നന്മണ്ടയുടെ നളന്‍‍

മാതൃഭൂമി പത്രത്തിന്റെ ചരമക്കോളത്തില്‍ ആകസ്മികമായാണു് രാമന്‍ ചെട്ട്യാരുടെ ഫോട്ടോ കണ്ടതു്. വല്ലാത്ത വിഷമം തോന്നി. എന്തു സംഭവിച്ചു ആവോ? പ്രായം അറുപതിനു അടുത്തു് കാണും. നല്ല അദ്ധ്വാനശീലന്‍. അദ്ദേഹത്തിനു് വല്ല രോഗവും ഉള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. എന്റെ മനസ്സു് വര്‍ഷങ്ങള്‍ പിറകിലേക്കു് അറിയാതെ സഞ്ചരിച്ചു. രാമന്‍ ചെട്ട്യാരുടെ ലളിതമായ വേഷവും പ്രസന്നമായ മുഖവും മനസ്സില്‍ തെളിഞ്ഞു.

ഇക്കണ്ടന്‍ ചെട്ട്യാരുടെ അഞ്ചു മക്കളില്‍ മൂത്ത ആളാണു് രാമന്‍ ചെട്ട്യാര്‍. നന്മണ്ടയില്‍ എന്റെ വീടിന്റെ ഒരു വിളിപ്പാടകലെയാണു ചെട്ട്യാരുടെ വീടു്. ഓലമേഞ്ഞ കൊച്ചു വീടു്. കോലായില്‍ പല സ്ഥലത്തായി, മൂന്നോ നാലോ കുഴിമഗ്ഗങ്ങള്‍. ഓടം അടിക്കുന്ന ശബ്ദം കൊണ്ടു് സദാ മുഖരിതം. രാമന്‍ ചെട്ട്യാരുടെ പ്രായമായ പിതാവും രണ്ടു അനുജന്മാരും രാമന്‍ ചെട്ട്യാരോടൊപ്പം മഗ്ഗങ്ങളില്‍ ഇടതടവില്ലാതെ ജോലി ചെയ്തു കൊണ്ടിരിക്കും. സ്ത്രീകളും കുട്ടികളും നെയ്ത്തുമായി ബന്ധപ്പെട്ട ജോലികളില്‍ സഹകരിക്കും. അതിനിടയില്‍ ഇളയ സഹോദരനായ ചാപ്പന്‍ ചെട്ട്യാര്‍ മറ്റു തൊഴിലുകള്‍ തേടി നാടു് വിട്ടു. പാലക്കാട്ടു് ആണെന്നു് പറഞ്ഞു കേട്ടിട്ടുണ്ടു്.

ദാരിദ്ര്യത്തിന്റെ ദുഃഖഭാരം ശരിയ്ക്കും ഉള്‍ക്കൊണ്ടു കൊണ്ടാണു് കുടുംബം മുന്നോട്ടു നീങ്ങിയതു്. രാമന്‍ ചെട്ട്യാര്‍ കുടുംബ നാഥനാണു്. നൂല്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ നിന്നു് അദ്ദേഹം നൂല്‍ കൊണ്ടു വരും. അതു് എത്തിക്കഴിഞ്ഞാല്‍ പിന്നെ ജോലിയുടെ തകൃതിയാണു്. ഊടിന്റെയും പാവിന്റെയും നൂലുകള്‍ വേര്‍തിരിയ്ക്കും. മുറ്റത്തു് തറികള്‍ നാട്ടി അതില്‍ പാവുനൂല്‍ വീതിയില്‍ വലിച്ചു കെട്ടും. ഇഴകളിലുള്ള പിഴവുകള്‍ തീര്‍ക്കും. കഞ്ഞിപ്പശ തേച്ചു് ഉണക്കും. പിന്നീടു് അതു മഗ്ഗത്തിലേക്കു് മാറ്റും. ക്ഷമയും സൂക്ഷ്മതയും അത്യാവശ്യമായ ശ്രമകരമായ ജോലി ആണതു്. ഊടിനുള്ള നൂലുകള്‍ റാട്ടകളിലിട്ടു് തിരിച്ചു, നല്ലികളിലേക്കു് ചുറ്റി എടുക്കുന്ന ജോലി അധികവും ചെയ്യുന്നതു്, സ്ത്രീകളും കുട്ടികളുമാണു്. നല്ലികള്‍ ഓടത്തില്‍ ഇട്ടു നെയ്യുന്നതു് പുരുഷന്മാരും. കുഴിമഗ്ഗത്തില്‍ അധികവും നെയ്യുന്നതു് തോര്‍ത്തു മുണ്ടുകളാണു്. രണ്ടറ്റവും ചുകന്ന കരയുള്ള തോര്‍ത്തു മുണ്ടു്. നാടന്‍ പണികളില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരും സ്ത്രീകളും അക്കാലത്തു് ഉപയോഗിച്ചിരുന്നതു് ഇത്തരം മുണ്ടുകളാണു്.

