മൂഡബിദ്രി – ധര്‍മ്മസ്ഥല – കുക്കെ സുബ്രഹ്മണ്യ – കുശാലനഗര്‍ – നാടുതെണ്ടല്‍

യാത്രകള്‍ സ്ഥിരം ചുറ്റുപാടുകളില്‍ നിന്നുള്ള ഒരു രക്ഷപ്പെടലാണു്. സ്ഥിരം വഴികളില്‍ നിന്നും വേറിട്ടൊരു യാത്ര വളരെയധികം ഉന്മേഷദായകം തന്നെ. യാത്ര പോവാന്‍ വേണ്ടി മാത്രമൊരു യാത്ര ചെയ്യുന്നതൊരു രസമുള്ള കാര്യമല്ലേ? ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 (ശനിയാഴ്ച – ദീപാവലി), 30 (ഞായറാഴ്ച) തീയ്യതികളില്‍ അങ്ങിനെയൊരു യാത്ര പോവാനുള്ള ക്ഷണം കിട്ടിയതു് കട്ടിപ്പാറ ഗ്രാമപഞ്ചായത്തു് അസിസ്റ്റന്റ് സെക്രട്ടറി മനോജ് കുമാറില്‍ നിന്നു്. ഇതെഴുതുമ്പോ മനോജ് പേരാമ്പ്ര ഗ്രാമപഞ്ചായത്തിലേക്കു് സ്ഥലം മാറ്റം കിട്ടി പോയി അവിടെ ജോലി ചെയ്യുന്നു. മനോജിനു് തളിപ്പറമ്പു് ഇ ടി സിയില്‍ മൂന്നു ദിവസത്തെ ട്രെയിനിങ്ങുണ്ടായിരുന്നു. ട്രെയിനിങ്ങ് വെള്ളിയാഴ്ച തീരും. പിന്നെ രണ്ടു ദിവസം ഒഴിവാണു്. വരുന്ന ഒഴിവു ദിവസങ്ങളില്‍ എങ്ങോട്ടെങ്കിലും പോയാലോ? എന്നെന്നോടു്. പോവാം, പക്ഷേ കാശെടുക്കാനില്ലെന്നു ഞാന്‍. ഒന്നു രണ്ടു കടങ്ങള്‍ വീട്ടിയപ്പോ കയ്യിലുള്ള പണം മുഴുവന്‍ തീര്‍ന്നു് പാപ്പരായിരിക്കുകയാണു്. ഇനി ശമ്പളം കയ്യില്‍ കിട്ടീട്ടു വേണം കാര്യമായി എന്തിനെങ്കിലും ചെലവാക്കാന്‍. തല്ക്കാലത്തേക്കു പണച്ചെലവു് മനോജ് വഹിച്ചോളാമെന്നു പറഞ്ഞു. എന്നാ പോയിക്കളയാമെന്നു ഞാനും. അങ്ങനെ കൊയിലാണ്ടിയില്‍ നിന്നും വെള്ളിയാഴ്ച വൈകുന്നേരം 4.20ന്റെ പരശുറാം എക്സ്പ്രസ്സില്‍ കയറി. വണ്ടി കണ്ണൂരെത്തിയപ്പോ അവിടുന്നു മനോജും കയറിയതോടെ ഞങ്ങളുടെ യാത്ര ആരംഭിച്ചു.

മംഗലാപുരം

രാത്രി കൃത്യം 8.40നു് വണ്ടി മംഗലാപുരം ജങ്ഷനില്‍ എത്തി. നന്നായി വിശക്കുന്നുണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ റസ്റ്റാറന്റില്‍ നിന്നും മസാലദോശ വാങ്ങിക്കഴിച്ചു. പിന്നെ ധര്‍മ്മസ്ഥലയിലേക്കുള്ള ബസ്സ് എവിടെനിന്നാണു പിടിക്കാന്‍ പറ്റുക എന്നന്വേഷണമായി.  ഒരു ഓട്ടോ പിടിച്ചു് കര്‍ണ്ണാടക കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ചെന്നന്വേഷിച്ചു. അവിടെ നിന്നും ധര്‍മ്മസ്ഥലയ്ക്കുള്ള അവസാനത്തെ ബസ്സും പോയ്ക്കഴിഞ്ഞിരുന്നു. ഇനിയെന്തു് എന്നായി ആലോചന. അന്നവിടെ തങ്ങി പിറ്റേന്നു് യാത്ര തുടരാം എന്നു തീരുമാനിച്ചു. ബസ്സ് സ്റ്റാന്‍ഡില്‍ തന്നെ യാത്രി നിവാസ് ഉണ്ടു്. അവിടെ ഒരു മുറിയെടുത്തു. കുടുസ്സുമുറി. വല്യ വൃത്തീം മെനയുമൊന്നുമില്ലെങ്കിലും വാടക വളരെക്കുറവാണു്. മുറിയില്‍ കുറേ നേരം പല പഞ്ചായത്തു വിശേഷങ്ങളും പറഞ്ഞങ്ങനെയിരുന്നു.

വര്‍ത്തമാനം പറയുന്ന കൂട്ടത്തിലാണു ഗൂഗ്ള്‍ മാപ്സിന്റെ സഹായത്തോടെ അടുത്ത ദിവസങ്ങളിലേക്കുള്ള യാത്രാപ്ലാന്‍ ഉണ്ടാക്കിയതും ആ പ്ലാനില്‍ ധര്‍മ്മസ്ഥലയ്ക്കു മുന്നേ പോവേണ്ട സ്ഥലമായി മൂഡബിദ്രി കയറിപ്പറ്റിയതും. ദീപാവലി പടക്കങ്ങളുടെ വര്‍ണ്ണക്കാഴ്ച ജനലിലൂടെ കാണാം. വര്‍ത്തമാനം പറഞ്ഞു മടുത്തപ്പോ അവിടെ കിടക്കയ്ക്കു മുകളില്‍ വിരിച്ച വിരിപ്പിനു മുകളില്‍ ഒരു മുണ്ടു കൂടി വിരിച്ചു് കിടന്നുറങ്ങി. പിറ്റേന്നു് രാവിലെ എഴുന്നേറ്റു് കുളിയും പല്ലുതേപ്പും മറ്റും കഴിഞ്ഞു് പുറപ്പെട്ടു് ബസ്സ് സ്റ്റാന്‍ഡിലിറങ്ങി മൂഡബിദ്രിക്കുള്ള ബസ്സ് അന്വേഷിച്ചു. ഗവര്‍മ്മെണ്ടു് ബസ്സ് അങ്ങോട്ടില്ല പോലും (നമ്മള്‍ കേസാര്‍ട്ടീസി എന്നു പറയുന്നതിനു പകരം ഇന്നാട്ടുകാര്‍ പറയുക ഗൌര്‍മ്മേണ്ട് ബസ്സെന്നാണു്). പ്രൈവറ്റ് ബസ്സ് കിട്ടുന്ന സ്ഥലം ബണ്‍ട്സ് ഹോസ്റ്റല്‍ സര്‍ക്കിളാണെന്നും. ഒരു ഓട്ടോ പിടിച്ചു് ബണ്‍ട്സ് ഹോസ്റ്റല്‍ സര്‍ക്കിളില്‍ ചെന്നു നിന്നു. കുറച്ചു കഴിഞ്ഞപ്പോ മൂഡബിദ്രി വഴി കാര്‍ക്കളയ്ക്കു പോവുന്ന ബസ്സ് വന്നു. കയറിയിരുന്നു മൂഡബിദ്രിക്കു ടിക്കറ്റെടുത്തു. യാത്രയിലുടനീളം കനത്ത മൂടല്‍മഞ്ഞാണു ചുറ്റിലും.ചുറ്റുപാടുമുള്ള കാഴ്ചകള്‍ കണ്ടപ്പോള്‍ കേരളത്തിലൂടെയല്ല പോവുന്നതെന്നു വിശ്വസിക്കാന്‍ പ്രയാസം.

മൂഡബിദ്രിയിലെ ‘സാവിര കംബദ ബസതി’

അധികം താമസിയാതെ തന്നെ മൂഡബിദ്രിയിലെത്തി. ഇവിടെ ഒരു ഹോട്ടലില്‍ കയറി മസാല ദോശയും ചായയും കഴിച്ചു.

നിരവധിയായുള്ള ജൈനബസ്തികളാണു് ഇവിടുത്തെ മുഖ്യാകര്‍ഷണം. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതു് സാവിര കംബദ ബസതി എന്നു പ്രദേശവാസികള്‍ പറയുന്ന ത്രിഭുവന തിലക ചൂഡാമണി ബസ്തിയാണു്. ചന്ദ്രനാഥ ബസ്തി എന്നും പറയാറുണ്ടു്. Thousand pillar Temple എന്നും ഇതറിയപ്പെടുന്നു. തൂണുകള്‍ പക്ഷേ ആയിരമെണ്ണമൊന്നുമില്ല കേട്ടോ. എന്നാലും ഇതൊരസാമാന്യ നിര്‍മ്മിതിയാണു്. ഞങ്ങള്‍ ചെല്ലുമ്പോള്‍ ബസ്തിയുടെ വാതില്‍ അട‍ഞ്ഞു കിടക്കുകയായിരുന്നു. പുറമെ ചുറ്റി നടന്നു് പടങ്ങളൊക്കെയെടുത്തു് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ വാതില്‍ തുറന്നു. തീര്‍ത്ഥങ്കരനായ ചന്ദ്രപ്രഭയെയാണു് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളതു്. ബസ്തിക്കു മുന്നില്‍ ഒറ്റക്കല്ലില്‍ കൊത്തിയ മാനസ്തംഭവുമുണ്ടു്.

