ആഴാവില്‍ കരിയാത്തന്‍ തോറ്റം

കൊയിലാണ്ടി – ഊരള്ളൂര്‍ (അല്ലെങ്കില്‍ കൊയിലാണ്ടി – മുത്താമ്പി – കാവുംവട്ടം) റോഡില്‍ തടോളിത്താഴം എന്ന സ്ഥലത്തു ബസ്സിറങ്ങി, കുറ്റ്യാടി ജലസേചന പദ്ധതി – കനാലിന്റെ ഓരത്തു കൂടി അല്പം കിഴക്കോട്ടു് നടന്നാല്‍ ആഴാവില്‍ അമ്പലത്തിലെത്താം.

ചെമ്പു തകിടു കൊണ്ടു മേഞ്ഞ ഒരു ചെറിയ ശ്രീകോവില്‍, മുറ്റം, തിടപ്പള്ളി, അടുത്തായി ഓല മേഞ്ഞ ചെറിയൊരു ഒറ്റനില നാലുകെട്ടുപുരയും കിണറും, മുന്നിലും പിന്നിലും ഓരോ പടിപ്പുരകള്‍, കുളം, ഒരാല്‍മരം, ഇലഞ്ഞിമരം ഇത്രയുമായാല്‍ ക്ഷേത്രസങ്കേതമായി. ഉച്ചാല്‍ ദിവസത്തിലാണു് ഇവിടത്തെ ഉത്സവം (ആരൻ എന്നാല്‍ ചൊവ്വ. വര്‍ഷത്തില്‍ ചൊവ്വ അത്യുച്ചത്തില്‍ വരുന്ന ദിവസം ഉച്ചാരല്‍. അതു ലോപിച്ചു് ഉച്ചാല്‍ ആയി. ഉച്ചാല്‍ പരമ്പരാഗതമായി കൃഷിപ്പണികള്‍ക്കു് ഒഴിവു കൊടുക്കുന്ന ദിവസമാണു്). അന്നു് തിറകളുണ്ടാവും. വെള്ളകെട്ടു്, വെള്ളാട്ടു്, നട്ടത്തിറ, കള്ളുകുടിയന്‍ തിറ, ചാന്തു തേച്ച തിറ എന്നിവയാണു് പ്രധാനപ്പെട്ടവ. കരിയാത്തനാണു് ഇവിടെത്തെ പ്രധാന ദൈവസങ്കല്പം. കരിമ്പാലരുടെ ദൈവമായിട്ടാണു് കരിയാത്തന്‍ അറിയപ്പെടുന്നതെങ്കിലും നായന്മാരാണു് ആഴാവില്‍ അമ്പലത്തിന്റെ കൈകാര്യക്കാര്‍. ഇവിടെത്തെ കുളത്തിലും മുമ്പു് നായന്മാര്‍ മാത്രമേ കുളിക്കാറുണ്ടായിരുന്നുള്ളൂ (ഈയിടെയായി ഈ വിവേചനം മാറി ജാതിഭേദമെന്യേ എല്ലാവര്‍ക്കും കുളിക്കാമെന്നായിട്ടുണ്ടു്). ഉച്ചാല്‍ ഉത്സവത്തിനു് വണ്ണാന്മാരുടെ തിറയും, ആശാരിക്കളിയും, പുലയരുടെ കുതിരക്കോലവും ഉണ്ടു്. തിറയ്ക്കു് ഉപയോഗിക്കാനുള്ള അമ്പും വില്ലുമൊക്കെ ഉണ്ടാക്കി കൊണ്ടുവരുന്നതു് അടുത്ത വീട്ടിലെ കൊല്ലനാണു്. നായാട്ടു ദൈവമാണെങ്കിലും ഗോക്കളുടെ രക്ഷകനായാണു് ഇവിടുത്തെ കരിയാത്തനെ സമീപവാസികള്‍ കണക്കാക്കുന്നതു്. അതുകൊണ്ടു് ഇവിടെ അടുത്തുള്ള വീടുകളില്‍ പശുക്കള്‍ പ്രസവിച്ചാല്‍ ആദ്യം കറന്നെടുക്കുന്ന പാലു് കരിയാത്തനു് സമര്‍പ്പിക്കുന്ന പതിവുണ്ടു്. വിവാഹദിനത്തില്‍ സമീപവാസികളായ വധൂവരന്മാര്‍ ഇവിടെ തൊഴുതു പ്രാര്‍ത്ഥിക്കാന്‍ വരാറുണ്ടെങ്കിലും ഈ അമ്പലത്തില്‍ വച്ചു് വിവാഹം നടത്തിക്കൊടുക്കാറില്ല. മുന്‍ കാലത്തെപ്പൊഴോ രണ്ടു വിവാഹങ്ങള്‍ ഇവിടെ വച്ചു് നടത്തിക്കൊടുത്തിരുന്നു പോലും. അതു രണ്ടും നല്ല നിലയില്‍ അടിച്ചു പിരിയുകയാണുണ്ടായതെന്ന കാരണത്താലാണത്രേ, ഇവിടെ വച്ചു് പിന്നീടു് വിവാഹം നടത്താന്‍ ആളുകള്‍ക്കു് ധൈര്യമില്ലാതായിപ്പോയതു്. കര്‍ക്കടക മാസത്തില്‍ കരിയാത്തന്‍ വയനാട്ടിലേക്കു പോകുമെന്നാണു് സങ്കല്പം – ആ സമയത്തു് രാവിലെ മാത്രവും മറ്റു മാസങ്ങളില്‍ വൈകുന്നേരങ്ങളില്‍ മാത്രവും ആണു് നട തുറക്കാറു് പതിവു്. എന്നാല്‍ മണ്ഡലക്കാലത്തു് രാവിലെയും വൈകുന്നേരവും നട തുറക്കാറുണ്ടു്.

കൊയിലാണ്ടിയില്‍ താമസിച്ചിരുന്ന കാലത്തു് എന്റെ വീട്ടിനടുത്തുള്ള പ്രധാന ഉത്സവം ഇവിടുത്തേതായിരുന്നു. വെള്ളമൊഴുകുന്ന കനാലിന്റെ വക്കത്തുകൂടെയും ഇടവഴിയിലൂടൊഴുകുന്ന വെള്ളത്തില്‍ ചവിട്ടിയും നടന്നു വേണം ഇവിടെയെത്താന്‍. എന്റെ ബാല്യത്തിലെ ഉത്സവപ്പറമ്പുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ മിക്കതും ഇവിടവുമായി ബന്ധപ്പെട്ടാണുള്ളതു്. വല്യ ബലൂണും കുരങ്ങുബലൂണും പീപ്പിയും കോലൈസും ഒക്കെ ആദ്യമായി ഞാന്‍ വാശി പിടിച്ചു് കൈക്കലാക്കിയതു് ഇവിടെ വച്ചാണു്. ഓര്‍ക്കാപ്പുറത്തു് കതിന പൊട്ടുന്നതു കേട്ടി ഞെട്ടിയതും, മത്താപ്പും ഇളനീര്‍പ്പൂവും കത്തുന്നതു കണ്ടു് വാപൊളിച്ചു് അന്തം വിട്ടു നിന്നതും ഇവിടെത്തന്നെ. ചെണ്ടമേളം മുറുകുമ്പോള്‍ നട്ടത്തിറയുടെ മുടി താളത്തില്‍ ആടുന്നതും നോക്കി നോക്കി ഞാനും അറിയാതെ അതുപോലെ തലയാട്ടിയിട്ടുണ്ടു്. അണിയറയില്‍ അടുത്ത തിറയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതും നോക്കിയങ്ങനെ എത്ര നേരം നിന്നിട്ടുണ്ടാവും…

ഇവിടത്തെ ഉത്സവത്തിനു് കരിയാത്തന്റെ തിറയുടെ സമയത്തു് ചൊല്ലുന്ന തോറ്റം ഇവിടെ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുന്നു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുന്‍ കൌണ്‍സിലര്‍ ആയിരുന്ന ശ്രീ. എന്‍ പി കേളുക്കുട്ടിയുടെ മകള്‍ രമയാണു് അവരുടെ എം എ (മലയാളം) പഠനത്തിനു വേണ്ടി സമാഹരിച്ച രേഖകളില്‍ നിന്നും ഇതെനിക്കു് കുറേക്കാലം മുമ്പു് എടുത്തു തന്നതു്. അവരുടെ എം എ ഡെസര്‍ട്ടേഷനിലല്ലാതെ മറ്റെവിടെയെങ്കിലും ഇതു് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതായി തോന്നുന്നില്ല. വേറൊരാവശ്യത്തിനു വേണ്ടി മുമ്പത്തെ കടലാസുകള്‍ തപ്പിയപ്പോള്‍ ഓര്‍ക്കാപ്പുറത്തു് കൈയില്‍ത്തടഞ്ഞതാണിതു്. ഫോക്‍ലോറില്‍ കമ്പം കേറി നാടുനീളെ അലഞ്ഞു നടന്ന ഒരു കാലത്തെ സമ്പാദ്യമാണു്. വടകര ഫോക്‍ലോര്‍ പഠന കേന്ദ്രത്തില്‍ ചേരണമെന്നും തിറ കെട്ടാനും ചെണ്ട കൊട്ടാനുമൊക്കെ പഠിക്കണമെന്നുമായിരുന്നു അക്കാലത്തെ എന്റെ വലിയ ആഗ്രഹങ്ങള്‍. മൂന്നും നടന്നില്ല.

പഴയ ഒരുതരം കീഴാള ആചാരഭാഷയിലാണു് തോറ്റം. പാട്ടിലുടനീളം ഒരു യോദ്ധാവിന്റെ പ്രവൃത്തികള്‍ വര്‍ണ്ണിക്കുന്നതായാണു് കാണുക. ഒരു പക്ഷേ മുന്‍കാലത്തു ജീവിച്ചിരുന്ന ഒരു വീരനെച്ചുറ്റിപ്പറ്റിയുള്ള കഥകളോ, പല വീരന്മാരുടെ കഥകള്‍ ഒരുമിച്ചു് ചേര്‍ത്തോ ഉരുത്തിരിഞ്ഞു വന്നതായിരിക്കാം ഈ ദൈവസങ്കല്പം. ഗോസംരക്ഷകന്‍ എന്ന സ്ഥാനമൊക്കെ പിന്നീടു് പ്രാദേശികമായി വന്നതാവാം, മറ്റെവിടെയും കരിയാത്തനു് ഇങ്ങനെയൊരു സ്ഥാനം കണ്ടിട്ടില്ല. നാടോടി വിജ്ഞാനീയത്തില്‍ (folklore) താല്പര്യമുള്ള ചിലര്‍ക്കെങ്കിലും ഇതുപകാരപ്പെടുമെങ്കില്‍ ആവട്ടെ.

തോറ്റം.

വാഴ്കെന്തിനച്ചാലൊ തിരുവുള്ളെര്‍ന്നു വരികെണംന്നല്ലോന്നേയിക്കുന്ന

തിരുവുള്ളൊ തിരുമേനിന്റെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

വെള്ളന്നോലയം വാണൊലയകേളു് കരിയാത്തരന്നല്ലോന്നേയിക്കുന്ന

വാണമതിലകം ചേരിസ്വരൂപം പൊഴാഴിക്കാവു് കേളു് കരിയാത്തന്‍.

ഏറനാടു് ഇട്ട്യീരി പന്തീരുകാതംന്നല്ലൊന്നേയിക്കുന്ന

വള്ളുനാട്ടു് മുന്തിരകേളു് തെക്കു വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

നാലെകാവെ നാല്പതിടപ്പാടു് കേളുകരിയാത്തരെന്നല്ലോന്നേയിക്കുന്ന

വല്ലോറക്കാവു് പയിമ്പ്രക്കാവു് തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

വീരമദ്ദളം തട്ടി അറിയിച്ചു കാണാകുന്നല്ലോന്നേയിക്കുന്ന

മകുടക്കുടയ്ക്കു് വാലൂരിച്ചിറ്റിച്ചുകാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

താനിട്ടോരു പൂണൂലങ്ങിനെ കാക്കിടയായ് കിടന്നു കാണാകുന്നല്ലോന്നേയിക്കുന്ന

അന്നേരം പറഞ്ഞുകാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

പുവ്വാ പുറപ്പെടയെന്റെ ചേകോരെ വില്ലികളെയെന്നല്ലോന്നേയിക്കുന്ന

നൂലിട്ടാല്‍ നൂല്‍ക്കും നിലയില്ലാതോരു ചൊവ്വാര്‍കുന്നിന്‍പുറംകടവിനെ

അയല്‍നാട്ടില്‍ പോനെകോലെ വില്ലികളെയെന്നല്ലോന്നേയിക്കുന്ന

അയല്‍നാട്ടില്‍ പോയാലൊ അന്നുണ്ണും ചോറും കൂറയുള്ളെല്ലോ നോക്കെ

പലനാട്ടില്‍ പോനെകോലെ വില്ലികളെയെന്നല്ലോന്നേയിക്കുന്ന

പലനാട്ടില്‍ പോയാലൊ പലനാളത്തെ പടയും പടക്കൂട്ടം കൂടയെന്നു പറഞ്ഞു കാണാകുന്നെ

തെക്കു തിരുക്കാവില്‍ നല്ലയ്യപ്പന്‍ കോട്ടെല്ലൊന്നേയിക്കുന്ന

അടിയിത്ത്യാരെന്നു ചോദിച്ചു കാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

ഇയ്യയ്യപ്പനുണ്ടോ കെട്ടിച്ചിറ്റി ദീപം തൊഴുന്നല്ലോന്നേയിക്കുന്ന

ഇയ്യയ്യപ്പന്‍ കുല കളിയോനെന്നു പറഞ്ഞു കാണാകുന്നെ തെക്കു വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

വില്ലിമാരൊരുമിച്ചങ്ങിനെ വഴിനടന്നുകാണാകുന്നല്ലോന്നേയിക്കുന്ന

അന്നേരം പറഞ്ഞുകാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

എനിച്ചാലെ പടപിരിയ പാണ്ടിയനപ്പടവെട്ടി ജയിക്കെണംന്നല്ലോന്നേയിക്കുന്ന

വില്ലിന്നു തക്കോരു വില്‍മരം എവിടെയുണ്ടെന്നു ചോദിച്ചുകാണാകുന്നെ

തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

അസുരാര്‍ കൊയിലോത്തു് തിരുനടയിലുണ്ടു് നീരാട്ടുവള്ളിക്കരിമ്പനയല്ലോന്നേയിക്കുന്ന

അതെല്ലാം വെട്ടിമുറിച്ചുതാക്കപ്പെടുത്തെണം പറഞ്ഞുകാണാകുന്നെ

തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

തച്ചന്‍നല്ലമണിമകനെ വരുത്തികാണാകുന്നല്ലോന്നേയിക്കുന്ന

നീരാട്ടു വള്ളിക്കരിമ്പന വെട്ടിമുറിച്ചു താക്കപ്പെടുത്തി കാണാകുന്നെ

തച്ചന്‍നല്ലമണിമകനൊ വില്ലിന്നു തക്കോരുവില്‍മരം തീര്‍ത്തുകാണാകുന്നല്ലൊന്നേയിക്കുന്ന

തച്ചന്‍നല്ലമണിമകനെ സമ്മാനിച്ചയച്ചു കാണാകുന്നെ

തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

എനിച്ചാലെ പടപിരിയ പാണ്ടിയനപ്പടയ്ക്കു വിളിയ്ക്കെണംന്നല്ലോന്നേയിക്കുന്ന

പടപിരിയപാണ്ടിയനപ്പടയ്ക്കു വിളിച്ചുകാണാകുന്നെ

തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

പടയുംവെട്ടി വാളുംകിട്ടി കാണാകുന്നെല്ലോന്നേയിക്കുന്ന കിഴക്കിനെ

കൊയിലോംകരയേറികാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

ആയിരം വഴിയങ്ങൂടു്രിക്കൂലംന്നല്ലോന്നേയിക്കുന്ന

ഞാങ്ങളുടെ കാവിലും മണ്ടോത്തിലും കുടികൊണ്ടരയിരിയിക്കാന്‍ പാടി വിളിയ്ക്കുന്നെ.

പദസൂചി

വാഴ്കെന്തിനച്ചാലെ – വാഴുകയിന്നും നിനച്ചാലെ

നേയിക്കുന്നെ – വന്ദിക്കുന്നെ

നാലെകാവെ – നാലു്കാവു്

നോക്കെ – നമുക്കു്

പോനെ – പോന്നേ, പോകേണ്ടും

കോലെ – ചേകോരെ

താക്കപ്പെടുത്തണം – പാകപ്പെടുത്തണം

——————-*——————-

കുറിപ്പു്: കുറേനാള്‍ മുമ്പെഴുതിയ ഈ പോസ്റ്റില്‍ ചേര്‍ക്കാനായി പടങ്ങള്‍ തന്നതു് ഫോട്ടോഗ്രാഫര്‍ കൂടിയായ ശ്രീ ഉണ്ണികൃഷ്ണന്‍ മുത്താമ്പി. അദ്ദേഹം തന്ന പടങ്ങള്‍ 23/11/2019 നു് ഇതില്‍ ചേര്‍ത്തു.

ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്തു വകുപ്പിലും വിവര സാങ്കേതിക വിദ്യ – ഒരു റിപ്പോര്‍ട്ടു കൂടി

ഇതു ഞാന്‍ പഞ്ചായത്തു കമ്പ്യൂട്ടറൈസേഷന്‍ സംബന്ധിച്ചു് തയ്യാറാക്കി 22/3/2013നു് ഉചിതമാര്‍ഗ്ഗേണ സമര്‍പ്പിച്ച (submitted via proper channel) രണ്ടാമത്തെ റിപ്പോര്‍ട്ടാണു്. എല്ലാവരുടെയും അറിവിലേക്കായി ഇവിടെ പങ്കു വയ്ക്കുന്നു.

ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്തു വകുപ്പിലും വിവര സാങ്കേതിക വിദ്യ – വിശദീകരണ റിപ്പോര്‍ട്ട്

പഞ്ചായത്തുകളുടെയും പഞ്ചായത്തു വകുപ്പിന്റെയും ആധുനികവത്ക്കരണത്തിനു് സഹായകരമായ വിധത്തില്‍ ഉപയോഗിക്കുവാന്‍ വേണ്ടി ഞാന്‍ തയ്യാറാക്കി 06/06/2012 തിയ്യതിയില്‍ കൂരാച്ചുണ്ടു് ഗ്രാമ പഞ്ചായത്തു് സെക്രട്ടറി ഉചിതമാര്‍ഗ്ഗേണ സര്‍ക്കാരിലേക്കു് സമര്‍പ്പിച്ചിരുന്ന റിപ്പോര്‍ട്ടിനോടനുബന്ധിച്ചു്, ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു് വ്യക്തമായ വിശദീകരണ റിപ്പോര്‍ട്ടു് സമര്‍പ്പിക്കുവാന്‍ ബഹുമാനപ്പെട്ട കോഴിക്കോടു് പഞ്ചായത്തു് ഡെപ്യൂട്ടി ഡയറക്‍ടര്‍ എന്നെ നേരില്‍ കേട്ടപ്പോള്‍ ഉത്തരവായിരുന്നു. അതു പ്രകാരം, ബന്ധപ്പെട്ട രേഖകളും ഉത്തരവുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മറ്റും പരിശോധിച്ചും, ബന്ധപ്പെട്ട സാങ്കേതിക മേഖലകളില്‍ നിന്നുള്ള വ്യക്തികളുമായി ആശയവിനിമയം നടത്തിയും, ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളും വ്യക്തത വരുത്തിയ എന്റെ അഭിപ്രായക്കുറിപ്പുകളും മുന്‍ഗണനയനുസരിച്ചു് താഴെ പ്രസ്താവിച്ച പ്രകാരം സമര്‍പ്പിച്ചു കൊള്ളുന്നു:-

Constitution of India: Part IVA Fundamental Duties; 51 A. It shall be the duty of every citizen of India- (h) to develop the scientific temper, humanism and the spirit of inquiry and reform;”

ഏതൊരു രംഗവും അതിന്റെ ചുറ്റുപാടുകള്‍ മാറുന്നതിനനുസരിച്ചു് കാലാനുസൃതമായി പരിഷ്കരിക്കപ്പെടണം. അപ്രകാരം പരിഷ്കരിക്കപ്പെടാതിരുന്നാല്‍ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരികയും മാറുന്ന സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ പരാജയപ്പെടുകയും ചെയ്യും. അപ്രകാരം സംഭവിക്കാതിരിക്കാന്‍ നാമോരോരുത്തരും സ്വന്തം നിലയിലും കൂട്ടായും പരിശ്രമിക്കേണ്ടതുണ്ടു്. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്റെ കാര്യത്തിലും ഇതു് ബാധകമാണു്. കാലം ചെല്ലുന്നതിനനുസരിച്ചു് നമുക്കു ചുറ്റും ഉപയോഗത്തിലുള്ള സാങ്കേതികവിദ്യയില്‍ പ്രകടമായ പരിഷ്കാരങ്ങള്‍ ദൃശ്യമാവുന്നു. പഴയ സങ്കേതങ്ങള്‍ ക്രമേണ ഉപേക്ഷിക്കപ്പെടുകയും പുതിയതും തുറന്നതുമായ മാനകങ്ങള്‍ (open standards) കടന്നു വരികയും അവയെ ആസ്പദമാക്കി നവീന സങ്കേതങ്ങള്‍ വ്യാപകമായി ഉപയോഗത്തില്‍ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരം പുത്തന്‍ സങ്കേതങ്ങള്‍ നല്കുന്ന സൌകര്യങ്ങള്‍ പ്രതിദിനം അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണു് നമുക്കു ചുറ്റുമുള്ള സമൂഹം. സ്വതന്ത്രമായി ലഭ്യമായ ഇത്തരം ആധുനിക സാങ്കേതിക സൌകര്യങ്ങള്‍ പഞ്ചായത്തുകളുടെ ഭരണത്തിലും പഞ്ചായത്തു വകുപ്പിലും പ്രയോജനപ്പെടുത്തേണ്ടതുണ്ടു്. വകുപ്പിന്റെയും പഞ്ചായത്തുകളുടെയും കാര്യക്ഷമത കൂട്ടാന്‍ അതു് സഹായിക്കും.

1. യൂണിക്കോഡ്

പഞ്ചായത്തു വകുപ്പില്‍ നിലവില്‍ സി ഡാക്കിന്റെ ഐ എസ് എമ്മും അതിന്റെ ASCII ഫോണ്ടുകളും ഉപയോഗിച്ചാണു് ഇന്നും രേഖകള്‍ തയ്യാറാക്കുന്നതും ഇ-മെയിലിലയക്കുന്നതും. ഈ കാര്യങ്ങള്‍ക്കു് ഐ എസ് എം ഉപയോഗിക്കുന്ന സമ്പ്രദായം നിര്‍ത്തി പൂര്‍ണ്ണമായും ആധുനിക യൂണിക്കോഡില്‍ തന്നെ രേഖകള്‍ തയ്യാറാക്കുകയും ഇ-മെയില്‍ അയക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന സമ്പ്രദായത്തിലേക്കു് പഞ്ചായത്തുകളും വകുപ്പുമൊന്നാകെ മാറേണ്ടതുണ്ടു്. ഐ എസ് എം ഉപയോഗിച്ചു് രേഖകള്‍ തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്യുമ്പോള്‍ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ടു്. ഇവയില്‍ ചിലതു് താഴെ ചേര്‍ക്കുന്നു:

ചിത്രം 3

൧. ഐ എസ് എം ഉപയോഗിച്ചു് ഇ-മെയിലില്‍ നേരിട്ടു് മലയാളത്തില്‍ ടൈപ്പു ചെയ്യാന്‍ കഴിയില്ല. ചെറിയ സന്ദേശങ്ങള്‍ പോലും എം എസ് ഓഫീസ് ഉപയോഗിച്ചു് ടൈപ്പു ചെയ്തു് കുത്തിക്കെട്ടി (ഫയല്‍ അറ്റാച്ചുമെന്റായിട്ടു്) അയക്കേണ്ടി വരുന്നു. അസൌകര്യത്തിനു പുറമേ ഇതു് ഇന്റര്‍നെറ്റ് ട്രാഫിക്കും മെയില്‍ബോക്സ് ഉപയോഗവും ആവശ്യമില്ലാതെ കൂടാനും ഇടയാക്കുന്നുണ്ടു്.

ചിത്രം 4

൨. പഞ്ചായത്താപ്പീസുകളിലും പഞ്ചായത്തു വകുപ്പിന്റെ ഇതര ആപ്പീസുകളിലും തയ്യാറാക്കുന്ന ഡിജിറ്റല്‍ രേഖകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നവയാണു്. ഏതൊരു പൌരന്‍ ഈ രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ആവശ്യപ്പെട്ടാലും കൊടുക്കാന്‍ അതാതു് ആപ്പീസുകള്‍ ബാദ്ധ്യസ്ഥമാണു്. എന്നാല്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റവും ഐ എസ് എം ഫോണ്ടുകളും ഉള്ളവര്‍ക്കു് മാത്രമേ ഇങ്ങനെ ഐ എസ് എം ഉപയോഗിച്ചു് തയ്യാറാക്കിയ രേഖകള്‍ നേരാംവണ്ണം വായിക്കാന്‍ പറ്റൂ. മറ്റു് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കു് ഈ രേഖകള്‍ വായിക്കണമെങ്കില്‍ കുറച്ചു പണിപ്പെടേണ്ടി വരും. ഒന്നാമത്തെ കാരണം, വിന്‍ഡോസിനു വേണ്ടി മാത്രമായി ഉണ്ടാക്കിയ സോഫ്റ്റ്‌വെയറാണു് ഐ എസ് എം എന്നതു തന്നെ. ഐ എസ് എമ്മിന്റെ കൂടെ കിട്ടുന്ന ഫോണ്ടുകള്‍ സ്വതന്ത്രമോ സൌജന്യമോ അല്ലെന്നതു മറ്റൊരു കാരണമാണു്. ഐ എസ് എമ്മില്‍ കിട്ടുന്നതിനേക്കാള്‍ പലമടങ്ങു് മികച്ച സാങ്കേതിക വിദ്യയും ഫോണ്ടുകളും സ്വതന്ത്രമായും സൌജന്യമായും ലഭ്യമായ മറ്റു് ആധുനിക ഓപ്പറേറ്റിങ് സിസ്റ്റങ്ങളുപയോഗിക്കുന്നവര്‍ പോലും നമ്മള്‍ തയ്യാറാക്കി സൂക്ഷിക്കുന്ന രേഖകള്‍ വായിക്കുന്നതിനുവേണ്ടി സ്വാഭാവികമായി വേണ്ടതിലപ്പുറമുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കേണ്ടി വരും.

