“ഹരിതം സുന്ദരം താമരശ്ശേരി” – ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതി – ‌പിന്നിട്ട നാള്‍വഴികളും, പുതു സംരംഭവും.

(12/07/2021നു് ബഹു. കൊടുവള്ളി എം. എല്‍. എ. ഡോ: എം. കെ. മുനീര്‍ താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. അതിനോടനുബന്ധിച്ചു് തയ്യാറാക്കി അവതരിപ്പിച്ച റിപ്പോര്‍ട്ട്)

മുന്നുര

കോഴിക്കോടു് ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായ താമരശ്ശേരിയും അനുബന്ധ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണു് താമരശ്ശേരി ഗ്രാമപഞ്ചായത്ത്. 1988ല്‍ ഇറങ്ങിയ “വെള്ളാനകളുടെ നാടു്” എന്ന സിനിമയിലെ, “ങ്ങളറീലേ താമരശ്ശേരി ചൊരം..” എന്നു തുടങ്ങുന്ന അതിപ്രശസ്തമായ ഡയലോഗിലൂടെ യശഃശരീരനായ സിനിമാനടന്‍ കുതിരവട്ടം പപ്പു അനശ്വരമാക്കിയ പേരാണു് താമരശ്ശേരിയുടേതു്.

വെള്ളാനകളുടെ നാടു് – സിനിമയിലെ രംഗം

പൊതു വിവരങ്ങളും ശുചിത്വ സംവിധാനവും

പൂനൂര്‍ പുഴയും ഇരുതുള്ളിപ്പുഴയും അതിരിടുന്ന ഈ ഗ്രാമപഞ്ചായത്ത് കോഴിക്കോടു് ലോക്‍സഭാ മണ്ഡലത്തിലും കൊടുവള്ളി നിയമസഭാ നിയോജക മണ്ഡലത്തിലും, താമരശ്ശേരി താലൂക്കിലും, കൊടുവള്ളി ബ്ലോക്കിലും ഉള്‍പ്പെടുന്നു. രാരോത്തു്, കെടവൂര്‍ എന്നീ രണ്ടു റവന്യൂ വില്ലേജുകളും ഭാഗികമായി ഈ ഗ്രാമപഞ്ചായത്തിലുള്‍ക്കൊള്ളുന്നു. 27.17 ച. കി. മീ. വിസ്തീര്‍ണ്ണമുള്ള ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകളുണ്ടു്. 2011ലെ കാനേഷുമാരി പ്രകാരം ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 35,706 ആണു്. സഞ്ചയ ഡാറ്റാബേസ് പ്രകാരം ഗാര്‍ഹികാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ 11,764 (പതിനൊന്നായിരത്തി എഴുനൂറ്റി അറുപത്തി നാലു്) എണ്ണവും, വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ 6,117 (ആറായിരത്തി ഒരുനൂറ്റിപ്പതിനേഴു്) എണ്ണവുമാണു് ഇവിടെ നിലവിലുള്ളതു്.

ഗ്രാമപഞ്ചായത്തിന്റെ ഭൂപടം

ഈ ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്കരണം, ശുചിത്വം‍ എന്നീ മേഖലയിലെ സ്ഥിരം ജീവനക്കാരായി ഫുള്‍ടൈം സ്വീപ്പര്‍മാര്‍ എട്ടു പേരും, അവരുടെ മേല്‍നോട്ടത്തിനും മറ്റു് അനുബന്ധ ചുമതലകള്‍ക്കുമായി ഒരു ഹെല്‍ത്ത് ഇന്‍സ്പെക്‍ടറും ആണു് നിലവിലുള്ളതു്, മേല്‍പ്പറഞ്ഞ എട്ടു് ഫുള്‍ടൈം സ്വീപ്പര്‍മാരില്‍ മൂന്നു് പോസ്റ്റുകളില്‍ മാത്രമേ നിലവില്‍ ജീവനക്കാരുള്ളൂ, ബാക്കി അഞ്ചു പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുകയാണു്. ആയതിനാല്‍ അങ്ങാടിയിലെ റോഡ്, മറ്റു പ്രധാന പരിസരങ്ങള്‍ എന്നിവിടങ്ങള്‍ മാലിന്യമുക്തമാക്കുന്നതിനായി അഞ്ചു പേരെ ദിവസവേതനത്തില്‍ പ്രവൃത്തിക്കെടുത്തിട്ടുണ്ടു്. അങ്ങാടിയിലെ മാലിന്യം നീക്കുന്നതിനായി ഗ്രാമപഞ്ചായത്തിനു് ഒരു ടിപ്പര്‍ ലോറിയും, അതിനു് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡ്രൈവറും നിലവിലുണ്ടു്. ഇപ്രകാരം ശേഖരിക്കുന്ന മാലിന്യം നിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചു വന്നിരുന്ന, പൂവറ എസ്റ്റേറ്റിലെ നാലര ഏക്ര വിസ്തീര്‍ണ്ണമുള്ള ഒരു ട്രഞ്ചിങ് ഗ്രൌണ്ടും ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടു്.

