തളിപ്പറമ്പു് ഡയറി

ഇക്കഴിഞ്ഞ ഒക്ടോബര്‍ 15, 16, 17 തീയ്യതികളില്‍ ഞാന്‍ തളിപ്പറമ്പിലായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും അംഗങ്ങള്‍ക്കും, അസിസ്റ്റന്റ് സെക്രട്ടറി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ എന്നിവര്‍ക്കും വേണ്ടി കില ഒരുക്കിയ ഒരു ട്രെയിനിങ് പരിപാടി. വി ഇ ഒയ്ക്കു് എന്തോ കാരണത്താല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റിയും, ക്ഷേമപ്രവര്‍ത്തനങ്ങളുമെന്നതായിരുന്നു വിഷയം. തളിപ്പറമ്പു് എക്സ്റ്റെന്‍ഷന്‍ ട്രെയിനിങ് സെന്ററിലായിരുന്നു (ഇ ടി സി) ട്രെയിനിങ് ഏര്‍പ്പാടാക്കിയിരുന്നതു്. രാവിലെ 9.30നു തന്നെ പരിപാടി ആരംഭിക്കുമെന്നു് അറിയിപ്പു് കിട്ടിയിരുന്നതിനാലും, രാവിലെ നേരത്തെ എണീക്കുന്ന ശീലം എനിക്കില്ലാത്തതു കൊണ്ടും ഞാന്‍ തലേന്നു് ഉച്ച തിരിഞ്ഞപ്പോള്‍ത്തന്നെ മൂന്നു ദിവസത്തേക്കുള്ള സാധനസാമഗ്രികളെല്ലാം കെട്ടിപ്പെറുക്കി തളിപ്പറമ്പിലേക്കു് പുറപ്പെട്ടു. ചെയര്‍മാനും കൂട്ടരും പിറ്റേന്നേ ഉള്ളൂവെന്നു് പറഞ്ഞു. ആദ്യമായിട്ടാണു് തളിപ്പറമ്പു് ഇ ടി സിയില്‍ പോവുന്നതു്. വലിയ പാരമ്പര്യമുള്ള സ്ഥാപനമാണു്. എം ടി വാസുദേവന്‍ നായര്‍ക്കു് വി ഇ ഒ ആയി പോസ്റ്റിങ് കിട്ടിയപ്പോള്‍ ട്രെയിനിങ്ങിനു് വന്നതു് ഇവിടെയായിരുന്നത്രേ. എന്റെ ആപ്പനും വി ഇ ഒ ട്രെയിനിങ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതു് ഇവിടുന്നു തന്നെ. കൊയിലാണ്ടിയില്‍ നിന്നു് ഓടിപ്പാഞ്ഞു കേറിയതു് തലശ്ശേരിക്കുള്ള ബസ്സില്‍. തലശ്ശേരിയില്‍ നിന്നു് കണ്ണൂര്‍ക്കും, അവിടെ നിന്നു് തളിപ്പറമ്പിലേക്കും വേറെ വേറെ ബസ്സുകളില്‍. വളപട്ടണം പാലത്തിലെത്തിയപ്പോള്‍ അതിന്റെ അറ്റകുറ്റപ്പണി നടക്കുകയായിരുന്നതിനാല്‍ വളരെ നേരം ബ്ലോക്കില്‍പ്പെട്ടു കിടക്കേണ്ടി വന്നു. അങ്ങനെ തളിപ്പറമ്പില്‍ എത്തിയപ്പോഴേക്കും സമയം രാത്രി മണി 9.30. പിന്നെയങ്ങോട്ടു് ബസ്സുകളൊന്നുമുണ്ടാവില്ലെന്നു് അറിവു കിട്ടിയതിനാലും, 9 മണിക്കു തന്നെ ഇ ടി സിയില്‍ ഭക്ഷണസമയം കഴിയുമെന്നു് അറിയിപ്പു കിട്ടീരുന്നതിനാലും തളിപ്പറമ്പു് ടൗണിലെ ഒരു ഹോട്ടലില്‍ നിന്നു് രാത്രി ഭക്ഷണം കഴിച്ചു് ഒരു ഓട്ടോ പിടിച്ചു് ഇ ടി സിയുടെ മുന്നില്‍ വന്നിറങ്ങി. ഗേറ്റു കടന്നു് ഇ ടി സിയിലെ രജിസ്ട്രേഷനു മുന്നിലെത്തിയപ്പോള്‍ കണ്ടയാളോടു് ട്രെയിനിങ്ങിനു വന്നതാണെന്നു പറഞ്ഞു. പുള്ളി വേഗം തന്നെ കിടക്കവിരിയും, തലയിണയുറയും എടുത്തു തന്നു, താമസിക്കാനുള്ള മുറിയും കാണിച്ചു തന്നു. മൂന്നു പേര്‍ക്കുള്ള മുറിയില്‍ നേരത്തേ വന്നെത്തിയ രണ്ടുപേരുണ്ടു്. പരിചയപ്പെട്ടു, മലപ്പുറത്തെ അമരമ്പലം ഗ്രാമപഞ്ചായത്തു് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷും സ്റ്റാന്റിങ് കമ്മിറ്റി മെമ്പര്‍ ബിജുവും. അവര്‍ ചെയര്‍മാന്റെ സ്വന്തം കാറിലാണു് അമരമ്പലത്തു നിന്നും ട്രെയിനിങ്ങിനു് വന്നതു്. മുറിയും ആകപ്പാടെയുള്ള ചുറ്റുപാടുകളും കണ്ടതോടെ പുറപ്പെടുംമുമ്പേ മനസ്സില്‍ തോന്നിയ ഉന്നത വികാരവിചാരങ്ങളെല്ലാം ആവിയായിപ്പോയി. കുടുസ്സു മുറി. കഷ്ടി രണ്ടാള്‍ക്കു താമസിക്കാവുന്ന മുറിയിലാണു് മൂന്നു പേര്‍ ഞെരുങ്ങി താമസിക്കേണ്ടതു്. ഇതുപോലത്തെ നാലു മുറികള്‍ക്കു് രണ്ടു കോമണ്‍ ബാത്ത് റൂമുകള്‍. മുറിയിലെ ഫര്‍ണ്ണിച്ചറുകളും വയറിങ്ങും ബാത്ത്റൂമുകളിലെ പ്ലംബിങ്ങും എല്ലാം സബ്ബ് സ്റ്റാന്റേര്‍ഡ്. മൊബൈല്‍ ഫോണ്‍ പ്ലഗ്ഗില്‍ ചാര്‍ജ്ജു ചെയ്യാനായി കുത്തി ഓണ്‍ ചെയ്യുമ്പോഴേക്കും ആ ഭാഗത്തേക്കുള്ള സര്‍ക്യൂട് ബ്രേക്കാവും. കുളിമുറിയില്‍ കുളിക്കുമ്പോഴേക്കും വെള്ളപ്പൊക്കം – നേര്‍ത്ത ഡ്രെയിനേജ് പൈപ്പ് ബ്ലോക്കായതാണു്. ടോയ്‌ലെറ്റ് ഫ്ലഷ് പ്രവര്‍ത്തിക്കുന്നില്ല. കാടുപിടിച്ചു കിടക്കുന്ന വളപ്പില്‍ അങ്ങിങ്ങായി പ്രത്യേകിച്ചു് പ്ലാനിങ്ങൊന്നുമില്ലാതെ പല കാലങ്ങളില്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍. മൂന്നു ദിവസത്തെ കേസു കെട്ടല്ലേയുള്ളൂ, ഒപ്പിക്കാമെന്നു കരുതി.

പിറ്റേന്നു് രാവിലെ അമരമ്പലം പഞ്ചായത്തു് ചെയര്‍മാനും മെമ്പറും തളിപ്പറമ്പു് രാജരാജേശ്വര ക്ഷേത്രത്തില്‍ പോവുന്നെന്നു പറഞ്ഞു. ഞാനും കുളിച്ചു പുറപ്പെട്ടു് കൂടെക്കൂടി. മുമ്പേ ഇവിടെ വന്നതാണെങ്കിലും, ഒരവസരം കിട്ടുമ്പോ പാഴാക്കരുതല്ലോ. തമിഴ്‌നാടു് മുഖ്യമന്ത്രി ജയലളിത, ശ്രീലങ്കന്‍ പ്രസിഡണ്ട് മഹിന്ദ രാജപക്സെ തുടങ്ങിയ മഹാരഥന്മാരൊക്കെ സന്ദര്‍ശിച്ചിട്ടുള്ള സ്ഥലമാണു്. ക്ഷേത്രത്തില്‍ ചെന്നു് പടങ്ങളൊക്കെയെടുത്തു.

തിരികെയെത്തിയപ്പോള്‍ രജിസ്ട്രേഷനും മറ്റും സമയമാവുന്നേയുള്ളൂ. പരിപാടി തുടങ്ങി കുറച്ചു കഴിഞ്ഞാണു് ഞങ്ങടെ ചെയര്‍മാനും സംഘവും എത്തുന്നതു്. വളപട്ടണം പാലത്തിലെ ബ്ലോക്കില്‍പെട്ടതായിരുന്നെന്നു പറഞ്ഞു.

