സ്കോളര്‍ഷിപ്പ്
ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് പ്രൊജക്ടിന്റെ വാര്‍ഷികയോഗമായ സ്റ്റേറ്റ് ഓഫ് ദ മാപ്പ് കോണ്‍ഫറന്‍സിനെപ്പറ്റി മുമ്പേ കേട്ടിട്ടുണ്ടായിരുന്നെങ്കിലും അതില്‍ പങ്കെടുക്കാനൊരവസരം ലഭിക്കുന്നതു് ഈ വര്‍ഷമാണു്. ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് പ്രൊജക്ടില്‍ വളണ്ടിയര്‍മാരായി പങ്കെടുത്തു് ഭാഗഭാക്കാവുന്നവര്‍ക്കു് സ്റ്റേറ്റ് ഓഫ് ദ മാപ്പ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനു് ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പ് അനുവദിക്കാറുണ്ടു്. സ്കോളര്‍ഷിപ്പ് ലഭിക്കുന്നയാളുടെ കോണ്‍ഫറന്‍സ് നടക്കുന്നിടത്തേക്കും തിരിച്ചുമുള്ള യാത്രച്ചെലവു്, ഭക്ഷണച്ചെലവു്, താമസച്ചെലവു് എന്നിവ ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് ഫൗണ്ടേഷന്‍ വഹിക്കും. ജപ്പാനിലാണു് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സെന്നറിഞ്ഞപ്പോള്‍ ഞാനും സ്കോളര്‍ഷിപ്പിനപേക്ഷിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിലുപരി, ഒരു വികസിത രാജ്യത്തെ സ്ഥിതിഗതികള്‍ നേരിട്ടു കണ്ടു മനസ്സിലാക്കണമെന്ന ആഗ്രഹം കൂടിയുണ്ടായിരുന്നു മനസ്സില്‍. സ്കോളര്‍ഷിപ്പ് കിട്ടിയതായറിയിച്ചുകൊണ്ടുള്ള ഇമെയില്‍ സന്ദേശം ലഭിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ജപ്പാനിലെ ഓര്‍ഗ്ഗനൈസിങ് കമ്മറ്റിയില്‍ നിന്നും, വിസയ്ക്കപേക്ഷിക്കാനുള്ള രേഖകളും മറ്റും തപാലില്‍ വന്നു. അവയും, എന്റെ പാസ്പോര്‍ട്ടും, എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റും, ആദായനികുതി അടച്ചതിന്റെയടക്കമുള്ള രേഖകളുമായി ജപ്പാന്‍ വിസ പ്രോസസിങ് ഏജന്‍സിയായ വി എഫ് എസ് ഗ്ലോബലിന്റെ കൊച്ചി ഓഫീസില്‍ സമര്‍പ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം പാസ്പോര്‍ട്ട് ജപ്പാന്‍ വിസയടിച്ചു് തപാലില്‍ തിരികെ വന്നു. വിസ ലഭിച്ച വിവരം കോണ്‍ഫറന്‍സ് ഓര്‍ഗ്ഗനൈസര്‍മാരെ അറിയിച്ചപ്പോള്‍ കോഴിക്കോടു് മുതല്‍ ടോക്യോ നരിത വരെയും തിരിച്ചുമുള്ള വിമാന ടിക്കറ്റും ജപ്പാനിലെ ജെ ആര്‍ ഈസ്റ്റ് തീവണ്ടിക്കമ്പനിയുടെ ടൊഹോകു ഏരിയയിലേക്കുള്ള പാസും യാത്രാ നിര്‍ദ്ദേശങ്ങളും ഇമെയിലില്‍ അയച്ചു തന്നു. കോണ്‍ഫറന്‍സ് ആഗസ്റ്റ് 18, 19, 20 തീയ്യതികളിലാണു്. 21, 22 തീയ്യതികളില്‍ ജപ്പാനിലെ ഏതെങ്കിലും പ്രദേശങ്ങളില്‍ ഒന്നു കറങ്ങാനുള്ള ആഗ്രഹം മുന്നേക്കൂട്ടി ഓര്‍ഗ്ഗനൈസര്‍മാരെ അറിയിച്ചിരുന്നതനുസരിച്ചു് 23-ാം തീയ്യതിയാണു് അവര്‍ മടക്കയാത്രയുടെ വിമാനടിക്കറ്റ് എടുത്തു തന്നതു്.
മുന്‍കരുതലുകള്‍
മുമ്പു് ജപ്പാനില്‍ പോയിട്ടുള്ള കൊച്ചി ലിബ്രെ യൂസര്‍ ഗ്രൂപ്പിലെ ശ്രീനാഥിനെയും, അവന്റെ പരിചയക്കാരന്‍ സുരാജിനെയും ഫോണില്‍ വിളിച്ചും, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ആഷിക്കിനെ ടെലഗ്രാമില്‍ ബന്ധപ്പെട്ടും, ജപ്പാനില്‍ പോവുമ്പോള്‍ എന്തൊക്കെയാണു് ശ്രദ്ധിക്കേണ്ടതെന്നു് അന്വേഷിച്ചു. അവര്‍ പറഞ്ഞതനുസരിച്ചുള്ള മുന്‍കരുതലുകളെല്ലാം എടുത്തു. പോരാത്തതിനു് ശ്രീധന്യ സ്റ്റാര്‍ട്ടപ്പ് മിഷനിലായിരുന്നപ്പോള്‍ പരിചയപ്പെട്ട ചിഹിരോ മത്‌സൂറ എന്ന ജാപ്പനീസ് സുഹൃത്തിനോടു് ഫേസ്‌ബുക്കിലൂടെ വിവരങ്ങളന്വേഷിച്ചു തീര്‍ച്ചപ്പെടുത്തി. ഒരു ദിവസം അവള്‍ കൂടെ വരാമെന്നും പറഞ്ഞു. കോണ്‍ഫറന്‍സ് കഴിഞ്ഞുള്ള ആഗസ്ത് 21-23 തീയ്യതികളിലേക്കു് ടോക്യോ സ്റ്റേഷനടുത്തുള്ള നിഹോംബാഷിയിലെ ഒരു ഹോട്ടലില്‍ മുറി agoda.com വഴി ബുക്കു ചെയ്തു. നമ്മുടെ നാട്ടിലെ എ ടി എം കാര്‍ഡുകള്‍ അവിടെ പ്രവര്‍ത്തിക്കില്ലെന്നതിനാല്‍ കുറച്ചു പണം ട്രാവല്‍ ഏജന്‍സി വഴി യെന്‍ ആക്കി മാറ്റി കയ്യില്‍ കരുതി. ജപ്പാനിലെ പ്ലഗ് സോക്കറ്റുകള്‍ നമ്മുടെ നാട്ടിലേതു പോലെയുള്ളവയല്ല. അവയ്ക്കിണങ്ങിയ ഇന്റര്‍നാഷണല്‍ ട്രാവല്‍ അഡാപ്റ്ററൊരെണ്ണം വാങ്ങി. അങ്ങനെ പതിനാറാം തീയ്യതി ഞാന്‍ കോഴിക്കോടു് എയര്‍പോര്‍ട്ടില്‍ നിന്നും മുംബൈയിലേക്കു് വിമാനം കയറി.
മുംബൈ സി എസ് ടിയില്‍
കോഴിക്കോട്ടു നിന്നും മുംബൈ സി എസ് ടിയിലേക്കു് ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തിലും അവിടെ നിന്നു് ടോക്യോ നരിത എയര്‍പോര്‍ട്ടിലേക്കു് ആള്‍ നിപ്പോണ്‍ എയര്‍വേയ്സിന്റെ വിമാനത്തിലുമായിരുന്നു യാത്ര. വിമാനത്തില്‍ കയറുന്നതു് ആദ്യമായല്ലെങ്കിലും, വിദേശയാത്ര ആദ്യമായാണു്. അതുകൊണ്ടു തന്നെ അച്ഛനും അമ്മയും ശ്രീധന്യയും ശ്രേയയും ജ്യോത്സ്നയും ആഗിയുമൊക്കെയായി ഒരു പട തന്നെയാണു് എന്നെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ വന്നതു്. ശ്രേയയ്ക്കും ആഗിക്കും ഇതു് ആദ്യ വിമാനത്താവള അനുഭവമായതിനാല്‍ വിമാനത്താവളത്തിനു് പുറത്തു് വിമാനം ഉയരുന്നതും താഴുന്നതുമൊക്ക കണ്ടു് അവര്‍ അന്തം വിട്ടു് നോക്കി നിന്നത്രേ.

ശ്രേയയും ആഗിയും വിമാനം പറന്നു പൊങ്ങുന്നതു് അന്തം വിട്ടു് നോക്കി നില്ക്കുന്നു
മുംബൈ എയര്‍പോര്‍ട്ടില്‍ വിമാനമെത്തിയപ്പോള്‍ ടോക്യോ വിമാനത്തിനു് ഇനിയും സമയം ധാരാളമുണ്ടു്. നാലര മണിക്കൂറാണു് ലേയോവര്‍. അതുവരെ അവിടെയൊക്കെ കറങ്ങി നടന്നു. സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു വമ്പന്‍ ചേരിപ്രദേശത്തിനടുത്താണെങ്കിലും മുംബൈ വിമാനത്താവളത്തിനുള്‍വശം ഒരത്ഭുതപ്രപഞ്ചമാണു്. മുംബൈയിലെത്തിയ വിവരം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഫേസ്‌ബുക്കിലെ ഡിങ്കന്‍ ഗ്രൂപ്പിന്റെ കോ-അഡ്‌മിന്‍ പാര്‍ത്ഥസാരഥി അതുവഴി ലോസ് ആഞ്ചലസിലേക്കു് കടന്നു പോവുന്നുണ്ടെന്നു് റിപ്ലൈ പോസ്റ്റ് ചെയ്തു, പറ്റുമെങ്കില്‍ നേരില്‍ കാണാമെന്നും. ഇമ്മിഗ്രേഷനും കസ്റ്റംസ് ക്ലിയറന്‍സുമെല്ലാം കഴിഞ്ഞപ്പോള്‍ വിശന്നു. ‘വാങ്കോ’ എന്ന പേരെഴുതിയ ലൈറ്റ് റിഫ്രഷ്‌മെന്റ് കടയില്‍ നിന്നും തൈര്‍സാദം വാങ്ങിക്കഴിച്ചു. വില ഭയങ്കര കത്തിയാണു്, വിമാനത്താവളമല്ലേ. പക്ഷേ വിശപ്പടക്കണമല്ലോ. തൈര്‍സാദമെല്ലാം കഴിച്ചു് പുറത്തിറങ്ങി അങ്ങനെ നോക്കുമ്പോഴുണ്ടു് പാര്‍ത്ഥസാരഥിയും അമ്മയും കൂടി അവിടടുത്തായി ഇരിക്കുന്നു. ഫേസ്‌ബുക്കില്‍ ഏറെക്കാലത്തെ പരിചയമുണ്ടെങ്കിലും നേരില്‍ ആദ്യമായാണു് കാണുന്നതു്. ചെന്നു് വര്‍ത്തമാനവും വിശേഷങ്ങളുമെല്ലാം പറയുന്ന കൂട്ടത്തില്‍ പാര്‍ത്ഥസാരഥി അമേരിക്കന്‍ പൌരനാവാന്‍ പോവുന്ന കാര്യവും പറഞ്ഞു. പിരിയാന്‍ നേരം ഞങ്ങളിരുവരും കൂടി ഒരു സെല്‍ഫിയെടുത്തു.
അപ്പോഴേക്കും വിമാനം പുറപ്പെടാനുള്ള സമയമായി. ചെക്കിങ്ങെല്ലാം കഴിഞ്ഞു് എ എന്‍ എ വിമാനത്തില്‍ കയറി. വിമാനം പോവുന്ന വഴിയും വേഗതയും ഉയരവും മറ്റും നമ്മുടെ സീറ്റിനു് തൊട്ടു മുന്നിലെ സ്ക്രീനില്‍ നമുക്കു കാണാം.
