കരുണാറാം സ്മരണകള്‍

നന്മണ്ടയില്‍ പഴയ കാലം മുതല്‍ക്കു തന്നെ അറിയപ്പെടുന്ന ഒരു സ്ഥലമാണു് കല്ലാരിപ്പറമ്പു്. നന്മണ്ടയിലെ വളരെയേറെ തലമുറകള്‍ക്കു് അക്ഷര വെളിച്ചം നല്‍കിയ വിദ്യാലയം അവിടെയാണു് പ്രവൎത്തിക്കുന്നതു്. എന്റെ കുട്ടിക്കാലത്തു് വൈകുന്നേരമായാല്‍ കല്ലാരിപ്പറമ്പു് ബഹളമയമായിരിക്കും. കാളകളെക്കൊണ്ടും കാളവണ്ടികളെക്കൊണ്ടും നിറയും. അന്നു് നന്മണ്ടക്കാരായ വളരെയേറെ ആളുകള്‍ കോഴിക്കോട്ടെ പാണ്ടികശാലകളില്‍ കൊപ്രയും കുരുമുളകും എത്തിച്ചിരുന്നതു്, ഇവിടെ നിന്നു പുറപ്പെടുന്ന കാളവണ്ടികളില്‍ കയറ്റിയിട്ടായിരുന്നു. കല്ലാരിപ്പറമ്പിന്റെ മറ്റൊരു പ്രത്യേകത, പഴയ കാലത്തു് ആളുകളുടെ മൃതശരീരങ്ങള്‍ അടക്കം ചെയ്തിരുന്ന തന്താര്‍കുടങ്ങളുടെ (നന്നങ്ങാടികള്‍) വക്കുകള്‍ അവിടവിടെ പൊങ്ങിക്കാണാമായിരുന്നു.

കല്ലാരിപ്പറമ്പില്‍ ഇന്നു് കാണുന്ന കിണറിന്റെ തെക്കു ഭാഗത്തായി ഒരു പാണ്ടികശാലയും അക്കാലത്തു് ഉണ്ടായിരുന്നു. കരുണാറാം യു. പി. സ്കൂള്‍ മാനേജര്‍ ആയിരുന്ന കരുണാകരന്‍ നായരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു, ആ പാണ്ടികശാല. ഈ പാണ്ടികശാലയിലാണു് കരുണാറാം യു. പി. സ്കൂളിന്റെ ആരംഭം കുറിച്ചതു്. എന്റെ പിതാവായ തയ്യുള്ളതില്‍ കേളു എഴുത്തച്ഛന്‍ കരുണാകരന്‍ നായരുടെ ഒരു സുഹൃത്തായിരുന്നു. എഴുത്തച്ഛന്റെ അടുവാട്ടുപൊയില്‍ എഴുത്തുപള്ളിയില്‍ പഠിച്ചിരുന്ന നൂറോളം വിദ്യാൎത്ഥികളെ ഒഴിഞ്ഞു കിടക്കുന്ന പാണ്ടികശാലയില്‍ ഇരുത്തിക്കൊണ്ടാണു് സ്കൂളിന്റെ ആദ്യ പടിയായ ഒന്നാം ക്ലാസ്സ് ആരംഭിച്ചതു്. മൂന്നു കൊല്ലത്തോളം അദ്ദേഹം അവിടെ ജോലി ചെയ്തു. ഒരു നീണ്ട കാലയളവിനു ശേഷം അദ്ധ്യാപക ട്രെയിനിങ് കഴിച്ച അദ്ദേഹം വീണ്ടും സ്കൂളില്‍ ജോലി ചെയ്തിരുന്നു. കരുണാകരന്‍ നായരുടെ ആകസ്മികമായ മരണത്തിനു ശേഷം തെക്കേടത്തു് അച്യുതന്‍ നായര്‍ സ്കൂള്‍ മാനേജരായി. സവൎണ്ണ മേധാവിത്തം നിലനിന്നിരുന്ന അക്കാലത്തു, അസഹിഷ്ണുത വെച്ചു പുലൎത്തിയ ഹെഡ്മാസ്റ്ററായ അച്യുതന്‍ നായരുമായി യോജിച്ചു പോകുവാന്‍ പിതാവിനു് കഴിയാതെ വരികയും അദ്ദേഹം സ്കൂളിനോടു് വിട പറയുകയും ചെയ്തു.

ഞാന്‍ സ്കൂളില്‍ ചേരുന്ന 1948 മുതല്‍ 1956 വരെയുള്ള എട്ടു വൎഷക്കാലം, ഒന്നാംതരം മുതല്‍ ഇ. എസ്സ്. എല്‍. സി. (എട്ടാംക്ലാസ്) വരെയാണു് ഞാനിവിടെ പഠിച്ചിരുന്നതു്. അന്നു് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നതു് കരുണാറാം ഹയര്‍ എലിമണ്ടറി സ്കൂള്‍ എന്ന പേരിലാണു്. നാട്ടുകാര്‍ അതിനെ കല്ലാരിപ്പറമ്പു് സ്കൂള്‍ എന്നും വിളിച്ചു വന്നു. നാട്ടുകാരായ പലരും അവിടെ അദ്ധ്യാപകരായി ഉണ്ടായിരുന്നു. പാറോല്‍ കൃഷ്ണന്‍ നായര്‍, തെക്കേടത്തു് അച്യുതന്‍ നായര്‍, തെക്കേടത്തു് ശേഖരന്‍ നായര്‍, മന്നത്തുകണ്ടി മാധവന്‍ നായര്‍, ചെറുണ്ണി നായര്‍, കേളോത്തു് കൃഷ്ണന്‍ കിടാവു്, തിരുമങ്ങലത്തു് കുഞ്ഞിരാമക്കുറുപ്പു്, മാധവക്കുറുപ്പു്, കുഞ്ഞിഗോവിന്ദന്‍ കിടാവു്, കുഞ്ഞിഗോവിന്ദന്‍ നായര്‍, ഉണ്ണിരാമന്‍ നായര്‍, ഗംഗാധരന്‍ നായര്‍, രാഘവന്‍ നായര്‍, നാരകശ്ശേരി ഉണ്ണി നായര്‍, ചെറൂട്ടി മാസ്റ്റര്‍, ഗോപാലന്‍ മാസ്റ്റര്‍, ഹമീദ് മാസ്റ്റര്‍, മാണി ടീച്ചര്‍ എന്നിവരെല്ലാം അക്കാലത്തു അവിടെ അദ്ധ്യാപകര്‍ ആയിരുന്നു. പില്‍ക്കാലത്തു് നന്മണ്ട ഹൈസ്കൂള്‍ ആരംഭിച്ചപ്പോള്‍ ഇവിടെനിന്നു കുറെ പേര്‍ അങ്ങോട്ടു ചേക്കേറി. സ്കൂള്‍ മാനേജര്‍ ആയിരുന്ന അച്യുതന്‍ നായര്‍, മന്നത്തുകണ്ടി മാധവന്‍ നായര്‍, ഉണ്ണിരാമന്‍ നായര്‍, ഗംഗാധരന്‍ നായര്‍ എന്നിവരെല്ലാം ആ കൂട്ടത്തില്‍ പെടുന്നവരാണു്.

