പഞ്ചായത്തു കമ്പ്യൂട്ടറും യൂണിക്കോഡ് മലയാളവും

1. കുറ്റസമ്മതവും മുന്‍കൂര്‍ജാമ്യവും

ഇതു് പഞ്ചായത്താപ്പീസ്സുകളിലെയും പഞ്ചായത്തു വകുപ്പിലെയും എന്റെ സഹപ്രവര്‍ത്തകര്‍ക്കു വേണ്ടി, ഞങ്ങളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ഉപയോഗിക്കുന്നതിലേക്കു വേണ്ടി മാത്രം തയ്യാറാക്കിയ സഹായകക്കുറിപ്പാണു്. പ്രായോഗികമായി ഇത്തരം കാര്യങ്ങള്‍ എങ്ങനെ ചെയ്യാം എന്നു വിവരിക്കുക മാത്രമാണു് ഉദ്ദേശ്യം. അവരവരുടെ സ്വന്തം ഉത്തരവാദിത്തത്തിലേ ഈ രേഖ മറ്റെന്തെങ്കിലും ആവശ്യത്തിനു് ഉപയോഗിക്കാവൂ. യൂണിക്കോഡ് മലയാളത്തില്‍ തന്നെ ഡാറ്റാ എന്‍ട്രി നടത്തേണ്ട അവസ്ഥ പഞ്ചായത്താപ്പീസ്സുകളില്‍ ഉണ്ടായിട്ടു പോലും പുതുതായി സര്‍വ്വീസിലേക്കു വരുന്നവര്‍ക്കുള്ള മലയാളം ടൈപ്പിങ് പരിശീലനം ഇതുവരെ കാലഹരണപ്പെട്ട ഐ എസ് എമ്മില്‍ നിന്നു് യൂണിക്കോഡിലേക്കു് മാറിയിട്ടില്ല. പലര്‍ക്കും അവരവര്‍ ഐ എസ് എമ്മില്‍ ഉപയോഗിച്ചു് ശീലിച്ചു വന്ന മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ (ഇന്‍സ്ക്രിപ്റ്റും റെമിങ്ടണും) എങ്ങനെ യൂണിക്കോഡ് മലയാളത്തിനു വേണ്ടി സ്വന്തം കമ്പ്യൂട്ടറില്‍ ഇണക്കിച്ചേര്‍ക്കാമെന്നറിയില്ല, അതു സാധിക്കുമോ എന്നറിയില്ല, ഐ എസ് എമ്മിലെ മലയാളവും യൂണിക്കോഡ് മലയാളവും തമ്മിലുള്ള വ്യത്യാസമെന്താണെന്നറിയില്ല. പലരും യൂണിക്കോഡ് മലയാളം കിട്ടാന്‍ വേണ്ടി തങ്ങള്‍ക്കു് പരിചയമില്ലാത്ത കീബോര്‍ഡ് ലേയൌട്ടുകളും സംവിധാനങ്ങളും ഉപയോഗിച്ചു് കഷ്ടപ്പെടുന്നു. അവരെ സഹായിക്കാന്‍ വേണ്ടിയാണു് ഈ കുറിപ്പു്. മറ്റു മേഖലകളില്‍ നിന്നുള്ളവര്‍ അവരവരുടെ സാഹചര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി, ഇണങ്ങുമെന്നുണ്ടെങ്കില്‍ മാത്രമേ ഇതിലെ നിര്‍ദ്ദേശങ്ങള്‍ കൈക്കൊള്ളാവൂ. എനിക്കു മുമ്പേ പലരും പല രീതിയില്‍ പലയിടങ്ങളിലായി വിവരിച്ചിട്ടുള്ള കാര്യം തന്നെയാണിതു്. ഈ കുറിപ്പു് ആധികാരികമല്ല, ആധികാരിക വിവരം തന്നെ വേണമെന്നുള്ളവര്‍ക്കു് ബന്ധപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ അസ്സല്‍ രേഖകള്‍ വായിച്ചു മനസ്സിലാക്കാവുന്നതാണു്.

 2. മുന്നുര

പഞ്ചായത്തു കിണറും പഞ്ചായത്തു റോഡും പഞ്ചായത്തു പൈപ്പും ഒക്കെ കാലങ്ങളായി വാമൊഴിയിലും വരമൊഴിയിലും അച്ചടിയിലും ഉണ്ടെങ്കിലും, പഞ്ചായത്തു കമ്പ്യൂട്ടര്‍ എന്നൊന്നുണ്ടെന്നു് ആദ്യമായി കണ്ടുപിടിച്ചയാള്‍ ഞാനാകുന്നു. ഈ പദപ്രയോഗം ഒരു രേഖയില്‍ ആദ്യമായി പ്രയോഗിച്ചതിനു് എനിക്കു് പ്രത്യേകമായി ഒരവാര്‍ഡു തരേണ്ടതാണെന്ന എന്റെ അവകാശവാദത്തെ പിന്താങ്ങുന്നവര്‍ മാത്രമേ, ഇനി താഴോട്ടുള്ള ഭാഗങ്ങള്‍ വായിക്കുമ്പോഴുണ്ടായേക്കാവുന്ന സംശയങ്ങള്‍ എന്നോടന്വേഷിക്കാവൂ. എന്നെ പിന്താങ്ങാത്തവരും ഇതു വായിക്കുന്നതിന്നു് ഇവിടെ ഒരു വിരോധവുമില്ല. പക്ഷേ, അങ്ങനെയുള്ളവര്‍ എന്നെ വിളിച്ചു സംശയങ്ങളൊന്നും തന്നെ ചോദിക്കരുതേ… ഇനി അഥവാ അങ്ങനെത്തെ ആര്‍ക്കെങ്കിലും എന്നോടു് ഇക്കാര്യങ്ങളില്‍ എന്തെങ്കിലും ചോദിക്കണമെന്നു തോന്നിയാലോ? ഞാന്‍ ഒരക്ഷരം മുണ്ടൂല്ല, അത്ര തന്നെ. ഹോ… നിങ്ങളൊക്കെ വല്യ വല്യ ആളുകള്‍.. നമ്മള്‍ പാവങ്ങള്‍.. ജീവിച്ചു പോയ്ക്കോട്ടെ…

3. ചില പ്രശ്നങ്ങള്‍ – കമ്പ്യൂട്ടര്‍-മലയാളം രേഖകളില്‍

നമ്മള്‍ പഞ്ചായത്താപ്പീസ്സുകളിലും പഞ്ചായത്തു വകുപ്പിലെ ജീവനക്കാര്‍ ജോലി ചെയ്യുന്ന മറ്റു് ആപ്പീസ്സുകളിലും ആശയവിനിമയത്തിനു് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഇ-മെയിലും സര്‍വ്വസാധാരണമായി ഉപയോഗിച്ചു തുടങ്ങിയിട്ടു് കാലം കുറച്ചായി. പ്രതിവര്‍ഷം ശരാശരി 20,000 മുതല്‍ 25,000 വരെ എണ്ണം തപാലുകള്‍ ഗ്രാമപഞ്ചായത്താപ്പീസ്സുകളില്‍ നമ്മള്‍ കൈകാര്യം ചെയ്യുന്നുണ്ടു്. അവയില്‍ റിപ്പോര്‍ട്ടുകളാവശ്യപ്പെട്ടു കൊണ്ടുള്ള മിക്ക കത്തുകളും ഇ-മെയിലിലാണു് എത്തുന്നതു്. അടിയന്തിര സ്വഭാവമുള്ള തപാലുകള്‍ മിക്കതിനും കാലവിളംബം ഒഴിവാക്കുന്നതിനു് നമ്മള്‍ മറുപടികള്‍ ഇ-മെയിലില്‍ അന്നന്നു തന്നെ അയക്കാറുമുണ്ടു്. ഇപ്രകാരം കമ്പ്യൂട്ടറുപയോഗിച്ചു് മലയാളത്തില്‍ രേഖകളും ഇ-മെയിലും ടൈപ്പു ചെയ്തെടുക്കാന്‍ സി-ഡാക്‍ തയ്യാറാക്കി കുത്തക ലൈസന്‍സോടെ വിതരണം ചെയ്യുന്ന ഐ എസ് എം ആണല്ലോ ഇപ്പോഴും ഉപയോഗിച്ചു വരുന്നതു്. കമ്പ്യൂട്ടറില്‍ രേഖകള്‍ തയ്യാറാക്കാന്‍ ഐ എസ് എം ഉപയോഗിക്കുമ്പോള്‍ അനുഭവപ്പെടുന്ന ചില പ്രശ്നങ്ങളും തകരാറുകളും നമുക്കു് നേരത്തേ തന്നെ അറിയാം. എന്റെ അനുഭവങ്ങളില്‍ നിന്നും ചിലതു്:-

  • ഐ എസ് എം ഉപയോഗിച്ചു് ഇ-മെയിലില്‍ നേരിട്ടു് മലയാളത്തില്‍ ടൈപ്പു ചെയ്യാന്‍ കഴിയില്ല. ചെറിയ സന്ദേശങ്ങള്‍ പോലും എം എസ് ഓഫീസ് ഉപയോഗിച്ചു് ടൈപ്പു ചെയ്തു് കുത്തിക്കെട്ടി (ഫയല്‍ അറ്റാച്ചുമെന്റായിട്ടു്) അയക്കേണ്ടി വരുന്നു. ഇതു് ഇന്റര്‍നെറ്റ് ട്രാഫിക്‍ അനാവശ്യമായി കൂടാന്‍ ഇടയാക്കുന്നുണ്ടു്.

ചിത്രം 1

  • വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ മാത്രമേ ഇങ്ങനെ തയ്യാറാക്കിയ രേഖകള്‍ നേരാം വണ്ണം വായിക്കാന്‍ പറ്റൂ. മറ്റു് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കു് ഈ രേഖകള്‍ വായിക്കണമെങ്കില്‍ കുറച്ചു പണിപ്പെടേണ്ടി വരും. ഒന്നാമത്തെ കാരണം, വിന്‍ഡോസിനു വേണ്ടി മാത്രമായി ഉണ്ടാക്കിയ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണു് ഐ എസ് എം എന്നതു തന്നെ. ഐ എസ് എമ്മിന്റെ കൂടെ കിട്ടുന്ന ഫോണ്ടുകള്‍ സ്വതന്ത്രമോ സൌജന്യമോ അല്ലെന്നതു മറ്റൊരു കാരണമാണു്. ഐ എസ് എമ്മില്‍ ലഭ്യമായതിനേക്കാള്‍ പല മടങ്ങു് മികച്ച സാങ്കേതിക വിദ്യയും ഫോണ്ടുകളും സ്വതന്ത്രമായും സൌജന്യമായും ലഭ്യമായ മറ്റു് ആധുനിക ഓപ്പറേറ്റിങ് സിസ്റ്റങ്ങളുപയോഗിക്കുന്നവര്‍, നമ്മള്‍ തയ്യാറാക്കുന്ന രേഖകള്‍ വായിക്കുന്നതിനു വേണ്ടി മാത്രം ഐ എസ് എം വിലയ്ക്കു വാങ്ങി ഉപയോഗിക്കേണ്ടി വരികയെന്നതു് ലേശം കടന്ന കയ്യല്ലേ? വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ച രേഖകള്‍ കൂടി ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ചിത്രം 2

  • മറ്റാപ്പീസുകളില്‍ നിന്നും ഇ-മെയിലില്‍ ഇങ്ങനെ ലഭിക്കുന്ന രേഖകള്‍ തുറന്നു് വായിക്കുമ്പോള്‍ ഐ എസ് എം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമും രേഖ തയ്യാറാക്കാനുപയോഗിച്ച ഫോണ്ടും നമ്മുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ വാക്കുകള്‍ക്കു പകരം വിചിത്രമായ ചില ചിഹ്നങ്ങള്‍ മാത്രം കാണുന്നു.

