ആഴാവില്‍ കരിയാത്തന്‍ തോറ്റം

കൊയിലാണ്ടി – ഊരള്ളൂര്‍ (അല്ലെങ്കില്‍ കൊയിലാണ്ടി – മുത്താമ്പി – കാവുംവട്ടം) റോഡില്‍ തടോളിത്താഴം എന്ന സ്ഥലത്തു ബസ്സിറങ്ങി, കുറ്റ്യാടി ജലസേചന പദ്ധതി – കനാലിന്റെ ഓരത്തു കൂടി അല്പം കിഴക്കോട്ടു് നടന്നാല്‍ ആഴാവില്‍ അമ്പലത്തിലെത്താം.

ചെമ്പു തകിടു കൊണ്ടു മേഞ്ഞ ഒരു ചെറിയ ശ്രീകോവില്‍, മുറ്റം, തിടപ്പള്ളി, അടുത്തായി ഓല മേഞ്ഞ ചെറിയൊരു ഒറ്റനില നാലുകെട്ടുപുരയും കിണറും, മുന്നിലും പിന്നിലും ഓരോ പടിപ്പുരകള്‍, കുളം, ഒരാല്‍മരം, ഇലഞ്ഞിമരം ഇത്രയുമായാല്‍ ക്ഷേത്രസങ്കേതമായി. ഉച്ചാല്‍ ദിവസത്തിലാണു് ഇവിടത്തെ ഉത്സവം. അന്നു് തിറകളുണ്ടാവും. വെള്ളകെട്ടു്, വെള്ളാട്ടു്, നട്ടത്തിറ, കള്ളുകുടിയന്‍ തിറ, ചാന്തു തേച്ച തിറ എന്നിവയാണു് പ്രധാനപ്പെട്ടവ. കര്യാത്തനാണു് ഇവിടെത്തെ പ്രധാന ദൈവസങ്കല്പം. കരിമ്പാലരുടെ ദൈവമായിട്ടാണു് കര്യാത്തന്‍ അറിയപ്പെടുന്നതെങ്കിലും നായന്മാരാണു് ആഴാവില്‍ അമ്പലത്തിന്റെ കൈകാര്യക്കാര്‍. ഇവിടെത്തെ കുളത്തിലും നായന്മാര്‍ മാത്രമേ കുളിക്കാറുള്ളൂ. എന്നാല്‍ ഉച്ചാല്‍ ഉത്സവത്തിനു് വണ്ണാന്മാരുടെ തിറയും, ആശാരിക്കളിയും, പുലയരുടെ കുതിരക്കോലവും ഉണ്ടു്. തിറയ്ക്കു് ഉപയോഗിക്കാനുള്ള അമ്പും വില്ലുമൊക്കെ ഉണ്ടാക്കി കൊണ്ടുവരുന്നതു് അടുത്ത വീട്ടിലെ കൊല്ലനാണു്. നായാട്ടു ദൈവമാണെങ്കിലും ഗോക്കളുടെ രക്ഷകനായാണു് ഇവിടുത്തെ കര്യാത്തനെ സമീപവാസികള്‍ കണക്കാക്കുന്നതു്. അതുകൊണ്ടു് ഇവിടെ അടുത്തുള്ള വീടുകളില്‍ പശുക്കള്‍ പ്രസവിച്ചാല്‍ ആദ്യം കറന്നെടുക്കുന്ന പാലു് കരിയാത്തനു് സമര്‍പ്പിക്കുന്ന പതിവുണ്ടു്. വിവാഹദിനത്തില്‍ സമീപവാസികളായ വധൂവരന്മാര്‍ ഇവിടെ തൊഴുതു പ്രാര്‍ത്ഥിക്കാന്‍ വരാറുണ്ടെങ്കിലും ഈ അമ്പലത്തില്‍ വച്ചു് വിവാഹം നടത്തിക്കൊടുക്കാറില്ല. മുന്‍ കാലത്തെപ്പൊഴോ രണ്ടു വിവാഹങ്ങള്‍ ഇവിടെ വച്ചു് നടത്തിക്കൊടുത്തിരുന്നു പോലും. അതു രണ്ടും നല്ല നിലയില്‍ അടിച്ചു പിരിയുകയാണുണ്ടായതെന്ന കാരണത്താലാണത്രേ, ഇവിടെ വച്ചു് പിന്നീടു് വിവാഹം നടത്താന്‍ ആളുകള്‍ക്കു് ധൈര്യമില്ലാതായിപ്പോയതു്. കര്‍ക്കടക മാസത്തില്‍ കരിയാത്തന്‍ വയനാട്ടിലേക്കു പോകുമെന്നാണു് സങ്കല്പം. ആ സമയത്തു് അമ്പലം അടച്ചിടും.

