കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തു് – 2019 ആഗസ്റ്റിലെ പ്രളയവും പ്രകൃതിക്ഷോഭവും അനന്തര പ്രവര്‍ത്തനങ്ങളും

(മഴക്കെടുതി, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ ഭീഷണി എന്നിവയുമായി ബന്ധപ്പെട്ടു് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ വിവരണം)

ആമുഖം

കോഴിക്കോടു് ജില്ലയില്‍, കോഴിക്കോടു് താലൂക്കില്‍, കുന്ദമംഗലം ബ്ലോക്കില്‍, തിരുവമ്പാടി നിയമസഭാ നിയോജക മണ്ഡലത്തിലാണു് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തു് സ്ഥിതി ചെയ്യുന്നതു്. കൊടിയത്തൂര്‍, കക്കാടു്‍ വില്ലേജുകളുടെ പരിധിയിലുള്‍പ്പെടുന്ന കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിനു് 29.81 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടു്. ചാലിയാറിന്റെയും, ഇരുവഴിഞ്ഞിപുഴയുടെയും സംഗമസ്ഥാനത്തുള്ള ഗ്രാമമാണു് കൊടിയത്തൂര്‍. കോഴിക്കോടു് ജില്ലയുടെ ഏതാണ്ടു് തെക്കുകിഴക്കു ഭാഗത്തു്, മലപ്പുറം ജില്ലയോടു തൊട്ടുരുമ്മിയാണു് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തു് സ്ഥിതി ചെയ്യുന്നതു്.Thiruvampady-LA-Constituency-map-mlkodiyathur_map

ദുരിതബാധിത പ്രദേശങ്ങള്‍

 1. പ്രളയബാധിത പ്രദേശങ്ങള്‍ (പ്രളയതീവ്രതയുടെ ക്രമത്തില്‍)
  1. വാര്‍ഡ് 12. ചെറുവാടി
  2. വാര്‍ഡ് 1. കൊടിയത്തൂര്‍
  3. വാര്‍ഡ് 11. പൊറ്റമ്മല്‍
  4. വാര്‍ഡ് 13. ചുള്ളിക്കാപറമ്പു് വെസ്റ്റ്
  5. വാര്‍ഡ് 10. പഴംപറമ്പു്
  6. വാര്‍ഡ് 15. കണ്ണാംപറമ്പു്
  7. വാര്‍ഡ് 16. സൌത്ത് കൊടിയത്തൂര്‍
  8. വാര്‍ഡ് 2. കാരക്കുറ്റി
  9. വാര്‍ഡ് 14. ചുള്ളിക്കാപറമ്പു് ഈസ്റ്റ്
  10. വാര്‍ഡ് 3. മാട്ടുമുറി
  11. വാര്‍ഡ് 6. പള്ളിത്താഴം
  12. വാര്‍ഡ് 9. പന്നിക്കോടു്
  13. വാര്‍ഡ് 5. തോട്ടുമുക്കം
 2. ഉരുള്‍ പൊട്ടല്‍ ഭീഷണി, മണ്ണിടിച്ചില്‍ ഭീഷണി പ്രദേശം
  1. വാര്‍ഡ് 5. തോട്ടുമുക്കം
  2. വാര്‍ഡ് 6. പള്ളിത്താഴം