ജപ്പാനില്‍
പിറ്റേന്നു് രാവിലെ ജപ്പാന്‍ സമയം 8.40നു് ഞാന്‍ ടോക്യോ നരിത വിമാനത്താവളത്തില്‍ എത്തി. കസ്റ്റംസ് ചെക്കിങ്ങും ഇമ്മിഗ്രേഷനും മറ്റും കഴിഞ്ഞു് നേരത്തേ നിശ്ചയിച്ചിരുന്നതു പോലെ ടെര്‍മിനല്‍ വണ്ണിലെ ജെ ആര്‍ ഈസ്റ്റ് റെയില്‍വേക്കമ്പനിയുടെ ആപ്പീസിലേക്കു് ചെന്നു. അവിടെ ശ്രീലങ്കയില്‍ നിന്നുള്ള സുധാകരന്‍, സെനഗാളില്‍ നിന്നുള്ള മൊഹമെത് ലാമിന്‍, നിജറില്‍ നിന്നുള്ള സമൈല അലിയോ, കൊളംബിയയില്‍ നിന്നുള്ള സായ്‌ര ഒവിയെദോ, ഫ്രഞ്ചുകാരനായ ഏഡ്രിയന്‍ പാവി, ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് ഫൌണ്ടേഷനില്‍ നിന്നുള്ള ഗ്രിഗറി മുതലായവര്‍ നേരത്തേ എത്തിയിരുന്നു. എല്ലാവരേയും പരിചയപ്പെട്ടു. എല്ലാവരും അവിടെ വച്ചു് തങ്ങള്‍ക്കു് കിട്ടിയ ട്രെയിന്‍ ട്രാവല്‍ വൌച്ചറുകള്‍ ട്രെയിന്‍ പാസ്സ് ആക്കി മാറ്റി. ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്തു. പിന്നെ നരിത – ടോക്യോ എക്സ്പ്രസ്സ് വരുന്ന പ്ലാറ്റ്ഫോമിലേക്കു് നടന്നു. വിമാനത്താവളത്തിന്റെ അതേ കെട്ടിടത്തില്‍ തന്നെ രണ്ടു് എക്സ്പ്രസ്സ് ട്രെയിന്‍ സ്റ്റേഷനുകളുണ്ടു്. നരിത – ടോക്യോ എക്സ്പ്രസ്സ് വന്നപ്പോള്‍ അതില്‍ കയറി. എക്സ്പ്രസ്സ് ട്രെയിനിലെ സജ്ജീകരണങ്ങള്‍ നമ്മുടെ നാട്ടിലേതിനേക്കാള്‍ ഒരുപാടു് മികച്ചതാണു്. എയര്‍ കണ്ടീഷന്‍ ചെയ്തവയാണു് കോച്ചുകള്‍. ഓരോ സ്റ്റേഷനിലുമെത്താറാകുമ്പോള്‍ ആ വിവരം ഇലക്‍ട്രോണിക്‍ സംവിധാനം വഴി അനൌണ്‍സ് ചെയ്യും. കൂടാതെ മുകളിലെ സ്ക്രീനില്‍ റൂട്ട്മാപ്പ് തെളിയുകയും ചെയ്യും. വണ്ടിയില്‍ ഇന്റര്‍നെറ്റ് വൈഫൈ ലഭ്യമാണു്. ടോക്യോ സ്റ്റേഷനിലേക്കാണു് പോവുന്നതു്. ടോക്യോ സ്റ്റേഷന്‍ തലങ്ങും വിലങ്ങും വിലങ്ങും ഇടനാഴികളും വഴികളും പല ഭാഗങ്ങളിലേക്കുള്ള റെയില്‍വേ ലൈനുകളും പ്ലാറ്റ്ഫോമുകളുമെല്ലാമുള്ള ഒരു ബൃഹത് സംവിധാനമാണു്. പക്ഷേ, ജപ്പാന്‍കാരുടെ ഒരു സവിശേഷതയാണെന്നു തോന്നുന്നു, എല്ലാ സംഗതികളും അവര്‍ സംവിധാനം ചെയ്യുന്നതു് വളരെ ergonomic ആയാണു്. എവിടെയെങ്കിലും നാം ഇതെന്തു ചെയ്യണമെന്നറിയാതെ ഉഴന്നു ചുറ്റും നോക്കിയാല്‍, നാം കാണുന്നേടത്തു തന്നെ ചെയ്യേണ്ട വിധം എഴുതിയോ, ചിത്രരൂപേണയോ പതിച്ചു വച്ചിട്ടുണ്ടാവും. അവരെ ഇക്കാര്യത്തില്‍ സമ്മതിച്ചേ മതിയാവൂ.
ഷിന്‍കാന്‍സെന്‍
ടോക്യോ സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെ നിന്നു് ഷിന്‍കാന്‍സെന്‍ ഹൈസ്പീഡ് ട്രെയിനിലേക്കു് മാറിക്കയറി. ടിക്കറ്റ് ചെക്കിങ്ങെല്ലാം നടക്കുന്നതു് പ്ലാറ്റ്ഫോമിലേക്കു് കയറും മുമ്പാണു്. അതിനായുള്ള യന്ത്രസംവിധാനമുണ്ടു്. അതില്‍ ടിക്കറ്റിട്ടാല്‍ ടിക്കറ്റില്‍ പഞ്ച് ചെയ്തു് അടുത്ത നിമിഷം യന്ത്രത്തിന്റെ മറ്റേ അറ്റത്തായി ടിക്കറ്റ് വെളിയില്‍ വരും. പ്രവേശനം അനുവദിക്കുന്ന കുട്ടിവാതില്‍ തുറക്കുകയും ചെയ്യും. ഞങ്ങള്‍ക്കു് പാസ്സ് ആയതിനാല്‍ അതിനായുള്ള വഴിയിലൂടെ വേണം പ്ലാറ്റ്ഫോമില്‍ കയറാന്‍. അവിടെ ഒരു ടിക്കറ്റ് ചെക്കര്‍ ടിക്കറ്റ് പരിശോധിക്കാനുണ്ടാവും. ടിക്കറ്റ് അദ്ദേഹത്തെ കാണിച്ചാല്‍ കടന്നു പോവാനുള്ള അനുമതി തരും. ഷിന്‍കാന്‍സെന്‍ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ വന്നു നിന്നപ്പോള്‍ ഒരു സ്ത്രീ – ഒരു അറുപതു വയസ്സെങ്കിലും ആയിക്കാണും – ഒരു കിറ്റ് പിടിച്ചു അതിന്റെ വാതിലിനടുത്തു നിന്നു. ട്രെയിനിന്നു പുറത്തിറങ്ങുന്നവര്‍ക്കു് വേസ്റ്റിടാനുള്ള സംവിധാനമാണെന്നു് മനസ്സിലായി. കിറ്റില്‍ വേസ്റ്റിടുന്ന എല്ലാവര്‍ക്കും അവര്‍ നന്ദി പറയുന്നു. എല്ലാവരും പുറത്തിറങ്ങിയപ്പോള്‍ അവര്‍ ചുറുചുറുക്കോടെ കമ്പാര്‍ട്ട്മെന്റിനകത്തു കയറി പരിശോധിച്ചു് അതിവേഗത്തില്‍ സീറ്റിനരികിലും, വിന്‍ഡോ ഗ്ലാസ്സും ഒക്കെ തുടച്ചു വൃത്തിയാക്കുന്നു. വെറുതെയല്ല ട്രെയിന്‍ പുത്തന്‍ പോലെയിരിക്കുന്നതു്. ആദ്യമായാണു് ഞാനൊരു ഹൈസ്പീഡ് ട്രെയിനില്‍ കയറുന്നതു്. നേരത്തേ കയറിയ എക്സ്പ്രസ്സ് ട്രെയിനിലേക്കാള്‍ സൗകര്യങ്ങള്‍ ഷിന്‍കാന്‍സെനില്‍ ഉണ്ടു്. പുറമേയുള്ള കാഴ്ചകള്‍ ഹൃദയഹാരിയാണു്. നെല്‍വയലുകള്‍, പോളിഹൌസുകള്‍, കാടുകള്‍, കെട്ടിടസമൂഹങ്ങള്‍… പരിസരശുചിത്വമാണു് അവിടെത്തെ മുഖമുദ്ര. നമുക്കു് കേരളത്തില്‍ പരിചയമേയില്ലാത്തത്രയും വേഗത്തില്‍ രണ്ടു മണിക്കൂര്‍ കൊണ്ടു് വണ്ടി ഞങ്ങള്‍ക്കെത്തേണ്ട കോരിയാമ സ്റ്റേഷനില്‍ എത്തി.
ഐസു-വാകാമാത്‌സുവില്‍
ഇവിടെ നിന്നും ലോക്കല്‍ ട്രെയിനില്‍ കയറി വേണം ഞങ്ങള്‍ക്കെത്തേണ്ട ഐസു-വാകാമാത്‌സുവിലേക്കു് പോവാന്‍. ഇവിടെ നിന്നു് പാസ് കാണിച്ചു് ട്രെയിനില്‍ കയറി. ലോക്കല്‍ ട്രെയിനും നമ്മുടെ നാട്ടിലെ ട്രെയിനുകളേക്കാള്‍ വളരെ മെച്ചപ്പെട്ടവയാണു്. കുറഞ്ഞ ദൂരമേയുള്ളൂവെങ്കിലും രണ്ടു മണിക്കൂര്‍ കൊണ്ടാണു് ട്രെയിന്‍ കോരിയാമയില്‍ നിന്നും ഐസു-വാകാമാത്‌സുവിലെത്തിയതു്.
ഐസു-വാകാമാത്‌സു അത്ര വലിയ നഗരമൊന്നുമല്ല. മുമ്പു് ഇതൊരു സമുറായ് നഗരമായിരുന്നു. ബോഷിന്‍ സിവില്‍ യുദ്ധത്തില്‍ ടോക്കുഗാവ ഷോഗുണേറ്റിന്റെ കൂടെ മീജി ചക്രവര്‍ത്തിയുടെ സൈന്യത്തിനെതിരേ പോരാടി നിന്ന നഗരം. പക്ഷേ, അവസാനം ചക്രവര്‍ത്തിയുടെ സൈന്യത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു. അന്നത്തെ യുദ്ധത്തില്‍ ഘടനാപരമായ കേടുപാടുകള്‍ സംഭവിച്ച ത്‌സുരുഗാജോ കോട്ട, ചക്രവര്‍ത്തിയുടെ ഉത്തരവു പ്രകാരം പൊളിച്ചു മാറ്റിയെങ്കിലും പില്ക്കാലത്തു് അതേ സ്ഥലത്തു് കോണ്‍ക്രീറ്റു കൊണ്ടു് പുനര്‍ നിര്‍മ്മിച്ചു. ഈ പുതിയ കോട്ട ഐസു-വാകാമാത്‌സു നഗരത്തിന്റെ മുഖമുദ്രയാണു്.
ട്രെയിനിറങ്ങി ഞങ്ങള്‍ക്കു മുറികള്‍ ബുക്കു ചെയ്തിരിക്കുന്ന ഫ്യൂജി ഗ്രാന്‍ഡ് ഹോട്ടലിലേക്കു് – ഇരുപതു് മിനുട്ട് നടക്കാനുള്ള ദൂരമുണ്ടു് – നടന്നു. ഹോട്ടലിലെത്തി ചെക്ക്-ഇന്‍ ചെയ്തു് മുറിയില്‍ കയറി. ഗ്രീന്‍ ടീയുടെ പാക്കറ്റാണു് വച്ചിരിക്കുന്നതായി കണ്ടതു്. ഞാനതു വരേ ഗ്രീന്‍ ടീ കഴിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു് പരീക്ഷിക്കാന്‍ തോന്നിയില്ല. നേരം കളയാതെ പുറപ്പെട്ടു് റെഡിയായി ഹോട്ടലിലെ റസ്റ്റാറണ്ടിലേക്കു് ചെന്നു. ഇവിടെ വൈകുന്നേരത്തെ ഡ്രിങ്ക്സ് സോഷ്യലൈസ് ചെയ്യാനുള്ള ഒരുപാധിയാണു്. ഒരു ബീര്‍ കഴിച്ചു കൊണ്ടു് കുറച്ചു നേരം സംസാരിച്ചിരുന്നു. കൂടുതല്‍ സമയം അവിടെയിരിക്കാതെ പുറത്തിറങ്ങി. കോണ്‍ഫറന്‍സിനു വന്നവര്‍ പല സംഘങ്ങളായി ഹോട്ടലിലേക്കു് വന്നു കൊണ്ടിരിക്കുന്നു.
സുധാകരനും മറ്റുമൊപ്പം ഒന്നു കറങ്ങാനിറങ്ങി. കുടിവെള്ളം, പാനീയങ്ങള്‍ മുതലായവ വാങ്ങാന്‍ എല്ലാ സ്ഥലത്തും വെന്‍ഡിങ് മെഷീനുകള്‍ വച്ചിരിക്കുന്നതു കണ്ടു. ആവശ്യമായത്രയും നാണയങ്ങളിട്ടാല്‍ അതിനു തത്തുല്യമായ വിലയുടെ ബോട്ടിലുകള്‍ക്കു നേരെ ലൈറ്റ് പ്രത്യക്ഷപ്പെടും. അപ്പോള്‍ നമുക്കിഷ്ടമുള്ളതിന്റെ നേരെയുള്ള ബട്ടണമര്‍ത്തിയാല്‍ ആ പാനീയം താഴെ പെട്ടിയില്‍ വീഴും. അവിടെ നിന്നു് അതു നമുക്കെടുക്കാം. തെരുവുകള്‍ വളരെ വൃത്തിയുള്ളവയാണു്. സംഗീതം പൊഴിക്കുന്ന വിളക്കുകാലുകളാണു് ഒരു തെരുവിലുള്ളതു്. നേര്‍ത്ത സംഗീതം കേട്ടു കൊണ്ടു് ഫുട്പാത്തിലൂടെ നടക്കാം. അലക്ഷ്യമായി ഇട്ട ഒരു കടലാസു കഷ്ണം പോലും എങ്ങും കാണാനില്ല. എല്ലാടവും വളരെ വെടിപ്പായിരിക്കുന്നു. റോഡുകളില്‍ വാഹനങ്ങള്‍ക്കു പോവാനുള്ള വഴി, സൈക്കിള്‍ യാത്രികര്‍ക്കു സഞ്ചരിക്കാനുള്ള വഴി, കാല്‍നടക്കാര്‍ക്കുള്ള വഴി എന്നിവ പ്രത്യേകം വേര്‍തിരിച്ചു വച്ചിട്ടുണ്ടു്.