തുടര്‍ന്നു് പ്രീ ടെസ്റ്റ് കഴിഞ്ഞു് മൂന്നു ദിവസങ്ങളിലായി, സ്റ്റാന്റിങ് കമ്മിറ്റിയുടെ കേരളത്തിലെ സവിശേഷതകള്‍, ചുമതലകള്‍, ഉത്തരവാദിത്തങ്ങള്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയും പദ്ധതി പ്രവര്‍ത്തനങ്ങളും, പദ്ധതി നിര്‍വ്വഹണവും മോണിറ്ററിങ്ങും, കുട്ടികളുടെ സമഗ്ര വികസനം, കുട്ടികളുടെ സംരക്ഷണ സംവിധാനങ്ങള്‍, വനിതാ വികസനം, വയോജനക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം, പട്ടികജാതി വികസനം, പട്ടികവര്‍ഗ്ഗ വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമൂഹ്യസുരക്ഷാ പദ്ധതികള്‍, ക്ഷേമപെന്‍ഷനുകള്‍, നേതൃത്വശേഷി പരിശീലനം, സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ എന്നീ വിഷയങ്ങളിലാണു് ക്ലാസുകളുണ്ടായിരുന്നതു്. ആദ്യത്തെ രണ്ടു ദിവസവും രാവിലെ 9.30 നു് തുടങ്ങി വൈകുന്നേരം 7.30 വരെ ക്ലാസുകളാണു്. രണ്ടാം ദിവസം ക്ലാസു കഴിഞ്ഞു് ഒരു ക്യാമ്പ് ഫയറും ഏര്‍പ്പാടാക്കിയിരുന്നു. മൂന്നാം ദിവസം ഉച്ചയോടെ ക്ലാസുകള്‍ തീര്‍ന്നു. തുടര്‍ന്നു് പരിശീലിച്ച കാര്യങ്ങളടിസ്ഥാനപ്പെടുത്തി ഒരു ആക്ഷന്‍ പ്ലാനും തയ്യാറാക്കി പിരിഞ്ഞു.

തളിപ്പറമ്പു് ഇ ടി സിയിലെ ഭക്ഷണം വളരെ മെച്ചമെന്നു് പറഞ്ഞുകൂടാ, ഒപ്പിക്കാമെന്നേയുള്ളൂ. ക്ലാസു നടത്തിയ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂരയൊക്കെ കാലപ്പഴക്കം കൊണ്ടു് അടര്‍ന്നു പോയിത്തുടങ്ങിയിട്ടുണ്ടു്. ആദ്യമായിട്ടിവിടെ വച്ചാണു് ഞാന്‍ വാഴകളിന്മേല്‍ കൂമ്പില്ലാത്ത വാഴക്കുല കാണുന്നതു്. ചുണ്ടില്ലാക്കണ്ണനെന്ന ഇനമാണത്രേ. പടമെടുത്തു.

ക്ലാസ്സ് പ്രതീക്ഷിച്ചതിലും നേരത്തേ കഴിഞ്ഞപ്പോള്‍ തളിപ്പറമ്പില്‍ത്തന്നെയുള്ള റൂഡ്സെറ്റി എന്ന ഇന്‍സ്റ്റിറ്റ്യൂട്ടിനെപ്പറ്റി ഓര്‍മ്മ വന്നു. അവിടെയൊന്നു് പോയ്ക്കളയാമെന്നു കരുതി. ഇ ടി സിയില്‍ നിന്നിറങ്ങി മന്ന ജംഗ്ഷനിലേക്കു് ഓട്ടോയില്‍ പോയി അവിടെനിന്നു് കുടിയാന്മലയ്ക്കുള്ള ബസ്സില്‍ കയറി കാഞ്ഞിരങ്ങാടു് ടെസ്റ്റ് ഗ്രൗണ്ട് സ്റ്റോപ്പില്‍ ഇറങ്ങി. അവിടെ നിന്നു് നേരെ നോക്കിയാല്‍ത്തന്നെ സ്ഥാപനം കാണാം. ചെന്നു് സ്വയം പരിചയപ്പെടുത്തി അതിന്റെ ഡയറക്‍ടര്‍ ശ്രീ രാജ്കുമാറുമായി സംസാരിച്ചു. സ്ഥാപനം മുഴുവന്‍ ചുറ്റിനടന്നു കണ്ടു. വളരെ നല്ല നിലയില്‍ നടക്കുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം.

റൂഡ്സെറ്റി കണ്ടു കഴിഞ്ഞു് തിരികെ ബസ്സു പിടിച്ചു് വീട്ടില്‍ മടങ്ങിയത്തിയപ്പോള്‍ സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു.

കോഴിക്കോടു് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന റൂഡ്സെറ്റിയുടെ മാതൃകയിലുള്ള സ്ഥാപനം കൂരാച്ചുണ്ടിലേക്കു് കൊണ്ടു വരുവാനൊരു ശ്രമം ഞാന്‍ നടത്തിയിരുന്നു. അതിനെപ്പറ്റി അല്പം.

റൂറല്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നതിന്റെ ചുരുക്കമാണു് റൂഡ്സെറ്റി. ഇതു് ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ശ്രീ വീരേന്ദ്ര ഹെഗ്ഗഡെയുടെ നേതൃത്വത്തില്‍ ശ്രീ ധര്‍മ്മസ്ഥല മഞ്ജുനാഥേശ്വര എജുക്കേഷണല്‍ ട്രസ്റ്റും സിന്‍ഡിക്കേറ്റ് ബാങ്കും സംയുക്തമായി കര്‍ണ്ണാടകയിലെ ഉജിരെ എന്ന സ്ഥലത്തു തുടങ്ങിയ സംരംഭമാണു്. ഗ്രാമീണ യുവജനങ്ങള്‍ക്കു് അവരുടെ അഭിരുചിക്കിണങ്ങിയ സ്വയംതൊഴില്‍ പരിശീലനം നല്കുക എന്നതാണു് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടി. അവര്‍ക്കു് പരിശീലനവും, ഭക്ഷണവും താമസവും തികച്ചും സൌജന്യമായിരിക്കും. വിപണി ഡിമാന്റിനനുസരിച്ചും ദാരിദ്ര്യരേഖയ്ക്കു് താഴെയുള്ള യുവജനങ്ങള്‍ക്കു് മുന്‍ഗണന നല്കിയും, വനിതകള്‍ക്കു് തുല്യ പരിഗണനയോടെയും നടത്തുന്ന ഇവിടെത്തെ കോഴ്സുകള്‍ കഴിഞ്ഞു്, ഇവിടുന്നുള്ള സര്‍ട്ടിഫിക്കറ്റോടെ പുറത്തിറങ്ങുന്നവര്‍ക്കു് എല്ലാ ബാങ്കുകളില്‍ നിന്നും സ്വയംതൊഴിലിനു് വായ്പ എളുപ്പത്തില്‍ ലഭ്യമാക്കുന്ന തരത്തിലുള്ളതാണു് പഠന പരിപാടി. കൃഷി, ഉല്പാദനം, സര്‍വ്വീസുകള്‍ തുടങ്ങിയവയില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ വരെ ഉള്‍പ്പടുത്തിക്കൊണ്ടുള്ളതാണു് പാഠ്യപദ്ധതി. ഈ പരിപാടിയുടെ വിജയം കണ്ടു് ഈ മാതൃകയില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ഇതുപോലത്തെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആര്‍സെറ്റി (റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്) എന്ന പേരില്‍ തുടങ്ങാന്‍ ഗ്രാമവികസന മന്ത്രാലയം തീരുമാനിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച ഗ്രാമവികസന മന്ത്രാലയത്തിന്റെ മാര്‍ഗ്ഗരേഖ ഇവിടെ.