ചിത്രം 3

  • ഇനി ഈ ഫോണ്ട് നമ്മുടെ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍പ്പോലും ചില സമയത്തു് ല്‍, ല്ല, ണ്ട, ന്മ തുടങ്ങിയ അക്ഷരങ്ങള്‍ക്കു പകരം ആ സ്ഥാനത്തു് ഒഴിഞ്ഞ ചതുരക്കള്ളികള്‍ കാണുന്നു.

ചിത്രം 4

  • ഈ ചതുരക്കള്ളികളുടെ സ്ഥാനത്തെ അക്ഷരങ്ങള്‍ ഏതാവുമെന്നു് സന്ദര്‍ഭവും സാരസ്യവും നോക്കി നമ്മള്‍ ഊഹിച്ചു കണ്ടുപിടിച്ചു കൊള്ളണം. ഉദാഹരണത്തിനു് നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ പേരു് ഇപ്രകാരം തയ്യാറാക്കുന്ന രേഖയില്‍ ന❑❑ എന്നു കാണുമ്പോള്‍ കോഴിക്കോടു് ജില്ലയ്ക്കു പുറത്തു നിന്നുള്ളവര്‍ക്കു് ഇതെന്താണെന്നു് മനസ്സിലാക്കുവാന്‍ പ്രയാസം. ഡി ടി പി മേഖലയില്‍ നിന്നുള്ളവരും ഈ പ്രശ്നം വേറൊരു തരത്തില്‍ പറഞ്ഞു കേട്ടിട്ടുണ്ടു്.
  • നമ്മള്‍ ഓഫീസിനു പുറത്തായിരിക്കുമ്പോള്‍, ഇ-മെയിലില്‍ വന്ന മലയാളത്തിലുള്ള അടിയന്തിര സന്ദേശം വായിക്കണമെങ്കില്‍ ആദ്യം ഐ എസ് എം ഉള്ള ഇന്റര്‍നെറ്റ് കഫേ തിരയാന്‍ പോകണം. ഐ എസ് എം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമും അതിന്റെ ഫോണ്ടുകളും എല്ലാവര്‍ക്കും സൌജന്യമായി ലഭിക്കുന്നവയല്ലാത്തതിനാല്‍ ഇത്തരം കഫേകള്‍ തിരഞ്ഞു കണ്ടെത്തുക പ്രയാസം.
  • മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി ഒരു രേഖ തയ്യാറാക്കുമ്പോള്‍ ഓരോ പ്രാവശ്യം ഭാഷ മാറുമ്പോഴും ഫോണ്ട് പ്രത്യേകമായി തിരഞ്ഞെടുത്തു മാറ്റേണ്ടി വരുന്നു. ഇതിനു സമയം സാമാന്യത്തിലും കൂടുതല്‍ വേണം. ഇങ്ങനെ തയ്യാറാക്കിയ ഒരു രേഖയിലെ ഫോണ്ടു മാറ്റണമെങ്കില്‍ ഒറ്റയടിക്കു ചെയ്യാനും പറ്റില്ല. മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയ ഭാഗങ്ങള്‍ വെവ്വേറെ തിരഞ്ഞു പിടിച്ചു മാറ്റണം. കുറേയധികം പേജുകളുള്ള രേഖകളാകുമ്പോള്‍ ഇതെത്രമാത്രം ബുദ്ധിമുട്ടാണെന്നും, എത്ര സമയമെടുക്കുമെന്നും ഒരിക്കലെങ്കിലും ഇതു ചെയ്തിട്ടുള്ളവര്‍ക്കറിയാമായിരിക്കും. പഞ്ചായത്തുപജീവികളായ നമുക്കു് ഒരിക്കലും ഒന്നിനും തികയാത്ത സംഗതിയും സമയം തന്നെയല്ലേ?

ഇനി പറയാന്‍ പോവുന്നതു് അല്പം സാങ്കേതിക കാര്യങ്ങളാണു്. ഇതത്രയും വായിക്കാന്‍ സമയമില്ല, കാര്യം മാത്രം നടന്നു കിട്ടിയാല്‍ മതിയെന്നുള്ളവര്‍ നേരെ ഖണ്ഡിക 11ലേക്കു ചെന്നാല്‍ മതി. സാങ്കേതികം വായിച്ചു ബോറടിക്കണംന്നൊന്നും ഇവിടെ ആരും നിര്‍ബ്ബന്ധിക്കാന്‍ പോണില്യ.

4. എന്തു കൊണ്ടാണിത്തരം ബുദ്ധിമുട്ടുകള്‍? ഇതിന്നു പരിഹാരമില്ലേ?

ഈ പ്രയാസങ്ങളുടെ കാരണം മനസ്സിലാകണമെങ്കില്‍ കമ്പ്യൂട്ടറിന്റെ ഭാഷയെപ്പറ്റി ഒരു ലേശം വിവരം ആദ്യമേ തന്നെ നമുക്കു വേണം. പ്രശ്നം എവിടെയാണെന്നറിഞ്ഞാലല്ലേ അതിനു പരിഹാരം കാണാനും പറ്റുള്ളൂ? എന്നു കരുതി, ആകെ ബേജാറായി വിയര്‍ത്ത മൂക്കും നെറ്റിയും ടവ്വല്‍ കൊണ്ടു തുടച്ചു്, തല ചൊറിഞ്ഞു വായും പൊളിച്ചിരിക്ക്യൊന്നും വേണ്ട കേട്ടോ. റോക്കറ്റുണ്ടാക്കി പറപ്പിക്കാനുള്ള വിവരമൊന്നും ഇതിനു വേണ്ട. ഒരു കാക്കത്തൊള്ളായിരം പ്രശ്നങ്ങള്‍ പഞ്ചായത്താപ്പീസ്സുകളിലിരുന്നു നമ്മള്‍ കൂളായി കൈകാര്യം ചെയ്തു സോള്‍വാക്കി വിടുന്നില്ലേ? (ചിലപ്പോഴൊക്കെ നമ്മള്‍ വെട്ടിലായിപ്പോവാറുണ്ടെന്നതും വിസ്മരിക്കുന്നില്ല.) സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ പദ്ധതിച്ചെലവു നൂറു ശതമാനമാക്കാന്‍ പകുതി പ്രാന്തു പിടിച്ച അവസ്ഥയില്‍ പെടാപ്പാടു പെടുമ്പോള്‍ത്തന്നെ, ഓര്‍ക്കാപ്പുറത്തു വന്നു പെടുന്ന, തുമ്പും വാലും ഉദ്ദേശ്യവുമൊന്നും ഒറ്റ വായനയില്‍ ഉരുത്തിരിഞ്ഞു കിട്ടാത്ത ഉത്തരവുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആ നേരമില്ലാത്ത നേരത്തു പോലും, വരികളിലൂടെയും വരികള്‍ക്കിടയിലൂടെയും വായിച്ചു മനസ്സിലാക്കി, കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ആ നിര്‍ദ്ദേശങ്ങളനുസരിച്ചു തന്നെ കാര്യം നമ്മള്‍ നടത്തിയെടുത്തിട്ടില്ലേ? കുഴപ്പം പിടിച്ച പല ഓഡിറ്റു പരാമര്‍ശങ്ങള്‍ക്കും മറുപടി കൊടുത്തു് ഊരിപ്പോരുന്നതില്‍ നമ്മളില്‍ പലരും കാണിക്കാറുള്ള കൈത്തഴക്കത്തിനും മെയ്‌വഴക്കത്തിനും മുന്നില്‍ സാക്ഷാല്‍ മയിലെണ്ണ പോലും കുമ്പിട്ടു തൊഴുതു പോവാറില്ലേ? അങ്ങനെയൊക്കെ കിട്ടിയ ഗിഡ്നിയും ഗുസ്തിയുമൊക്കെത്തന്നെ ഇതിനു റൊമ്പ ജാസ്തി.

5. കമ്പ്യൂട്ടറിന്റെ ഭാഷ

ഇനി കാര്യത്തിലേക്കു കടക്കാം. കമ്പ്യൂട്ടറില്ലാതെയാണെങ്കില്‍, സാധാരണ ഗതിയില്‍ കുറേ സമയമെടുത്തു ബുദ്ധിമുട്ടി ചെയ്യേണ്ടി വരുന്നതും, എന്നാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചു് എളുപ്പത്തിലും നിസ്സാരമായും ചെയ്യാന്‍ പറ്റുന്നതുമായ ഒരു 1729 കാര്യങ്ങള്‍ നമുക്കു് ഓര്‍ത്തെടുത്തെണ്ണിയെണ്ണിപ്പറയാമെങ്കിലും, ഈ മഹാബുദ്ധിമാനു യഥാര്‍ത്ഥത്തില്‍ 0, 1 എന്നീ രണ്ടു സംഗതികള്‍ മാത്രമേ അറിഞ്ഞു കൂടൂ. അതേന്നേ, ശരിക്കും കാര്യായിട്ടു തന്നെ പറഞ്ഞതാ. എന്റെ തലയ്ക്കു വയ്ക്കാന്‍ ആരും നെല്ലിക്കയൊന്നും കൊണ്ടു വരണംന്നില്യ. വിവരമുള്ളവര്‍ ബൈനറി സമ്പ്രദായം എന്നൊക്കെ ഈ സംഗതിക്കു പേരു പറയുന്നതു കേട്ടിട്ടുണ്ടു്.

6. ആസ്കീ – ASCII ( American Standard Code for Information Interchange)

അപ്പോ, ഈ രണ്ടെണ്ണം മാത്രം ഉപയോഗിച്ചെങ്ങന്യാ സാധാരണ നമ്മള്‍ കമ്പ്യൂട്ടറിലൊക്കെ കാണുന്നതു പോലെത്തെ വിവരങ്ങള്‍ കൈകാര്യം ചെയ്യുക? അദ്ദാണു് സൂത്രം. ഒരു പട്ടികയുണ്ടാക്കി അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും ഓരോ സ്ഥാനസംഖ്യ കൊടുക്കുന്നു. ഈ പട്ടികയ്ക്കു് ആസ്കീ പട്ടിക എന്നു് പേരു പറയാം. ടാസ്കി അല്ല കേട്ടോ 😉 ഒരുദാഹരണം പറഞ്ഞാല്‍, നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ‘1’ എന്ന അക്കത്തിനു് ആസ്കീ പട്ടികയില്‍ നല്‍കിയ സ്ഥാനം 49 ആണു്. ഇംഗ്ലീഷ് ചെറിയക്ഷരം ‘a’ ആസ്കീ പട്ടികയില്‍ 97എന്ന സ്ഥാനത്താണു്.