അവിടുന്നിറങ്ങി ബസ്സ് സ്റ്റാന്റിലേക്കു നടന്നു. മൂഡബിദ്രി അങ്ങാടിയിലെ കടകളില്‍ ചിലവ ഇവിടെ കേരളത്തില്‍ മുമ്പു സര്‍വ്വ സാധാരണമായിരുന്ന നിരപ്പലകകള്‍ ഉള്ളവയാണു്.

ബസ്സ് സ്റ്റാന്റിലെത്തി ധര്‍മ്മസ്ഥലയ്ക്കു് പോവുന്ന ബസ്സന്വേഷിച്ചപ്പോ അവിടെനിന്നു് നേരിട്ടു് ബസ്സില്ല, ബെല്‍ത്തങ്ങാടി പോയി അവിടെ നിന്നു് മാറിക്കയറണം എന്നു മനസ്സിലായി.

ബെല്‍ത്തങ്ങാടി

അങ്ങനെ ബെല്‍ത്തങ്ങാടിക്കുള്ള ബസ്സില്‍ കയറി അവിടെ എത്തിയപ്പോഴേക്കും വിശക്കാന്‍ തുടങ്ങിയിരുന്നു. ഒരു ഹോട്ടലില്‍ കയറി മസാലദോശയും ചായയും കഴിച്ചു. ഇറങ്ങാന്‍ നേരം വിവിധ തരം അച്ചാറും മറ്റും വില്ക്കാന്‍ വച്ചതു കണ്ടു. ഞാനൊരു കുപ്പി മാങ്ങ അച്ചാറും മനോജ് ഒരു കുപ്പി പുളിങ്കറിയും വാങ്ങി. വീട്ടിലെത്തീട്ടു് എങ്ങനെയുണ്ടെന്നു നോക്കാം.

പച്ചക്കറിക്കടയിലൊക്കെ ഫ്രെഷ് പച്ചക്കറികളാണു്. ഒരു കണിവെള്ളരിയോളം വലിപ്പത്തിലുള്ള കായ കണ്ടു് സൂക്ഷിച്ചു നോക്കിയപ്പോ സംഭവം വഴുതനങ്ങയാണു്. ബി ടി ആണോ എന്തോ. ധര്‍മ്മസ്ഥലയ്ക്കുള്ള ബസ്സു കണ്ടപ്പോ വേഗം അതില്‍ച്ചെന്നു കയറി.

ധര്‍മ്മസ്ഥല

11.00 മണിയോടെ ധര്‍മ്മസ്ഥലയിലെത്തി.

ധര്‍മ്മസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രം പ്രസിദ്ധമാണു്. ഇതു് ഒരു ശിവക്ഷേത്രമാണു്. സ്ത്രീധന സമ്പ്രദായത്തിനെതിരെ ഇവിടെ എല്ലാ വര്‍ഷവും സമൂഹവിവാഹം നടന്നു വരുന്നു. ക്ഷേത്രത്തില്‍ വരുന്നവര്‍ക്കു് ഏതു നേരത്തും ഭക്ഷണം സൌജന്യമാണു്. അന്നപൂര്‍ണ്ണ എന്ന പേരുള്ള വിശാലമായ ഹാളിലാണു് പൂര്‍ണ്ണമായും യന്ത്രവല്കൃതമായ അടുക്കളയില്‍ പാകം ചെയ്ത ഭക്ഷണം വിളമ്പുന്നതു്. തീര്‍ത്ഥാടകര്‍ക്കു താമസിക്കാന്‍ ചുരുങ്ങിയ വാടകയുള്ള സത്രങ്ങള്‍ ഇവിടെയുണ്ടു്. ക്ഷേത്രട്രസ്റ്റിന്റെ കീഴില്‍ ആസ്പത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ടു്. ജൈനമതക്കാരനായ ധര്‍മ്മാധികാരി ശ്രീ വീരേന്ദ്ര ഹെഗ്ഗഡെയുടെ നേതൃത്വത്തിലാണീ പ്രവര്‍ത്തനങ്ങളെല്ലാം ട്രസ്റ്റ് നടത്തി വരുന്നതു്.
ഇവിടെ റൂമിനായി ആദ്യം കണ്ട സത്രത്തില്‍ അന്വേഷിച്ചപ്പോ റൂമൊന്നും ഒഴിവില്ലെന്നു പറഞ്ഞു. ക്ലോക്ക് റൂമില്‍ ബാഗുകള്‍ വച്ചശേഷം ധര്‍മ്മസ്ഥലയും പരിസരവുമൊക്കെയൊന്നു കറങ്ങി. ക്ഷേത്രത്തിനകത്തു കയറാന്‍ കഴിഞ്ഞില്ല. വലിയ ക്യൂവാണു്. രഥോത്സവത്തിനുപയോഗിക്കുന്നു പഴയ രഥങ്ങള്‍, ഒരു പഴയ വിമാനം, ഇതൊക്കെ പരിസരത്തു് പ്രദര്‍ശിപ്പിച്ചു വച്ചതു കണ്ടു.

ഇവിടെ വേറെയും മൂന്നു നാലു സത്രങ്ങള്‍ കൂടിയുണ്ടു്. അതിലെയങ്ങനേ നടക്കുമ്പോള്‍ ‘നമ്മ സോളാര്‍ എനര്‍ജി സെന്റര്‍’ എന്നൊരു സംഭവം കണ്ടു. പടമെടുത്തു.

മഞ്ജുഷ കാര്‍ മ്യൂസിയം

ഇവിടെ മഞ്ജുഷ കാര്‍ മ്യൂസിയം എന്നൊരു മ്യൂസിയമുള്ളതായി അറിഞ്ഞിരുന്നു. അതെവിടെയാണെന്നു് അന്വേഷിച്ചു കണ്ടു പിടിച്ചു. ഇതൊരസാമാന്യ മ്യൂസിയം തന്നെയാണു്. പല കാലഘട്ടങ്ങളിലെ കാറുകളും മോട്ടോര്‍വാഹനങ്ങളും പ്രദര്‍ശനത്തിലുണ്ടുവിടെ. ഇവിടെ വരുന്ന എല്ലാവരും നിര്‍ബ്ബന്ധമായും കണ്ടിരിക്കേണ്ട ഒന്നു്. ഒരു മണിക്കൂര്‍ ചുറ്റിനടന്നു കാണാനുള്ള കാഴ്ചകളുണ്ടു്. മ്യൂസിയത്തിനുള്ളില്‍ ക്യാമറയ്ക്കു് വിലക്കുണ്ടു്. കാഴ്ചകള്‍ കണ്ടു് പുറത്തിറങ്ങിയപ്പോ ജൈനബസ്തി ചെന്നു കാണാമെന്നു വിചാരിച്ചു. ഇവിടെയും ഒരു ചെറിയ ജൈനബസ്തിയുണ്ടു് – ചന്ദ്രനാഥ ബസ്തി.

ജമാ ഉഗ്രാണ

ചന്ദ്രനാഥ ബസ്തിയില്‍ ചെന്നു മടങ്ങി വരുമ്പോഴാണു് കന്നഡയില്‍ ജമാ ഉഗ്രാണ എന്നെഴുതിയ ഒരു കെട്ടിടം കണ്ടതു്. ചെങ്കല്ലു കൊണ്ടു് നല്ല ബന്തവസ്സില്‍ പണിത ഒരു പഴയ കെട്ടിടം. ഞങ്ങള്‍ രണ്ടു പേരും പഞ്ചായത്തുകാരായതു കൊണ്ടു് നികുതി ജമയും, ജമാബന്തിയുമൊക്കെ ഓര്‍മ്മയിലെത്തി. അതിനകത്തെന്താവും? ചെന്നു നോക്കി. ഉച്ചയ്ക്കു ശേഷം 3.00 മണിക്കേ തുറക്കുകയുള്ളൂവത്രേ. ശരി അപ്പോ കാണാം. ജമാ ഉഗ്രാണയ്ക്കടുത്തു് ഒരു പഴയ പരിശീലന വിമാനം പ്രദര്‍ശനത്തിനു വച്ചിട്ടുണ്ടു്. പടമെടുത്തു.

അന്നപൂര്‍ണ്ണ ഹാള്‍

വിശക്കാന്‍ തുടങ്ങി. ക്ഷേത്രത്തിലെ അന്നപൂര്‍ണ്ണ ഹാളില്‍ വരുന്നവര്‍ക്കൊക്കെ മൂന്നു നേരവും ഭക്ഷണം സൌജന്യമാണു്. വിശാലമായ ഹാളില്‍ കടന്നു് ഊണിനിരുന്നു. കുശാലായി ഊണു കഴിച്ചു് പുറത്തിറങ്ങി.

വൈശാലി സത്രം

നേരത്തേ കണ്ടുവച്ച വൈശാലി എന്ന സത്രത്തില്‍ ചെന്നു നോക്കിയപ്പോ റൂമൊഴിവുണ്ടു്. ഉച്ചയ്ക്കു ശേഷം ആളുകള്‍ വെക്കേറ്റ് ചെയ്തു പോയതാവും. ഉച്ച തിരിഞ്ഞിട്ടാണു് ഇവിടെ സത്രങ്ങളില്‍ റൂമന്വേഷിക്കേണ്ടതെന്നു മനസ്സിലായി. റൂമെടുത്തു. 200 രൂപയേ വാടകയുള്ളൂ. വിശാലമായ റൂം. രണ്ടു കട്ടിലും കിടക്കയും മേശയും കസേരയുമെല്ലാമുണ്ടു്. വിരിപ്പുകളില്ല. ടോയ്‌ലറ്റ് കോമണാണു്. പോയി നോക്കി. നല്ല വൃത്തിയുള്ള ടോയ്‌ലറ്റുകള്‍. ആകെ മൊത്തം ഗൊള്ളാം.

