കോട്ടയം ചുറ്റിയൊരു കറക്കം

കഴിഞ്ഞ ഞായറാഴ്ച (24/07/2016) വീട്ടില്‍ പോവാന്‍ സാധിക്കാതെ കോട്ടയത്തു തന്നെ പെട്ടുപോയി. ഞായറാഴ്ച ദിവസങ്ങളില്‍ യൂണിവേഴ്സിറ്റി കാന്റീനുകളോ അടുത്തുള്ള റസ്റ്റാറണ്ടോ ഒന്നും തന്നെ തുറക്കുകയുമില്ല. യൂണിവേഴ്സിറ്റിയില്‍ത്തന്നെയിരുന്നാല്‍ അന്നവും വെള്ളവും കിട്ടൂല്ലെന്നു മലയാളം. എന്നാല്‍പ്പിന്നെ കോട്ടയത്തിനടുത്തുള്ള സ്ഥലങ്ങളൊക്കെ ഒന്നു ചുറ്റിക്കാണാമെന്നു കരുതി. ഞാനാണെങ്കില്‍ ഏറ്റുമാനൂര്‍, ആര്‍പ്പൂക്കര, തിരുനക്കര എന്നീ ക്ഷേത്രങ്ങളും, പിന്നെ കുമരകവും അങ്ങനെ ഏതാനും ചിലയിടങ്ങളേ കോട്ടയത്തു് ഇതുവരെ സന്ദര്‍ശിച്ചിട്ടുള്ളൂ താനും. തലേന്നു് വൈകുന്നേരം, മുമ്പു് നാഗര്‍കോവില്‍ പോവാമെന്നു പറഞ്ഞു പറ്റിച്ച ടോണി മാഷെത്തന്നെ വിളിച്ചു കാര്യം പറഞ്ഞു. മാഷ് റെഡി. മാഷ്: “പ്ലാന്‍ മാറ്റില്ലല്ലോ?” “ഇല്ല മാഷേ, മാഷാണേ മാറ്റില്ലെ”ന്നു ഞാന്‍. “രാവിലെ ഒമ്പതരയ്ക്കു് കോട്ടയത്തേക്കെത്തിയാല്‍ നമുക്കു ചില സ്ഥലങ്ങളൊക്കെ കണ്ടു വരാം” എന്നു് മാഷ്. ടോണിമാഷ് നമ്മുടെ മുത്താണു്. അങ്ങനെ ഞായറാഴ്ച രാവിലെ പറഞ്ഞ സമയത്തു തന്നെ ഞാന്‍ കോട്ടയത്തെ ബേക്കര്‍ ജംഗ്ഷനില്‍ ബസ്സിറങ്ങി. മാഷു് കാറില്‍ അവിടെ റെഡിയാണു്. ആദ്യം തന്നെ പോയതു് പള്ളിപ്പുറത്തു കാവിലേക്കാണു്. ഐതിഹ്യമാലയുടെ രചയിതാവു് കൊട്ടാരത്തില്‍ ശങ്കുണ്ണി അവിടുത്തെ തീയാട്ടുണ്ണിയായിരുന്നത്രേ. ക്ഷേത്രം പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണു്.

Jpeg

പള്ളിപ്പുറത്തു കാവു്

Jpeg

പള്ളിപ്പുറത്തു കാവു്

ഉള്ളില്‍ക്കയറി. വളരെ വിശേഷമൊന്നും പറയാനില്ലാത്ത ചെറിയൊരമ്പലം. കാവു് പേരില്‍ മാത്രമേയുള്ളൂ. പുറത്തിറങ്ങിയപ്പോള്‍ ‘സിനിമാനടന്‍ മനോജ് കെ ജയന്‍ അകത്തു കേറിയിട്ടുണ്ടു്, കണ്ടിരുന്നോ’യെന്നു ചോദിച്ചു, ടോണി മാഷ്. ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. വീണ്ടും ഉള്ളില്‍ കേറാന്‍ തോന്നിയതുമില്ല. അതു കഴിഞ്ഞു് നേരെ പോയതു് വയസ്കര ഇല്ലത്തേക്കാണു്. ഒരു പഴയകാല ഇരുനില മാളിക. കേരളീയ വാസ്തുവിദ്യാശൈലിയുടെ നല്ലൊരുദാഹരണം. കേരളത്തിലെ അഷ്ടവൈദ്യന്മാരില്‍പ്പെട്ട വയസ്കര മൂസ്സിന്റെ വാസഗൃഹം.