൩. മറ്റാപ്പീസുകളില്‍ നിന്നും ഇ-മെയിലില്‍ ഇങ്ങനെ ലഭിക്കുന്ന രേഖകള്‍ തുറന്നു് വായിക്കുമ്പോള്‍ ഐ എസ് എം സോഫ്റ്റ്‌വെയറും രേഖ തയ്യാറാക്കാന്‍ ഉപയോഗിച്ച ഫോണ്ടും രേഖ കിട്ടുന്നിടത്തെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ വാക്കുകള്‍ക്കു പകരം ലത്തീന്‍ അക്ഷരങ്ങളുടെയും ചില ചിഹ്നങ്ങളുടെയും അര്‍ത്ഥമില്ലാത്ത ശ്രേണികള്‍ മാത്രം കാണുന്നു (ചിത്രം 1). ഇനി ഈ ഫോണ്ട് കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍പ്പോലും ചില സമയത്തു് ല്‍, ല്ല, ണ്ട, ന്മ തുടങ്ങിയ അക്ഷരങ്ങള്‍ക്കു പകരം ആ സ്ഥാനത്തു് ഒഴിഞ്ഞ ചതുരക്കള്ളികള്‍ കാണുന്നു (ചിത്രം 2). ഈ ചതുരക്കള്ളികളുടെ സ്ഥാനത്തെ അക്ഷരങ്ങള്‍ ഏതാവുമെന്നു് പല സമയത്തും പരിചയ സമ്പന്നര്‍ക്കേ ഊഹിച്ചു കണ്ടു പിടിക്കാന്‍ പറ്റുകയുള്ളൂ. ഉദാഹരണത്തിനു് നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ പേരു് ഇപ്രകാരം തയ്യാറാക്കുന്ന രേഖയില്‍ ന❑❑ എന്നു കാണുമ്പോള്‍ കോഴിക്കോടു് ജില്ലയ്ക്കു പുറത്തു നിന്നുള്ളവര്‍ക്കു് ഇതെന്താണെന്നു് മനസ്സിലാക്കുവാന്‍ പ്രയാസം നേരിടും.

൪) ജീവനക്കാരന്‍ ആപ്പീസിനു പുറത്തായിരിക്കുമ്പോള്‍, ഇ-മെയിലില്‍ വന്ന മലയാളത്തിലുള്ള അടിയന്തിര സന്ദേശം വായിക്കണമെങ്കില്‍ ആദ്യം ഇന്റര്‍നെറ്റിനു പുറമേ ഐ എസ് എം കൂടി ലഭ്യമായ ഇടം തിരയാന്‍ പോകണം. ഐ എസ് എം സോഫ്റ്റ്‌വെയറും അതിന്റെ ഫോണ്ടുകളും എല്ലാവര്‍ക്കും സൌജന്യമായി ലഭിക്കുന്നവയല്ലാത്തതിനാല്‍ ഇത്തരം ഇടങ്ങള്‍ തിരഞ്ഞു കണ്ടെത്തുക പ്രായോഗികമല്ല. യൂണിക്കോഡ് മലയാളം ലഭ്യമായിട്ടുള്ള ആധുനിക മൊബൈല്‍ ഫോണുകളൊന്നും തന്നെ ഐ എസ് എം ഉപയോഗിച്ചു് തയ്യാറാക്കിയ രേഖകളെ പിന്തുണയ്ക്കുന്നവയുമല്ല.

ചിത്രം 5

൫) മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി ഒരു രേഖ തയ്യാറാക്കുമ്പോള്‍ ഓരോ പ്രാവശ്യം ഭാഷ മാറുമ്പോഴും ഫോണ്ട് പ്രത്യേകമായി തിരഞ്ഞെടുത്തു മാറ്റേണ്ടി വരുന്നു. ഇതിനു സമയം സാമാന്യത്തിലും കൂടുതല്‍ വേണം. ഇങ്ങനെ തയ്യാറാക്കിയ ഒരു രേഖയിലെ ഫോണ്ടു മാറ്റണമെങ്കില്‍ ഒറ്റയടിക്കു ചെയ്യാനും പറ്റില്ല. മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ ഭാഗങ്ങള്‍ വെവ്വേറെ തിരഞ്ഞു പിടിച്ചു മാറ്റണം. കുറേയധികം പേജുകളുള്ള രേഖകളാകുമ്പോള്‍ ഇതെത്രമാത്രം ബുദ്ധിമുട്ടാണെന്നും, എത്ര സമയമെടുക്കുമെന്നും ഒരിക്കലെങ്കിലും ഇതു ചെയ്തിട്ടുള്ളവര്‍ക്കറിയാമായിരിക്കും. ഇത്തരം രേഖകളിലെ ഫോണ്ടു് മുഴുവനായും ഓര്‍ക്കാപ്പുറത്തു് ഇംഗ്ലീഷിലേക്കു് മാറിപ്പോയാല്‍ പൂര്‍വ്വസ്ഥിതിയിലാക്കുക അതീവ ക്ലേശകരവുമാണു്.

൬) ഐ എസ് എമ്മിന്റെ വിവിധ ഫോണ്ടുകളില്‍ത്തന്നെ അക്ഷരങ്ങള്‍ ഇന്നയിന്ന സ്ഥാനത്തു് എന്ന മാപ്പിങ്ങിനു് ഐകരൂപ്യമില്ല (ചിത്രം 3). അതുകൊണ്ടു തന്നെ വിവരങ്ങള്‍‌ക്കൊപ്പം ഫോണ്ടും കൂടി കൈമാറേണ്ട അവസ്ഥയുണ്ടാവുന്നു. അല്ലെങ്കില്‍ രേഖ അയക്കുന്നിടത്തെന്ന പോലെ അയച്ചു കിട്ടേണ്ടിടത്തും ഐ എസ് എം ഉണ്ടായിരിക്കണം. ഇങ്ങനെയൊക്കെ ആണെങ്കില്‍ത്തന്നെയും കമ്പ്യൂട്ടര്‍ ഇതു് മലയാളത്തിലുള്ള ഒരു രേഖയായല്ല സൂക്ഷിച്ചു വച്ചിരിക്കുന്നതു്, ലത്തീന്‍ അക്ഷരങ്ങളുടെ ശ്രേണിയായി സൂക്ഷിച്ച ASCII ഫയലായിട്ടാണു്. ഈ രേഖകളിലെ മലയാളത്തില്‍ കാണുന്ന ഭാഗം തിരഞ്ഞെടുത്തു് ഏതെങ്കിലും ഇംഗ്ലീഷ് ഫോണ്ടാക്കി മാറ്റിയാല്‍ ഇക്കാര്യം ബോദ്ധ്യമാകും. അതുകൊണ്ടൊക്കെത്തന്നെ, വാക്കുകള്‍ തിരയുക, തരം തിരിക്കുക, അക്ഷരമാലാക്രമത്തിലാക്കുക, അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുക, ഇന്‍ഡെക്സു ചെയ്യുക, പര്യായ നിഘണ്ടു ഉപയോഗിക്കുക തുടങ്ങി പല കാര്യങ്ങളും ചെയ്യാന്‍ ഏകീകൃതമായ ഒരു രീതി ഇത്തരം രേഖകളില്‍ സാദ്ധ്യമല്ല.

ഇത്തരം അസൌകര്യങ്ങള്‍ തരണം ചെയ്യുന്നതിനു് ഐ എസ് എം എന്നേക്കുമായി ഉപേക്ഷിച്ചു് പൂര്‍ണ്ണമായും യൂണിക്കോഡിലേക്കു് മാറിയേ തീരൂ. ഇപ്രകാരം യൂണിക്കോഡിലേക്കു് മാറാന്‍ വേണ്ടി സ. ഉ. (എം എസ്.) 31/08/വി.സ.വ. നമ്പ്രായി സര്‍ക്കാര്‍ 2008 ആഗസ്ത് 21നു് ഈ വിഷയത്തില്‍ ഉത്തരവു് പുറപ്പെടുവിച്ചിട്ടുമുണ്ടു്. ആയതിനാല്‍ വകുപ്പൊന്നാകെ പൂര്‍ണ്ണമായും യൂണിക്കോഡിലേക്കു് മാറുന്നതിനു് ക്രിയാത്മകമായ നടപടികളുണ്ടാവേണ്ടതാണു്.

2. ഭരണഭാഷ മലയാളം

ഭരണഭാഷ മലയാളമായതിനാലും മലയാളത്തിലാണു് വകുപ്പിലെ ആശയവിനിമയം നടന്നു വരുന്നതു് എന്നുള്ളതിനാലും മലയാളത്തിനു് പൂര്‍ണ്ണ ഔദ്യോഗിക പിന്തുണ നല്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണു് വകുപ്പിലും പഞ്ചായത്തുകളിലും ഉപയോഗിക്കേണ്ടതു്. സര്‍ക്കാര്‍ അംഗീകരിച്ച യൂണിക്കോഡ് ഇന്‍സ്ക്രിപ്റ്റ് മലയാളം കീബോര്‍ഡ് ലേയൌട്ടു് ഔദ്യോഗിക പതിപ്പില്‍ തന്നെ ലഭ്യമായതു് ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലേയുള്ളൂ. നിലവില്‍ വകുപ്പിലും പഞ്ചായത്തുകളിലും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വിന്‍ഡോസിന്റെ വിവിധ വേര്‍ഷനുകളിലൊന്നും പ്രസ്തുത മലയാളം കീബോര്‍ഡ് ലേയൌട്ടിനു് വിന്‍ഡോസിന്റെ ഔദ്യോഗിക പിന്തുണയില്ല. പോരാത്തതിനു് വിന്‍ഡോസില്‍ സ്വതവേ ലഭ്യമായ മലയാളത്തില്‍ അക്ഷരവിന്യാസക്രമം പലേടത്തും ഭാഷാനിയമങ്ങള്‍ തെറ്റിച്ചു കൊണ്ടാണുള്ളതു്. (ഉദാഹരണത്തിനു്, ഭാഷാനിയമപ്രകാരം ശരിയായ മ് + പ = മ്പ എന്നതു് വിന്‍ഡോസിന്റെ ചില പതിപ്പുകളില്‍ ന് + പ = മ്പ എന്നേ കിട്ടൂ. വിന്‍ഡോസിന്റെ സ്വതവേയുള്ള പതിപ്പില്‍ ന്‍ + റ ആണു് ന്റ. എന്നാല്‍ ഭാഷാനിയമമനുസരിച്ചു് ശരി ന് + റ = ന്റ ആണല്ലോ. കൂടാതെ വിന്‍ഡോസിന്റെ പുതിയ വേര്‍ഷനുകളില്‍ യൂണിക്കോഡിന്റെ ആദ്യ വേര്‍ഷനുകളനുസരിച്ചു് രേഖപ്പെടുത്തിയ ചില്ലക്ഷരങ്ങളൊന്നും തന്നെ നേരാംവണ്ണം ദൃശ്യവല്ക്കരിക്കുന്നുമില്ല. ഇക്കാരണങ്ങളാല്‍ത്തന്നെ വിന്‍ഡോസുപയോഗിച്ചു് മലയാളത്തില്‍ ശേഖരിച്ചു സൂക്ഷിക്കുന്ന വിവരത്തിനു് ഭാഷാനിയമങ്ങള്‍ അനുശാസിക്കുന്ന പ്രകാരമുള്ള കൃത്യതയില്ല. ഇതു് രേഖകളില്‍ വ്യാപകമായ അക്ഷരപ്പിശകുകള്‍ക്കു് വഴി വെയ്ക്കും. നിയമാനുസൃതമായി സൂക്ഷിക്കേണ്ട ഡിജിറ്റല്‍ രേഖകളില്‍ ഇപ്രകാരം അക്ഷരപ്പിശകുകള്‍ കൂടുതലായി കടന്നു കൂടുന്നതു് അത്രയൊന്നും ക്ഷന്തവ്യവുമല്ല. മലയാളത്തിനു വേണ്ടിയുള്ള de facto സ്റ്റാന്റേര്‍ഡുകള്‍ വിന്‍ഡോസില്‍ അംഗീകരിക്കാത്തതാണു് ഈ പ്രശ്നങ്ങളുടെ മൂലകാരണം. എന്നാല്‍ ഗ്നു/ലിനക്സില്‍ ഇക്കാര്യങ്ങളില്‍ ഭാഷാപരമായ കൃത്യത അതിശ്രദ്ധയോടെ ദീക്ഷിച്ചിട്ടുമുണ്ടു്.) മലയാളം ടൈപ്പ്റൈറ്റര്‍ കീബോര്‍ഡ് ലേയൌട്ടും ഗ്നു/ലിനക്സില്‍ ലഭ്യമാണു്.

സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഗ്നു/ലിനക്സിന്റെ മലയാളത്തിലുള്ള പ്രാദേശികവല്ക്കരണം (ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും മറ്റു് അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളുടെയും സമ്പര്‍ക്കമുഖം (interface) മലയാളത്തിലാക്കുന്ന പ്രക്രിയ) വളരെയധികം മുന്നേറിയിട്ടുണ്ടു്. വിന്‍ഡോസില്‍ ഇതിപ്പോഴും കിട്ടാക്കനിയാണു്. മാത്രമല്ല ഗ്നു/ലിനക്സിന്റെയും ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും പ്രാദേശികവല്ക്കരണ പ്രക്രിയയില്‍ ഉപയോക്താക്കള്‍ക്കു് പങ്കുകൊള്ളാനും കഴിയും. ഇതിനാല്‍ത്തന്നെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു് ആക്കം കൂട്ടുവാന്‍ ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റമായി ഉപയോഗിക്കുന്നതു വഴി സാധിക്കും.

3. തുറന്ന മാനകങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറും

24/9/2010 തിയ്യതിയില്‍ 86/2010/Fin നമ്പ്രായി പുറത്തിറക്കിയ ധനകാര്യവകുപ്പിന്റെ സര്‍ക്കുലറില്‍ സര്‍ക്കാര്‍ ആപ്പീസുകളില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും സൂക്ഷിക്കുന്ന അവസരത്തില്‍ കഴിയുന്നേടത്തോളം ലിനക്സും മറ്റു് ഓപ്പന്‍സോഴ്സ് (സ്വതന്ത്ര)സോഫ്റ്റ്‌വെയറും ഉപയോഗിക്കണമെന്നു് നിര്‍ദ്ദേശമുണ്ടു്. കേന്ദ്ര സര്‍ക്കാര്‍ 2010 നവംബര്‍ 10നു് വിജ്ഞാപനം ചെയ്തിട്ടുള്ള ഇ-ഗവേര്‍ണന്‍സിനു വേണ്ടിയുള്ള തുറന്ന മാനകങ്ങളുടെ നയരേഖയില്‍ (Open standards policy) കാര്യക്ഷമതയ്ക്കും, സുതാര്യതയ്ക്കും, വിശ്വാസ്യതയ്ക്കും തുറന്ന മാനകങ്ങള്‍ വേണമെന്ന നിലപാടാണു് സ്വീകരിച്ചു കാണുന്നതു്. കേന്ദ്ര സര്‍ക്കാര്‍ 2011 ജൂണ്‍ 23നു് പുറത്തിറക്കിയിട്ടുള്ള ഹാര്‍ഡ്‌വെയര്‍ പ്രൊക്യൂര്‍മെന്റിനു വേണ്ടിയുള്ള ഡിവൈസ് ഡ്രൈവറുകളുടെ കരടു് നയത്തിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിനനുഗുണമായ ഹാര്‍ഡ്‌വെയറിനെ പിന്താങ്ങുന്ന നിലപാടാണു് സ്വീകരിച്ചിട്ടുള്ളതു്. 2007ല്‍ ബഹുമാനപ്പെട്ട മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമും ഡോ. എ ശിവതാണു പിള്ളയും ചേര്‍ന്നെഴുതിയ Envisioning an Empowered Nation: Technology for Societal Transformation എന്ന പുസ്തകത്തില്‍ “വിവരസാങ്കേതികവിദ്യയിലെ ഭാവി വെല്ലുവിളികളില്‍ സോഫ്റ്റ്‌വെയര്‍സുരക്ഷിതത്വത്തോടു് ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നു. സിസ്റ്റത്തില്‍ സുരക്ഷിതത്വ അല്‍ഗോരിതങ്ങള്‍ ഉള്‍ച്ചേര്‍ക്കാന്‍ ഓപ്പണ്‍ സോഴ്സ് കോഡുകള്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കും. ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ വ്യവസായം ഇപ്പോഴും ഉടമസ്ഥതാവകാശ പരിഹാരങ്ങളില്‍ വിശ്വസിക്കുന്നതായി തോന്നുന്നു. അതോടൊപ്പം ഐ ടിയുടെ വ്യാപനം വ്യക്തികളുടെ നിത്യജീവിതത്തെ സ്വാധീനിക്കുകയുമാണു്. ഈ ഉടമസ്ഥതാ ശൈലികള്‍ ഉള്‍ക്കൊള്ളുന്ന ബിസിനസ്സ് രീതിയിലെ ഏതെങ്കിലുമൊരു ചെറിയ മാറ്റം വഴി സാമൂഹികജീവിതത്തില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. സമൂഹത്തിനു മൊത്തം വില കുറഞ്ഞതും ആവശ്യമായ സുരക്ഷിതത്വം നല്കുന്നതുമായ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കണമെന്നു് പറയുന്നതു് ഈ കാരണങ്ങളാലാണു്. നമ്മുടെ നൂറു കോടി മനുഷ്യരുടെ ക്ഷേമത്തിനായി ഭാരതത്തില്‍ ഓപ്പണ്‍ സോഴ്സ് കോഡ് സോഫ്റ്റ്‌വെയര്‍ വന്‍ തോതില്‍ വരുകയും നിലനില്ക്കുകയും വേണം.” എന്നു നിരീക്ഷിക്കുകയും കാഴ്ചപ്പാടു് പങ്കു വയ്ക്കുകയും ചെയ്യുന്നുണ്ടു്. തുറന്ന മാനകങ്ങളും ആവശ്യമായതില്‍‌ കൂടുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും സ്വതന്ത്ര ഫ്രെയിംവര്‍ക്കുകളും നിലവിലുണ്ടായിരിക്കേ, ഇപ്പോഴത്തേതു പോലുള്ള കുത്തക സോഫ്റ്റ്‌വെയറുകളിന്മേലുള്ള ആശ്രിതത്വം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ക്കോ വകുപ്പിനോ ഗുണം ചെയ്യുകയുമില്ല.

4. പൊതുമേഖലയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്ടുകള്‍

കെ എസ് ഇ ബിയുടെ ഒരുമ സോഫ്റ്റ്‌വെയര്‍ പൊതുമേഖലയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗത്തിനു് ഉദാഹരണമാണു്. കെ എസ് ഇ ബിയുടെ 729 സെക്‍ഷന്‍ ആപ്പീസുകളിലും ഒരു സെര്‍വര്‍, ഒരു ബാക്കപ്പ് സെര്‍വര്‍, നാലു് ക്ലൈന്റ് കമ്പ്യൂട്ടറുകള്‍ എന്നിവയടങ്ങുന്ന സംവിധാനമാണു് നിലവിലുള്ളതു്. ഇവയില്‍ സെര്‍വറിലും ബാക്കപ്പ് സെര്‍വറിലും ഡെബിയന്‍ ഗ്നു/ലിനക്സും ക്ലൈന്റ് കമ്പ്യൂട്ടറുകളില്‍ ഉബുണ്ടുവും ആണു് പ്രവര്‍ത്തിക്കുന്നതു്. ഖാദി ബോര്‍ഡിലും പ്രാഥമിക ഓപ്പറേറ്റിങ് സിസ്റ്റമായി ഗ്നു/ലിനക്സാണു് ഉപയോഗിക്കുന്നതു്. ഐ ടി @സ്കൂള്‍ പൊതുമേഖലയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗത്തിനു് മറ്റൊരുദാഹരണമാണു്. സംസ്ഥാനത്തുടനീളമുള്ള പ്രൈമറി, സെക്കണ്ടറി സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഗ്നു/ലിനക്സും മറ്റു് സ്വതന്ത്ര സോഫ്റ്റുവെയറുകളും ഉപയോഗിച്ചാണു് ഐ ടി പഠനം നടത്തിക്കൊണ്ടിരിക്കുന്നതു്. ഭാവിയില്‍ വകുപ്പിലേക്കും പഞ്ചായത്തുകളിലേക്കുമെത്തുന്ന ജീവനക്കാര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം സിദ്ധിച്ച ഇവരാകും. ഐ ടി @ സ്കൂള്‍ പ്രൊജക്ട് സംസ്ഥാനത്തുടനീളമുള്ള 15000ലധികം വരുന്ന സ്കൂളുകളുടെയും 7,000,000 ലധികം വരുന്ന വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതു് സ്വതന്ത്ര സ്കൂള്‍ ഇആര്‍പി സോഫ്റ്റ്‌വെയറായ ഫെഡെനയുടെ ഇംപ്ലിമെന്റേഷനായ ‘സമ്പൂര്‍ണ്ണ‘ ഉപയോഗിച്ചാണു്. സ്വതന്ത്ര വെബ് സാങ്കേതികവിദ്യയായ റൂബി ഓണ്‍ റെയില്‍സ് ഉപയോഗിച്ചു് വികസിപ്പിച്ചെടുത്ത പ്രസ്തുത ഫെഡെന സോഫ്റ്റ്‌വെയര്‍ ലോകമെമ്പാടുമുള്ള 40000ലധികം സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നുണ്ടു്. എല്ലാം കൊണ്ടും ഐ ടി @ സ്കൂള്‍ പ്രൊജക്ട് മറ്റു് ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ക്കു് ഒരു മാതൃകയാണു്. കലക്ടറേറ്റുകളിലെ ആപ്പീസ് സംവിധാനം മുന്നോട്ടു പോവുന്ന‌തു് എന്‍ ഐ സി, ഗ്നു/ലിനക്സിലും പി എച്ച് പി, മൈഎസ്‌ക്യുഎല്‍, അപ്പാച്ചെ എന്നിവയിലും അധിഷ്ഠിതമായി വികസിപ്പിച്ചെടുത്ത ഡിസി സ്യൂട്ട് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു്. സര്‍ക്കാരിന്റെ സുതാര്യകേരളം പരിപാടിയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നതു് ഗ്നു/ലിനക്സ്, പി എച്ച് പി, മൈഎസ്‌ക്യുഎല്‍, അപ്പാച്ചെ, വി എല്‍ സി എന്നീ സങ്കേതങ്ങളുടെ സഹായത്തോടെ സി-ഡിറ്റ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണു്. ഐ സി ഡി എസ്സില്‍ 12000ഓളം വരുന്ന അംഗന്‍വാടികളിലെ കുട്ടികളുടെ ആരോഗ്യ, പോഷണ നില മോണിറ്റര്‍ ചെയ്യാന്‍ ഉദ്ദേശിച്ചു് തയ്യാറാക്കി ഇംപ്ലിമെന്റേഷന്‍ ഘട്ടത്തിലേക്കു് നീങ്ങിക്കൊണ്ടിരിക്കുന്ന എം ഐ എസ് സോഫ്റ്റ്‌വെയര്‍ സി-ഡാക്‍ നിര്‍മ്മിച്ചതു് ക്യൂട്ടി, ജാവ, പോസ്റ്റ്ഗ്രെഎസ്‌ക്യുഎല്‍, കുഗാര്‍ റിപ്പോര്‍ട്ടിങ് ടൂള്‍ എന്നിവ ഉപയോഗിച്ചാണു്. കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പ്രോവിഡന്റ് ഫണ്ട്, പേറോള്‍, ലീവ്, ഫണ്ട് വിതരണം മുതലായവ കൈകാര്യം ചെയ്യുന്നതു് ഗ്നു/ലിനക്സില്‍ ജാവ, അപ്പാച്ചെ ടോംക്യാറ്റ് സെര്‍വര്‍, പോസ്റ്റ്ഗ്രെഎസ്‌ക്യുഎല്‍ എന്നിവയുപയോഗിച്ചു് സി-ഡാക്‍ നിര്‍മ്മിച്ച സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണു്. പി ഡബ്ല്യു ഡിയുടെ വെബ് പോര്‍ട്ടല്‍ നിര്‍മ്മിക്കാന്‍ ഇനാപ്പ് ഉപയോഗിച്ചതു് അപ്പാച്ചെ വെബ് സെര്‍വര്‍, ജക്കാര്‍ത്ത-ടോംക്യാറ്റ്, ജാവ, പോസ്റ്റ്ഗ്രെഎസ്‌ക്യുഎല്‍, പോസ്റ്റ്ഫിക്സ്, മെയില്‍മാന്‍, ഗ്നു/ലിനക്സ് എന്നിവയാണു്. എറണാകുളം റീജ്യനല്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ ലിമിറ്റഡിലെ മില്‍മ സൊസൈറ്റികളിലെ ധനകാര്യ മാനേജ്മെന്റ്, റിപ്പോര്‍ട്ടുകള്‍, എം ഐ എസ് മുതലായവ കൈകാര്യം ചെയ്യുന്നതിനു വേണ്ടി ഇനാപ്പ് നിര്‍മ്മിച്ച പ്രിസം സോഫ്റ്റ്‌വെയര്‍ മൈഎസ്‌ക്യുഎല്‍, ജാവ, ഗ്നു/ലിനക്സ് എന്നീ സങ്കേതങ്ങളാണു് ഉപയോഗിച്ചിരിക്കുന്നതു്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ധനകാര്യ വിഭാഗവും, പരീക്ഷാവിഭാഗവും കമ്പ്യൂട്ടര്‍വല്ക്കരണം നടത്തിയിരിക്കുന്നതു് പൈത്തണ്‍, ജി ടി കെ+, പോസ്റ്റ്ഗ്രെഎസ്‌ക്യുഎല്‍ എന്നിവയുപയോഗിച്ചു് സ്വന്തമായി നിര്‍മ്മിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു്. കേരള പി എസ് സിയുടെ പ്രവര്‍ത്തനങ്ങളുടെ കമ്പ്യൂട്ടര്‍വല്ക്കരണവും സ്വതന്ത്രസോഫ്റ്റ്‌വെയറുകളില്‍ അധിഷ്ഠിതമാണു്. കേരളത്തില്‍ നിലവില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പിന്താങ്ങുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണു് കെല്‍ട്രോണ്‍, എന്‍ ഐ സി, സി-ഡിറ്റ്, സി-ഡാക്‍ എന്നിവ.