മാണി ടീച്ചര്‍ ആയിരുന്നു ഒന്നാംതരത്തില്‍ എന്റെ ക്ലാസ്സ് അദ്ധ്യാപിക. കുട്ടികളോടു് സ്നേഹത്തോടെയും, എന്നാല്‍ ഗൌരവം വിടാതെയും, ടീച്ചര്‍ പെരുമാറി. നന്നായി പാടുമായിരുന്നു. തുറന്ന ശബ്ദത്തിന്നുടമയായിരുന്നു. കുട്ടികള്‍ എക്കാലത്തും ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ധ്യാപകന്‍ ആയിരുന്നു, പാറോല്‍ കൃഷ്ണന്‍ നായര്‍ മാസ്റ്റര്‍. വെളുത്തു തടിച്ച ശരീരം, പിറകോട്ടു വാര്‍ന്നു വെച്ച ഒതുങ്ങാത്ത മുടി, കനത്ത ശബ്ദം, അഭിനയ പാടവം എന്നിവ ഒത്തു ചേൎന്ന ഒരു ഭാവനാസമ്പന്നനായിരുന്നു മാഷ്. അദ്ദേഹത്തിന്റെ ചരിത്രം, ജ്യോഗ്രഫി ക്ലാസ്സുകള്‍ ഒരു അനുഭവം തന്നെ ആയിരുന്നു. ലോകരാജ്യങ്ങളുടെ മാപ്പുകള്‍ നിമിഷനേരം കൊണ്ടു് ബോര്‍ഡില്‍ വരച്ചു വിവരണം തുടങ്ങാനുള്ള അദ്ദേഹത്തിന്റെ കഴിവു് ഏവരെയും അത്ഭുതപ്പെടുത്തുമായിരുന്നു. സബ്സ്റ്റിറ്റ്യൂഷന്‍ ക്ലാസ്സുകളില്‍ മാഷ് ക്ലാസ്സില്‍ വരേണമേ എന്നു കുട്ടികള്‍ പ്രാൎത്ഥിക്കും. വന്നുകിട്ടിയാല്‍ ഒരു കഥ റെഡി. കഥ പറഞ്ഞു തുടങ്ങിയാല്‍ മാഷ് കഥാപാത്രങ്ങളായി അഭിനയിക്കും, ജീവിക്കും, ശബ്ദങ്ങള്‍ അനുകരിക്കും. കുട്ടികളുടെ ആവശ്യമനുസരിച്ചു് പേടിപ്പെടുത്തുന്നതോ കരയിപ്പിക്കുന്നതോ ചിരിപ്പിക്കുന്നതോ ആയ കഥകള്‍ ആരംഭിക്കും. മാഷ് കഥ പറയുമ്പോള്‍ ആ ക്ലാസ്സിലെ കുട്ടികള്‍ മാത്രമല്ല അടുത്ത ക്ലാസ്സുകളിലെ കുട്ടികളും അധ്യാപകരും കഥ സാകൂതം ശ്രദ്ധിച്ചു ആസ്വദിക്കും. ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഐതിഹ്യങ്ങള്‍, അറബിക്കഥകള്‍, ഗ്രീക്ക് കഥകള്‍, ലോകസാഹിത്യങ്ങള്‍, മാത്രമല്ല, ചിലപ്പോള്‍ സ്വപ്നം കണ്ട സംഭവങ്ങള്‍ അടക്കം കഥകള്‍ക്കു് വിഷയമാക്കും. ക്ലാസ്സിലെ കുട്ടികളെ കഥാപാത്രങ്ങളായി മാറ്റും. മാഷ് സൃഷ്ടിച്ചെടുക്കുന്ന കഥാരംഗങ്ങള്‍ ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. കുട്ടികളിലെ കലാ സാഹിത്യ വാസനകള്‍ പരിപോഷിപ്പിക്കുന്നതിലും മാഷ് ഏറെ ശ്രദ്ധിച്ചിരുന്നു. ചിലപ്പോള്‍ സാഹിത്യ സമാജങ്ങളില്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം പ്രസംഗിക്കും. നൎമ്മത്തില്‍ പൊതിഞ്ഞ വാക്കുകളും, പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും, ചിന്തിപ്പിക്കുന്ന സംഭവങ്ങളും കൊണ്ടു് സമ്പന്നമായിരിക്കും അദ്ദേഹത്തിന്റെ സംഭാഷണം. ചുരുക്കത്തില്‍ അദ്ധ്യാപകന്‍ ആവാന്‍ വേണ്ടി ജന്മമെടുത്ത ഒരു മനുഷ്യന്‍!

അടുത്തതായി എന്റെ ഓൎമ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നതു്, ചെറുണ്ണി മാസ്റ്റര്‍ ആണു്. അദ്ദേഹത്തിനു് എല്ലാവരെക്കാളും പ്രായം ഏറും. പാടെ നരച്ച മുടി, വെളുത്തു മെല്ലിച്ച ശരീരം, സുന്ദരമായ പല്ലുകള്‍, വെള്ളി ഫ്രെയിം ഇട്ട കണ്ണട, ശാന്തപ്രകൃതി. മലയാളം, സംസ്കൃതം ഭാഷകളില്‍ തികഞ്ഞ പണ്ഡിതന്‍. ഇ. എസ്സ്. എല്‍. സി. ക്ലാസ്സില്‍ ഞങ്ങള്‍ക്കു മലയാളം എടുത്തിരുന്നതു് മാഷ് ആയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണം ക്ലാസ്സുകള്‍ ഏറെ പ്രസിദ്ധമാണു്. ലളിതം, സുവ്യക്തം, സുന്ദരം! മലയാള വ്യാകരണം ഇത്രയും വിശദമായി, മറ്റൊരു ക്ലാസ്സിലും എന്റെ വിദ്യാഭ്യാസ കാലത്തു് ഞാന്‍ പഠിച്ചിട്ടില്ല. മാഷ് തന്ന വ്യാകരണം നോട്ട് ഒരു അമൂല്യനിധിയായി ഏറെക്കാലം ഞാന്‍ സൂക്ഷിച്ചിരുന്നു. കോളേജ് ക്ലാസ്സുകളില്‍ പഠിച്ചപ്പോഴും അധ്യാപക ജീവിത കാലത്തും എന്റെ പല സഹപാഠികളും സുഹൃത്തുക്കളും ആ നോട്ട് പകൎത്തി എടുത്തിട്ടുണ്ടു്. പദ്യമായാലും ഗദ്യമായാലും പാഠ്യഭാഗത്തിനു് സമാനമായ സന്ദൎഭങ്ങള്‍ മറ്റു സാഹിത്യ കൃതികളില്‍ നിന്നു് അദ്ദേഹം ഏറെ ഉദാഹരിക്കും, താരതമ്യം ചെയ്യും.

തെക്കേടത്തു് ശേഖരന്‍ നായര്‍, പില്‍ക്കാലത്തു് അവിടെ അദ്ധ്യാപകനായിരുന്ന ശിവന്‍ മാസ്റ്ററുടെ പിതാവായിരുന്നു. ആജാനുബാഹു, മിതഭാഷി. പ്രായം അന്‍പതു് കഴിഞ്ഞിരിക്കും. തോളില്‍ നീളമുള്ള ഒരു ഷാള്‍. ഏഴാം ക്ലാസ്സില്‍ ഞങ്ങള്‍ക്കു് കണക്കു് എടുത്തിരുന്നതു് അദ്ദേഹമായിരുന്നു. ചിലപ്പോള്‍ തല അല്പം ചെരിച്ചു് കണ്ണടയ്ക്കു് മുകളിലൂടെയുള്ള നോട്ടം ഞങ്ങളെ ഭയപ്പെടുത്തുമായിരുന്നു. അക്കാലത്തു് ഒരു ദിവസം സ്കൂളിന്റെ വോളിബോള്‍ ടീമും അദ്ധ്യാപകരുടെ ടീമും തമ്മിലൊരു മത്സരം നടന്നു. അദ്ധ്യാപകരുടെ ടീമില്‍ ആളെ തികയ്ക്കാന്‍ വേണ്ടി ശേഖരന്‍ മാസ്റ്ററേയും ഉള്‍പ്പെടുത്തി. ബോള്‍ എടുത്തു് “എന്റെ ഗുരുവായൂരപ്പാ..!” എന്നു പറഞ്ഞു കൊണ്ടു് സൎവ്വീസ് ചെയ്യുമ്പോള്‍ കോര്‍ട്ടിനു് പുറത്തു് ഇടത്തോട്ടും വലത്തോട്ടും മാറി മാറിപ്പോയതു് ഏവരേയും ചിരിപ്പിച്ചു. ആ ചിത്രം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു.

കേളോത്തു് കൃഷ്ണന്‍ കിടാവു് മാസ്റ്റര്‍, എല്‍. പി. ക്ലാസ്സുകളില്‍ എന്റെ അദ്ധ്യാപകനായിരുന്നു. ആള്‍ കണ്ടാല്‍ പരുക്കനാണു്. കുട്ടികള്‍ക്കു് ഭയമാണു്. പെട്ടെന്നു് ദേഷ്യം പിടിക്കും, ചൂരല്‍ പ്രയോഗം നടത്തും. പതിനാറു് വരെയുള്ള പെരുക്കല്‍പ്പട്ടിക മനഃപ്പാഠമാക്കാതെ അദ്ദേഹത്തിന്റെ ക്ലാസ്സില്‍ നിന്നു് ഒരു കുട്ടിക്കും രക്ഷപ്പെടാനൊക്കില്ല. കുട്ടികളെ ക്ലാസ്സില്‍ നിന്നു് വരി വരിയായി സ്കൂള്‍ പറമ്പിലേക്കു് കൊണ്ടുപോകും. അവിടവിടെ തണല്‍ നോക്കി ഇരുത്തും. കുട്ടികള്‍ ഗുണനപ്പട്ടിക ചൊല്ലി ഹൃദിസ്ഥമാക്കണം. ഓരോരുത്തരായി ചൊല്ലി കേള്‍പ്പിക്കണം. മാഷിന്റെ കൎക്കശമായ രീതി കൊണ്ടു് എല്ലാവരും പഠിച്ചു പോകും.

കറുത്തു് മെല്ലിച്ചു, നീണ്ട ശരീരം, നീണ്ടു വികസിച്ച മൂക്കു്. പദ്യങ്ങള്‍ സുന്ദരമായി ചൊല്ലുവാനുള്ള കഴിവു്, നല്ല ശബ്ദം. മുറിക്കയ്യന്‍ ഷര്‍ട്ട്, സിങ്കിള്‍ മുണ്ടു്. ഇതാണു് കുഞ്ഞിരാമക്കുറുപ്പു് മാസ്റ്റര്‍. കുറുപ്പു് മാസ്റ്ററുടെ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടോ എന്നു് അറിയാന്‍ രണ്ടു കാര്യം ശ്രദ്ധിച്ചാല്‍ മതി. ഒന്നുകില്‍ ചെവിയുടെ മേല്‍ഭാഗം തടിച്ചു വീൎത്തിരിക്കും, അല്ലെങ്കില്‍ മേല്‍ക്കൈയുടെ പിന്‍ ഭാഗത്തു് തഴമ്പു് ഉണ്ടായിരിക്കും. ഈ രണ്ടു ഭാഗത്താണു് മാഷ് പെരുവിരലും ചൂണ്ടുവിരലും കൂടി ചേൎത്തു പിടിച്ചു കൊണ്ടു തിരുമ്മല്‍ പ്രക്രിയ നടത്തുക. ക്ലാസ്സില്‍ ഇതിനു വിധേയമാകുമ്പോള്‍ കുട്ടികള്‍ കാല്‍ മടമ്പുകള്‍ പൊക്കി സ്വൎഗ്ഗത്തിലേക്കു് ഉയരും. ഞാനും എന്റെ അനുജന്മാരും മാഷിന്റെ ക്ലാസ്സില്‍ പഠിച്ചവരാണു്. മാഷിന്റെ അരയില്‍ ഒരു മടക്കുപിച്ചാത്തി എപ്പോഴും സൂക്ഷിച്ചിരിക്കും. കടലാസ്സ് പെന്‍സിലിന്റെ മുന ഒടിഞ്ഞാല്‍ കുട്ടികള്‍ അദ്ദേഹത്തെയാണു് സമീപിക്കുക.

ചെറൂട്ടി മാസ്റ്റര്‍ ആയിരുന്നു ഹെഡ് മാസ്റ്റര്‍. അലക്കിത്തേച്ച തൂവെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചു, ചുരുക്കത്തില്‍ വൃത്തിയുടെ പര്യായമായിരുന്നു മാഷ്. ഗൌരവം സ്ഫുരിക്കുന്ന നോട്ടം, മിതഭാഷി. മാന്യമായ പെരുമാറ്റം. ഏതു സദസ്സിലും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം. മാഷ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നതു് സയന്‍സ് ആയിരുന്നു. സ്കൂളില്‍ അച്ചടക്കം പാലിക്കപ്പെടുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.

എല്ലാവരെപ്പറ്റിയും വിവരിച്ചു മുഷിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ അവിടെ പഠിക്കുന്ന കാലത്തു് സ്കൂള്‍ മാനേജര്‍, തളിയാച്ച രാഘവന്‍ നായര്‍ ആയിരുന്നു. സ്കൂള്‍ സ്ഥാപിച്ച കരുണാകരന്‍ നായരുടെ മകന്‍ ആയിരുന്നു അദ്ദേഹം. തുണി നെയ്ത്തു്, നൂല്‍ നൂല്‍പ്പു്, ചൂടിപ്പായ നെയ്ത്തു് എന്നിവയില്‍ കുട്ടികള്‍ക്കു് അവിടെ പരിശീലനം നല്‍കിയിരുന്നു. വോളിബോള്‍, നാരുപന്തുകൊണ്ടുള്ള കാല്‍പ്പന്തുകളി, മാസ്സുകളി എന്നിവ യായിരുന്നു പ്രധാന ഗെയിമുകള്‍. ചൂരലോ കൂരിവടിയോ ഉപയോഗിക്കാത്ത ഒറ്റ അദ്ധ്യാപകനും അക്കാലത്തു് ഉണ്ടായിരുന്നില്ല.

ജന്മിത്തത്തിന്റെയും ലോകമഹായുദ്ധാനന്തര വറുതിയുടെയും മദ്ധ്യത്തില്‍ പട്ടിണി കൊണ്ടു് ജനം പൊറുതി മുട്ടിയ കാലം. വീട്ടിലെ പൊറുതികേടില്‍ നിന്നു് കുട്ടികളെ അകറ്റി നിൎത്താനുള്ള ഒരിടമായിരുന്നു പലൎക്കും വിദ്യാലയം. ആ കാലത്തു് രാവിലെ ഏതാണ്ടു് പതിനൊന്നു മണിക്കു് സ്കൂളില്‍ കുട്ടികള്‍ക്കു് പാല്‍പ്പൊടി കലക്കി നല്‍കുമായിരുന്നു. ചിരട്ടകളിലാണു് അന്നതു് വിതരണം ചെയ്തിരുന്നതു്. പഞ്ഞമാസങ്ങളില്‍ കുട്ടികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനു് സ്കൂളില്‍ അദ്ധ്യാപകര്‍ തങ്ങളില്‍ത്തന്നെ പിരിവെടുത്തു് വാങ്ങിയ അരി കൊണ്ടു് കഞ്ഞി വച്ചു നല്‍കുക പതിവായിരുന്നു. സ്കൂള്‍ കോമ്പൌണ്ടില്‍ ചെറു കുഴികളെടുത്തു് അതില്‍ വാഴയില വച്ചിട്ടായിരുന്നു കഞ്ഞി വിളമ്പിയിരുന്നതു്. പ്ലാവില കോട്ടിക്കുത്തി ഞങ്ങള്‍ കഞ്ഞി കോരിക്കുടിച്ചു. അടുത്ത പറമ്പുകളിലെ കിണറുകളില്‍ നിന്നു് കോരിക്കൊണ്ടു വന്ന ജലം ക്ലാസ്സിന്റെ മൂലയില്‍ വച്ച മണ്‍കലങ്ങളില്‍ ശേഖരിച്ചു വച്ചിരിക്കും. ഇതുകൊണ്ടു് ദാഹമകറ്റും. കൂടാതെ സ്കൂളിനു് താഴെ ആക്കില്‍ പീടികയില്‍ ദാനശീലനായ ഒരു മനുഷ്യസ്നേഹി ഏറെക്കാലം ഞങ്ങള്‍ക്കു് ദിവസവും ഉച്ചയ്ക്കു് മോരു് കലക്കി ഉണ്ടാക്കിയ സംഭാരം നല്‍കുമായിരുന്നു. എരിയുന്ന വയറുകള്‍ക്കു് അതു വലിയ ആശ്വാസം നല്‍കി. മമ്മത് കോയയുടെ ചായക്കടയിലെ ചന്തുച്ചെട്ട്യാരുടെ പൂളക്കറിയും പലരുടെയും വിശപ്പടക്കി. അര അണയ്ക്കു് ഒരു പ്ലേയ്റ്റ് നന്നായി വറവു ചേൎത്ത പൂളക്കറി കിട്ടും. അതിന്റെ സ്വാദോൎത്തു് ഇന്നും വായില്‍ വെള്ളമൂറുന്നു. തലമുറകളോളം കുട്ടികള്‍ അനുഭവിച്ചു വന്ന കുടിവെള്ള പ്രശ്നം പരിഹരിച്ചതു്, മാണി ടീച്ചറുടെ ഭൎത്താവായ കണ്ണന്‍ നായരാണു്. അദ്ദേഹമാണു് സ്കൂള്‍ പറമ്പില്‍ ഒരു കിണര്‍ കുഴിപ്പിച്ചതു്. ആ പുണ്യാത്മാവിനു ഈ സന്ദൎഭത്തില്‍ പ്രണാമം അൎപ്പിക്കുന്നു.

നന്മണ്ടയുടെ നളന്‍‍

മാതൃഭൂമി പത്രത്തിന്റെ ചരമക്കോളത്തില്‍ ആകസ്മികമായാണു് രാമന്‍ ചെട്ട്യാരുടെ ഫോട്ടോ കണ്ടതു്. വല്ലാത്ത വിഷമം തോന്നി. എന്തു സംഭവിച്ചു ആവോ? പ്രായം അറുപതിനു അടുത്തു് കാണും. നല്ല അദ്ധ്വാനശീലന്‍. അദ്ദേഹത്തിനു് വല്ല രോഗവും ഉള്ളതായി ആരും പറഞ്ഞു കേട്ടിട്ടില്ല. എന്റെ മനസ്സു് വര്‍ഷങ്ങള്‍ പിറകിലേക്കു് അറിയാതെ സഞ്ചരിച്ചു. രാമന്‍ ചെട്ട്യാരുടെ ലളിതമായ വേഷവും പ്രസന്നമായ മുഖവും മനസ്സില്‍ തെളിഞ്ഞു.

ഇക്കണ്ടന്‍ ചെട്ട്യാരുടെ അഞ്ചു മക്കളില്‍ മൂത്ത ആളാണു് രാമന്‍ ചെട്ട്യാര്‍. നന്മണ്ടയില്‍ എന്റെ വീടിന്റെ ഒരു വിളിപ്പാടകലെയാണു ചെട്ട്യാരുടെ വീടു്. ഓലമേഞ്ഞ കൊച്ചു വീടു്. കോലായില്‍ പല സ്ഥലത്തായി, മൂന്നോ നാലോ കുഴിമഗ്ഗങ്ങള്‍. ഓടം അടിക്കുന്ന ശബ്ദം കൊണ്ടു് സദാ മുഖരിതം. രാമന്‍ ചെട്ട്യാരുടെ പ്രായമായ പിതാവും രണ്ടു അനുജന്മാരും രാമന്‍ ചെട്ട്യാരോടൊപ്പം മഗ്ഗങ്ങളില്‍ ഇടതടവില്ലാതെ ജോലി ചെയ്തു കൊണ്ടിരിക്കും. സ്ത്രീകളും കുട്ടികളും നെയ്ത്തുമായി ബന്ധപ്പെട്ട ജോലികളില്‍ സഹകരിക്കും. അതിനിടയില്‍ ഇളയ സഹോദരനായ ചാപ്പന്‍ ചെട്ട്യാര്‍ മറ്റു തൊഴിലുകള്‍ തേടി നാടു് വിട്ടു. പാലക്കാട്ടു് ആണെന്നു് പറഞ്ഞു കേട്ടിട്ടുണ്ടു്.

ദാരിദ്ര്യത്തിന്റെ ദുഃഖഭാരം ശരിയ്ക്കും ഉള്‍ക്കൊണ്ടു കൊണ്ടാണു് കുടുംബം മുന്നോട്ടു നീങ്ങിയതു്. രാമന്‍ ചെട്ട്യാര്‍ കുടുംബ നാഥനാണു്. നൂല്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ നിന്നു് അദ്ദേഹം നൂല്‍ കൊണ്ടു വരും. അതു് എത്തിക്കഴിഞ്ഞാല്‍ പിന്നെ ജോലിയുടെ തകൃതിയാണു്. ഊടിന്റെയും പാവിന്റെയും നൂലുകള്‍ വേര്‍തിരിയ്ക്കും. മുറ്റത്തു് തറികള്‍ നാട്ടി അതില്‍ പാവുനൂല്‍ വീതിയില്‍ വലിച്ചു കെട്ടും. ഇഴകളിലുള്ള പിഴവുകള്‍ തീര്‍ക്കും. കഞ്ഞിപ്പശ തേച്ചു് ഉണക്കും. പിന്നീടു് അതു മഗ്ഗത്തിലേക്കു് മാറ്റും. ക്ഷമയും സൂക്ഷ്മതയും അത്യാവശ്യമായ ശ്രമകരമായ ജോലി ആണതു്. ഊടിനുള്ള നൂലുകള്‍ റാട്ടകളിലിട്ടു് തിരിച്ചു, നല്ലികളിലേക്കു് ചുറ്റി എടുക്കുന്ന ജോലി അധികവും ചെയ്യുന്നതു്, സ്ത്രീകളും കുട്ടികളുമാണു്. നല്ലികള്‍ ഓടത്തില്‍ ഇട്ടു നെയ്യുന്നതു് പുരുഷന്മാരും. കുഴിമഗ്ഗത്തില്‍ അധികവും നെയ്യുന്നതു് തോര്‍ത്തു മുണ്ടുകളാണു്. രണ്ടറ്റവും ചുകന്ന കരയുള്ള തോര്‍ത്തു മുണ്ടു്. നാടന്‍ പണികളില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരും സ്ത്രീകളും അക്കാലത്തു് ഉപയോഗിച്ചിരുന്നതു് ഇത്തരം മുണ്ടുകളാണു്.

ഓരോ മഗ്ഗത്തിലേയും നൂലുകള്‍ നെയ്തു് വസ്ത്രമായിക്കഴിഞ്ഞാല്‍ അതു മുറിച്ചു വേര്‍പെടുത്തി എടുത്തു് വൃത്തിയായി മടക്കി, കെട്ടാക്കും. വൈകുന്നേരങ്ങളില്‍, അതും തലയിലേറ്റി, രാമന്‍ ചെട്ട്യാര്‍ വീടിന്റെ പടിയിറങ്ങും. രാമന്‍ ചെട്ട്യാരുടെ വസ്ത്രധാരണം വളരെ ലളിതമാണു്. സ്വന്തം വീട്ടില്‍ നെയ്തെടുക്കുന്ന ചുവന്ന കരയുള്ളതും വീതിയുള്ളതുമായ തോര്‍ത്തു മുണ്ടാണു് ഉടുക്കുക. മറ്റൊരു തോര്‍ത്തു് തലയില്‍ കെട്ടിയിരിക്കും. നന്മണ്ടയിലെ ആളുകള്‍ കൂടുന്ന ചില പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണു് രാമന്‍ ചെട്ട്യാര്‍ പോവുക. അവിടെ ആവശ്യക്കാരായ നാട്ടുകാര്‍ക്കു് നേരിട്ടു വില്‍പ്പന നടത്തും. അല്ലെങ്കില്‍ പതിവുകാരായ ചില കടക്കാരെ ഏല്‍പ്പിക്കും. തന്റെ ഉല്‍പ്പന്നം വിറ്റു കിട്ടിയാല്‍ മാത്രമെ, വീട്ടിലേയ്ക്കു ചെലവിനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ കഴിയുകയുള്ളൂ. മുണ്ടുകള്‍ക്കു് ആവശ്യക്കാര്‍ ഇല്ലെങ്കില്‍ കഷ്ടപ്പെട്ടതു തന്നെ. വീടു് പട്ടിണിയാകും. തന്റെ കുടുംബാംഗങ്ങളുടെ വൈകുന്നേരം വരെയുള്ള അദ്ധ്വാനം നിഷ്ഫലം ആയതിലുള്ള ദുഃഖം മനസ്സിലും വില്‍പ്പന നടത്താന്‍ കഴിയാത്ത ഉല്‍പ്പന്നം തലയിലും ചുമന്നു കൊണ്ടു രാത്രി വളരെ വൈകി, ഒരു ചൂട്ടും മിന്നിച്ചു വീട്ടിലേയ്ക്കു തിരിച്ചു വരുന്ന രാമന്‍ ചെട്ട്യാരെ എന്റെ കുട്ടിക്കാലത്തു് പലപ്പോഴും എനിയ്ക്കു് കാണാന്‍ കഴിഞ്ഞിട്ടുണ്ടു്. ഗൃഹനാഥന്‍കൊണ്ടുവരുന്ന പൂളയും മീനും അരിയും ചായപ്പൊടിയും പ്രതീക്ഷിച്ചു, അടുപ്പത്തു് വെള്ളവും തിളപ്പിച്ചു് വീട്ടുകാരി കാത്തിരിക്കുകയാവും. രാത്രി ഏറെ വൈകിയാല്‍ കുട്ടികള്‍ ഒഴിഞ്ഞ വയറുമായി കിടന്നുറങ്ങും. ഇന്നിന്റെ ചിന്തകളല്ലാതെ, അവര്‍ക്കു് നാളെയെപ്പറ്റി പ്രതീക്ഷകളില്ല. ഇന്നത്തെ ദിവസം കഴിഞ്ഞാല്‍ കഴിഞ്ഞു. അത്ര തന്നെ. നിത്യത്തൊഴിലില്‍ നിന്നുള്ള വരുമാനം ഒന്നുകൊണ്ടു മാത്രമാണു് കുടുംബം പുലര്‍ന്നു പോന്നതു്. 1961ല്‍ നെയ്ത്തു സൊസൈറ്റികള്‍ നിലവില്‍ വന്ന ശേഷം ചെറിയൊരു മാറ്റം കൈവന്നു. സൊസൈറ്റികള്‍ നെയ്ത്തിനു ആവശ്യമായ നൂല്‍ വിതരണം ചെയ്യും. നെയ്തെടുക്കുന്ന വസ്ത്രങ്ങള്‍ സ്വീകരിച്ചു് ന്യായമായ പ്രതിഫലം നല്‍കും. നെയ്ത്തുകാര്‍ക്കു് ഇതു വലിയൊരു അനുഗ്രഹമായി. വസ്ത്രങ്ങള്‍ വില്‍പ്പന നടത്താന്‍ വേണ്ടി തെണ്ടേണ്ട ആവശ്യമില്ല.

രാമന്‍ ചെട്ട്യാര്‍

ദാരിദ്ര്യത്തിന്റെ തീച്ചൂളയില്‍ വേവുമ്പോഴും രാമന്‍ ചെട്ട്യാര്‍ തന്റേതായ വഴിയില്‍ നാട്ടുകാര്‍ക്കു് ഒരു സഹായിയാണു്. അയല്‍ വീടുകളിലോ ബന്ധുവീടുകളിലോ വല്ല അടിയന്തിരങ്ങളും നടക്കുകയാണെങ്കില്‍ അവിടെ വേണ്ടുന്ന ഒത്താശ ചെയ്യുന്നതില്‍ അദ്ദേഹം മുന്നിട്ടിറങ്ങും. നാട്ടില്‍ അറിയപ്പെടുന്ന ഒരു പാചകക്കാരനാണു് ചെട്ട്യാര്‍. സ്വതഃസിദ്ധമായ മനോധര്‍മ്മം കൊണ്ടു് വളര്‍ത്തിയെടുത്തതാണു്, അദ്ദേഹത്തിന്റെ പാചക കല. എന്റെ കുട്ടിക്കാലത്തു് നാട്ടില്‍ നടക്കുന്ന വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ അടിയന്തിരങ്ങള്‍ക്കു ഒരുക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ വളരെ ലളിതമായിരുന്നു. തികച്ചും നാടന്‍ വിഭവങ്ങള്‍. ഇന്നത്തെപ്പോലെ സാമ്പാര്‍, അവിയല്‍ ഓലന്‍, പുളിശ്ശേരി, ചിക്കന്‍ ബിരിയാണി തുടങ്ങിയവ ഒന്നും ആളുകള്‍ക്കു് കേട്ടുകേള്‍വി പോലുമില്ല. ചോറും ഉപ്പേരിയും എരിശ്ശേരിയും മോരും അച്ചാറും പപ്പടവും. ഇത്രയും ആയാല്‍ സദ്യ കേമമായി. എരിശ്ശേരി ഒരുക്കുന്നതു്, ഒന്നുകില്‍ മണ്ണന്‍ കായയും പരിപ്പും ചേര്‍ത്തു വേവിച്ചു് ആയിരിക്കും, അതല്ലെങ്കില്‍ വരിക്കച്ചക്ക കരൂളും കുരുവും മാറ്റി ചെറുതായി കൊത്തി അരിഞ്ഞു ആയിരിക്കും. രണ്ടായാലും നല്ലൊരു വറവു് ചേര്‍ക്കും. വറ്റല്‍ മുളകു്, ഉള്ളി, കടുകു്, കറിവേപ്പില, ചിരകി എടുത്ത തേങ്ങ എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റി എടുത്തൊരു വറവു്. മറ്റൊരു വിഭവം കാളനാണു്. നാട്ടുമാങ്ങയുള്ള കാലത്തു് മാങ്ങാക്കാളന്‍, അതല്ലെങ്കില്‍ മോരു് കാളന്‍. മോരു് ‍കാളന്‍ ആണെകില്‍, നേന്ത്രക്കായയോ അല്ലെങ്കില്‍ എളവനോ കഷ്ണങ്ങളായി ചേര്‍ക്കും. നാളികേരം അരച്ചു ചേര്‍ക്കുന്നതോടൊപ്പം കുരുമുളകു് പൊടി, ഉലുവപ്പൊടി എന്നിവയും പ്രധാന ചേരുവകള്‍ ആയിരിക്കും. ഏതു തരം കാളന്‍ ആയാലും ഉലുവ ചേര്‍ത്തുള്ള ഒരു വറവു് നിര്‍ബ്ബന്ധം. സദ്യ ഒരുക്കുന്ന സ്ഥലത്തു് രാമന്‍ ചെട്ട്യാരുടെ സാന്നിധ്യം ഉണ്ടായാല്‍ മതി, സദ്യ പൊടിപൊടിക്കാന്‍. അതാണു് നാട്ടിലെ വിശ്വാസം. ഞാന്‍ ഇവിടെ പറഞ്ഞതു് കീഴ്ജാതിക്കാരുടെ സദ്യയുടെ കാര്യമാണു്.

ഇല്ലങ്ങളിലും നായര്‍ പ്രമാണിമാരുടെ തറവാടുകളിലും നടക്കുന്ന അടിയന്തിരങ്ങള്‍ക്കു സദ്യയുടെ വിഭവങ്ങള്‍ വ്യത്യസ്തമത്രെ. അവിടെ അകം നിലയ്ക്കു്, എരിശ്ശേരി, പുളിശ്ശേരി, രസം, മോരു്‍, അവിയല്‍, ഓലന്‍, കൂട്ടുകറി, ഉപ്പേരികള്‍, പായസങ്ങള്‍ തുങ്ങിയവ ഉണ്ടാകുമത്രേ. ഏതായാലും അത്തരം സ്ഥലങ്ങളില്‍ കീഴ്ജാതിക്കാര്‍ക്കു് നല്‍കുന്ന പുറം നില സദ്യയ്ക്കു് ഇതൊന്നും കാണില്ല. അവര്‍ക്കു് മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന താണ തരം അരിയുടെ ചോറായിരിയ്ക്കും. കറികളായി ചക്കക്കൂട്ടാനും മാങ്ങാക്കാളനും തന്നെ. അല്ലെങ്കില്‍, വെള്ളം ചേര്‍ത്തു ലൂസാക്കിയ എന്തെങ്കിലും ഒരു കറി. കറി വിളമ്പുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചോറു് ഒഴുകിപ്പോകും. അവ നല്‍കുന്നതാവട്ടെ, കാര്യസ്ഥന്മാര്‍ നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും കണ്ടത്തിലോ കുപ്പയിലോ ഇരുത്തിയായിരിക്കും. കുട്ടിക്കാലത്തു് ഒന്നു രണ്ടു തവണ അത്തരം സന്ദര്‍ഭങ്ങളില്‍ പങ്കെടുക്കാനുള്ള ദൌര്‍ഭാഗ്യം ഉണ്ടായിട്ടുണ്ടു്. ആഹാരം നല്‍കുന്നതിലെ വിവേചനത്തില്‍ അമര്‍ഷവും തോന്നിയിട്ടുണ്ടു്.

വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞു; ആളുകളുടെ ജീവിതരീതിയിലും പെരുമാറ്റത്തിലും ഏറെ മാറ്റങ്ങള്‍ വന്നു. മുമ്പത്തെപ്പോലെ ദാരിദ്ര്യം ഇന്നില്ല. ഞാന്‍ നാട്ടില്‍ നിന്നു് വളരെ അകലെ, നടുവത്തൂര്‍ ഹൈസ്കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്ന കാലം. ഒരു സായാഹ്നത്തില്‍ സ്കൂള്‍ വിട്ട ശേഷം ഗ്രൌണ്ടില്‍ ബാഡ്‌മിന്റണ്‍ കളിക്കുകയാണു്. അപ്പോഴുണ്ടു്, സ്കൂള്‍ കെട്ടിടവും കഴിഞ്ഞു, ഗ്രൌണ്ട് ക്രോസ്സ് ചെയ്തു് രണ്ടു മൂന്നാളുകള്‍ നടന്നു വരുന്നു. നോക്കുമ്പോള്‍ മുഖപരിചയമുള്ള ആളുകള്‍. എന്നെ കണ്ടപ്പോള്‍ അവര്‍ പെട്ടെന്നു് നിന്നു. പരിചയഭാവത്തില്‍ ചിരിച്ചു. ഞാനുടനെ അടുത്തു ചെന്നു. അത്ഭുതപ്പെട്ടു പോയി. രാമന്‍ ചെട്ട്യാരും രണ്ടു് അയല്‍ക്കാരും. “മാഷ് ഇപ്പം ഇവട്യാല്ലേ പഠിപ്പിക്കുന്നതു്?” അതെ, ഇവടെ ഏതാണ്ടു് പത്തു കൊല്ലായി.” എല്ലാരും ഹൃദയം തുറന്നു ചിരിച്ചു. ”ഞങ്ങളിവടെ അടുത്തു് വെളിയന്നൂര്‍ തെരൂലു് നാളെ ഒരു കല്യാണം ണ്ടു്. അതിനു സദ്യയൊരുക്കാന്‍ വന്നതാ.” “കണാര ചെട്ട്യാരുടെ മകളുടെ കല്യാണം അല്ലേ” “അതെ”.”എനിക്കും ക്ഷണം ണ്ടു്, ഞാനിപ്പം ഇവിടുത്തുകാരനായല്ലോ”. കുറച്ചു സമയം വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും സംസാരിച്ചു. പിരിയാന്‍ നേരത്തു്, ”ആ കയ്യിലെ ചട്ടുകം എനിക്കു തര്വോ? വറുത്തുപ്പേരി കോരിയെടുക്കാന്‍ പഷ്ടാ” ബാഡ്‌മിന്റണ്‍ ബാറ്റ് ചൂണ്ടിക്കൊണ്ടു്, രാമന്‍ ചെട്ട്യാര്‍ ഒരു തമാശ വിട്ടു. എല്ലാവരും പൊട്ടിച്ചിരിച്ചു. തമ്മില്‍ പിരിഞ്ഞു.

പിറ്റേന്നു് കല്യാണസദ്യയ്ക്കു് പങ്കെടുത്തപ്പോള്‍, രാമന്‍ ചെട്ട്യാരുടെ കൈപ്പുണ്യം ശരിയ്ക്കും അനുഭവിച്ചു. സ്വാദിഷ്ടങ്ങളായ എന്തെല്ലാം വിഭവങ്ങള്‍! അടുത്ത കാലത്തൊന്നും അത്തരം ഒരു സദ്യ ഉണ്ടിരുന്നില്ല. സദ്യ കഴിഞ്ഞു, ഞാന്‍ രാമന്‍ ചെട്ട്യാരെ സമീപിച്ചു, നല്ല അഭിപ്രായം രേഖപ്പെടുത്തി. തിരക്കൊഴിഞ്ഞ നേരമാണു്. ഞങ്ങളിരുവരും അല്‍പ്പം അകലെ മാറി ഒരു ബെഞ്ചില്‍ ഇരുന്നു. പഴയ കാലത്തേക്കു് കുറച്ചു നേരം യാത്ര നടത്തി. ”ഞങ്ങളെല്ലാം നെയ്ത്തു് നിര്‍ത്തി. ഇപ്പോള്‍ കുട്ടികളെല്ലാം മറ്റു തൊഴിലുകള്‍ എടുക്കുന്നു. ചെത്തിപ്പടവും വാര്‍പ്പും മറ്റുമാണു് അവര്‍ ചെയ്യുന്നതു്. ഞാന്‍ ഈ പണിയും. ആഴ്ചയില്‍ രണ്ടോ മൂന്നോ അടിയന്തിരങ്ങള്‍ മുടങ്ങാതെ ഒത്തു വരുന്നുണ്ടു്. ഒരടിയന്തിരത്തിനു് മൂന്നു ദിവസത്തെ പണിയാണു്. ഒരു പാര്‍ട്ടി, ഒരു സദ്യ, ഒരു സല്‍ക്കാരം. മനസ്സിനിണങ്ങിയ ജോലി ആയതിനാല്‍ സംതൃപ്തിണ്ടു്. അതൊരു വല്യ കാര്യാണു്. എന്റെ വീടു് ഞാന്‍ പുതുക്കിപ്പണിതു. രണ്ടു പെണ്‍കുട്ട്യേളെ കെട്ടിച്ചുവിട്ടു. എല്ലാറ്റിനും ഈ തൊഴില്‍ സഹായിച്ചു. ദൈവ കൃപ.” രാമന്‍ ചെട്ട്യാരെ കൊയിലാണ്ടിയിലെ ഒന്നോ രണ്ടോ അടിയന്തിരത്തിനു് വീണ്ടും കാണാന്‍ ഇടയായി. നാട്ടില്‍ത്തന്നെ നിരന്തരം ജോലിയാണെന്നു് അന്നു പറഞ്ഞതോര്‍ക്കുന്നു.