കൊയിലാണ്ടിയില്‍ താമസിച്ചിരുന്ന കാലത്തു് എന്റെ വീട്ടിനടുത്തുള്ള പ്രധാന ഉത്സവം ഇവിടുത്തേതായിരുന്നു. വെള്ളമൊഴുകുന്ന കനാലിന്റെ വക്കത്തുകൂടെയും ഇടവഴിയിലൂടൊഴുകുന്ന വെള്ളത്തില്‍ ചവിട്ടിയും നടന്നു വേണം ഇവിടെയെത്താന്‍. എന്റെ ബാല്യത്തിലെ ഉത്സവപ്പറമ്പുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ മിക്കതും ഇവിടവുമായി ബന്ധപ്പെട്ടാണുള്ളതു്. വല്യ ബലൂണും കുരങ്ങുബലൂണും പീപ്പിയും കോലൈസും ഒക്കെ ആദ്യമായി ഞാന്‍ വാശി പിടിച്ചു് കൈക്കലാക്കിയതു് ഇവിടെ വച്ചാണു്. ഓര്‍ക്കാപ്പുറത്തു് കതിന പൊട്ടുന്നതു കേട്ടി ഞെട്ടിയതും, മത്താപ്പും ഇളനീര്‍പ്പൂവും കത്തുന്നതു കണ്ടു് വാപൊളിച്ചു് അന്തം വിട്ടു നിന്നതും ഇവിടെത്തന്നെ. ചെണ്ടമേളം മുറുകുമ്പോള്‍ നട്ടത്തിറയുടെ മുടി താളത്തില്‍ ആടുന്നതും നോക്കി നോക്കി ഞാനും അറിയാതെ അതുപോലെ തലയാട്ടിയിട്ടുണ്ടു്. അണിയറയില്‍ അടുത്ത തിറയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതും നോക്കിയങ്ങനെ എത്ര നേരം നിന്നിട്ടുണ്ടാവും…

ഇവിടത്തെ ഉത്സവത്തിനു് കര്യാത്തന്റെ തിറയുടെ സമയത്തു് ചൊല്ലുന്ന തോറ്റം ഇവിടെ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുന്നു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുന്‍ കൌണ്‍സിലര്‍ ആയിരുന്ന ശ്രീ. എന്‍ പി കേളുക്കുട്ടിയുടെ മകള്‍ രമയാണു് അവരുടെ എം എ (മലയാളം) പഠനത്തിനു വേണ്ടി സമാഹരിച്ച രേഖകളില്‍ നിന്നും ഇതെനിക്കു് കുറേക്കാലം മുമ്പു് എടുത്തു തന്നതു്. മറ്റെവിടെയെങ്കിലും ഇതു് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതായി തോന്നുന്നില്ല. വേറൊരാവശ്യത്തിനു വേണ്ടി മുമ്പത്തെ കടലാസുകള്‍ തപ്പിയപ്പോള്‍ ഓര്‍ക്കാപ്പുറത്തു് കൈയില്‍ത്തടഞ്ഞതാണിതു്. ഫോക്‍ലോറില്‍ കമ്പം കേറി നാടുനീളെ അലഞ്ഞു നടന്ന ഒരു കാലത്തെ സമ്പാദ്യമാണു്. വടകര ഫോക്‍ലോര്‍ പഠന കേന്ദ്രത്തില്‍ ചേരണമെന്നും തിറ കെട്ടാനും ചെണ്ട കൊട്ടാനും പഠിക്കണമെന്നുമായിരുന്നു അക്കാലത്തെ എന്റെ വലിയ ആഗ്രഹങ്ങള്‍. മൂന്നും നടന്നില്ല.