മുറി പൂട്ടി പുറത്തിറങ്ങി ബാഗുകള്‍ സൂക്ഷിച്ചു വച്ച ക്ലോക്ക് റൂമിലേക്കു നടന്നു. അവിടെ നിന്നു് ബാഗുകളെടുത്തു് പോരുന്ന വഴിയില്‍ ഒരു കടയില്‍ നിന്നു് ഒരു കാവി മുണ്ടു് വാങ്ങി, കിടക്ക മേല്‍ വിരിക്കാന്‍. റൂമില്‍ച്ചെന്നു് കിടക്ക കട്ടിലിന്മേലിട്ടു് അതിന്മേല്‍ മുണ്ടു വിരിച്ചു് കിടന്നു. നല്ല ക്ഷീണമുണ്ടായിരുന്നു. വര്‍ത്തമാനം പറഞ്ഞു പറഞ്ഞു് ഉറക്കത്തിലേക്കു് വഴുതി വീണു.

ജമാ ഉഗ്രാണയ്ക്കുള്ളില്‍

ഉണര്‍ന്നപ്പോള്‍ മണി നാലേകാല്‍. അപ്പോഴാണു് നേരത്തേ കണ്ട ജമാ ഉഗ്രാണ തുറന്നു കാണുമല്ലോ എന്നോര്‍ത്തതു്. തപ്പിപ്പിടഞ്ഞെഴുന്നേറ്റു് മനോജിനെയും കൂട്ടി അങ്ങോട്ടു നടന്നു. പോവുന്ന വഴിയില്‍ കടയില്‍ നിന്നു് ഓരോ കരിമ്പു ജ്യൂസ് വാങ്ങിക്കുടിച്ചു. ജമാ ഉഗ്രാണ കലവറയാണു്. ക്ഷേത്രത്തിലേക്കുള്ള ഭക്ഷണസാധനങ്ങള്‍ തയ്യാറാക്കാനുള്ള സാധന സാമഗ്രികള്‍ – ധാന്യങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ സൂക്ഷിക്കാനുള്ള കലവറ. ഒരു വശത്തു് തേങ്ങ കൂട്ടിയിട്ടിരിക്കുന്നു. ഇരുത്തി(തിണ്ണ) മേല്‍ മത്തന്‍ കുമ്പളം നിരത്തി വച്ചിരിക്കുന്നു. കായക്കുലകള്‍ ഒരു വശത്തു്. ധാന്യങ്ങള്‍ സൂക്ഷിക്കാനുള്ള അറ മറ്റൊരു വശത്തു്. അങ്ങനെയങ്ങനെ. ഇതു കണ്ടില്ലെങ്കില്‍ നഷ്ടമായേനെ.

അവിടുന്നു പുറത്തിറങ്ങി നടക്കുമ്പോഴാണു് ആ പഴയ പരിശീലന വിമാനത്തിനടുത്തു് ഒരു കൂറ്റന്‍ ടയര്‍ കിടക്കുന്നതു് കണ്ടതു്. ചെന്നു നോക്കി. കുദ്രേമുഖ് ഇരുമ്പയിരു് ഖനനകേന്ദ്രത്തില്‍ ഉണ്ടായിരുന്ന അയിരു കയറ്റിപ്പോവുന്ന വാഹനത്തിന്റെ ടയറാണു്. നമ്മുടെ അടുത്തൂടെ ഈ വാഹനം പോവുമ്പോള്‍ ആ ടയറെങ്ങാനും വാഹനത്തില്‍ നിന്നു് ഊരിത്തെറിച്ചാലത്തെ അവസ്ഥയോര്‍ത്തു് ഉള്ളു കിടുങ്ങി. പിന്നെ നേരെ കുഴിയിലേക്കെടുത്താല്‍ മതി. റെഫറന്‍സിനു് മനോജിനെ അടുത്തു നിര്‍ത്തി പടമെടുത്തു.

പബ്ലിക്‍ ടോയ്‌ലെറ്റുകള്‍

അപ്പോഴാണു് ഒരു കാര്യം ശ്രദ്ധിച്ചതു്. ഈ ക്ഷേത്രസങ്കേതത്തില്‍ പല ഭാഗത്തായി ഒരുപാടു പബ്ലിക്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടു്. എല്ലാ ടോയ്‌ലറ്റുകളും നല്ല വൃത്തിയില്‍ സൂക്ഷിച്ചിട്ടുമുണ്ടു്. നമ്മുടെ നാട്ടില്‍ പതിവില്ലാത്ത എന്നാല്‍, പകര്‍ത്താവുന്ന ഒരു നല്ല കാര്യം. ടോയ്‌ലെറ്റുകളില്‍ ബക്കറ്റിനും മഗ്ഗിനും പകരം ചെറിയ മഗ്ഗിന്റെ വലുപ്പത്തിലുള്ള ചെപ്പുകുടത്തിന്റെ മാതൃകയിലുള്ള ഒരു പ്ലാസ്റ്റിക്‍ പാത്രമാണുള്ളതു്. ടോയ്‌ലെറ്റില്‍ പോയി വന്ന മനോജിന്റെ കമന്റ് – “മഹര്‍ഷിമാരുടെ കയ്യിലെ യോഗദണ്ഡും കമണ്ഡലുവുമില്ലേ? അതില്‍ കമണ്ഡലുവിന്റെ ഉപയോഗം ഇന്നാണു് മനസ്സിലായതു്..”

ഉജിരെ

സമയം 5.00 മണിയായി. ഇവിടെയടുത്തുള്ള ഉജിരെ എന്ന സ്ഥലത്താണു് എസ് ഡി എം ഇ ട്രസ്റ്റിന്റെ (ശ്രീ ധര്‍മ്മസ്ഥല മഞ്ജുനാഥേശ്വര എജുക്കേഷണല്‍ ട്രസ്റ്റ്) ഉടമസ്ഥതയിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നതു്. ഇന്ത്യയിലെ ആദ്യത്തെ റൂഡ്സെറ്റി (റൂറല്‍ ഡവലപ്പ്മെന്റ് സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്) സ്ഥാപിതമായതും ഇവിടെത്തന്നെ. ധര്‍മ്മസ്ഥല നിന്നും ബസ്സില്‍ കയറി ഉജിരെയിലേക്കു് പോവുന്ന വഴിയില്‍ ഈ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഡിനിരുവശത്തുമായി കണ്ടു. ഉജിരെയിലിറങ്ങി. ഇവിടെത്തെ ജനാര്‍ദ്ദനസ്വാമി ക്ഷേത്രം കാണാനാണു് ചെന്നതു്. ഒരു പുരാതനക്ഷേത്രമന്വേഷിച്ചു ചെന്ന ഞങ്ങള്‍ക്കു് കാണാനായതു് ഈയിടെ പുതുക്കിപ്പണിത ഒരമ്പലമാണു്. പുറത്തിറങ്ങി സൂര്യസദാശിവരുദ്ര ക്ഷേത്രത്തിലേക്കുള്ള വഴിയന്വേഷിച്ചു. ആറു കിലോമീറ്ററുണ്ടു്. ഷെയര്‍ ഓട്ടോ പോവും. ഓട്ടോയില്‍ കയറിയിരുന്നു. ഒരു സാദാ ഓട്ടോറിക്ഷയില്‍ ചില്ലറ മോഡിഫിക്കേഷന്‍ വരുത്തിയതാണീ ഓട്ടോ. ക്ഷേത്രം കണ്ടപ്പോള്‍ വീണ്ടും നിരാശ. ഇതും ഈയിടെ പുതുക്കിപ്പണിത ഒരമ്പലം തന്നെ.

കോക്കം ജ്യൂസ്

ക്ഷേത്രം കണ്ടു് പുറത്തിറങ്ങിയപ്പോ വല്ലാത്ത ദാഹം. അടുത്തുള്ള മാടക്കടയില്‍ കോക്കം ജ്യൂസ് കണ്ടു. വാങ്ങിക്കുടിച്ചു. നല്ല ടേസ്റ്റ്. ഇതിന്റെ സ്ക്വാഷും അവിടെയുണ്ടു്. കുടില്‍വ്യവസായമായി ഉണ്ടാക്കുന്നതാണത്രേ. സംഭവം അടിപൊളി. പക്ഷേ സ്ക്വാഷ് വാങ്ങാന്‍ അന്നേരം തോന്നിയില്ല. ആ തീരുമാനം തെറ്റായിപ്പോയിയെന്നു് എന്നു പിന്നീടു തോന്നുകയും ചെയ്തു. വന്ന അതേ ഓട്ടോയില്‍ത്തന്നെ തിരികെ പോന്നു. പോരുന്ന വഴിയില്‍ കോക്കം ജ്യൂസിന്റെ രുചിയോര്‍മ്മ. ധര്‍മ്മസ്ഥലയില്‍ അതു കിട്ടുമോയെന്നു നോക്കണം. ബസ്സു കയറി ധര്‍മ്മസ്ഥലയിലെത്തി അമ്പലത്തിനു മുന്നിലൂടെ ചുറ്റിക്കറങ്ങി. ഇവിടെ ക്ഷേത്രത്തിനു് മുന്നില്‍ ഒരു കൂറ്റന്‍ വെള്ളി രഥം കണ്ടു.