രാമന്‍ ചെട്ട്യാരുടെ മരണവാര്‍ത്ത‍ അറിഞ്ഞപ്പോള്‍ വല്ലാത്ത മനഃപ്രയാസം തോന്നി. നന്മണ്ടക്കാരുടെ നളന്‍ യാത്ര പറഞ്ഞിരിക്കുന്നു. നാട്ടുകാര്‍ക്കു് വലിയൊരു നഷ്ടമാണതു്. അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ വീടു് സന്ദര്‍ശിക്കാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ഞാന്‍ തീരുമാനിച്ചു. അന്നൊരു ഞായറാഴ്ച ദിവസം ഞാന്‍ കൊല്ലങ്കണ്ടി തറവാട്ടില്‍ എത്തി. അവിടെയാണു് രാമന്‍ ചെട്ട്യാര്‍ താമസി ച്ചിരുന്നതു്. പഴയ വീടു് ആകെ മാറിയിരിക്കുന്നു. വീടിന്റെ മുറ്റത്തു് ഒരു താര്‍പ്പായ വലിച്ചു കെട്ടിയിരിക്കുന്നു. ഏതാനും മേശകളും കസാലകളും ആളുകള്‍ക്കു് ഇരിക്കാന്‍ പാകത്തില്‍ ക്രമീകരിച്ചിട്ടുണ്ടു്. മുറ്റത്തേക്കു് ഇറങ്ങിയപ്പോള്‍ രാമന്‍ ചെട്ട്യാരുടെ രണ്ടു് അനുജന്മാരും മക്കളും അടുത്തു വന്നു് ഇരിക്കാന്‍ ക്ഷണിച്ചു. ദുഃഖം തളം കെട്ടി നില്‍ക്കുന്ന മുഖമാണു് എല്ലാവര്‍ക്കും. ഞാന്‍ ഒരു കസാലയില്‍ ഇരുന്നു. അടുത്തായി കേളുച്ചെട്ട്യാരും ഇരുന്നു. ഞാന്‍ മരണവാര്‍ത്ത‍ പത്രത്തില്‍ കണ്ടു വന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അറിയിച്ചു. ”അറ്റാക്ക് ആയിരുന്നു. ആരും അറിഞ്ഞില്ല. ഞങ്ങളുടെ ഭാഗ്യദോഷംന്നു് പറഞ്ഞാ മതി. അങ്ങിനെയാണതു സംഭവിച്ചതു്.” കേളുച്ചെട്ട്യാര്‍ പറഞ്ഞു തുടങ്ങി. “എന്റെ അനുജന്‍ ചാപ്പനെ ങ്ങക്കു് അറിയാലോ. കുട്ടിക്കാലത്തെ കഷ്ടപ്പാടു കൊണ്ടു് നാടുവിട്ടുപോയ അവന്‍ പാലക്കാട്ടായിരുന്നു കുടുംബവുമായി താമസം. അവന്റെ മൂത്ത മകളുടെ വിവാഹം ഇവിടെ വെച്ചു് നടത്താനാണു് അവന്‍ ആഗ്രഹിച്ചതു്. അതു ഞങ്ങള്‍ക്കൊക്കെ സന്തോഷമുള്ള കാര്യവുമായിരുന്നു. അവന്റെ കുടുംബക്കാരും ബന്ധുക്കളും എല്ലാം ഈ നാട്ടിലാണല്ലോ. ഏട്ടന്റെ നേതൃത്വത്തില്‍ അതിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങി. പെണ്ണിനുള്ള ഡ്രസ്സുകള്‍ എല്ലാം ഏട്ടന്‍ തന്നെ പോയി എടുത്തു കൊടുത്തു. ഏട്ടന്‍ നാട്ടുകാരുടെ എല്ലാ കാര്യത്തിലും സഹകരിക്കുന്ന ആളാണല്ലോ. ആ നന്ദി നാട്ടുകാരും കാണിച്ചു. വീടു് വൈറ്റ് വാഷ് ചെയ്യാനും പെയിന്റ് അടിക്കാനും മുറ്റത്തു് പന്തല്‍ ഇടാനും എല്ലാം നാട്ടുകാര്‍ തന്നെ മുന്നിട്ടിറങ്ങി നടത്തി. ഏതാണ്ടു് അഞ്ഞൂറു് പേര്‍ക്കു് വേണ്ടുന്ന സദ്യ ഒരുക്കാന്‍ തീരുമാനമായി. അരിയും സാമാനങ്ങളും, പച്ചക്കറികളും എല്ലാം അയല്‍ക്കാരും സ്നേഹജനങ്ങളും മത്സരിച്ചെന്നോണം വീട്ടില്‍ എത്തിച്ചു തന്നു. നാട്ടില്‍ ഇങ്ങനെ ഒരു അനുഭവം മുമ്പു് ഉണ്ടായിട്ടില്ല. എല്ലാം ഏട്ടന്റെ നാട്ടുകാരോടുള്ള പെരുമാറ്റഗുണം കൊണ്ടാണു്. അതോര്‍ക്കുമ്പോള്‍ എന്റെ തൊണ്ട ഇടറുന്നുണ്ടു്. ഇനി അങ്ങിനെ ഒരാള്‍ ഈ കുടുംബത്തില്‍ ഉണ്ടാവ്വോ എന്ന കാര്യം സംശയാ. എന്തിനേറെ സംഗതി ചുരുക്കി പറയാലോ. കല്യാണദിവസം സദ്യ ഒരുക്കാന്‍ ഏട്ടന്‍ തന്നെ മുന്നിട്ടിറങ്ങി. കൂടെ ഏട്ടന്റെ പതിവു സഹായികളും. കല്യാണത്തലേന്നു് പതിവുപോലെ പാര്‍ട്ടി, രാത്രി നെയ്ച്ചോറും ചിക്കനും, കല്യാണദിവസം രാവിലെ ഉപ്പുമാവും പഴവും ചായയും. കല്യാണദിവസം വേണ്ട സദ്യയ്ക്കു് സ്വരുക്കൂട്ടാന്‍ തലേന്നു് രാത്രി ഏറെ വൈകും വരെ കയ്യും മെയ്യും മറന്നു ഏട്ടന്‍ അധ്വാനിച്ചു. അതു് ഏട്ടന്റെ ഒരു രീതിയാണു്. അതിരാവിലെ എഴുന്നേറ്റു പാചകം തുടങ്ങി. പതിനൊന്നു മണിയാകുമ്പോഴേക്കും പതിനാലു കൂട്ടം വിഭവങ്ങള്‍ ഒരുക്കി. ഏട്ടന്‍ തന്റെ സഹായികളില്‍ മുതിര്‍ന്നവനെ അടുത്തു വിളിച്ചു. ”എനിക്കെന്തോ വല്ലാത്തൊരു കൊഴക്കു്, ഞാനൊന്നു പോയി തല ചായ്ക്കട്ടെ. എന്നെ ആരും വിളിച്ചു അലമ്പാക്കരുതു്. ഇനിയുള്ള കാര്യങ്ങളൊക്കെ കേള്വോടു് ചെയ്യാന്‍ പറയണം.” എന്നു് പറഞ്ഞു കൊണ്ടു് താഴേക്കു് ഇറങ്ങി നടന്നു. സമയം പതിനൊന്നരയോടെ ബാലുശ്ശേരിയില്‍ നിന്നുള്ള വരന്റെ പാര്‍ട്ടിക്കാര്‍ കല്ലാരിപ്പറമ്പില്‍ വാഹനമിറങ്ങി, നടന്നു വരികയാണു്. തകിലിന്റെയും നാദസ്വരത്തിന്റെയും ശബ്ദം ഇങ്ങടുത്തെത്തി. വീടിന്റെ പടി കയറിവന്ന വരനെയും പാര്‍ട്ടിയെയും വീട്ടുകാര്‍ വേണ്ടതുപോലെ സ്വീകരിച്ചു ഇരുത്തി. കൃത്യം പന്ത്രണ്ടരയ്ക്കു് വിവാഹം നടന്നു. വിവാഹപ്പന്തലില്‍ ഏട്ടനെ പലരും അന്വേഷിച്ചു. പക്ഷേ കണ്ടില്ല. വിവാഹശേഷം ഗംഭീരമായ സദ്യയും കഴിഞ്ഞു ആളുകള്‍ യാത്രയായി. ഞാനും ചാപ്പനും കുട്ട്യേളും ഏട്ടനെ പല സ്ഥലത്തും അന്വേഷിച്ചു. ഒടുവില്‍ ആരോ താഴെ പൂട്ടിക്കിടന്ന രാരുക്കുട്ട്യാപ്പന്റെ വീട്ടിന്റെ ഇരുളടഞ്ഞ ചായ്പിലേക്കു് ടോര്‍ച്ചു മിന്നിച്ചു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി! ഏട്ടനുണ്ടു് ഒരു പുല്‍പ്പായില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ഒരിക്കലും ഉണരാത്ത ഉറക്കം.”

കേളുച്ചെട്ട്യാര്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ഒരു വിധം സംഭവം വിവരിച്ചു അവസാനിപ്പിച്ചു. ഇതിനിടയില്‍ എന്റെ മുന്നില്‍ ആരോ കൊണ്ടുവന്നു വെച്ച ഒരു ഗ്ലാസ്സ്‌ ചായ കഴിച്ചു, ഞാന്‍ എഴുന്നേറ്റു. എന്റെ ചുറ്റും വന്നു നിന്ന രാമന്‍ ചെട്ട്യാരുടെ മക്കളുടെ ചുമലില്‍ തട്ടി ഏതാനും ആശ്വാസ വാക്കുകള്‍ പറഞ്ഞ ശേഷം ഞാന്‍ പടി ഇറങ്ങി.