05/03/2015 തീയ്യതിയില്‍ ബാലുശ്ശേരി ബ്ലോക്കു് പഞ്ചായത്താപ്പീസ്സില്‍ വച്ചു് നടന്ന ബ്ലോക്ക് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി യോഗത്തില്‍ വച്ചാണു് ആര്‍സെറ്റിയെപ്പറ്റി ഞാനാദ്യമായി കേള്‍ക്കുന്നതു്. ഇതു് അതാതു് ജില്ലകളിലെ ലീഡ് ബാങ്കുമായി സഹകരിച്ചാണു് സ്ഥാപിക്കുക. ഇതിന്നായി സംസ്ഥാന സര്‍ക്കാരും അനുബന്ധ സ്ഥാപനങ്ങളുമാണു് സ്ഥലം അനുവദിച്ചു് നല്കേണ്ടതു്. കോഴിക്കോടു് ജില്ലയിലെ ലീഡ് ബാങ്കു് കനറാ ബാങ്കായതിനാല്‍ അവരുടെ പേരിലുള്ള കനറാ ബാങ്കു് റൂറല്‍ ഡവലപ്പ്മെന്റ് ട്രസ്റ്റിനു് റോഡ് സൌകര്യവും ജലലഭ്യതയുമുള്ള കുറഞ്ഞതു് അന്‍പതു സെന്റെങ്കിലും സ്ഥലം ലീസിനു് വിട്ടുനല്കിയാല്‍ അവിടെ കെട്ടിടം നിര്‍മ്മിച്ചു്, സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന കോഴിക്കോടു് മാത്തറയിലെ വാടകക്കെട്ടിടത്തില്‍ നിന്നും മാറ്റി പുതിയ കെട്ടിടത്തില്‍ സ്ഥാപിക്കുമെന്നാണറിവായതു്. കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തില്‍ ബാലുശ്ശേരി ബ്ലോക്കു് പഞ്ചായത്തിന്റെ അധീനതയിലുള്ള വ്യവസായ എസ്റ്റേറ്റിനു വേണ്ടി വാങ്ങിയിട്ട സ്ഥലം ഈ സ്ഥാപനത്തിനായി പ്രൊപ്പോസ് ചെയ്യാവുന്നതാണെന്നു് കണ്ടു് ഞാന്‍ പഞ്ചായത്തു് ഭരണസമിതിയില്‍ വിഷയം കുറിപ്പായി നല്കുകയും, ഭരണസമിതി വിഷയത്തില്‍ അനുകൂലതീരുമാനത്തിനായി സ്ഥലത്തിന്റെ ഉടമയായ ബ്ലോക്കു് പഞ്ചായത്തിനോടു് അപേക്ഷിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, ബ്ലോക്കു് പഞ്ചായത്തു് ഇതുവരെ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തില്ല. ബ്ലോക്കു് പഞ്ചായത്തു് 1998ലോ മറ്റോ ആണു് ഈ സ്ഥലം വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കാന്‍ വാങ്ങിയിട്ടതു്. വാങ്ങിയിട്ടിട്ടു് ഇതുവരെ വ്യവസായ എസ്റ്റേറ്റ് തുടങ്ങാത്തതിനാല്‍ അതിന്റെ പേരില്‍ ബ്ലോക്ക് പഞ്ചായത്തിനു് ഓഡിറ്റ് ഒബ്ജക്‍ഷനുമുണ്ടു്. ആര്‍സെറ്റിക്കാണെങ്കില്‍ തൃപ്തികരമായ ഒരു സ്ഥലം ഇതേവരെ കിട്ടീട്ടുമില്ലെന്നാണു് ഈയിടെ അന്വേഷിച്ചപ്പോള്‍ അറിഞ്ഞതു്. രണ്ടേക്രയോളമുള്ള സ്ഥലത്തു് അമ്പതു സെന്റില്‍ ഇന്‍സ്റ്റിറ്റ്യൂട്ടും, ബാക്കി സ്ഥലത്തു് വ്യവസായ എസ്റ്റേറ്റും വരികയാണെങ്കില്‍ അതു് പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയേക്കാവുന്ന ഒരു പദ്ധതിയാകുമായിരുന്നു (എന്നെനിക്കു തോന്നുന്നു). ഒരു ശ്രമം കൂടി നടത്തി നോക്കി വിജയിക്കുന്നില്ലെങ്കില്‍, ഞാനും അതങ്ങു വിടും. എല്ലാ ശ്രമങ്ങളും വിജയിക്കണമെന്നില്ലല്ലോ..

നമ്മ മൈസൂരു

ഓണത്തിനു് നമ്മള്‍ക്കെങ്ങോട്ടെങ്കിലും ഒരു ടൂറുപോണം. – കുറേ നാളായി ശ്രീധന്യ പറയാന്‍ തുടങ്ങിയിട്ടു്. ശരി പോയ്ക്കളയാം എന്നു ഞാനും. എത്രദിവസത്തെ ടൂറാ? കലണ്ടറില്‍ കുറേ ദിവസത്തെ ഒഴിവു കാണാനുണ്ടു്. എങ്ങോട്ടാ പോവണ്ടേ? ഊട്ടി?, കൊടൈക്കനാല്‍?, കുടകു്? ഹംപി? അഗുംബെ?, ബാംഗളൂര്‍? പല സാദ്ധ്യതകള്‍ പരിശോധിച്ചു. ഒടുവില്‍ കോശസ്ഥിതിയുടെ ദൈന്യം കൂടി പരിഗണിച്ചു് മൈസൂരിലേക്കു് മൂന്നു ദിവസത്തെ ടൂറാക്കാം എന്നു തീരുമാനിച്ചു. സപ്തംബര്‍ 10, 11, 12 തീയ്യതികളാക്കാം എന്നു പദ്ധതിയിട്ടു. അങ്ങനെ അങ്ങോട്ടുള്ള യാത്രയ്ക്കു് കേരള കെ എസ് ആര്‍ ടി സിയുടെയും, കര്‍ണ്ണാടക കെ എസ് ആര്‍ ടി സിയുടെയും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സിസ്റ്റങ്ങളില്‍ പറ്റിയ ട്രിപ്പുകള്‍ തപ്പി.  10-ാം തിയ്യതി രാവിലെ 08:30:നു് കോഴിക്കോട്ടു നിന്നു് മൈസൂര്‍ക്കുള്ള കേരള കെ എസ് ആര്‍ ടി സിയുടെയുടെ വോള്‍വോ ബസ്സിലും, മൈസൂരില്‍ നിന്നു് തിരിച്ചിങ്ങോട്ടു് 12-ാം തീയ്യതി ഉച്ചയ്ക്കു് 1.46 നുള്ള ബാംഗ്ലൂരില്‍ നിന്നും വരുന്ന കര്‍ണ്ണാടക കെ എസ് ആര്‍ ടി സിയുടെ ഐരാവത് ബസ്സിലും സീറ്റുകള്‍ ബുക്കു ചെയ്തു. ഇനി അവിടെ താമസിക്കാന്‍ പറ്റിയ ഹോട്ടല്‍ റൂമുകള്‍ നോക്കണം. goibibo.comല്‍ കേറി നോക്കിയപ്പോ ഒരുവിധപ്പെട്ട ലോഡ്ജുകള്‍ക്കെല്ലാം ഭയങ്കര വാടക. വാടക കുറവുള്ളവയുടെ റിവ്യൂ നോക്കിയപ്പോ ബുക്കു് ചെയ്യാനും തോന്നുന്നില്ല. ഒടുവില്‍ സെന്റ് ഫിലോമിന ചര്‍ച്ചിന്റെ സമീപത്തുള്ള വലിയ തെറ്റില്ലാത്തതെന്നു തോന്നിയ ഒരു ഹോട്ടലില്‍ – ഹോട്ടല്‍ ബി എസ് ഇന്റര്‍നാഷണല്‍ – 10-ാം തീയ്യതി മുതല്‍ 12-ാം തീയ്യതി വരെ മുറി ബുക്കു ചെയ്തു. അങ്ങനെ യാത്രയുടെയും താമസത്തിന്റെയും കാര്യം തീരുമാനമായി. ഇനിയുള്ളതൊരു സ്ഥിരം പ്രോഗ്രാം ആണു്. എന്തു കാര്യത്തിനു പുറപ്പെട്ടാലും തമ്മില്‍ കശപിശ കൂടി പരിപാടിയുടെ മൊത്തം ആംബിയന്‍സ് കളയുക എന്ന പതിവു് ഇപ്രാവശ്യവും തെറ്റിച്ചില്ല. എന്തോ ഒരു നിസ്സാര കാര്യത്തിന്മേല്‍ ശ്രീധന്യ തുടങ്ങി, ഞാനതേറ്റു പിടിച്ചു, അടിയായി. പിന്നെ, രണ്ടാളും മുഖം വീര്‍പ്പിച്ചു കൊണ്ടിരിപ്പായി. ഇങ്ങനെ യാത്ര പോകണമോ എന്നായി പിന്നെ ചിന്ത. പിന്നെ, ബസ്സും, റൂമുമടക്കം എല്ലാം ബുക്കു ചെയ്തിട്ടു് പോവാണ്ടിരിക്കുന്നതെങ്ങനെയാ. അങ്ങനെയൊടുക്കം മൊത്തം ശോകസീനില്‍ തലേന്നു രാത്രി വസ്ത്രങ്ങളും മറ്റവശ്യസാധനസാമഗ്രികളും രണ്ടു ബായ്ക്ക്പായ്ക്കുകളില്‍ നിറച്ചു. 10ാം തീയ്യതി അതിരാവിലെ കുളിച്ചു പുറപ്പെട്ടു് ബാഗുകളും തൂക്കി ചേയയെയും ഒക്കത്തെടുത്തു് യാത്ര പുറപ്പെട്ടു. രാവിലെയായതിനാല്‍ ചേയ ബസ്സില്‍ കേറിയ പാടെ ഉറങ്ങി. താാാമരശ്ശേേേരി ചുരം കേറാന്‍ തുടങ്ങിയപ്പോള്‍ അവളുണര്‍ന്നു. ചുരത്തിന്മേലവിടവിടെയായി തൊപ്പിക്കുരങ്ങന്മാരുടെ (bonnet macaque) കൂട്ടങ്ങള്‍ കണ്ടപ്പോ ആളുഷാറായി. കുരങ്ങന്മാരോടെന്തൊക്കെയോ പറയുന്നതും കേട്ടു.

ചുരം കേറുമ്പോഴും വയനാട്ടിലൂടെ കാട്ടിലൂടെ പോവുമ്പോഴും ചേയയ്ക്കൊരുപാടു് സംശയങ്ങള്‍. പലതും ഒട്ടും പ്രതീക്ഷിയ്ക്കാത്തവ. ലെക്കിടിയിലെ ചങ്ങലയ്ക്കിട്ട മരവും പിന്നിട്ടു് വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിയ്ക്കടുത്തു് വണ്ടി നിര്‍ത്തിയപ്പോള്‍ പുറത്തിറങ്ങി മൂത്രശങ്ക തീര്‍ത്തു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ മൂലെഹൊളെ ചെക്ക്പോസ്റ്റും കഴിഞ്ഞു് ബന്ദിപ്പൂര്‍ ദേശീയോദ്യാന(കടുവ സങ്കേതം)ത്തിലേക്കു് കടന്നു് കുറച്ചു ചെന്നപ്പോള്‍ ബസ്സു് പെട്ടെന്നു നിന്നു. ആരോ ആന എന്നു വിളിച്ചു പറയുന്നതു കേട്ടു. പുറത്തേക്കു നോക്കിയപ്പോ അതാ ആനക്കൂട്ടം.