ഏഴു ബിറ്റുകളുപയോഗിച്ചായിരുന്നു ആദ്യകാലത്തൊക്കെ ഇതു ചെയ്തിരുന്നതു്. ആഹ്? അതെന്താണപ്പാ ‘ബിറ്റ്‘ എന്നാവും ഇപ്പോഴത്തെ ചോദ്യം. സാരല്യ. അതും നമ്മള്‍ കുത്തിയിരുന്നു പഠിച്ചു കാണാപ്പാഠമാക്കി വച്ചിട്ടുണ്ടേ. 0, 1 എന്നീ രണ്ടെണ്ണം മാത്രമേ കമ്പ്യൂട്ടറിനറിയുള്ളൂ എന്നു നേരത്തേ പറഞ്ഞല്ലോ. 0 എന്നു വച്ചാല്‍ ചാര്‍ജ്ജില്ലാത്ത അവസ്ഥയും, 1 എന്നു വച്ചാല്‍ ചാര്‍ജ്ജുള്ള അവസ്ഥയും എന്നു വെറുതേ അങ്ങടു സങ്കല്‍പ്പിക്ക്യ. ഈ പൂജ്യമോ ഒന്നോ സൂക്ഷിക്കാനുള്ള ഇടമാണു് ഒരു ബിറ്റ്. ഒരു ബിറ്റില്‍ ഇതിലേതെങ്കിലും ഒന്നേ ഒരു സമയത്തു സൂക്ഷിക്കാനാവൂ. ഏഴു ബിറ്റുകളുപയോഗിച്ചു് 128 അക്ഷരങ്ങളെ (സംഖ്യകളടക്കം) നമുക്കു പ്രതിനിധാനം ചെയ്യാം. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഓരോ അക്ഷരത്തിനും 8 ബിറ്റ് (ഒരു ബൈറ്റ്) ഉപയോഗിച്ചു തുടങ്ങി. അപ്പോള്‍ 256 അക്ഷരങ്ങള്‍ ഈ പട്ടികയില്‍ ചേര്‍ക്കാമെന്നായി.

ഉദാഹരണം: a = 97 (ദശാംശം) അല്ലെങ്കില്‍ 110 0001 (ബൈനറി)

1 = 49 (ദശാംശം) അല്ലെങ്കില്‍ 011 0001 (ബൈനറി)

കമ്പ്യൂട്ടര്‍ യന്ത്രം കണ്ടുപിടിച്ചു് ആദ്യമായി ഉപയോഗിച്ചു തുടങ്ങിയതു് അമേരിക്കയിലും യൂറോപ്പിലുമൊക്കെയായിരുന്നതിനാല്‍ അവിടങ്ങളിലെ ഭാഷകളുടെ ലിപി സമ്പ്രദായമായ ലത്തീന്‍ ലിപി മാത്രമേ ഇതില്‍ പരിഗണിച്ചിരുന്നുള്ളൂ. ആസ്കീ ഉപയോഗിച്ച് 256 അക്ഷരങ്ങള്‍ മാത്രമേ ശേഖരിക്കാനാവുകയുള്ളൂ എന്നതു കൊണ്ടു്, വ്യത്യസ്തമായ രണ്ടു ഭാഷകളിലെ അക്ഷരങ്ങളും അക്കങ്ങളും മാത്രം ഇതില്‍ ഉള്‍ക്കൊള്ളിക്കാം. കൂടുതല്‍ ഭാഷകള്‍ ചേര്‍ക്കാന്‍ ഇതില്‍ സ്ഥലമില്ല. മറ്റു ഭാഷകളുടെ ലിപികളൊന്നും തന്നെ ഇതു കൊണ്ടു പ്രതിനിധാനം ചെയ്യാനും പറ്റില്ല. ഇതില്‍ ആദ്യത്തെ 128 കോഡുകള്‍ ഇംഗ്ലീഷിനും ബാക്കി വരുന്ന 128 സ്ഥാനങ്ങള്‍ മറ്റേതെങ്കിലും ഭാഷയ്ക്കും ഉപയോഗിക്കാം. ഇങ്ങനെയൊരു ചട്ടക്കൂടാണു് ആസ്കീ ഉണ്ടാക്കിയതു്. കമ്പ്യൂട്ടറുകള്‍ ലോകം മുഴുവന്‍ വ്യാപകമായപ്പോള്‍, ഏതെങ്കിലും രണ്ടു ഭാഷകള്‍ എന്ന നിലയില്‍ നിന്നും ഒരുപാടു ഭാഷകള്‍ കൈകാര്യം ചെയ്യേണ്ടുന്ന നിലയിലേക്കു് കമ്പ്യൂട്ടറുകള്‍ എത്തിപ്പെട്ടു.

7. ഫോണ്ട് എന്‍കോഡിങ്ങ്

ആസ്കീയുടെ പ്രതാപ കാലത്തു് നമ്മുടെ ഇന്ത്യന്‍ ഭാഷകള്‍ കമ്പ്യൂട്ടര്‍ കൊണ്ടു കൈകാര്യം ചെയ്യിക്കുന്നതിനായി നമ്മളുപയോഗിച്ച കുറുക്കുവഴി, ഫോണ്ട് എന്‍കോഡിങ്ങ് എന്ന സൂത്രവിദ്യയാണു്. ഭാരതീയ ഭാഷകളില്‍ അക്ഷരങ്ങള്‍ രേഖപ്പെടുത്താന്‍ ISCII ( Indian Standard Code for Information Interchange ) എന്നൊരു കോഡ് ഉണ്ടാക്കിയിട്ടുണ്ടു്. സി-ഡാക്കിന്റെ ഐ എസ് എമ്മിലും ഇതു തന്നെ പരിപാടി. ആസ്കീ ഫോണ്ടുകളില്‍ ലത്തീന്‍ അക്ഷരങ്ങളുടെ സ്ഥാനത്തു് മലയാളം അക്ഷരങ്ങള്‍ വച്ചു. എന്നു വച്ചാല്‍, അക്ഷരങ്ങള്‍ ശേഖരിക്കുന്നതു ലത്തീനിലും പ്രദര്‍ശിപ്പിക്കുമ്പോള്‍ മലയാളത്തിലും. കീബോര്‍ഡില്‍ നിന്നു വരുന്ന സന്ദേശങ്ങളെ മലയാളം അക്ഷരങ്ങളായി തിരിച്ചറിയുകയും അതനുസരിച്ചു മോണിട്ടറില്‍ പ്രദര്‍ശിപ്പിക്കുകയും അച്ചടിക്കുകയും മാത്രമാണു് ഇത്തരം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ചെയ്യുന്നതു്.

8. ഈ രീതി കൊണ്ടുണ്ടായ പ്രശ്നങ്ങള്‍

അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമടക്കം 900 ത്തിലധികം ഗ്ലിഫുകളുള്ള മലയാളം ഒരു ആസ്കീ ഫോണ്ടിലൊതുക്കാനാവില്ല. മലയാളത്തിലെ ആദ്യത്തെ തനതു ലിപി ഫോണ്ടായ രചന 6 ആസ്കീ ഫോണ്ടുകളുപയോഗിച്ചാണു് എല്ലാ കൂട്ടക്ഷരങ്ങളും കാണിച്ചിരുന്നതു്. ഐ എസ് എം ഫോണ്ടുകളില്‍ത്തന്നെ അക്ഷരങ്ങള്‍ ഇന്നയിന്ന സ്ഥാനത്തു് എന്ന മാപ്പിങ്ങിനു് ഐകരൂപ്യമില്ല.

ചിത്രം 5

അതുകൊണ്ടു തന്നെ വിവരങ്ങള്‍‌ക്കൊപ്പം ഫോണ്ടും കൂടി കൈമാറേണ്ട അവസ്ഥയുണ്ടാവുന്നു. അല്ലെങ്കില്‍ രേഖ അയക്കുന്നിടത്തെന്ന പോലെ അയച്ചു കിട്ടേണ്ടിടത്തും ഐ എസ് എം ഉണ്ടായിരിക്കണം. ഇങ്ങനെയൊക്കെ ആണെങ്കില്‍ത്തന്നെയും കമ്പ്യൂട്ടര്‍ ഇതു് മലയാളത്തിലുള്ള ഒരു രേഖയായല്ല സൂക്ഷിച്ചു വച്ചിരിക്കുന്നതു്, ലത്തീന്‍ ലിപിയിലുള്ള ഫയലായിട്ടാണു്. ഒരു ടെക്‍സ്റ്റു ഫയലില്‍ ഇംഗ്ലീഷും മലയാളവും കൂടി ഉള്‍ക്കൊള്ളിക്കാനും പറ്റില്ല. അതുകൊണ്ടൊക്കെത്തന്നെ രേഖയിലെ വാക്കുകള്‍ തിരയുക, തരം തിരിക്കുക, അക്ഷരമാലാക്രമത്തിലാക്കുക, അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുക, ഇന്‍ഡെക്സു ചെയ്യുക, പര്യായ നിഘണ്ടു ഉപയോഗിക്കുക തുടങ്ങി പല കാര്യങ്ങളും ചെയ്യാന്‍ ഏകീകൃതമായ ഒരു രീതി സാദ്ധ്യമായില്ല.

9. പ്രശ്നപരിഹാരം വരുന്നു

ആസ്കീയെക്കാള്‍ വിപുലമായ യൂണിക്കോഡ് (Unicode) പിന്നീട് നിലവില്‍ വന്നു. ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്ക്കാരത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമാണു യൂണിക്കോഡ്. ഇതു വന്നതോടെ പ്രശ്നപരിഹാരമായി. ഇതില്‍ ലോകത്തില്‍ ഇന്നുള്ള മിക്ക ഭാഷകളിലെയും അക്ഷരരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടു്. 2010 ഒക്ടോബറിലിറങ്ങിയ യൂണിക്കോഡിന്റെ 6.0 പതിപ്പില്‍ 109,449 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പട്ടികയാണുള്ളതു്. ഓരോ ഭാഷയ്ക്കും പട്ടികയില്‍ അതിന്റേതായ സ്ഥാനം നല്കിയിരിക്കുന്നു. ഇതിലെ ആദ്യത്തെ 256 അക്ഷരങ്ങള്‍ ആസ്കീയുടേതു തന്നെയാണു്.

ഈ പട്ടികയില്‍ 3328 മുതല്‍ 3455 വരെയാണു് ( അഥവാ 0D00 – 0D7F) മലയാളത്തിന്റെ സ്ഥാനം. ഇംഗ്ലീഷ് അറിയാവുന്നവര്‍ക്കു മാത്രമേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന ധാരണ തിരുത്താന്‍ യൂണിക്കോഡ് സഹായകമായി. ഒന്നിലധികം ഭാഷകള്‍ ഒരേ ടെക്‍സ്റ്റു ഫയലില്‍ സൂക്ഷിയ്ക്കാം എന്നായി. അക്ഷരത്തെറ്റുകള്‍ കണ്ടുപിടിക്കുക, വാക്കുകളും ഖണ്ഡികകളും അക്ഷരമാലാ ക്രമത്തിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏകീകൃത രൂപത്തില്‍ ഏതു ഭാഷയിലും ചെയ്യാന്‍ സാധിക്കണമെങ്കില്‍ യൂണിക്കോഡിന്റെ സഹായം ആവശ്യമാണു്. ഇപ്പോള്‍ മിക്ക ആധുനിക ഓപ്പറേറ്റിങ് സിസ്റ്റങ്ങളും സാങ്കേതികവിദ്യകളും യൂണികോഡിനെ പിന്തുണയ്ക്കുന്നുമുണ്ടു്. ഏതു പ്രാദേശികഭാഷയിലും ഇന്നു് കമ്പ്യൂട്ടിങ് സാധ്യമായി വരികയാണു്. ലോകത്തെവിടെയുമുള്ള കമ്പ്യൂട്ടറുകളില്‍ മലയാളം മാത്രമല്ല ഏതു ഭാഷയും വിളിപ്പുറത്തെത്തും എന്നതാണു് ഇതിന്റെ പ്രത്യേകത. ഇതു പ്രാദേശിക ഭാഷകള്‍ക്കനുഗുണമായ കാര്യമാണെന്നതു കൊണ്ടു തന്നെ, കമ്പ്യൂട്ടറുകളിലൂടെയുള്ള മലയാളം വ്യാപനത്തിനു് ആക്കം കൂടുകയും ചെയ്യും. മലയാളത്തെ മലയാളമായിത്തന്നെ കമ്പ്യൂട്ടര്‍ മനസ്സിലാക്കുന്നു എന്നതിനാല്‍ യൂണിക്കോഡ് സംവിധാനം വന്നതോടെ മലയാളം കമ്പ്യൂട്ടിങിനു് ശക്തി കൈവന്നിട്ടുണ്ടു്. ഏതെങ്കിലുമൊരു മലയാളം യൂണികോഡ് ഫോണ്ട് കമ്പ്യൂട്ടറിലുണ്ടായിരുന്നാല്‍ മതി. ഏതു് അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറിലും മലയാളം ഉപയോഗിക്കാനും, മലയാളത്തില്‍ ടൈപ്പു ചെയ്ത വാക്കുകളും വാചകങ്ങളും ഒരു അപ്ലിക്കേഷനില്‍ നിന്നു പകര്‍ത്തി മറ്റൊന്നില്‍ പതിപ്പിക്കാനും, മലയാളത്തില്‍ ഇ-മെയില്‍ അയക്കാനും ഒക്കെ കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്നു് ഇംഗ്ലീഷില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇപ്പോള്‍ മലയാളത്തിലും ചെയ്യാം. മലയാളത്തിന്റെ തനതു ലിപിയും വെട്ടിച്ചുരുക്കിയ ലിപിയും തമ്മിലുള്ള വ്യത്യാസം ഇതോടെ ഇല്ലാതായിട്ടുണ്ടു്. ഏതു ലിപിയിലുള്ള ഫോണ്ടാണോ കമ്പ്യൂട്ടറിലുള്ളതു്, ആ ലിപിയില്‍ വിവരങ്ങള്‍ കാണാം.