നാള്‍വഴി

2019 ആഗസ്റ്റ് 8, 9, 10 തീയ്യതികളില്‍ ഉണ്ടായ കനത്ത മഴയെത്തുടര്‍ന്നു് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 09/08/2019നു് രാവിലെയോടെ താഴ്ന്ന പ്രദേശങ്ങളും മിക്കവാറും എല്ലാ റോഡുകളും വെള്ളത്തിനടിയിലായി. ഗ്രാമപഞ്ചായത്തിലെ 1, 13, 16 വാര്‍ഡുകള്‍ ഇരുവഴിഞ്ഞിപ്പുഴയുടെ കരയിലും, 10, 11, 12 വാര്‍ഡുകള്‍ ചാലിയാറിന്റെ കരയിലുമാണു്. ഇവയ്ക്കൊപ്പം, വയല്‍പ്രദേശങ്ങളുള്‍പ്പെടുന്ന 2, 3, 5, 6, 14, 15 വാര്‍ഡുകളും ഏറിയും കുറഞ്ഞും വെള്ളത്തിനടിയിലായി. പല സ്ഥലങ്ങളിലേക്കും എത്തിപ്പെടാനുള്ള‍ മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെട്ടു. വൈദ്യുതി, ടെലഫോണ്‍ സേവനങ്ങളും തടസ്സപ്പെട്ടു. അതുകൊണ്ടു്, സംഭവിച്ച നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ യഥാസമയം അറിയുന്നതിനു് ബുദ്ധിമുട്ടു് നേരിട്ടു. ചിലയിടങ്ങളിലെ വീടുകള്‍ തകര്‍ന്നു, പലയിടങ്ങളിലായി മരങ്ങള്‍ മുറിഞ്ഞു വീണു.

മുങ്ങിയ വീടുകളിലുള്ളവരില്‍ പലരും ഉയരമുള്ള സ്ഥലങ്ങളിലെ സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും വീടുകളില്‍ അഭയം തേടി. 8 സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ക്യാമ്പുകളില്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനും ഉള്ള സൗകര്യം പ്രാദേശികമായി ലഭ്യമാക്കി. വീണ്ടും മഴ ശക്തമായതിനെത്തുടര്‍ന്നു് 10/08/2019നു് നേരത്തേ തുടങ്ങിയവ കൂടാതെ 3 സ്ഥലങ്ങളിലും കൂടി ക്യാമ്പുകള്‍ തുടങ്ങി. 10/08/2019നു് ആകെ 11 ദുരിതാശ്വാസ ക്യാമ്പുകള്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ചിട്ടുണ്ടു്.

10/08/2019നു് പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ക്യാമ്പുകളുടെ വിവരങ്ങള്‍