ഓരോ മഗ്ഗത്തിലേയും നൂലുകള്‍ നെയ്തു് വസ്ത്രമായിക്കഴിഞ്ഞാല്‍ അതു മുറിച്ചു വേര്‍പെടുത്തി എടുത്തു് വൃത്തിയായി മടക്കി, കെട്ടാക്കും. വൈകുന്നേരങ്ങളില്‍, അതും തലയിലേറ്റി, രാമന്‍ ചെട്ട്യാര്‍ വീടിന്റെ പടിയിറങ്ങും. രാമന്‍ ചെട്ട്യാരുടെ വസ്ത്രധാരണം വളരെ ലളിതമാണു്. സ്വന്തം വീട്ടില്‍ നെയ്തെടുക്കുന്ന ചുവന്ന കരയുള്ളതും വീതിയുള്ളതുമായ തോര്‍ത്തു മുണ്ടാണു് ഉടുക്കുക. മറ്റൊരു തോര്‍ത്തു് തലയില്‍ കെട്ടിയിരിക്കും. നന്മണ്ടയിലെ ആളുകള്‍ കൂടുന്ന ചില പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണു് രാമന്‍ ചെട്ട്യാര്‍ പോവുക. അവിടെ ആവശ്യക്കാരായ നാട്ടുകാര്‍ക്കു് നേരിട്ടു വില്‍പ്പന നടത്തും. അല്ലെങ്കില്‍ പതിവുകാരായ ചില കടക്കാരെ ഏല്‍പ്പിക്കും. തന്റെ ഉല്‍പ്പന്നം വിറ്റു കിട്ടിയാല്‍ മാത്രമെ, വീട്ടിലേയ്ക്കു ചെലവിനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിയുകയുള്ളൂ. മുണ്ടുകള്‍ക്കു് ആവശ്യക്കാര്‍ ഇല്ലെങ്കില്‍ കഷ്ടപ്പെട്ടതു തന്നെ. വീടു് പട്ടിണിയാകും. തന്റെ കുടുംബാംഗങ്ങളുടെ വൈകുന്നേരം വരെയുള്ള അദ്ധ്വാനം നിഷ്ഫലം ആയതിലുള്ള ദുഃഖം മനസ്സിലും വില്‍പ്പന നടത്താന്‍ കഴിയാത്ത ഉല്‍പ്പന്നം തലയിലും ചുമന്നു കൊണ്ടു രാത്രി വളരെ വൈകി, ഒരു ചൂട്ടും മിന്നിച്ചു വീട്ടിലേയ്ക്കു തിരിച്ചു വരുന്ന രാമന്‍ ചെട്ട്യാരെ എന്റെ കുട്ടിക്കാലത്തു് പലപ്പോഴും എനിയ്ക്കു് കാണാന്‍ കഴിഞ്ഞിട്ടുണ്ടു്. ഗൃഹനാഥന്‍കൊണ്ടുവരുന്ന പൂളയും മീനും അരിയും ചായപ്പൊടിയും പ്രതീക്ഷിച്ചു, അടുപ്പത്തു് വെള്ളവും തിളപ്പിച്ചു് വീട്ടുകാരി കാത്തിരിക്കുകയാവും. രാത്രി ഏറെ വൈകിയാല്‍ കുട്ടികള്‍ ഒഴിഞ്ഞ വയറുമായി കിടന്നുറങ്ങും. ഇന്നിന്റെ ചിന്തകളല്ലാതെ, അവര്‍ക്കു് നാളെയെപ്പറ്റി പ്രതീക്ഷകളില്ല. ഇന്നത്തെ ദിവസം കഴിഞ്ഞാല്‍ കഴിഞ്ഞു. അത്ര തന്നെ. നിത്യത്തൊഴിലില്‍ നിന്നുള്ള വരുമാനം ഒന്നുകൊണ്ടു മാത്രമാണു് കുടുംബം പുലര്‍ന്നു പോന്നതു്. 1961ല്‍ നെയ്ത്തു സൊസൈറ്റികള്‍ നിലവില്‍ വന്ന ശേഷം ചെറിയൊരു മാറ്റം കൈവന്നു. സൊസൈറ്റികള്‍ നെയ്ത്തിനു ആവശ്യമായ നൂല്‍ വിതരണം ചെയ്യും. നെയ്തെടുക്കുന്ന വസ്ത്രങ്ങള്‍ സ്വീകരിച്ചു് ന്യായമായ പ്രതിഫലം നല്‍കും. നെയ്ത്തുകാര്‍ക്കു് ഇതു വലിയൊരു അനുഗ്രഹമായി. വസ്ത്രങ്ങള്‍ വില്‍പ്പന നടത്താന്‍ വേണ്ടി തെണ്ടേണ്ട ആവശ്യമില്ല.

രാമന്‍ ചെട്ട്യാര്‍

ദാരിദ്ര്യത്തിന്റെ തീച്ചൂളയില്‍ വേവുമ്പോഴും രാമന്‍ ചെട്ട്യാര്‍ തന്റേതായ വഴിയില്‍ നാട്ടുകാര്‍ക്കു് ഒരു സഹായിയാണു്. അയല്‍ വീടുകളിലോ ബന്ധുവീടുകളിലോ വല്ല അടിയന്തിരങ്ങളും നടക്കുകയാണെങ്കില്‍ അവിടെ വേണ്ടുന്ന ഒത്താശ ചെയ്യുന്നതില്‍ അദ്ദേഹം മുന്നിട്ടിറങ്ങും. നാട്ടില്‍ അറിയപ്പെടുന്ന ഒരു പാചകക്കാരനാണു് ചെട്ട്യാര്‍. സ്വതഃസിദ്ധമായ മനോധര്‍മ്മം കൊണ്ടു് വളര്‍ത്തിയെടുത്തതാണു്, അദ്ദേഹത്തിന്റെ പാചക കല. എന്റെ കുട്ടിക്കാലത്തു് നാട്ടില്‍ നടക്കുന്ന വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ അടിയന്തിരങ്ങള്‍ക്കു ഒരുക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ വളരെ ലളിതമായിരുന്നു. തികച്ചും നാടന്‍ വിഭവങ്ങള്‍. ഇന്നത്തെപ്പോലെ സാമ്പാര്‍, അവിയല്‍ ഓലന്‍, പുളിശ്ശേരി, ചിക്കന്‍ ബിരിയാണി തുടങ്ങിയവ ഒന്നും ആളുകള്‍ക്കു് കേട്ടുകേള്‍വി പോലുമില്ല. ചോറും ഉപ്പേരിയും എരിശ്ശേരിയും മോരും അച്ചാറും പപ്പടവും. ഇത്രയും ആയാല്‍ സദ്യ കേമമായി. എരിശ്ശേരി ഒരുക്കുന്നതു്, ഒന്നുകില്‍ മണ്ണന്‍ കായയും പരിപ്പും ചേര്‍ത്തു വേവിച്ചു് ആയിരിക്കും, അതല്ലെങ്കില്‍ വരിക്കച്ചക്ക കരൂളും കുരുവും മാറ്റി ചെറുതായി കൊത്തി അരിഞ്ഞു ആയിരിക്കും. രണ്ടായാലും നല്ലൊരു വറവു് ചേര്‍ക്കും. വറ്റല്‍ മുളകു്, ഉള്ളി, കടുകു്, കറിവേപ്പില, ചിരകി എടുത്ത തേങ്ങ എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റി എടുത്തൊരു വറവു്. മറ്റൊരു വിഭവം കാളനാണു്. നാട്ടുമാങ്ങയുള്ള കാലത്തു് മാങ്ങാക്കാളന്‍, അതല്ലെങ്കില്‍ മോരു് കാളന്‍. മോരു് ‍കാളന്‍ ആണെകില്‍, നേന്ത്രക്കായയോ അല്ലെങ്കില്‍ എളവനോ കഷ്ണങ്ങളായി ചേര്‍ക്കും. നാളികേരം അരച്ചു ചേര്‍ക്കുന്നതോടൊപ്പം കുരുമുളകു് പൊടി, ഉലുവപ്പൊടി എന്നിവയും പ്രധാന ചേരുവകള്‍ ആയിരിക്കും. ഏതു തരം കാളന്‍ ആയാലും ഉലുവ ചേര്‍ത്തുള്ള ഒരു വറവു് നിര്‍ബ്ബന്ധം. സദ്യ ഒരുക്കുന്ന സ്ഥലത്തു് രാമന്‍ ചെട്ട്യാരുടെ സാന്നിധ്യം ഉണ്ടായാല്‍ മതി, സദ്യ പൊടിപൊടിക്കാന്‍. അതാണു് നാട്ടിലെ വിശ്വാസം. ഞാന്‍ ഇവിടെ പറഞ്ഞതു് കീഴ്ജാതിക്കാരുടെ സദ്യയുടെ കാര്യമാണു്.