റെയിലില്‍ ഘടിപ്പിച്ച കസേര

ക്യൂ കണ്ടു് ക്ഷേത്രത്തില്‍ കയറാന്‍ തോന്നിയില്ല. ക്ഷേത്രത്തിനു മുന്നിലേക്കു നോക്കിയപ്പോഴുണ്ടു് പടിക്കെട്ടിനു് വശത്തൂടെ റെയിലില്‍ ഘടിപ്പിച്ച കസേരയിലിരുന്നു് ഒരു കാലു വയ്യാത്ത സ്ത്രീ ക്ഷേത്രദര്‍ശനം കഴിഞ്ഞു് പുറത്തേക്കിറങ്ങുന്നു. ഞാനിതു വരെ പോയ ഒരു ക്ഷേത്രത്തിലും ഇങ്ങനെയൊരേര്‍പ്പാടു് കണ്ടിട്ടില്ല. ഏണിപ്പടികളുള്ളിടത്തു് റാമ്പിനു് പകരം വയ്ക്കാവുന്ന സംഭവം. സന്ദര്‍ശകരുടെ സുഖസൌകര്യങ്ങളില്‍ ക്ഷേത്രട്രസ്റ്റ് അതീവ ശ്രദ്ധപുലര്‍ത്തുന്നുണ്ടു്.

അവിടെ കറങ്ങിയടിക്കുന്നതിനിടയിലാണു് കുടുമശ്രീ എന്നൊരു ഷോപ്പ് കണ്ടതു്. കുടുംബശ്രീയോടുള്ള പേരിലെ സാദൃശ്യം കൊണ്ടു് കൌതുകം തോന്നി പടമെടുത്തു. കോക്കം ജ്യൂസ് എവിടെയും കാണാനില്ല. അതിന്റെ സ്ക്വാഷ് നേരത്തേ വാങ്ങാഞ്ഞതില്‍ നിരാശ തോന്നി.

മഞ്ജുഷ മ്യൂസിയം

ഞങ്ങളോരോ ഐസ് ക്രീമും വേവിച്ചു മസാലയിട്ട ചോളവും വാങ്ങിത്തിന്നു. അതു തിന്നുമ്പോഴാണു് അടുത്തുള്ള മഞ്ജുഷ വസ്തു സംഗ്രഹാലയ അഥവാ മഞ്ജുഷ മ്യൂസിയം ശ്രദ്ധയില്‍ പെട്ടതു്. അത്ര ഇംപ്രസ്സീവൊന്നുമല്ലാത്ത ചെറിയ എന്‍ട്രന്‍സ് കണ്ടു് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ടിക്കറ്റെടുത്തു് ഉള്ളില്‍ക്കയറിയപ്പോള്‍ അന്തം വിട്ടു പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഞാനിതുവരെ കയറിയ മ്യൂസിയങ്ങളില്‍ വച്ചു് പ്രദര്‍ശന വസ്തുക്കളുടെ എണ്ണക്കൂടുതല്‍ കൊണ്ടു് വലുതു് ഇതാണു്. ഏറ്റവും കുറഞ്ഞതു് ഒരു മണിക്കൂര്‍ ചുറ്റിനടന്നു കാണാനുള്ള കാഴ്ചകള്‍ ഇവിടെയുണ്ടു്. ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ 200 വര്‍ഷം പഴക്കമുള്ള കണക്കുകള്‍ ബൈന്റു ചെയ്തു വച്ചിരിക്കുന്നതു് കൗതുകക്കാഴ്ചയായി. ഈ മ്യുസിയത്തിനകത്തും ഫോട്ടോയെടുക്കുന്നതിനു് വിലക്കുണ്ടു്. ധര്‍മ്മസ്ഥലയില്‍ വരുന്നവര്‍ ഇതു് കാണാതെ പോയാല്‍ വലിയ നഷ്ടം തന്നെയാണു്.

ഇലത്തടുക്കിലെ രാത്രി ഭക്ഷണം

രാത്രി 9.25 മണിക്കു് രാത്രിഭക്ഷണത്തിനിരുന്നു. ഉച്ചയ്ക്കു് സ്റ്റീല്‍ തളികകളിലായിരുന്നു ഭക്ഷണമെങ്കില്‍ രാത്രി മന്ദാരത്തിന്റ ഉണക്കിയ ഇലകള്‍ തുന്നിയുണ്ടാക്കിയ തടുക്കിലാണു് ഭക്ഷണം. രാത്രിയില്‍ വളരെയധികം തളികകള്‍ കഴുകാനുള്ള ബുദ്ധിമുട്ടുകൊണ്ടാവുമെന്നു തോന്നുന്നു, ഈ മാറ്റം. ആദ്യം വിളമ്പിയ ചോറു തീര്‍ന്നപ്പോ വിളമ്പുകാരോടു് വീണ്ടും വേണമെന്നു പറഞ്ഞു. കുറച്ചു മതി എന്നതിന്റെ കന്നഡ എന്താവും? അറിഞ്ഞൂട. മൂപ്പര്‍ കുറച്ചധികം എന്റെ ഇലത്തളികയിലേക്കു് വിളമ്പി. കുടുങ്ങിയല്ലോ. ഇനിയിതെങ്ങനെ തിന്നു തീര്‍ക്കും? വാങ്ങേണ്ടായിരുന്നു. മനോജ് എന്റെ മുഖത്തേക്കും ഇലത്തടുക്കിലേക്കും മാറി മാറി നോക്കി ‘ഇതു് ഇങ്ങളെങ്ങനെ തിന്നും?’ എന്നു ചോദിച്ചു. ഞാന്‍ എന്റെ ആധി പുറത്തു കാണിച്ചില്ല. ‘തിന്ന്വന്നെ’ എന്നും പറഞ്ഞു് വീരനായി തീറ്റ തുടങ്ങി ഏതാണ്ടു മുക്കാല്‍ ഭാഗവും തിന്നു തീര്‍ത്തു. പതിവിലധികം ഊണു കഴിച്ചപ്പോ ഇര വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ അനങ്ങാന്‍ പറ്റാതെയായി. അന്നപൂര്‍ണ്ണ ഹാളിന്റെ മുന്നിലുള്ള ലോണില്‍ കുറച്ചു നേരമിരുന്നു. ഭക്ഷണസമയം കഴിഞ്ഞു് ഹാള്‍ പൂട്ടാന്‍ തുടങ്ങിയപ്പോള്‍ എണീറ്റു് റൂമിലേക്കു പോയി കിടന്നു. വേഗം തന്നെ ഉറങ്ങിപ്പോയി.

ശ്രീ ക്ഷേത്ര ധര്‍മ്മസ്ഥല റൂറല്‍ ഡവലപ്പ്മെന്റ് പ്രൊജക്ട്

പിറ്റേന്നു രാവിലെ നേരത്തേ എണീറ്റു. പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു് പുറപ്പെട്ടു് റൂം വെക്കേറ്റ് ചെയ്തു് പുറത്തിറങ്ങി. ബസ്സ് സ്റ്റാന്‍ഡിലേക്കു നടക്കുമ്പോള്‍ ‘ശ്രീ ക്ഷേത്ര ധര്‍മ്മസ്ഥല റൂറല്‍ ഡവലപ്പ്മെന്റ് പ്രൊജക്ട്’ എന്നൊരു ബോര്‍ഡു കണ്ടു. ഇവര്‍ക്കു റൂറല്‍ ഡവലപ്പ്മെന്റുമുണ്ടോ? ആഹാ. കൂടുതല്‍ വിവരമൊന്നും കിട്ടിയില്ലെങ്കിലും ആ കെട്ടിടത്തിന്റെ പടമെടുത്തു. വിവരം പിന്നീടു് എപ്പഴെങ്കിലും കിട്ട്വോന്നു നോക്കാം. പോവുന്ന വഴിയിലെ വിശാലമായ പാര്‍ക്കിങ് ഏരിയകളിലൊന്നിന്റെ മനോഹരമായ കവാടങ്ങള്‍ ശ്രദ്ധിച്ചു. ദാരുവില്‍ കൊത്തിയെടുത്തതെന്നു് ഒറ്റനോട്ടത്തില്‍ തോന്നി. അടുത്തു ചെന്നു വിരലുകൊണ്ടു് തട്ടി നോത്തിയപ്പോഴാണു് ഫൈബറാണെന്നു് മനസ്സിലായതു്. പടമെടുത്തു. ധര്‍മ്മസ്ഥല ക്ഷേത്രത്തിനു മുന്നില്‍ ഒരു വലിയ ഉദ്യാനമുണ്ടു്. ലളിതോദ്യാന എന്ന പേരില്‍. അതിരാവിലെയായതിനാല്‍ അതടഞ്ഞു കിടക്കുന്നു. ക്ഷേത്രദര്‍ശനത്തിനു് വമ്പന്‍ ക്യൂ. അതുകൊണ്ടു് ക്ഷേത്രത്തില്‍ കടക്കാന്‍ നിന്നില്ല.

രത്നഗിരി ബാഹുബലി വിഹാര്‍

ബസ്സ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണു് രത്നഗിരി ബാഹുബലി വിഹാര്‍ എന്ന ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടതു്. ഗേറ്റ് പൂട്ടിയിരിക്കുകയാണു്. കേരളത്തിന്‍ നിന്നു തന്നെയുള്ള ഒരു വലിയ ഫാമിലി ഗ്രൂപ്പ് ഗേറ്റിനു മുന്നിലെ പടിക്കെട്ടില്‍ ഇരുന്നു് ക്യാമറയ്ക്കു് പോസ് ചെയ്യുന്നു. കുറച്ചു കഴിഞ്ഞപ്പോ ഗേറ്റു തുറന്നു. പടിക്കെട്ടു കയറാന്‍ തുടങ്ങി.

കയറി മുകളിലെത്തി. കുറേ ഉയരത്തിലാണു് ബാഹുബലിയുടെ ഒറ്റക്കല്ലില്‍ തീര്‍ത്ത കൂറ്റന്‍ കരിങ്കല്‍വിഗ്രഹമുള്ളതു്. ഒറ്റക്കല്ലില്‍ തീര്‍ത്ത മാനസ്തംഭവും മുന്നിലായുണ്ടു്. ഇവ രണ്ടും സ്ഥാപിച്ചതിന്റെയും മറ്റും ഫോട്ടോകള്‍ അവിടെ പ്രദര്‍ശിപ്പിച്ചു വച്ചിട്ടുണ്ടു്.

