കന്യേളു് കോട്ട

നന്മണ്ടയുടെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന പൂക്കുന്നു് മലയുടെ വടക്കേ ചെരുവിലാണു് മുത്തശ്ശി മിത്തുകളിലൂടെ പ്രസിദ്ധമായ കന്യേളു് കോട്ട. ബാലുശ്ശേരി – കോഴിക്കോടു് റോഡില്‍ നന്മണ്ട പന്ത്രണ്ടില്‍ നിന്നും നന്മണ്ട പതിമൂന്നില്‍ നിന്നും ഇവിടേയ്ക്കു് റോഡുകളുണ്ടു്. രണ്ടു വഴിക്കു വന്നാലും ഏതാണ്ടു് മൂന്നു കിലോമീറ്റര്‍. നന്മണ്ട പന്ത്രണ്ടില്‍ നിന്നു് വാര്യംമഠം ക്ഷേത്രം വഴി പടിഞ്ഞാറോട്ടു് സഞ്ചരിച്ചാല്‍, പൂക്കുന്നു് മലയുടെ കീഴ്‌വാരത്തുള്ള പാറപ്പുറത്തു് മുക്കില്‍ എത്തും. നന്മണ്ട പതിമൂന്നില്‍ നിന്നു് ചീക്കിലോടു് റോഡില്‍ ഏതാണ്ടു് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കരുണാറാം എ യു പി സ്കൂളിനു് അടുത്തെത്തും. അവിടെ നിന്നു് പൂക്കുന്നു് റോഡില്‍ ഏതാണ്ടു് ഒരു കിലോമീറ്റര്‍ തെക്കോട്ടു വന്നാല്‍ മുന്‍പറഞ്ഞ പാറപ്പുറത്തു് മുക്കില്‍ തന്നെ എത്തിച്ചേരാം.

അവിടെ നിന്നു് മലമുകളിലേക്കു് കയറ്റമുള്ള റോഡാണു്. മലദൈവങ്ങള്‍ കുടിപാര്‍ക്കുന്ന പ്രസിദ്ധമായ വെള്ളച്ചാല്‍ ക്ഷേത്രത്തിലേയ്ക്കാണതു് പോകുന്നതു്. മഴക്കാലത്തു് സജീവമാകുന്ന നെടുമ്പാല മീത്തല്‍ വെള്ളച്ചാട്ടത്തിനു അടുത്തുനിന്നു ഏതാണ്ടു് അര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റോഡിന്റെ ഇടതു വശത്തായിട്ടാണു് കന്യേളു് കോട്ട. കണ്ണൂര്‍, പാലക്കാടു് കോട്ടകളെ മനസ്സില്‍ കണ്ടു കൊണ്ടു് പോയാല്‍, നിങ്ങള്‍ക്കു് നിരാശപ്പെടേണ്ടി വരും. മിത്തുകളിലൂടെ സജീവമായി നിലകൊള്ളുന്ന ഒരു കോട്ടയാണിതു്.

റോഡില്‍ നിന്നും അല്‍പ്പം മുകളിലേക്കു് കയറിയാല്‍, അവിടെ അടുത്ത കാലത്തായി പണി കഴിപ്പിച്ച ഒരു മന്ദിരമുണ്ടു്. അതിനു മുകളിലുള്ള തൊടിയില്‍, ഒരു തറയും അതിനു ചുറ്റും ചില മരങ്ങളുമുണ്ടു്. അതിനും മുകളിലേക്കു് കയറിയാല്‍ അവിടെ പാറക്കല്ലു കൊണ്ടു് മുന്‍ഭാഗം അടച്ച ഒരു ഗുഹ കാണാം. ഗുഹാമുഖം ആരും ഇതേവരെ തുറന്നിട്ടില്ല. ഒരു വിശ്വാസത്തിന്റെ ബലത്തില്‍ അതു് ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുന്നു. ഇതിനു് അടുത്തു നിന്നു് വടക്കുകിഴക്കു ഭാഗത്തേക്കു നോക്കിയാല്‍ പ്രകൃതിമനോഹരമായ ഒരു ദൃശ്യമാണു്. മലനാടിന്റെ യഥാര്‍ത്ഥ പരിഛേദം. മഞ്ഞില്‍ കുളിച്ച വയനാടന്‍ മലകളും അവയുമായി കൂട്ടുബന്ധം സ്ഥാപിച്ചു കൊണ്ടു് ചെറുതും വലുതുമായി നിലകൊള്ളുന്ന നിരവധി മലനിരകളും പച്ചപിടിച്ച വയലേലകളും നീലിമ കലര്‍ന്ന ജലാശയങ്ങളും ഏവരുടെയും മനം കുളിര്‍പ്പിക്കും.