ക്യാമ്പ്

കുടുംബങ്ങള്‍

പുരുഷന്മാര്‍

സ്ത്രീകള്‍

കുട്ടികള്‍

അംഗങ്ങള്‍

ജി എല്‍ പി എസ് വെസ്റ്റ് കൊടിയത്തൂര്‍

40

100

75

25

200

എ യു പി എസ് സൌത്ത് കൊടിയത്തൂര്‍

61

166

163

33

362

മാട്ടുമുറി അങ്കണവാടി

6

6

4

3

13

സിറാജുല്‍ ഹുദാ മദ്രസ്സ തെനേങ്ങാപറമ്പു്

69

110

95

65

270

ജി എം പി യു സ്കൂള്‍ കൊടിയത്തൂര്‍

15

36

30

4

70

ജി എച്ച് എസ് എസ് ചെറുവാടി

4

25

5

4

34

ജി യു പി എസ് തോട്ടുമുക്കം

18

61

48

16

125

നൂറുല്‍ ഹുദാ മദ്രസ്സ കാരാളി പറമ്പു്

76

61

48

35

144

ഹില്‍ടോപ്പ് പബ്ലിക്‍ സ്കൂള്‍ പഴംപറമ്പു്

13

25

20

15

60

കഴായിക്കല്‍ അങ്കണവാടി

21

34

45

40

119

തേലീരി മുഹമ്മദ് സാഹിബ്ബ് സ്മൃതി ജി എല്‍ പി എസ് ചുള്ളിക്കാപറമ്പു്

30

40

60

20

120

ആകെ

353

664

593

260

1517

പ്രകൃതിക്ഷോഭം 2019 സംഗ്രഹം

വില്ലേജ്

കൊടിയത്തൂര്‍

ആരംഭിച്ച ക്യാമ്പുകള്‍

11

കുടുംബങ്ങള്‍

353

അംഗങ്ങള്‍

1517

പുരുഷന്മാര്‍

664

സ്ത്രീകള്‍

593

കുട്ടികള്‍

260

തകര്‍ന്ന വീടുകള്‍

9

പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍

4

ഭാഗികമായി തകര്‍ന്ന വീടുകള്‍

5

പ്രളയം ബാധിച്ച പൊതുസ്ഥാപനങ്ങള്‍

5

പ്രളയജലം കയറിയ വീടുകളുടെ പ്രാഥമിക കണക്കെടുപ്പു് പ്രകാരമുള്ള വിവരം

ക്രമനമ്പ്ര്

വാര്‍ഡ്

വാര്‍ഡിന്റെ പേരു്

വീടുകളുടെ എണ്ണം

1

12

ചെറുവാടി

280

2

1

കൊടിയത്തൂര്‍

215

3

11

പൊറ്റമ്മല്‍

160

4

13

ചുള്ളിക്കാപറമ്പു് വെസ്റ്റ്

133

5

10

പഴംപറമ്പു്

84

6

15

കണ്ണാംപറമ്പു്

78

7

16

സൌത്ത് കൊടിയത്തൂര്‍

69

8

2

കാരക്കുറ്റി

50

9

14

ചുള്ളിക്കാപറമ്പു് ഈസ്റ്റ്

48

10

3

മാട്ടുമുറി

41

11

6

പള്ളിത്താഴം

30

12

9

പന്നിക്കോടു്

18

13

5

തോട്ടുമുക്കം

12

14

7

പുതിയനിടം

02

15

4

ഗോതമ്പു റോഡ്

ഇല്ല

16

8

എരഞ്ഞിമാവു്

ഇല്ല

ആകെ വീടുകള്‍

1220

ഗ്രാമപഞ്ചായത്തു് ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു ഓരോ ക്യാമ്പിലേയും സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനും ആരോഗ്യ ശുചിത്വ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ജീവനക്കാരെ ചുമതലപ്പെടുത്തി. എല്ലാ ക്യാമ്പുകളിലും പ്രസിഡണ്ട്, സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക് മറ്റു് ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു് വിവരങ്ങള്‍ അന്വേഷിക്കുകയും ക്യാമ്പ് അന്തേവാസികള്‍ക്കു വേണ്ടുന്ന അവശ്യ സേവന സൌകര്യങ്ങള്‍ പ്രാദേശികതലത്തില്‍ സംഘടിപ്പിച്ചു് ലഭ്യമാക്കുകയും ചെയ്തു. വെള്ളപ്പൊക്കത്താല്‍ ഒറ്റപ്പെട്ടയിടങ്ങളിലേക്കു് എത്തിച്ചേരുന്നതിനും, അങ്ങനെത്തെ സ്ഥലങ്ങളിലെ ജനങ്ങളെ ക്യാമ്പുകളിലേക്കു് എത്തിക്കുന്നതിനും പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ബോട്ടുകള്‍ ഏര്‍പ്പാടാക്കി. മരണ‍ങ്ങളോ, ആളെ കാണാതായതോ ആയ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ക്യാമ്പുകളില്‍ വേണ്ടുന്ന അവശ്യമരുന്നുകള്‍ എത്തിക്കല്‍, മറ്റു് ആരോഗ്യ-ശുചിത്വ ക്രമീകരണങ്ങള്‍ നടത്തല്‍ എന്നിവ കൊടിയത്തൂര്‍ പി എച്ച് സിയിലേയും ചെറുവാടി സി എച്ച് സിയിലേയും ജീവനക്കാര്‍ മുഖാന്തരം ഏര്‍പ്പെടുത്തി. എല്ലായിടത്തും വെള്ളം കയറിയതിനാലും പുറത്തു് എവിടേയും ഭക്ഷണം ലഭിക്കാത്തതിനാലും‍ ക്യാമ്പുകളില്‍‍ താമസിക്കാത്ത 40ഓളം അന്യസംസ്ഥാന തൊഴിലാളികള്‍ ഭക്ഷണത്തിനുവേണ്ടി മാത്രം തോട്ടുമുക്കം ജി യു പി എസിലെ ക്യാമ്പില്‍ എത്തിയിരുന്നു. കൂടാതെ പ്രസ്തുത ക്യാമ്പില്‍ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ നിവാസികളും അന്തേവാസികളായി ഉണ്ടായിരുന്നു. 16 വാര്‍ഡുകളുള്ള കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 4, 8 വാര്‍ഡുകള്‍ ഒഴികെ മറ്റു് എല്ലാ വാര്‍ഡുകളിലും വെള്ളം കയറിയിട്ടുണ്ടു്. ഗ്രാമപഞ്ചായത്തിലെ 1147 കിണറുകള്‍ മലിനമായി. ഭാഗികമായോ പൂര്‍ണമായോ തകര്‍ന്ന വീടുകള്‍ പ്രസിഡണ്ട്, സെക്രട്ടറി, അസി. എഞ്ചിനീയര്‍, ഹെഡ് ക്ലാര്‍ക്ക് എന്നിവര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. 11/08/2019 വൈകുന്നേരത്തോടെ വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ 5 ക്യാമ്പുകള്‍ ഒഴികെ ബാക്കിയെല്ലാം പിരിച്ചുവിട്ടു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു തയ്യാറുള്ള അളുകള്‍ക്കായി ഒരു രജിസ്ട്രേഷന്‍ കൌണ്ടര്‍ ഗ്രാമപഞ്ചായത്തില്‍ 12/08/2019 രാവിലെ മുതല്‍ ആരംഭിച്ചു. മുസ്ലീം ലീഗിന്റെ സന്നദ്ധപ്രവര്‍ത്തകരായ വൈറ്റ് ഗാര്‍ഡ്സും, ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ വളണ്ടിയര്‍മാരടക്കമുള്ള സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ ഒട്ടാകെ 75 പേര്‍ ഗ്രാമപഞ്ചായത്തു് ഓഫീസിലെത്തി. അവരെ രജിസ്റ്റര്‍ ചെയ്യിച്ചു് വാര്‍ഡ് മെമ്പര്‍മാരുടെ സഹായത്തോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു് നിയോഗിച്ചയച്ചു. ചെളിയടിഞ്ഞ റോഡുകള്‍ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ വെള്ളം പമ്പു ചെയ്തു വൃത്തിയാക്കി. വീടുകളും കിണറുകളും മറ്റും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ വൃത്തിയാക്കി. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നു് നന്നാക്കിയ പുതിയോട്ടില്‍ കടവു് തൂക്കുപാലം ഇത്തവണയും തകര്‍ന്നു. വില്ലേജ് ഓഫീസില്‍ നിന്നും, വേങ്ങേരിയിലെ നിറവില്‍ നിന്നും ലഭിച്ച ദുരിതാശ്വാസ സാമഗ്രികളും കളക്ടറേറ്റില്‍ നിന്നും ലഭിച്ച ക്ലീനിങ് മെറ്റീരിയലുകളും പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും അവിടെ നിന്നു് ആവശ്യക്കാര്‍ക്കും എത്തിച്ചു് നല്‍കി.