എല്ലായിടത്തും ഇലക്‍ട്രോണിക്‍ സിഗ്നലുകള്‍. റോഡിലെ ട്രാഫിക്‍ തികഞ്ഞ അച്ചടക്കത്തിലാണു്. കാല്‍നട യാത്രക്കാര്‍ സീബ്രാവരയില്‍ കാലെടുത്തു കുത്തിയാല്‍ വാഹനങ്ങള്‍ അകലം പാലിച്ചു് നിര്‍ത്തും. കാല്‍നടക്കാര്‍ അപ്പുറമെത്തിയ ശേഷമേ വാഹനം മുന്നോട്ടെടുക്കൂ. പരിസരശുചിത്വത്തിന്റെയും റോഡ് ഡിസൈനിന്റെയും ട്രാഫിക്‍ നിയമങ്ങള്‍ അനുസരിക്കുന്നതിന്റെയും കാര്യങ്ങളില്‍ നാം ജപ്പാന്‍കാരില്‍ നിന്നും വളരെയേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നു മനസ്സിലായി. തിരികെ ഹോട്ടലിലേക്കു തന്നെ മടങ്ങി. ഹോട്ടലിലെ ലിഫ്റ്റില്‍, അഞ്ചാം നിലയില്‍ ഒരു വലിയ കമ്മ്യൂണിറ്റി കുളിമുറിയും സോനയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന നോട്ടീസ് കണ്ടു. അപ്പോള്‍ മുരളീ തുമ്മാരുകുടിയുടെ സോന അനുഭവം വായിച്ചതു് ഓര്‍മ്മ വന്നു. ഒരു ദിവസം ഒന്നു കേറിനോക്കണമെന്നു മനസ്സില്‍ കരുതി. രാത്രിയായപ്പോള്‍ എല്ലാവരും പുറത്തിറങ്ങി ഒരു ഹോട്ടലില്‍ കയറി ഡിന്നര്‍ കഴിക്കാമെന്നു വച്ചു. ഞാനും ലാമിനും, സമൈലയും പുറത്തിറങ്ങിയപ്പോള്‍ ഒരു ടീം മുന്നേ തന്നെ റസ്റ്റാറണ്ടിലേക്കു് പോയ്ക്കഴിഞ്ഞിരുന്നു. അവര്‍ ഏതു റസ്റ്റാറണ്ടിലാണുള്ളതെന്നു് ലോക്കേഷന്‍ വാട്ട്സാപ്പില്‍ അയച്ചു തന്നു. പക്ഷേ, ഒന്നു രണ്ടു റോഡ് ജങ്ഷനുകള്‍ പിന്നിട്ടപ്പോള്‍ വഴി പിന്നേയും കണ്‍ഫ്യൂഷനായി. അപ്പോഴാണു് മുന്നിലെ കെട്ടിടത്തില്‍ Koban എന്ന ബോര്‍ഡ് കണ്ടതു്. അതായതു് പോലീസ് സ്റ്റേഷന്‍. നാലു പോലീസുകാരുണ്ടവിടെ. ലാമിന്‍ ഇതു കണ്ടയുടനേ അങ്ങോട്ടു ചെന്നു് അവിടെത്തെ പോലീസുകാരോടു് കുറേ ആംഗ്യഭാഷയിലും ഫോണിലെ ലൊക്കേഷന്‍ കാണിച്ചും മറ്റും വിഷയമവതരിപ്പിച്ചു. ഞാനാവട്ടെ നമ്മുടെ നാട്ടിലെ അനുഭവം വച്ചു്, ഈ പോലീസുകാര്‍ ഏതു രീതിയിലാവും പ്രതികരിക്കുക എന്നാകുലപ്പെട്ടു് നില്പായി. ലാമിന്റെ നാട്ടിലൊക്കെ പോലീസ് സ്റ്റേഷനില്‍ ഇങ്ങനെ ഫ്രീയായി എപ്പോഴും കേറിച്ചെല്ലാമോ ആവോ. എന്നാല്‍ ഈ പോലീസുകാര്‍ അവരുടെ കൈവശമുള്ള മാപ്പില്‍ ഈ സ്ഥലം തെരഞ്ഞു പിടിച്ചു. രണ്ടു പോലീസുകാര്‍ ഞങ്ങളുടെ കൂടെ വന്നു ഒരു റസ്റ്റാറണ്ടില്‍ ഞങ്ങളെ കൊണ്ടുവിട്ടു തന്നു തിരികെപ്പോയി. എന്നാല്‍ ഈ റസ്റ്റാറണ്ടില്‍ നമ്മുടെ സംഘത്തെ കാണാനില്ല. അവരെവിടെ? ലാമിനും സമൈലയും റസ്റ്റാറണ്ടിലുള്ളവരോടു് ഫോണിലെ ലൊക്കേഷനൊക്കെ കാണിച്ചു് വിശദീകരിക്കാന്‍ തുടങ്ങി കുഴങ്ങി. അവര്‍ക്കൊന്നും പിടി കിട്ടുന്നില്ല. ഞാന്‍ ഞങ്ങളുടെ ടീം ഉള്ള സ്ഥലത്തിന്റെ പേരു പറഞ്ഞപ്പോള്‍ അവരിലൊരാള്‍ കൂടെ വന്നു് ഞങ്ങളെ അവിടെ കൊണ്ടാക്കിത്തന്നു, അതായതു്, ഞങ്ങളെത്തിയതിന്റെ നേരെ പുറകില്‍. ഡിന്നര്‍ ആദ്യത്തെ ജപ്പാനീസ് ഭക്ഷണാനുഭവമായിരുന്നു.
മസാലയോ സുഗന്ധദ്രവ്യങ്ങളോ ചേര്‍ക്കാത്ത ഇറച്ചി, വേവിക്കാത്ത പച്ചിലകള്‍ എന്നിവയടങ്ങിയ ഭക്ഷണം വലിയ കുഴപ്പമില്ല. പക്ഷേ ചോപ് സ്റ്റിക്‍സ് കൊണ്ടുള്ള ഭക്ഷണം കഴിക്കലിലാണു് കുടുങ്ങിപ്പോയതു്. ഞാനീ കോലുകള്‍ കൊണ്ടു് കഷ്ടപ്പെട്ടു് എന്തു തോണ്ടിയെടുത്താലും അതു താഴെ വീഴും. ഇതു നേരാംവണ്ണം പിടിക്കാന്‍ തന്നെ പരിശീലനം വേണം. എന്റെ കഷ്ടപ്പാടു് കണ്ടു് കൂടെയുള്ളവര്‍ ചിരിച്ചു. ഇതു പിടിക്കേണ്ട വിധം പറഞ്ഞു തന്നു. ഡിന്നര്‍ കഴിഞ്ഞു് തിരികെ വരുംവഴി ഖാന്‍ നവാബ് എന്നു പേരുള്ള ഇന്ത്യന്‍ റസ്റ്റാറന്റ് കണ്ടു. അടുത്ത ദിവസം അവിടെ കയറാമെന്നു മനസ്സില്‍ കരുതി. മുറിയിലെത്തി അധികം സാമസിയാതെ ഉറങ്ങി.
പിറ്റേന്നു്
രാവിലെ എണീക്കാന്‍ അല്പം വൈകി. ബദ്ധപ്പെട്ടു് എണീറ്റ് പ്രഭാതകൃത്യങ്ങള്‍ കഴിച്ചു. ജപ്പാനിലെ ടോയ്‌ലറ്റുകളിലെ ക്ലോസറ്റുകള്‍ കൌതുകമുണര്‍ത്തുന്നവയാണു്. സെന്‍സറുകളും സ്വിച്ചുകളും അതിന്റെ ഭാഗമാണു്. കമ്മോഡില്‍ ഇരുന്നാല്‍ വെള്ളമൊഴുകാന്‍ തുടങ്ങും. കുറച്ചു നേരം കഴിഞ്ഞു് വെള്ളം നില്‍ക്കും. പരിപാടി കഴിഞ്ഞ ശേഷം വശത്തുള്ള സ്വിച്ചില്‍ ഞെക്കിയാല്‍ ക്ലോസറ്റിനുള്ളില്‍ നിന്നും ഒരു സ്പ്രെയര്‍ പ്രത്യക്ഷപ്പെട്ടു് കൃത്യമായി വെള്ളം പീച്ചി അവിടമാകെ വൃത്തിയാക്കിത്തരും. സംഭവം എനിക്കിഷ്ടപ്പെട്ടു. കുളിച്ചു് പുറപ്പെട്ടു പ്രഭാതഭക്ഷണത്തിനിരുന്നു. വേവിക്കാത്ത പച്ചിലകളാണു് പ്രധാന ഐറ്റം. ഭക്ഷണം കഴിഞ്ഞു് പുറത്തിറങ്ങി.
ഐസു-വാകാമാത്‌സു സിറ്റി കള്‍ച്ചര്‍ സെന്ററില്‍
ഞാന്‍ പുറപ്പെട്ടു വരാന്‍ വൈകിയതു കൊണ്ടു് മിക്കവരും സിറ്റി കള്‍ച്ചറല്‍ സെന്ററിലേക്കു് പോയ്ക്കഴിഞ്ഞിരുന്നു. അവസാനത്തെ സംഘത്തോടൊപ്പം ഞാനും പുറപ്പെട്ടു. സെന്ററിലെത്തി രജിസ്ട്രേഷനൊക്കെ കഴിഞ്ഞു് അവിടെയാകെ ക്യാമറയും തൂക്കി ചുറ്റിനടന്നു. വലിയൊരു ആധുനിക കെട്ടിടം. ഉദ്ഘാടനച്ചടങ്ങിനിടെ, വല്ല അനിഷ്ട സംഭവവുമുണ്ടായാല്‍ എങ്ങിനെയാണു് പുറത്തു കടക്കേണ്ടതു്, കെട്ടിടത്തിലെ ജീവന്‍ രക്ഷാ ഉപാധികള്‍ എന്തൊക്കെ എന്നെല്ലാം വിശദീകരിച്ചു. പസഫിക്കിലെ അഗ്നിപര്‍വ്വത മേഖലയായ റിങ് ഓഫ് ഫയറില്‍ സ്ഥിതി ചെയ്യുന്ന ജപ്പാനില്‍ എപ്പോ വേണമെങ്കിലും ഭൂകമ്പം വരാമല്ലോ. അതു കൊണ്ടു് എല്ലാവര്‍ക്കും മുന്‍കരുതലുകള്‍ നല്കുകയാണു്. ഈ നടപടി നമ്മുടേതില്‍ നിന്നും വേറിട്ടതായി തോന്നി. ഉദ്ഘാടനച്ചടങ്ങുകള്‍ കഴിഞ്ഞു് സെഷനുകള്‍ ആരംഭിച്ചു. രണ്ടു് ഹാളുകളിലായാണു് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതു്. മെയിന്‍ ഹാളില്‍ മാപ്പ്ബോക്‍സില്‍ നിന്നുള്ള അരുണ്‍ ഗണേഷ് കീനോട്ട് അഡ്രസ്സ് ചെയ്തു. തുടര്‍ന്നു് ഓ എസ് എം ഫുക്കുഷിമയില്‍ നിന്നുള്ള ജൂന്‍ മെഗുറോ തന്റെ ‘ OSM in Aizuwakamatsu city: Construction of a hazard map’, എന്ന അവതരണത്തില്‍ ഫുക്കുഷിമയില്‍ അവരെങ്ങനെയാണു് ഹസാര്‍ഡ് മാപ്പുണ്ടാക്കിയതെന്നതിനെപ്പറ്റി സംസാരിച്ചു. പിന്നാലെ അല്‍ബേനിയയില്‍ നിന്നുള്ള അനീസ കുച്ചിയുടെ ‘How to build up an OSM community’ എന്ന അവതരണത്തില്‍ അല്‍ബേനിയയില്‍ അവര്‍ എന്തൊക്കെ ഇടപെടലുകളാണു് നടത്തിക്കൊണ്ടിരിക്കുന്നതെന്നതിനെപ്പറ്റി സംസാരിച്ചു.
ഈ അവതരണങ്ങള്‍ കഴിഞ്ഞപ്പോള്‍ ചായയ്ക്കു് സമയമായി. മെയിന്‍ ഹാളില്‍ നിന്നു് പുറത്തു കടന്നു. ഗ്രീന്‍ ടീ, മില്‍ക്ക് ടീ, ഡാര്‍ജിലിങ് ടീ തുടങ്ങി പലതരത്തിലുള്ള ചായകളാണു് അവിടെ. ജപ്പാന്‍കാര്‍ക്കു് ചായ അവരുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണു്. അവര്‍ ചായയില്‍ പഞ്ചസാര ചേര്‍ക്കാറില്ല. ചായ അതിന്റെ സ്വാഭാവിക രുചിയില്‍ കുടിക്കുന്നതാണവര്‍ക്കിഷ്ടം. ചൂടാറിയ ഗ്രീന്‍ ടീയും മറ്റും പ്ലാസ്റ്റിക്‍ ബോട്ടിലുകളില്‍ നിരത്തി വച്ചതു കണ്ടു. നമുക്കാവശ്യമുള്ളവയെടുക്കാം. കൂടെ പലതരം ജ്യൂസുകളും. ബിസ്കറ്റുകള്‍, കേക്കുകള്‍ തുടങ്ങി പലതരം പലഹാരങ്ങളുമുണ്ടു്.
ചായ കഴിഞ്ഞു് ഞാന്‍ ഹാളില്‍ നിന്നും മാറി റൂം വണ്ണില്‍ ചെന്നിരുന്നു. അവിടെ ഡാന്‍ വാന്‍ റാംഷ്രോസ്റ്റിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള ‘Mapping with a time dimension’, സൈപ്രസ്സില്‍ നിന്നുള്ള ജോര്‍ജ്ജിയ മരിന ആന്‍ഡ്രോയുടെ ‘New opportunities for understanding the ancient coastline’ എന്നീ സെഷനുകള്‍ കഴിഞ്ഞപ്പോഴേക്കും ഉച്ചഭക്ഷണ സമയമായി. പുറത്തിറങ്ങി ധാരാളം പടങ്ങളെടുത്തു.