5. മൈക്രോസോഫ്റ്റ് വിന്‍ഡോസ് കൊണ്ടുള്ള പ്രശ്നങ്ങള്‍

വിന്‍ഡോസില്‍ ഒഴിയാബാധയായ വൈറസ് പ്രശ്നം ഗ്നു/ലിനക്സിലില്ലാത്തതിനാല്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനും അതു് സമയാസമയം പുതുക്കുന്നതിനും വേണ്ടി ഇപ്പോള്‍ ചെലവാക്കിക്കൊണ്ടിരിക്കുന്ന തുക ലാഭിക്കുവാനും വൈറസ് സ്കാനിങിനും മറ്റും വേണ്ടി വിനിയോഗിക്കുന്ന സമയം മറ്റു് പ്രയോജനകരമായ കാര്യങ്ങള്‍ക്കു വേണ്ടി തിരിച്ചു വിടുവാനും കഴിയും. ഗ്നു/ലിനക്സിനും ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കും ഉദാരമായ ലൈസന്‍സ് വ്യവസ്ഥകളാണുള്ളതെന്നതിനാല്‍ എത്ര പകര്‍പ്പുകള്‍ വേണമെങ്കിലും എടുത്തു് എത്ര കമ്പ്യൂട്ടറുകളില്‍ വേണമെങ്കിലും സ്ഥാപിക്കാന്‍ യാതൊരു നിയമതടസ്സവുമില്ല. എന്നാല്‍ വിന്‍ഡോസില്‍ ഇത്രയും സ്വാതന്ത്ര്യം ലഭ്യമല്ല. അധികമായി വേണ്ടി വരുന്ന വിന്‍ഡോസ് പകര്‍പ്പുകള്‍ ലൈസന്‍സ് ഫീ കൊടുത്തു് വാങ്ങേണ്ടതായിട്ടുണ്ടു്. ഇപ്രകാരം ലൈസന്‍സ് ഫീ കൊടുത്തു് വാങ്ങിയാലും, കാലാനുസൃതമായി വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ചു് ഓപ്പറേറ്റിങ് സിസ്റ്റം അപ്ഗ്രേഡ് ചെയ്യേണ്ടി വരുമ്പോള്‍ വീണ്ടും ലൈസന്‍സ് ഫീ കൊടുത്തു് പുതിയ പതിപ്പു് വാങ്ങേണ്ടി വരും. ഇക്കാരണത്താല്‍ തന്നെ 2000 ഫിബ്രവരി മാസത്തിലിറങ്ങിയ വിന്‍ഡോസ് 2000 നിരവധി പഞ്ചായത്തുകളില്‍ കാലാനുസൃതമായി പുതുക്കാന്‍ സാധിക്കാതെ ഇപ്പോഴും അവരുടെ സെര്‍വറുകളില്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ടു്. വിന്‍ഡോസ് 2000 നു് അതു പുറത്തിറക്കിയ മൈക്രോസോഫ്റ്റ് കമ്പനി 13/7/2010 മുതല്‍ പിന്തുണ പിന്‍വലിച്ചിട്ടു പോലും ഇതു തന്നെ തുടര്‍ന്നും ഉപയോഗിക്കേണ്ടി വരുന്നതു് ഒരര്‍ത്ഥത്തില്‍ ഗതികേടു തന്നെയാണു്. മാത്രമല്ല വിന്‍ഡോസ് പുറത്തിറക്കുന്ന മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനെതിരെ വിപണിയിലെ സ്വന്തം കുത്തകസ്ഥാനം ദുരുപയോഗം ചെയ്തതിനു് യൂറോപ്യന്‍ കമ്മീഷന്‍, ഇതര നെറ്റ്‌വര്‍ക്കിങ് സോഫ്റ്റ്‌വെയറുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാന വിവരങ്ങള്‍ പങ്കു വയ്ക്കുവാനും, (തുടര്‍ന്നും വിവരങ്ങള്‍ പങ്കു വയ്ക്കാത്തതിനു് 280.5മില്യണ്‍ യൂറോ കൂടി അധികപിഴ 2006ല്‍ ചുമത്തി. മാത്രമല്ല എന്നിട്ടും വിവരം പങ്കു വച്ചില്ലെങ്കില്‍ പ്രതിദിനം അടയ്ക്കേണ്ട പിഴ 3 മില്യണ്‍ യൂറോ ആക്കി ഉയര്‍ത്തുമെന്നു് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തു. ഇത്രയൊക്കെയായിട്ടും വിവരങ്ങള്‍ പങ്കു വയ്ക്കാതിരുന്നതിനു് 2008 ല്‍ യൂറോപ്യന്‍ യൂണിയന്‍ 899 മില്യണ്‍ യൂറോ കൂടി അധിക പിഴ ചുമത്തി.) മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ കുത്തക സ്വഭാവം വെളിവാക്കുന്ന നിരവധി കേസുകളിലൊന്നു മാത്രമാണു് ഇതു്. ഇപ്രകാരം അധികാരസ്ഥാനങ്ങളെയും നീതിന്യായ സംവിധാനങ്ങളെയും വെല്ലുവിളിച്ചു് വിവരങ്ങള്‍ക്കു മേല്‍ ആധിപത്യസ്വഭാവം കാണിക്കുന്ന ഒരു കമ്പനി ഒരുക്കുന്ന പ്ലാറ്റ്ഫോമുപയോഗിച്ചു്, നമ്മുടെ രാജ്യത്തെ വിവിധ നിയമങ്ങളനുസരിച്ചു് ശേഖരിച്ചു സൂക്ഷിക്കുന്ന ഇവിടത്തെ പൌരന്മാരുടെ അടിസ്ഥാന വിവരങ്ങള്‍ ഒരു നെറ്റ്‌വര്‍ക്കിലൂടെ കൈമാറേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന വിവരസുരക്ഷാ പ്രശ്നം വളരെ ഗൌരവമായി കണക്കിലെടുക്കേണ്ടതാണെന്നു് തോന്നുന്നു. നിലവില്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ്, എം എസ് ഓഫീസ്, ഐ എസ് എം, ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍, പേജ്‌മേക്കര്‍, ഫോട്ടോഷോപ്പ് തുടങ്ങി പല കുത്തക സോഫ്റ്റ്‌വെയറുകളുടെയും അനധികൃത പകര്‍പ്പുകള്‍ (pirated) ചില പഞ്ചായത്താപ്പീസ്സുകളിലും വകുപ്പിനു കീഴിലുള്ള മറ്റു് ആപ്പീസുകളിലുമെങ്കിലും ഉപയോഗിച്ചു വരുന്നുണ്ടു്. ഇതു് 1957 ലെ ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരവും 2000 ലെ വിവര സാങ്കേതികവിദ്യാ നിയമം(ഇന്‍ഫോര്‍മേഷന്‍ ടെക്‍നോളജി ആക്ട്) വകുപ്പു് 66(2) പ്രകാരവും ഗുരുതരവും ശിക്ഷാര്‍ഹവുമായ കുറ്റമായതിനാല്‍ ഇപ്രകാരമുള്ള ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടതാണു്. എന്നാല്‍ ഇത്തരം നിയമപരമായ നൂലാമാലകളൊന്നും തന്നെ ഗ്നു/ലിനക്സിനും ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കുമില്ല. അതിനാല്‍ ഇത്തരം കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കു പകരം അവയുടെ മേഖലയില്‍ പ്രവര്‍ത്തനശേഷിയുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാവുന്നതാണു്. മിക്ക ഗ്നു/ലിനക്സ് വിതരണങ്ങള്‍ക്കും ഏതു സമയത്തും ലഭ്യമായ ഓണ്‍ലൈന്‍ സംഭരണികള്‍ ഉണ്ടു്. ഇത്തരം സംഭരണികളില്‍ ഇപ്പോള്‍ നമ്മള്‍ ആപ്പീസുകളില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വേര്‍ഡ് പ്രൊസസ്സര്‍, സ്പ്രെഡ്ഷീറ്റ്, വെബ് ബ്രൌസര്‍ മുതലായവ കൂടാതെ വിവിധാവശ്യങ്ങള്‍ക്കുള്ള 29000 എണ്ണത്തോളം വരുന്ന സോഫ്റ്റ്വെയറുകള്‍ (ഡെബിയന്‍ ഗ്നു/ലിനക്സില്‍) ഒരേ ഉറവിടത്തില്‍ത്തന്നെ ലഭ്യമാണെന്നതിനാല്‍ ഓരോ ആവശ്യത്തിനും വെവ്വേറെയായി സോഫ്റ്റ്‌വെയര്‍ ലൈസന്‍സ് വാങ്ങി സ്ഥാപിക്കേണ്ടി വരുന്നില്ല. മാത്രമല്ല ഈ സോഫ്റ്റ്‌വെയറുകളിലുണ്ടാവുന്ന പുതുക്കലുകള്‍ സൌജന്യമായിത്തന്നെ ഉപയോക്താവിനു് ലഭ്യമാക്കാനും കഴിയും. അതിനാല്‍ത്തന്നെ പൊതുപണം വളരെയേറെ ലാഭിക്കാന്‍ സാധിക്കും. ഈ ഒരു സൌകര്യം വിന്‍ഡോസിലും ഇതര കുത്തക സോഫ്റ്റ്‌വെയറുകളിലും ലഭ്യമല്ല.

6. ഗ്നു/ലിനക്സിലേക്കു്

ഗ്രാമപഞ്ചായത്തു് ആപ്പീസുകളിലല്ലാതെ പഞ്ചായത്തു് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ആപ്പീസുകളിലും പഞ്ചായത്തു് ഡയറക്ടറുടെ ആപ്പീസിലും പഞ്ചായത്തു് വകുപ്പിനു കീഴിലുള്ള മറ്റു് ആപ്പീസുകളിലും, വിന്‍ഡോസില്‍ മാത്രം പ്രവര്‍ത്തിക്കുന്നതും നിര്‍ബ്ബന്ധമായും ഉപയോഗിക്കേണ്ടതുമായ സോഫ്റ്റ്‌വെയറുകളൊന്നും തന്നെയില്ലാത്തതിനാല്‍ ഇവിടെയെല്ലാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളെല്ലാം തന്നെ ഗ്നു/ലിനക്സിലേക്കു് മാറ്റുന്നതിനു് തടസ്സമില്ല. പഞ്ചായത്തു് ഡെപ്യൂട്ടി ഡയറക്ടറാഫീസുകളും പഞ്ചായത്തു് ഡയറക്ടറാഫീസും പൂര്‍ണ്ണമായി ഗ്നു/ലിനക്സിലേക്കു് മാറിക്കഴിയുന്നതോടെ ഐ എസ് എം ഉപയോഗിച്ചുള്ള കാലഹരണപ്പെട്ട ASCII വിനിമയരീതി പൂര്‍ണ്ണമായും ഇല്ലാതാകുകയും ആധുനിക യൂണിക്കോഡ് സംവിധാനത്തിലേക്കു് മാറുകയും ചെയ്യും. ASCII വിനിമയ രീതിയിലുള്ള കത്തിടപാടുകള്‍ സ്വീകരിക്കേണ്ടതില്ല എന്ന അവസ്ഥയുണ്ടാവുന്നതിനാല്‍ ഗ്രാമപഞ്ചായത്തു് ആപ്പീസുകളില്‍ ഇന്റര്‍നെറ്റുമായി യോജിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകളും ഐ കെ എമ്മിന്റെ, വിന്‍ഡോസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ സ്ഥാപിച്ചിട്ടില്ലാത്ത മറ്റു കമ്പ്യൂട്ടറുകളും ഇതോടെ ഗ്നു/ലിനക്സിലേക്കു് മാറ്റാന്‍ തടസ്സമുണ്ടാവില്ല. ആയതിനാല്‍ ഗ്രാമപഞ്ചായത്തുകളിലും അവയുടെ ഘടകസ്ഥാപനങ്ങളിലും പഞ്ചായത്തു് വകുപ്പിനു കീഴിലുള്ള മറ്റു് ആപ്പീസുകളിലും വിന്‍ഡോസിനും മറ്റു് കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കും പകരം, ഗ്നു/ലിനക്സും ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശം നല്കാവുന്നതും, അതിനു വേണ്ടിയുള്ള ക്രിയാത്മക നടപടികള്‍ സ്വീകരിക്കാവുന്നതുമാണു്.