കുറച്ചു നേരം അവിടെ ചെലവഴിച്ച ശേഷം തിരികെയിറങ്ങി ബസ്സ് സ്റ്റാന്‍ഡിലേക്കു നടന്നു.

കുക്കെ സുബ്രഹ്മണ്യ

സുബ്രഹ്മണ്യയ്ക്കുള്ള ബസ്സ് കണ്ടപ്പോള്‍ അതില്‍ കയറിയിരുന്നു. കൂടുതലും കാട്ടിനുള്ളിലൂടെയും മറ്റുമാണു് ഇവിടെ നിന്നും സുബ്രഹ്മണ്യയിലേക്കുള്ള യാത്ര. അവിടവിടെയായി കേരളത്തിലേതു പോലുള്ള ചെറിയ അങ്ങാടികളും. ആകെ മൊത്തം യാത്ര കേരളത്തിലെ മലയോര മേഖലയിലൂടെ പോവുന്ന പോലെയുണ്ടു്. ധാരാളമായുള്ള കമുകിന്‍ തോട്ടങ്ങളാണു് ഒരു വ്യത്യാസം പറയാനുള്ളതു്. രാവിലെ 9.05 ഓടു കൂടി സുബ്രഹ്മണ്യയിലെത്തി. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രമാണു് ഇവിടെത്തെ പ്രധാന സന്ദര്‍ശന കേന്ദ്രം. മഡെസ്നാന എന്ന ദുരാചാരം കൊണ്ടു് കുപ്രസിദ്ധമാണു് ഇവിടം. ക്ഷേത്രദര്‍ശനത്തിനു് വലിയ ക്യൂ ആയതിനാല്‍ കയറേണ്ടെന്നു വച്ചു. ആത്ര വലിപ്പമൊന്നുമില്ലാത്തെ ചെറിയൊരങ്ങാടിയുമുണ്ടു്. പഴക്കം ചെന്ന കെട്ടിടങ്ങളാണു് കൂടുതലും. ക്ഷേത്രം വക സത്രങ്ങളും ഉണ്ടു്.

ഇവിടെ ഒരു ഷോപ്പില്‍ കോക്കം സ്ക്വാഷ് വില്ക്കാന്‍ വച്ചതായി ബോര്‍ഡു കണ്ടു. ഭേഷ്. ഞാനും മനോജും ഓരോ ബോട്ടില്‍ വാങ്ങി.രാവിലെത്തെ ചായ കുടിച്ചിട്ടില്ല. കേറിയ ഹോട്ടലുകളിലെല്ലാം വമ്പന്‍ തിരക്കു്. ഒടുക്കം ഒരു ചെറിയ ചായപ്പീടികയില്‍ ഇരിക്കാന്‍ സീറ്റ് കിട്ടി. വലിയ വൃത്തീം മെനയുമൊന്നുമില്ല. എന്നാലും കൊള്ളാം. ചായയും പുലാവും കഴിച്ചു. തിരികെ ബസ്സ് സ്റ്റാന്‍ഡിലെത്തി മടിക്കേരിയിലേക്കു് ബസ്സ് അന്വേഷിച്ചു. നേരിട്ടു് ബസ്സില്ല പോലും. സുള്ള്യയില്‍ പോയി അവിടെനിന്നു് മാറിക്കേറണം മടിക്കേരിക്കു്.

സുള്ള്യ

കുറച്ചു കഴിഞ്ഞപ്പോള്‍ സുള്ള്യ വഴി കാസറഗോഡിനുള്ള ബസ്സ് വന്നു. അതില്‍ കയറി സുള്ള്യയിലേക്കു് ടിക്കറ്റെടുത്തു. സുള്ള്യയിലേക്കുള്ള വഴി നീളെയും കാടും അതിനിടയ്ക്കിടെ ചെറിയ അങ്ങാടികളും തന്നെ. ഇടയ്ക്കു് ഒരു പഞ്ചായത്താപ്പീസ് കെട്ടിടവും റോഡരികില്‍ കണ്ടു. പടമെടുക്കാന്‍ കഴിഞ്ഞില്ല. നിറയെ കമുകിന്‍ തോട്ടങ്ങള്‍.

സുള്ള്യയില്‍ എത്തിയപ്പോള്‍ മണി പതിനൊന്നര. മടിക്കേരിക്കുള്ള കര്‍ണ്ണാടക ആര്‍ ടി സി ബസ്സ് റെഡിയാണു്. വേഗം കയറി. എന്തൊരു പഴഞ്ചന്‍ ബസ്സ്. നിരവധിയായ പാച്ച് വര്‍ക്കുകളാണു് ബസ്സിന്റെ ഉള്ളിലും പുറത്തും. ഇതു് മടിക്കേരി എത്തിയാല്‍ മതിയായിരുന്നെന്നു് മനസ്സിലോര്‍ത്തു.

മടിക്കേരി

മടിക്കേരിക്കുള്ള യാത്രയില്‍ ഇരുവശത്തുമുള്ള കാഴ്ചകള്‍ മാറുകയാണു്. കുടകിന്റെ നാട്ടുകാഴ്ച. അങ്ങിങ്ങു് റബ്ബര്‍ത്തോട്ടങ്ങള്‍. ദൂരെക്കാണുന്ന മലമടക്കുകളില്‍ ചോലക്കാടുകള്‍. വാര്‍ദ്ധക്യ സഹജമായ വിറയലോടെ മുക്കിയും മൂളിയും കൊണ്ടു് ബസ്സ് മടിക്കേരി ലക്ഷ്യമാക്കി നിങ്ങുകയാണു്. മണി ഒന്നേകാലായപ്പോള്‍ മടിക്കേരിയിലെത്തി. മടിക്കേരി കോട്ടയുടെയും പഴയ സെക്രട്ടേറിയറ്റിന്റെയും നിമിഷക്കാഴ്ച ഒരു വശത്തു കണ്ടു. ബസ്സ് സ്റ്റാന്‍ഡില്‍ ഏറെ ബസ്സുകളൊന്നുമില്ല. ബസ്സ് സ്റ്റാന്‍ഡില്‍ തന്നെയുള്ള ഹോട്ടലില്‍ കയറി ഉച്ചയൂണു് കഴിച്ചു. കിടിലന്‍ വെജിറ്റേറിയന്‍ ഭക്ഷണം.

കുശാലനഗര്‍ – ബൈലക്കുപ്പെ

ഭക്ഷിച്ചു കഴിഞ്ഞു് പുറത്തിറങ്ങിയപ്പോള്‍ കുശാലനഗറിലേക്കുള്ള ബസ്സ് റെഡിയായി നില്ക്കുന്നു. വേഗം ചെന്നു് അതില്‍ കയറി. മടിക്കേരിയില്‍ നിന്നു് കുശാലനഗറിലേക്കുള്ള യാത്രയില്‍ കുടകിന്റെ ഭംഗിയാസ്വദിച്ചു. ഏതാണ്ടൊക്കെ വയനാടു് പോലെത്തന്നെ. കാപ്പിത്തോട്ടങ്ങള്‍, കമുകിന്‍ തോട്ടങ്ങള്‍ അങ്ങനെയങ്ങനെ. രണ്ടേ കാലിനു് കുശാലനഗറിലെത്തി. ബസ്സ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നു് ഓരോ മൂസമ്പി ജ്യൂസ് വാങ്ങിക്കുടിച്ച ശേഷം മൈസൂരിലേക്കു പോവുന്ന ബസ്സില്‍ ഓടിക്കയറി. ബൈലക്കുപ്പെയില്‍ ഇറങ്ങി. അവിടെ നിന്നു് ഒരു ഓട്ടോ പിടിച്ചു, ടിബറ്റന്‍ സെറ്റില്‍മെന്റിലേക്കു്. അങ്ങോട്ടു പോവുന്ന വഴിയില്‍ ഇഞ്ചിയും ചോളവും കൃഷിചെയ്യുന്ന വയലുകള്‍ കണ്ടു. ചോളം വിളവെടുക്കുകയാണു്. ടിബറ്റുകാരുടെ ഗോള്‍ഡന്‍ ടെമ്പിള്‍ ഇവിടെയാണുള്ളതു്. ടിബറ്റിനു് വെളിയില്‍ ടിബറ്റുകാരുടെ ഏറ്റവും വലിയ സെറ്റില്‍മെന്റുകളിലൊന്നാണു് ഇവിടുത്തേതു്. ടിബറ്റിനെ ചൈന കൈവശപ്പെടുത്തിയപ്പോള്‍ നാടു വിട്ടോടിപ്പോന്ന അഭയാര്‍ത്ഥികളുടെ ടൌണ്‍ഷിപ്പ്. അവരുടെ സന്ന്യാസി മഠങ്ങളും വീടുകളും ക്ഷേത്രങ്ങളുമാണിവിടെത്തെ കാഴ്ചകള്‍.

ഒരു ക്ഷേത്രം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരിക്കുകയാണു്. അകവും പുറവും ചായം തേച്ചു് അതിമനോഹരമാക്കിയ ക്ഷേത്രം. ഉള്ളില്‍ നിരവധിയാളുകളുണ്ടെങ്കിലും മറ്റെങ്ങുമില്ലാത്ത ഒരു ശാന്തത. ബുദ്ധവിഗ്രഹം വളരെ വലുതാണു്. ടിബറ്റന്‍ മട്ടിലുള്ള നിരവധി നിരവധിയായുള്ള ചുമര്‍ച്ചിത്രങ്ങള്‍. ബൌദ്ധപാരമ്പര്യത്തിലെ കഥകള്‍ അധികമറിയാത്തതിനാല്‍ മിക്ക ചിത്രങ്ങളിലും പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റിയില്ല. അതുകൊണ്ടു് കൊതി തീരെ പടങ്ങളെടുത്തു.