ഉച്ചഭക്ഷണം
ഉച്ചഭക്ഷണം പല തരത്തിലുള്ള ബോക്‍സ് ലഞ്ചുകളായിട്ടാണു് അവിടെ കണ്ടതു്. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍, ഹലാല്‍ തുടങ്ങി പല തരത്തിലുള്ളവയുണ്ടു്. ഞാനൊരു ജാപ്പാനീസ് ലഞ്ചിന്റെ ബോക്സ് എടുത്തു. കൂടെവന്ന സുധാകരനും അതൊരെണ്ണം എടുത്തു. ഹാള്‍ വണ്ണിലിരുന്നു് തീറ്റ തുടങ്ങി. സ്പൈസസ് ഒന്നും ചേര്‍ക്കാതെയുള്ള ഭക്ഷണം നമുക്കു് കഴിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നു് മനസ്സിലായി. അല്പം ചോറു്, യാതൊന്നും ചേര്‍ക്കാതെ പച്ചയ്ക്കു വേവിച്ച മീന്‍ കഷ്ണം, എണ്ണയില്‍ വറുത്തെടുത്ത ചെമ്മീന്‍ എന്നിവയുമുണ്ടായിരുന്നു അതില്‍. ഭക്ഷണം കഴിഞ്ഞു് വേസ്റ്റിടാനുള്ള സംവിധാനം പരതി. ഭക്ഷണം വച്ചതിനല്പം മാറി അടുത്തു തന്നെ വേസ്റ്റ് നിക്ഷേപിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. നമ്മള്‍ ഇവിടെ ചെയ്യുന്നതുപോലെ എല്ലാം കൂടി ഒന്നിച്ചു് നിക്ഷേപിക്കുന്ന രീതിയല്ല അവിടെ, വേര്‍തിരിച്ചാണിടുന്നതു്. പരിചയമില്ലാത്തവര്‍ വേസ്റ്റ് ഒന്നിച്ചിടുമ്പോള്‍ അതാതു സമയത്തു തന്നെ വളണ്ടിയര്‍മാരിലൊരാള്‍ യാതൊരു പരാതിയും കൂടാതെ അവ ബിന്നില്‍ നിന്നെടുത്തു് വേര്‍തിരിച്ചു് അതാതിടത്തു നിക്ഷേപിക്കുന്നു. നമ്മുടെ നാട്ടില്‍ കാണാത്ത ഒരു രീതി.
ഉച്ചയ്ക്കു ശേഷം റൂം വണ്ണില്‍ ചെന്നിരുന്നു് എച്ച് എസ് ആര്‍ ജിയോമെറ്റാ ലാബില്‍ നിന്നുള്ള സ്റ്റെഫാന്‍ കെല്ലറുടെ ‘Challenges in geonames and address extraction’, ഹ്യൂമന്‍ കമ്പ്യൂട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എഗ്‌ലെ മരിയ റാമനൌസ്കൈറ്റെയുടെ ‘One road goes a long way: measuring the impact of maps on fighting FGM in Tanzania’, ഓ എഫ് എം എസ് ജപ്പാനില്‍ നിന്നുള്ള യൂയിച്ചിറോ നിഷിമുറയുടെ ‘Totsukawa: After the heavy rainfall disaster’ എന്നീ സെഷനുകള്‍ കണ്ടു.
അപ്പോഴേക്കും ചായയുടെ സമയമായി. ചായകുടിയുടെ സമയത്താണു് ജപ്പാനില്‍ ജോലി ചെയ്യുന്ന മഹാരാഷ്ട്രക്കാരനായ സ്വപ്നീല്‍ സത്പുതെയെ പരിചയപ്പെട്ടതു്. സ്വപ്നീല്‍ ജപ്പാനില്‍ റാക്കൂട്ടെന്‍ എന്നൊരു കമ്പനിയില്‍ ജോലി ചെയ്യുകയാണു്.
പിറ്റേന്നു് രാവിലെ എട്ടരയ്ക്കു് ത്‌സുരുഗാജോ കോട്ടയ്ക്കു് മുന്നില്‍ ഫോട്ടോ സെഷനു് വേണ്ടി എത്തണമെന്ന അറിയിപ്പു കണ്ടു.
ചായകുടി കഴിഞ്ഞു് മെയിന്‍ ഹാളില്‍ അരുണ്‍ ഗണേഷിന്റെ ‘Validating OpenStreetMap’, ഹൈഡല്‍ബര്‍ഗ്ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള മാര്‍ട്ടിന്‍ റൈഫറുടെ ‘OSM history analysis using big data technology’ പിന്നെ റൂം വണ്ണില്‍ ടോക്യോ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള മസാക്കി ഇത്തോയുടെ ‘Callenges of open data in Japanese public transport’ എന്നീ സെഷനുകള്‍ കഴിഞ്ഞതോടെ ആദ്യ ദിവസത്തിനു് സമാപനമായി.
ഇന്ത്യന്‍ റസ്റ്റാറണ്ട്
തിരികെ ഞങ്ങള്‍ ഓരോ ചെറു സംഘങ്ങളായി ഹോട്ടലിലേക്കു് മടങ്ങി. പോകുന്ന വഴി ഞാനും സുധാകരനും ഒന്നു രണ്ടു് കടകളിലും സൂപ്പര്‍ മാര്‍ക്കറ്റിലുമൊക്കെ കയറി. നമ്മുടെ നാട്ടില്‍ പതിവില്ലാത്ത തരം ഉല്പന്നങ്ങളൊക്കെയുണ്ടു് കടകളില്‍. തിരികെ ഹോട്ടലിലെത്തി ഫ്രഷായി റസ്റ്റാറണ്ടിലെത്തി. സുധാകരനും സമൈലയും അവിടെയിരിപ്പുണ്ടായിരുന്നു. സമൈല ജ്യൂസും സുധാകരന്‍ ബിയറും കഴിച്ചു. ഞാന്‍ സാക്കെ
എന്ന ജാപ്പനീസ് മദ്യം രുചിച്ചു നോക്കാന്‍ തീരുമാനിച്ചു. കൂടെ ചിക്കനും. സാക്കെ നല്ല ഗംഭീരസംഭവം തന്നെ. രാത്രിഭക്ഷണം തലേന്നു് കണ്ട ഖാന്‍ നവാബ് എന്ന ഇന്ത്യന്‍ റസ്റ്റാറണ്ടില്‍ നിന്നാവാമെന്നു് കരുതി. ഞങ്ങളവിടേക്കു് നടന്നു. പോവുന്ന വഴി തെറ്റിയോ എന്നൊരു സംശയം. അപ്പോള്‍ എതിരേ വരുന്നുണ്ടായിരുന്ന സ്റ്റേറ്റ് ഓഫ് ദ മാപ്പ് വളണ്ടിയര്‍ പെണ്‍കുട്ടികളോടു് അവിടേക്കുള്ള വഴിയറിയാമോയെന്നു് ചോദിച്ചു. അവര്‍ക്കറിയില്ല. ഞങ്ങള്‍ അവരോടു് വിട പറഞ്ഞു് വീണ്ടും മുന്നോട്ടു നടന്നു് ഒന്നു രണ്ടു് തെരുവുകള്‍ പിന്നിട്ടു് സംഭവം കണ്ടു പിടിച്ചു. അവിടെ കയറിയപ്പോ, ആദ്യം കണ്ണില്‍പ്പെട്ടതു് ഇന്ത്യയുടെ ദേശീയ പതാക ഉള്ളില്‍ തൂക്കിയിട്ടിരിക്കുന്നതാണു്. അതു കണ്ടു് സമൈല, ഇതു് അവന്റെ രാജ്യമായ നിജറിന്റെ പതാക പോലുണ്ടല്ലോയെന്നു് പറഞ്ഞു.
ടിവിയില്‍ കത്രീന കൈഫിന്റെ ‘ഷീല ഷീല കീ ജവാനി..’ തകര്‍ക്കുന്നു. താജ് മഹലിന്റെയും മറ്റും പോസ്റ്ററുകള്‍. മെനു കൊണ്ടു തന്നു. മുഴുവന്‍ ജാപ്പനീസ്. കെണിഞ്ഞല്ലോയെന്നു് മനസ്സില് കരുതി. ഇതു് വായിക്കാനറിയില്ലെന്നു് കൌണ്ടറിലെയാളോടു് പറഞ്ഞു. അവര്‍ ഷെഫിനെ വിളിച്ചു. ഷെഫിന്റെ പേരു് ഹൈദര്‍ ഖാന്‍. ഡെല്‍ഹിക്കാരനാണു്. ഇംഗ്ലീഷറിയില്ല. ഞാന്‍ ഹിന്ദിയില്‍ സംവദിച്ചു. പത്തു വര്‍ഷമായി ജപ്പാനിലെത്തീട്ടു്. ടോക്യോയില്‍ ഒരു ഇന്ത്യന്‍ റസ്റ്റാറണ്ടിലായിരുന്നു. ഇപ്പോള്‍ ഇവിടെ പാര്‍ട്ട്ണര്‍ഷിപ്പില്‍ സ്വന്തമായി റസ്റ്റാറണ്ട് തുടങ്ങിയിരിക്കുകയാണു്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, നാനും റൈസുമൊക്കെ. അപ്പോള്‍ അവിടെയിരുന്ന ഒരു ജാപ്പനീസ് അമ്മയും മകളുമായി സംവദിക്കാന്‍ ശ്രമം നടത്തി. നല്ല തമാശ. ഞങ്ങള്‍ പറയുന്നതു് അവര്‍ക്കും അവര്‍ പറയുന്നതു ഞങ്ങള്‍ക്കും മനസ്സിലാവുന്നില്ല. ആംഗ്യഭാഷയില്‍ കുറേ ശ്രമിച്ചു നോക്കി. നോ രക്ഷ. സുധാകരന്‍ പറഞ്ഞു: അല്പം പോലും ഇംഗ്ലീഷ് അവര്‍ക്കറിയില്ലല്ലോ. ഒരു കാര്യം മനസ്സിലായി. മോളുടെ ബര്‍ത്ത്ഡേയാണു്. ബര്‍ത്ത്ഡേ ആഘോഷിക്കാന്‍ അമ്മയും മോളും ഇന്ത്യന്‍ റസ്റ്റാറണ്ടില്‍ കയറിയതാണു്. ഞങ്ങളും അവളോടു് ഹാപ്പി ബര്‍ത്ത്ഡേ പറഞ്ഞു. അമ്മയ്ക്കും മകള്‍ക്കും സന്തോഷമായി. ഭക്ഷണം മുന്നിലെത്തി. ഞാനും സുധാകരനും നാനും, സമൈല റൈസും കഴിച്ചു. നല്ല ഭക്ഷണം. ഭക്ഷണം കഴിഞ്ഞു് ഞങ്ങള്‍ മൂവരുടെയും കാശു് സമൈല കൊടുത്തു. യാത്ര പറഞ്ഞു് പുറത്തിറങ്ങി ഹോട്ടലിലേക്കു് നടന്നു. പോവുന്ന വഴി ഒരു ഗെയിം സ്റ്റേഷന്‍ കണ്ടു് അവിടെയൊന്നു് കയറി നോക്കി.

ഗെയിം സ്റ്റേഷന്‍
തരക്കേടില്ലാത്ത സെറ്റപ്പ്. നാലഞ്ചു പേരിരുന്നു് ഗെയിം കളിക്കുന്നുണ്ടു്. ഞങ്ങള്‍ പക്ഷേ ഗെയിമൊന്നും കളിക്കാന്‍ നില്ക്കാതെ അവിടുന്നു് പോന്നു. തിരികെ ഹോട്ടലിലെത്തി സോനയില്‍ ഒന്നു കേറി നോക്കി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ സോനയാണു്. ആണുങ്ങളുടെ സോനയില്‍ കയറി നോക്കിയപ്പോള്‍ അവിടെ ആളുകള്‍ പൂര്‍ണ്ണ നഗ്നരായി ഇരുന്നു് ആവി കൊള്ളുന്നതു് കണ്ടു. അതു കണ്ടു് എനിക്കങ്ങോട്ടു് കേറിയിരിക്കാന്‍ തോന്നിയില്ല. ഒരു ചടപ്പു്. തിരിച്ചു റൂമിലേക്കു് വന്നു് ഉറങ്ങി.
കോണ്‍ഫറന്‍സ് – രണ്ടാം ദിവസം
രാവിലെ മുട്ടയും തൈരും പച്ചിലകളുമടങ്ങിയ പ്രഭാതഭക്ഷണം കഴിഞ്ഞു് പുറത്തിറങ്ങി കോട്ടയിലേക്കു് നടന്നു. കോട്ടയുടെ പ്രവേശന കവാടത്തിനു് മുന്നിലെത്തിയപ്പോള്‍ ഒരാള്‍ അവിടം വൃത്തിയാക്കുന്നു. നമ്മുടെ നാട്ടിലെപ്പോലെ ചൂലു കൊണ്ടു് അടിച്ചു വാരുകയല്ല ചെയ്യുന്നതു്. കൊഴിഞ്ഞു വീണ ഇലകള്‍ ബ്ലോവര്‍ കൊണ്ടു് പറത്തി ഒരിടത്തു കൂട്ടിയിടുന്നു. കടലാസുകളോ മറ്റു ചപ്പുചവറുകളോ ഒന്നുമില്ല, കരിയിലകള്‍ മാത്രം. അതുകൊണ്ടു് ബ്ലോവര്‍ മതി വൃത്തിയാക്കാന്‍. കോട്ടയ്ക്കു മുന്നിലെത്തിയപ്പോള്‍ കോണ്‍ഫറന്‍സിനെത്തിയ എല്ലാവരുമുണ്ടായിരുന്നു അവിടെ. ഉടന്‍ തന്നെ എല്ലാവരും കോട്ടയ്ക്കു് മുന്നില്‍ നിന്നു് പടമെടുത്തു. ഗ്രൂപ്പ് ഫോട്ടോ സെഷന്‍ കഴിഞ്ഞപ്പോള്‍ ഞാനും ചറപറാ പടങ്ങളെടുത്തു.