ഇല്ലങ്ങളിലും നായര്‍ പ്രമാണിമാരുടെ തറവാടുകളിലും നടക്കുന്ന അടിയന്തിരങ്ങള്‍ക്കു സദ്യയുടെ വിഭവങ്ങള്‍ വ്യത്യസ്തമത്രെ. അവിടെ അകം നിലയ്ക്കു്, എരിശ്ശേരി, പുളിശ്ശേരി, രസം, മോരു്‍, അവിയല്‍, ഓലന്‍, കൂട്ടുകറി, ഉപ്പേരികള്‍, പായസങ്ങള്‍ തുങ്ങിയവ ഉണ്ടാകുമത്രേ. ഏതായാലും അത്തരം സ്ഥലങ്ങളില്‍ കീഴ്ജാതിക്കാര്‍ക്കു് നല്‍കുന്ന പുറം നില സദ്യയ്ക്കു് ഇതൊന്നും കാണില്ല. അവര്‍ക്കു് മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന താണ തരം അരിയുടെ ചോറായിരിയ്ക്കും. കറികളായി ചക്കക്കൂട്ടാനും മാങ്ങാക്കാളനും തന്നെ. അല്ലെങ്കില്‍, വെള്ളം ചേര്‍ത്തു ലൂസാക്കിയ എന്തെങ്കിലും ഒരു കറി. കറി വിളമ്പുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചോറു് ഒഴുകിപ്പോകും. അവ നല്‍കുന്നതാവട്ടെ, കാര്യസ്ഥന്മാര്‍ നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും കണ്ടത്തിലോ കുപ്പയിലോ ഇരുത്തിയായിരിക്കും. കുട്ടിക്കാലത്തു് ഒന്നു രണ്ടു തവണ അത്തരം സന്ദര്‍ഭങ്ങളില്‍ പങ്കെടുക്കാനുള്ള ദൌര്‍ഭാഗ്യം ഉണ്ടായിട്ടുണ്ടു്. ആഹാരം നല്‍കുന്നതിലെ വിവേചനത്തില്‍ അമര്‍ഷവും തോന്നിയിട്ടുണ്ടു്.

വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞു; ആളുകളുടെ ജീവിതരീതിയിലും പെരുമാറ്റത്തിലും ഏറെ മാറ്റങ്ങള്‍ വന്നു. മുമ്പത്തെപ്പോലെ ദാരിദ്ര്യം ഇന്നില്ല. ഞാന്‍ നാട്ടില്‍ നിന്നു് വളരെ അകലെ, നടുവത്തൂര്‍ ഹൈസ്കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്ന കാലം. ഒരു സായാഹ്നത്തില്‍ സ്കൂള്‍ വിട്ട ശേഷം ഗ്രൌണ്ടില്‍ ബാഡ്‌മിന്റണ്‍ കളിക്കുകയാണു്. അപ്പോഴുണ്ടു്, സ്കൂള്‍ കെട്ടിടവും കഴിഞ്ഞു, ഗ്രൌണ്ട് ക്രോസ്സ് ചെയ്തു് രണ്ടു മൂന്നാളുകള്‍ നടന്നു വരുന്നു. നോക്കുമ്പോള്‍ മുഖപരിചയമുള്ള ആളുകള്‍. എന്നെ കണ്ടപ്പോള്‍ അവര്‍ പെട്ടെന്നു് നിന്നു. പരിചയഭാവത്തില്‍ ചിരിച്ചു. ഞാനുടനെ അടുത്തു ചെന്നു. അത്ഭുതപ്പെട്ടു പോയി. രാമന്‍ ചെട്ട്യാരും രണ്ടു് അയല്‍ക്കാരും. “മാഷ് ഇപ്പം ഇവട്യാല്ലേ പഠിപ്പിക്കുന്നതു്?” അതെ, ഇവടെ ഏതാണ്ടു് പത്തു കൊല്ലായി.” എല്ലാരും ഹൃദയം തുറന്നു ചിരിച്ചു. ”ഞങ്ങളിവടെ അടുത്തു് വെളിയന്നൂര്‍ തെരൂലു് നാളെ ഒരു കല്യാണം ണ്ടു്. അതിനു സദ്യയൊരുക്കാന്‍ വന്നതാ.” “കണാര ചെട്ട്യാരുടെ മകളുടെ കല്യാണം അല്ലേ” “അതെ”.”എനിക്കും ക്ഷണം ണ്ടു്, ഞാനിപ്പം ഇവിടുത്തുകാരനായല്ലോ”. കുറച്ചു സമയം വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും സംസാരിച്ചു. പിരിയാന്‍ നേരത്തു്, ”ആ കയ്യിലെ ചട്ടുകം എനിക്കു തര്വോ? വറുത്തുപ്പേരി കോരിയെടുക്കാന്‍ പഷ്ടാ” ബാഡ്‌മിന്റണ്‍ ബാറ്റ് ചൂണ്ടിക്കൊണ്ടു്, രാമന്‍ ചെട്ട്യാര്‍ ഒരു തമാശ വിട്ടു. എല്ലാവരും പൊട്ടിച്ചിരിച്ചു. തമ്മില്‍ പിരിഞ്ഞു.

പിറ്റേന്നു് കല്യാണസദ്യയ്ക്കു് പങ്കെടുത്തപ്പോള്‍, രാമന്‍ ചെട്ട്യാരുടെ കൈപ്പുണ്യം ശരിയ്ക്കും അനുഭവിച്ചു. സ്വാദിഷ്ടങ്ങളായ എന്തെല്ലാം വിഭവങ്ങള്‍! അടുത്ത കാലത്തൊന്നും അത്തരം ഒരു സദ്യ ഉണ്ടിരുന്നില്ല. സദ്യ കഴിഞ്ഞു, ഞാന്‍ രാമന്‍ ചെട്ട്യാരെ സമീപിച്ചു, നല്ല അഭിപ്രായം രേഖപ്പെടുത്തി. തിരക്കൊഴിഞ്ഞ നേരമാണു്. ഞങ്ങളിരുവരും അല്‍പ്പം അകലെ മാറി ഒരു ബെഞ്ചില്‍ ഇരുന്നു. പഴയ കാലത്തേക്കു് കുറച്ചു നേരം യാത്ര നടത്തി. ”ഞങ്ങളെല്ലാം നെയ്ത്തു് നിര്‍ത്തി. ഇപ്പോള്‍ കുട്ടികളെല്ലാം മറ്റു തൊഴിലുകള്‍ എടുക്കുന്നു. ചെത്തിപ്പടവും വാര്‍പ്പും മറ്റുമാണു് അവര്‍ ചെയ്യുന്നതു്. ഞാന്‍ ഈ പണിയും. ആഴ്ചയില്‍ രണ്ടോ മൂന്നോ അടിയന്തിരങ്ങള്‍ മുടങ്ങാതെ ഒത്തു വരുന്നുണ്ടു്. ഒരടിയന്തിരത്തിനു് മൂന്നു ദിവസത്തെ പണിയാണു്. ഒരു പാര്‍ട്ടി, ഒരു സദ്യ, ഒരു സല്‍ക്കാരം. മനസ്സിനിണങ്ങിയ ജോലി ആയതിനാല്‍ സംതൃപ്തിണ്ടു്. അതൊരു വല്യ കാര്യാണു്. എന്റെ വീടു് ഞാന്‍ പുതുക്കിപ്പണിതു. രണ്ടു പെണ്‍കുട്ട്യേളെ കെട്ടിച്ചുവിട്ടു. എല്ലാറ്റിനും ഈ തൊഴില്‍ സഹായിച്ചു. ദൈവ കൃപ.” രാമന്‍ ചെട്ട്യാരെ കൊയിലാണ്ടിയിലെ ഒന്നോ രണ്ടോ അടിയന്തിരത്തിനു് വീണ്ടും കാണാന്‍ ഇടയായി. നാട്ടില്‍ത്തന്നെ നിരന്തരം ജോലിയാണെന്നു് അന്നു പറഞ്ഞതോര്‍ക്കുന്നു.

