുഭപര്യവസായിയായി അവസാനിച്ചു.

 

 

 

ഹാപ്പി ഹാക്കിങ്…!

അവലംബം:

[1]https://www.debian.org/

[2]https://en.wikipedia.org/wiki/Debian

[3]https://linuxconfig.org/how-to-upgrade-debian-9-stretch-to-debian-10-buster

[4]https://linuxize.com/post/how-to-upgrade-debian-9-stretch-to-debian-10-buster/

[5]https://qgis.org/en/site/forusers/alldownloads.html#debian-ubuntu