പടമെടുപ്പെല്ലാം കഴിഞ്ഞു് നേരെ സിറ്റി കള്‍ച്ചറല്‍ സെന്ററിലേക്കു് നടന്നു. അവിടെയെത്തി ഞാന്‍ റൂം വണ്ണിലാണിരുന്നതു്. അവിടെ വച്ചു് ആഫ്രിക്കയിലെ സെനെഗാള്‍കാരനായ മൊഹമ്മെത് ലാമിന്‍ എന്‍ഡിയായെയുടെ ‘Senegal: Extending the use of OpenStreetMap’, വേള്‍ഡ് ബാങ്കില്‍ നിന്നുള്ള ശ്രീലങ്കക്കാരനായ എസ് സുധാകരന്റെ ‘The Sri Lankan government and OSM’, ജപ്പാന്‍കാരനായ സതോഷി മയേഡയുടെ ‘Snow-plower vehicle tracking for heavy snow zone’ എന്നീ പ്രസന്റേഷനുകള്‍ കണ്ടു. അപ്പോള്‍ മെയിന്‍ഹാളില്‍ എന്തു നടക്കുന്നെന്നു് പോയി നോക്കാന്‍ തോന്നി. അവിടെ ചെന്നപ്പോള്‍ ഫേസ്‌ബുക്കില്‍ നിന്നുള്ള ദൃഷ്ടി പട്ടേലിന്റെ ‘AI-assisted road tracing for OpenStreetMap’ എന്ന പ്രസന്റേഷന്‍ തകര്‍ക്കുന്നു. പതിനൊന്നു മണിയുടെ ചായകുടി കഴിഞ്ഞു് വീണ്ടും റൂം വണ്ണിലേക്കു് തിരിച്ചു വന്നു. അവിടെ ബംഗ്ലാദേശുകാരനായ അഹസാനുല്‍ ഹഖിന്റെ ‘OSM Bangladesh: Bringing scattered OSM activities under single platform’, മാപ്പില്ലറിയില്‍ നിന്നുള്ള ശ്രവണ്‍ ഷായുടെ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയുള്ള ‘Solving challenges using streetlevel imagery in India’, ഫ്രഞ്ചുകാരനായ ഏഡ്രിയന്‍ പാവിയുടെ ‘Pic4carto: precise remote mapping with open street-level pictures’ എന്നീ പ്രസന്റേഷനുകള്‍ കണ്ടു.
തുടര്‍ന്നു് ഉച്ചയൂണിനു ശേഷം വീണ്ടും റൂം വണ്ണില്‍. ഇവിടെ ഇനി ആദ്യം എന്റെ പ്രസന്റേഷനാണു് – ‘Mapping efforts in an unsurveyed land: Koorachundu village panchayat experience’. പ്രസന്റേഷന്‍ വലിയ തെറ്റില്ലാതെ ചെയ്തു. ഇറ്റലിയില്‍നിന്നുള്ള മാര്‍ക്കോ മിഞ്ചിനിയും, നേരത്തേ പരിചയപ്പെട്ട സ്വപ്നീല്‍ സത്പുതെയും ഓരോ ചോദ്യങ്ങള്‍ ചോദിച്ചു. അവയ്ക്കു് മറുപടി പറഞ്ഞു. എന്റെ പ്രസന്റേഷന്‍ കഴിഞ്ഞു് ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് ഫൌണ്ടേഷനെ പ്പറ്റിയുള്ള ഒരു ഒപ്പീനിയന്‍ പോള്‍ നടത്തി. അതു കഴിഞ്ഞു് ഇറ്റലിക്കാരനായ റിസര്‍ച്ചര്‍ മാര്‍ക്കോ മിഞ്ചിനിയുടെ ‘OSM seen from a GIS researcher: experiences and prospectives’ എന്ന പ്രസന്റേഷനായിരുന്നു. അതു കഴിഞ്ഞു് വൈകുന്നേരത്തെ ചായ. ചായകുടി കഴിഞ്ഞു് ആഫ്രിക്കയിലെ നിജറില്‍ നിന്നുള്ള സമൈല അലിയോ മൈനസ്സാരയുടെ ‘Effort of contribution of OSM Niger’, തായ്‌ചി ഫുരുഹാഷിയുടെ “State of the Crisis mapping in Japan” എന്നീ പ്രസന്റേഷനുകളായിരുന്നു. തായിച്ചിയുടെ പ്രസന്റേഷന്‍ കുറച്ചു വ്യത്യസ്തമായിരുന്നു. പുള്ളി ഒരു വളരെയധികം രൂപമാറ്റം വരുത്തിയ ഒരു സൈക്കിള്‍ പ്രസന്റേഷനു കൊണ്ടു വന്നു വച്ചു. ഇതുപയോഗിച്ചു് അവര്‍ മാപ്പിങ് നടത്താറുണ്ടത്രേ. അതിന്റെ ചക്രം കറക്കിയാല്‍ ചക്രത്തിന്മേല്‍ വിവിധ വര്‍ണ്ണങ്ങളില്‍ ചിത്രങ്ങള്‍ തെളിയും. പ്രസന്റേഷന്‍ കഴിഞ്ഞു് എല്ലാവരും സൈക്കിളിനടുത്തു ചെന്നു് കൌതുകത്തോടെ നോക്കുന്നതു കണ്ടു. ഞാനും അടുത്തു ചെന്നു് പടവും വീഡിയോയുമെടുത്തു.
സമാപനച്ചടങ്ങു്
തുടര്‍ന്നു് മെയിന്‍ ഹാളില്‍ സമാപനച്ചടങ്ങിനുള്ള സമയമായി. ഗ്രിഗറിയും റോബും സംസാരിച്ചു. കോണ്‍ഫറന്‍സിനു് സഹകരിച്ച എല്ലാ വളണ്ടിയര്‍മാരെയും സ്റ്റേജിലേക്കു് വിളിച്ചു വരുത്തി നന്ദി പറഞ്ഞു. നമ്മുടെ നാട്ടില്‍ പതിവില്ലാത്ത ഒരു നല്ല ചടങ്ങു്. അടുത്ത സ്റ്റേറ്റ് ഓഫ് ദ മാപ്പ് കോണ്‍ഫറന്‍സ് ഇറ്റലിയിലെ മിലാനിലാണെന്നു് മാര്‍ക്കോ അനൌണ്‍സ് ചെയ്തു. ഗ്രിഗറി ആര്‍ക്കെങ്കിലും എന്തെങ്കിലും തുക ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് ഫൌണ്ടേഷനു് സംഭാവന നല്കണമെന്നു് തോന്നുന്നുണ്ടങ്കില്‍ നല്കാമെന്നും പറഞ്ഞു് ഒരു സംഭാവനപ്പെട്ടി തുറന്നു കൊണ്ടു് സ്റ്റേജില്‍ വച്ചു. ചിലരെല്ലാം പെട്ടിയില്‍ സംഭാവനയിട്ടു.
സോഷ്യല്‍ ഇവന്റ്
ക്ലോസിങ് സെഷന്‍ കഴിഞ്ഞു് ത്‌സുരുഗാജ്യോ ഹാളില്‍ വച്ചു് സോഷ്യല്‍ ഇവന്റായിരുന്നു. കുശാലായ ജാപ്പാനീസ് ഭക്ഷണവും ഡ്രിങ്ക്സും. നിറയെ വിഭവങ്ങള്‍. ഓരോന്നുമെടുത്തു് രുചിച്ചുനോക്കി. മേശപ്പുറത്തു് ഒരല്പം ഉയരമുള്ള പാത്രത്തില്‍ വച്ച വിഭവം ഞാനൊന്നു് മൂടി തുറന്നു നോക്കി. വേവിക്കാത്ത പച്ചയിറച്ചി. ലാമിന്‍ അതു ബീഫാണെന്നു പറഞ്ഞു. ഈ പച്ചയിറച്ചി എങ്ങനെ കഴിക്കുമെന്നോര്‍ത്തു് ആലോചിച്ചിരിക്കുമ്പോള്‍ ജോലിക്കാരിലൊരാള്‍ വന്നു് ആ പാത്രത്തിനടിയിലെ തിരി കത്തിച്ചു വച്ചു. ആ തിരി ഒരു പതിനഞ്ചു മിനുട്ട് നേരം കത്തിക്കാണും. ആ ചൂടില്‍ ബീഫ് നന്നായി വെന്തു. തിരി കെട്ടപ്പോള്‍ മൂടി തുറന്നു് രുചിച്ചു നോക്കി. അടിപൊളി ടേസ്റ്റ്. കൂടെ ജാപ്പനീസ് കലാകാരന്മാരുടെ വാദ്യഘോഷവും. വാദ്യഘോഷം കഴിഞ്ഞപ്പോള്‍ ഓപ്പണ്‍സ്ട്രീറ്റ്മാപ്പിലേക്കു് ഗണ്യമായ സംഭാവനകള്‍ നല്കിയ വളണ്ടിയര്‍മാരെ സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും നല്കി ആദരിച്ചു. ആകെക്കൂടി അവാച്യമായൊരു അനുഭവം. വയറും മനസ്സും നിറഞ്ഞു. ഞാന്‍ നിറയെ പടങ്ങളെടുത്തു, കൂട്ടത്തില്‍ ഭൂപടത്തിന്റെയും മദര്‍ബോര്‍ഡിന്റെയും ചിത്രങ്ങളുള്ള കിമോണോ ധരിച്ച പെണ്‍കുട്ടിയോടൊപ്പം നിന്നും പടമെടുത്തു. പരിപാടി കഴിഞ്ഞു് തിരികെ ഹോട്ടലിലേക്കു് പോയി.
കോണ്‍ഫറന്‍സ് – മൂന്നാം ദിവസം
മൂന്നാം ദിവസം കോണ്‍ഫറന്‍സിനു് മെയിന്‍ ഹാളില്‍ പരിപാടിയൊന്നും ഉണ്ടായിരുന്നില്ല. റൂം വണ്ണിലെ നിരവധി ലൈറ്റ്നിങ് ടോക്‍സും, റൂം ഫൈവില്‍ അരുണ്‍ ഗണേഷിന്റെ ‘Navigation mapping workshop’ ഉം, ജിയോഫാബ്രിക്കില്‍ നിന്നുള്ള ഫ്രെഡറിക്‍ റാമ്മിന്റെ ‘Opensource routing engines for OpenStreetMap: an overview’ ഉം, അറ്റന്‍ഡ് ചെയ്തു. റൂം സിക്‍സിലും പ്രസന്റേഷനുകളുണ്ടായിരുന്നു. ധാരാളം പടങ്ങളെടുത്തു.
കോണ്‍ഫറന്‍സ് ആകെക്കൂടി നോക്കിയാല്‍ വളരെയധികം വിജ്ഞാനപ്രദമായിരുന്നെന്നു് പറയാതെ വയ്യ. പല പല കാര്യങ്ങളെപ്പറ്റിയും വിശേഷിച്ചു് ഓപ്പണ്‍സ്ട്രീറ്റ്മാപ്പിന്റെ കാര്യത്തില്‍ ഉള്‍ക്കാഴ്ച നേടാന്‍ അതു് സഹായിച്ചു.
ഫുക്കുഷിമ മ്യൂസിയം
വൈകുന്നേരം 5.15നു് അടുത്തു തന്നെയുള്ള ഫുക്കുഷിമ പ്രിഫെക്‍ച്വറല്‍ മ്യൂസിയത്തിലേക്കൊരു ഗൈഡഡ് ടൂര്‍ ഉണ്ടെന്നു് നോട്ടീസ് കണ്ടു. ഉടനേ അതിനു് പോയി പണമടച്ചു് ബുക്കു ചെയ്തു. ഞാനിന്നുവരെ കണ്ടതില്‍ വച്ചു് ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന മ്യൂസിയമാണു് ഫുക്കുഷിമ മ്യൂസിയം. ചിട്ടയായ പ്രദര്‍ശന വസ്തുക്കള്‍. നമ്മുടെ നാട്ടിലേതില്‍ നിന്നു് വ്യത്യസ്തമായി മ്യൂസിയത്തില്‍ നമുക്കു് ഇഷ്ടം പോലെ പടങ്ങളെടുക്കാം.
ത്‌സുരുഗാജോ കോട്ട
കാഴ്ചകളെല്ലാം കണ്ടു് മ്യൂസിയത്തില്‍ നിന്നു് പുറത്തിറങ്ങിയപ്പോള്‍ പത്തുമിനുട്ടിനുള്ളില്‍ കോട്ടയിലെത്തിയാല്‍ കോട്ട കാണാം, ഇതിനായുള്ള സൌജന്യ ടിക്കറ്റ് കോണ്‍ഫറന്‍സ് കിറ്റിലുണ്ടെന്നു് പറഞ്ഞു. ഉടനേ കോട്ടയിലേക്കോടി. കോട്ട അടച്ചു പൂട്ടുന്നതിനു് തൊട്ടു മുന്‍പു് ടിക്കറ്റ് കിറ്റില്‍ നിന്നും തപ്പിയെടുത്തു കൊടുത്തു് ഉള്ളില്‍ കയറിപ്പറ്റി. ഈ കോട്ട മുമ്പുണ്ടായിരുന്ന കോട്ടയുടെ അതേ രീതിയില്‍ കോണ്‍ക്രീറ്റുപയോഗിച്ചു് പുനര്‍നിര്‍മ്മിച്ചതാണു്. ആറു നിലകളുണ്ടു് കോട്ടയ്ക്കു്. കോട്ടയ്ക്കുള്ളില്‍ അതിന്റെ ചരിത്രം വിവരിക്കുന്ന വീഡിയോ പ്രദര്‍ശനവുമുണ്ടു്. ഏറ്റവും മുകളിലെത്തി ഒരു ബൈനോക്കുലറില്‍ 100 യെന്‍ നാണയമിട്ടാല്‍ അതിലൂടെ വിദൂര ദൃശ്യങ്ങള്‍ കാണാം. അകലെയായി ഈമോരി യാമ മലയും അതിനു മുകളിലെ കാഴ്ചകളും, ഐസു-വാകാമാത്‌സു നഗരക്കാഴ്ചകളുമെല്ലാം കണ്ടു.
തിരികെ ഇറങ്ങുന്ന വഴി കോട്ടയിലെ സുവനീര്‍ ഷോപ്പില്‍ നിന്നു് ഐസു-വാക്കാമാത്‌സുവിലെ അക്കാബെക്കോ എന്ന ഐതിഹാസിക പശുവിന്റെ രൂപത്തിലുള്ള കളിപ്പാട്ടം വാങ്ങി ഹോട്ടലിലേക്കു് നടന്നു. രാത്രിയായപ്പോള്‍ വീണ്ടുമൊന്നു് കറങ്ങാനിറങ്ങി. മറ്റു സ്കോളര്‍മാരോടൊപ്പം ഒരു റസ്റ്റാറണ്ടില്‍ കയറി ഭക്ഷണം കഴിച്ചു.

തെരുവിലൂടെ
തിരികെ ടോക്യോയിലേക്കു്
പിറ്റേന്നു് രാവിലെ കുളിച്ചു പുറപ്പെട്ടു് പ്രഭാതഭക്ഷണം കഴിച്ചു് ഇറങ്ങി. മറ്റു സ്കോളര്‍മാരും റെഡിയായി നില്പുണ്ടു്. ഐസു-വാക്കാമാത്‌സു നഗരത്തോടു് വിട പറയാന്‍ സമയമായി. ഹോട്ടലില്‍ നിന്നു് ചെക്കൌട്ട് ചെയ്തു. ഹോട്ടലുകാരോടു് പറഞ്ഞപ്പോള്‍ അവര്‍ ടാക്സി ഏര്‍പ്പാടാക്കിത്തന്നു. ടാക്സിയില്‍ കയറി റെയില്‍വേ സ്റ്റേഷനിലെത്തി.
പാസ് കാണിച്ചു് കോരിയാമ സ്റ്റേഷനില്‍ നിന്നും ടോക്യോ വരെയുള്ള ഷിന്‍കാന്‍സെന്‍ ട്രെയിനിനു് ടിക്കറ്റെടുത്തു സീറ്റ് റിസര്‍വ്വ് ചെയ്തു് പ്ലാറ്റ്ഫോമില്‍ കയറി. ഐസു-വാക്കാമാത്‌സുവില്‍ നിന്നും കോരിയാമ വരെയുള്ള ലോക്കല്‍ ട്രെയിനില്‍ പാസ് മാത്രം മതി, വേറെ ടിക്കറ്റ് വേണ്ട. പ്ലാറ്റ്ഫോമില്‍ ആളുകള്‍ അച്ചടക്കത്തോടെ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ കാണാത്ത ഒരാചാരം.

ട്രെയിന്‍ വരുന്നതും കാത്തു് ക്യൂ നില്ക്കുന്ന യാത്രക്കാര്‍
അല്പസമയം കഴിഞ്ഞു് ട്രെയിന്‍ വന്നപ്പോള്‍ ട്രെയിനില്‍ കയറിയിരുന്നു. ട്രെയിന്‍ ഓരോ സ്റ്റേഷനുകളും പിന്നിട്ടു മുന്നോട്ടു് നീങ്ങിക്കൊണ്ടിരുന്നു.
കോരിയാമയും കോരിയാമതോമിതയും
ഞങ്ങള്‍ക്കു് കോരിയാമ സ്റ്റേഷനിലാണിറങ്ങേണ്ടതു്. അതിനു തൊട്ടു മുമ്പു് കോരിയാമതോമിത എന്നൊരു സ്റ്റേഷനുണ്ടു്. നമ്മുടെ നാട്ടില്‍ നാദാപുരവും നാദാപുരം റോഡും രണ്ടു വ്യത്യസ്ത സ്ഥലങ്ങളാണെന്നതുപോലെ, കോരിയാമയും കോരിയാമതോമിതയും വേറെ വേറെ സ്റ്റേഷനുകളാണു്. കോരിയാമതോമിതയെത്തിയപ്പോള്‍ പേരിലെ സാമ്യം കൊണ്ടു് എല്ലാവരും പുറത്തിറങ്ങാനൊരുങ്ങി. ചിലര്‍ പ്ലാറ്റ്ഫോമിലിറങ്ങിയിരുന്നു. എനിക്കു് സംശയം തോന്നി ട്രെയിനിലിരിക്കുന്ന വേറൊരാളോടു് കോരിയാമയെത്തിയോ എന്നന്വേഷിച്ചു. അങ്ങേര്‍ക്കു് പെട്ടെന്നു് കാര്യം പിടികിട്ടി, ഉറക്കെ ‘നോ’ പറഞ്ഞു. ഇതു കേട്ടു് പ്ലാറ്റ്ഫോമിലിറങ്ങിയവര്‍ക്കെല്ലാം ഭാഗ്യത്തിനു് വീണ്ടും ട്രെയിനിനകത്തു കയറിപ്പറ്റാനായി. ഉടനേ ട്രെയിന്‍ മുന്നോട്ടെടുത്തു. അധികം വൈകാതെ കോരിയാമ സ്റ്റേഷനിലെത്തി. ടോക്യോയ്ക്കുള്ള ഷിന്‍കാന്‍സെന്‍ ട്രെയിന്‍ വരാന്‍ അധികം നേരമില്ല. അവിടെ നിന്നു് ഓടി പാസും ടിക്കറ്റും കാണിച്ചു് ഷിന്‍കാന്‍സെന്‍ വരുന്ന പ്ലാറ്റ്ഫോമിലെത്തി. ഷിന്‍കാന്‍സെന്‍ വന്നതും വേഗം അതില്‍ ഞങ്ങളുടെ സീറ്റുകളില്‍ കയറിയിരുന്നു.
ടോക്യോ സ്റ്റേഷന്‍
അധികം താമസിയാതെ ട്രെയിന്‍ ടോക്യോ സ്റ്റേഷനിലെത്തി. ഇതു് തലങ്ങും വിലങ്ങും ഇടനാഴികളുള്ള വളരെ വലിയ ഒരു റെയില്‍വേസ്റ്റേഷനാണു്. അവിടെ വച്ചു് ഞങ്ങള്‍ ഓരോരുത്തരും അവരവരുടെ ഹോട്ടല്‍ റൂമുകളിലേക്കു് പോവാന്‍ പുറപ്പെട്ടു. ഇന്നു രാവിലെ ചിഹിരോയെ കാണാമെന്നു് പറഞ്ഞിരുന്നതാണു്. ആശയവിനിമയത്തിനു് ഒരു മാര്‍ഗ്ഗവുമില്ല. ജപ്പാനില്‍ വിദേശികള്‍ക്കു് ഫോണ്‍ ചെയ്യാന്‍ സൌകര്യമുള്ള സിംകാര്‍ഡ് അനുവദനീയമല്ല. നിരവധി കടകളുള്ള ടോക്യോ സ്റ്റേഷനില്‍ ഞാന്‍ ഒരു ഡാറ്റാ സിംകാര്‍ഡ് തപ്പി കടകളെല്ലാം കയറിയിറങ്ങി.
സായ്‌രയോടൊപ്പം
കൊളംബിയക്കാരി സായ്‌ര ഒവിയെദോ കൂടെ വന്നു. അവര്‍ക്കു് അന്നു രാത്രി ക്യോട്ടോയിലേക്കു് പോകണം. അതു കൊണ്ടു് അവര്‍ ടോക്യോയില്‍ റൂമൊന്നും ബുക്കു ചെയ്തിട്ടില്ല. കുറേ തിരച്ചിലിനൊടുവില്‍ സിംകാര്‍ഡ് കിട്ടുന്ന കട കണ്ടു പിടിച്ചു. അവിടെ നിന്നു് സിംകാര്‍ഡ് വാങ്ങി പുറത്തിറങ്ങി.
ടോക്യോ സ്റ്റേഷനു പുറത്തുള്ള ബസ്സ് സ്റ്റാന്‍ഡില്‍ ചെന്നു. ബസ്സ് സ്റ്റാന്‍ഡില്‍ ഹിനോ കമ്പനിയുടെ പുത്തന്‍ പുതിയ ബസ്സുകളാണു്. സായ്‌രയ്ക്കു് അന്നു രാത്രി ക്യോട്ടോയിലേക്കുള്ള ബസ്സ് ബുക്കു ചെയ്തു. സായ്‌രയുടെ കയ്യില്‍ യെന്‍ ഇല്ല, ഡോളറേയുള്ളൂ. അതുകൊണ്ടു് തല്ക്കാലം ഞാന്‍ പണം കൊടുത്തു. ഇനി രാത്രി വരെ എന്തു ചെയ്യാനാണു് പ്ലാനെന്നു് അവരോടു് ചോദിച്ചു. എനിക്കറിയില്ലെന്നു് മറുപടി. ഒരു പ്ലാനുമില്ലെന്നു്. ചിഹിരോയുടെയും എന്റെയും കൂടെ ടോക്യോയില്‍ കറങ്ങാന്‍ വരുന്നോയെന്നു് ചോദിച്ചു. സായ്‌രയ്ക്കു് സമ്മതം. ഇനി ബാഗെല്ലാം ഒതുക്കി വച്ചിട്ടു് വേണം കറങ്ങാനിറങ്ങാന്‍. ഒരു ടാക്സി പിടിച്ചു. ഞാന്‍ റൂം ബുക്കു ചെയ്ത ഹോട്ടലിന്റെ പേരു് ഡ്രൈവറോടു് പറഞ്ഞു. പുള്ളിക്കു് സ്ഥലമേതെന്നു് മനസ്സിലാവാതെ വേറൊരു വഴിക്കു് കാര്‍ വിട്ടു. പിന്നെ ഒന്നു കൂടി വ്യക്തമായി ജാപ്പാനീസ് ആക്സന്റില്‍ ഹോട്ടലിന്റെ പേരു പറഞ്ഞപ്പോഴാണു് സ്ഥലമേതെന്നു് പുള്ളിക്കു് മനസ്സിലായതു്. ഉടനേ തിരികെ വന്നു ഞങ്ങളെ ഹോട്ടലില്‍ കൊണ്ടു വിട്ടു തന്നു. പിഴവു പറ്റിയതു് പുള്ളിക്കായതിനാല്‍ മീറ്ററിലെ ചാര്‍ജ്ജിലും കുറച്ചേ വാങ്ങിയുള്ളൂ. നമ്മുടെ നാട്ടിലാണെങ്കിലോ? ഹോട്ടലില്‍ ചെക്കിന്‍ ചെയ്യാന്‍ മൂന്നുമണിയാകണം. അതു കൊണ്ടു് ബാഗുകളും മറ്റും അവിടെ അവരെ ഏല്പിച്ചു പുറത്തിറങ്ങി. പോസ്റ്റോഫീസില്‍ സായ്‌രയുടെ ഡോളര്‍ യെന്‍ ആക്കി മാറ്റാം. അതുകൊണ്ടു് അടുത്തുള്ള പോസ്റ്റോഫീസ് എവിടെയെന്നന്വേഷിച്ചു് നടന്നു.