പഴയ ഒരുതരം കീഴാള ആചാരഭാഷയിലാണു് തോറ്റം. പാട്ടിലുടനീളം ഒരു യോദ്ധാവിന്റെ പ്രവൃത്തികള്‍ വര്‍ണ്ണിക്കുന്നതായാണു് കാണുക. ഒരു പക്ഷേ മുന്‍കാലത്തു ജീവിച്ചിരുന്ന ഒരു വീരനെച്ചുറ്റിപ്പറ്റിയുള്ള കഥകളോ, പല വീരന്മാരുടെ കഥകള്‍ ഒരുമിച്ചു് ചേര്‍ത്തോ ഉരുത്തിരിഞ്ഞു വന്നതായിരിക്കാം ഈ ദൈവസങ്കല്പം. ഗോസംരക്ഷകന്‍ എന്ന സ്ഥാനമൊക്കെ പിന്നീടു് പ്രാദേശികമായി വന്നതാവാം, മറ്റെവിടെയും കര്യാത്തനു് ഇങ്ങനെയൊരു സ്ഥാനം കണ്ടിട്ടില്ല. നാടോടി വിജ്ഞാനീയത്തില്‍ (folklore) താല്പര്യമുള്ള ചിലര്‍ക്കെങ്കിലും ഇതുപകാരപ്പെടുമെങ്കില്‍ ആവട്ടെ.

തോറ്റം.

വാഴ്കെന്തിനച്ചാലൊ തിരുവുള്ളെര്‍ന്നു വരികെണംന്നല്ലോന്നേയിക്കുന്ന

തിരുവുള്ളൊ തിരുമേനിന്റെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

വെള്ളന്നോലയം വാണൊലയകേളു് കരിയാത്തരന്നല്ലോന്നേയിക്കുന്ന

വാണമതിലകം ചേരിസ്വരൂപം പൊഴാഴിക്കാവു് കേളു് കരിയാത്തന്‍.

ഏറനാടു് ഇട്ട്യീരി പന്തീരുകാതംന്നല്ലൊന്നേയിക്കുന്ന

വള്ളുനാട്ടു് മുന്തിരകേളു് തെക്കു വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

നാലെകാവെ നാല്പതിടപ്പാടു് കേളുകരിയാത്തരെന്നല്ലോന്നേയിക്കുന്ന

വല്ലോറക്കാവു് പയിമ്പ്രക്കാവു് തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

വീരമദ്ദളം തട്ടി അറിയിച്ചു കാണാകുന്നല്ലോന്നേയിക്കുന്ന

മകുടക്കുടയ്ക്കു് വാലൂരിച്ചിറ്റിച്ചുകാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