ഇതു കൂടാതെ, ബ്ലോക്ക് പഞ്ചായത്തിനു് കീഴിലുള്ള താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്‍ടറുടെ നേതൃത്വത്തിലുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്‍ടര്‍മാര്‍, ജൂനിയര്‍ പബ്ലിക്‍ ഹെല്‍ത്ത് നഴ്സുമാര്‍ എന്നിവര്‍ വാര്‍ഡുകളുടെ ശുചിത്വവും, പൊതുജനാരോഗ്യ ചുമതലയും അതാതു വാര്‍ഡ് മെമ്പര്‍മാരുടെ മേല്‍നോട്ടത്തില്‍ വാര്‍ഡ് തല ശുചിത്വ സമിതികളുടെ സഹായത്തോടെ നിര്‍വ്വഹിച്ചു വരുന്നു.

ഇതിനൊക്കെ പുറമേ, വീടുവീടാന്തരവും സ്ഥാപനങ്ങളില്‍ നിന്നും തരം തിരിച്ച മാലിന്യം ശേഖരിച്ചു സംസ്കരണത്തിനായക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത‍വര്‍ ഉള്‍ക്കൊള്ളുന്ന “ഹരിതകര്‍മ്മസേന” രൂപീകരിച്ചിട്ടുമുണ്ടു്.

ഈ സംവിധാനങ്ങളുണ്ടായിരുന്നിട്ടും, ഈ ഗ്രാമപഞ്ചായത്തില്‍ കീറാമുട്ടിയായി കിടന്നിരുന്ന പ്രശ്നമാണു് മാലിന്യ സംസ്കരണം. അതായതു് ഹരിതകര്‍മ്മ സേന വഴി വ്യവസ്ഥാപിതമായി മാലിന്യം ശേഖരിക്കുന്ന സംവിധാനം പ്രവര്‍ത്തനക്ഷമമല്ലാതിരുന്നതും, ശേഖരിച്ചു കൊണ്ടുവരുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാന്‍ മാര്‍ഗ്ഗമില്ലാതിരുന്നതും പരിഹരിക്കപ്പെടാതെ കിടന്നു. ശേഖരിച്ചു കൊണ്ടുവരുന്ന മാലിന്യം പൂവറ എസ്റ്റേറ്റിലെ ട്രഞ്ചിങ് ഗ്രൌണ്ടില്‍ കൊണ്ടു വന്നു് അശാസ്ത്രീയമായ രീതിയില്‍ കുഴിച്ചു മൂടുകയാണു് ചെയ്തു കൊണ്ടിരുന്നതു്.

വ്യാപാര-വ്യവസായ മേഖല

ഗ്രാമപഞ്ചായത്തിലെ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ കേരള പഞ്ചായത്ത് രാജ് നിയമങ്ങളും ചട്ടങ്ങളും പ്രകാരം ലൈസന്‍സിനു് അപേക്ഷിക്കുമ്പോള്‍ ആ അപേക്ഷാ ഫോറത്തിലെ ഒരു ചോദ്യം:

”19. ഉപയോഗശൂന്യമായ പദാര്‍ത്ഥങ്ങള്‍, ചപ്പുചവറുകള്‍, മറ്റു് മാലിന്യങ്ങള്‍ എന്നിവ ശരിയായി സംസ്കരിക്കുന്നതിനു് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും”
എന്നാണു്.

ഈ ചോദ്യത്തിനു്, അപ്രകാരമുള്ള സൌകര്യങ്ങള്‍ ഉണ്ടെന്നും, തങ്ങളുടെ സ്ഥാപനത്തില്‍ ഏര്‍പ്പെടുത്തിയ അങ്ങിനെത്തെ സൌകര്യങ്ങളുടെ വിവരങ്ങളും അപേക്ഷകരായ വ്യാപാരി-വ്യവസായികള്‍‍ എഴുതാറുണ്ടു്.