നിഹോണ്‍ബാഷി പോസ്റ്റോഫീസില്‍
അധികം വൈകാതെ നിഹോണ്‍ബാഷി പോസ്റ്റോഫീസ് കണ്ടുപിടിച്ചു. ഞാന്‍ രണ്ടു പോസ്റ്റ് കാര്‍ഡ് വാങ്ങി ഒന്നു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ അനീഷിനും ഒന്നു് ശ്രേയയ്ക്കും അഡ്രസ്സും സന്ദേശവുമെഴുതി പോസ്റ്റ് ചെയ്തു. ആ നേരം കൊണ്ടു് സായ്‌ര അവരുടെ കയ്യിലുള്ള ഡോളര്‍ മാറി യെന്‍ ആക്കി മാറ്റി. എന്നിട്ടു് ബസ്സ് ചാര്‍ജിനു് ഞാന്‍ കൊടുത്ത തുക എനിക്കു് മടക്കിത്തന്നു. അതു വാങ്ങി കീശയിലിട്ടു് ഫോണില്‍ ഇന്റര്‍നെറ്റ് വരുത്താനുള്ള ശ്രമമായി. സിം ഫോണിലിട്ടു് ഓണാക്കി. ഓണായപ്പോള്‍ ഫോണിന്റെ ഭാഷ സെറ്റിങ്സടക്കം മൊത്തം ജാപ്പാനീസ് ആയി മാറി. ഒരക്ഷരം മനസ്സിലാകുന്നില്ല. ഇന്റര്‍നെറ്റാണെങ്കില്‍ കിട്ടിയതുമില്ല, ഭാഷ മാറിപ്പോവുകയും ചെയ്തു. കുടുങ്ങിയല്ലോ, ഞാനാകെ വിയര്‍ത്തു. ഇനിയെന്തു ചെയ്യും? അടുത്തിരിക്കുന്ന ജാപ്പാനീസ് പെണ്‍കുട്ടിയോടു് കാര്യം പറഞ്ഞു, ഫോണിന്റെ ഭാഷ ഇംഗ്ലീഷിലാക്കിത്തരുമോയെന്നു് ചോദിച്ചു. അവള്‍ ഫോണ്‍ വാങ്ങി ഒരു പുഞ്ചിരിയോടെ ഫോണ്‍ തിരികെ ഇംഗ്ലീഷിലാക്കിത്തന്നു. ഞാന്‍ നന്ദി പറഞ്ഞു് വീണ്ടും ഫോണില്‍ ഇന്റര്‍നെറ്റ് വരുത്താനുള്ള ശ്രമമായി. ആവുന്ന കളിയൊക്കെക്കളിച്ചിട്ടും ഇന്റര്‍നെറ്റ് കിട്ടുന്നില്ല. വിഷണ്ണനായി സിമ്മിന്റെ കൂടെ കിട്ടിയ ഗൈഡ്‌ലൈന്‍സ് മനസ്സിരുത്തി വായിച്ചു നോക്കി. അതില്‍ പറഞ്ഞതുപോലെയുള്ള സെറ്റിങ്സെല്ലാം ചെയ്തയുടന്‍ ഇന്റര്‍നെറ്റ് കണക്ടഡായി. ഹുറേയ്. ഉടനേ ഫേസ്‌ബുക്ക് മെസഞ്ചറില്‍ ചിഹിരോയെ ബന്ധപ്പെട്ടു. ഞാന്‍ നിഹോണ്‍ബാഷി പോസ്റ്റോഫീസിലുണ്ടെന്നു് പറഞ്ഞു. അവള്‍ ഉടനെയെത്താമെന്നു് സന്ദേശമയച്ചു.
ചിഹിരോയോടൊപ്പം
താമസിയാതെ അധികം പൊക്കമില്ലാത്ത ഒരു പെണ്‍കുട്ടി അടുത്തു വന്നു് ചിരിച്ചു കൊണ്ടു് ‘ഹായ് അയാം ചിഹിരോ’ എന്നു പറഞ്ഞു. നേരം ഉച്ച തിരിഞ്ഞിരിക്കുന്നു. ഞങ്ങള്‍ കോണ്‍ടാക്ട് ചെയ്യാന്‍ മാര്‍ഗ്ഗമില്ലാതെ ഉഴറുന്ന നേരമത്രയും അവള്‍ എന്റെ മെസേജും കാത്തിരിക്കുകയായിരുന്നത്രേ. ഉടനെ ഞങ്ങള്‍ മൂവരും പോസ്റ്റോഫീസില്‍ നിന്നിറങ്ങി നടപ്പു് തുടങ്ങി. ട്രെയിനില്‍ കയറി അസാക്കുസ ഭാഗത്തേക്കാണു് പോയതു്. ഇതു് ടോക്യോയിലെ പഴയ നഗരഭാഗമാണു്. അസാക്കുസയിലാണു് വിശ്രുതമായ സെന്‍സോ ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നതു്. അസാക്കുസയിലെത്തി വലിയ ചെമന്ന ജാപ്പാനീസ് വിളക്കു തൂക്കിയിട്ട കാമിനാരി മോണ്‍ (ഗേറ്റ്) ഉം, സെന്‍സോ ജി ക്ഷേത്രവും അതിനു മുന്നിലെ നകാമിസെ തെരുവും ചുറ്റിനടന്നു കണ്ടു. കാമിനാരി ഗേറ്റ് റിപ്പയര്‍ പണികള്‍ക്കായി മൂടിയിട്ടിരിക്കുകയായിരുന്നു. നിറയെ പടങ്ങളെടുത്തു. ക്ഷേത്രത്തിലും തെരുവിലും നല്ല ആള്‍ത്തിരക്കു്.
ഓക്കോനോമിയാക്കി
വിശക്കാന്‍ തുടങ്ങി. അവിടെ നിന്നും ഇറങ്ങി നടക്കുന്ന വഴി ഒരു പഴയ പരമ്പരാഗത റസ്റ്റാറന്റ് കണ്ടു് അവിടേക്കു് കയറി. സോമെതാരോ ഓക്കോനോമിയാക്കി എന്നാണു് പേരു്. മരം കൊണ്ടുള്ള ഉയരം കുറഞ്ഞ പഴയൊരു കെട്ടിടം. നൂറു വര്‍ഷം പഴക്കമുണ്ടെന്നു് ഉടമ പറഞ്ഞു. അന്നത്തെ ആളുകളുടെ ശരാശരി ഉയരം കുറവായിരുന്നതിനാല്‍ അക്കാലത്തെ കണക്കനുസരിച്ചു് ഉണ്ടാക്കിയതാണു്. മുമ്പു് സാഹിത്യകാരന്മാരും കവികളും മറ്റും അവിടെയിരുന്നു് ഭക്ഷണം കഴിച്ചു കൊണ്ടു് സാഹിത്യ ചര്‍ച്ചകള്‍ നടത്തിയിരുന്നത്രേ. അവിടെത്തെ സെറ്റപ്പ് എങ്ങനെയാണെന്നു വച്ചാല്‍, നമ്മള്‍ ഒരു ചതുരത്തിലുള്ള ദോശക്കല്ലു പോലത്തെ അടുപ്പിനു മുന്നിലാണിരിക്കുക. ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ അതിന്റെ ചേരുവകള്‍ ഒരു പാത്രത്തിലാക്കി നമുക്കു് കൊണ്ടുത്തരും. നമ്മള്‍ അവ അടുപ്പില്‍ വച്ചു് പാകം ചെയ്തു് പാത്രത്തിലിട്ടു് കഴിക്കണം. ചിഹിരോ ഞങ്ങള്‍ക്കു വേണ്ടി ഓര്‍ഡര്‍ ചെയ്തതു് ഓക്കോനോമിയാക്കി എന്ന ഡിഷാണു്. നത്തോ, ഉമെ ബോഷി ഫ്ലേവറുകളില്‍. അല്പം കഴിഞ്ഞപ്പോള്‍ അവയ്ക്കു വേണ്ട ചേരുവകള്‍ രണ്ടു പാത്രങ്ങളില്‍ മുന്നിലെത്തി. ഞങ്ങള്‍ അവ കലക്കി അടുപ്പിന്മേല്‍ ഒഴിച്ചു. വെന്തു വന്നപ്പോള്‍ അവ മുറിച്ചു് പാത്രത്തിലിട്ടു് കഴിച്ചു. കൂടെ ഊലോങ് ടീയും. നല്ല കോംബിനേഷന്‍. പരമ്പരാഗത ജാപ്പനീസ് ഭക്ഷണം ഇഷ്ടമായി.
ഹിഗാഷി ഹോന്‍ഗാന്‍ ജി ദേവാലയം
ഭക്ഷണം കഴിഞ്ഞു് അവിടെ നിന്നിറങ്ങി നടക്കുമ്പോള്‍ അടുത്തു തന്നെ ഒരു ക്ഷേത്രം കണ്ടു. അതാണു് ഹിഗാഷി ഹോന്‍ഗാന്‍ ജി ക്ഷേത്രമെന്നു് ചിഹിരോ പറഞ്ഞു. അവിടെ കയറി. തിരക്കൊന്നുമില്ലാത്ത ഒരു ദേവാലയം. ജപ്പാനിലെ ദേവാലയങ്ങളിലെത്തിയാല്‍ ചെയ്യേണ്ട ആചാരമര്യാദകളൊക്കെ ചിഹിരോ പറഞ്ഞു തന്നു. അതുപോലെയൊക്കെ ചെയ്തു.
അസാക്കുസയിലൂടെ
അവിടെ നിന്നിറങ്ങി തെരുവുകളിലെ കാഴ്ചകളൊക്കെ കണ്ടുകൊണ്ടു് നടന്നു. പല കടകള്‍ക്കു മുന്നിലും നോ ക്രെഡിറ്റ് കാര്‍ഡ് എന്ന ബോര്‍ഡു കണ്ടു. വൃത്തിയുള്ള തെരുവുകള്‍. റൈസ് ക്രാക്കേഴ്സ് – ഒരു പലഹാരം – വില്ക്കാന്‍ വച്ച കടകള്‍ കണ്ടു. പക്ഷേ, വാങ്ങാന്‍ തോന്നിയില്ല. ഒരു കടയില്‍ കയറി ശ്രേയയ്ക്കു് വേണ്ടി ഒരു ജാപ്പാനീസ് ഉടുപ്പു് – ജിന്‍ബെ – വാങ്ങി. 100 യെന്നിനു് എന്തും കിട്ടുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ – അതൊരു റെയില്‍വേസ്റ്റേഷന്‍ ബില്‍ഡിങ്ങിലാണു് പ്രവര്‍ത്തിക്കുന്നതു് – കയറി കുറച്ചു സാധനങ്ങള്‍ വാങ്ങി. അതേ ബില്‍ഡിങ്ങില്‍ത്തന്നെയുള്ള ഒരു മൊബൈല്‍ സിം കടയില്‍ ചെന്നു് സായ്‌രയ്ക്കു വേണ്ടി ഡാറ്റാ സിം വാങ്ങി.
സുഷിയും വാസാബിയും
സമയം സന്ധ്യ കഴിഞ്ഞു് രാത്രിയോടടുക്കുന്നു. ഒരു സുഷി റസ്റ്റാറന്റില്‍ കയറി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ആദ്യം തന്നെ ഗ്രീന്‍ ടീ വന്നു. പിന്നാലെ സുഷിയും. സുഷിയില്‍ മീന്‍ വേവിക്കാതെ പച്ചയ്ക്കാണു് ചേര്‍ക്കുക. സുഷിക്കൊപ്പം ഇടയ്ക്കു് വശത്തു വച്ച സ്വീറ്റ് ജിഞ്ചര്‍ തോണ്ടിയെടുത്തു് കഴിക്കാം. കഴിച്ചു തുടങ്ങി പകുതിയായപ്പോഴേക്കും ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ കൂടെ കൂടി. ചിഹിരോ, അതു തന്റെ ബോയ്ഫ്രണ്ടാണെന്നു് പരിചയപ്പെടുത്തി. പേരു് യുതാക്ക. രണ്ടു പേരും ഫിലിപ്പൈന്‍സില്‍ ഒരു പ്രൊജക്ടില്‍ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ടതാണെന്നു് പറഞ്ഞു. സുഷി ഗംഭീരം. അപ്പോഴാണു് വാസാബിയെപ്പറ്റി ഓര്‍ത്തതു്. ചിഹിരോയോടു് കാര്യം പറഞ്ഞു. ഉടന്‍ തന്നെ അരച്ചു പേസ്റ്റാക്കിയ വാസാബി ഒരു ചെറിയ തളികയില്‍ മുന്നിലെത്തി. ഞാന്‍ ചോപ് സ്റ്റിക്കു കൊണ്ടു് ലേശമെടുത്തു. അതു കണ്ടു് യുതാക്ക, അതു കുറച്ചധികമായിരിക്കുമെന്നു് മുന്നറിയിപ്പു് തന്നു. അപ്പോള്‍ ഒരല്പം മാത്രം തോണ്ടിയെടുത്തു് നാവില്‍ വച്ചു. ഒരു മൂന്നു സെക്കന്റ് കഴിഞ്ഞപ്പോള്‍ മൂക്കിനുള്ളിലൂടെയും ചെവിയിലൂടെയും എന്തൊക്കെയോ പോവുന്നപോലെ തോന്നി. കണ്ണില്‍ നിന്നും വെള്ളം വന്നു. ആകെ കിളി പോയ പോലെയായി. എന്റെ നിറഞ്ഞ കണ്ണുകള്‍ കണ്ടു് യുതാക്ക ചിരിച്ചു. ചിഹിരോയ്ക്കു് അത്ഭുതം – ഇന്ത്യയിലെ സ്പൈസി ഫുഡ് കഴിച്ചു ശീലിച്ചയാള്‍ക്കു് വാസാബി കഴിച്ചാല്‍ കണ്ണില്‍ നിന്നു് വെള്ളം വരുമോയെന്നു്. യുതാക്ക, ഇന്ത്യയില്‍ വാസാബി പോലത്തെ സ്പൈസൊന്നും കാണില്ലെന്നു് ചിഹിരോയോടു് പറഞ്ഞു. അല്പം വാസാബി കൂടി എടുത്തു് ടേസ്റ്റു ചെയ്തു.
സായ്‌രയെ ടേസ്റ്റു ചെയ്യാന്‍ ക്ഷണിച്ചെങ്കിലും അവര്‍ അതു് ടേസ്റ്റ് ചെയ്യാന്‍ മടിച്ചു കൂട്ടാക്കിയില്ല. ആകെക്കൂടി വാസാബി ഒരനുഭവമായിരുന്നു. ഭക്ഷണം കഴിഞ്ഞു് ചിഹിരോയും യുതാക്കയും ഞങ്ങളെ തിരികെ ഹോട്ടലില്‍ തന്നെ കൊണ്ടാക്കിത്തന്നു. സായ്‌രയ്ക്കു് ക്യോട്ടോയിലേക്കുള്ള ബസ്സിന്റെ സമയമായി. അവര്‍ ബാഗുകളെടുത്തു് യാത്ര പറഞ്ഞിറങ്ങി. ഞാന്‍ എന്റെ റൂമിലേക്കും.