പക്ഷേ 3328 മുതല്‍3455 വരെയുള്ള സ്ഥാനത്ത് 128 സ്ഥാനങ്ങളല്ലേയുള്ളൂ? അതിലെങ്ങനെയാ 900 ത്തിലധികമുള്ള കൂട്ടക്ഷരങ്ങള്‍ വയ്ക്കുന്നെ? അതിനാണു് ഓപ്പണ്‍ടൈപ്പ് ഫോണ്ട് സാങ്കേതികവിദ്യ എന്ന സംഗതി. അക്ഷരങ്ങളുടെ ശ്രേണിയ്ക്കു പകരമായി ഒറ്റ കൂട്ടക്ഷരം മാറ്റി വയ്ക്കാമെന്നായി. ഉദാഹരണത്തിനു്,

പ, ചന്ദ്രക്കല അഥവാ സംവൃതോകാരം (്), ര എന്നിവ തുടര്‍ച്ചയായി വന്നാല്‍ അതു് പ്ര എന്നാക്കി കാണിയ്ക്കുന്നു.

ഇതു് ഫോണ്ടില്‍ ചെയ്യുന്ന സൂത്രവിദ്യയാണു്. യൂണികോഡിനൊപ്പം ഈ സാങ്കേതികവിദ്യ കൂടി ചേര്‍ന്നപ്പോള്‍ മലയാളത്തിലുള്ള മുഴുവന്‍ കൂട്ടക്ഷരങ്ങളേയും കാണിയ്ക്കാമെന്നു വന്നു.

10. യൂണിക്കോഡിന്റെ സാദ്ധ്യതകളും മെച്ചങ്ങളും

മിക്ക മലയാള ദിനപത്രങ്ങള്‍ക്കും ഇന്നു് ഓണ്‍ലൈന്‍ എഡിഷനുണ്ടെന്നതു് നമുക്കറിയാം. മാതൃഭൂമി, മംഗളം എന്നിവ ഉദാഹരണം. ഇവയൊക്കെ യൂണിക്കോഡധിഷ്ഠിത മലയാളമാണു് വിവരവിനിമയത്തിനുപയോഗിക്കുന്നതു്. ഇന്റര്‍നെറ്റിലെ മലയാളത്തിലുള്ള മറ്റനേകം വെബ്സൈറ്റുകളിലെ ഉള്ളടക്കം കാണുവാനും സ്വതന്ത്ര വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയിലെ വിവരങ്ങള്‍ ലഭിക്കുവാനും ഇന്റര്‍നെറ്റില്‍ മലയാളത്തിലുള്ള വാക്കുകള്‍ തിരയണമെങ്കിലുമൊക്കെ നമ്മുടെ കമ്പ്യൂട്ടറില്‍ മലയാളം യൂണിക്കോഡ് സംവിധാനം ഉണ്ടായേ തീരൂ. കൂടാതെ ഐ കെ എമ്മിന്റെ സുലേഖ, പുതുതായി വന്ന സഞ്ചയ എന്നീ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളിലേക്കും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ എം ഐ എസ്സിലേക്കുമൊക്കെ മലയാളത്തില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ യൂണിക്കോഡ് മലയാളം തന്നെ വേണം താനും.

11. ഹൊ, മതി മതി.. ഇനി ഇതെങ്ങന്യാ പഞ്ചായത്തു കമ്പ്യൂട്ടറില്‍ ശരിയാക്കുന്നതെന്നു പറ?

ശ്ശോ… തിരക്കു കൂട്ടാതെ.. വേവുവോളം കാത്താല്‍ ആറുവോളവും കാത്തൂടെ?

ഇതു ചെയ്യുന്നതിന്നു മുമ്പു് ചില മുന്നൊരുക്കങ്ങള്‍ ആവശ്യമാണു്. അതെന്തൊക്കെയാണെന്നു വച്ചാല്‍:

  1. പഞ്ചായത്തു കമ്പ്യൂട്ടറുകളില്‍ എന്റെ കണ്ണില്‍ പെട്ടിടത്തോളം വിന്‍ഡോസ് 2000, വിന്‍ഡോസ് എക്സ് പി, വിന്‍ഡോസ് 7 എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളാണു നിലവില്‍ ഉപയോഗിച്ചു പോരുന്നതായി കണ്ടിട്ടുള്ളതു്. വിന്‍ഡോസ് 2000 ല്‍ ചില ശ്രമങ്ങളൊക്കെ പലരും നടത്തിയിട്ടുണ്ടെങ്കിലും ഇതു മുഴുവനായും ശരിയാക്കാനുള്ള വിദ്യ ആരും ഇതേവരെ എവിടെയും പറഞ്ഞു കേട്ടിട്ടില്ല. അതിനാല്‍ മറ്റു് രണ്ടെണ്ണത്തില്‍ ഇതെങ്ങനെ ശരിയാക്കാമെന്നു പറയാം. ഇവയില്‍ ഏതിലാണോ ചെയ്യേണ്ടതു് ആ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഇന്‍സ്റ്റലേഷന്‍ സീഡി കയ്യെത്തുന്നിടത്തു് എടുത്തു വയ്ക്കാന്‍ മറക്കരുതു്. ഇനി പകുതി വഴിക്കെങ്ങാനും കമ്പ്യൂട്ടര്‍ ‘എനിക്കെന്റെ സീ ഡി വേണം’ എന്നു പറഞ്ഞാലോ?
  2. പരാക്രമം തുടങ്ങുന്നതിന്നു മുമ്പായി ഇന്‍ഫോര്‍മേഷന്‍ കേരള മിഷനില്‍ (ഐ കെ എം) നിന്നുള്ള ടെക്‍നിക്കല്‍ അസിസ്റ്റന്റിനെ വിളിച്ചു കൂടെയിരുത്തണം എന്നതു നിര്‍ബ്ബന്ധമാണു്. നാലു കാരണങ്ങളുണ്ടു്:
    1. കടലാസ്സുകളിലൊക്കെ പഞ്ചായത്തു കമ്പ്യൂട്ടറിന്റെ ഉടമസ്ഥന്‍ പഞ്ചായത്തു സെക്രട്ടറി തന്നെയാണെങ്കിലും, അതിന്റെ അഡ്മിനിസ്ട്രേറ്റര്‍ റോളിലുള്ളതു റഗുലര്‍ സര്‍വ്വീസ്സിലൊന്നുമുള്ള ആളല്ലാത്ത ഐ കെ എം ടെക്‍നിക്കല്‍ അസിസ്റ്റന്റ് ആണു്.
    2. പഞ്ചായത്തു കമ്പ്യൂട്ടറില്‍ പുതുതായി വല്ലതും ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയിലേ സാധിക്കൂ. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ അഡ്മിനിസ്ട്രേറ്റര്‍ പാസ്‌വേര്‍ഡ് അദ്ദേഹത്തിനേ അറിയൂ. അതവര്‍ നമുക്കു പറഞ്ഞു തരാന്‍ സാദ്ധ്യതയുമില്ല. (അതു സാരമില്ല, നമുക്കു നമ്മുടെ കാര്യം നടക്കണം എന്നേയുള്ളൂ. കമ്പ്യൂട്ടര്‍ പാസ്‌വേര്‍ഡു ചോദിക്കുമ്പോള്‍ അദ്ദേഹത്തോടു തന്നെ എന്റര്‍ ചെയ്തു കൊടുക്കാന്‍ പറഞ്ഞാല്‍ മതി. ബാക്കിയെല്ലാം നമുക്കു തന്നെ ചെയ്യാം.)
    3. ഐ കെ എം ടെക്‍നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കു് ഇതെന്താണെന്നും എങ്ങനെയാണിതു നേരാംവണ്ണം ചെയ്യേണ്ടതെന്നും ധാരണയുണ്ടെന്നു തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ഇതിന്നു മുന്നേ തന്നെ അവരിതു് ഇങ്ങനെ തന്നെ ചെയ്തു തരുമായിരുന്നല്ലോ. അതുകൊണ്ടു്, നമ്മള്‍ അവരെ കൂടെയിരുത്തി ഇതു ചെയ്താല്‍ അവര്‍ക്കിതു കണ്ടു മനസ്സിലാക്കാം. പിന്നെ അവര്‍ക്കും മറ്റുള്ളവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാല്ലോ. 🙂
    4. പിന്നെ, പഞ്ചായത്തു വിഷയങ്ങളില്‍ “ഒറ്റസ്യ പ്രവര്‍ത്തനം കുന്തസ്യഃ” എന്നൊരു പ്രമാണമുള്ളതായി ഒരുപാടു കാലത്തെ സര്‍വ്വീസ്സുള്ളവര്‍ പറഞ്ഞു കേട്ടിട്ടുമുള്ളതു കൊണ്ടു് ഇങ്ങനെത്തെ കാര്യങ്ങളൊക്കെ കൂട്ടായി ചെയ്യുന്നതു തന്നെയാണു് അഭികാമ്യം.
  3. മൂന്നാമതായി വേണ്ടതു നമുക്കു പറ്റിയ മലയാളം കീബോര്‍ഡ് ലേയൌട്ടു സംഘടിപ്പിക്കലാണു്. പൊതുവെ രണ്ടു കീബോര്‍ഡ് ലേയൌട്ടുകളാണു പഞ്ചായത്തു വകുപ്പിലെ ജീവനക്കാര്‍ ഉപയോഗിച്ചു വരുന്നതു കണ്ടിട്ടുള്ളതു്:
    1. ഇന്‍സ്ക്രിപ്റ്റ് ലേയൌട്ട്: ഇതു് എല്ലാ ഭാരതീയ ഭാഷകള്‍ക്കും പൊതുവായ കീബോര്‍ഡ് ലേയൌട്ടാണു്. പഞ്ചായത്താപ്പീസ്സുകളില്‍ പൊതുവെ ഉപയോഗിക്കുന്നതു് ഈ ലേയൌട്ടാണു്. വിന്‍ഡോസില്‍ എക്സ് പി മുതലുള്ളവയില്‍ സ്വതവേ ഒരു ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേയൌട്ടുണ്ടെങ്കിലും, അതിന്നു് കേരള സര്‍ക്കാര്‍ പൊതുവില്‍ അംഗീകരിച്ച ഇന്‍സ്ക്രിപ്റ്റ് ലേയൌട്ടുമായി കുറച്ചു വ്യത്യാസങ്ങളുണ്ടു്. വിന്‍ഡോസുണ്ടാക്കുന്ന മൈക്രോസോഫ്റ്റ് കമ്പനിയിലുള്ളവര്‍ അവര്‍ക്കു തോന്നിയ കീകള്‍ക്കു ചുവടെയാണു് അക്ഷരങ്ങള്‍ ഒട്ടും സൌകര്യപ്രദമല്ലാത്ത രീതിയില്‍ നിവേശിച്ചിട്ടുള്ളതു്. അതു കൊണ്ടു തന്നെ ഐ എസ് എമ്മില്‍ ലഭ്യമായ ഇന്‍സ്ക്രിപ്റ്റ് ഉപയോഗിച്ചു ശീലിച്ച ഒരാള്‍ക്കു് ഇതുപയോഗിക്കാന്‍ പ്രയാസമനുഭവപ്പെടും. ഒരുദാഹരണം പറയുകയാണെങ്കില്‍, മൈക്രോസോഫ്റ്റിന്റെ ലേയൌട്ടുപയോഗിക്കുമ്പോള്‍ ന്‍ എന്ന ചില്ലക്ഷരം കിട്ടാന്‍ വേണ്ടി നമ്മുടെ സാധാരണ qwerty കീബോര്‍ഡില്‍ v d ctrl+shift+1 എന്നിങ്ങനെ ഞെക്കണം. v യുടെ സ്ഥാനത്തു ന യും d യുടെ സ്ഥാനത്തു് ് ഉം ഐ എസ് എമ്മിലെ ഇന്‍സ്ക്രിപ്റ്റിലുള്ളതു തന്നെ. ഇതിനെ ചില്ലാക്കാന്‍ വേണ്ടുന്ന zwj അഥവാ zero width joiner (ഐ എസ് എമ്മിലെ NUK നു് പകരമുള്ളതു്), ctrl+shift+1 ഞെക്കിയാലാണു വരേണ്ടതെന്നു് ആരാണു മൈക്രോസോഫ്റ്റിലുള്ളവരെ പഠിപ്പിച്ചു വിട്ടതെന്നറിയില്ല. ഓരോ രേഖയിലും എത്ര പ്രാവശ്യം വരും ചില്ലക്ഷരങ്ങള്‍. ഓരോ പ്രാവശ്യവും ചില്ലക്ഷരം കിട്ടാന്‍ ഈ മൂന്നു കീകളും ഒന്നിച്ചമര്‍ത്തേണ്ടി വരികയെന്നതു വലിയ പാടു തന്നെയാണു്. അല്ലെങ്കിലും മലയാളികളുടെ ഭാഷാ കമ്പ്യൂട്ടിങ് പ്രശ്നങ്ങള്‍ പരിഹരിക്കല്‍ മൈക്രോസോഫ്റ്റ് കമ്പനിയുടെ അജണ്ടയിലുള്ള ഒന്നാവാന്‍ സാദ്ധ്യതയുമില്ല. പക്ഷേ, അതൊന്നും സാരമാക്കേണ്ട. കേരള സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ് പരിപാടിയുടെ വെബ്‌സൈറ്റില്‍ ചെന്നാല്‍ നേരാംവണ്ണം തയ്യാറാക്കിയ ഇന്‍സ്ക്രിപ്റ്റ് ലേയൌട്ടു കിട്ടും. അതു ഡൌണ്‍ലോഡു ചെയ്തു് അഴിച്ചെടുത്തു് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
    2. റെമിങ്ടണ്‍ ടൈപ്പുറൈറ്റര്‍ ലേയൌട്ട്: കമ്പ്യൂട്ടറുകള്‍ സര്‍ക്കാരാപ്പീസ്സുകളിലെത്തുന്നതിന്നും വളരെ മുന്നേ തന്നെ ടൈപ്പ്റൈറ്റിങ് ചെയ്തു പോരുന്ന പഞ്ചായത്തു വകുപ്പിലെ ടൈപ്പിസ്റ്റുമാര്‍ പൊതുവേ പിന്തുടരുന്നതു് ഈ ലേയൌട്ടാണു്. ഇതു കിട്ടാന്‍ ഈ കണ്ണിയില്‍ ചെന്നാല്‍ മതി. ഇവിടെ നിന്നും mlinremi.zip എന്ന ഫയല്‍ ഡൌണ്‍ലോഡു ചെയ്തു് അഴിച്ചെടുത്തു് ഇന്‍സ്റ്റാള്‍ ചെയ്യുക.
  4. ഇനി വേണ്ടതു് നല്ല ഒരു യൂണിക്കോഡ് മലയാളം ഫോണ്ടാണു്. വിന്‍ഡോസില്‍ സ്വതവേ തന്നെ കാര്‍ത്തിക എന്ന പേരില്‍ ഒരു യൂണിക്കോഡ് മലയാളം ഫോണ്ടുണ്ടു്. എന്നാല്‍ ഇതുപോലെ വൃത്തികെട്ട മറ്റൊരു മലയാളം ഫോണ്ട് കാണാന്‍ പ്രയാസം. ഒരു യൂണിക്കോഡ് മലയാളം ഫോണ്ടു് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ളതിനാലാണു് നിങ്ങള്‍ക്കു് ഈ കുറിപ്പു് വായിക്കാന്‍ പറ്റുന്നതു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മ മികച്ച സ്വതന്ത്ര ഫോണ്ടുകളുടെ ഒരു നിര തന്നെ എല്ലാവര്‍ക്കുമായി പങ്കു വയ്ക്കുന്നുണ്ടു്. അവയില്‍ മീരയും രചനയുമാണു് ഏറ്റവും ജനകീയം. ഈ കണ്ണിയില്‍ ചെന്നാല്‍ അവ ഡൌണ്‍ലോഡു ചെയ്തു് ഇന്‍സ്റ്റാള്‍ ചെയ്യാം. ഫോണ്ടുകള്‍ select ചെയ്തു് copy ചെയ്തതിനു ശേഷം Start menu വില്‍ Windows explorer എടുത്തു് C:\Windows\Fonts\ ഫോള്‍ഡറില്‍ ചെന്നു് അവിടെ പതിച്ചാല്‍ മതി.

ഞാന്‍ ജോലി ചെയ്തിട്ടുള്ള ആപ്പീസ്സുകളിലെ കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് എക്സ് പി, വിന്‍ഡോസ് 7 എന്നിവയിലാണു് ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാന്‍ ചിട്ടപ്പെടുത്തി വച്ചിട്ടുള്ളതു്. അതിനാല്‍ അവയില്‍ ഇതെങ്ങനെ ശരിയാക്കാം എന്നു് പറയാം. ഒന്നു് ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞാല്‍ ബാക്കിയെല്ലാം അതുപോലെ ചെയ്തെടുക്കാന്‍ നമുക്കു് വേറെയാരുടേയും സഹായം വേണ്ടല്ലോ. ചിന്ത.കോമിലെ കണ്ണിയില്‍ നിന്നു കിട്ടിയ സൂചന പ്രകാരം വിന്‍ഡോസ് 2000 ലും ഇതു ശരിയാക്കാന്‍ ഒരു ശ്രമം നടത്തി നോക്കായ്കയല്ല. പക്ഷേ, ഐ കെ എം സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുടെ ഡാറ്റാ സെര്‍വറായി ഉപയോഗിക്കുന്നതായതു കൊണ്ടു് ആ കമ്പ്യൂട്ടറില്‍ ഇമ്മാതിരി കുത്സിതപ്രവൃത്തികള്‍ നടത്തുന്നതിനു് ഞങ്ങളുടെ ആപ്പീസ്സിന്റെ ചാര്‍ജ്ജുള്ള ഐകെ എം ടെക്‍നിക്കല്‍ അസിസ്റ്റന്റ് അനുവാദം തന്നില്ല. അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഇതു ചെയ്താല്‍ സംഗതി ഗുല്‍മാലായേക്കുമോയെന്നു ശങ്ക തോന്നിയതു കൊണ്ടും, വിന്‍ഡോസ് 2000 അത്രമേല്‍ പഴഞ്ചന്‍ സംവിധാനമായതിനാല്‍ വിജയിക്കുമോയെന്നു് ഉറപ്പില്ലായ്ക കൊണ്ടും ശ്രമം ഉപേക്ഷിക്കേണ്ടി വന്നു (2000 ഫിബ്രവരി മാസത്തിലിറങ്ങിയതാണു മാഷേ. അതിനു ശേഷം എത്ര യുദ്ധങ്ങള്‍ കഴിഞ്ഞു, പുതിയ രാജ്യങ്ങളുണ്ടായി, സാങ്കേതികവിദ്യ എത്ര വികസിച്ചു, ലോകം തന്നെ കണ്ടാലറിയാത്ത വിധം മാറിപ്പോയി… 13/7/2010 മുതല്‍ ഇതിനു് മൈക്രോസോഫ്റ്റ് കമ്പനിയുടെ സപ്പോര്‍ട്ടും ഇല്ലാതായിട്ടുണ്ടു്).

12. വിന്‍ഡോസ് എക്സ് പിയില്‍ യൂണിക്കോഡ് മലയാളം ശരിയാക്കാന്‍

  • ഇതു Configure ചെയ്യുന്നതെങ്ങനെയെന്നു നോക്കാം. ആദ്യ പടി, വിന്‍ഡോസ് എക്സ് പി സര്‍വ്വീസ് പായ്ക്കു് രണ്ടു്, അല്ലെങ്കില്‍ അതിലും മുന്തിയതു് ഡൌണ്‍ലോഡ് ചെയ്തു് ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണു്. ഈ കണ്ണിയില്‍ ചെന്നാല്‍ ഇതു് ലഭിക്കും. എന്നിട്ടു്,
  • Control Panel-ലെ Regional and Language Options ല്‍ Languages എന്ന Tab എടുത്ത് ‘Install Files For Complex Script and right to left languages’ എന്ന കള്ളി ടിക്കു് ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുക, ഇല്ലെങ്കില്‍ ടിക്ക് ചെയ്യുക.
  • Windows Xpയുടെ CD ഒരു പക്ഷേ ചോദിച്ചേക്കാം. ആവശ്യപ്പെടുമ്പോള്‍ CD ഡ്രൈവില്‍ ഇട്ടതിനുശേഷം അതു പൂര്‍ണ്ണമായി Install ചെയ്യുക. തുടര്‍ന്ന് സിസ്റ്റം റീസ്റ്റാര്‍ട്ടു് ചെയ്യുക.
  • വീണ്ടും Control Panel ലെ Regional and Language Options ല്‍ Languages എന്ന Tab എടുത്തു് Details എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ചിത്രം 6

  • അപ്പോള്‍ വരുന്ന Text Services and Input Languages വിന്‍ഡോയില്‍ Settings Tab ല്‍ Add button ക്ലിക്ക് ചെയ്യുക.