Jpeg

വയസ്കര ഇല്ലം

Jpeg

വയസ്കര ഇല്ലത്തിനു മുന്നില്‍

അടുത്തു തന്നെ അവരുടെ സ്വകാര്യ ക്ഷേത്രവുമുണ്ടു്. ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ അസ്സല്‍ കോപ്പികളില്‍ച്ചില വോള്യങ്ങള്‍ അവരുടെ കൈവശമുണ്ടത്രേ. മുന്‍കാലത്തു് കോട്ടയത്തെ വൈദ്യുതി വിതരണച്ചുമതല കൂടി അവര്‍ക്കായിരുന്നുവെന്നു് ടോണിമാഷ് പറഞ്ഞു, ഇപ്പോള്‍ വൈദ്യവൃത്തിയില്‍ തുടരുന്നവരാരും അവിടെയില്ലെന്നും. പിന്നീടു് പോയതു് കോട്ടയം പബ്ലിക്‍ ലൈബ്രറിയിലേക്കാണു്, അവിടുത്തെ മുറ്റത്തെ അക്ഷരശില്പം കാണാന്‍. ചരിത്രപ്രസിദ്ധമായ മലയാളി മെമ്മോറിയലുമായി കോട്ടയം പബ്ലിക്‍ ലൈബ്രറിക്കുള്ള ബന്ധത്തെപ്പറ്റി മാഷ് പറഞ്ഞു.

വലിയൊരു കെട്ടിടം. ആ കെട്ടിടത്തില്‍ വേറെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടു്.

Jpeg

അക്ഷരശില്പം

കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത അക്ഷരശില്പം ചേതോഹരമാണു്. പക്ഷേ, അതിന്റെ അനാച്ഛാദനം വിവാദത്തില്‍ മുങ്ങിപ്പോയി. തുടര്‍ന്നു് ഞങ്ങള്‍ പോയതു് വിമലഗിരി പള്ളിയിലേക്കാണു്. ഗോഥിക്‍ ശൈലിയിലാണു് പള്ളിയുടെ നിര്‍മ്മാണം.

വളരെയധികം പഴക്കമൊന്നും പള്ളിക്കില്ല. എല്ലാറ്റിനും ഒരു യൂറോപ്യന്‍ ടച്ച്. പള്ളിയിലെ ശില്പങ്ങളുമതേ. ക്രൂശിതനായ യേശുവിന്റെ ശില്പത്തിന്റെയും മറ്റു ശില്പങ്ങളുടെയും എല്ലാം ഭാവാവിഷ്കാരം റിയലിസ്റ്റിക്‍ രീതിയിലാണു്. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൃസ്ത്യന്‍ പള്ളിയാണത്രേ. പള്ളിനിര്‍മ്മാണത്തിന്റെ സമയത്തു് സുര്‍ക്കി മിശ്രിതം അരയ്ക്കാന്‍ ഉപയോഗിച്ച കരിങ്കല്ലു കൊണ്ടുള്ള അരകല്ലു് പള്ളിമുറ്റത്തു് സ്ഥാപിച്ചിരിക്കുന്നതു കണ്ടു. അടുത്തതായി ഞങ്ങള്‍ പോയതു് ഇന്‍ഫാന്റ് ജീസസ് മൈനര്‍ സെമിനാരിയിലെ റെക്ടറായ സ്റ്റീഫനച്ചനെ കാണാനാണു്. സെമിനാരിക്കടുത്തു് വണ്ടി നിര്‍ത്തി അതിനടുത്തു തന്നെയുള്ള ‘മിണ്ടാമിടം’ കണ്ടു.

Jpeg

മിണ്ടാമിടം

അവിടെ പ്രാര്‍ത്ഥനയില്‍ മുഴുകിക്കൊണ്ടു് താമസിക്കുന്ന കന്യാസ്ത്രീകള്‍ പുറത്തു വരാറേയില്ലത്രേ. മൈനര്‍ സെമിനാരിയിലെത്തിയപ്പോള്‍ അവിടെ പ്രാര്‍ത്ഥന നടക്കുകയായിരുന്നു.