ആയതു പ്രകാരം അവര്‍ക്കു് ഗ്രാമപഞ്ചായത്തില്‍ നിന്നും നല്കുന്ന ലൈസന്‍സ്‍,


“6. ഓരോ പ്രവൃത്തി ദിവസത്തിന്റെയും ഒടുവില്‍ സ്ഥലം വൃത്തിയാക്കേണ്ടതാണു്.”

“7. ആ സ്ഥലത്തിന്റെയോ പരിസരത്തിന്റെയോ, ഏതെങ്കിലും ഭാഗത്തു് വീഴുകയോ നിക്ഷേപിക്കുകയോ ചെയ്യുന്ന ചപ്പുചവറോ, മൃഗങ്ങളുടെ അവശിഷ്ടങ്ങളോ മറ്റു പദാര്‍‍ത്ഥമോ ശേഖരിച്ചു്, സെക്രട്ടറിക്കു് തൃപ്തികരമായ രീതിയില്‍ നീക്കം ചെയ്യിക്കേണ്ടതാണു്.”

“8. ലൈസന്‍സി ഏതൊരു കെട്ടിടത്തിന്റെയും ചുവരുകളുടെ അകവശത്തിന്റെ ഏതൊരു ഭാഗവും മേല്‍പ്പറഞ്ഞ പരിസരത്തിലുള്ള തറയും നടപ്പാതയും അവിടെ തെറിച്ചു വീഴാനിടയുള്ള ഏതെങ്കിലും ദ്രാവകമോ, മാലിന്യമോ, ചപ്പുചവറോ, അസഹ്യവും ഉപദ്രവകരവുമായ ഏതെങ്കിലും പദാര്‍ത്ഥമോ അവിടെ ലയിക്കുന്നതു് തടയത്തക്ക വിധം എപ്പോഴും നന്നായി കേടുപാടു് തീര്‍ത്തു് നിലനിര്‍ത്തേണ്ടതാണു്.”

“9. ലൈസന്‍സി മേല്‍പ്പറഞ്ഞ സ്ഥലത്തോ, പരിസരത്തോ അതോടു ചേര്‍ന്നോ ഉള്ള ഏതൊരു ഓവുചാലും, അഴുക്കുജലം കളയുന്നതിനുള്ള ഉപകരണവും എപ്പോഴും നന്നായി കേടുപാടു തീര്‍ത്തു് നിലനിര്‍ത്തേണ്ടതാണു്”


എന്നീ വ്യവസ്ഥകളോടു കൂടിയാണു് അനുവദിക്കുന്നതു്. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നതു് ലൈസന്‍സ് റദ്ദു ചെയ്യപ്പെടുന്നതിനു കാരണമാകാവുന്നതാണെന്നതും ലൈസന്‍സിന്റെ ഒരു വ്യവസ്ഥയാണു്.

എങ്കിലും താമരശ്ശേരിയിലെ നല്ലൊരു ശതമാനം വരുന്ന വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും അപ്രകാരം ഒരു വ്യവസ്ഥാപിത മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം നിലവിലില്ല എന്നു നിരീക്ഷിക്കുകയുണ്ടായി. അങ്ങാടിയിലെ റോഡും പരിസരവും‍ അടിച്ചുവാരി വൃത്തിയാക്കാന്‍ വരുന്ന ജീവനക്കാരുടെ ശ്രദ്ധ മാറുമ്പോള്‍ പല വ്യാപാര-വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ചപ്പുചവറുകളും മറ്റു മാലിന്യങ്ങളും കവറുകളിലും ചാക്കുകളിലും കെട്ടി, റോഡരികില്‍ നിര്‍ത്തിയിട്ട ഗ്രാമപഞ്ചായത്തിന്റെ ടിപ്പര്‍ ലോറിയില്‍, ലൈസന്‍സ് വ്യവസ്ഥകള്‍ക്കു വിരുദ്ധമായി കൊണ്ടു തള്ളുന്നതു് ഒരു പതിവു കാഴ്ചയുമാണു്.