ക്ഷേത്രത്തിനു പുറത്തിറങ്ങി മെയിന്‍ ഗേറ്റു കടക്കവേ പതിഞ്ഞ താളത്തിലുള്ള ടിബറ്റന്‍ ഡ്രമ്മിന്റെയും ഇലത്താളത്തിന്റെയും ശബ്ദം. അടുത്തുള്ള കടയില്‍ നിന്നും മോള്‍ക്കു് ഒരു കിലുക്കട്ടയും ശ്രീധന്യക്കു് ഒരു ടിന്‍ മൈസൂര്‍ സാന്‍ഡല്‍ പൌഡറും വാങ്ങി. ചായ കുടിക്കാന്‍ കടയില്‍ കയറി ടിബറ്റന്‍ വിഭവങ്ങള്‍ ചോദിച്ചു. അവിടെ ഞങ്ങള്‍ക്കു് പിടിച്ചതൊന്നും കിട്ടിയില്ല. കടക്കാരന്‍ ചിരിച്ചു കൊണ്ടു് ‘നിങ്ങള്‍ക്കു പറ്റിയ ചിക്കന്‍ റോളും സമൂസയുമെല്ലാം അപ്പുറത്തൊരു കടയിലുണ്ടെ’ന്നു പറഞ്ഞു. അങ്ങേര്‍ ഞങ്ങളെ ആക്കിയതാണോ? ഞങ്ങള്‍ക്കു് സംശയമായി. ചായ കുടിക്കേണ്ടെന്നു വച്ചു. പുഴുങ്ങിയ ചോളം വാങ്ങിത്തിന്നു കൊണ്ടു് അടുത്തു കണ്ട ഓട്ടേയില്‍ ചാടിക്കയറി ബൈലക്കുപ്പെ എന്നു പറഞ്ഞു. പുള്ളി നേരെ ബൈലക്കുപ്പെക്കു വിട്ടു.

ബൈലക്കുപ്പയിലെത്തിയപ്പോള്‍ കുശാലനഗറിലേക്കുള്ള ബസ്സ് വരുന്നതെപ്പോഴാണെന്നു ചോദിച്ചു. പുള്ളി നേരെ തിരിഞ്ഞു് ഒരു ചോദ്യം കന്നഡയില്‍. അതിന്റെ അര്‍ത്ഥം ഏതാണ്ടു് ഇങ്ങനെ ‘നിങ്ങള്‍ക്കു് കുശാലനഗറിലേക്കാണു പോവേണ്ടതെങ്കില്‍ അതാദ്യം പറഞ്ഞൂടായിരുന്നോ? അങ്ങോട്ടു് വേറെ വഴിയുണ്ടായിരുന്നു. ഇപ്പോ വന്ന അത്രയും ദൂരമേ അങ്ങോട്ടുമുള്ളൂ. ഇനിയിപ്പോ എന്താ ചെയ്യാ”. ഏതായാലും കുശാലനഗറിലേക്കു് വിടാന്‍ പറഞ്ഞു. കുശാലനഗറിലെത്തി അവിടെ നിന്നു് വിരാജ്പേട്ടയ്ക്കുള്ള ബസ്സ് അന്വേഷിച്ചു. പ്രൈവറ്റ് ബസ്സേയുള്ളൂ. അങ്ങനെ അതും കാത്തു നില്പായി. ഒരു മുക്കാല്‍ മണിക്കൂര്‍ കാത്തു നിന്നു കാണും. ബസ്സ് വന്നു. ഓടിക്കയറി. നല്ല ദൂരമുണ്ടു് വിരാജ് പേട്ടയ്ക്കു്.

വിരാജ്പേട്ട

വിരാജ് പേട്ടയിലെത്തിയപ്പോള്‍ രാത്രിയായി. ഇവിടെ നിന്നു് കുട്ടയിലേക്കുള്ള ബസ്സ് അന്വേഷിച്ചു. ബസ്സുണ്ടാവാന്‍ സാദ്ധ്യതയില്ലെന്നാണു് വിരാജ്പേട്ട വരെ വന്ന പ്രൈവറ്റ് ബസ്സിലെ കണ്ടക്ടര്‍ പറഞ്ഞതു്. ഇനിയെന്തു് എന്ന ഭാവത്തില്‍ ഞങ്ങള്‍ മുഖത്തോടുമുഖം നോക്കി നില്പായി. അപ്പോഴുണ്ടു് ആ ബസ്സില്‍ നിന്നു് ക്ലീനര്‍ ഒരാളെ ഉന്തിത്തള്ളി പുറത്തിടുന്നു. പിന്നാലെ അയാളുടെ ഇരുമ്പു് പണിസാധനങ്ങളങ്ങിയ ബാഗും. ബാഗില്‍ നിന്നു് പണിസാധനങ്ങള്‍ ഒന്നു രണ്ടെണ്ണം പുറത്തും വീണു. വീണയാള്‍ക്കു് എണീക്കാന്‍ തന്നെ പറ്റുന്നില്ല. എന്തോ മയക്കുമരുന്നടിച്ചതിന്റെ പ്രഭാവമണെന്നു് കണ്ടാലറിയാം. അയാളെ ചീത്ത പറഞ്ഞു കൊണ്ടു് ക്ലീന‍ര്‍ ബസ്സ് പോവാന്‍ വിസിലടച്ചു. ഞങ്ങളിതൊക്കെ കണ്ടുകൊണ്ടു് അങ്ങനെ വിഷണ്ണരായി നില്ക്കുമ്പോഴതാ കുട്ട എന്ന ബോര്‍ഡും വച്ചു് ഒരു കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസ്സ് അടുത്തുള്ള റോഡിലേക്കു് തിരിഞ്ഞു് പോവുന്നു. ഞാന്‍ ‘കുട്ട ബസ്സ് കുട്ട ബസ്സ്’ എന്നു വിളിച്ചു പറഞ്ഞു കൊണ്ടു് അതിനു പിന്നാലെ ഓടി. പിന്നാലെ മനോജും. വഴിയില്‍ കണ്ടവരോടു് അന്വേഷിച്ചതില്‍ ആ ബസ്സ് വിരാജ്പേട്ട ബസ്സ് സ്റ്റാന്‍ഡിലേക്കാണു് പോവുന്നതെന്നും അവിടെ ലേശം നേരം ഹാള്‍ട്ടുണ്ടെന്നും മനസ്സിലായി. ഞങ്ങള്‍ വേഗം ബസ്സ് സ്റ്റാന്‍ഡിലേക്കു വഴി ചോദിച്ചറിഞ്ഞു് നടന്നു. അഞ്ചു മിനുട്ടു കൊണ്ടു് ബസ്സ് സ്റ്റാന്‍ഡിലെത്തി. നേരത്തെ കണ്ട കുട്ടയ്ക്കുള്ള ബസ്സതാ നില്ക്കുന്നു. വേഗം അതില്‍ കയറി. ആ ബസ്സില്‍ ആകസ്മികമായി മനോജിന്റെ ഒരു അയല്‍വാസിയെ കണ്ടുമുട്ടി – സെയില്‍സ് ടാക്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന ‍വിജീഷ്. ‘ഏതു നാട്ടില്‍ ചെന്നാലും കുരുത്തക്കേടു കളിക്കാന്‍ സൂക്ഷിക്കണം അല്ലേ, പരിചയക്കാര്‍ എവിടുന്നാ വരിക എന്നു പറയാമ്പറ്റൂല’ എന്നു മനോജ്. രാത്രി വൈകുന്തോറും തണുപ്പു് അരിച്ചു കയറാന്‍ തുടങ്ങി.