7. കേന്ദ്രീകൃത സമഗ്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കല്‍

പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം ഒരു ടീം വര്‍ക്കാണെന്നതിനു പുറമേ ഒരു പ്രക്രിയ കൂടിയാണു്. ഇതിനു്, ബന്ധപ്പെട്ട എല്ലാ stakeholders നേയും പങ്കെടുപ്പിച്ചു കൊണ്ടു് വിശദവും സമഗ്രവുമായ വിഷയാപഗ്രഥനം നടത്തേണ്ടതുണ്ടു്. അപ്രകാരമൊരു സമഗ്ര അപഗ്രഥനം നാളിതുവരെ നടത്തിക്കാണുന്നില്ല. ഞാന്‍ 01/06/2012നു് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 6, 7, 8, 9 ഖണ്ഡികകളില്‍ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങളെ ഒന്നുകൂടി ഊന്നി പ്രസ്താവിച്ചു കൊള്ളുന്നു. ഇവയില്‍ ഖണ്ഡിക 6 ലെ നിര്‍ദ്ദേശങ്ങള്‍ എന്റെ എം എസ് സി കോഴ്സിന്റെ ഭാഗമായി 2008ല്‍ ഞാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വച്ചു ചെയ്ത ജി ഐ എസ് പ്രൊജക്ട് ഡിസര്‍ട്ടേഷനില്‍ (പകര്‍പ്പു് കില(തൃശൂര്‍)യിലെ ലൈബ്രറിയില്‍ ലഭ്യമാണു്) പ്രസ്താവിച്ചിട്ടുള്ളതിന്റെ ചുരുക്കമാണു്. പ്രസ്തുത നാലു് ഖണ്ഡികകളില്‍ ചൂണ്ടിക്കാണിച്ചതു പോലെ പഞ്ചായത്തു് ആപ്പീസുകളിലും അവയുടെ ഘടകസ്ഥാപനങ്ങളിലും പഞ്ചായത്തു വകുപ്പിലും സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ അധിഷ്ഠിതമായ, ഇ ആര്‍ പി (എന്റര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ്), ജി ഐ എസ് (ജ്യോഗ്രഫിക്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം), സി എം എസ് (കണ്ടെന്റ് മാനേജ്‌മെന്റ് സിസ്റ്റം) എന്നീ മൂന്നു ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന കേന്ദ്രീകൃതമായ സമഗ്ര സോഫ്റ്റ്‌വെയര്‍ ആണു് പ്രയോഗത്തില്‍ വരേണ്ടതു്. ഇവയില്‍ ഇ ആര്‍ പി ഘടകമായി ഓപ്പണ്‍ ഇ ആര്‍ പിയും, ജി ഐ എസ് ഘടകമായി ക്വാണ്ടം ജിസ്, പോസ്റ്റ്ജിസ്, പോസ്റ്റ്ഗ്രെഎസ്‌ക്യുഎല്‍, മാപ്പ് സെര്‍വര്‍, ഓപ്പണ്‍ ലെയേഴ്സ് എന്നിവയുടെ സംയോജനത്തെയും, സി എം എസ് ഘടകമായി ദ്രുപല്‍ ഉം പരിഗണിക്കാവുന്നതാണു്. നിലവില്‍ ഈ മേഖലകളില്‍ ലഭ്യമായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളില്‍ വച്ചു് കൂടുതല്‍ വികസിതവും മികച്ചവയുമാണു് ഇവ.

പ്രതിദിനം ശരാശരി 700ഓളം ഡൌണ്‍ലോഡുകളാണു് ഓപ്പണ്‍ ഇ ആര്‍ പിക്കു് ലോകവ്യാപകമായി നിലവിലുള്ളതു്. ഇതു് ഈ സോഫ്റ്റ്‌വെയറിന്റെ മികവാണു് കാണിക്കുന്നതു്. ഇന്ത്യയിലും നിരവധി സ്ഥാപനങ്ങള്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് പ്രവര്‍ത്തിക്കുന്നുണ്ടു്. ഇതിന്റെ സര്‍വ്വീസ്, കസ്റ്റമൈസേഷന്‍, ഡവലപ്പ്മെന്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തിലുമുണ്ടു്. ജി ഐ എസ് വിവരശേഖരം പോസ്റ്റ്ജിസ്, പോസ്റ്റ്ഗ്രെഎസ്‌ക്യുഎല്‍ എന്നിവയില്‍ ശേഖരിച്ചു് മാപ്പ് സെര്‍വര്‍, ഓപ്പണ്‍ ലെയേഴ്സ് എന്നിവ വഴി വിനിമയം ചെയ്യാം. ക്വാണ്ടം ജിസ് ഡെസ്ക്ടോപ്പ് ക്ലൈന്റായി ഉപയോഗിച്ചോ, സാധാരണ ബ്രൌസര്‍ ഉപയോഗിച്ചോ ജി ഐ എസില്‍ പ്രവേശിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും അപഗ്രഥനം നടത്തുകയും ചെയ്യാവുന്ന രീതിയില്‍ സംവിധാനം ചെയ്യാം. മികച്ച ജി ഐ എസ് പ്രൊജക്ടുകളില്‍ ലോകവ്യാപകമായിത്തന്നെ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണു് ഇവ. ഇന്നു് ലോകത്തു് ലഭ്യമായവയില്‍ ഏറ്റവും മികച്ച സി എം എസ് സോഫ്റ്റ്‌വെയറുകളിലൊന്നാണു് ദ്രുപല്‍. കേരളത്തിലും ദ്രുപല്‍ ഉപയോഗിച്ചു് വെബ് സൊല്യൂഷനുകള്‍ നല്കുന്ന കമ്പനികളും സ്ഥാപനങ്ങളുമുണ്ടു്. പഞ്ചായത്തുകളുടെയും അവയുടെ ഘടകസ്ഥാപനങ്ങളുടെയും പഞ്ചായത്തു് വകുപ്പിന്റെയും സാഹചര്യങ്ങളുമായി ഇവയെല്ലാം ഒത്തു പോകുമെന്നും കാണുന്നു.

ഇവ മൂന്നു ഘടകങ്ങളുമുപയോഗിച്ചു് എങ്ങനെ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കണമെന്നതും വിശദാംശങ്ങളുടെ രൂപകല്പനയും മറ്റും, പഞ്ചായത്തു് കാര്യങ്ങളിലും വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയിലും വൈദഗ്ദ്ധ്യമുള്ളവരുമായും, അതതു് സാങ്കേതിക മേഖലകളിലെ വിദഗ്ദ്ധരുമായും കൂടിയോലോചിച്ചു് തീരുമാനിക്കാവുന്നതാണു്. പ്രാഥമിക നിര്‍ദ്ദേശമെന്ന നിലയില്‍ അക്കൌണ്ടിങ്, ബജറ്റ്, വരവുചെലവുകള്‍, മാനവവിഭവശേഷി നിയന്ത്രണം, പ്രൊജക്ട് മാനേജ്മെന്റ്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, യോഗങ്ങള്‍ക്കുള്ള പിന്തുണ, വാങ്ങലുകള്‍, സഹായക രേഖകളടക്കമുള്ള പങ്കാളിത്ത ഫയല്‍ മാനേജ്മെന്റ് തുടങ്ങിയവ ഇ ആര്‍ പി ഘടകത്തിലും; ആസ്തികള്‍, നികുതികള്‍, ലൈസന്‍സിങ്, വിഭവ മാനേജ്മെന്റ്, കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍, നെല്‍വയല്‍-തണ്ണീര്‍ത്തടങ്ങളുടെ ഡാറ്റാബാങ്ക് മുതലായവ ജി ഐ എസ് ഘടകത്തിലും; ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം, വിവരങ്ങളുടെയും രേഖകളുടെയും അറിയിപ്പുകളുടെയും മറ്റും പ്രസിദ്ധീകരണം, നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും സര്‍ക്കുലറുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ക്രോഡീകരിക്കല്‍ തുടങ്ങിയവ സി എം എസ് ഘടകത്തിലും കൈകാര്യം ചെയ്യുന്നതു് പരിഗണിക്കാവുന്നതാണു്. നിലവില്‍ ലാന്റ് യൂസ് ബോര്‍ഡും, കെ എസ് ആര്‍ ഇ സിയും ശേഖരിച്ചു് സൂക്ഷിച്ചു വച്ചിട്ടുള്ള ജി ഐ എസ് ഡാറ്റാ ശേഖരം നമ്മുടെ ജി ഐ എസ് ഘടകത്തിന്റെ അടിസ്ഥാനവിവര ശേഖരമാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണു്. പഞ്ചായത്തുകളുടെയും വകുപ്പിന്റെയും ദര്‍ഘാസ് മുതലായവയ്ക്കുള്ള പരസ്യങ്ങള്‍, നോട്ടിഫിക്കേഷനുകള്‍, പൌരാവകാശ രേഖകള്‍, പഞ്ചായത്തുകളുടെ വികസന രേഖകള്‍, പദ്ധതി രേഖകള്‍, ജൈവ വൈവിദ്ധ്യ രജിസ്റ്ററുകള്‍ മുതലായവ അതാതു് ഓഫീസുകളില്‍ നിന്നു തന്നെ വികേന്ദ്രീകൃതമായി വെബ്ബില്‍ പ്രസിദ്ധപ്പെടുത്തുവാന്‍ തക്ക വണ്ണം സി എം എസ് ഘടകത്തില്‍ ക്രമീകരണം വരുത്തേണ്ടതാണു്. ഈ കേന്ദ്രീകൃത സമഗ്ര സോഫ്റ്റ്‌വെയറിന്റെ മേല്‍പ്പറഞ്ഞ മൂന്നു ഘടകങ്ങളിലും ക്രോഡീകരിക്കപ്പെടുന്ന സ്ഥിതിവിവരക്കണക്കുകളും വിവരങ്ങളും മറ്റും 2005ലെ വിവരാവകാശ നിയമത്തിലെ 4(1), 4(2) വകുപ്പുകള്‍ അനുശാസിക്കുന്നതു പ്രകാരം, സി എം എസ് ഘടകം വഴി അതാതു് സമയത്തു തന്നെ സ്വമേധയാ പ്രസിദ്ധീകരിക്കപ്പെടുകയും അവ സമയാസമയങ്ങളില്‍ നവീകരിക്കപ്പെടുകയും അപ്രകാരം പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ക്കു വേണ്ടി ആവശ്യക്കാര്‍ വെബ്ബില്‍ സെര്‍ച്ച് എഞ്ചിനുകള്‍ വഴി തിരച്ചില്‍ നടത്തുമ്പോള്‍ സ്വമേധയാ ക്രമമായി ലഭ്യമാക്കാനും കഴിയുന്ന വിധത്തില്‍ സംവിധാനം ചെയ്യാവുന്നതാണു്.

നിലവില്‍ ഐ കെ എം അനുവര്‍ത്തിച്ചു പോരുന്ന, കുത്തക സോഫ്റ്റ്‌വെയര്‍ ഫ്രെയിംവര്‍ക്കുകള്‍ ഉപയോഗിച്ചു് സോഫ്റ്റ്‌വെയറിന്റെ കോഡ്ബേസ് മുതല്‍ വികസിപ്പിച്ചു കൊണ്ടുവരുന്ന രീതിയേക്കാള്‍, അതാതു് ആവശ്യങ്ങള്‍ക്കു വേണ്ടി വികസിപ്പിച്ചെടുത്തു കൊണ്ടേയിരിക്കുന്നതും ഇപ്പോള്‍ത്തന്നെ വളരെ വികസിതവുമായ ഇത്തരം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും ഫ്രെയിംവര്‍ക്കുകളും കസ്റ്റമൈസ് ചെയ്തു് സ്വന്തമായ കേന്ദ്രീകൃത സമഗ്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചെടുക്കുന്ന രീതിക്കു് ചില മെച്ചങ്ങളുണ്ടു്:

൧. ഇപ്പോഴുള്ളതുപോലെ എല്ലാ പഞ്ചായത്തുകളിലും സെര്‍വര്‍ കമ്പ്യൂട്ടര്‍ സ്ഥാപിക്കേണ്ട ആവശ്യമില്ല, ക്ലൈന്റ് കമ്പ്യൂട്ടറുകള്‍ മാത്രം മതിയാവുന്നതാണു്. സംസ്ഥാനതലത്തിലുള്ള കേന്ദ്രീകൃത സെര്‍വറില്‍ സമഗ്ര സോഫ്റ്റ്‌വെയറിന്റെ എല്ലാ ഘടകങ്ങളും സ്ഥാപിച്ചു് വിവരങ്ങള്‍ ശേഖരിക്കുകയും വിനിമയം ചെയ്യുകയുമാവാം. മിറര്‍ സൈറ്റുകള്‍ ഏര്‍പ്പെടുത്തി സെര്‍വറിലെ തിരക്കു നിയന്ത്രിക്കാം. സോഫ്റ്റ്‌വെയറിലുണ്ടാകുന്ന പുതുക്കലുകള്‍ കേന്ദ്രീകൃത സെര്‍വറില്‍ ചെയ്താല്‍ മതി. കൈകാര്യത്തിനു് ഇപ്പോഴുള്ളതിനേക്കാള്‍ സൌകര്യമുണ്ടു്. മൊത്തത്തിലുള്ള പ്രവര്‍ത്തനം കേന്ദ്രീകൃതമായും വികേന്ദ്രീകൃതമായും മോണിറ്റര്‍ ചെയ്യാനും സാധിക്കും. ഇന്നു ചെയ്യുന്ന പോലെ എല്ലാ പഞ്ചായത്തിലും സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ കൊണ്ടുപോയി ഇന്‍സ്റ്റാള്‍ ചെയ്യേണ്ട കാര്യമില്ല. പഞ്ചായത്തുകളില്‍ ഇന്നുള്ളതു പോലെ വി പി എന്‍ കണക്‍ഷന്റെ ആവശ്യമുണ്ടാവുന്നില്ല. സാധാരണ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്‍ഷന്‍ തന്നെ ധാരാളം. ഇതിനാല്‍ എല്ലാ ക്ലൈന്റ് കമ്പ്യൂട്ടറുകളിലും ഇപ്പോഴുള്ള വി പി എന്‍ കണക്‍ഷനില്‍ ലഭ്യമാവാത്ത ഇന്റര്‍നെറ്റിലെ മറ്റെല്ലാ റിസോഴ്സുകളും ലഭ്യമാക്കാം. ഇതു് ജീവനക്കാര്‍ക്കെല്ലാവര്‍ക്കും പ്രവേശസൌകര്യം (accessibility) കൂട്ടും. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും സോഫ്റ്റ്‌വെയറുകളുടെയും സുരക്ഷാപാച്ചുകള്‍ അടക്കമുള്ള അപ്ഡേറ്റുകള്‍, മറ്റു സോഫ്റ്റ്‌വെയറുകള്‍ എന്നിവ സൌകര്യപ്രദമായി ലഭ്യമാക്കുന്നതിനും മറ്റും സാധാരണ ഇന്റര്‍നെറ്റ് കണക്‍ഷന്‍ നെറ്റ്‌വര്‍ക്കിലൂടെ എല്ലാ ക്ലൈന്റ് കമ്പ്യൂട്ടറുകളിലും എത്തിക്കേണ്ടതു് അത്യാവശ്യമാണു താനും. കൂടാതെ മേല്‍ പ്രസ്താവിച്ച കാരണങ്ങളാല്‍ സാമ്പത്തിക ലാഭവുമുണ്ടു്. ഒരു സെര്‍വര്‍ കമ്പ്യൂട്ടറിന്റെ ഇപ്പോഴത്തെ വിപണി വിലയായി കുറഞ്ഞതു് 1,79,000 രൂപയായി കണക്കാക്കിയാല്‍ത്തന്നെ ഗ്രാമപഞ്ചായത്താപ്പീസുകളില്‍ സെര്‍വര്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി പലപ്പോഴായി ചെലവാക്കേണ്ടി വരുന്ന 17,50,62,000 രൂപ ലാഭിക്കാന്‍ കഴിയും. ജില്ലാ പഞ്ചായത്താപ്പീസുകളും ഐ കെ എമ്മിന്റെ സോഫ്റ്റ്‌വെയറുകള്‍ വിന്യസിക്കേണ്ടുന്ന ഇതര ആപ്പീസുകളും കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ഇതിലും കൂടിയ തുക യഥാര്‍ത്ഥത്തില്‍ ലാഭിക്കാന്‍ സാധിക്കുമെന്നു് മനസ്സിലാക്കാം. ഓരോ പഞ്ചായത്തും വി പി എന്‍ കണക്‍ഷനു വേണ്ടി ചെലവാക്കിക്കൊണ്ടിരിക്കുന്ന തുകയും ലാഭിക്കാം.

൨. പൂര്‍ണ്ണമായും നമ്മുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ടുകൊണ്ടു് നിര്‍മ്മിച്ച സോഫ്റ്റ്‌വെയറുകളല്ല ഇവയെങ്കിലും, ഇവയെ കസ്റ്റമൈസ് ചെയ്തു് നമ്മുടെ ആവശ്യങ്ങള്‍ക്കിണങ്ങും വിധം വഴക്കിയെടുക്കാവുന്നതാണു്. അപ്രകാരം ചെയ്യുന്നതിനൊപ്പം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം, ജനനമരണ, വിവാഹ രജിസ്ട്രേഷന്‍ തുടങ്ങിയ നമ്മുടെ പ്രത്യേകാവശ്യങ്ങള്‍ക്കു വേണ്ടുന്ന അധിക മൊഡ്യൂളുകള്‍ പ്രത്യേകമായി വികസിപ്പിച്ചെടുത്തു് ഇവയുമായി സംയോജിപ്പിച്ചു് പ്രവര്‍ത്തിപ്പിക്കാനും, ഈ സോഫ്റ്റ്‌വെയറുകളില്‍ നിലവിലുള്ള മറ്റു് സമാനമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള മോഡ്യൂളുകളെ നമ്മുടെ ആവശ്യത്തിനുപകരിക്കുന്ന വിധത്തില്‍ കസ്റ്റമൈസ് ചെയ്തു് ഉപയോഗിക്കുവാനും കഴിയും. ഇങ്ങനെ നമുക്കു വേണ്ട സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചെടുക്കാന്‍ വേണ്ട സമയം വളരെയധികം ലാഭിക്കാം.

൩. ജനറിക്‍ ആയി വേണ്ടുന്ന, ഡാറ്റാബേസ് കൈകാര്യം, സമ്പര്‍ക്കമുഖം, പ്രിന്റിങ് സൌകര്യം തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ഇപ്പോള്‍ അനുവര്‍ത്തിച്ചു വരുന്ന രീതിയിലുള്ളതു പോലെ പ്രത്യേകമായി വികസിപ്പിച്ചെടുക്കേണ്ട ആവശ്യമില്ല, ആയവ ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളില്‍ത്തന്നെ നിലവില്‍ ലഭ്യമാണെന്നതിനാല്‍.

൪. ഇവയെല്ലാം തന്നെ ശ്രദ്ധേയമായ അന്താരാഷ്ട്ര പ്രൊജക്ടുകളായതിനാല്‍ ഇവ ഉപയോഗിക്കുന്നതും, കസ്റ്റമൈസ് ചെയ്യുന്നതും, നമ്മുടെ ആവശ്യങ്ങള്‍ക്കു് യോജിച്ച വിധമുള്ള അധിക മൊഡ്യൂളുകള്‍ വികസിപ്പിക്കുന്നതും, ഈ ആവശ്യങ്ങള്‍ക്കു സഹായകരമായ വിധത്തില്‍ ഇവയുടെ വികസിപ്പിക്കല്‍ ടീമുകളുമായി (Developer teams) ആശയവിനിമയം നടത്തുന്നതുമൊക്കെ, ഒരു സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കല്‍ സ്ഥാപനമെന്ന നിലയില്‍ ഐ കെ എമ്മിന്റേയും ഐ കെ എമ്മിലെ സാങ്കേതിക ജീവനക്കാരുടെയും പ്രവര്‍ത്തനശേഷിയും നിലവാരവും ഉയര്‍ത്താനും, പ്രവര്‍ത്തനത്തില്‍ പ്രൊഫഷണലിസം കൊണ്ടുവരുന്നതിനും വളരെയധികം സഹായിക്കും. ഇങ്ങനെ ഐ കെ എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്രനിലവാരം കൈവരിക്കുന്നതിനുള്ള ശ്രമം ഇപ്പോഴേ തുടങ്ങേണ്ടതാണു്. അതുവഴി വകുപ്പിനും പഞ്ചായത്തുകള്‍ക്കും മെച്ചമുണ്ടാകുകയും ചെയ്യും.

നമ്മുടെ രാജ്യത്തു് സര്‍ക്കാര്‍ പ്രൊജക്ടുകളില്‍ ഇതുപോലെ അന്താരാഷ്ട്ര ടീമുകളുമായി യോജിച്ചു് പ്രവര്‍ത്തിക്കുന്ന സമ്പ്രദായം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടു്. ഭാരത സര്‍ക്കാരിന്റെ ഡാറ്റാ പോര്‍ട്ടലായ http://data.gov.in ഇതിനുദാഹരണമാണു്. എന്‍ ഐ സി യുടെയും യു എസ് ഗവണ്മെന്റിലെ ടീമിന്റെയും സംയുക്ത സംരംഭമായ പ്രസ്തുത പ്രൊജക്ടില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫ്രെയിംവര്‍ക്കായ ദ്രുപല്‍ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത കസ്റ്റം പ്ലാറ്റ്ഫോമാണു് ആധാരമായി പ്രവര്‍ത്തിക്കുന്നതു്. ഇതിന്റെ സോഴ്സ് കോഡ് മുഴുവനായും, താല്പര്യമുള്ള ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാവുന്ന വിധത്തില്‍ പബ്ലിക്‍ കോഡ് ഷെയറിങ് പ്ലാറ്റ്ഫോമായ ഗിറ്റ്ഹബില്‍ ലഭ്യമാണു്. ഈ മാതൃക നമുക്കും പകര്‍ത്താവുന്നതാണു്. ഈ പോര്‍ട്ടല്‍ വെബ് കണ്ടെന്റ് ആക്സസ്സിബിലിറ്റി ഗൈഡ്‌ലൈന്‍സ് ലെവല്‍ എഎ, ഗൈഡ്‌ലൈന്‍സ് ഫോര്‍ ഇന്ത്യന്‍ ഗവണ്മെന്റ് വെബ്സൈറ്റ്സ് എന്നീ രണ്ടു് പ്രധാന സ്റ്റാന്റേര്‍ഡുകള്‍ ആധാരമാക്കിയാണു് വികസിപ്പിച്ചെടുത്തിട്ടുള്ളതു്. എന്നാല്‍ ഐ കെ എം തദ്ദേശസ്വയംഭരണ വകുപ്പിനു വേണ്ടിയും പഞ്ചായത്തുകള്‍ക്കു വേണ്ടിയും വികസിപ്പിച്ചെടുത്തിട്ടുള്ള വെബ്സൈറ്റുകള്‍ ഈ രണ്ടു സ്റ്റാന്റേര്‍ഡുകളും അനുസരിക്കുന്നില്ല എന്നു് ഖേദപൂര്‍വ്വം പറയേണ്ടി വരുന്നു. നമ്മുടെ ഈ വെബ്സൈറ്റുകളില്‍ വളരെയേറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും, വളരെ നിയന്ത്രണമുള്ള പകര്‍പ്പവകാശത്തോടെയാണു് ഇവ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നതിനാല്‍ വിക്കിപീഡിയ പോലെയുള്ള പുതിയ കാലത്തിന്റെ വിജ്ഞാനവ്യാപന പരിശ്രമങ്ങള്‍ക്കു് ഈ വിവരങ്ങള്‍ എടുത്തുപയോഗിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ത്തന്നെ പ്രയോഗക്ഷമതയുടെ കാര്യത്തിലും അഭിഗമ്യതയുടെ (accessibility) കാര്യത്തിലും നമ്മുടെ വെബ്സൈറ്റുകള്‍ തുലോം പുറകിലാണെന്നതു് വസ്തുതയാണു്. കൂടുതല്‍ ആളുകളിലേക്കു് എത്തുന്ന വിധത്തില്‍ എടുത്തുപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ആവശ്യം തന്നെയെന്താണു്? അതിനാല്‍ ഈ അവസ്ഥ മാറേണ്ടതുണ്ടു്. നമ്മുടെ സമഗ്ര സോഫ്റ്റ്‌വെയറിന്റെ സി എം എസ് ഘടകം പുതിയ വെബ് സ്റ്റാന്റേര്‍ഡുകള്‍ അനുസരിക്കുന്ന വിധത്തിലും ഉദാരമായ പകര്‍പ്പുപേക്ഷ വ്യവസ്ഥകള്‍ പ്രകാരവും സംവിധാനം ചെയ്യേണ്ടതാണു്. പകര്‍പ്പുപേക്ഷയുടെ കാര്യത്തില്‍ CC BY-SA 2.5 IN ലൈസന്‍സില്‍ പ്രസിദ്ധീകരിച്ച കെ എസ് ഇ ബിയുടെ വെബ്സൈറ്റിനെ (http://www.kseb.in) മാതൃകയാക്കാവുന്നതാണു്.