ഇരുളിന്റെ മറവിലെ നീക്കങ്ങള്‍, ‘എന്റെ പിന്നാമ്പുറത്തു വേണ്ട’ – പ്രതിഭാസം

കൂടാതെ അങ്ങാടിയിലെ പല സ്ഥലങ്ങളിലും, ഇരുളിന്റെ മറവില്‍ പല സ്ഥലങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ നിയമവിരുദ്ധമായി മാലിന്യം പ്ലാസ്റ്റിക്‍ കവറുകളില്‍ കെട്ടി നിക്ഷേപിക്കുന്നതും പതിവാണു്. ഇതു സ്ഥിരമായി നിരീക്ഷിക്കാന്‍ സംവിധാനമില്ലാത്തതിനാലും തെളിവുകളുടെ അഭാവത്തിലും‍ ഇത്തരക്കാര്‍‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണു് മിക്കപ്പോഴും ഉണ്ടായിട്ടുള്ളതു്. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ തെളിവുകള്‍ ലഭിച്ചപ്പോള്‍ ശിക്ഷാ നടപടിയെന്ന നിലയില്‍ ചട്ടപ്രകാരമുള്ള ഫൈന്‍ ചുമത്തി ഈടാക്കിയിരുന്നെങ്കിലും ആളുകളുടെ ഈ ദുഃശീലം നിര്‍ത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ദിനംപ്രതി അളവില്‍ കൂടിക്കൊണ്ടിരിക്കുന്ന ഇപ്രകാരമുള്ള മാലിന്യം അങ്ങാടിയില്‍ നിന്നും ദിവസവും രാവിലെ നീക്കം ചെയ്തു വൃത്തിയാക്കാന്‍ ഗ്രാമപഞ്ചായത്ത് നിര്‍ബ്ബന്ധിതവുമായിത്തീരുന്നു.

താമരശ്ശേരിയിലെ ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യമോ പാഴ്‌വസ്തുക്കളോ കെട്ടിക്കിടന്നാല്‍‍ NIMBY (Not In My Back Yard) അഥവാ “എന്റെ പിന്നാമ്പുറത്തു വേണ്ട” എന്ന പ്രതിഭാസം മൂലം ആ മാലിന്യം അവിടെ നിന്നും നീക്കം ചെയ്യുന്നതു വരെ രൂക്ഷമായ പ്രതികരണം പ്രദേശവാസികളില്‍ നിന്നും വരാറുണ്ടു്. എന്നാല്‍ ഇങ്ങനെ നീക്കം ചെയ്യുന്ന മാലിന്യം കൊണ്ടു പോയി നിക്ഷേപിക്കുന്ന പൂവറ എസ്റ്റേറ്റിലെ ട്രഞ്ചിങ് ഗ്രൌണ്ട്, ജനവാസ മേഖലകളില്‍ നിന്നും വളരെ അകലെയായതിനാല്‍ അവിടെ ഇത്തരം എതിര്‍പ്പുകള്‍ ജനങ്ങളില്‍ നിന്നും ഉണ്ടായിരുന്നതുമില്ല. അതുകൊണ്ടു തന്നെ‍, ഇപ്രകാരം അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്നതു് നാളിതുവരെ തുടരാന്‍ ഒരു കാരണമായി.

NIMBY (Not In My Back Yard)
(ചിത്രത്തിനു് കടപ്പാടു്: https://www.cseindia.org)

പാരിസ്ഥിതിക – നിയമ പ്രശ്നങ്ങളും പരിഹാരത്തിനുള്ള അന്വേഷണങ്ങളും‍

എന്നാല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ ജി ടി) ന്റെ സമീപകാല വിധികളും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (കെ എസ് പി സി ബി) യും, ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും നിര്‍ദ്ദേശങ്ങളും ഈ രീതിയില്‍ അശാസ്ത്രീയമായി മാലിന്യം കൈകാര്യ‍ം ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നവയല്ല. കൂടാതെ ഈ രീതി തുടര്‍ന്നാല്‍ ദീര്‍ഗ്ഘകാലാടിസ്ഥാനത്തില്‍ അതു് ഗ്രാമപഞ്ചായത്തിനെ വലിയ പാരിസ്ഥിതിക പ്രതിസന്ധികളിലേക്കു നയിക്കുകയും ചെയ്തേക്കാം. അതിനാല്‍ നിയമാനുസൃതവും കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ളതും വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണരീതിയിലേക്കു് മാറേണ്ടതു് ഗ്രാമപഞ്ചായത്തിന്റെ അടിയന്തിര ആവശ്യമായിരിക്കുകയാണു്.

ആയതിനാല്‍, മാലിന്യം ശേഖരിക്കുന്നതു തുടര്‍ന്നെങ്കിലും, കുഴിച്ചു മൂടുന്നതു നിര്‍ത്തി. ആയിടെ കോഴിക്കോടു വച്ചു നടന്ന മലിനീകരണ നിയന്ത്രണം സംബന്ധിച്ച ശില്പശാലയില്‍ വച്ചു് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ തല ഓഫീസിലെ എന്‍വയണ്‍മെന്റല്‍ എഞ്ചിനീയറെ നേരില്‍ കണ്ടു് വിവരങ്ങള്‍ അറിയിച്ചു് പരിഹാരനടപടികള്‍ എന്തെന്നു് അന്വേഷിച്ചെങ്കിലും, വിജയകരമായി നടപ്പാക്കാനാവുന്ന തരത്തിലുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിച്ചിരുന്നില്ല. ട്രഞ്ചിങ് ഗ്രൌണ്ടിലെ മാലിന്യം കുമിഞ്ഞു കൂടിത്തുടങ്ങി.

മാലിന്യ പ്രശ്നം – പത്രവാര്‍ത്ത

പുതിയ പഞ്ചായത്ത് ഭരണസമിതി, അഡീ. ചീഫ് സെക്രട്ടറിയുടെ റിവ്യൂ മീറ്റിങ്

ഗ്രാമപഞ്ചായത്തില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞു് അധികാരമേറ്റെടുത്ത പുതിയ ഭരണസമിതി ഈ വിഷയത്തില്‍ കൂടുതല്‍ താല്പര്യത്തോടെ ഇടപെട്ടു തുടങ്ങി. പഞ്ചായത്തിനെ വളരെക്കാലമായി അലട്ടിക്കൊണ്ടിരിക്കുന്ന മാലിന്യ സംസ്കരണ പ്രശ്നം എങ്ങനെയും പരിഹരിക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ സമീപിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും പ്രത്യേകമായും, മറ്റു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരും പഞ്ചായത്ത് മെമ്പര്‍മാരും പൊതുവായും ഈ ദിശയിലുള്ള എല്ലാ നടപടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ല്ലോഭമായ പിന്തുണ നല്കുി. അതു കൂടാതെ, അവരുടെ നിലയില്‍ത്തന്നെ പ്രശ്നപരിഹാര സാദ്ധ്യതകള്‍ അന്വേഷിക്കുകയും ചെയ്തു.

അങ്ങിനെയിരിക്കേ, 21/04/2021 നു് സംസ്ഥാനത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി കോഴിക്കോടു് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റിവ്യൂ മീറ്റിങ് വിളിച്ചു ചേര്‍ക്കുകയും, ആയതില്‍ താമരശ്ശേരിയിലെ ട്രഞ്ചിങ് ഗ്രൌണ്ടിലെ, കുഴിച്ചു മൂടല്‍ നിര്‍ത്തിയതിനാല്‍ കുന്നു കൂടിയ ലെഗസി മാലിന്യത്തിന്റെ അവസ്ഥ ഫോട്ടോകളിലൂടെ കാണുകയും ചെയ്തു. നിയമാനുസൃതമായ പ്രശ്നപരിഹാരം ഉടന്‍ കാണണമെന്നു് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ട്രഞ്ചിങ് ഗ്രൌണ്ടില്‍ കെട്ടിക്കിടക്കുന്ന ലെഗസി മാലിന്യം

പ്രശ്നപരിഹാരമാര്‍ഗ്ഗം തെളിയുന്നു

ഇത്തരം വിഷയങ്ങളില്‍ ഗ്രാമപഞ്ചായത്തിനു് വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുകയും സഹായിക്കുകയും ചെയ്യേണ്ടുന്ന സ്ഥാപനങ്ങളാണു് ശുചിത്വമിഷന്‍ എംപാനല്‍ ചെയ്ത ഹരിത സഹായ സ്ഥാപനങ്ങള്‍. താമരശ്ശേരി ഗ്രാമപഞ്ചായത്തുമായി കരാറിലേര്‍പ്പെട്ടിരുന്ന ഹരിത സഹായ സ്ഥാപനത്തിനു് ഈ വിഷയത്തില്‍ കൃത്യമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാനോ പ്രായോഗികമായ ഒരു പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിക്കാനോ സാധിച്ചില്ല. എന്നാല്‍ പ്രശ്നത്തിനു് ഉടന്‍ പരിഹാരം കാണേണ്ടതായും വന്നു.

ആയിടെ കേരള ഗ്രാമ നിര്‍മ്മാണ്‍ സമിതി എന്ന സ്ഥാപനത്തിന്റെ പ്രതിനിധികള്‍ ഗ്രാമപഞ്ചായത്താഫീസില്‍ വരികയും പ്രസിഡണ്ടിനെയും, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെയും, സെക്രട്ടറിയെയും, അസിസ്റ്റന്റ് സെക്രട്ടറിയെയും, ഹെല്‍ത്ത് ഇന്‍സ്പെക്‍ടറെയും നേരില്‍ കാണുകയും ഗ്രാമപഞ്ചായത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി പ്രായോഗികമായ ഒരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുകയും ചെയ്തു. ആ നിര്‍ദ്ദേശങ്ങളുടെ വെളിച്ചത്തില്‍ ഗ്രാമപഞ്ചായത്തില്‍ കൃത്യമായി മാലിന്യ സംസ്കരണം നടപ്പാക്കുന്നതിനു് നിയമാനുസൃതവും വ്യവസ്ഥാപിതവുമായ മാര്‍ഗ്ഗം അന്വേഷിച്ചു കൊണ്ടു് സെക്രട്ടറി 07/05/2021 നു് ശുചിത്വമിഷന്റെ ബഹു. എക്സിക്യൂട്ടീവ് ഡയറക്‍ടര്‍ക്കു് കത്തയച്ചു. തുടര്‍ന്നു് ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്‍ടര്‍ സെക്രട്ടറിയെ നേരിട്ടു് ഫോണില്‍ വിളിച്ചു് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു, അന്വേഷിച്ച വിവരങ്ങള്‍ സെക്രട്ടറി ബഹു. എക്സിക്യൂട്ടീവ് ഡയറക്‍ടറെ ധരിപ്പിക്കുകയും ചെയ്തു.

10/05/2021 നു് ശുചിത്വമിഷന്റെ രേഖാമൂലമുള്ള മറുപടിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭ്യമായി. ആയതു പ്രകാരം,

  1. നിലവിലുള്ള ഹരിത സഹായ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ അവരെ ഒഴിവാക്കി ശുചിത്വ മിഷന്‍ എംപാനല്‍ ചെയ്ത ലിസ്റ്റില്‍ നിന്നും പഞ്ചായത്ത് തീരുമാന പ്രകാരം മറ്റൊരു ഹരിത സഹായ സ്ഥാപനവുമായി നേരിട്ടു് കരാറിലേര്‍പ്പെടാം.
  2. പഞ്ചായത്തിലെ വീടുകളില്‍ നിന്നും വ്യാപാര-വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന തരം തിരിച്ചു് വൃത്തിയാക്കിയ പാഴ്‌വസ്തുക്കള്‍ ഒന്നുകില്‍ ക്ലീന്‍ കേരള കമ്പനിക്കു് നല്കുകയോ, അതിനു താല്പര്യമില്ലെങ്കില്‍, സര്‍ക്കാര്‍‍ നിശ്ചയിച്ച അടിസ്ഥാന വിലയ്ക്കു് മുകളില്‍ തുക നല്കുന്ന സ്വകാര്യ ഏജന്‍സിയെ ഓപ്പണ്‍ ടെണ്ടര്‍ വഴി കണ്ടെത്തി കരാറിലേര്‍പ്പെട്ടു് നീക്കം ചെയ്യിക്കാം.
  3. ട്രഞ്ചിങ് ഗ്രൌണ്ടിലെ ലെഗസി മാലിന്യം (കൂട്ടിക്കലര്‍ത്തിയ മാലിന്യം) ഒന്നുകില്‍ ക്ലീന്‍ കേരള കമ്പനിക്കു് നല്കുകയോ, അതിനു താല്പര്യമില്ലെങ്കില്‍, സര്‍ക്കാര്‍‍ നിശ്ചയിച്ച അടിസ്ഥാന വിലയില്‍ താഴെ തുകയ്ക്കു് ഏറ്റെടുക്കുന്ന സ്വകാര്യ ഏജന്‍സിയെ ഓപ്പണ്‍ ടെണ്ടര്‍ വഴി കണ്ടെത്തി കരാറിലേര്‍പ്പെട്ടു് നീക്കം ചെയ്യിക്കാം.

ലോക്ക് ഡൌണ്‍ യാത്രകളും ചര്‍ച്ചകളും

കോവിഡ് 19 നിയന്ത്രണം സംബന്ധിച്ച ലോക്ക് ഡൌണ്‍ സമയത്തു് വീട്ടില്‍ നിന്നും ഓഫീസിലേക്കും, തിരിച്ചുമുള്ള യാത്രകള്‍ ജൂനിയര്‍ സൂപ്രണ്ടിനും, ഹെല്‍ത്ത് ഇന്‍സ്പെക്‍ടര്‍ക്കും ഒപ്പം ഒരേ വാഹനത്തിലായിരുന്ന സമയത്തും, അല്ലാത്തപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്‍ടറുടെ കൂടെ ബൈക്കില്‍ യാത്ര ചെയ്തു കൊണ്ടിരുന്നപ്പോഴും ലഭിച്ചിരുന്ന അര മണിക്കൂര്‍ വീതമുള്ള യാത്രാസമയം ഈ വിധത്തില്‍ പ്രശ്നം പരിഹരിക്കുന്നതിനായുള്ള പ്രായോഗികമായ വിവിധ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യാനായി ലഭിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍‍മാന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. വാഹനങ്ങളിലും തുടര്‍ന്നു് ഓഫീസിലും വച്ചു നടത്തിയ ഈ ചര്‍ച്ചകള്‍ പ്രശ്നപരിഹാരമാര്‍ഗ്ഗങ്ങളിലേക്കെത്തുന്നതിനു് വളരെയധികം സഹായകരമായി.

ഭരണസമിതിയുടെ തീരുമാനങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും

തുടര്‍ന്നു് 18/05/2021 നു് 2(1) നമ്പര്‍ പ്രകാരം ഭരണസമിതി ഔദ്യോഗികമായി മേല്‍പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനങ്ങളെടുത്തു.

ട്രഞ്ചിങ് ഗ്രൌണ്ടിലെ ലെഗസി മാലിന്യത്തിന്റെ അളവു് കണക്കാക്കുന്നതിനായും, നിയമാനുസൃത രീതിയിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള എസ്റ്റിമേറ്റെടുക്കാനായി ഗ്രാമപഞ്ചായത്തിലെ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കു് 19/05/2021 കത്തു് നല്കി. അന്നു തന്നെ നിലവിലുള്ള ഹരിത സഹായ സ്ഥാപനത്തെ ഒഴിവാക്കി കേരള ഗ്രാമ നിര്‍മ്മാണ സമിതിയുമായി കരാറിലേര്‍പ്പെടാന്‍ അവര്‍ക്കു് കത്തു നല്കി, തുടര്‍ന്നു് കരാറിലേര്‍പ്പെടുകയും ചെയ്തു.

എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനീയറുടെ എസ്റ്റിമേറ്റ് ലഭ്യമായതില്‍, പരിസ്ഥിതി സൌഹാര്‍ദ്ദപരമായ ബയോ റെമഡിയേഷന്‍ (ബയോമൈനിങ്), കുഴിച്ചിട്ട മാലിന്യം തിരികെയെടുക്കല്‍, ദുര്‍ഗ്ഗന്ധം ഒഴിവാക്കല്‍, വേര്‍തിരിക്കല്‍ തുടങ്ങി എല്ലാ വിഷയവും പരാമര്‍ശിച്ചിട്ടുണ്ടു്.
തുടര്‍ന്നു് 25/05/2021നു് പ്രവൃത്തി ടെണ്ടര്‍ ചെയ്തു. 09/06/2021 നു് 3(2) നമ്പര്‍ പ്രകാരം ഗ്രീന്‍ വേംസ് ഇക്കോ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ടെണ്ടറുകള്‍‍ ഭരണസമിതി അംഗീകരിച്ചു തീരുമാനിച്ചു. അന്നു തന്നെ 5 നമ്പര്‍ തീരുമാന പ്രകാരം ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക്‍ വേസ്റ്റ് മാനേജ്‌മെന്റ് ബൈലായുടെ കരടും ഭരണസമിതി അംഗീകരിച്ചു തീരുമാനിച്ചു. ആയതു ചട്ട പ്രകാരം പ്രസിദ്ധപ്പെടുത്തി, ഗ്രാമപഞ്ചായത്തിന്റെ വെബ്ബ്‌സൈറ്റിലും ലഭ്യമാക്കി. 30 ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചു് ചട്ട പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചു് ബൈലാ അന്തിമമായി അംഗീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണു്.