കുട്ട – മാനന്തവാടി -കല്പറ്റ – താമരശ്ശേരി

ബസ്സ് കുട്ടയിലെത്തിയപ്പോള്‍ മാനന്തവാടിക്കുള്ള കെ എസ് ആര്‍ ടി സി ബസ്സ് റെഡിയായി നില്ക്കുന്നു. കയറി. മാനന്തവാടിയെത്തുമ്പോള്‍ കോഴിക്കോടിനുള്ള ബസ്സ് കിട്ടുമെന്നു വിവരം കിട്ടി. നല്ല വിശപ്പു്. മാനന്തവാടി ഇറങ്ങിയപ്പോള്‍ അടുത്തുള്ള ഒരു ഹോട്ടലില്‍ നിന്നു് ഉപ്പുമാവു് പാര്‍സല്‍ വാങ്ങി റോഡരികില്‍ നിന്നു കൊണ്ടു് തിന്നു തീര്‍ത്തു. ഹോട്ടലില്‍ കയറിയിരുന്നു കഴിക്കുമ്പോ ബസ്സെങ്ങാനും പോയാലോ? പക്ഷേ നേരമേറെക്കഴിഞ്ഞിട്ടും ബസ്സ് വരുന്നതു കാണുന്നില്ല. അതു പോയിക്കാണുമെന്നു് വഴിയില്‍ കണ്ടവരും പറഞ്ഞു. എന്നാപ്പിന്നെ കുശാലായി ഭക്ഷണം കഴിച്ചിട്ടാവാം ബാക്കി. ആ ഹോട്ടലില്‍ തന്നെ കയറി പൊറാട്ടയും മീന്‍ കറിയും കഴിച്ചു. ഭക്ഷണം കഴിച്ചു് പുറത്തിറങ്ങി വീണ്ടും നില്പായി, എന്തെങ്കിലും വാഹനം കിട്ടുന്നതും കാത്തു്. കുറച്ചു കഴിഞ്ഞപ്പോ മഴ പെയ്യാന്‍ തുടങ്ങി. അങ്ങനേ നില്ക്കുമ്പോള്‍ അതാ കല്പറ്റയ്ക്കുള്ള ബസ്സു വരുന്നു. വേഗം അതില്‍ പാഞ്ഞു കയറി. എനിക്കാണെങ്കില്‍ ഉറക്കം വന്നു തുടങ്ങി. കല്പറ്റയെത്തി ഇറങ്ങി. കോഴിക്കോട്ടേക്കുള്ള വാഹനവും പ്രതീക്ഷിച്ചു് ഒരു കടയുടെ കോലായില്‍ ഇരുന്നു ഉറക്കം തൂങ്ങാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോ മനോജ് ഉറക്കെ വിളിക്കുന്നു. കോഴിക്കോട്ടേക്കു പോവുന്ന ഒരു മിനിബസ്സ് കൈ കാട്ടി നിര്‍ത്തീട്ടുള്ള വിളിയാണു്. വേഗം തപ്പിപ്പിടഞ്ഞെണീറ്റു് അതില്‍ കയറി. സീറ്റു കിട്ടിയതും വീണ്ടും  ഞാനിരുന്നുറങ്ങി. ഉണര്‍ന്നതു് ബസ്സ് താമരശ്ശേരിയെത്തിയപ്പോള്‍ മനോജ് വിളിച്ചിട്ടാണു്. അവിടെയിറങ്ങി മനോജിന്റെ കൂടെ മനോജിന്റെ ഏട്ടന്റെ വീട്ടിലേക്കു നടന്നു. വീട്ടിലെത്തി മുട്ടി വിളിച്ചപ്പോള്‍ മനോജിന്റെ അച്ഛന്‍ വാതില്‍ തുറന്നു. വീട്ടില്‍ കയറി കിടക്ക കണ്ടതും ഉറങ്ങിയതുമേ ഓര്‍മ്മയുള്ളൂ. രാവിലെ ഉണര്‍ന്നപ്പോള്‍ എല്ലാവരോടും യാത്ര പറഞ്ഞു് നേരെ വീട്ടിലേക്കു പോന്നു.

കൂളിപ്പൊയില്‍ ഉണ്ണി

കൂളിപ്പൊയില്‍ ഉണ്ണിവൈദ്യര്‍ ഒരു കാലത്തു് നന്മണ്ടയില്‍ പരക്കെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. ഒരു ചികിത്സകന്‍ എന്ന നിലയിലല്ല, ഒരു രസികശിരോമണി എന്ന നിലയ്ക്കായിരുന്നു അദ്ദേഹത്തിന്റെ  ഖ്യാതി. പല കഥകളും അദ്ദേഹത്തെപ്പറ്റി നാട്ടില്‍ പ്രചാരത്തിലുണ്ടു്. ആളെ പരിചയപ്പെടുത്താന്‍ വേണ്ടി അവയില്‍ ചിലതു് ഇവിടെ കുറിയ്ക്കുന്നു.

“വട്ടോട്ടം വടുവട്ടോട്ടം, നെട്ടോട്ടം നെടുനെട്ടോട്ടം” എന്ന പ്രയോഗത്തിലൂടെ ഇന്നും അറിയപ്പെടുന്ന സംഭവം, ഇങ്ങനെ. ദൂരസ്ഥലത്തു് എവിടെയോ യാത്ര കഴിഞ്ഞു തിരിച്ചു വരികയാണു് വൈദ്യര്‍. വഴിയില്‍ എവിടെയോ വെളിക്കിരുന്നു, ശങ്ക തീര്‍ത്തു ( കക്കൂസുകളൊക്കെ നിലവില്‍ വരുന്നതിനു മുമ്പുള്ള കാലമാണു്). ഒരു വീട്ടില്‍ കയറി, ശൌചം ചെയ്യുന്നതിനു് ഒരു കിണ്ടിയില്‍ വെള്ളം വാങ്ങി. മറവില്‍ പോയി കാര്യം സാധിച്ചു തിരിച്ചു വന്നു. വൈദ്യരെ മുന്‍പേ അറിയുന്ന വീട്ടുകാര്‍ അരികെ വന്നു കുശലമന്വേഷിച്ചു. അവര്‍ വൈദ്യരോടു് എന്തെങ്കിലും ഒരു വിദ്യ കാണിക്കണമെന്നു് അപേക്ഷിച്ചു. വൈദ്യര്‍ ഒരു നിമിഷം ആലോചിച്ചു. “വട്ടോട്ടം  വടുവട്ടോട്ടം, നെട്ടോട്ടം നെടുനെട്ടോട്ടം എന്നൊരു വിദ്യയുണ്ടു്. കാണിക്കണോ? പിന്നീടു പരാതി പറയരുതു്. സമ്മതമാണോ?”. വൈദ്യര്‍ അന്വേഷിച്ചു. വീട്ടുകാര്‍ക്കു് പൂര്‍ണ്ണ സമ്മതം. വീട്ടുമുറ്റത്തു് ഒരു തുളസിത്തറയുണ്ടു്. വൈദ്യര്‍ അതിനു മുമ്പില്‍ ഒരു നിമിഷം ധ്യാനിച്ചു നിന്നു. “ഞാന്‍ ആരംഭിക്കുകയാണു്. കണ്ടോളൂ” എന്നു പറഞ്ഞു കൊണ്ടു് തൂക്കിപ്പിടിച്ച കിണ്ടിയുമായി മൂന്നുവട്ടം തറയ്ക്കു ചുറ്റും ഓടി.

vattottam_vaduvattottam“ഇതു് വട്ടോട്ടം. അടുത്തതു് വടുവട്ടോട്ടമാണു്” വൈദ്യര്‍ വീട്ടിനു ചുറ്റും മൂന്നുവട്ടം ഓടി. അതും കഴിഞ്ഞു. “ഇനി നെട്ടോട്ടം” എന്നു് പറഞ്ഞുകൊണ്ടു് മുറ്റത്തുനിന്നു നടവഴിയിലൂടെ കോണിപ്പടവു് വരെ ഓടി തിരിച്ചുവന്നു. ആ ഇനവും കഴിഞ്ഞു. “ഇനി നെടുനെട്ടോട്ടം” എന്നു് പറഞ്ഞതും വീടിന്റെ നടവഴിയും കോണിപ്പടവുകളും കഴിഞ്ഞു തിരിഞ്ഞു നോക്കാതെ ഒരു ഓട്ടം വച്ചുകൊടുത്തു. സ്വന്തം വീട്ടിലെത്തി കയ്യിലെ കിണ്ടി കോലായില്‍ വച്ചു. കിണ്ടിയുടെ ഉടമകളായ വീട്ടുകാര്‍ പരാതിയുമായി വന്നില്ല. ഓട്ടുകിണ്ടി വൈദ്യര്‍ക്കു സ്വന്തം.