കുഞ്ഞുകുട്ടികളും അമ്മമാരുമൊക്കെയുള്ള കൂട്ടത്തിലെ ഒരുവള്‍ ബസ്സിനെത്തന്നെ സൂക്ഷിച്ചു നോക്ക്വാണു്. ഇതു് ചേയേടെ ആദ്യത്തെ കാടനുഭവമാണു്. കാട്ടിലെ ആനകള്‍. ഉടനേ പടമെടുത്തു. അധികം അവിടെ നില്ക്കാതെ ബസ്സു് മുന്നോട്ടെടുത്തു. നാഷണല്‍ പാര്‍ക്കു് കഴിഞ്ഞപ്പോ അങ്ങിങ്ങായി വീടുകളുടെ കൂട്ടങ്ങളും കൃഷിയിടങ്ങളും കാണായി. ചെട്ടിപ്പൂക്കളും കാബേജും ചോളവും തക്കാളിയും കൃഷി ചെയ്യുന്ന കൃഷിയിടങ്ങള്‍.

നേരം ഉച്ചയായപ്പോ റോഡരികിലുള്ള ഹോട്ടലിനടുത്തു് വണ്ടി നിര്‍ത്തി. നല്ല ആംബിയന്‍സ്. തലശ്ശേരിക്കാരുടെതാണു പോല്‍. ഇറങ്ങി ഊണു കഴിക്കാനിരുന്നു. ഊണുവന്നപ്പോ കര്‍ണ്ണാടക ഊണിന്റെയും കേരള ഊണിന്റെയും ഒരു മിശ്രിതം. മീനുണ്ടത്രേ. കൊണ്ടുവരാന്‍ പറഞ്ഞു. കഴിക്കാന്‍ തുടങ്ങിയപ്പോ മീന്‍ വാങ്ങേണ്ടിയിരുന്നില്ലെന്നു തോന്നി. ആംബിയന്‍സേയുള്ളൂ, ഊണൊട്ടും കൊള്ളില്ല. അതു കഴിച്ചു് വിശപ്പടക്കി തിരികെ ബസ്സിനടുത്തു വന്നു നോക്കിയപ്പോ ബസ്സിന്റെ ഹെഡ്‌ലൈറ്റിന്മേല്‍ ഒരു പൂമ്പാറ്റയിരിക്കുന്നതു കണ്ടു.

ഒറ്റനോട്ടത്തില്‍ ഹെഡ്‌ലൈറ്റിന്മേല്‍ വന്നിടിച്ചതാണെന്നേ തോന്നൂ. ഒന്നൂടെ സൂക്ഷിച്ചു നോക്കിയപ്പോ കക്ഷി മുട്ടയിടുകയാണു്. plain tiger അഥവാ എരിക്കുതപ്പി. ഹെഡ്‌ലൈറ്റ് പുള്ളിക്കാരി എരിക്കാണെന്നു കരുതിയോ ആവോ. ബസ്സില്‍ കയറിയിരുന്നു. മൈസൂര്‍ എത്തുന്നതുവരെ റോഡിനിരുവശവുമുള്ള കൃഷിയിടങ്ങളും മറ്റും കണ്ടിരുന്നു. കുറച്ചുനേരമുറങ്ങി. മൈസൂരെത്തിയപ്പോള്‍ മണി മൂന്നര. മൈസൂരെത്തിയ പാടെ സെന്റ് ഫിലോമിനാസ് ചര്‍ച്ചിനടുത്തേക്കു് ഒരു ഓട്ടോ പിടിച്ചു. ചര്‍ച്ചിനു മുന്നില്‍ നിന്നുതന്നെ ഞങ്ങള്‍ റൂം ബുക്കു ചെയ്ത ഹോട്ടല്‍ ബി എസ് ഇന്റര്‍നാഷണല്‍ കാണാം. ഇന്റര്‍നാഷണല്‍ എന്ന പേരേ ഉള്ളൂ. ചെറിയൊരു ലോഡ്ജാണു്. പത്തു റൂം തികച്ചുണ്ടോ എന്നു സംശയം. എന്നാലും റൂം മോശം പറയാനില്ല. ചെക്കിന്‍ ചെയ്തു് ബാഗുകളെല്ലാം അകത്തു വച്ച ശേഷം മൈസൂരില്‍ മെഡിസിന്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സുഹൃത്തു് അക്ഷയിനെ ഫോണില്‍ വിളിച്ചു് ലാന്‍ഡ് ചെയ്ത കാര്യം അറിയിച്ചു. പുറത്തിറങ്ങി ഒരു ജ്യൂസ് കടയില്‍ കയറി രണ്ടു ഫ്രൂട്ട് ജ്യൂസ് ഓര്‍ഡര്‍ ചെയ്തു. പിന്നെ സെന്റ് ഫിലോമിനാസ് പള്ളി കാണാനിറങ്ങി.

ഗോഥിക്‍ ശൈലിയിലുള്ള പള്ളി അത്യാവശ്യം വലുതാണു്. പക്ഷേ പുനരുദ്ധാരണം നടക്കുകയായിരുന്നതിനാല്‍ ഉള്ളിലൊന്നും ശരിക്കു കാണാന്‍ പറ്റിയില്ല. പള്ളിയില്‍ നിന്നു് പുറത്തിറങ്ങിയപ്പോ ഒരു ചായ കുടിക്കാമെന്നു കരുതി. അടുത്തൊക്കെ ചുറ്റിനടന്നു നോക്കിയപ്പോ തീരെ ആംബിയന്‍സില്ലാത്ത ഒരു ചെറിയ ചായക്കട കണ്ടു. എന്നാലും കേറി. മസാലദോശയാണു് ഓര്‍ഡര്‍ ചെയ്തതു്. വലിയ തെറ്റില്ല. ശ്രീധന്യക്കു പക്ഷേ ചായക്കട തീരെ പിടിച്ചില്ല. വീണ്ടും റൂമിലെത്തി കുറച്ചു കഴിഞ്ഞപ്പോ അക്ഷയ് വന്നു. തന്റെ സൈക്കിള്‍ അടുത്തുള്ള ഒരു ഇലക്‍ട്രിക്‍ പോസ്റ്റിനോടു് ചേര്‍ത്തു കെട്ടിപ്പൂട്ടിയിട്ടാണു് ഞങ്ങടെ അടുത്തേക്കു് വന്നതു്. അല്ലെങ്കില്‍ മോഷണം പോവുമത്രേ. മൈസൂരില്‍ കള്ളന്മാരെ സൂക്ഷിക്കണമെന്നു മനസ്സിലായി. രണ്ടു ദിവസത്തേക്കു കൂടി സ്ഥലത്തുണ്ടെന്നു കേട്ടപ്പോള്‍ അക്ഷയ് തന്നെ itinerary തയ്യാറാക്കിത്തന്നു. ശ്രീരംഗപട്ടണം ഭാഗത്തേക്കു് പോവുന്ന കാര്യം ചിന്തിക്കുകയേ വേണ്ട, കാവേരി പ്രശ്നം കാരണം അവിടെയെല്ലാം വലിയ അക്രമം നടക്ക്വാണത്രേ. ശ്രീരംഗപട്ടണത്തെ കോട്ടയും ടിപ്പുവിന്റെ കൊട്ടാരവുമെല്ലാം കാണാനുള്ള ഞങ്ങടെ പ്ലാന്‍ അങ്ങനെ പൊളിഞ്ഞു. അക്ഷയിന്റെ സഹായത്തോടെ പിറ്റേന്നത്തേക്കു് മൈസൂര്‍ ടൗണും പരിസരവും ചുറ്റിക്കാണാന്‍ ഒരു ടാക്‍സി ഏര്‍പ്പാടാക്കി.

Jpeg

ഞങ്ങള്‍ ഹോട്ടലിനു പുറത്തുനിന്നു സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അക്ഷയിന്റെ സൈക്കിള്‍ – അതൊരു കടയുടെ മുന്നിലായിരുന്നു പോസ്റ്റിനോടു് കെട്ടിയിരുന്നതു് – കടയിലെ രണ്ടു വിദ്വാന്മാര്‍ പിടിച്ചഴിക്കാന്‍ നോക്കുന്നതു കണ്ടു. കടയുടെ മുന്നില്‍ ഇങ്ങനൊരു സാധനത്തിന്റെ സാന്നിദ്ധ്യം  അവര്‍ക്കു തീരെ പിടിച്ചില്ലെന്നു് മനസ്സിലായി. അക്ഷയ് സൈക്കിള്‍ അവിടെ നിന്നും അഴിച്ചെടുത്തു് വേറൊരു സൈന്‍ ബോര്‍ഡിനോടു് മാറ്റിക്കെട്ടി.