13/08/2019നു് മാട്ടുമുറി അങ്കണവാടിയിലേതു് ഒഴികെയുള്ള ക്യാമ്പുകളെല്ലാം പിരിച്ചുവിട്ടു. പഞ്ചായത്തു് മെമ്പര്‍മാരുടേയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടേയും ശുചീകരണ വളണ്ടിയര്‍മാരുടേയും യോഗം ചേര്‍ന്നു് വാര്‍ഡുകളില്‍ ചെയ്യേണ്ടതായ അനന്തര പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു. സന്നദ്ധപ്രവര്‍ത്തകര്‍ മുഖാന്തിരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന വാര്‍ഡുകളില്‍ സ്ഥിതിഗതികള്‍ നേരിട്ടു ചെന്നു വിലയിരുത്തി. 13/08/2019 അര്‍ദ്ധരാത്രിയോടെ സോയില്‍ പൈപ്പിംഗ് മൂലം ഉരുള്‍പ്പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന തോട്ടുമുക്കം ഭാഗത്തെ 13 കുടുംബങ്ങളെ തോട്ടുമുക്കം സെന്റ് തോമസ് എച്ച് എസ് എസ്സില്‍ പുതുതായൊരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു അവിടേക്കു് മാറ്റിപ്പാര്‍പ്പിച്ചു.

14/08/2019നു് തോട്ടുമുക്കം സെന്റ് തോമസ് എച്ച് എസ് എസ്സില്‍ പുതുതായി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പും, സോയില്‍ പൈപ്പിങ് കണ്ടതായി പറഞ്ഞ സ്ഥലവും പ്രസിഡണ്ടും സെക്രട്ടറിയും അസിസ്റ്റന്റ് എഞ്ചിനീയറും ഹെഡ് ക്ലാര്‍‍ക്കും സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ ജിയോളജിസ്റ്റിനെ ഫോണില്‍ ബന്ധപ്പെട്ടു് സോയില്‍ പൈപ്പിങ്ങ് ദൃശ്യമായതിന്റെ തീവ്രതയും അപകട സാദ്ധ്യതയും ആരാഞ്ഞു.

15/08/2019നു് ഗ്രാമപഞ്ചായത്തു് ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം, ഓഫീസില്‍ എത്തിച്ചേര്‍ന്ന സോഡാബ്ലീച്ച്, മോപ്പുകള്‍, ബക്കറ്റുകള്‍, ചൂലുകള്‍, ഡെറ്റോള്‍, ഇതര അണുനാശിനികള്‍ തുടങ്ങിയ ക്ലീനിങ് മെറ്റീരിയലുകളുടെ കണക്കെടുത്ത ശേഷം, അവ വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളിലേക്കു് വാഹനത്തില്‍ എത്തിച്ചു. സന്നദ്ധപ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെയും രജിസ്റ്റര്‍ ചെയ്യിച്ചു് ശുചീകരണം നടക്കുന്നയിടങ്ങളിലേക്കു് നിയോഗിച്ചയച്ചു. അപകടാവസ്ഥയിലായ വീടുകളും, ക്ലീനിങ് നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളും പ്രസിഡണ്ടും സെക്രട്ടറിയും ഹെഡ്ക്ലാര്‍ക്കും വാര്‍ഡ് മെമ്പര്‍മാര്‍ക്കൊപ്പം നേരില്‍ സന്ദര്‍ശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളുടെയും മറ്റു് അവശ്യസേവനങ്ങളുടെയും നടത്തിപ്പിനു് വേണ്ടിവന്ന ചെലവുകള്‍ നിവൃത്തിക്കുന്നതിനു്, സുമനസ്സുകളായ നാട്ടുകാരുടെയും നല്ലവരായ മറുനാട്ടുകാരുടെയും കയ്യയച്ചുള്ള സഹകരണം‍ ഏറെ സഹായകരമായി.

17/08/2019 ഓടെ ഗ്രാമപഞ്ചായത്തിലെ പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മിക്കവാറും പൂര്‍ത്തിയായി.

റോഡുകള്‍ പാലങ്ങള്‍ എന്നിവയ്ക്കു് സംഭവിച്ച നാശനഷ്ടം

പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന റോഡുകള്‍

പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന റോഡുകള്‍

പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന പാലങ്ങള്‍

പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന പാലങ്ങള്‍

എണ്ണം

നീളം

(കി മീ)

എണ്ണം

നീളം

(കി മീ)

എണ്ണം

നീളം

(കി മീ)

എണ്ണം

നീളം

(കി മീ)

1

0.2

5

3

ഇല്ല

ഇല്ല

1

0.08

കൃഷിനാശം, കന്നുകാലികള്‍, പൌള്‍ട്രി മുതലായവയുടെ നഷ്ടം

വെള്ളപ്പൊക്കത്തിലും പേമാരിയിലും ശക്തിയായ കാറ്റിലും ഉണ്ടായ കൃഷിനാശത്തിന്റെ കണക്കുകള്‍ കൃഷി ഓഫീസര്‍ തയ്യാറാക്കിയതു് താഴെക്കൊടുക്കുന്നു.

ക്രമ നം

കൃഷിനാശം

എണ്ണം

1

വാഴ കുലച്ചതു്

9000

2

വാഴ കുലച്ചിട്ടില്ലാത്തതു്

4850

3

തെങ്ങു് കായ്ഫലമുള്ളതു്

40

4

തെങ്ങു് കായ്ഫലമായിട്ടില്ലാത്തതു്

100

5

കവുങ്ങു് കായ്ച്ചതു്

180

6

കവുങ്ങു് കായ്ഫലമായിട്ടില്ലാത്തതു്

30

7

കുരുമുളകു് കായ്ഫലമുള്ളതു്

160

8

റബ്ബര്‍ ടാപ്പിങ് ‌നടക്കുന്നതു്

150

9

റബ്ബര്‍ ടാപ്പിങ് ‌നിലവില്‍ നടക്കാത്തതു്

25

ക്രമ നം

കൃഷിനാശം

വിസ്തീര്‍ണ്ണം (ഹെക്ടറില്‍)

10

കപ്പ

0.2

11

ചേന

0.2

12

നെല്ലു്

5

13

പച്ചക്കറി

0.5

1

നഷ്ടം സംഭവിച്ച കൃഷിക്കാരുടെ എണ്ണം

170 പേര്‍

2

മൊത്തം കൃഷിനാശം (രൂപയില്‍)

8922600/-

3

കൃഷിനാശം സംഭവിച്ചതിന്റെ വ്യാപ്തി

14 ഹെക്ടര്‍

കന്നുകാലി ഫാം,‍ പൌള്‍ട്രി ഫാം തുടങ്ങിയവയുടെ നടത്തിപ്പുകാര്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്കുകള്‍ വെറ്ററിനറി സര്‍ജ്ജന്‍‍ തയ്യാറാക്കിയതു് താഴെക്കൊടുക്കുന്നു.

ക്രമ നം

നഷ്ടം

നഷ്ടം (രൂപയില്‍)

1

പൌള്‍ട്രി – 180 എണ്ണം ചത്തു. ഫാമിനു് ഭാഗിക നാശം

56500/-

2

കന്നുകാലി ഷെഡിനു് ഭാഗിക നാശം, 700 കന്നു് വൈക്കോല്‍ നഷ്ടം

8000/-

3

കന്നുകാലി ഷെഡിനു് ഭാഗിക നാശം, 40 കെട്ടു് വൈക്കോല്‍ നഷ്ടം, 150തപ്പു് ചാണകം നഷ്ടം

19500/-

4

1 പശു, 1 പശുക്കുട്ടി (6 മാസം പ്രായം) എന്നിവ ചത്തു

60000/-

5

15 ദിവസം പ്രായമായ 500 ബ്രോയിലര്‍ കോഴികള്‍ ചത്തു

32500/-

6

കാലിത്തീറ്റ 8 ചാക്കു്, 1000 കന്നു് വൈക്കോല്‍ നഷ്ടം

19500/-

7

കന്നുകാലി ഷെഡിനു് ഭാഗിക നാശം

5000/-

8

ആട്ടിന്‍കൂടിനു് ഭാഗിക നാശം

3000/-

9

വളക്കുഴിക്കു് ഭാഗിക നാശം

3000/-

ആകെ

207000/-

ഈ കുറിപ്പു് തയ്യാറാക്കാന്‍ സഹായിച്ചവര്‍:

പ്രിന്‍സിയ (അസിസ്റ്റന്റ് സെക്രട്ടറി), അനില്‍ (ഹെഡ് ക്ലാര്‍ക്ക്), രജിത (ക്ലാര്‍ക്ക്), അജ്നാസ് ( ടെക്‍നിക്കല്‍ അസിസ്റ്റന്റ്) – കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തു്.

ഹ..! ജാങ്ക ചക്ക.. ജാങ്ക ചക്ക.. ജാങ്ക ചക്ക.. ജായ്.. :)

വീണ്ടുമൊരു ചക്കക്കാലം. കേരള സര്‍ക്കാര്‍ ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഇന്നും ഞാന്‍ കഴിച്ചു കുറച്ചു പഴുത്ത ചക്കച്ചുളകള്‍. അപ്പോ തോന്നിയതാണു്, കുറച്ചു മുമ്പത്തെ (അതായതു് 2014 ജൂണിലെ) എന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെയും ഷെയര്‍ ചെയ്യാമെന്നു്. അന്നു് ശ്രേയക്കു് ഒരു വയസ്സു്. ഏതായാലും ഇതിവിടെയിടുന്നു:

ചക്ക മാഹാത്മ്യം – The jackfruit saga.

പണ്ടു് 1836ല്‍ മദ്രാസ് ഗവര്‍ണ്ണര്‍ക്കു് സര്‍ക്കാര്‍ സര്‍ജനായിരുന്ന വൈറ്റ്സ് എഴുതിയ കത്തിന്റെ തുടര്‍നടപടികളാണുപോല്‍ പഴയ മദ്രാസ് പ്രസിഡന്‍സി പ്രദേശത്തു് പിലാവും ചക്കയും വ്യാപകമാവാന്‍ കാരണമായതു്. അദ്ദേഹത്തിന്റെ കത്തിലെ പ്രസക്തഭാഗം: “മലബാറിലും സിലോണിലും കാണുന്ന ഒരു പഴവര്‍ഗ്ഗമാണു് ചക്ക. വളരെ സ്വാദുള്ളതും വലിപ്പമുള്ളതുമായ ഒരു പഴമാണിതു്… പാവപ്പെട്ടവന്റെ മുഖ്യഭക്ഷണം തന്നെയാണീ പഴം…

…നമ്മുടെ പ്രസിഡന്‍സിയില്‍ മുഴുവനായും ഇതു് കൃഷി ചെയ്യണമെന്നാണു് എന്റെ അഭിപ്രായം. ഈ പഴമുണ്ടാകുന്ന മരം പാതയോരത്തു് തണല്‍മരങ്ങളായി വച്ചു പിടിപ്പിക്കാം. തടി വീടുപണിക്കുപയോഗിക്കുന്ന വിലയേറിയ ഒരു മരമാണെന്നോര്‍ക്കുക. ജനങ്ങള്‍ക്കു് നല്ല ഭക്ഷണവും തണലും വിലയേറിയ മരവും കിട്ടുമെന്നതിനാല്‍ ഈ കൃഷിയെ നാം പ്രോത്സാഹിപ്പിക്കേണ്ടതാണു്. ഒരു പ്രദേശത്തിന്റെ സംസ്കാരത്തെയാണു് നാം ഉയര്‍ത്തിപ്പിടിക്കേണ്ടതു് എന്ന കാര്യം ഓര്‍ക്കുമല്ലോ.”