രാമന്‍ ചെട്ട്യാരുടെ മരണവാര്‍ത്ത‍ അറിഞ്ഞപ്പോള്‍ വല്ലാത്ത മനഃപ്രയാസം തോന്നി. നന്മണ്ടക്കാരുടെ നളന്‍ യാത്ര പറഞ്ഞിരിക്കുന്നു. നാട്ടുകാര്‍ക്കു് വലിയൊരു നഷ്ടമാണതു്. അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ വീടു് സന്ദര്‍ശിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ഞാന്‍ തീരുമാനിച്ചു. അന്നൊരു ഞായറാഴ്ച ദിവസം ഞാന്‍ കൊല്ലങ്കണ്ടി തറവാട്ടില്‍ എത്തി. അവിടെയാണു് രാമന്‍ ചെട്ട്യാര്‍ താമസി ച്ചിരുന്നതു്. പഴയ വീടു് ആകെ മാറിയിരിക്കുന്നു. വീടിന്റെ മുറ്റത്തു് ഒരു താര്‍പ്പായ വലിച്ചു കെട്ടിയിരിക്കുന്നു. ഏതാനും മേശകളും കസാലകളും ആളുകള്‍ക്കു് ഇരിക്കാന്‍ പാകത്തില്‍ ക്രമീകരിച്ചിട്ടുണ്ടു്. മുറ്റത്തേക്കു് ഇറങ്ങിയപ്പോള്‍ രാമന്‍ ചെട്ട്യാരുടെ രണ്ടു് അനുജന്മാരും മക്കളും അടുത്തു വന്നു് ഇരിക്കാന്‍ ക്ഷണിച്ചു. ദുഃഖം തളം കെട്ടി നില്‍ക്കുന്ന മുഖമാണു് എല്ലാവര്‍ക്കും. ഞാന്‍ ഒരു കസാലയില്‍ ഇരുന്നു. അടുത്തായി കേളുച്ചെട്ട്യാരും ഇരുന്നു. ഞാന്‍ മരണവാര്‍ത്ത‍ പത്രത്തില്‍ കണ്ടു വന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അറിയിച്ചു. ”അറ്റാക്ക് ആയിരുന്നു. ആരും അറിഞ്ഞില്ല. ഞങ്ങളുടെ ഭാഗ്യദോഷംന്നു് പറഞ്ഞാ മതി. അങ്ങിനെയാണതു സംഭവിച്ചതു്.” കേളുച്ചെട്ട്യാര്‍ പറഞ്ഞു തുടങ്ങി. “എന്റെ അനുജന്‍ ചാപ്പനെ ങ്ങക്കു് അറിയാലോ. കുട്ടിക്കാലത്തെ കഷ്ടപ്പാടു കൊണ്ടു് നാടുവിട്ടുപോയ അവന്‍ പാലക്കാട്ടായിരുന്നു കുടുംബവുമായി താമസം. അവന്റെ മൂത്ത മകളുടെ വിവാഹം ഇവിടെ വെച്ചു് നടത്താനാണു് അവന്‍ ആഗ്രഹിച്ചതു്. അതു ഞങ്ങള്‍ക്കൊക്കെ സന്തോഷമുള്ള കാര്യവുമായിരുന്നു. അവന്റെ കുടുംബക്കാരും ബന്ധുക്കളും എല്ലാം ഈ നാട്ടിലാണല്ലോ. ഏട്ടന്റെ നേതൃത്വത്തില്‍ അതിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങി. പെണ്ണിനുള്ള ഡ്രസ്സുകള്‍ എല്ലാം ഏട്ടന്‍ തന്നെ പോയി എടുത്തു കൊടുത്തു. ഏട്ടന്‍ നാട്ടുകാരുടെ എല്ലാ കാര്യത്തിലും സഹകരിക്കുന്ന ആളാണല്ലോ. ആ നന്ദി നാട്ടുകാരും കാണിച്ചു. വീടു് വൈറ്റ് വാഷ് ചെയ്യാനും പെയിന്റ് അടിക്കാനും മുറ്റത്തു് പന്തല്‍ ഇടാനും എല്ലാം നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി നടത്തി. ഏതാണ്ടു് അഞ്ഞൂറു് പേര്‍ക്കു് വേണ്ടുന്ന സദ്യ ഒരുക്കാന്‍ തീരുമാനമായി. അരിയും സാമാനങ്ങളും, പച്ചക്കറികളും എല്ലാം അയല്‍ക്കാരും സ്നേഹജനങ്ങളും മത്സരിച്ചെന്നോണം വീട്ടില്‍ എത്തിച്ചു തന്നു. നാട്ടില്‍ ഇങ്ങനെ ഒരു അനുഭവം മുമ്പു് ഉണ്ടായിട്ടില്ല. എല്ലാം ഏട്ടന്റെ നാട്ടുകാരോടുള്ള പെരുമാറ്റഗുണം കൊണ്ടാണു്. അതോര്‍ക്കുമ്പോള്‍ എന്റെ തൊണ്ട ഇടറുന്നുണ്ടു്. ഇനി അങ്ങിനെ ഒരാള്‍ ഈ കുടുംബത്തില്‍ ഉണ്ടാവ്വോ എന്ന കാര്യം സംശയാ. എന്തിനേറെ സംഗതി ചുരുക്കി പറയാലോ. കല്യാണദിവസം സദ്യ ഒരുക്കാന്‍ ഏട്ടന്‍ തന്നെ മുന്നിട്ടിറങ്ങി. കൂടെ ഏട്ടന്റെ പതിവു സഹായികളും. കല്യാണത്തലേന്നു് പതിവുപോലെ പാര്‍ട്ടി, രാത്രി നെയ്ച്ചോറും ചിക്കനും, കല്യാണദിവസം രാവിലെ ഉപ്പുമാവും പഴവും ചായയും. കല്യാണദിവസം വേണ്ട സദ്യയ്ക്കു് സ്വരുക്കൂട്ടാന്‍ തലേന്നു് രാത്രി ഏറെ വൈകും വരെ കയ്യും മെയ്യും മറന്നു ഏട്ടന്‍ അധ്വാനിച്ചു. അതു് ഏട്ടന്റെ ഒരു രീതിയാണു്. അതിരാവിലെ എഴുന്നേറ്റു പാചകം തുടങ്ങി. പതിനൊന്നു മണിയാകുമ്പോഴേക്കും പതിനാലു കൂട്ടം വിഭവങ്ങള്‍ ഒരുക്കി. ഏട്ടന്‍ തന്റെ സഹായികളില്‍ മുതിര്‍ന്നവനെ അടുത്തു വിളിച്ചു. ”എനിക്കെന്തോ വല്ലാത്തൊരു കൊഴക്കു്, ഞാനൊന്നു പോയി തല ചായ്ക്കട്ടെ. എന്നെ ആരും വിളിച്ചു അലമ്പാക്കരുതു്. ഇനിയുള്ള കാര്യങ്ങളൊക്കെ കേള്വോടു് ചെയ്യാന്‍ പറയണം.” എന്നു് പറഞ്ഞു കൊണ്ടു് താഴേക്കു് ഇറങ്ങി നടന്നു. സമയം പതിനൊന്നരയോടെ ബാലുശ്ശേരിയില്‍ നിന്നുള്ള വരന്റെ പാര്‍ട്ടിക്കാര്‍ കല്ലാരിപ്പറമ്പില്‍ വാഹനമിറങ്ങി, നടന്നു വരികയാണു്. തകിലിന്റെയും നാദസ്വരത്തിന്റെയും ശബ്ദം ഇങ്ങടുത്തെത്തി. വീടിന്റെ പടി കയറിവന്ന വരനെയും പാര്‍ട്ടിയെയും വീട്ടുകാര്‍ വേണ്ടതുപോലെ സ്വീകരിച്ചു ഇരുത്തി. കൃത്യം പന്ത്രണ്ടരയ്ക്കു് വിവാഹം നടന്നു. വിവാഹപ്പന്തലില്‍ ഏട്ടനെ പലരും അന്വേഷിച്ചു. പക്ഷേ കണ്ടില്ല. വിവാഹശേഷം ഗംഭീരമായ സദ്യയും കഴിഞ്ഞു ആളുകള്‍ യാത്രയായി. ഞാനും ചാപ്പനും കുട്ട്യേളും ഏട്ടനെ പല സ്ഥലത്തും അന്വേഷിച്ചു. ഒടുവില്‍ ആരോ താഴെ പൂട്ടിക്കിടന്ന രാരുക്കുട്ട്യാപ്പന്റെ വീട്ടിന്റെ ഇരുളടഞ്ഞ ചായ്പിലേക്കു് ടോര്‍ച്ചു മിന്നിച്ചു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി! ഏട്ടനുണ്ടു് ഒരു പുല്‍പ്പായില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഒരിക്കലും ഉണരാത്ത ഉറക്കം.”