ചിത്രം 7
ചിത്രം 8

  • Input Language ലിസ്റ്റില്‍ നിന്നും ‘Malayalam (India)’ എന്ന ഭാഷ തിരഞ്ഞെടുക്കുക.
  • വേണ്ടതു് ഇന്‍സ്ക്രിപ്റ്റാണെങ്കില്‍ Key board layout/IME ലിസ്റ്റില്‍ നിന്നും Inscript Keyboard for Malayalam in Windows Operating System തിരഞ്ഞെടുക്കുക. Inscript ലെ c വിട്ടു പോയതു് കാര്യമാക്കേണ്ട. 😉
  • OK ക്ലിക്കു് ചെയ്യുക.

9

  • തുടര്‍ന്നു് Text Services and Input Languages വിന്‍ഡോയിലെ Settings ടാബില്‍ Preferences എന്ന ഭാഗത്തെ Language Bar ഞെക്കുക.
  • അപ്പോള്‍ വരുന്ന വിന്‍ഡോയില്‍ Show the Language bar on the desktop, Show additional bar icons in the taskbar എന്നീ കള്ളികള്‍ ടിക്കു് ചെയ്ത ശേഷം OK ക്ലിക്കു് ചെയ്യുക.

ചിത്രം 10

    ഇപ്പോള്‍ നിങ്ങളുടെ task bar-ല്‍ Language എന്ന ചിഹ്നം കാണാന്‍ സാധിക്കും. അതില്‍ നിന്നും മലയാളം തിരഞ്ഞെടുത്തു് ടൈപ്പു ചെയ്തു തുടങ്ങിക്കോളൂ.

13. വിന്‍ഡോസ് 7ല്‍ യൂണിക്കോഡ് മലയാളം ശരിയാക്കാന്‍

ചിത്രം 11

  • Control Panel ല്‍ ചെന്നു് Clock, Language, and Region ക്ലിക്കു് ചെയ്യുക.

ചിത്രം 12

  • Region and Language ക്ലിക്കു് ചെയ്യുക.

ചിത്രം 13

  • തുടര്‍ന്നു് വരുന്ന Region and Language വിന്‍ഡോയില്‍ Keyboards and Languages ടാബു് തിരഞ്ഞെടുത്തു് Change keyboards ബട്ടണ്‍ ക്ലിക്കു് ചെയ്യുക.

ചിത്രം 14

  • അപ്പോള്‍ വരുന്ന Text Services and Input Languages വിന്‍ഡോയില്‍ General ടാബു് തിരഞ്ഞെടുത്തു് Add ബട്ടണ്‍ ക്ലിക്കു് ചെയ്യുക.

ചിത്രം 15

  • Add Input Language വിന്‍ഡോ പ്രത്യക്ഷപ്പെടും. അതില്‍ Malayalam (India) യില്‍ നിങ്ങള്‍ക്കു വേണ്ട കീബോര്‍ഡു് ലേയൌട്ടു് ചെക്കു് ചെയ്ത ശേഷം OK ബട്ടണ്‍ ക്ലിക്കു് ചെയ്യുക.
  • തുടര്‍ന്നു് Text Services and Input Languages വിന്‍ഡോയില്‍ യഥാക്രമം Apply, OK ബട്ടണുകള്‍ ക്ലിക്കു് ചെയ്യുക.

ചിത്രം 16

  • നിങ്ങളുടെ Task bar ല്‍ ഇഷ്ടമുള്ള കീബോര്‍ഡു് തിരഞ്ഞെടുക്കാനുള്ള സംവിധാനം കാണാം. മലയാളം തിരഞ്ഞെടുത്തു് ടൈപ്പു ചെയ്തോളൂ.

14 യുണിക്കോഡ് – സര്‍ക്കാരിന്റെ നിര്‍ദ്ദേശം

ഇനി ഉണ്ടാകാവുന്ന ഒരു സംശയം ഇക്കണ്ട ഹിക്‍മത്തെല്ലാം ചെയ്തു കൂട്ടുന്നതിന്നു് ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലമുണ്ടോ എന്നാവും. നമ്മളങ്ങനെയാണല്ലോ. നമുക്കു് എന്തൊക്കെ അസൌകര്യങ്ങളുണ്ടായാലും ശരി, ഉത്തരവു വരാന്‍ കണ്ണിലെണ്ണയുമൊഴിച്ചു് കാത്തു കാത്തിരിക്കും. മിക്കപ്പോഴും അങ്ങനെ കാത്തിരുന്നേ പറ്റുള്ളൂവെന്നതു വേറെ കാര്യം. എന്നാല്‍ കേട്ടോളൂ, ഇതിനു വേണ്ടി സ.ഉ.(എം.എസ്.)31/08/2008/വി.സ.വ. നമ്പ്രായി 21/08/2008 തിയ്യതിയില്‍ തന്നെ സര്‍ക്കാര്‍ ഉത്തരവു് പുറപ്പെടുവിച്ചിട്ടുണ്ടു്. നമ്മുടെ ആവശ്യത്തിനു് അതിന്റെ സാരാംശം മാത്രം മതി. 2008 ല്‍ ഉത്തരവിറങ്ങി ഇതിപ്പോ 2013 പകുതിയായിട്ടും, നമുക്കിനിയും നേരം വെളിച്ചായിട്ടില്ല. ഇങ്ങനെയിരിക്കുന്നതു ശരിയാണോ? ഈ ബദര്‍ പടപ്പാട്ടു മുഴുവനും പാടിക്കേട്ടിട്ടും “അല്ലോളീ, ഈ അബു ജാഹില്‍ ഇനിയെങ്ങാനും ശരിക്കും ദീനില്‍ കൂടീക്യോളീ?” എന്ന മട്ടിലാണിനിയും സംശയമെങ്കില്‍ ഞാനിനി ഒരക്ഷരം മിണ്ടുന്നില്ല. സര്‍വ്വീസ്സില്‍ നിന്നും പിരിഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ട മൂസ്സാക്ക പറഞ്ഞ പോലെ, “ഇങ്ങക്കു് മാണേങ്കച്ചെയ്തോളീ. ഹല്ല പിന്നെ.” എന്നും മനസ്സില്‍ പറഞ്ഞു് നിഷ്ക്രമിക്കും. അത്രേള്ളൂ.

15 പകര്‍പ്പെടുക്കാനുള്ള അവകാശം

ഈ കുറിപ്പിലെ ഓരോ വാക്കും എനിക്കു മുന്നേ കടന്നു പോയ സുമനസ്സുകളുടെ പ്രവൃത്തികളുടെ ഫലമായി എനിയ്ക്കു സൌജന്യമായി ലഭിച്ചതാണു്. അതിനാല്‍ അവരെയെല്ലാം അനുസ്മരിച്ചു കൊണ്ടു് ഈ വിവരങ്ങള്‍ ഞാന്‍ എന്നെക്കൊണ്ടാവുന്ന വിധത്തില്‍ ക്രോഡീകരിച്ചു് ക്രിയേറ്റീവ് കോമണ്‍സ് Attribution Share Alike (by sa) 2.5 India ലൈസന്‍സില്‍ പുറത്തിറക്കുന്നു. അതിനാല്‍ ഈ വിവരം മുഴുവനും ആര്‍ക്കും ഈ ലൈസന്‍സിനു വിധേയമായി വിജ്ഞാനം പകര്‍ന്നു കൊടുക്കാന്‍ ഉപയോഗിക്കാം. വിജ്ഞാനം സ്വതന്ത്രമാവണം എന്നതാണു് എന്റെ ആഗ്രഹം.

ഈ പോസ്റ്റിന്റെ പി ഡി എഫ് വേര്‍ഷന്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

39 thoughts on “പഞ്ചായത്തു കമ്പ്യൂട്ടറും യൂണിക്കോഡ് മലയാളവും

  1. വളരെ വളരെ പ്രയോജനമുള്ള നല്ല ലേഖനം വളരെ രസകരമായ അവതരണം ലേഖകന് അഭിനന്ദനങ്ങള്‍

  2. ഇങ്ങളു് ആർക്കുവേണമെങ്കിലും പകർത്തിയെടുക്കാൻ പാകത്തിൽ ഫ്രീ ആയി ഇതൊക്കെ കൊടുക്കും എന്നു കേട്ടു. പച്ചേങ്കി, മ്മളു് ഒന്നും ഫ്രീ ആയി എടുക്കൂലാ. എന്തെങ്കിലും ഒരു ഇനാം അങ്ങട്ടും സ്വീകരിച്ചോളണം!

    ഇത്ര ഖൈറായി എഴുതിയിരിക്കുന്നതിനു ബദലായി ഞാൻ ഒരു ഉമ്മ തരട്ടെ?

    ജോറായിരിക്കുണു ഈ കുറിപ്പ്. ഒരു പാട് പഞ്ചായത്തുകമ്പ്യൂട്ടറുകളും അതുവഴി ഒരു പാടു പഞ്ചായത്തുകളും അതുവഴി അവിടങ്ങളിലെ മനുഷേന്മാരും ഈ ഒരൊറ്റ കുറിപ്പുവഴി രക്ഷപ്പെടും!

    Well done, Nedumpala!

  3. മാഷേ ലേഖനം നന്നായിട്ടുണ്ട്,വിഷയത്തെ ആധികാരികമായി പഠിച്ചുള്ള അവതരണവും കൊള്ളാം പക്ഷെ എന്‍റേതായ ഒരു സംശയം.
    ങ്ള് ദേഷ്യപ്പെടില്ല എനിക്കറിയാം.
    സുലേഖാ സോഫ്റ്റ് വെയറില്‍ കൂടിയല്ലേ ഇക്കണ്ട പഞ്ചായത്തുകളെല്ലാം പദ്ധതി പാസ്സാക്കിയത്?, ഡേറ്റാ എന്‍ട്രി നടത്തിയത് പഞ്ചായത്തുകാര്‍ തന്നെയല്ലേ?, ഐ.കെ.എം ടി.എ മാര്‍ തന്നെയല്ലേ ടെക്ക്നിക്കല്‍ സപ്പോര്‍ട്ട് തന്നത്?, എന്നിട്ടും അവര്‍ക്കും പഞ്ചായത്തുകാര്‍ക്കും ഇത് അറിയില്ലെന്ന് പറയണോ? സേവനയും സ്ഥാപനയുമെല്ലാം ഐ.എസ്.എമ്മിനെ പ്രൊമോട്ട് ചെയ്തു ഗത്യന്തരമില്ലാതെ നമ്മള്‍ അതു പഠിച്ചു, സുലേഖയ്ക്ക് യൂണീകോഡു വേണം പോലും പഞ്ചായത്തുകാര്‍ അതും ഒപ്പിച്ചു അല്ലാതെ പിന്നെ..