അച്ചനെ കണ്ടു. സ്റ്റീഫനച്ചന്‍ ആളൊരു രസികനാണു്. പണ്ടു പണ്ടേ പയറ്റിക്കൊണ്ടിരുന്ന തമാശകള്‍ സംഭാഷണത്തിനിടെ പറയും. ഇദ്ദേഹത്തിന്റെ തമാശപറച്ചിലിന്റെ പ്രത്യേകതയെന്തെന്നു വച്ചാല്‍, ഒരു തമാശ തന്നെ മൂന്നും നാലും പ്രാവശ്യം വാക്യഘടനയില്‍ ചില്ലറ മാറ്റം വരുത്തിക്കൊണ്ടു് പറഞ്ഞുകളയും. അതു കേട്ടു് നമ്മള്‍ ചിരിച്ചാല്‍ അദ്ദേഹത്തിനു് വലിയ സന്തോഷമാണു്. ഈ സെമിനാരിയിലെ ലൈബ്രറിയില്‍ ലത്തീന്‍ ഭാഷയില്‍ ടൈപ്പു ചെയ്തു് ബയന്റു ചെയ്തു സൂക്ഷിച്ച പഴയ ചില പുസ്തകങ്ങളുണ്ടു്.

ലത്തീന്‍ അറിയുന്നവരിപ്പോ അവിടെയില്ലാത്തതു കൊണ്ടു്, എന്തു വിഷയത്തെപ്പറ്റിയാണെന്ന വിവരം അറിയാന്‍ കഴിഞ്ഞില്ല. മിക്കവാറും ദൈവശാസ്ത്രം തന്നെയാവും, ഒരു പക്ഷേ പഴയ സഭാചരിത്രമാവാനും മതി.

സെമിനാരിയില്‍ നിന്നിറങ്ങുന്നതിനു മുന്നേ തന്നെ വിശക്കാന്‍ തുടങ്ങി. രാവിലെ ഒന്നും വയറ്റിലേക്കു് ചെന്നിട്ടില്ല, സമയം ഉച്ചയോടടുക്കുന്നു. മാഷോടു് കാര്യം പറ‍ഞ്ഞു. നേരെ കോട്ടയം ടൗണിലെ ബെസ്റ്റോട്ടലിലേക്കു വിട്ടു. കുശാലായ ഉച്ചയൂണു കഴിഞ്ഞപ്പോ സമാധാനമായി. പിന്നെ നേരെ ചെന്നതു് കോട്ടയം ചെറിയ പള്ളിയിലേക്കാണു്. വലിയ പള്ളിയിലെ വഴക്കു മൂത്തപ്പോള്‍ കര തന്നെ രണ്ടായി തിരിച്ചു് പള്ളി പണിയാന്‍ രാജാവു് അനുവാദം കൊടുത്തതാണത്രേ. ഇതൊരു പുരാതന ആരാധനാലയമാണു്. കേരളീയശൈലിയിലുള്ള പള്ളിക്കു് പഴയ പോര്‍ച്ചുഗീസ് ശൈലിയിലുള്ള മുന്‍ചുമര്‍ (façade), പിന്നീടു് കൂട്ടിച്ചേര്‍ത്തതെന്നു തോന്നുന്ന കേരളീയ ശൈലിയില്‍ത്തന്നെയുള്ള പൂമുഖങ്ങള്‍, കേരളീയ ക്ഷേത്രങ്ങള്‍ക്കു പൊതുവേ കണ്ടുവരാറുള്ള ആനപ്പള്ള മതില്‍ എന്നിവയാണു് എടുത്തു പറയാവുന്ന പ്രത്യേകതകള്‍. സൂക്ഷ്മമായ തച്ചുപണികള്‍ കൊണ്ടു് മനോഹരമാക്കിയ പൂമുഖത്തിന്റെ ഇരുഭാഗത്തും പഴയ സഭാദ്ധ്യക്ഷന്മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ടു്, നടുവിലൂടെ സ്ഫടികവിളക്കുകളും. ഉള്ളില്‍ക്കടന്നു നോക്കിയപ്പോള്‍ മച്ചിലും മാലാഖമാരെയും മറ്റും കൊത്തി വച്ചതു കണ്ടു. മദ്‌ബഹ നീലത്തുണി കൊണ്ടു് മറച്ചിരിക്കുന്നു. ഞങ്ങളെക്കണ്ടു് പള്ളിയിലെ സൂക്ഷിപ്പുകാരിലൊരാള്‍ മദ്‌ബഹയുടെ മൂടുപടം നീക്കിക്കാണിച്ചു തന്നു. പുരാതന ചുമര്‍ച്ചിത്രങ്ങളാണു് മദ്‌ബഹ നിറയെ. പക്ഷേ, കേരളത്തിലെ ക്ഷേത്രങ്ങളിലേതു പോലത്തെ ശൈലിയിലല്ല, വേറൊരു ശൈലിയിലാണു് അവ വരച്ചിരിക്കുന്നതു്. യേശുവിന്റെ ജീവിതത്തിലെ സന്ദര്‍ഭങ്ങളാണു്. നേരെ നടുക്കുള്ള ഉണ്ണിയേശുവിനെ കൈയ്യിലേന്തി നില്ക്കുന്ന മറിയത്തിന്റെ ചിത്രം, ശ്ലീഹന്മാര്‍, യേശുവിന്റെ കുരിശാരോഹണം എന്നിവയാണു് എടുത്തു പറയാവുന്നവ. കരിങ്കല്ലു കൊണ്ടു് താമരയുടെ രൂപത്തില്‍ കൊത്തിയുണ്ടാക്കിയ ജ്ഞാനസ്നാനത്തൊട്ടിയാണു് ഇവിടെത്തെ മറ്റൊരു പ്രത്യേകത.