കേളുച്ചെട്ട്യാര്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ഒരു വിധം സംഭവം വിവരിച്ചു അവസാനിപ്പിച്ചു. ഇതിനിടയില്‍ എന്റെ മുന്നില്‍ ആരോ കൊണ്ടുവന്നു വെച്ച ഒരു ഗ്ലാസ്സ്‌ ചായ കഴിച്ചു, ഞാന്‍ എഴുന്നേറ്റു. എന്റെ ചുറ്റും വന്നു നിന്ന രാമന്‍ ചെട്ട്യാരുടെ മക്കളുടെ ചുമലില്‍ തട്ടി ഏതാനും ആശ്വാസ വാക്കുകള്‍ പറഞ്ഞ ശേഷം ഞാന്‍ പടി ഇറങ്ങി.

നാലു തറവാടുകള്‍

നന്മണ്ടയില്‍ ഞങ്ങളുടെ കുടുംബക്കാര്‍ നാലു തറവാടുകളിലായാണു് താമസിച്ചിരുന്നതു്. പാറപ്പുറത്തു്, നെടുമ്പാല, പാണ്ടിക്കോടു്, വേങ്ങോളി. ഇതില്‍ ഏറ്റവും പഴക്കമുള്ളതു് പാറപ്പുറത്തു് തറവാടാണു്. അവിടെ നിന്നും ആളുകള്‍ കുടിയേറി പാര്‍ത്തതു കൊണ്ടാണു് മറ്റുള്ള തറവാടുകള്‍ പില്‍ക്കാലത്തു് രൂപപ്പെട്ടതു്. ഓരോ തറവാടിനെപ്പറ്റിയും അവിടങ്ങളിലെ ചില പ്രധാന വ്യക്തികളെപ്പറ്റിയും ഇവിടെ പ്രതിപാദിക്കാനാണു്, ഉദ്ദേശിക്കുന്നതു്.

പാറപ്പുറത്തു്

കൊക്കിലോട്ടുമ്മല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലയുടെ പടിഞ്ഞാറെച്ചെരിവിലാണു് പാറപ്പുറത്തു തറവാടു്. തറവാടിന്റെ മുന്‍ഭാഗത്തു് വലതുമാറി ഒരു മൂര്‍ത്തിത്തറ ഉണ്ടായിരുന്നു. അവിടെ ഇന്നും അന്തിത്തിരി കൊളുത്താറുണ്ടു്. എന്റെ കുട്ടിക്കാലത്തു് കുഞ്ചുക്കാരണവര്‍ ആയിരുന്നു അവിടെ താമസം. അദ്ദേഹം ഒരു കളരി അഭ്യാസിയായിരുന്നു. മലയുടെ കിഴക്കേച്ചെരിവില്‍ ക്ഷേത്രത്തിന്നു വടക്കു ഭാഗത്തായി താമസിക്കുന്ന ഏരത്തുകണ്ടി വീട്ടുകാരും പടിഞ്ഞാറെച്ചെരിവില്‍ താമസിക്കുന്ന പുല്ലങ്കോട്ടുമ്മല്‍, ഇളമ്പിലാട്ടു് വീട്ടുകാരും ഈ തറവാട്ടില്‍പ്പെട്ടവരാണു്. നിരവധി വൈദ്യന്‍മാര്‍ക്കും കലാകാരന്മാര്‍ക്കും ജന്മം നല്‍കിയ തറവാടാണിതു്. പത്തൊന്‍പതു് – ഇരുപതു നൂറ്റാണ്ടു കാലയളവിനുള്ളില്‍ ഇവിടെ പ്രസിദ്ധിയാര്‍ജിച്ച ചില വ്യക്തികള്‍ ഉണ്ടായിരുന്നു.

ഇമ്പിച്ചുണ്ണി വൈദ്യര്‍ ഏറെ അറിയപ്പെടുന്ന ഒരു നാട്ടുവൈദ്യന്‍ ആയിരുന്നു. പുല്ലങ്കോട്ടുമ്മല്‍ വീട്ടിലും ഇളമ്പിലാട്ടു വീട്ടിലുമായാണു് അദ്ദേഹം താമസിച്ചതു്. ബുദ്ധിശക്തിയും നൈപുണ്യവും കൈപ്പുണ്യവും ഒത്തിണങ്ങിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം.

ഇമ്പിച്ചുണ്ണി വൈദ്യര്‍

അലോപ്പതി ചികിത്സയുടെ റിയാക്‍ഷന്‍ മൂലം കാലുകള്‍ രണ്ടും തളര്‍ന്നുപോയ ഈയുള്ളവന്റെ അനുജനെ ആറു മാസത്തെ ചികിത്സ കൊണ്ടു് പൂര്‍ണ്ണ ആരോഗ്യവാനായി അദ്ദേഹം മാറ്റുകയുണ്ടായി. ഒരിക്കല്‍, എന്തോ വിഷദ്രാവകം കഴിച്ചു, വായും തൊണ്ടയും വയറും പൊള്ളി മരണപ്രായനായ ഞങ്ങളുടെ ഒരു അയല്‍വാസിയെ ഒറ്റമൂലിപ്രയോഗം കൊണ്ടു് അദ്ദേഹം രക്ഷിച്ചെടുത്തതു് ഏവരേയും അത്ഭുതപ്പെടുത്തുകയുണ്ടായി. ദൂരസ്ഥലങ്ങളില്‍ നിന്നു പോലും അദ്ദേഹത്തിന്റെ ചികിത്സ തേടി നിരവധി രോഗികള്‍ വരാറുണ്ടായിരുന്നു. മുടി പറ്റെ വെട്ടി, നെറ്റിയില്‍ ഭസ്മക്കുറി ചാര്‍ത്തി, നടുവില്‍ ചന്ദനം കൊണ്ടു് ഗോപിക്കുറിയും അതിനു നടുവില്‍ ചുകന്ന സിന്ദൂരവും അണിഞ്ഞു വെള്ളമുണ്ടും ജുബ്ബയും, തോളില്‍ വേഷ്ടിയും ധരിച്ചുകൊണ്ടുള്ള വേഷം. പ്രാതലും കഴിച്ചു രാവിലെ വീട്ടില്‍ നിന്നു് ഇറങ്ങും. നന്മണ്ടയിലെ രോഗികളുള്ള വീടുകള്‍ കേറി ആവശ്യമായ മരുന്നുകള്‍ കുറിച്ചുകൊണ്ടു്, വൈകുന്നേരം വരെ യാത്ര തുടര്‍ന്നു കൊണ്ടിരിക്കും. ഭക്ത്യാദരവോടെയാണു ആളുകള്‍ അദ്ദേഹത്തെ കണ്ടിരുന്നതു്. പ്രായമായപ്പോള്‍ അരയില്‍ ചുരുട്ടി കെട്ടിവെച്ച ഒരു പൊതി കാണാറുണ്ടായിരുന്നു. എന്തോ അമൂല്യ നിധിയാണെന്നും സ്വര്‍ണ്ണ വെള്ളരിക്കയാണെന്നും മറ്റും ആളുകള്‍ രഹസ്യമായി പറയുമായിരുന്നു. പ്രായാധിക്യം കൊണ്ടു് കിടപ്പിലായപ്പോള്‍ അതൊരു പെട്ടിയില്‍ വെച്ചു പൂട്ടി, താക്കോല്‍ അരയില്‍ തിരുകി. അദ്ദേഹത്തിന്റെ മരണശേഷം ആ രഹസ്യപ്പൊതി അവകാശികളെ മുഴുവന്‍ വിഡ്ഢികളാക്കിക്കളഞ്ഞു! ഇമ്പിച്ചുണ്ണി വൈദ്യരുടെ രണ്ടു പുത്രന്മാരും വൈദ്യരംഗത്തു പ്രവര്‍ത്തിച്ചവരാണു്. മൂത്ത പുത്രന്‍, കുഞ്ഞിരാമന്‍ വൈദ്യര്‍ പല സ്ഥലങ്ങളിലായി തറിമരുന്നു കടകള്‍ നടത്തിയിരുന്നു. ഇളയ പുത്രനെപ്പറ്റി പിറകെ പ്രത്യേകം വിവരിക്കുന്നുണ്ടു്.

കറുത്ത കിട്ടന്‍ പ്രസിദ്ധനായ ചെണ്ട വാദ്യവിദഗ്ദ്ധനായിരുന്നു. ഏരത്തുകണ്ടി വീട്ടിലായിരുന്നു താമസം. മുമ്പു പ്രസ്താവിച്ച ഇമ്പിച്ചുണ്ണി വൈദ്യരുടെ അനുജനായിരുന്നു അദ്ദേഹം.

കറുത്ത കിട്ടന്‍

കൃഷ്ണന്‍ എന്നതിന്റെ പ്രാകൃത രൂപമാണു് കിട്ടന്‍. മുമ്പു കാലത്തു് കീഴ്ജാതിക്കാര്‍ക്കു് നല്ല പേരുകള്‍ നിഷിദ്ധമായിരുന്നുവല്ലോ. രണ്ടു സഹോദരന്മാരും രണ്ടു രംഗങ്ങളില്‍ പ്രസിദ്ധര്‍. ഒത്ത ശരീരം, കറുത്ത നിറം, നീണ്ട തലമുടി ഇടതുവശത്തായി കെട്ടിവച്ച നീണ്ട തലമുടി, കാതില്‍ കടുക്കന്‍, നെറ്റിയില്‍ ചന്ദനക്കുറി, വെളുത്ത മുണ്ടും തോളില്‍ തോര്‍ത്തുമാണു് വേഷം. പ്രസിദ്ധരായ പല ഗുരുക്കന്മാരുടെയും കീഴില്‍ അദ്ദേഹം ചെണ്ടകൊട്ടു് അഭ്യസിച്ചിട്ടുണ്ടു്. തെക്കന്‍ ശൈലിയും വടക്കന്‍ ശൈലിയും ഒരുപോലെ വഴങ്ങും. മലബാറിലെ പല ക്ഷേത്രങ്ങളിലും തായമ്പകയ്ക്കു് പോകും. ചില സ്ഥലങ്ങളില്‍ മത്സരങ്ങള്‍ നടക്കും, വിജയിക്കും, സമ്മാനങ്ങള്‍ നേടും. വാദ്യവിദഗ്ദ്ധന്‍ എന്ന നിലയില്‍ നാടുവാഴിയില്‍ നിന്നും പട്ടും വളയും വാങ്ങിയിട്ടുണ്ടു്. തിറ കെട്ടിയാടുന്നതിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ ഗുളികന്‍ തിറ ഏറെ പ്രസിദ്ധമായിരുന്നു. ഒന്നുരണ്ടു തവണ അതു് കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ടു്. വെസ്റ്റ്‌‌ഹില്‍ ഭാഗത്തു് വര്‍ഷങ്ങളോളം അദ്ദേഹം ചെണ്ടകൊട്ടു് പഠിപ്പിച്ചിരുന്നു. വലിയൊരു ശിഷ്യസമ്പത്തിനു് ഉടമയാണു് അദ്ദേഹം. കറുത്ത കിട്ടന്റെ മക്കളായ ഗോപാലന്‍, ദാമോദരന്‍, നാരായണന്‍ എന്നിവര്‍ വാദ്യകലയിലും കെട്ടിയാട്ടത്തിലും വിദഗ്ദ്ധരായിരുന്നു. അദ്ദേഹത്തിന്റെ പേരമക്കള്‍ പഞ്ചവാദ്യത്തിലൂടെ ഇന്നും പാരമ്പര്യം നിലനിര്‍ത്തി വരുന്നു.

വെളുത്ത കിട്ടന്‍ പാറപ്പുറത്തു് തറവാട്ടിലെ കുഞ്ചുക്കാരണവരുടെ സഹോദരനാണു്. തറവാട്ടിനടുത്തു തന്നെയുള്ള വീട്ടിലായിരുന്നു താമസം. വെളുത്തു് തടിച്ച ശരീരം, തലമുടി ഇടതുവശത്തേക്കു് കെട്ടി വെച്ചിരിക്കും.

വെളുത്ത കിട്ടന്‍

അദ്ദേഹവും ചെണ്ടകൊട്ടിലും തിറ കെട്ടിയാടുന്നതിലും ഏര്‍പ്പെട്ടിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിനു് ചന്തുക്കുട്ടി, കുട്ടികൃഷ്ണന്‍ എന്നീ രണ്ടു പുത്രന്മാരും ഒരു പുത്രിയുമാണു് ഉണ്ടായിരുന്നതു്. മൂത്ത പുത്രന്‍ ചെണ്ടവാദ്യം കൈകാര്യം ചെയ്യുന്നതിലുപരി സ്കൂള്‍ അധ്യാപകന്‍ കൂടി ആയിരുന്നു. പാറപ്പുറത്തു് തറവാട്ടില്‍ ആദ്യമായി സര്‍ക്കാര്‍ ശമ്പളം പറ്റിയ ഭാഗ്യവാന്‍ ആയിരുന്നു അദ്ദേഹം.

ഗോവിന്ദന്‍ വൈദ്യര്‍ നന്മണ്ടയുടെ അഭിമാനമായിരുന്നു. ഇമ്പിച്ചുണ്ണി വൈദ്യരുടെ രണ്ടു പുത്രന്മാരില്‍ ഇളയവനായിരുന്നു ഗോവിന്ദന്‍ വൈദ്യര്‍. കോട്ടക്കല്‍ ആയുര്‍വ്വേദ കോളേജില്‍, വൈദ്യരത്നം പി എസ്സ് വാര്യര്‍ അധ്യാപകനായിരുന്നപ്പോഴാണു് അദ്ദേഹം അവിടെ പഠിച്ചതു്. പഠനം കഴിഞ്ഞു നന്മണ്ടയില്‍ തിരിച്ചെത്തിയ ശേഷം സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. നന്മണ്ടയില്‍ രണ്ടിടത്തും കക്കോടിയിലും വൈദ്യശാലകള്‍ സ്ഥാപിച്ചു പ്രവര്‍ത്തനം നടത്തി. വൈദ്യന്‍ എന്ന നിലയ്ക്കു മാത്രമല്ല അദ്ദേഹം അറിയപ്പെടുന്നതു്. നന്മണ്ടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കണ്ണടച്ചെക്കിണി ഏട്ടനോടൊപ്പം അദ്ദേഹം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. മികച്ച സാമൂഹിക പ്രവര്‍ത്തകന്‍, വാഗ്മി എന്നീ നിലകളിലും അദ്ദേഹം നന്മണ്ടക്കാര്‍ക്കു് പ്രിയങ്കരനായിരുന്നു. കുടുംബക്കാരുടെയും നാട്ടുകാരുടെയും പ്രശ്നങ്ങളില്‍ ഇടപെട്ടു പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം വിദഗ്ദ്ധനായിരുന്നു. കുടുംബവീടുകളില്‍ വിവാഹം നടക്കുമ്പോള്‍ അവിടെ ആദ്യാവസാനക്കാരനായി തന്റെ സേവനം അര്‍പ്പിച്ചു. നന്മണ്ട സഹകരണ ബാങ്ക് പ്രസിഡണ്ട്‌, മീഞ്ചന്ത ആയുര്‍വ്വേദ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്‌ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടു്. സൌമ്യമായ പെരുമാറ്റം കൊണ്ടു് ഏവരുടെയും സ്നേഹാദരങ്ങള്‍ പിടിച്ചു പറ്റിയ, പരേതയായ പത്മാവതി ടീച്ചര്‍ ആയിരുന്നു അദ്ദേഹത്തിന്റെ സഹധര്‍മ്മിണി. അദ്ദേഹത്തിന്റെ മകനും പേരക്കുട്ടികളും ആതുരസേവന രംഗത്തു തന്നെ പ്രവര്‍ത്തിച്ചു വരുന്നു.

പാണ്ടിക്കോടു്

നന്മണ്ട പതിമൂന്നില്‍ നിന്നു് നന്മണ്ട – എഴുകുളം റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാണ്ടിക്കോടു് എത്താം. പ്രസിദ്ധനായ തിറകെട്ടു കലാകാരന്‍ ചെറുവോട്ടു് കുഞ്ഞിരാമന്‍ ആ തറവാട്ടിലെ അംഗമാണു്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള അദ്ദേഹം തിറ കെട്ടിയാടുമ്പോള്‍ താളത്തിനൊത്തു നൃത്തം ചെയ്യവേ വായുവില്‍ അനായാസമായി മലക്കം മറിയുന്നതു കാണുമ്പോള്‍ അത്ഭുതപ്പെട്ടു പോകും. തോറ്റം‌പാട്ടുകളും അഞ്ചടിയും മറ്റും തുറന്ന ശബ്ദത്തിലും സുന്ദരമായ ഈണത്തിലും പാടുവാനുള്ള അദ്ദേഹത്തിന്റെ കഴിവു് ഒന്നു വേറെ തന്നെയാണു്. തിറയുടെ സീസണ്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ജീവനോപാധി ബീഡി തെറുപ്പു് ആയിരുന്നു. അദ്ദേഹത്തിന്റെ അനുജന്‍ കുഞ്ഞീട്ടനും ഈ രംഗത്തു തന്നെ പ്രവര്‍ത്തിച്ചു. ചെറുവോട്ടു് കുഞ്ഞിരാമന്റെ മകന്‍ ബാലന്‍ അറിയപ്പെടുന്ന നാടകനടനും തെയ്യം കലാകാരനുമാണു്.

വേങ്ങോളി

നന്മണ്ട കെ പി റോഡിലാണു് വേങ്ങോളി. അവിടെ പഴയ തലമുറയില്‍ അറിയപ്പെടുന്ന കലാകാരന്മാരോ വൈദ്യന്മാരോ ഇല്ലെന്നാണു് എന്റെ അറിവു്. അടുത്ത കാലത്തു് അന്തരിച്ച ദാമോദരേട്ടന്‍ തയ്യല്‍ത്തൊഴിലാളി ആയിരുന്നു. അദ്ദേഹത്തിന്റെ പിന്‍തലമുറയില്‍ സര്‍ക്കാര്‍ ജോലിയിലും രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്നവരുണ്ടു്.

നെടുമ്പാല

പൂക്കുന്നു് മലയുടെ വടക്കേ ചെരുവിലാണു് നെടുമ്പാല തറവാടു്. തലമുറകള്‍ക്കു മുമ്പു് പാറപ്പുറത്തു തറവാട്ടില്‍ നിന്നു് കുടിയേറിപ്പാര്‍ത്ത വ്യക്തിയുടെ പിന്‍തലമുറക്കാരാണു് നെടുമ്പാലക്കാര്‍. വിദ്യാഭ്യാസ രംഗത്തു് പ്രവര്‍ത്തിച്ചവര്‍ കൂടുതലുള്ള തറവാടാണിതു്. ഉണ്ണി എഴുത്തച്ഛന്‍, രാമന്‍ എഴുത്തച്ഛന്‍, കേളു എഴുത്തച്ഛന്‍ തുടങ്ങിയവര്‍ പഴയ കാലത്തു് നന്മണ്ടയില്‍ പല സ്ഥലത്തായി എഴുത്തുപള്ളികള്‍ സ്ഥാപിച്ചു നാട്ടുകാര്‍ക്കു് അക്ഷരാഭ്യാസം നല്‍കിയ മഹത്തുക്കള്‍ ആയിരുന്നു. പല സമുദായങ്ങളിലും പെട്ട നിരവധി പേര്‍ അവരുടെ എഴുത്തുപള്ളികളിലൂടെ വിദ്യാഭ്യാസം നേടിയിട്ടുണ്ടു്. കേളു എഴുത്തച്ഛന്‍ പില്‍ക്കാലത്തു് കരുണാറാം സ്കൂളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. ഏതാണ്ടു് ഇതേ കാലയളവില്‍ നെടുമ്പാല രാമന്‍ മാസ്റ്റര്‍, ഉണ്ണ്യേപ്പന്‍ മാസ്റ്റര്‍, കല്യാണി ടീച്ചര്‍ എന്നിവരും പിന്‍തലമുറയില്‍ കേളു മാസ്റ്റരുടെ മക്കളായ അശോകന്‍ മാസ്റ്റര്‍, കൃഷ്ണന്‍ മാസ്റ്റര്‍, ഭരതന്‍ മാസ്റ്റര്‍ എന്നിവരും ഈ പാരമ്പര്യം പുലര്‍ത്തി. രാമന്‍ മാസ്റ്റര്‍ കോഴിക്കോടു് ഗണപത് ഹൈസ്കൂളിലും ഉണ്ണ്യേപ്പന്‍ മാസ്റ്റര്‍ നന്മണ്ട എ യു പി സ്കൂളിലും കല്യാണി ടീച്ചര്‍ ബാലബോധിനി സ്കൂളിലുമാണു് പ്രവര്‍ത്തിച്ചതു്. ഉണ്ണ്യേപ്പന്‍ മാസ്റ്റരുടെ മകന്‍ പരേതനായ ദാമോദരന്‍ ഏറെക്കാലം ബാലുശ്ശേരിയില്‍ ടൈപ്പ്റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി. അദ്ദേഹം രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ അനുജന്‍ ജയപ്രകാശന്‍ സാമൂഹ്യസേവന രംഗത്തും സര്‍ക്കാര്‍ സേവന രംഗത്തും പ്രവര്‍ത്തിച്ചു. ഭരതന്‍ പില്‍ക്കാലത്തു്, വി ഇ ഒ ആയും ജോയിന്റ് ബി ഡി ഒ ആയും സേവനം അനുഷ്ഠിച്ചു. രാമന്‍ മാസ്റ്റരുടെ മകനായ സ്വാമിദാസന്‍ ഒരു കൃഷിക്കാരനാണു്.

നന്മണ്ട കുട്ടല്ലൂര്‍ എന്നൊരു തറവാടുണ്ടു്. ഇതു പാണ്ടിക്കോടു് തറവാടില്‍ ഉള്‍പ്പെടുന്നവര്‍തന്നെയാണു്. ഇവിടെ പല വീടുകളിലായി താമസിക്കുന്നവരില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരും ബിസിനസ്സുകാരും സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുന്നവരുമുണ്ടു്.

കൂളിപ്പൊയില്‍ തറവാടും നന്മണ്ടയില്‍ ഉള്‍പ്പെടുന്നു. ഇവിടെ പഴയ തലമുറയില്‍ അറിയപ്പെടുന്ന വൈദ്യന്‍മാരും അധ്യാപകരും ഉണ്ടായിരുന്നു. ഗോപി വൈദ്യര്‍, കേളുക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ ഉദാഹരണം. ഇന്നു് സര്‍ക്കാര്‍ സേവനം അനുഷ്ഠിക്കുന്നവരും കൂടുതലുണ്ടു്. കൂളിപ്പൊയില്‍ തറവാട്ടിലുള്ളവര്‍ മേല്‍പ്പറഞ്ഞ തറവാടുകളില്‍ ഉള്ളവരുമായി ഉറ്റബന്ധം പുലര്‍ത്തി വരുന്നവരാണു്. എങ്കിലും, രക്തബന്ധത്തിന്റെ അടിസ്ഥാനത്തില്‍, മുന്‍പറഞ്ഞ നാലു തറവാടുകളില്‍ കൂളിപ്പൊയില്‍ ഉള്‍പ്പെടാത്തതു കൊണ്ടു്, ഇവിടെ കൂടുതല്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നില്ല, നിര്‍ത്തുന്നു.