    • അതേ, സുലേഖയില്‍ക്കൂടി തന്നെയാണു് പഞ്ചായത്തുകളെല്ലാം പദ്ധതി പാസ്സാക്കിയതു്, ഡാറ്റാ എന്‍ട്രി നടത്തിയതും പഞ്ചായത്തുകാര്‍ തന്നെ. ഐ കെ എമ്മില്‍ നിന്നും പക്ഷേ, യൂണിക്കോഡിനായി ഞങ്ങള്‍ക്കു കിട്ടിയ ടെക്‍നിക്കല്‍ സപ്പോര്‍ട്ടിനെക്കുറിച്ചു് പറയാണ്ടിരിക്ക്യാണു ഭേദം. നിങ്ങടവിടെയൊക്കെ നല്ല സപ്പോര്‍ട്ടായിരിക്കുമല്ലേ? ഞങ്ങളുടെ അവിടെത്തെ ഐ കെ എം കക്ഷി വിന്‍ഡോസില്‍ ഡിഫാള്‍ട്ടായിട്ടുള്ള കീബോര്‍ഡ് ലേയൌട്ടാണു് ശരിയാക്കിത്തന്നതു്. ഞങ്ങളുടെ പ്ലാന്‍ ക്ലാര്‍ക്കു് ആദ്യം അതും കൊണ്ടു് കുറെ കഷ്ടപ്പെട്ടു, പിന്നെ ഞാനും കൂടി സുലേഖയിലേക്കു് ഡാറ്റാ എന്‍ട്രി ചെയ്തു തുടങ്ങ്യപ്പോഴാണു് സംഗതി ശ്രദ്ധയില്‍പ്പെടുന്നതു്. ഉടന്‍ തന്നെ ഇതില്‍ പറഞ്ഞ രീതിയില്‍ കീബോര്‍ഡ് ലേയൌട്ട് മാറ്റി സെറ്റു ചെയ്തിട്ടാണു് ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയതു്. “യൂണിക്കോഡ് മലയാളത്തില്‍ തന്നെ ഡാറ്റാ എന്‍ട്രി നടത്തേണ്ട അവസ്ഥ പഞ്ചായത്താപ്പീസ്സുകളില്‍ ഉണ്ടായിട്ടു പോലും പുതുതായി സര്‍വ്വീസിലേക്കു വരുന്നവര്‍ക്കുള്ള മലയാളം ടൈപ്പിങ് പരിശീലനം ഇതുവരെ കാലഹരണപ്പെട്ട ഐ എസ് എമ്മില്‍ നിന്നു് യൂണിക്കോഡിലേക്കു് മാറിയിട്ടില്ല. പലര്‍ക്കും അവരവര്‍ ഐ എസ് എമ്മില്‍ ഉപയോഗിച്ചു് ശീലിച്ചു വന്ന മലയാളം കീബോര്‍ഡ് ലേയൌട്ടുകള്‍ (ഇന്‍സ്ക്രിപ്റ്റും റെമിങ്ടണും) എങ്ങനെ യൂണിക്കോഡ് മലയാളത്തിനു വേണ്ടി സ്വന്തം കമ്പ്യൂട്ടറില്‍ ഇണക്കിച്ചേര്‍ക്കാമെന്നറിയില്ല, അതു സാധിക്കുമോ എന്നറിയില്ല, ഐ എസ് എമ്മിലെ മലയാളവും യൂണിക്കോഡ് മലയാളവും തമ്മിലുള്ള വ്യത്യാസമെന്താണെന്നറിയില്ല. പലരും യൂണിക്കോഡ് മലയാളം കിട്ടാന്‍ വേണ്ടി തങ്ങള്‍ക്കു് പരിചയമില്ലാത്ത കീബോര്‍ഡ് ലേയൌട്ടുകളും സംവിധാനങ്ങളും ഉപയോഗിച്ചു് കഷ്ടപ്പെടുന്നു. അവരെ സഹായിക്കാന്‍ വേണ്ടിയാണു് ഈ കുറിപ്പു്. ” ഇത്രേം ഞാന്‍ തുടക്കത്തില്‍ത്തന്നെ പറഞ്ഞു വച്ചതു് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. അല്ലാതെ പഞ്ചായത്തിലുള്ളവര്‍ മുഴ്വോനും ഒന്നുമറിഞ്ഞുകൂടാത്തവരാണെന്നു് ഞാന്‍ പറഞ്ഞില്ലല്ലോ. അങ്ങനെ ഞാന്‍ മലര്‍ന്നു കിടന്നു തുപ്പുമോ? 🙂

  4. ഈ ഐ.കെ.എം നെ പിരിച്ചുവിടാനുള്ള വല്ല മന്ത്രവാദവും ഈ യുണീകോഡിന് അറിയ്വോ ആവോ? ഒരു വൈറസായി വന്നെങ്കിലും ഈ അവസാനിക്കാത്ത ” സ ” സോഫ്ടുവെയറുകളില്‍ നിന്ന് പാവം നമ്മള്‍ പഞ്ചായത്തു തൊഴിലാളികളെ രക്ഷിക്കാന്‍ !!

  5. ലേഖനം അസ്സലായി. നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട് എന്ന് എഴുത്തില്‍ നിന്ന് മനസ്സിലാക്കാം. പൊതുവേ ഒരു ഐ.എസ.എം വിരോധം ഉള്ളത് പോലെ തോന്നി.
    ഐ.എസ.എം സി.ഡാക് എന്ന സ്ഥാപനത്തിന്റെ ആണല്ലോ , ഇന്ത്യന്‍ കമ്പ്യുട്ടര്‍ ചരിത്രത്തില്‍ ഒരു ഗണനീയമായ സ്ഥാനം അവര്‍ക്കുണ്ട്. എല്ലാ ഭാഷകളിലേക്കും ഐ.എസ.എമ്മില്‍ ടൈപ്പ് ചെയ്യുന്ന വിവരങ്ങള്‍ തര്‍ജമ ചെയ്യാം എന്നതായിരുന്നു ആ പ്രോഗ്രാമിന്റെ പ്ലസ്‌ പോയിന്റ്‌. . അവരുടെ ഡോസ് വെര്‍ഷനിലുള്ള ALP എന്ന സോഫ്റ്റ്‌വെയര്‍ മുന്പുകാലത്ത് ടൈപ്പ് ചെയ്യുന്നവര്‍ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. 1986ല്‍ ആണെന്ന് തോന്നുന്നു inscript ലഭ്യമായി തുടങ്ങിയത്. പക്ഷെ അതിനു വിപുല പ്രചാരം ലഭിച്ചത് cdac gist അത് ഏറ്റെടുത്തത് മുതല്‍ ആണ്.
    unicode install ചെയ്യാന്‍ , net connection ഉണ്ടെങ്കില്‍ google input tools ഇല്‍ പോയി install ചെയ്‌താല്‍ മതി. വളരെ പെട്ടെന്ന് കഴിയും.
    ഏതായാലും കുറിപ്പ് വളരെ വിജ്ഞാന പ്രദം ആണ്. അഭിനന്ദനങ്ങള്‍ ..

    മലയാളത്തില്‍ ഇന്ന് ലഭ്യമായ പലതരം മലയാളം കീ ബോര്‍ഡുകളെ കുറിച്ചുള്ള വിവരങ്ങള്‍ എന്റെ ഒരു ബ്ലോഗ്‌ പോസ്റ്റില്‍ ഉണ്ട്. അതിന്റെ കണ്ണി ഇതാ. http://gangaview.blogspot.in/2013/05/blog-post_22.html

    • യൂണിക്കോഡ് വന്നതിന്നു ശേഷം ഐ എസ് എം ഉം അതിലുപയോഗിച്ച ആസ്കീയെയും ഇസ്കീയെയും അവലംബിച്ചുള്ള സാങ്കേതികവിദ്യയും കാലഹരണപ്പെട്ടു പോയിരിക്കുന്നു. നമ്മള്‍ കാലത്തിനനുസരിച്ചു് സ്വയം പരിഷ്കരിക്കേണ്ടതല്ലേ? വിവരത്തിന്റെ സൂക്ഷിപ്പും വിനിമയവും കൂടുതല്‍ കാര്യക്ഷമമായി നടത്തേണ്ടതല്ലേ? നമ്മുടെ വിവരത്തിനു മേല്‍ കൂടുതല്‍ അനാലിസിസ് കാര്യക്ഷമമായി നടത്താന്‍ നമുക്കു സാധിക്കണമെങ്കില്‍ നാം പൂര്‍ണ്ണമായും യൂണിക്കോഡിലേക്കു് മാറേണ്ടതുണ്ടു്. പൊതുപണമുപയോഗിച്ചു് കുത്തക സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ ഉണ്ടാക്കി വില്പന നടത്തി ലാഭമുണ്ടാക്കുന്ന സി ഡാക്കിന്റെ രീതി ധാര്‍മ്മികമായി ശരിയല്ല താനും. ഐ എസ് എമ്മില്‍ ടൈപ്പു ചെയ്യുന്ന വിവരങ്ങള്‍ മറ്റേതെങ്കിലും ഭാഷയിലേക്കു് തര്‍ജമ ചെയ്യാന്‍ സാധിക്കുമെന്നു് എനിക്കു തോന്നുന്നില്ല. മറിച്ചു് എല്ലാ ഭാരതീയഭാഷകള്‍ക്കും പൊതുവായ കീബോര്‍ഡ് ലേയൌട്ടാണു് ഇന്‍സ്ക്രിപ്റ്റ് എന്നു പറയാം. അവാര്‍ഡ് തന്നെ കൊടുക്കേണ്ട വിധത്തിലുള്ളത്രയും വലിയ ആനമണ്ടത്തരങ്ങള്‍ സമീപകാലത്തായി സി ഡാക്കില്‍ നിന്നും പുറത്തു വന്നിട്ടുണ്ടെന്നതു സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ:
      1. സി ഡാക്‍ ഇന്‍സ്ക്രിപ്റ്റ് ലേയൌട്ട് വിപുലീകരിക്കുന്നതിനു വേണ്ടി കൊണ്ടു വന്ന പ്രൊപ്പോസലിലെ പാകപ്പിഴവുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടു് ഞാനും കൂടി പങ്കെടുത്തു തയ്യാറാക്കിയ ക്രിട്ടിക്‍ ആണു് ഈ കണ്ണിയില്‍:
      http://wiki.smc.org.in/CDAC-Inscript-Critique
      2. ഭാരതീയ ഭാഷകളിലുള്ള ഇന്റര്‍നെറ്റ് ഡൊമെയിന്‍ നെയിമുകള്‍ കൊണ്ടു വരുന്നതിനു വേണ്ടി സി ഡാക്‍ തയ്യാറാക്കിയ പ്രൊപ്പോസലിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടു് തയ്യാറാക്കിയ ക്രിട്ടിക്‍ ആണു് ഈ കണ്ണിയില്‍:
      http://wiki.smc.org.in/CDAC-IDN-Critique
      ഇവയെച്ചൊല്ലി ഞാന്‍ കൂടി അംഗമായ സാങ്കേതിക കൂട്ടായ്മയില്‍ വന്ന ചര്‍ച്ചകളുടെ കണ്ണി ചുവടെ:
      http://lists.smc.org.in/pipermail/discuss-smc.org.in/2010-May/004873.html
      http://comments.gmane.org/gmane.org.region.india.smc-discuss/2455
      http://comments.gmane.org/gmane.org.region.india.smc-discuss/2325
      http://permalink.gmane.org/gmane.org.region.india.smc-discuss/5760
      ബന്ധപ്പെട്ടു വന്ന പത്രവാര്‍ത്ത:
      http://www.thehindu.com/todays-paper/tp-national/tp-kerala/suggested-framework-for-malayalam-urls-flawed/article949480.ece

      ഗൂഗിള്‍ ഇന്‍പുട്ട് പഞ്ചായത്തുകളിലുള്ളവര്‍ക്കു് പുതിയതാണു്. കൂടുതല്‍ ഇന്‍പുട്ട് മെത്തേഡുകളല്ല, പഞ്ചായത്തുകളിലുള്ളവര്‍ക്കു് ചിരപരിചിതമായ രണ്ടു് ഇന്‍പുട്ട് മെത്തേഡുകള്‍ യൂണിക്കോഡ് മലയാളം ലഭിക്കാനായി എങ്ങനെ കമ്പ്യൂട്ടറില്‍ ഇണക്കിച്ചേര്‍ക്കാം എന്നാണു് ഈ പോസ്റ്റിലെ എന്റെ ഊന്നല്‍. 🙂

  6. പണം ചിലവാക്കാതെ യുനികൊടിലേക്ക് മാറുന്നത് നല്ലത് തന്നെ. പക്ഷെ പലരും യുണികോഡില്‍ ഇന്സ്ക്രിപ്റ്റ്‌ കീ ബോര്‍ഡ്‌ എടുക്കുന്നതിനു പകരം മംഗ്ലീഷ് കീബോര്‍ഡ്‌ ആണ് ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഇത് വിരലുകള്‍ക്ക് ആയാസം കൂട്ടുന്നതാണ്. സി ഡാക്കിനു സാധാരണ ടൈപ്പിങ്ങില്‍ ഇപ്പോള്‍ വലിയ പ്രാധാന്യം ഇല്ല എങ്കിലും ഒരുകാലത്ത് അവരുടെ dongle supported പ്രോഗ്രാം വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഇന്നും പബ്ലിഷിംഗ് മേഖലയില്‍ ഇത് തന്നെ ആണ് പലരും ഉപയോഗിക്കുന്നതെന്ന് തോന്നുന്നു. ഫോടോഷോപ്പിലും അഡോബിന്റെ പി.ഡി.എഫ് ഫോര്‍മാറ്റ്‌ ചില ലെ ഔട്ട്‌ പ്രോഗ്രാം ഉപയോഗിച്ച് ഉണ്ടാക്കുമ്പോഴും യുനികൊടിനുണ്ടാവുന്ന ചില പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് വലിയ അറിവില്ലാത്തതും ഐ.എസ്.എം തന്നെ തുടരാന്‍ അവരെ പ്രേരിപ്പിക്കുന്നു. ( പക്ഷെ പഞ്ചായത്തുകള്‍ക്ക് inscript overlay ഉള്ള unicode തന്നെ ആണ് നല്ലത്. അത് അര്‍ത്ഥ ശങ്കയില്ലാത്ത വിധത്തില്‍ നിങ്ങളുടെ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ) ഗൂഗിള്‍ ഇന്‍പുട്ട് റൂള്‍സ്‌ ഈ പോസ്റ്റില്‍ പറഞ്ഞ സാങ്കേതിക വിദ്യ തന്നെ ആണ്. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് അതിന്റെ extention വളരെ എളുപ്പം ഇന്സ്ടാല്‍ ചെയ്യാം.
    മറ്റൊരു കാര്യം ഐ.എസ്.എം പ്രോഗ്രാമിനോടൊപ്പം ലഭിച്ചിരുന്ന ALP programme മിക്ക ഭാരതീയ ഭാഷകളും മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നതായിരുന്നു. ആ സമയത്ത് അത് ഒരു നൂതന വിദ്യ തന്നെ ആയിരുന്നു. (പദാനുപദ തര്‍ജമ അല്ല ഉദ്ദേശിക്കുന്നത് )
    തന്ന ലിങ്കുകള്‍ മുഴുവന്‍ വായിച്ചു. ജയ്സണ്‍ ഇക്കാര്യത്തില്‍ ആധികാരികമായ അഭിപ്രായം പറയാന്‍ കഴിവുള്ള ആളാണെന്ന് ഈ പോസ്റ്റില്‍ നിന്ന് തന്നെ വ്യക്തം ആണ്. ഇനിയും ഇതുപോലെ ഗ്രാമ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട സാങ്കേതികമായ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍ ..

    • നന്ദി. 🙂 പഞ്ചായത്തുകളിലെ സാഹചര്യങ്ങളില്‍ ഒരുപക്ഷേ ഉപകാരപ്പെട്ടേക്കാവുന്ന സാങ്കേതിക വിഷയങ്ങളെ പറ്റിയുള്ള കൂടുതല്‍ പോസ്റ്റുകള്‍ എന്റെ മടി അനുവദിക്കുന്ന മുറയ്ക്കു് പ്രതീക്ഷിക്കാം… 😀

  7. സത്യം പറഞ്ഞാല്‍ ഇത് ഞാന്‍ കാണുന്നത് താങ്കളുടെ ഫേസ്ബുക്ക് ഷെയറില്‍നിന്നാണ്..
    കംപ്യൂട്ടര്‍ എന്ന സാധനം ഞാനുപയോഗിക്കാന്‍ തുടങ്ങിയത് ഈ ഒരു കാരണം കൊണ്ടാണ്..
    കത്ത് എഴുതി ഡ്രാഫ്ട് ആക്കി സൂപ്രണ്ടിന്റെ അടുത്ത് (താങ്കളെ കളിയാക്കുവല്ല)എത്തുമ്പോള്‍ സൂപ്രണ്ട് അത് വെട്ടി കുറേ മാറ്റം വരുത്തി തരും എനിക്കിത് വളരെ സമയം കളയുന്ന പ്രവൃത്തിയായി അങ്ങനെ ഡ്രാഫ്ട് എഴുതി വശക്കേടായ ഞാന്‍ അവസാനം കമ്പ്യൂട്ടറിലേക്ക് ചാടി..ആദ്യം ഒരു വാശി ആരുന്നു മളയാളം പഠിക്കാന്‍ നമ്മുടെ നല്ലവരായ സുഹൃത്തുക്കള്‍ ഒന്നും പറഞ്ഞ് തരില്ല എന്നറിയാമല്ലോ ഒരുത്തന്‍ എന്തേലും പഠിച്ചാല്‍ അവരുടെ വില പോകില്ലെ എന്നോരു ചിന്ത..ഇപ്പോള്‍ എനിക്ക് സന്തോഷം ഉണ്ട് ഞാനിപ്പോളെഴുതുന്ന എന്ത് കരടും അത് ഒരുമാറ്റവുമില്ലാതെ അന്തിമമാക്കുന്നു..എന്നേ മാറ്റണം എന്ന സൂപ്രണ്ടിന്റെ ചിന്തായാകാം കംപ്യൂട്ടര്‍ വിരേധിയായ എന്നെ കമ്പ്യൂട്ടറില്ലാതെ ജീവിക്കാനാകാത്ത അവസ്ഥയിലെത്തിച്ചത്
    ജൈസണ്‍ സര്‍ ന് വളരെ നന്ദി അറിയാവുന്ന കാര്യങ്ങള്‍ വളരെ ലളിതാമയ ഭാഷയില്‍ പങ്ക് വെച്ചതിന്

  8. ജെയ്സണ്‍,

    വളരെ നന്നായിട്ടുണ്ടു്.

    തുടക്കത്തിലേ മുന്‍കൂര്‍ ജാമ്മ്യം എടുത്തു് നന്നായി. സംശയം ഒന്നും ചോദിക്കുന്നില്ല.

    ISM നെപ്പറ്റി എന്റെ അനുഭവ കഥ ഞാന്‍ വിവരിക്കട്ടെ. കംപ്യൂട്ടര്‍ വാങ്ങിക്കുമ്പോള്‍ അതില്‍ മലയാളം റ്റൈപ്പു് ചെയ്യാവുന്ന രീതി വേണമെന്നു ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിദഗ്ദ്ധന്‍ എനിക്കു് അതില്‍ ചേര്‍ത്തു തന്നതു് ISM ആയിതിനാല്‍ മലയാളം റ്റൈപ്പിംഗു് ആദ്യം പഠിക്കുന്നതു് അതില്‍ ആയിരുന്നു. പില്‍ക്കാലത്തു് ഇന്‍സ്ക്രിപ്റ്റു് രീതിയിലേക്കു മാറിയപ്പോള്‍ ബുദ്ധിമുട്ടൊന്നും തന്നെ ഉണ്ടായിരുന്നില്ല. കാരണം അക്ഷരവിന്യാസം ഏറെക്കുറെ സമമായിരുന്നു. മ്പ മാത്രം വ്യത്യസ്ഥം. ചില്ലക്ഷരം ആദ്യമൊക്കെ പ്രശ്നമായി തോന്നിയിരുന്നു എന്നതു് ശരി തന്നെ. പറ‍ഞ്ഞു തരാന്‍ ആരും തയ്യാറായിരുന്നില്ല എന്നതിനാല്‍ ട്രയല്‍ എറര്‍ രീതിയില്‍ ആണു് മലയാളം പഠിച്ചതു്. ട്രാന്‍സ്ലിറ്ററേഷന്‍ ശ്രമിക്കാതിരുന്നതു് മനപ്പൂര്‍വ്വം തന്നെ.

    ജയ്സണ്‍ന്റെ ബ്ലോഗില്‍ നിന്നും കൂടുതല്‍ പഠിക്കുവാന്‍ കഴിഞ്ഞു. പ്രത്യുപകാരമായി ഒരു ലിങ്കു തരാം.
    എന്റെ ഒരു എളിയ ശ്രമം. അണ്ണാറക്കണ്ണനും തന്നാല്‍ ആയതു് എന്നല്ലേ പറയുക.

    ടെക്നിക്കലായുള്ള ചോദ്യം ദയവു് ചെയ്തു ഒഴിവാക്കുക. ഞാന്‍ ഒരു വിദഗ്ദ്ധനല്ല.

    ഒരു ഉപകാരം ചെയ്യാമോ? 21.08.2008 ലെ സ.ഉ.(എം എസ്.)31/08/വി.സ.വ. എന്ന ഉത്തരവിന്റെ ഒരു കോപ്പി കിട്ടാന്‍ സാദ്ധ്യമാണോ?

    എന്നു,
    ഞാന്‍

  9. യൂണിക്കോഡ് മലയാളം റെമിങ്ടണ്‍ ടൈപ്പ്റൈറ്റര്‍ കീബോര്‍ഡ് ലേയൌട്ടിന്റെ കണ്ണി ഈ പോസ്റ്റില്‍ കൊടുത്തതു് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല. അതുകൊണ്ടു് അതു കിട്ടാന്‍ പലരും ബുദ്ധിമുട്ടുന്നുവെന്നു് തോന്നുന്നു. അതിനാല്‍ ബ്ലോഗര്‍ റാല്‍മിനോവ് തയ്യാറാക്കിയ ആ ലേയൌട്ട് ആവശ്യമുള്ളവര്‍ക്കായി ഈ കണ്ണിയില്‍ ലഭ്യമാക്കിയിട്ടുണ്ടു്: https://app.box.com/s/z46wr9m5xt60cmenrssaunszyd4l4kq4

  10. ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്ന കീബോര്‍ഡ് ലേയൌട്ടുകള്‍ വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുകയില്ല. അതിനാല്‍ വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന കീബോര്‍ഡ് ലേയൌട്ടുകള്‍ പഞ്ചായത്തു് രാജ് മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ (ആര്‍ ജി എസ് എ) സ്കീമില്‍ രൂപീകരിച്ച യൂണിക്കോഡ് മലയാളം വ്യാപന പ്രൊജക്ടിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ടു്. ആയതു് താഴെ കണ്ണിയില്‍ ലഭ്യമാണു്.

    https://inflo.ws/blog/post/windows-10-smc-keyboard-layouts/

    സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പ്രവര്‍ത്തകനായ ആഷിക്‍ സലാഹുദ്ദീനാണു് ഇതു തയ്യാറാക്കിയതു്. ആവശ്യക്കാര്‍ ഉപയോഗപ്പെടുത്തിക്കോളൂ.

  11. സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ് വെബ്ബ്സൈറ്റിപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു കാണുന്നു. അതിനാല്‍ അതില്‍ മുമ്പു ലഭ്യമായിരുന്ന ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേയൗട്ട് (വിന്‍ഡോസ് എക്ല് പി മുതല്‍ വിന്‍ഡോസ് 7 വരെയുള്ള സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്നതു്) ഈ കണ്ണിയിലിട്ടിട്ടുണ്ടു്. ആവശ്യക്കാര്‍ ഉപയോഗിച്ചോളൂ.

    https://app.box.com/s/177pp03mw0bs7j928av5iju5fvkxobjp

ഒരു അഭിപ്രായം ഇടൂ