താനിട്ടോരു പൂണൂലങ്ങിനെ കാക്കിടയായ് കിടന്നു കാണാകുന്നല്ലോന്നേയിക്കുന്ന

അന്നേരം പറഞ്ഞുകാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

പുവ്വാ പുറപ്പെടയെന്റെ ചേകോരെ വില്ലികളെയെന്നല്ലോന്നേയിക്കുന്ന

നൂലിട്ടാല്‍ നൂല്‍ക്കും നിലയില്ലാതോരു ചൊവ്വാര്‍കുന്നിന്‍പുറംകടവിനെ

അയല്‍നാട്ടില്‍ പോനെകോലെ വില്ലികളെയെന്നല്ലോന്നേയിക്കുന്ന

അയല്‍നാട്ടില്‍ പോയാലൊ അന്നുണ്ണും ചോറും കൂറയുള്ളെല്ലോ നോക്കെ

പലനാട്ടില്‍ പോനെകോലെ വില്ലികളെയെന്നല്ലോന്നേയിക്കുന്ന

പലനാട്ടില്‍ പോയാലൊ പലനാളത്തെ പടയും പടക്കൂട്ടം കൂടയെന്നു പറഞ്ഞു കാണാകുന്നെ

തെക്കു തിരുക്കാവില്‍ നല്ലയ്യപ്പന്‍ കോട്ടെല്ലൊന്നേയിക്കുന്ന

അടിയിത്ത്യാരെന്നു ചോദിച്ചു കാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

ഇയ്യയ്യപ്പനുണ്ടോ കെട്ടിച്ചിറ്റി ദീപം തൊഴുന്നല്ലോന്നേയിക്കുന്ന

ഇയ്യയ്യപ്പന്‍ കുല കളിയോനെന്നു പറഞ്ഞു കാണാകുന്നെ തെക്കു വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

വില്ലിമാരൊരുമിച്ചങ്ങിനെ വഴിനടന്നുകാണാകുന്നല്ലോന്നേയിക്കുന്ന

അന്നേരം പറഞ്ഞുകാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

എനിച്ചാലെ പടപിരിയ പാണ്ടിയനപ്പടവെട്ടി ജയിക്കെണംന്നല്ലോന്നേയിക്കുന്ന

വില്ലിന്നു തക്കോരു വില്‍മരം എവിടെയുണ്ടെന്നു ചോദിച്ചുകാണാകുന്നെ

തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

അസുരാര്‍ കൊയിലോത്തു് തിരുനടയിലുണ്ടു് നീരാട്ടുവള്ളിക്കരിമ്പനയല്ലോന്നേയിക്കുന്ന

അതെല്ലാം വെട്ടിമുറിച്ചുതാക്കപ്പെടുത്തെണം പറഞ്ഞുകാണാകുന്നെ

തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

തച്ചന്‍നല്ലമണിമകനെ വരുത്തികാണാകുന്നല്ലോന്നേയിക്കുന്ന

നീരാട്ടു വള്ളിക്കരിമ്പന വെട്ടിമുറിച്ചു താക്കപ്പെടുത്തി കാണാകുന്നെ

തച്ചന്‍നല്ലമണിമകനൊ വില്ലിന്നു തക്കോരുവില്‍മരം തീര്‍ത്തുകാണാകുന്നല്ലൊന്നേയിക്കുന്ന

തച്ചന്‍നല്ലമണിമകനെ സമ്മാനിച്ചയച്ചു കാണാകുന്നെ

തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

എനിച്ചാലെ പടപിരിയ പാണ്ടിയനപ്പടയ്ക്കു വിളിയ്ക്കെണംന്നല്ലോന്നേയിക്കുന്ന

പടപിരിയപാണ്ടിയനപ്പടയ്ക്കു വിളിച്ചുകാണാകുന്നെ

തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

പടയുംവെട്ടി വാളുംകിട്ടി കാണാകുന്നെല്ലോന്നേയിക്കുന്ന കിഴക്കിനെ

കൊയിലോംകരയേറികാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

ആയിരം വഴിയങ്ങൂടു്രിക്കൂലംന്നല്ലോന്നേയിക്കുന്ന

ഞാങ്ങളുടെ കാവിലും മണ്ടോത്തിലും കുടികൊണ്ടരയിരിയിക്കാന്‍ പാടി വിളിയ്ക്കുന്നെ.

പദസൂചി

വാഴ്കെന്തിനച്ചാലെ – വാഴുകയിന്നും നിനച്ചാലെ

നേയിക്കുന്നെ – വന്ദിക്കുന്നെ

നാലെകാവെ – നാലു്കാവു്

നോക്കെ – നമുക്കു്

പോനെ – പോന്നേ, പോകേണ്ടും

കോലെ – ചേകോരെ

താക്കപ്പെടുത്തണം – പാകപ്പെടുത്തണം

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )