പഞ്ചായത്തു് കമ്പ്യൂട്ടര്‍വല്ക്കരണവും ഭരണഭാഷയും – ചില ചിന്തകള്‍

–“കേരള പഠന കോണ്‍ഗ്രസ്സ് – 2015” ല്‍ അവതരിപ്പിച്ചതു്–

“നിങ്ങളൊരാളോടു് അയാള്‍ക്കു് മനസ്സിലാവുന്നൊരു ഭാഷയില്‍ സംസാരിച്ചാല്‍ അതു് അയാളുടെ തലയ്ക്കുള്ളിലെത്തും. എന്നാല്‍ നിങ്ങള്‍ അയാളോടു് അയാളുടെ തന്നെ ഭാഷയില്‍ സംസാരിച്ചാലോ, അയാളുടെ ഹൃദയത്തിലേക്കാണതെത്തുക.” -നെല്‍സണ്‍ മണ്ടേല.

പഞ്ചായത്തെന്നാല്‍ നേരിട്ടു് ഏറ്റവും അടിത്തട്ടില്‍ ജനങ്ങളുമായി ഇടപെടുകയും പ്രശ്നപരിഹാരം നടത്തുകയും, അവരുടെ അടിസ്ഥാനരേഖകള്‍ നിയമാനുസൃതം സൂക്ഷിക്കുകയും പുതുക്കുകയും ആവശ്യാനുസരണം ലഭ്യമാക്കുകയും ചെയ്യുന്ന ഭരണഘടനാദത്തമായ അധികാരങ്ങളോടും ഉത്തരവാദിത്തങ്ങളോടും കൂടിയ പ്രാദേശിക ഭരണസംവിധാനമാണു്. അതിന്റെ ഭരണഭാഷ അത്തരം ആളുകളുമായി അകല്‍ച്ചയില്ലാതെ സദാസമയം ഇടപെടുവാന്‍ പര്യാപ്തമായിരിക്കണം. സംസ്ഥാനത്തെ ഭരണഭാഷ മലയാളമാണു്. ഭാഷാന്യൂനപക്ഷങ്ങള്‍ക്കു് മുന്‍തൂക്കമുള്ള മേഖലകളില്‍ അവരുടെ മാതൃഭാഷയായിരിക്കണം ഭരണഭാഷ. കമ്പ്യൂട്ടര്‍വല്ക്കരണം നടത്തുമ്പോഴും ഈ അടിസ്ഥാനതത്വം മറക്കാന്‍ പാടില്ല. എന്നാല്‍ ഇന്നു് ഗ്രാമപഞ്ചായത്തുകളില്‍ ഉപയോഗത്തിലുള്ള സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ മിക്കതും ഈ തത്വം തമസ്കരിച്ചാണു് തയ്യാറാക്കിയിരിക്കുന്നതെന്നു് പറയാതെ വയ്യ.

ഭരണഘടനാസ്ഥാപനങ്ങളായ ഗ്രാമപഞ്ചായത്തുകള്‍ക്കു് ഒരു തരത്തിലും നിയന്ത്രണാധികാരമില്ലാത്ത രണ്ടു് ഉന്നത തല ഏജന്‍സികളാണു് ഗ്രാമപഞ്ചായത്തുകള്‍ ഉപയോഗിക്കേണ്ട സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ എങ്ങനെ വേണമെന്നു് തീരുമാനിക്കുന്നതും തയ്യാറാക്കുന്നതും. ഇവ ഇന്‍ഫോര്‍മേഷന്‍ കേരള മിഷനും, എന്‍ ഐ സിയുമാണു്. മേല്‍ ഏജന്‍സികള്‍ക്കു് ഇക്കാര്യത്തില്‍ കുത്തകാവകാശമാണുള്ളതു്. ഇവര്‍ ഒരുക്കിത്തരുന്ന, ശരാശരിയിലും താഴ്ന്ന സാങ്കേതിക നിലവാരത്തിലുള്ള ഉപാധികളേക്കാള്‍ മെച്ചപ്പെട്ടൊരു സംവിധാനം ഗ്രാമപഞ്ചായത്തുകള്‍ക്കു് സ്വന്തം നിലയ്ക്കു് ഒറ്റയ്ക്കോ കൂട്ടായോ വികസിപ്പിച്ചെടുക്കാനോ, തിരഞ്ഞെടുക്കാനോ ഉള്ള സ്വാതന്ത്ര്യം ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്‍ (ഐ കെ എം) തന്നെ കൌശലത്തോടെ സര്‍ക്കാരിനെ സ്വാധീനിച്ചു് ഇല്ലാതാക്കിയിരിക്കുകയുമാണു്. ഈ യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ടുകൊണ്ടു വേണം ഇനി എങ്ങനെ മുന്നോട്ടു് പോകണമെന്നു് ചിന്തിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യേണ്ടതു്.

വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതു് യൂണിക്കോഡ് മലയാളത്തിലായിരിക്കണമെന്ന നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായി മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, പഞ്ചായത്തു വകുപ്പും ഇപ്പോഴും കാലഹരണപ്പെട്ട ആസ്കീ മലയാളത്തിലാണു് വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നതും കത്തിടപാടുകള്‍ നടത്തി വരുന്നതും. ഈ ദുരവസ്ഥയില്‍ ഇടപെട്ടു് പരിഷ്കരണ നടപടികള്‍ ഏറ്റെടുത്തു് നടത്തുവാന്‍ ഉത്തരവാദപ്പെട്ട ഐ കെ എം പോലും, മിക്ക സമയത്തും കാലഹരണപ്പെട്ട ആസ്കീ മലയാളത്തില്‍ വിവരവിനിമയം നടത്തുന്നു..! ഒന്നുകില്‍ അവര്‍ക്കതിനെപ്പറ്റി അറിവോ അവശ്യം വേണ്ട ഉള്‍ക്കാഴ്ചയോ ഇല്ല, അല്ലെങ്കില്‍ ബോധപൂര്‍വ്വം മറ്റെന്തൊക്കെയോ നിഗൂഢ താല്പര്യങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഉത്തരവു് നടപ്പാക്കാതിരിക്കുന്നു. രണ്ടായാലും ഇതുകൊണ്ടു് വരാനിരിക്കുന്ന ഭാവി ബുദ്ധിമുട്ടുകള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കും വകുപ്പിനുമാണു്. അതിനാല്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെട്ടു് വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതും വിനിമയവും പൂര്‍ണ്ണമായും യൂണിക്കോഡ് മലയാളത്തിലാക്കുവാന്‍ വേണ്ട ക്രിയാത്മക നടപടി ആയതിനു് ക്ഷമതയുള്ളവരില്‍ നിന്നും ഉണ്ടാവേണ്ടതാണു്.

ഇന്‍ഫോര്‍മേഷന്‍ കേരള മിഷനും എന്‍ ഐ സിയും ഗ്രാമപഞ്ചായത്തുകള്‍ക്കു് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ യഥേഷ്ടം അതാതിടത്തെയോ, അതുപയോഗിക്കുന്ന ആളുടെയോ താല്പര്യാനുസൃതം ഭാഷ തെരഞ്ഞെടുക്കുന്നതിനും സൌകര്യപ്രദമായി ഉപയോഗിക്കുന്നതിനും പര്യാപ്തമല്ല. മിക്കപ്പോഴും ഇംഗ്ലീഷ് എന്ന ഒറ്റ ഭാഷ മാത്രമേ തെരഞ്ഞെടുക്കുവാന്‍ ലഭ്യമാവുന്നുള്ളൂ. അവയില്‍ നിന്നെടുക്കുന്ന റിപ്പോര്‍ട്ടുകള്‍ മിക്കതും അതേ. തനി സാധാരണക്കാരുള്‍പ്പെടുന്ന ഗ്രാമസഭകളിലും, മിക്കപ്പോഴും ഉന്നത വിദ്യാഭ്യാസമൊന്നുമില്ലാത്ത ജനപ്രതിനിധികളടങ്ങുന്ന സ്റ്റാന്‍ഡിങ് കമ്മറ്റികളിലും, ഭരണസമിതിയിലും വായിച്ചു് അവതരിപ്പിക്കേണ്ടതും ബോദ്ധ്യപ്പെടുത്തി പാസ്സാക്കിയെടുക്കേണ്ടതുമായ റിപ്പോര്‍ട്ടുകളില്‍ ഈ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളില്‍ നിന്നു് കിട്ടുന്നവ ഒരുവിധമെല്ലാം തന്നെ ഇംഗ്ലീഷിലും, സാങ്കേതിക പദാവലികളുടെ ബാഹുല്യം കൊണ്ടു് സാധാരണക്കാര്‍ക്കു് മനസ്സിലാക്കിയെടുക്കാന്‍ അതീവ ദുഷ്കരമാവുന്ന തരത്തിലാക്കിയും വച്ചിരിക്കുന്ന സാഹചര്യമാണിന്നുള്ളതു്. ലളിതമായി അവതരിപ്പിക്കേണ്ട വിഷയങ്ങള്‍ ആവശ്യമില്ലാതെ സങ്കീര്‍ണ്ണമാക്കി വയ്ക്കുന്ന പ്രവണത ജനങ്ങളെ ഭരണത്തില്‍ നിന്നും അകറ്റാനേ സഹായിക്കൂ.

പൊതുഭരണത്തില്‍ ഐ സി ടി (Information and communication technology) യുടെ ഉപയോഗം മാത്രമാണു് ഇ-ഗവേര്‍ണന്‍സ് എന്ന പേരില്‍ ഇപ്പോള്‍ നടന്നു വരുന്നതു്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇ-ഗവേര്‍ണന്‍സിന്റെ കാമ്പു് എന്നതു്, സേവനങ്ങള്‍ ഗുണഭോക്താവിലേക്കെത്തിക്കുകയും, ഉദ്ദേശിച്ച സേവനത്തില്‍ ഗുണഭോക്താവു് തൃപ്തനാണെന്നു് ഉറപ്പു വരുത്തുകയും ചെയ്യുകയും, സര്‍ക്കാരിനു് / പഞ്ചായത്തിനു് ഭരണത്തിന്റെ കാര്യക്ഷമത നേരിട്ടു് ബോദ്ധ്യപ്പെടുന്ന വിധത്തില്‍, സ്വമേധയാ പ്രവര്‍ത്തിക്കുന്ന ഒരു പ്രതികരണ സംവിധാനം ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണു്. ഇങ്ങനെയൊരു സംവിധാനം ഗ്രാമപഞ്ചായത്തുകള്‍ക്കു് നിര്‍ഭാഗ്യവശാല്‍ ഇന്നില്ല. അതുണ്ടാവേണ്ടതുണ്ടു്.

ഇ-ഗവേര്‍ണന്‍സിനെ യുനെസ്കോ നിര്‍വ്വചിച്ചിരിക്കുന്നതു ശ്രദ്ധിക്കൂ: “E-Governance is the public sector’s use of information and communication technologies with the aim of improving information and service delivery, encouraging citizen participation in the decision-making process and making government more accountable, transparent and effective.” തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയില്‍ പൗരപങ്കാളിത്തം ഉറപ്പു വരുത്തുന്ന, അപ്രകാരം ഭരണത്തെ കൂടുതല്‍ നഷ്ടോത്തരവാദപരവും സുതാര്യവുമാക്കുന്നതുമായ, യുനെസ്കോ വിഭാവനം ചെയ്യുന്ന ഈ ഒരു തലത്തിലേക്കു് ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്തു വകുപ്പിലും നടന്നു വരുന്ന ഇ-ഗവേര്‍ണന്‍സ് ഉദ്യമങ്ങളെ എത്തിക്കുവാനുള്ള ഒരു നീക്കവും നാളിതുവരെ തുടങ്ങിയിട്ടു പോലുമില്ലെന്നു് ഖേദപൂര്‍വ്വം പറയേണ്ടിയിരിക്കുന്നു. ഉടനേ തന്നെ ഈ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ടു്.

2005ലെ വിവരാവകാശ നിയമത്തിലെ 4(1), 4(2), 4(3), 4(4) വകുപ്പുകളില്‍ ആവശ്യപ്പെടുന്നതു്, വിവരങ്ങള്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള വിവിധ വിനിമയമാര്‍ഗ്ഗങ്ങളിലൂടെ കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്കു് സ്വമേധയാ വിവരം നല്കുംവിധം നടപടികള്‍ കൈക്കൊള്ളുന്നതിനു് (Proactive disclosure of information) എല്ലാ പബ്ലിക്‍ അതോറിറ്റിയും നിരന്തരം ഉദ്യമിക്കുകയും അങ്ങനെ പൊതുജനങ്ങള്‍ക്കു് വിവരം നേടുന്നതിനു് വിവരാവകാശ നിയമത്തിന്റെ ഉപയോഗം പരമാവധി കുറച്ചു് ആശ്രയിക്കുന്നതാക്കുകയും വേണം, വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു് എളുപ്പം ലഭ്യമാവുന്ന വിധത്തിലും വ്യാപകമായും എല്ലാ വിവരങ്ങളും പ്രചരിപ്പിക്കപ്പെടണം, വിവരങ്ങള്‍ പ്രാദേശിക ഭാഷയിലും കഴിവതും ഇലക്ട്രോണിക്‍ രൂപത്തില്‍ സൌജന്യമായി ലഭ്യമാക്കണം എന്നൊക്കെയാണു്. ഗ്രാമപഞ്ചായത്തുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുന്ന പബ്ലിക്‍ അതോറിറ്റികളായതിനാല്‍ പ്രത്യേകിച്ചും, ആധുനിക മാനകങ്ങള്‍ക്കനുസൃതമായി പ്രാദേശിക ഭാഷയില്‍ വിവരങ്ങള്‍ സൂക്ഷിക്കുകയും, വിനിമയം ചെയ്യുവാനുമുള്ള ചട്ടക്കൂടു് ഗ്രാമപഞ്ചായത്തുകള്‍ക്കായി അടിയന്തിരമായി ഉണ്ടാക്കിയെടുക്കേണ്ടതുണ്ടു്. അപ്രകാരമൊരു ചട്ടക്കൂടു് ഗ്രാമപഞ്ചായത്തുകളിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ജോലിഭാരം ഭാവിയില്‍ കുറയ്ക്കുവാനും, അതുവഴി കൂടുതല്‍ ഉള്‍ക്കാഴ്ചയോടെയും ക്രിയാത്മകമായും താന്താങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും.

കൂടാതെ കേന്ദ്രസര്‍ക്കാര്‍ ഈയിടെ F. No. 1(3)/2014 – EG II നമ്പ്രായി പുറത്തിറക്കിയ Policy on Adoption of Open Source Software for Government of India, ഏപ്രില്‍ 2015 നു് പുറത്തിറക്കിയ Framework For Adoption of Open Source Software In e-Governance Systems എന്നിവ പ്രകാരം, കേന്ദ്ര / സംസ്ഥാന / പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇ-ഗവേര്‍ണന്‍സിനു് കഴിയുന്നതും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഉപയോഗിക്കേണ്ടതു്. സ്ഥിരമായ, മാനകീകരിക്കപ്പെട്ട ഇ-ഗവേര്‍ണന്‍സ് ഉപാധികള്‍ പ്രയോഗത്തില്‍ വരുത്തുന്നതിനു് വേണ്ടിയുള്ളതും, വിവിധ ഏജന്‍സികള്‍ വികസിപ്പിച്ചെടുത്ത സംവിധാനങ്ങള്‍ തമ്മില്‍ പരസ്പരം യോജിച്ചുള്ള പ്രവര്‍ത്തനം സാദ്ധ്യമാക്കുന്നതും, ഇഷ്ടമുള്ള സാങ്കേതികവിദ്യ തെരഞ്ഞെടുക്കാന്‍ ഉപയോക്താവിനു് അവസരമുണ്ടാക്കുന്നതും, ഒരു ഏജന്‍സിയെത്തന്നെ ആശ്രയിക്കേണ്ടുന്ന അവസ്ഥ ഒഴിവാക്കുന്നതും, പൊതു രേഖകളിലേക്കും വിവരങ്ങളിലേക്കും ദീര്‍ഗ്ഘകാല പ്രവേശനം സാദ്ധ്യമാക്കുന്നതുമായ സുസ്ഥിര മാര്‍ഗ്ഗങ്ങളാണു് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ലക്ഷ്യമിടുന്നതു്. ഈ ആവശ്യത്തിലേക്കായി 2010 നവംബറില്‍ വിജ്ഞാപനം ചെയ്ത Policy on Open Standards for e-Governance, IFEG: 01 നമ്പ്രായി പുറത്തിറക്കിയ Technical Standards on Interoperability Framework for e-Governance, ഈ ലക്ഷ്യം കൈവരിക്കുന്നതിനായി തുറന്ന അപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസുകള്‍ കൊണ്ടു വരുന്നതിനായി F.No. 1(4)/2014-EG II നമ്പ്രായി പുറത്തിറക്കിയ Policy on Open Application Programming Interfaces (APIs) for Government of India, ഇ-ഗവേര്‍ണന്‍സ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളില്‍ പ്രാദേശിക ഭാഷകള്‍ വേണ്ട വിധം ഉള്‍പ്പെടുത്തുന്നതിനു് സഹായകമാകുവാന്‍ വേണ്ടി 2014 ജനുവരിയില്‍ പുറത്തിറക്കിയ Best Practices For Localization of e-Governance applications in Indian Languages (L10N-eGOV) എന്ന രേഖ, തുടങ്ങി ഒരുപിടി മാനകങ്ങളും അനുബന്ധരേഖകളും, കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴായി പുറത്തിറക്കിയിട്ടുണ്ടു്. ഭാരത സര്‍ക്കാര്‍ കൂടി ഭാഗമായ അന്താരാഷ്ട്ര ഓപ്പണ്‍ ഗവണ്മെന്റ് മൂവ്മെന്റിന്റെ കൂടി പശ്ചാത്തലത്തില്‍ ഇവയെ വിലയിരുത്തേണ്ടതുണ്ടു്, അവയ്ക്കനുസരിച്ചു് ഗ്രാമപഞ്ചായത്തുകളുടെ ഇ-ഗവേര്‍ണന്‍സ് ഉദ്യമങ്ങള്‍ ഉടച്ചു വാര്‍ക്കേണ്ടതുമുണ്ടു്.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ കാലഹരണപ്പെട്ടതും, ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു് തടസ്സമുണ്ടാക്കുന്നതുമായ കുത്തക ഫ്രെയിംവര്‍ക്കുകളും മറ്റുമുപയോഗിച്ചു് പരസ്പരബന്ധമില്ലാത്ത രീതിയിലാണു് തയ്യാറാക്കിയിട്ടുള്ളതു്. ഈ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളെപ്പറ്റിയുള്ള അടിസ്ഥാനവിവരങ്ങള്‍ താഴെ പട്ടികയില്‍ കൊടുത്തിരിക്കുന്നു:

ഐ കെ എം ഗ്രാമപഞ്ചായത്തുകള്‍ക്കു് ഉപയോഗിക്കാന്‍ വേണ്ടി തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍
ക്രമ നമ്പ്ര് സോഫ്റ്റ്‌വെയര്‍ /
വെബ്ബ്സൈറ്റ്
ഭാഷ ഫ്രെയിംവര്‍ക്ക് / ഭാഷ ലൈസന്‍സ് / പകര്‍പ്പവകാശം
1 സുലേഖ
(പദ്ധതി നിര്‍വ്വഹണം)
ഇംഗ്ലീഷ് ASP.NET/ IIS 7.5 കുത്തക
2 സേവന
(സിവില്‍ രജിസ്ട്രേഷന്‍)
ഇംഗ്ലീഷ് ASP.NET, PHP/ IIS 6.0 കുത്തക
3 സേവന (പെന്‍ഷന്‍) ഇംഗ്ലീഷ് ASP.NET/ IIS 7.5 കുത്തക
4 സഞ്ചിത
(നിയമ സംഹിത)
മലയാളം (ASCII) ASP.NET, Flash/ IIS 6.0 കുത്തക
5 സഞ്ചയ
(റവന്യൂ, ഇ പേയ്‌മെന്റ്)
ഇംഗ്ലീഷ് ASP.NET,PHP/ IIS 6.0 കുത്തക
6 സചിത്ര (ജി ഐ എസ്) ഇംഗ്ലീഷ് ArcIMS, IIS 6.0 കുത്തക
7 സചിത്ര (അസെറ്റ്) ഇംഗ്ലീഷ് Visual Basic കുത്തക
8 സാംഖ്യ (അക്കൌണ്ടിങ്) ഇംഗ്ലീഷ് Visual Basic കുത്തക
9 സ്ഥാപന (എസ്റ്റാബ്ലിഷ്‌മെന്റ്),
(പി എഫ് മാനേജ്‌മെന്റ്)
ഇംഗ്ലീഷ് Visual Basic, ASP.NET/ IIS 7.5 കുത്തക
10 സൂചിക (ഫ്രണ്ട് ഓഫീസ്,
ഫയല്‍ ട്രാക്കിങ്, മോണിറ്ററിങ്)
ഇംഗ്ലീഷ് Visual Basic ASP.NET,PHP,
IIS 6.0
കുത്തക
11 സുഗമ (എസ്റ്റിമേറ്റ് തയ്യാറാക്കല്‍) ഇംഗ്ലീഷ് Visual Basic, ASP.NET/ IIS 7.5 കുത്തക
12 സങ്കേതം (കെട്ടിട നിര്‍മ്മാണ അനുമതി) ഇംഗ്ലീഷ് ASP.NET/ IIS 6.0 കുത്തക
13 സകര്‍മ്മ (ഔദ്യോഗിക കമ്മറ്റി തീരുമാനങ്ങള്‍) (വിവരം ലഭ്യമായില്ല) (വിവരം ലഭ്യമായില്ല) (വിവരം ലഭ്യമായില്ല)
14 സംവേദിത (ത. സ്വ. ഭ. സ്ഥാപനങ്ങളുടെ വെബ്ബ്‌സൈറ്റ്) മലയാളം WordPress, Apache 2.2 (Ubuntu) സ്വതന്ത്രം
15 http://www.lsgkerala.gov.in മലയാളം / ഇംഗ്ലീഷ് ASP.NET,PHP/ IIS 6.0 കുത്തക