“കൊറ്റനും പീരയും തിന്ന്വോടാ” ഈ പ്രയോഗത്തിലൂടെ അറിയപ്പെടുന്ന മറ്റൊരു സംഭവമുണ്ടു്. മുമ്പുകാലത്തു് വീടുകളില്‍ വെളിച്ചെണ്ണ ഉണ്ടാക്കിയിരുന്നതു് തേങ്ങ വെന്തിട്ടായിരുന്നു. ചിരകിയെടുത്ത തേങ്ങ അല്‍പ്പം വെള്ളം ചേര്‍ത്തു വേവിച്ചു പിഴിഞ്ഞെടുത്ത തേങ്ങാപ്പാല്‍ അടുപ്പത്തു വച്ചു് കുറുക്കി അരിച്ചെടുക്കുന്നതാണു് വെന്ത വെളിച്ചെണ്ണ. ചീനച്ചട്ടിയില്‍ അവശേഷിച്ചു കിട്ടുന്നതാണു് കൊറ്റന്‍ അഥവാ കക്കന്‍. ഇതു് തേങ്ങയുടെ പീരയും കൂട്ടി കഴിക്കാന്‍ വളരെ സ്വാദുള്ളതാണു്. ഇന്നത്തെപ്പോലെ ബേയ്ക്കറി പലഹാരങ്ങളൊന്നും ഇല്ലാത്ത പഴയ കാലത്തു് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വല്ലപ്പോഴും ഒത്തുകിട്ടുന്ന ഒരു പലഹാരമാണു്. വീട്ടിലെ ആണുങ്ങള്‍ സാധാരണനിലയില്‍ ഇതു കഴിക്കാന്‍ മെനക്കെടാറില്ല. ഒരു വീട്ടില്‍ കൊറ്റന്‍ ഒരിക്കലും സ്ത്രീകള്‍ക്കു് കഴിക്കാന്‍ കൊടുക്കാതെ തട്ടിയെടുക്കുന്ന  ഒരാളുണ്ടായിരുന്നു. ഒരു ദിവസം യാദൃശ്ചികമായി വീട്ടില്‍ വന്ന വൈദ്യരോടു് അവിടുത്തെ സ്ത്രീകള്‍ പരാതി ഉന്നയിച്ചു. “ഇവിടെ വെന്ത വെളിച്ചെണ്ണ ഉണ്ടാക്കിയാല്‍ ഇവിടുത്തെ ആളു് കൊറ്റനും പീരയും കൊണ്ടു് തെങ്ങില്‍ക്കയറും. ഞങ്ങള്‍ക്കു് ഒട്ടും തരാതെ മുഴുവന്‍ തിന്നു തീര്‍ക്കും. വൈദ്യര്‍ ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരണം.” വൈദ്യര്‍ സമ്മതം മൂളി. “പക്ഷേ ചെലവു ചെയ്യണം.”  സ്ത്രീകള്‍ സമ്മതിച്ചു. “എങ്കില്‍ ഒരു ദിവസം സന്ധ്യയ്ക്കു് വെളിച്ചെണ്ണ തയ്യാറാക്കുക. ദിവസവും സമയവും എന്നെ അറിയിക്കുക.” ഏതാനും ദിവസം കഴിഞ്ഞു് വൈദ്യര്‍ക്കു രഹസ്യമായി അറിയിപ്പു് കിട്ടി. വൈദ്യര്‍ വീട്ടില്‍ നിന്നും പുറപ്പെട്ടു. സ്ത്രീകള്‍ വെളിച്ചെണ്ണ  തയ്യാറാക്കുകയാണു്. വീട്ടുകാരന്‍ നൊട്ടിനുണച്ചുകൊണ്ടു് അകലെ കാത്തിരിയ്ക്കുന്നു. വെളിച്ചെണ്ണ അരിച്ചെടുക്കേണ്ട താമസം, ആളു് കൊറ്റനും പീരയും വാരിയെടുത്തുകൊണ്ടു് ഓടി തെങ്ങില്‍ക്കയറി. പടിയ്ക്കല്‍ കാത്തുനിന്ന വൈദ്യര്‍ വീട്ടിലേക്കു ചെന്നു. മുന്‍ധാരണയനുസരിച്ചു് തയ്യാറാക്കി വച്ച പൊതിക്കെട്ടു് വാങ്ങി വൈദ്യര്‍ നടന്നകന്നു. കൈവശമുള്ള മാറാപ്പുകെട്ടഴിച്ചു് അതില്‍ നിന്നു് കറുപ്പു് പട്ടെടുത്തു അരയില്‍ ചുറ്റി, ചുവന്ന പട്ടെടുത്തു കഴുത്തിലിട്ടു് വാളെടുത്തു കിലുക്കിക്കൊണ്ടു് കക്ഷി ഇരിക്കുന്ന തെങ്ങിന്റെ ചുവട്ടിലേയ്ക്കു് ചെന്നു. തന്റെ കൈവശം നല്‍കിയ പാര്‍സല്‍ കെട്ടഴിച്ചു് ഇറച്ചിയും പത്തിരിയും കള്ളും താഴെവച്ചു പൂജിച്ച ശേഷം കഴിച്ചുതുടങ്ങി. തെങ്ങിനു മുകളിലുള്ള കക്ഷി ഇതെല്ലാം കണ്ടു കാര്യം മനസ്സിലാവാതെ ഭയന്നു. വൈദ്യര്‍ വാളും കിലുക്കി മുകളിലേയ്ക്കു് നോക്കി ഗര്‍ജ്ജിച്ചു “കൊറ്റനും പീരയും തിന്ന്വോടാ…? എട കോരപ്പാ…, കൊറ്റനും പീരയും തിന്ന്വോടാ…?” പലവട്ടം ഇതാവര്‍ത്തിച്ചു.

kottanum_peerayumതെങ്ങിനു മുകളിരുന്നു കൊറ്റനും പീരയും കഴിക്കുന്ന കോരപ്പന്‍ പേടിച്ചരണ്ടു. പ്രാണഭയത്തോടെ നിലവിളിച്ചു. “ഇല്ലേ…, ഇല്ലേ…,” ആളെക്കൊണ്ടു് സത്യം ചെയ്യിച്ചു.  വൈദ്യര്‍ സ്ഥലം വിട്ടു. പിന്നീടു് ഒരിക്കലും വെന്ത വെളിച്ചെണ്ണ തയ്യാറാക്കുന്ന ദിവസം കോരപ്പന്‍ വീട്ടില്‍ നില്‍ക്കില്ല. കൊറ്റനും പീരയ്ക്കും എന്നെന്നേക്കുമായി വിട!

“കുമ്പളങ്ങയില്‍ മോരുകറി”– വൈദ്യര്‍ രാവിലെ നടക്കാന്‍ ഇറങ്ങിയതാണു്. വഴിയില്‍ ഒരു വീട്ടില്‍ക്കയറി. അവിടെ തൊഴുത്തിനു മുകളില്‍ ഇളവന്‍കുമ്പളം നന്നായി കായ്‌ച്ചു കിടക്കുന്നു. നല്ല മുഴുത്ത കായകള്‍. ഗൃഹനാഥന്‍ വയലില്‍ പണിയ്ക്കു പോയതാണു്. സ്ത്രീകള്‍ കോലായില്‍ ഇരിക്കുന്നു. തൊഴുത്തിനു മുകളിലുള്ള ഇളവനില്‍ കണ്ണുനട്ടുകൊണ്ടു് വൈദ്യര്‍ അതിന്റെ ഗുണങ്ങളെപ്പറ്റിയും ഔഷധമൂല്യങ്ങളെപ്പറ്റിയും സംസാരിച്ചു. ഒടുവില്‍ കുമ്പളങ്ങയില്‍ മോരുകറി വയ്ക്കുന്ന വിദ്യയും വിളമ്പി. ആ പുതിയ പാചകരീതി അറിയാന്‍ സ്ത്രീകള്‍ക്കു് താല്‍പ്പര്യമായി. പശുക്കളെ കറവയുള്ള വീടാണു്. കുമ്പളങ്ങയും സ്റ്റോക്കുണ്ടു്. പക്ഷേ കുമ്പളങ്ങയില്‍ മോരുകറി വയ്ക്കുന്ന വിദ്യ അറിയില്ല.  ഇന്നത്തെപ്പോലെ പാചക ഗ്രന്ഥങ്ങള്‍ ഒന്നും അന്നു നിലവിലില്ലല്ലോ. വൈദ്യര്‍  പാചകരീതി പഠിപ്പിക്കാന്‍ തയ്യാറായി. നല്ല മുഴുത്തൊരു ഇളവന്‍ പറിച്ചു കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. ഉദ്ദേശിച്ചതുപോലെ നല്ലൊരു കായ വൈദ്യരുടെ കയ്യിലെത്തി. ഒരു നാക്കിലയും കൈച്ചിരവയും കത്തിയും ആവശ്യപ്പെട്ടു. അതും റെഡി. വൈദ്യര്‍ ഒരു ഓലത്തടുക്കില്‍ ചമ്രം പടിഞ്ഞിരുന്നു. ഇളവനെടുത്തു മുന്നില്‍  കുത്തനെ പിടിച്ചു. കണ്ണിയുള്ള ഭാഗം ഏതാണ്ടു് നാലിഞ്ചു വ്യാസത്തില്‍ വൃത്താകൃതിയില്‍ മുറിച്ചു മാറ്റിവച്ചു.  കൈച്ചിരവയെടുത്തു് ഇളവന്റെ കഴമ്പെല്ലാം ചുരണ്ടിയെടുത്തു് നാക്കിലയില്‍ വച്ചു. ഇളവന്‍ ശരിക്കും ഒരു പാത്രമാക്കി മാറ്റി.

kumbalangayil_moruഒന്നു നിവര്‍ന്നിരുന്നു. രണ്ടു ഗ്ലാസ്സ് മോരും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഓര്‍ഡര്‍ ചെയ്തു. മോരു് ഇളവന്‍ പാത്രത്തില്‍ ഒഴിച്ചു് പൊടികള്‍ അതില്‍ ചേര്‍ത്തു് ഇളക്കി. മുറിച്ചു മാറ്റിവച്ച ഇളവന്റെ   മുകള്‍ഭാഗം കൊണ്ടു് ഭദ്രമായി അടച്ചു സ്ത്രീകളെ ഏല്‍പ്പിച്ചു. “ഇതു് അകത്തെ മൂലയില്‍ മറിഞ്ഞു പോകാതെ സൂക്ഷിക്കുക. ഉച്ചയ്ക്കു് ഊണിനു് ആവശ്യത്തിനു ഉപ്പും ചേര്‍ത്തു് ഉപയോഗിക്കാന്‍ ബഹുവിശേഷമാണു്.” ഇലയില്‍ ചുരണ്ടിയിട്ട ഇളവന്റെ കഴമ്പു് കെട്ടിപ്പൊതിഞ്ഞു് വൈദ്യര്‍ സ്ഥലം വിട്ടു. സമയം ഉച്ചയായി. വയലില്‍ പണി നിര്‍ത്തി ഗൃഹനാഥന്‍ വീട്ടിലെത്തി. കാലും മുഖവും കഴുകി ഊണു കഴിക്കാനിരുന്നു. വീട്ടുകാരി ചോറു വിളമ്പി. അകത്തു സൂക്ഷിച്ച ഇളവന്‍ വിഭവം താങ്ങിയെടുത്തു് ചോറിനടുത്തു വച്ചു. അല്‍പ്പം ഉപ്പു ചേര്‍ത്തു. “ഇതെന്താണു്? കറിയൊന്നും ഇല്ലേ?” “ഇതാണു് ഇന്നത്തെ കറി.” ഇളവന്‍ കയ്യിലെടുത്തു് ലായനി ചോറില്‍ ഒഴിച്ചു് അയാള്‍ ഒരു പിടി ചോറു് ഉരുട്ടി വായിലിട്ടു. “ഇതെന്തു കറിയാണു്?” “ഇതു് കുമ്പളങ്ങയില്‍ വച്ച മോരുകറിയാണു്. വളരെ വിശേഷപ്പെട്ടതാണു്.” അയാള്‍ ഭാര്യയുടെ മുഖത്തു് സൂക്ഷിച്ചുനോക്കി ചോദിച്ചു  “കൂളിപ്പൊയില്‍ ഉണ്ണി ഇവിടെ വന്നിരുന്നോ?”