ഇവിടെ അടഞ്ഞു കിടക്കുന്ന ഗുഹയുമായി ബന്ധപ്പെട്ടതാണു് ഇതിന്റെ പുരാവൃത്തം. ഏറെ തലമുറകള്‍ക്കു മുമ്പു് ഈ ഗുഹയില്‍ ഏതാനും കന്യകമാര്‍ താമസമുണ്ടായിരുന്നുവത്രെ. നാടുമായും നാട്ടുകാരുമായും അധികം ബന്ധം പുലര്‍ത്താതെ അവര്‍ ഈ സ്ഥലത്തു താമസിച്ചു വന്നു. നേരും നെറിയും നിലനിന്നിരുന്ന കാലം. നന്മണ്ട നിവാസികളായ സ്ത്രീകള്‍ക്കു് ഏതെങ്കിലും ഉത്സവങ്ങള്‍ക്കോ വിവാഹങ്ങള്‍ക്കോ പോകുമ്പോള്‍ ധരിക്കുന്നതിനു് ആഭരണങ്ങള്‍ ആവശ്യമായി വരുമ്പോള്‍ കന്യേളു്‍കോട്ടയുടെ മുന്നിലുള്ള തറയ്ക്കു മുകളില്‍ അടക്കയും വെറ്റിലയും വെച്ചു് അപേക്ഷിച്ചാല്‍ പിറ്റേന്നു കാലത്തു് വേണ്ടുന്ന ആഭരണങ്ങള്‍ അവിടെ ലഭിക്കുമായിരുന്നുവത്രേ! അവര്‍ക്കു് അതെടുത്തു് ഉപയോഗിക്കാം. അവരുടെ ആവശ്യം കഴിഞ്ഞതിന്റെ അടുത്ത ദിവസം ആഭരണങ്ങള്‍ തറയ്ക്കു മുകളില്‍ തിരികെ സമര്‍പ്പിക്കണം എന്നു മാത്രം. നാട്ടുകാര്‍ക്കിടയില്‍ സ്വര്‍ണ്ണാഭരണങ്ങളൊന്നും ഇല്ലാതിരുന്ന ആ കാലത്തു് ഈ സൌജന്യ സേവനം സ്ത്രീകള്‍ക്കു് ഒരു അനുഗ്രഹമായിരുന്നു. വളരെയധികം സ്ത്രീകള്‍ ഈ സേവനം ഉപയോഗപ്പെടുത്തിവന്നു. പരസ്പരം വിശ്വസിച്ചും സത്യസന്ധത പുലര്‍ത്തിയും കാലം കഴിഞ്ഞു പോയി. ഒരിക്കല്‍, കുബുദ്ധികളായ ചില സ്ത്രീകള്‍ വിശ്വാസവഞ്ചന കാണിച്ചു. അവര്‍ കൊണ്ടുപോയി ഉപയോഗിച്ച ആഭരണങ്ങള്‍ തിരിച്ചു നല്‍കിയില്ല. സത്യസന്ധത ഇല്ലാത്തവര്‍ക്കിടയില്‍ ഇനിമുതല്‍ ഇത്തരം സേവനം നടത്തേണ്ടതില്ലെന്നു കന്യകമാര്‍ തീരുമാനിച്ചുകാണും. ആ ഗുഹാമുഖം വലിയൊരു കല്ലുകൊണ്ടു് അടച്ചിരിക്കുന്നതായാണു് പിന്നീടു പോയവര്‍ക്കു് കാണാന്‍ കഴിഞ്ഞതു്. അതു് തുറന്നു നോക്കാന്‍ ആരും ഇതേവരെ ശ്രമിച്ചിട്ടില്ല. വിശ്വാസവഞ്ചനയുടെ സ്മരണയുണര്‍ത്തി കൊണ്ടു് കന്യേളു്‍ കോട്ട ഇന്നും നിലനില്‍ക്കുന്നു. മുത്തശ്ശി മിത്തിലൂടെ കന്യകമാരും.