മേല്‍ പട്ടികയില്‍ നിന്നു തന്നെ ഐ കെ എമ്മിന്റെ ഈ വിഷയത്തിലുള്ള കാഴ്ചപ്പാടില്ലായ്മ വ്യക്തമാണു്. സമഗ്രമായ സോഫ്റ്റ്‌വെയര്‍ പിന്തുണാ സംവിധാനത്തിനു പകരം ഒറ്റയ്ക്കൊറ്റയ്ക്കു് വേര്‍തിരിഞ്ഞു് നില്ക്കുന്ന, സംയോജിപ്പിച്ചു് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്ത, മലയാളത്തിനോ സ്വതന്ത്ര സോഫ്റ്റ്‌വെയറിനോ വേണ്ടത്ര പ്രാധാന്യം നല്കാത്ത അപൂര്‍ണ്ണമായ സോഫ്റ്റ്‌വെയര്‍ സംവിധാനമേ ഐ കെ എമ്മിനു് നാളിതുവരെയായിട്ടും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഈ രംഗത്തെ ഐ കെ എമ്മിന്റെ കുത്തകയും, ആരോഗ്യകരമായ മാത്സര്യമില്ലാത്ത അവസ്ഥയുമാണീ ദുരവസ്ഥയ്ക്കു് മുഖ്യ കാരണം. ആയതിനാല്‍ ഈ രംഗത്തെ ഐ കെ എമ്മിന്റെയും എന്‍ ഐ സിയുടെയും കുത്തക അവസാനിപ്പിച്ചു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളും അവയുടെ പ്രാദേശിക ഭാഷാ പിന്തുണയും വികസിപ്പിച്ചെടുക്കുന്ന മേഖലയില്‍ കഴിവും പ്രാപ്തിയുമുള്ള, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, സ്വകാര്യ-ചെറുകിട കമ്പനികള്‍ എന്നിവര്‍ക്കു കൂടി ഈ രംഗത്തു് അവസരം ലഭിച്ചാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടാന്‍ കുറച്ചെങ്കിലും സഹായകമായേക്കും. ഗ്രാമപഞ്ചായത്തുകള്‍ക്കു് ഒറ്റയ്ക്കോ കൂട്ടായോ അവര്‍ക്കാവശ്യമായ സോഫ്റ്റ്‌വെയര്‍ സംവിധാനം പണം മുടക്കി വികസിപ്പിച്ചെടുക്കാനായി, മുമ്പുണ്ടായിരുന്നതും എന്നാല്‍ ഐ കെ എമ്മിന്റെ അസ്ഥാനത്തുള്ള ഇടപെടല്‍ മൂലം നഷ്ടപ്പെട്ടതുമായ സ്വാതന്ത്ര്യം അടിയന്തിരമായി പുനഃസ്ഥാപിക്കുകയും വേണം.