മൈസൂര്‍ കൊട്ടാരത്തില്‍ സന്ധ്യയ്ക്കു് ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട്ഷോ ഉണ്ടെന്നു് അക്ഷയ് പറഞ്ഞു. എന്നാപ്പിന്നെ അതൊന്നു കണ്ടു കളയാമെന്നു കരുതി. ഞങ്ങള്‍ ഒരു ഓട്ടോ പിടിച്ചു, അക്ഷയ് സൈക്കിളിലും. മൈസൂര്‍ കൊട്ടാരം – മൈസൂരു അരമനെ – കൗണ്ടറില്‍ നിന്നു ടിക്കറ്റെടുത്തു് ഉള്ളില്‍ക്കയറി. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മൈസൂര്‍ രാജകുടുംബത്തിന്റെ ഉല്പത്തിയും ചരിത്രവും ഐതിഹ്യങ്ങളുമൊക്കെയാണു് പ്രതിപാദ്യം. കന്നഡയാണു് ഭാഷ. ചാമുണ്ഡിയുടെ അവതാരകഥയും മൈസൂരിലെ പഴയ കൊട്ടാരം തീവെന്തു പോയതും, പുതിയ കൊട്ടാരം കെട്ടാന്‍ റാണി റസിഡന്റ് സായിപ്പിനോടു് അനുമതി ചോദിക്കുന്നതും, റസിഡണ്ട് സായിപ്പ് ആഷ്ക്രൂഷ് കന്നഡയില്‍ ഒരു ബ്രിട്ടീഷ് ആര്‍ക്കിടെക്‍റ്റിനെപ്പറ്റി റാണിക്കു് പറഞ്ഞു കൊടുക്കുന്നതും, അദ്ദേഹത്തിന്റെ സഹായത്തോടെ ഇപ്പോഴത്തെ കൊട്ടാരം കെട്ടിയതും മറ്റും വിസ്തരിക്കുന്നുണ്ടു് ഷോയില്‍. കന്നഡയിലായതിനാല്‍ പല വിശദാംശങ്ങളും മനസ്സിലായില്ല. ചേയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാണാന്‍ വന്ന ഒരു വിദേശ സംഘത്തിലെ ആളുകളോടു് ലോഹ്യത്തിലായി. അവരോടു പലതും പറയുന്നതു കണ്ടു. അവര്‍ക്കെന്തെങ്കിലും മനസ്സിലായോ എന്തോ. ഷോയ്ക്കിടയിലും ഷോ കഴിഞ്ഞപ്പോഴും ഞങ്ങള്‍ ധാരാളം പടങ്ങളെടുത്തു.

ഷോ കഴിഞ്ഞു് കൊട്ടാരത്തിനു് പുറത്തിറങ്ങി. അന്നിനി പിന്നെ കാര്യമായൊന്നും ചെയ്യാനില്ല. നല്ല കര്‍ണ്ണാടക ഭക്ഷണം കിട്ടുന്നിടം അടുത്തെവിടേലുമുണ്ടോയെന്നന്വേഷിച്ചു. അടുത്തു തന്നെ ഒരു നല്ല ഹോട്ടലുണ്ടെന്നു് അക്ഷയ് പറഞ്ഞു. എന്നാപ്പിന്നെ രാത്രി ഭക്ഷണം അവിടെ നിന്നാക്കാമെന്നു കരുതി അങ്ങോട്ടു നടന്നു. കേഫേ അരമനെ. അതാണു ഹോട്ടലിന്റെ പേരു്. ഭക്ഷണം ഉഷാര്‍. ചേയയ്ക്കും ഭക്ഷണം ഇഷ്ടപ്പെട്ടു. ഭക്ഷണം കഴിഞ്ഞ ശേഷം അക്ഷയ് പിരിഞ്ഞു. ഞങ്ങള്‍ തിരികെ ഒരു ഓട്ടോയില്‍ ഹോട്ടലിലേക്കു് പോന്നു.

പിറ്റേന്നു് രാവിലെ നേരത്തേ എഴുന്നേറ്റു് പതിവു് കശപിശയ്ക്കു ശേഷം കുളിച്ചു പുറപ്പെട്ടു് റെഡിയായി. കൃത്യം എട്ടുമണിക്കു തന്നെ നേരത്തേ ഏര്‍പ്പാടു ചെയ്ത ടാക്‍സിക്കാരന്‍ ഇന്‍ഡിക്ക വണ്ടിയും കൊണ്ടു് വന്നിട്ടുണ്ടായിരുന്നു. അങ്ങനെ ഞങ്ങടെ അന്നത്തെ ദിവസം ആരംഭിച്ചു. ടാക്‍സിയില്‍ കേറിയിരുന്നു് ചാമുണ്ഡി ഹില്ലിലേക്കു് പോവാനും, പോവുന്ന വഴി നല്ല റസ്റ്റാറന്റ് വല്ലതുമുണ്ടെങ്കില്‍ നിര്‍ത്താനും പറഞ്ഞു. ബുദ്ധമാര്‍ഗ്ഗില്‍ സിദ്ധാര്‍ഥ നഗറിലുള്ള ഹോട്ടല്‍ രമണീസിനു മുന്നില്‍ വണ്ടി നിര്‍ത്തിത്തന്നു. ശ്രീധന്യ ഉപ്പുമാവ് ഓര്‍ഡര്‍ ചെയ്തു. ഞാന്‍ പൊങ്കലും. ഉപ്പുമാവു് വേഗം തന്നെെ തീര്‍ന്നു. ഒരു മസാലദോശ കൂടി വാങ്ങി, കാപ്പിയും. ഒടുക്കം ബില്‍ വന്നു നോക്കിയപ്പോ ഉപ്പുമാവ് അതില്‍ കാണാനില്ല. കാരാ ബാത്ത് എന്നൊരു സാധനം ഉണ്ടു താനും. ഇതു ഞങ്ങടെ ബില്ലല്ലാ എന്നു പറഞ്ഞിട്ടു് വെയിറ്റര്‍ സമ്മതിക്കുന്നില്ല. ബില്ലില്‍ ഉപ്പുമാവെവിടെ? എന്നായി ഞാന്‍. അയാള്‍ ചിരിച്ചു കൊണ്ടു് “നമ്മ ഭാഷെ കാരാ ബാത്തു, നിമ്മ ഭാഷെ ഉപ്മ” എന്നു പറഞ്ഞപ്പോ കാര്യം മനസ്സിലായി. ബില്ലടച്ചു് അവിടെ നിന്നിറങ്ങി ചാമുണ്ഡി ഹില്ലിലേക്കു വിട്ടു. ഇതിനു മുമ്പു് ‍ഞാന്‍ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണു് ഇവിടെ വന്നതു്. അന്നു് നല്ല മൂടല്‍ മഞ്ഞുണ്ടായിരുന്നു. കുളിരുന്ന മൂടല്‍മഞ്ഞിനിടയിലൂടെ ജീപ്പില്‍ പോയതു് ഇന്നും ഓര്‍മ്മയുണ്ടു്. ഇന്നിപ്പോ നേരം വൈകിയതു കൊണ്ടാണെന്നു തോന്നുന്നു, മഞ്ഞൊന്നുമില്ല.

നേരെ ചാമുണ്ഡി ഹില്ലിലെത്തിയപ്പോ ടാക്‍സിയുടെ ഓണറെ കണ്ടു. അയാളും ഡ്രൈവര്‍ തന്നെ. മൂപ്പര്‍ക്കു് അന്നു് വേറെ ഓട്ടമുണ്ടായതു കൊണ്ടാണത്രേ ഇങ്ങേരെ ഏല്പിച്ചതു്. ഫോണ്‍ നമ്പര്‍ വാങ്ങിച്ചു് ചെരിപ്പുകളൊക്കെ വണ്ടിയിലിട്ട ശേഷം ചാമുണ്ഡി ക്ഷേത്രത്തിലേക്കു നടന്നു. വിജയനഗര ശൈലിയിലുള്ള ഗോപുരം. അത്ര വലുതൊന്നുമല്ല. അവിടെയും അറ്റകുറ്റപ്പണി നടക്കുകയാണു്.

സൂക്ഷിച്ചു നോക്കിയപ്പോ ഗോപുരത്തിന്റെ പലഭാഗങ്ങളും സിമന്റ് കോണ്‍ക്രീറ്റ് കൊണ്ടാണു് നിര്‍മ്മിച്ചതായിക്കണ്ടതു്. പുറത്തേക്കു് പലസ്ഥലത്തും കോണ്‍ക്രീറ്റടര്‍ന്നുപോയി ഉള്ളിലെ കമ്പികള്‍ പുറത്തേക്കു് തള്ളി നില്ക്കുന്നു. ഉള്ളില്‍ക്കടന്നു. എല്ലാരും ചെയ്യുന്നതു കണ്ടു് ചേയയും അവിടെ ബലിക്കല്ലിന്മേല്‍ വച്ചിട്ടുള്ള സിന്ദൂരക്കുറിയെടുത്തു് നെറ്റിയില്‍ തേയ്ക്കുന്നതു കണ്ടു് ചിരി വന്നു. കരിങ്കല്ലു കൊണ്ടുള്ള പഴയ നിര്‍മ്മിതിയാണു്. വാസ്തുവിദ്യാത്ഭുതം എന്നൊന്നും പറയാന്‍ പറ്റില്ല, ചെറുതാണു് ക്ഷേത്രം. ഉള്ളില്‍ പക്ഷേ നല്ല തണുത്ത അന്തരീക്ഷം. പുറത്തു കടന്നു് കൗണ്ടറില്‍ നിന്നു് അവിടെത്തെ ലഡു പ്രസാദം വാങ്ങി. പിന്നെ അവിടെത്തെ ചെറിയ ചന്തയില്‍ ചെന്നു് ചേയയ്ക്കൊരു തൊപ്പി വാങ്ങി, വെയിലില്‍ നടക്കാനുള്ളതല്ലേ. അവിടത്തെ മഹിഷാസുര പ്രതിമയ്ക്കടുത്തു ചെന്നു് പടമെടുത്തു.

തിരിച്ചു പോവാമെന്നു കരുതി. തിരിച്ചിറങ്ങുന്ന വഴിയിലുള്ള വ്യൂ പോയിന്റില്‍ നിന്നുനോക്കിയാല്‍ മൈസൂര്‍ നഗരം മുഴുവന്‍ കാണാം.

അംബരചുംബികളൊന്നും ഏറെയില്ലാത്ത ഒരു സാധാരണ പട്ടണം. മൈസൂര്‍ കൊട്ടാരത്തിനു് ചുറ്റും രൂപപ്പെട്ടു വന്നതെന്നു തോന്നും ഈ നഗരം. ഇറങ്ങുന്ന വഴിയിലാണു് ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയ കൂറ്റന്‍ നന്ദി പ്രതിമയുള്ളതു്.

ഇതൊരു സംരക്ഷിത സ്മാരകമാണു്. നന്ദി പ്രതിമയ്ക്കു് പിന്നിലായി ഒരു ഗുഹാശിവക്ഷേത്രമുണ്ടു്. ഇഴഞ്ഞു കയറണം അതിനകത്തേയ്ക്കു്. അതില്‍ കയറി നോക്കിയപ്പോ ഒരു പൂജാരി പൂജാ സാമഗ്രികളും കൊണ്ടു് അവിടെയിരിക്കുന്നു. ചേയ വേഗം അങ്ങേരുടെ അടുത്തു ചെന്നു് പ്രസാദം വാങ്ങി, ഏതാനും കല്ക്കണ്ടക്കഷ്ണങ്ങള്‍. നന്ദി പ്രതിമ കണ്ടു കഴിഞ്ഞു് തിരിച്ചിറങ്ങുന്ന വഴിയില്‍ ഒരാള്‍ വെയിലത്തിരുന്നു് ചെറിയ കരിങ്കല്‍ക്കഷ്ണങ്ങള്‍ കൊണ്ടു് നന്ദി പ്രതിമയുടെ മിനിയേച്ചര്‍ രൂപങ്ങള്‍ കൊത്തിയുണ്ടാക്കുന്നതു കണ്ടു. ചെറിയൊരെണ്ണം വിലപേശാനൊന്നും നില്ക്കാതെ ഒരോര്‍മ്മയ്ക്കായി ഞാനും വാങ്ങി. തിരികെ മലയിറങ്ങി നേരെ ചെന്നു കയറിയതു് സാന്‍ഡ് മ്യൂസിയത്തിലേക്കാണു്. ഇവിടെ കേറി നോക്കിയപ്പോ, കേറേണ്ടിയിരുന്നില്ല എന്നു തോന്നി. ഒരു പറമ്പില്‍ കുറേ മണല്‍ കൂട്ടി വച്ചു് മണല്‍ ശില്പങ്ങളുണ്ടാക്കി വച്ചിരിക്കുന്നതാണു്.

ഇതിനെപ്പറ്റി വന്ന പത്രവാര്‍ത്തകള്‍ വലിയ ഫ്ലക്‍സ് ബോര്‍ഡടിച്ചു് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മണല്‍ ശില്പങ്ങളെല്ലാം ചുറ്റി നടന്നു കണ്ട ശേഷം പോയതു് വാക്‍സ് മ്യൂസിയത്തിലേക്കാണു്. ഇതിനെപ്പറ്റി ട്രിപ്പ് അഡ്വൈസറില്‍ കണ്ട ഓര്‍മ്മ വച്ചാണു് പോയതു്. ഒരു പഴയ കെട്ടിടത്തില്‍ നിരവധി മെഴുകു പ്രതിമകള്‍. അതും വിവിധ സംഗീതോപകരണങ്ങളും. പ്രതിമകളെല്ലാം സംഗീതോപകരണങ്ങള്‍ വായിക്കുന്ന രീതിയിലാണു് ഭൂരിഭാഗം പ്രതിമകളുടെയും രൂപകല്പന.

കെട്ടിടം അറ്റകുറ്റപ്പണി ചെയ്യായ്കയാല്‍ പലേടത്തും ചിതല്‍ കേറിയിട്ടുണ്ടു്. ആകപ്പാടെ ആ മ്യൂസിയം നടത്തിക്കൊണ്ടുപോവുന്നതിനു് അവര്‍ ബുദ്ധിമുട്ടുന്നതുപോലെ തോന്നി. ശ്രീധന്യയ്ക്കും ചേയയ്ക്കും  വാക്‍സ് മ്യൂസിയം തീരെ ഇഷ്ടപ്പെട്ടില്ല. ചേയ ശീലക്കേടു് കാണിക്കാന്‍ തുടങ്ങിയപ്പോ അവിടെ നിന്നിറങ്ങി. പിന്നെ പോയതു് റീജ്യണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലേക്കാണു്. ഇവിടെ കയറുന്നതിനോ വാഹനം പാര്‍ക്കിങ്ങിനോ ഒന്നും ഫീസില്ല. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള വിശാലമായ ഈ മ്യൂസിയം കാണേണ്ട സംഭവം തന്നെയാണു്.

പലകാലഘട്ടങ്ങളിലെ  ദിനോസോറുകളടക്കമുള്ള ജീവജാലങ്ങളുടെ പ്രതിമകള്‍, അസ്ഥികൂടങ്ങള്‍, തുടങ്ങി നിരവധി സാമഗ്രികള്‍ ഇവിടെ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ടു്. ഇവിടെത്തെ സസ്യജാലങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗം അടച്ചിട്ടിരിക്കുന്നതായിക്കണ്ടു. ഇവിടെത്തെ ഡിസ്കവറി സെന്ററിലെ ആനക്കുട്ടി പ്രതിമയെ കണ്ടു് ആദ്യം ചേയയ്ക്കു് പേടി തോന്നിെങ്കിലും കൊണ്ടു ചെന്നു് തൊടുവിച്ചപ്പോള്‍ പേടിയൊക്കെ മാറി. അതിനോടു് സംസാരിക്കാനും  തുടങ്ങി.

കടുവയുടെയും കടുവക്കുട്ടിയുടെയും പ്രതിമകള്‍ കണ്ടപ്പോ തക്‍ദീറും അമ്മ സീതയുമാണത്രേ (ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ, കുട്ടികള്‍ക്കു വായിച്ചു കൊടുക്കാനുള്ള പുസ്തകത്തിലെ കഥാപാത്രങ്ങള്‍). അവരോടും തുടങ്ങി സംസാരം.

ചേയ പ്രതിമകളോടൊക്കെ “നീയെന്റെ വീട്ടിലേക്കു വരണം, നീയും ന്റെ വീട്ടിലേക്കു വരണം” എന്നൊക്കെ ക്ഷണിക്കുന്നതു കണ്ടു. ഇവിടെത്തെ കാഴ്ചകള്‍ കണ്ടിറങ്ങി നേരെ ചെന്നതു് മൈസൂര്‍ കൊട്ടാരം കാണാനാണു്. തലേന്നു് രാത്രി കൊട്ടാരത്തിനകത്തു കയറിയിരുന്നില്ലല്ലോ. ടിക്കറ്റെടുത്തു് ഉള്ളില്‍ക്കയറി. ഉള്ളില്‍ ക്യാമറയ്ക്കു് നിരോധനമുണ്ടു്. ഇതൊരസാമാന്യ നിര്‍മ്മിതിയാണു്. ഒരു ബ്രിട്ടീഷ് ആര്‍ക്കിടെക്‍റ്റായ ഹെന്‍റി ഇര്‍വ്വിന്റെ മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മ്മിച്ച കെട്ടിടം.

പഴയകാലത്തെ രാജാക്കന്മാരുടെ ധാരാളിത്തജീവിതം പല വര്‍ഷങ്ങളിലായി പണിത ഈ കൊട്ടാരത്തിന്റെ നിര്‍മ്മിതിയില്‍ത്തന്നെ ദൃശ്യമാണു്. അന്നത്തെ സ്റ്റേറ്റ് ഫണ്ടിന്റെ നല്ലൊരു ഭാഗം ഇതിനായി ചെലവഴിച്ചിട്ടുണ്ടാവും. കര്‍ണ്ണാടക വിധാന്‍സഭ പാസ്സാക്കിയ മൈസൂര്‍ പാലസ് അക്വിസിഷന്‍ ആക്‍റ്റു വഴി ഇതിന്റെ ഭൂരിഭാഗം സ്ഥലവും കര്‍ണ്ണാടക സര്‍ക്കാരില്‍ നിക്ഷിപ്തമാണു്. ചെറിയൊരു ഭാഗം ഇപ്പോഴത്തെ രാജകുടുംബത്തിന്റെ നിയന്ത്രണത്തിലുമാണെന്നു കേട്ടു. ആ ഭാഗത്തേക്കു കടക്കാന്‍ വേറെ ടിക്കറ്റെടുക്കണം. കൊട്ടാരവളപ്പില്‍ ക്ഷേത്രങ്ങളുമുണ്ടു്. അങ്ങനെയൊരു ക്ഷേത്രത്തില്‍ കയറുമ്പോള്‍ അതിന്റെ സൂക്ഷിപ്പുകാരിലൊരുവള്‍ ആ ക്ഷേത്രമുണ്ടാക്കിയ ചരിത്രം വിവരിക്കുന്നതു കേട്ടു. അവിടെ നിന്നും ഇരുപതു രൂപയ്ക്കു് കിട്ടുന്ന പ്രസാദം കഴിച്ചു് പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദേശിച്ച കാര്യം നടക്കുമത്രേ. പിന്നല്ല. മൈസൂര്‍ക്കൊട്ടാരത്തിനു വെളിയിലിറങ്ങിയപ്പോള്‍ പിറകില്‍ നിന്നും ജയ്സാ എന്നൊരു വിളിയും തോണ്ടലും. തിരിഞ്ഞു നോക്കിയപ്പോള്‍ അറപ്പുഴയിലുള്ള തുളസിമാമനും കുടുംബവും. ആഹാ. ചോദിച്ചപ്പോ അവര്‍ മാമന്റെ ഓഫീസില്‍ നിന്നു് ഒന്നിച്ചു് ടൂറായി വന്നിരിക്കുകയാണു്, മൈസൂര്‍ കാണാന്‍. വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. അവരുടെ റൂട്ട് പ്ലാന്‍ വേറെയാണു്. കുടകിലേക്കൊക്കെ പോണുണ്ടത്രേ. അവരുടെ സെറ്റ് വേറെ. അതു കൊണ്ടു് ലോഹ്യം പറഞ്ഞു് പിരിഞ്ഞു. നേരം ഉച്ചയായി. ഉച്ചഭക്ഷണത്തിനു് കേഫേ അരമനെയിലേക്കു് ചെന്നു. ഊണു് ഓര്‍ഡര്‍ ചെയ്തു. നല്ല അസ്സല്‍ കര്‍ണ്ണാടക ഊണു്. ചേയയ്ക്കും ഭക്ഷണം ഇഷ്ടായി. ഭക്ഷണം കഴിഞ്ഞു് ഞങ്ങള്‍ പോയതു് ജഗന്‍മോഹന്‍ പാലസ് മ്യൂസിയത്തിലേക്കാണു്. ഇതൊരു ആര്‍ട്ട് ഗാലറിയാണു്.

Jpeg

കാലപ്പഴക്കം കൊണ്ടു് ഉള്ളിലൊരു ഭാഗം അടര്‍ന്നു വീണുപോയതായിക്കണ്ടു. ഇവിടെ രാജാ രവിവര്‍മ്മയുടെ പല ചിത്രങ്ങളുണ്ടു്. എസ് എല്‍ ഹള്‍ദങ്കറുടെ പ്രസിദ്ധമായ ഗ്ലോ ഓഫ് ഹോപ്പും ഇവിടെ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ടു്. ടിബറ്റന്‍, നേപ്പാള്‍ ചിത്രങ്ങളും ഉണ്ടു്. എല്ലാം കണ്ടു് പുറത്തിറങ്ങി അടുത്തുള്ള കടകളില്‍ ഷോപ്പിങ്ങിനു ചെന്നു. എല്ലാത്തിന്റെയും വില ചോദിച്ചതല്ലാതെ ഒന്നും വാങ്ങാന്‍ തോന്നിയില്ല. ഇവിടെ നിന്നും നേരെ ചെന്നതു് റെയില്‍ മ്യൂസിയത്തിലേക്കാണു്. പല കാലഘട്ടങ്ങളിലെ തീവണ്ടി മുറികളും, തീവണ്ടി എഞ്ചിനുകളും റെയില്‍വേയുടെ പഴയകാല സാധനസാമഗ്രികളുമെല്ലാം കണ്ടു.

പണ്ടത്തെ മൈസൂര്‍ റാണിയുടെ സലൂണും ഇവിടെ കണ്ടു.

ചേയയ്ക്കിഷ്ടമായതു് ടോയ് ട്രെയിനാണു്. പത്തു രൂപ കൊടുത്താല്‍ ടോയ് ട്രെയിനില്‍ രണ്ടു റൌണ്ട് കറങ്ങി വരാം. ഞങ്ങളും അതില്‍ കയറി. പിന്നെ കുട്ടികള്‍ക്കുള്ള സ്ലൈഡറുകളും മറ്റും.

ചേയയെ അവിടെ നിന്നും തിരിച്ചു കൊണ്ടു പോവാനായിരുന്നു ബുദ്ധിമുട്ടു്. ഇവിടെ നിന്നും ‍ഞങ്ങള്‍ പോയതു് കാറഞ്ചി തടാകത്തിനടുത്തേക്കാണു്. നിരവധി ആളുകള്‍ വൈകുന്നേരം ചെലവിടുന്ന സ്ഥലമാണിവിടം. ടിക്കറ്റെടുക്കാന്‍ നല്ല തിരക്കുണ്ടു്.

ക്യൂവില്‍ നിന്നപ്പോഴേക്കും അതാ വീണ്ടും തുളസിമാമന്‍. അവര്‍ ശ്രീരംഗ പട്ടണത്തേക്കു് പോവാന്‍ ശ്രമിച്ചിരുന്നത്രേ. പാതി വഴിയിലെത്തിയപ്പോള്‍ തിരിച്ചു പേരേണ്ടിവന്നു, കാവേരി പ്രശ്നം കാരണം. തടാകത്തില്‍ ബോട്ടിങ്ങുണ്ടു്. ഞങ്ങളും ബോട്ടില്‍ കേറി. കുറച്ചു ദൂരം ചെന്നപ്പോള്‍ ഹലോയെന്നൊരു വിളി, നെടുമ്പാലായെന്നും. നോക്കിയപ്പോള്‍ അപ്പുറത്തെ പെഡല്‍ ബോട്ടില്‍ ഫേസ്ബുക്ക് സുഹൃത്തു് വൈശാഖ് കല്ലുര്‍. ആദ്യായിട്ടാണു് ഇങ്ങേരെ നേരില്‍ കാണുന്നതു്.

Jpeg

കല്യാണം കഴിഞ്ഞ പാടെ പുതുപ്പെണ്ണിനെയും കൊണ്ടു് കറങ്ങാന്‍ വന്നിരിക്കുകയാണു്. കൂടെ അവന്റെ അനിയനും അമ്മയുമുണ്ടു്. തടാകം ചുറ്റി കരയ്ക്കിറങ്ങി വന്നപ്പോള്‍ അവര്‍ ഞങ്ങളെയും കാത്തിരിയ്ക്കുന്നു.

പരിചയം പുതുക്കി. അവിടെത്തെ പക്ഷിക്കൂട്ടിലേക്കു് നടന്നു. മയില്‍, കാട്ടുകോഴി തുടങ്ങി നിരവധി പക്ഷികളെ അവിടെക്കണ്ടു.

Jpeg

ഒരു മയിലിനെ കൂട്ടിനു പുറത്തും കണ്ടു. അതു കൂവി വിളിക്കുന്നതു് കൂട്ടിനകത്തുള്ള മയിലിനെ. കാട്ടുകോഴിയെ ഇത്രയും അടുത്തു നിന്നു് ഞാനാദ്യമായയിട്ടാണു് കാണുന്നതു്. പക്ഷിക്കൂട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ വൈശാഖ് അവിടെയൊരു അവിടെ അങ്ങേയറ്റത്തൊരു വാച്ച് ടവറുണ്ടെന്നു പറഞ്ഞു. അതിനടുത്തേക്കു നടന്നു. വാച്ച് ടവറിന്മേല്‍ കയറി. വൈകുന്നേരമായതിനാല്‍ തടാകത്തിലെ തുരുത്തിലുള്ള മരങ്ങളിന്മേലോക്കെ പക്ഷികള്‍ roosting നു് വന്നിരിക്കുന്നതു കണ്ടു. ചേയയ്ക്കും കുറേ പക്ഷികളെ കാട്ടിക്കൊടുത്തു. ഫോണ്‍ ബാറ്ററി തീര്‍ന്നു് ഓഫായിപ്പോയതിനാല്‍ പടമെടുക്കാന്‍ പറ്റിയില്ല. നേരം കുറേയായി. വാച്ച് ടവറില്‍ നിന്നുമിറങ്ങി പുറത്തേക്കു നടന്നു. പുറത്തെത്തിയപ്പോള്‍ വൈശാഖിന്റെ വക എല്ലാവര്‍ക്കും കരിമ്പു് ജ്യൂസ്.

വൈശാഖിനോടു് യാത്ര പറഞ്ഞു പിരിഞ്ഞു. വിശക്കാന്‍ തുടങ്ങിയിരുന്നു. കേഫേ അരമനെയിലേക്കു് വണ്ടി വിട്ടു. മസാലദോശ ഓര്‍ഡര്‍ ചെയ്തു. നല്ല രസികന്‍ മസാലദോശ. നേരമിരുട്ടിത്തുടങ്ങയപ്പോള്‍ ടാക്സി ഡ്രൈവറോടു് നല്ല ഫ്രൂട്ട്സ് എവിടെക്കിട്ടുമെന്നു ചോദിച്ചു. പുള്ളി പബ്ലിക്‍ മാര്‍ക്കറ്റില്‍ വിട്ടു തന്നു. വലിയൊരു മാര്‍ക്കറ്റ്. ഞങ്ങള്‍ കുറച്ചു് ഉറുമാമ്പഴവും ആപ്പിളും വാങ്ങി. അപ്പോഴാണു് ഒരുവന്‍ ചാക്കില്‍ നിറയെ നിലക്കടല വില്ക്കാന്‍ വച്ചിരിക്കുന്നതു കണ്ടതു്. എനിക്കു തോന്നിയതു് അതു് വെന്ത കടല – ബെന്തകാളു – ആണെന്നാണു്. അപ്പോ കുറച്ചതും വാങ്ങി. തിരികെ ഹോട്ടലില്‍ വിട്ടു തരാന്‍ ടാക്സിക്കാരനോടു് പറഞ്ഞു. ടാക്സി തിരികെ ഹോട്ടലിലെത്തിയപ്പോ ടാക്‍സി വാടക  കൊടുത്തു് അയാളെ പറഞ്ഞയച്ചു. പുള്ളി നീട്ടി വലിച്ചു് ഒരു സലാം പറഞ്ഞു് പിരിഞ്ഞു. മാര്‍ക്കറ്റില്‍ നിന്നു് വാങ്ങിയ കടല പച്ചയാണെന്നു് കഴിച്ചു നോക്കിയപ്പോഴാണു് മനസ്സിലായതു്. എന്നാപ്പിന്നെ അതു് വീട്ടില്‍ കൊണ്ടുപോയി വറുത്തു തിന്നാം എന്നു തീരുമാനിച്ചു. ഉറുമാമ്പഴലും ആപ്പിളും ഒക്കെ തിന്നു.

പിറ്റേന്നു് രാവിലെ എണീക്കാന്‍ കുറച്ചു വൈകി. ഒരു ഓട്ടോ പിടിച്ചു. എന്‍ ഐ കാവേരി സില്‍ക്ക്സ് & ഹാന്‍ഡിക്രാഫ്റ്റ്സ് എംപോറിയത്തിലേക്കു് പോയി. ഇതൊരു സര്‍ക്കാര്‍ സ്ഥാപനമാണു്. അവിടെ വില്പനയ്ക്കു വച്ച കരകൌശല വസ്തുക്കളും മറ്റും കണ്ടു് നേരം പോയതറിഞ്ഞില്ല.

അവിടെ നിന്നു് ഒരു മെഗാ പായ്ക്കു് സാന്‍ഡല്‍ സോപ്പ് മാത്രം വാങ്ങി. പിന്നെ നേരെ പോയതു് ചാമരാജേന്ദ്ര സൂവോളജിക്കല്‍ ഗാര്‍ഡനിലേക്കാണു്. തിരുവനന്തപുരത്തെയും തൃശൂരെയും മൃഗശാലകളുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ നല്ല നിലയില്‍ നടത്തിവരുന്ന ഒരു മൃഗശാലയാണിതു്. ഇവിടെത്തെ മൃഗങ്ങളെ തീറ്റിപ്പോറ്റുന്നതിനു വേണ്ട ചെലവു് സ്വകാര്യവ്യക്തികള്‍ക്കു് വഹിക്കാവുന്ന ഒരു തരം സ്കീമുണ്ടിവിടെ. ഓരോ കൂട്ടിനു മുന്നിലും അതാതു മൃഗത്തെയോ പക്ഷിയെയോ പോറ്റുന്നതിന്റെ ചെലവു വഹിക്കുന്ന വ്യക്തികളുടെ പേരു് എഴുതി വച്ചിട്ടുണ്ടു്. പകര്‍ത്താവുന്ന നല്ലൊരു മാതൃക. തത്തകളെ ചേയയ്ക്കു് വലിയ ഇഷ്ടമായി. അതെന്നോടു്, “പൊട്ടു് തര്വോ ചോയിച്ചു്” – ചേയ. ഫ്ലമിംഗോയുടെ കൂട്ടിനടുത്തെട്ടിയപ്പോള്‍ ഒറ്റക്കാലില്‍ തപസ്സിരിക്കുന്ന പക്ഷിയെക്കണ്ടു് “അതിന്റെ മറ്റേക്കാലേടെപ്പോയി?” എന്നറിയണം ചേയയ്ക്കു്.

മൃഗശാലയ്ക്കുള്ളില്‍ നടന്നു തളര്‍ന്നു. നടക്കാന്‍ പറ്റാത്തവര്‍ക്കായി അവിടെ പ്രത്യേകം വണ്ടിയുണ്ടു്. അതില്‍ പക്ഷേ കയറേണ്ടതില്ലെന്നു കരുതിയതാണു്. ആ തീരുമാനം നന്നായില്ല എന്നു് പിന്നീടു തോന്നുകയും ചെയ്തു. ചേയയ്ക്കു് പക്ഷേ തളര്‍ച്ചയൊന്നുമില്ല. അവള്‍ ഉഷാറായി ഓടി ഒരിടത്തു് കമഴ്ന്നടിച്ചു വീണു. മുട്ടു പൊട്ടി ചോര പൊടിഞ്ഞു. പറഞ്ഞതു കേള്‍ക്കാതെ ഓടിയിട്ടു പറ്റിയതായതു കൊണ്ടു് കരഞ്ഞില്ല. മൃഗശാലയില്‍ നിന്നിറങ്ങിയപ്പോള്‍ ഉച്ചയാവാറായിരുന്നു. ഹോട്ടല്‍ റൂമിലേക്കു വിട്ടു. അവിടുന്നു് സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കിയെടുത്തു് റൂം വെക്കേറ്റ് ചെയ്തിറങ്ങി. അവിടെ നിന്നു് ഒരു ഓട്ടോ പിടിച്ചു് നേരെ കേഫേ അരമനെയിലേക്കു് വിടാന്‍ പറഞ്ഞു. ങേ? പുള്ളി നേരെ വിട്ടതു മൈസൂര്‍ക്കൊട്ടാരത്തിലേക്കാണു്. “മൈസൂരു അരമനെ അല്ലാ, കേഫേ അരമനെ” എന്നൊക്കെ ആവുന്ന കന്നഡയില്‍ പറഞ്ഞു നോക്കീട്ടും പുള്ളിക്കു് മനസ്സിലാവുന്നില്ല. ഒടുവില്‍ വഴി പറഞ്ഞു കൊടുത്തു കേഫേ അരമനെയില്‍ ചെന്നിറങ്ങി. ഉച്ചയൂണിനു ശേഷം മൈസൂര്‍ ബസ്സ് സ്റ്റാന്റിലെത്തി ബസ്സ് കാത്തിരിക്കാന്‍ തുടങ്ങി. സമയമേറെക്കഴി‍ഞ്ഞിട്ടും ബസ്സു വരുന്നതു കാണാനില്ല. ക്രൂവിനെ വിളിച്ചന്വേഷിച്ചപ്പോഴാണറിയുന്നതു്, ബാംഗ്ലൂരില്‍ നിന്നെത്തേണ്ട കര്‍ണ്ണാടക കെ എസ് ആര്‍ ടി സിയുടെ ഐരാവത് ബസ്സ് മാണ്ഡ്യയില്‍ മളവള്ളിയെന്ന സ്ഥലത്തു് ഹര്‍ത്താലില്‍പെട്ടു് ഇങ്ങോട്ടു് വരാന്‍ കഴിയാത്ത അവസ്ഥയിലാണെന്നു്. കാവേരി പ്രശ്നം തന്നെ. കുറേ നേരത്തെ ആശയക്കുഴപ്പങ്ങള്‍ക്കു ശേഷം വേറെ ബസ്സു പിടിച്ചു് പോവാമെന്നു് തീരുമാനിച്ചു. കേരള കെ എസ് ആര്‍ ടി സിയുടെ കോഴിക്കോട്ടേയ്ക്കുള്ള എയര്‍ബസ്സ് കണ്ടപ്പോ അതില്‍ പാഞ്ഞു കയറി. അതും ബാംഗ്ലൂരിലേക്കു് പോയ ട്രിപ്പ് പാതിവഴി നിര്‍ത്തി മടങ്ങിപ്പോരുകയാണു്. ഭാഗ്യത്തിനു് സീറ്റൊക്കെ കിട്ടി. പോരുന്ന വഴിയില്‍ കാട്ടിനുള്ളിലൂടെയുള്ള യാത്രയില്‍ പുള്ളിമാനുകളെയും കാട്ടുപോത്തിനെയും ആനകളെയും കണ്ടു.

സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ ബാംഗ്ലൂരില്‍ നിന്നുള്ള കെ എസ് ആര്‍ ടി സിയുടെ പുത്തന്‍ സ്കാനിയ ബസ്സിന്റെ മുന്‍ഭാഗം തകര്‍ത്ത നിലയില്‍ കണ്ടു. കാവേരി വെള്ളപ്രശ്നം ബസ്സിന്മേല്‍ തീര്‍ത്തതാവും. വയനാട്ടില്‍ നിന്നു് ചുരമിറങ്ങുമ്പോള്‍ ചേയ ഛര്‍ദ്ദിച്ചു. ശ്രീധന്യയുടെ മേലാകെ ഛര്‍ദ്ദി. അതു കൊണ്ടു് താമരശ്ശേരിയെത്തിയപ്പോള്‍ ബസ്സ് കാത്തു നില്ക്കാതെ, വീടു വരെ ഒരു ഓട്ടോ പിടിച്ചു പോന്നു.