കാമകൂറയിലേക്കു്
രാത്രി തന്നെ മറ്റു സ്കോളര്‍മാര്‍ പിറ്റേന്നു് എന്തു ചെയ്യാന്‍ പോവുകയാണെന്നു് തിരക്കി. അവര്‍ കാമകൂറയിലേക്കു് പോവുകയാണെന്നു് പറഞ്ഞപ്പോള്‍ ഞാനും കൂടെയുണ്ടെന്നു് പറഞ്ഞു. എന്നാല്‍ രാവിലെ ടോക്യോ സ്റ്റേഷനു് പുറത്തു് കണ്ടു മുട്ടാം അവിടെ നിന്നു് ഒന്നിച്ചു് യാത്ര തിരിക്കാം എന്നു് തീരുമാനമാക്കി. പിറ്റേന്നു് രാവിലെ ഞാന്‍ കുളിച്ചു പുറപ്പെട്ടു് ടോക്യോ സ്റ്റെഷനു മുന്നിലെത്തി നില്പായി. കുറച്ചു കഴിഞ്ഞപ്പോള്‍ സൈപ്രസ്‌കാരി ജോര്‍ജ്ജിയയും എത്തി. ബാക്കിയുള്ളവരെ കാണാനില്ല. പറഞ്ഞ സമയത്തേക്കാള്‍ അര മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. അവര്‍ക്കും നമ്മുടെ പോലെ ഇന്ത്യന്‍ സ്ട്രെച്ചബ്ള്‍ ടൈമാണെന്നു തോന്നുന്നു. ഞങ്ങള്‍ പിന്നെ സമയം കളയാതെ ട്രെയിന്‍ കയറി യാത്ര തുടങ്ങി. ട്രെയിന്‍ കിതാ-കാമകൂറ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇറങ്ങി. ഒരു ഗൈഡ് ഞങ്ങളുടെ കൂടെ വരാമെന്നു പറഞ്ഞെങ്കിലും ഞങ്ങള്‍ വേണ്ടെന്നു പറഞ്ഞൊഴിഞ്ഞു് നടന്നു.
ആദ്യം പോയതു് സാന്‍മോണ്‍ ഗേറ്റു കടന്നു് എന്‍ഗാക്കുജി ക്ഷേത്രത്തിലേക്കാണു്. മരം കൊണ്ടു് നിര്‍മ്മിച്ച വലിയൊരു ഗേറ്റാണു് സാന്‍മോണ്‍. ഇതു കടന്നു ചെല്ലുന്നതു് ക്ഷേത്രാങ്കണത്തിലേക്കാണു്. ഇതൊരു സെന്‍ ക്ഷേത്രമാണു്. ഇവിടെ ചെറിയൊരു കുന്നിനു മുകളില്‍ ഒരു വലിയ മണി സ്ഥാപിച്ചിട്ടുണ്ടു്. ധാരാളം പടങ്ങളെടുത്തു് തിരികെയിറങ്ങി.
അടുത്തതായി പോയതു് കെന്‍ചോ-ജി ക്ഷേത്രത്തിലേക്കാണു്. നമ്മുടെ കേരളത്തിലെ ക്ഷേത്രങ്ങളെയപേക്ഷിച്ചു് അത്ര വലുതൊന്നുമല്ല. ഈ ക്ഷേത്രവും. ഇവിടെയൊരു ഹാളില്‍ ബുദ്ധന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ടു്. ഇതിന്റെ അങ്കണത്തിലും വലിയൊരു മണി സ്ഥാപിച്ചിട്ടുണ്ടു്. ധാരാളം മരമുപയോഗിച്ചു് നിര്‍മ്മിച്ച കെട്ടിടങ്ങള്‍. നടന്നു് നടന്നു് ഉച്ച നേരമായി. ഒരു റസ്റ്റാറന്റില്‍ കയറി ഉച്ചഭക്ഷണം കഴിക്കാമെന്നു വച്ചു. ഞാന്‍ ഷിരാസുഡോണ്‍ എന്ന ഡിഷ് തിരഞ്ഞെടുത്തു. ബേബി സാര്‍ഡിന്‍ (മത്തിക്കുഞ്ഞുങ്ങള്‍), സീവീഡ്സ് (കടല്‍പ്പായലുകള്‍), ജാപ്പനീസ് ക്വയിലിന്റെ (ഒരിനം കാട) മുട്ട, അരിയുടെ ചോറു് എന്നിവയടങ്ങിയതാണു് ഷിരാസുഡോണ്‍. കൂടെ ഊലോങ് ടീയും. ഇഷ്ടമായി.
കാമകൂറ ബുദ്ധനെ കാണാന്‍
ഭക്ഷണം കഴിഞ്ഞു് വീണ്ടും നടന്നെത്തിയതു് കാമകൂറ റെയില്‍വേ സ്റ്റേഷനില്‍. അവിടെ നിന്നു് വേറെ ടിക്കറ്റെടുത്തു് ട്രെയിന്‍ കയറി വലിയ ബുദ്ധപ്രതിമയുള്ള സ്ഥലത്തിനടുത്തുള്ള സ്റ്റേഷനിലിറങ്ങി. സ്റ്റേഷനിലിറങ്ങി നടക്കുമ്പോള്‍ ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് ഫൌണ്ടേഷനിലെ റോബ് തിരികെ വരുന്നതു് കണ്ടു. കാമകൂറയിലെ ഗ്രേറ്റ് ബുദ്ധ, അഥവാ ദായ്ബുദ്സു ജപ്പാനിലെ വെങ്കലം കൊണ്ടുള്ള രണ്ടാമത്തെ വലിയ ബുദ്ധപ്രതിമയാണു്. ഇതു് മുമ്പൊരു ഹാളിലായിരുന്നത്രേ. പല പ്രാവശ്യം സുനാമിയിലും മറ്റും ഹാള്‍ നശിച്ചപ്പോള്‍ പിന്നീടിതിനു വേണ്ടി ഹാളുണ്ടാക്കിയില്ല. ഓപ്പണെയറിലാണു് ഇപ്പോള്‍ ബുദ്ധന്‍ ഇരിക്കുന്നതു്. ബുദ്ധന്റെ ദൃശ്യം അതിമനോഹരമായൊരു കാഴ്ചയാണു്. ഉള്ളു പൊള്ളയായതിനാല്‍ നമുക്കു് പ്രതിമയ്ക്കു് ഉള്ളിലേക്കു പോകാം. ഞങ്ങളും പ്രതിമയുടെ ഉള്ളില്‍ കയറി കണ്ടു.
കടല്ക്കരയില്‍
അവിടെ നിന്നിറങ്ങി കടല്ക്കരയിലേക്കു് നടന്നു. കടലോരത്തേക്കു് പോവുന്ന റോഡില്‍ സുനാമി ഇവാക്വേഷന്‍ റൂട്ട് പ്രത്യേകമായി അടയാളപ്പെടുത്തി വച്ചിട്ടുണ്ടു്. കടലോരം വൃത്തിയുള്ളതാണു്. കുട്ടികള്‍ കടലില്‍ കുളിക്കുന്നു. ഞങ്ങള്‍ പടമെടുത്തു. വൈകുന്നേരമായി. വീണ്ടും തിരികെ ട്രെയിനില്‍ ടോക്യോയിലേക്കു്.
രാത്രി
ടോക്യോ സ്റ്റേഷനിലെത്തിയപ്പോള്‍ അടുത്ത ദിവസം രാവിലെ നരിത എയര്‍പോര്‍ട്ടിലേക്കുള്ള ട്രെയിനിനു് ടിക്കറ്റ് റിസര്‍വ്വ് ചെയ്തു. അവിടെ നിന്നിറങ്ങി ട്രെയിനില്‍ അകിഹാബാര എന്ന സ്ഥലത്തു പോയി കാഴ്ചകളും കണ്ടു് തെരുവുകളിലൂടെ നടന്നു. നിരവധി ഷോപ്പുകളും കെട്ടിടങ്ങളുമുള്ള ഒരിടമാണു് അകിഹാബാര. വൈദ്യുത ദീപപ്രഭയില്‍ മുങ്ങിയ തെരുവുകള്‍. അവിടെ മുങ്ങയെ ചരടില്‍ കൈയ്യില്‍ കെട്ടി ഔള്‍ റസ്റ്റാറണ്ടിനു് പരസ്യം ചെയ്യുന്ന പെണ്‍കുട്ടികളെ കണ്ടു. നമ്മുടെ നാട്ടിലാണെങ്കില്‍ ഇതൊരു കുറ്റകൃത്യമാണല്ലോയെന്നു് ഓര്‍ത്തു. അവിടെ വച്ചു് വീണ്ടും റോബിനെയും കൂട്ടുകാരിയെയും കണ്ടു. ഞങ്ങള്‍ ഒന്നിച്ചു് രാത്രിഭക്ഷണം കഴിച്ചു.
ഭക്ഷണം കഴിഞ്ഞു് ഞങ്ങള്‍ അവരവരുടെ ഹോട്ടലുകളിലേക്കു് മടങ്ങാനുള്ള നേരമായി. എന്റെ ഫോണ്‍ ബാറ്ററി തീര്‍ന്നു് സ്വിച്ചോഫായിപ്പോയി. ലൊക്കേഷനറിയാന്‍ മാര്‍ഗ്ഗമില്ല. ജോര്‍ജ്ജിയയുടെ ഹോട്ടല്‍ എന്റെ ഹോട്ടലിനടുത്താണെന്നും അവള്‍ കൂടെ വരാമെന്നും പറഞ്ഞു. പോവുന്ന വഴി ജോര്‍ജ്ജിയയുടെ ഹോട്ടലിലേക്കു് തിരിയുന്ന വഴിയില്‍ ഞങ്ങള്‍ യാത്ര പറഞ്ഞു് പിരിഞ്ഞു. ഞാന്‍ എന്റെ ഹോട്ടലിലേക്കു് പോകുന്ന പോക്കില്‍ എനിക്കു് വഴി തെറ്റി. സമയം രാത്രി പന്ത്രണ്ടു മണിയോടടുക്കുന്നു. രണ്ടു പേര്‍ അവിടെ വഴിയരികില്‍ സംസാരിച്ചു നില്പുണ്ടു്. അവരോടു് ഹോട്ടലിന്റെ പേര് പറഞ്ഞു വഴി ചോദിച്ചു. എന്റെ കയ്യിലുള്ള മാപ്പ് കാണിച്ചു കൊടുത്തു. അവര്‍ കൂടെ വന്നു് സഹായിച്ചു. അങ്ങനെ ഹോട്ടല്‍ കണ്ടു പിടിച്ചു് അവരോടു് നന്ദി പറഞ്ഞു പിരിഞ്ഞു.
ജപ്പാനിലെ അവസാന ദിവസം
പിറ്റേന്നു് രാവിലെ നേരത്തേ തന്നെ ഉണര്‍ന്നു് പുറപ്പെട്ടു് ടോക്യോ നരിത എക്സ്പ്രസ്സില്‍ കയറി എയര്‍പോര്‍ട്ടിലേക്കു് യാത്രയായി. ട്രെയിനില്‍ എല്ലാ ഫ്ലൈറ്റിന്റെയും സമയത്തിന്റെ കൂടെ എന്റെയും ഫ്ലൈറ്റിന്റെ സമയം ഡിസ്പ്ലേ സ്ക്രീനില്‍ തെളിഞ്ഞു. ഫ്ലൈറ്റ് ഡിലേയ്ഡാണു്. എയര്‍പോര്‍ട്ടിലെത്തി ബോര്‍ഡിങ് പാസ്സെടുത്തു. പോവുന്ന വഴി കുറച്ചു കൌതുകവസ്തുക്കള്‍ വാങ്ങി. ജപ്പാനോടു് വിട. എ എന്‍ എ ഫ്ലൈറ്റില്‍ കയറി തിരികെ മുംബൈയില്‍. മുംബൈ സി എസ് ടിയില്‍ ഇറങ്ങി സമയം കളയാതെ ടാക്‍സി പിടിച്ചു് സാന്താക്രൂസ് എയര്‍പോര്‍ട്ടിലെത്തി. കോഴിക്കോട്ടേക്കുള്ള ഫ്ലൈറ്റിനു് അധികം സമയമില്ല. ഓടിപ്പാഞ്ഞു ചെന്നു് ബോര്‍ഡിങ് പാസ്സെടുത്തു് ഫ്ലൈറ്റ് ടേക്കോഫ് ചെയ്യാനായപ്പോള്‍ ഓടിക്കിതച്ചെത്തി ഫ്ലൈറ്റില്‍ കയറിപ്പറ്റി. കോഴിക്കോട്ടെത്തിയപ്പോള്‍ അച്ഛന്‍ ടാക്സിയുമായി കാത്തു നില്പുണ്ടായിരുന്നു. അങ്ങനെ സംഭവബഹുലമായ ജപ്പാന്‍ യാത്ര കഴിഞ്ഞു് വീണ്ടും വീട്ടില്‍ തിരികെ.
അരിഗാത്തോ ഗോസായിമാസ്…
ചിത്രങ്ങള്‍:
ഞാന്‍, പാര്‍ത്ഥസാരഥി, മൊഹമ്മത് ലാമിന്‍, ലോയിക്‍ ഓര്‍തോല, മാരികോ നൊസാവ, സെലെനെ യാങ്, സിഡൊറെല ഉകു, താകെഹിരോ വാതാനബ്ബെ.
നന്നായിട്ടുണ്ട് ജെയ്സാ💐
പിങ്ബാക്ക് The State of the Map scholar experience | OpenStreetMap Blog