ഇവിടെ നിന്നും ഇറങ്ങി അടുത്തു തന്നെയുള്ള കോട്ടയം വലിയ പള്ളിയിലേക്കാണടുത്തതായി ചെന്നതു്. പുറമേ നോക്കിയാല്‍ ചെറിയ പള്ളിയുടെ ശില്പസൗകുമാര്യമൊന്നും വലിയ പള്ളിക്കില്ല. എന്നാല്‍ ഉള്ളില്‍ കടന്നു നോക്കിയാല്‍ മദ്‌ബഹയ്ക്കു് ഇരു വശത്തുമുള്ള, ചായം തേച്ചു മനോഹരമാക്കിയ ചിത്രങ്ങങ്ങളാണു് നമ്മെ വരവേല്ക്കുക. മദ്‌ബഹ ചുവന്ന തുണി കൊണ്ടു് മൂടിയിട്ടിരുന്നതിനാല്‍ കാണാന്‍ കഴിഞ്ഞില്ല. പള്ളി ഒരു ചെറിയ കുന്നിന്മുകളിലാണു്. തൊട്ടടുത്തു് താഴെക്കൂടി മീനച്ചിലാറു് ഒഴുകുന്നു. മീനച്ചിലാറ്റിലൂടെ തോണിയിലായിരുന്നത്രേ പണ്ടു കാലത്തു് വിശ്വാസികള്‍ പള്ളിയിലേക്കു് വന്നു കൊണ്ടിരുന്നതു്. എത്തിയോപ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഹെയ്‌ലി സെലാസ്സി ഇവിടം സന്ദര്‍ശിച്ചിരുന്നതായി ഒരു ഫലകം ഇവിടെ സ്ഥാപിച്ചിട്ടുണ്ടു്.

ഞങ്ങള്‍ പിന്നീടു് പോയതു് പെരുമപ്പെട്ട താഴത്തങ്ങാടി ജുമാ പള്ളിയിലേക്കാണു്. തനതു് കേരളീയ വാസ്തുവിദ്യാശൈലിയില്‍ നിര്‍മ്മിച്ച മനോഹരമായ പള്ളി. ഉള്ളിലെ മരം കൊണ്ടുള്ള ഇടച്ചുമരിലും മച്ചിലും നിറയെ കൊത്തുപണികള്‍. ഇടച്ചുമരിലെ വാതിലിന്റെ മൂന്നു് അഴികളുള്ള സാക്ഷയാണു് ഇവിടെത്തെ ഒരു കൌതുകക്കാഴ്ച. ചിലപ്പോള്‍ ഇവയിലൊന്നു് അടയ്ക്കാനായി നീക്കിയാല്‍ മറ്റു രണ്ടെണ്ണവും കൂടെ നീങ്ങും. മറ്റു ചിലപ്പോള്‍ ഓരോന്നായി മാത്രമേ നീങ്ങൂ. തുറക്കുമ്പോഴും അങ്ങിനെത്തന്നെ. ഇതിന്റെ പണിത്തരത്തിന്റെ രഹസ്യമെന്തെന്നു് ഒരുപക്ഷേ അതുണ്ടാക്കിയ ആശാരിക്കുമാത്രമേ അറിയുമായിരിക്കുകയുള്ളൂ. പള്ളിയുടെ മുകള്‍ നിലയുടെ രൂപകല്പന വെളിച്ചവും ഇരുട്ടും സൂക്ഷ്മമായി ഇടകലരുന്ന രീതിയിലാണു്.