8. ഐ കെ എം ഉടനെ ചെയ്യേണ്ടതു്

ഐ കെ എം ഇപ്പോള്‍ അനുവര്‍ത്തിച്ചു വരുന്ന സോഫ്റ്റ്‌വെയര്‍ വികസന രീതി, അതതു് സാങ്കേതിക മേഖലകളിലെ വിദഗ്ദ്ധരുമായി ആലോചിച്ചു് സമഗ്രമായി അപഗ്രഥിച്ചു് സ്വാംശീകരിച്ചതല്ല. അതാതു് കാലഘട്ടങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനരീതികള്‍ (best practices) അനുസരിച്ചു് ഉരുത്തിരിഞ്ഞു വന്നതോ സ്വതന്ത്ര സോഫ്റ്റ്‌വെയറിലധിഷ്ഠിതമോ അല്ല. മറിച്ചു്, സമഗ്രമായ ഒരു കാഴ്ചപ്പാടിന്റെ അഭാവത്തിലും ഒരു പ്രത്യേക കാലഘട്ടത്തിലും അപ്പോള്‍ മുന്നിലുള്ള വിഷയം മാത്രം കണക്കിലെടുത്തും അപ്പോള്‍ ഐ കെ എമ്മില്‍ നിലവിലുണ്ടായിരുന്ന സാങ്കേതിക വിഭാഗം ജീവനക്കാരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടും ചിലതെല്ലാം ഭാഗികമായും സോഫ്റ്റ്‌വെയറിന്റെ ഉപയോക്താക്കളായ ജീവനക്കാരുടെ കൈകാര്യസൌകര്യം വേണ്ട രീതിയില്‍ പരിഗണിക്കാതെയും വികസിപ്പിച്ചെടുത്തിട്ടുള്ളതാണു്. പഞ്ചായത്തുകള്‍, അവയുടെ ഘടകസ്ഥാപനങ്ങള്‍, പഞ്ചായത്തു് വകുപ്പിന്റെ ഇതര ആപ്പീസുകള്‍ ഇവിടെയെല്ലാമുള്ള ജീവനക്കാര്‍ എന്നീ മൂര്‍ത്തവസ്തുക്കളെയും അവരുടെ ചുറ്റുപാടുകളെയും പ്രാഥമികമായി കാണേണ്ടതിന്നു പകരം അവര്‍ കൈകാര്യം ചെയ്യേണ്ടുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ഉത്തരവുകള്‍ക്കും മാത്രമാണു് സോഫ്റ്റ്‌വെയറുകളില്‍ പ്രാമുഖ്യം കൊടുത്തിട്ടുള്ളതു്. പഞ്ചായത്തുകളുടെ ഘടകസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മതിയായ സോഫ്റ്റ്‌വെയര്‍ പിന്തുണയുള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനമൊരുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നിലവില്‍ പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ പ്രക്രിയയില്‍ സോഫ്റ്റ്‌വെയറിന്റെ മുഖ്യ ഉപയോക്താക്കളായ ജീവനക്കാര്‍ക്കു് പങ്കൊന്നും അനുവദിച്ചിട്ടുമില്ല. ഈ കാരണങ്ങളെല്ലാം ഉപയോക്തൃ സൌഹാര്‍ദ്ദമില്ലാത്തതും പരസ്പര ബന്ധമില്ലാത്തതുമായ പലതരം സോഫ്റ്റ്‌വെയറുകളുടെ പിറവിക്കു് വഴിയൊരുക്കി. കമ്പ്യൂട്ടര്‍വല്ക്കരണം നടത്തുവാന്‍ ശേഷിക്കുന്ന വിഷയങ്ങളുടെ ബാഹുല്യം കൂടി കണക്കിലെടുക്കുമ്പോള്‍, തുടര്‍ന്നും ഇപ്രകാരം സമഗ്രതയില്ലാതെ സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കുന്ന രീതി തുടര്‍ന്നു പോവുകയാണെങ്കില്‍, പഞ്ചായത്തുകള്‍ കൈകാര്യം ചെയ്യുന്ന ഓരോ വിഷയത്തിനും ഓരോന്നെന്ന തോതില്‍ വരാന്‍ പോകുന്ന സോഫ്റ്റ്‌വെയറുകളുടെ എണ്ണക്കൂടുതല്‍ കൊണ്ടു്, പഞ്ചായത്തു തലത്തിലും സര്‍ക്കാര്‍ തലത്തിലുമുള്ള കേന്ദ്രീകൃതമായ മേല്‍നോട്ടവും കൈകാര്യവും വിഷമകരമാകുന്ന അവസ്ഥയിലേക്കു് ഭാവിയില്‍ എത്തിപ്പെടുമെന്നതിനു് സംശയമില്ല.

സാങ്കേതിക മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ക്കനുസരിച്ചു് സ്വയം അപ്ഡേറ്റ് ചെയ്യാന്‍ ഐ കെ എം ശ്രമിച്ചില്ല. അതിനാല്‍ത്തന്നെ പഴയതും കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നതുമായ സാങ്കേതിക വിദ്യകളിലും ആശയങ്ങളിലും ഐ കെ എം തളച്ചിടപ്പെടുകയും, തത്ഫലമായി പഞ്ചായത്തുകള്‍ക്കും പഞ്ചായത്തു് വകുപ്പിനും സാങ്കേതികവിദ്യയുടെ കാര്യത്തില്‍ കാലത്തിനൊപ്പിച്ചു് മുന്നോട്ടു് നീങ്ങാന്‍ സാധിക്കാതെ വരികയും ചെയ്തു. ഈ പോരായ്മകള്‍ ഐ കെ എമ്മില്‍ നിന്നു് പുറത്തു വന്നു കൊണ്ടിരുന്ന സോഫ്റ്റ്‌വെയറുകളുടെ നിലവാരം ശരാശരിയിലും ഇടിഞ്ഞു താഴാനും, ഐ കെ എമ്മില്‍ നിന്നും പഞ്ചായത്തുകളിലെയും വകുപ്പിലെയും ജീവനക്കാരെ മാനസികമായി അകറ്റാനും ഒരു പരിധി വരെ ഇടയാക്കി. നാളിതുവരെ മലയാളത്തില്‍ കൈകാര്യം ചെയ്തുവന്നിരുന്ന അക്കൌണ്ടിങ്, ഐ കെ എമ്മിന്റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയറായ സാംഖ്യ സ്ഥാപിച്ചു കഴിയുന്നതോടെ പൂര്‍ണ്ണമായും ഇംഗ്ലീഷിലായി മാറുന്നതു കാണാം. പ്രസ്തുത സോഫ്റ്റ്‌വെയറിന്റെ സമ്പര്‍ക്കമുഖവും പൂര്‍ണ്ണമായും ഇംഗ്ലീഷിലാണു്. ഫ്രണ്ട് ഓഫീസില്‍ രേഖകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സൂചികയിലും ഇതു തന്നെ അവസ്ഥ. കമ്പ്യൂട്ടറുകളില്‍ മലയാളത്തില്‍ത്തന്നെ വേണ്ട വിധത്തില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ തക്കവണ്ണം സാങ്കേതിക വിദ്യ വളര്‍ന്നിട്ടുള്ള ഇന്നത്തെ കാലത്തും, ഭരണഭാഷ മലയാളമാക്കാനും മലയാളം കമ്പ്യൂട്ടിങ്ങിനു വേണ്ടിയും പ്രത്യേക നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചു വരുന്ന സാഹചര്യത്തിലും നടക്കുന്ന, കൊളോണിയല്‍ കാലഘട്ടത്തിലേക്കുള്ള ഈ തിരിച്ചുപോക്കിനു് യാതൊരു ന്യായീകരണവുമില്ല. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു് കുത്തക സോഫ്റ്റ്‌വെയറുകളുണ്ടാക്കി സോഴ്സ് കോഡ് രഹസ്യമാക്കി വച്ചിരിക്കുന്ന ഐ കെ എമ്മിന്റെ രീതി, വര്‍ത്തമാന കാലത്തെ അംഗീകൃത വിശ്വാസപ്രമാണങ്ങള്‍ പ്രകാരം ധാര്‍മ്മികമായി ശരിയല്ല. ഈ പോരായ്മകളെല്ലാം പരിഹരിക്കേണ്ടതുണ്ടു്.

സാങ്കേതിക തലത്തിലുള്ള വിപുലമായ ചര്‍ച്ചകള്‍ക്കു ശേഷം കേന്ദ്രീകൃത സമഗ്ര സോഫ്റ്റ്‌വെയറിനു വേണ്ടിയുള്ള മാനകങ്ങളും (standards) പൊതുനയങ്ങളും കാലതാമസം കൂടാതെ രൂപീകരിക്കേണ്ടതാണു്. നിലവില്‍ സി-ഡിറ്റ്, കെല്‍ട്രോണ്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ അതതു് മേഖലകളില്‍ കഴിവു് തെളിയിച്ച സ്ഥാപനങ്ങളെയും കമ്പനികളെയും എംപാനല്‍ ചെയ്തു് പ്രവൃത്തികള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഔട്ട്സോഴ്സ് ചെയ്തു് ഏല്പിച്ചു് പൂര്‍ത്തീകരിച്ചെടുക്കുക പതിവുണ്ടു്. സമഗ്ര സോഫ്റ്റ്‌വെയറിന്റെ മാനകങ്ങളും പൊതുനയങ്ങളും രൂപീകരിച്ച ശേഷം ഐ കെ എമ്മിനും ഈ മാതൃക അവലംബിക്കാവുന്നതാണു്. ഓപ്പണ്‍ ഇ ആര്‍ പി, സ്വതന്ത്ര ജി ഐ എസ്, ദ്രുപല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയും സ്ഥാപനങ്ങളെയും എംപാനല്‍ ചെയ്തു് സമഗ്ര സോഫ്റ്റ്‌വെയറിന്റെ വിവിധ ഭാഗങ്ങളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനായി ഏല്‍പ്പിക്കാവുന്നതാണു്. ഐ കെ എമ്മില്‍ ഇപ്പോഴുള്ള ഡൊമെയിന്‍ കണ്‍സള്‍ട്ടന്റുമാരുടെ സേവനം, പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഭാഗങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന സമയത്തു് പ്രവൃത്തി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ക്കു് ലഭ്യമാക്കാന്‍ ഏര്‍പ്പാടാക്കാവുന്നതാണു്. പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഭാഗങ്ങളുടെ തുടര്‍ന്നുള്ള മെയിന്റനന്‍സ് ചുമതല, ബന്ധപ്പെട്ട ഭാഗം വികസിപ്പിച്ചെടുത്ത സ്ഥാപനത്തില്‍ നിന്നും സാങ്കേതിക പരിശീലനം നേടിക്കൊണ്ടു് ഐ കെ എമ്മിനു് ഏറ്റെടുക്കാവുന്നതാണു്. ഇതു് ഐ കെ എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ നിലവാരം കൊണ്ടു വരാനും സമയം ലാഭിക്കുവാനും സഹായിക്കും.

ഐ കെ എമ്മും, ഐ കെ എമ്മിലെ സാങ്കേതിക വിഭാഗം ജീവനക്കാരും സമയബന്ധിതമായിത്തന്നെ ഗ്നു/ലിനക്സിലും മേല്‍ പ്രസ്താവിച്ച ഇതര സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിലും അവ വികസിപ്പിച്ചെടുക്കാനുപയോഗിച്ച പൈത്തണ്‍ മുതലായ പ്രോഗ്രാമിങ് ഭാഷകളിലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാതൃകയിലുള്ള സോഫ്റ്റ്‌വെയര്‍ വികസന രീതികളിലും പ്രാവീണ്യം നേടേണ്ടതാണു്. ഐ കെ എം ഇനി റിക്രൂട്ട് ചെയ്യുന്ന സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കു് മേല്പറഞ്ഞ സോഫ്റ്റ്‌വെയറുകളിലും പ്രോഗ്രാമിങ് ഭാഷകളിലും പ്രാവീണ്യമുണ്ടായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണു്. ഇനി പുതുതായുള്ള സോഫ്റ്റ്‌വെയര്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്ന ആശയപ്രകാരമുള്ള കേന്ദ്രീകൃത സമഗ്ര സോഫ്റ്റ്‌വെയറില്‍ മാത്രമാക്കി പരിമിതപ്പെടുത്തേണ്ടതാണു്. ഐ കെ എമ്മിന്റെ നിലവിലുള്ള സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ത്തന്നെ സമഗ്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തിനു് വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും തുടരുകയും ചെയ്യാവുന്നതാണു്. ഐ കെ എമ്മിന്റെ ഇപ്പോഴത്തെ സോഫ്റ്റ്‌വെയറുകളുടെ പ്രവര്‍ത്തനരീതികളും അവയിലൂടെ നാളിതു വരെ ശേഖരിച്ച വിവരങ്ങളും അവശ്യം വേണ്ടുന്ന പരിഷ്കരണങ്ങളോടെ സമയബന്ധിതമായി ഈ കേന്ദ്രീകൃത സമഗ്ര സോഫ്റ്റ്‌വെയറിലേക്കു് പൂര്‍ണ്ണമായും പകര്‍ത്തിക്കഴിയുമ്പോള്‍ ഇപ്പോഴത്തെ സോഫ്റ്റ്‌വെയറുകള്‍ ഉപേക്ഷിക്കാവുന്നതും, സമഗ്ര സോഫ്റ്റ്‌വെയറിലേക്കു് പൂര്‍ണ്ണമായും മാറാവുന്നതുമാണു്. തുടര്‍ന്നുള്ള സോഫ്റ്റ്‌വെയര്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഈ സമഗ്ര സോഫ്റ്റ്‌വെയറില്‍ മാത്രം നടത്തിയാല്‍ മതിയാകുന്നതാണു്. ഇതു് പ്രവര്‍ത്തന സൌകര്യം കൂട്ടും. പഞ്ചായത്തുകളിലെയും വകുപ്പിലെയും താല്പര്യവും കഴിവുമുള്ള ജീവനക്കാരെക്കൂടി സമഗ്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ (സോഫ്റ്റ്‌വെയറിന്റെ പ്രാദേശികവല്ക്കരണത്തില്‍ പ്രത്യേകിച്ചും) പങ്കാളികളാക്കാവുന്നതാണു്. ഐ കെ എം ഈ വിഷയങ്ങളില്‍ നേതൃപരമായ പങ്കു് വഹിക്കണം. ഇതിനായുള്ള ക്രിയാത്മക നടപടികള്‍ തുടങ്ങുകയും തുടരുകയും വേണം.

മേല്‍ വിവരങ്ങള്‍ ഉചിത നടപടികള്‍ക്കായി.

(ഒപ്പു്)

ജയ്സെന്‍ നെടുമ്പാല
ജൂനിയര്‍ സൂപ്രണ്ടു്,
കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തു് കാര്യാലയം.

ഈ റിപ്പോര്‍ട്ടിന്റെ പി.ഡി.എഫ് പതിപ്പു് ഇവിടെ

മുമ്പത്തെ റിപ്പോര്‍ട്ടിന്റെ പി ഡി എഫ് പതിപ്പു് ഇവിടെ