കര്‍മ്മപഥത്തിലേക്കു്

ആയതിനു ശേഷം കേരള ഗ്രാമ നിര്‍മ്മാണ്‍ സമിതിയുടെയും, ഗ്രീന്‍ വേംസ് ഇക്കോ സൊല്യൂഷന്‍സിന്റെയും ഇടപെടലോടെ ചടുലഗതിയില്‍ കാര്യങ്ങള്‍ നീങ്ങി. ഹരിത കര്‍മ്മ സേനയെ പുനഃസംഘടിപ്പിച്ചു, അവര്‍ക്കു് മതിയായ പരിശീലനവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്കി. വാര്‍ഡ് തലത്തിലുള്ള കമ്മിറ്റികള്‍ രൂപീകരിച്ചു. വ്യാപാരി-വ്യവസായി പ്രതിനിധികളുമായും, രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തി. പൂവറ എസ്റ്റേറ്റിലെ ട്രഞ്ചിങ് ഗ്രൌണ്ടിലെ ലെഗസി മാലിന്യം പല ലോഡുകള്‍ ഇതിനോടകം നീക്കം ചെയ്തു കഴിഞ്ഞു, നീക്കം ചെയ്യല്‍ തുടരുകയും ചെയ്യുന്നു. ഈ വിധത്തില്‍ വ്യവസ്ഥാപിതമായ മാലിന്യ സംസ്കരണ പ്രവര്‍ത്തനം എല്ലാ സ്റ്റേക്‍ഹോള്‍ഡര്‍മാരുടെയും സഹകരണത്തോടെ കര്‍മ്മപഥത്തിലേക്കു് നീങ്ങുകയാണു്. വര്‍ഷങ്ങളായി നിക്ഷേപിക്കപ്പെട്ട മാലിന്യക്കൂമ്പാരത്തില്‍ നിന്നും പൂവറയെ അതിന്റെ പേരു് സൂചിപ്പിക്കുന്നതു പോലെ തിരികെ “പൂക്കളുടെ അറ” തന്നെയാക്കി മാറ്റാന്‍ സാധിക്കുമോയെന്നു നോക്കാം നമുക്കു്. പാഴ്‌വസ്തുക്കളും മാലിന്യവും ഗ്രാമപഞ്ചായത്തിനു് തലവേദന സൃഷ്ടിക്കുന്ന ഒരു പ്രശ്നമായി ഭാവിയിലും തുടരുകയില്ലെന്ന ശുഭപ്രതീക്ഷയോടെ “ഹരിതം സുന്ദരം താമരശ്ശേരി” എന്ന ഈ പദ്ധതിക്കു് എല്ലാവരുടേയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിച്ചു കൊണ്ടു്, ഈ റിപ്പോര്‍ട്ട് എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു.

പൂവറ എസ്റ്റേറ്റ് – ട്രഞ്ചിങ് ഗ്രൌണ്ടിലെ ലെഗസി മാലിന്യം നീക്കിത്തുടങ്ങുന്നു.
ട്രഞ്ചിങ് ഗ്രൌണ്ടിലെ ലെഗസി മാലിന്യം നീക്കുന്ന പ്രവര്‍ത്തനം ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ഫ്ലാഗ് ഓഫ് ചെയ്യുന്നു. വൈസ് പ്രസിഡണ്ട്, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്‍ടര്‍, ഹരിതകേരള മിഷന്‍ പ്രതിനിധി, ഗ്രീന്‍ വേംസ് ഇക്കോ സെല്യൂഷന്‍സ് പ്രതിനിധികള്‍ എന്നിവര്‍ സമീപം.
കയ്യൊഴിക്കുന്ന ലെഗസി മാലിന്യം.
സെക്രട്ടറിയും ഹെല്‍ത്ത് ഇന്‍സ്പെക്‍ടറും.
പത്രവാര്‍ത്ത