ഇവിടെ നിന്നിറങ്ങി മീനച്ചിലാറിന്റെ കരയിലൂടെ പോകുമ്പോള്‍ പുഴയ്ക്കരികില്‍ പഴയ കേരളീയ വാസ്തുവിദ്യാശൈലിയില്‍ നിര്‍മ്മിച്ച ചില പഴയ വീടുകള്‍ ഹെറിറ്റേജ് ഹോമുകള്‍ എന്ന നിലയില്‍ സംരക്ഷിച്ചു പോരുന്നതായി കണ്ടു.

അവിടെ നിന്നും നേരെ പോയതു് ഐതിഹ്യമാലയില്‍ വിവരിച്ചിട്ടുള്ള കിളിരൂര്‍ കുന്നിന്മേല്‍ ഭഗവതി ക്ഷേത്രം കാണാനാണു്. ഇതു് പണ്ടൊരു ജൈനസങ്കേതമായിരുന്നത്രേ. ക്ഷേത്രത്തിനടുത്തു് ചെറിയൊരു കാവുണ്ടു്. അടുത്തു കണ്ടയാളുകളോടു് അവിടെത്തെ ജൈന ബുദ്ധ പ്രതിമകളെപ്പറ്റിയന്വേഷിച്ചപ്പോള്‍ , ബുദ്ധപ്രതിമ ശ്രീകൃഷ്ണന്റെ ശ്രീകോവിലിനുള്ളില്‍ നേരെ എതിര്‍വശത്തേക്കാണെന്നും, അതിന്റെ വാതില്‍ ഇപ്പോള്‍ തുറക്കാറില്ലെന്നും പറഞ്ഞു. ജൈനവിഗ്രഹങ്ങളെപ്പറ്റി അവര്‍ക്കറിവുമില്ല. വിശാലമായ, വളരെ ശാന്തമായ അന്തരീക്ഷമുള്ള ഒരിടം.

മതില്ക്കെട്ടിനു പുറത്തു് ഒരു മരക്കൊമ്പൊടിഞ്ഞു വീണു് തകര്‍ന്ന ഒരു ചെറിയ ശ്രീകോവിലും കണ്ടു. മാഷ് പിന്നെ എന്നെ കൊണ്ടു പോയതു് മാഷുടെ തന്നെ വീട്ടിലേക്കാണു്. അവിടെ വച്ചു് വൈകുന്നേരത്തെ ചായയ്ക്കു ശേഷം പാക്കില്‍ സംക്രാന്തി വിപണനമേള കാണാനിറങ്ങി. ഈ ചന്തയില്‍ പണ്ടു് പാക്കനാര്‍ കുട്ടയും മുറവും വില്ക്കാന്‍ വരാറുണ്ടായിരുന്നു പോലും. പാക്കില്‍ ക്ഷേത്രം പക്ഷേ, അത്ര വലുതൊന്നുമല്ല. ചന്തയ്ക്കാണിവിടെ പ്രസിദ്ധി. ചന്തയില്‍ ചുറ്റി നടന്നു നോക്കുമ്പോള്‍ നാട്ടില്‍ കാണാറില്ലാത്ത ഒരുല്പന്നം ഇവിടെ വില്ക്കാന്‍ വച്ചിരിക്കുന്നതു കണ്ടു – നയമ്പു്. അതായതു് തോണിയുടെ തുഴ – പനയുടെ അലകു കൊണ്ടുണ്ടാക്കിയതു്. ഇന്നാട്ടിലേക്കു് ഇതൊരവശ്യ വസ്തുവാണു്, മിക്കവര്‍ക്കും.

മാഷ് ഒരു ചിരവയും വട്ടയുടെ അടപ്പും വാങ്ങി, എനിക്കൊന്നും വാങ്ങാന്‍ തോന്നിയില്ല. കുറച്ചു നേരം ചുറ്റി നടന്നു പാക്കില്‍ അമ്പലവും മറ്റും കണ്ട ശേഷം മാഷെന്നെ കോട്ടയം സ്റ്റാന്റിനടുത്തു് കൊണ്ടു വിട്ടു തന്നു. ഇത്രയും സ്ഥലങ്ങള്‍ കോട്ടയത്തു കാണാനുണ്ടായിരുന്നെന്നു് ഞാനറിഞ്ഞിരുന്നില്ല. ഒരു ദിവസത്തെ ഓര്‍മ്മകളുമായി തിരിയെ ഞാന്‍ യൂണിവേഴ്സിറ്റിയിലേക്കു പോന്നു.