ഗവര്‍ണരാകട്ടെ ഈ കത്തു് ബോര്‍ഡ് ഓഫ് റവന്യൂവിന്റെ മുമ്പാകെ വച്ചു. അംഗീകാരം കിട്ടിയതോടെ, മദ്രാസ് പ്രസിഡന്‍സിയിലെ എല്ലാ ജില്ലാ കളക്‍ടര്‍മാര്‍ക്കും പിലാവുകൃഷി നടത്താന്‍ നിര്‍ദ്ദേശം നല്കി: “സര്‍ജന്‍ വൈറ്റ്സിന്റെ നിര്‍ദ്ദേശം നാം അംഗീകരിച്ചു കൊണ്ടു് പിലാവു കൃഷിയെ പ്രോത്സാഹിപ്പിക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു…

…താങ്കള്‍ എത്രയും പെട്ടെന്നു് നല്ല ചക്കക്കുരു ശേഖരിക്കുക. സിലോണിലെ കൊളോണിയല്‍ സെക്രട്ടറിയോടും നാം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടു്. താങ്കളുടെ ജില്ലയിലെ പ്രധാന റോഡുകളുടെ ഇരു വശത്തും ഉടനടി തണല്‍ മരങ്ങളായി പിലാവുകള്‍ നട്ടു പിടിപ്പിക്കുക. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചക്കക്കുരു ശേഖരിക്കേണ്ടതും അതു് പാതയോരങ്ങളില്‍ നട്ടു പിടിപ്പിക്കേണ്ടതുമാണു്. കൂടുതല്‍ വിത്തുകള്‍ മദ്രാസിലേക്കു് അയച്ചു തരികയും വേണം. ഇവിടെ നിന്നു് നല്ല വിത്തുകള്‍ അങ്ങോട്ടും അയച്ചു തരുന്നതായിരിക്കും. പിലാവു കൃഷി നമ്മുടെ സര്‍ക്കാരിന്റെ വിജയകരമായ ഒരു പദ്ധതിയാക്കി മാറ്റേണ്ടതു് താങ്കളുടെയും കീഴുദ്യോഗസ്ഥരുടെയും കടമയാണെന്നു് മറക്കരുതു്. പിലാവു് പാതയോരത്തു നട്ടാലും നാട്ടുകാരുടെ സ്വന്തം സ്ഥലത്തു് നട്ടാലും അതിന്റെ അവകാശം അവര്‍ക്കു തന്നെയാണെന്നു് ഓര്‍മ്മിപ്പിക്കുക…”.

31/12/1836 നു് സിലോണിലെ കൊളോണിയല്‍ സെക്രട്ടറി മദ്രാസ് ഗവര്‍ണര്‍ക്കു് ഇങ്ങനെ എഴുതി: “ചക്കക്കുരു ശേഖരിക്കാനുള്ള താങ്കളുടെ നിര്‍ദ്ദേശം സസന്തോഷം സ്വീകരിച്ചിരിക്കുന്നു. കുറെയേറെ ചക്കക്കുരു നാടിന്റെ നാനാ ഭാഗത്തു നിന്നും ശേഖരിച്ചിരിക്കുന്നു. ഉടനടി അയച്ചു തരുന്നതാണു്…”.

കളക്‍ടറുടെ നിര്‍ദ്ദേശം കിട്ടിയതിനെത്തുടര്‍ന്നു് മലബാര്‍ ജില്ലയിലെ തഹസീല്‍ദാര്‍മാരും, അംശം അധികാരിമാരും കോല്‍ക്കാരന്മാരുമൊക്കെ നാട്ടിടവഴികളിലൂടെ നടന്നു് ചക്കക്കുരു ശേഖരിച്ചതും, മലബാറിലെ പാതയോരങ്ങളിലെല്ലാം പിലാവുകള്‍ നട്ടതും, ഇന്നത്തെ ദക്ഷിണേന്ത്യയിലുള്‍പ്പെട്ട മദ്രാസ് പ്രസിഡന്‍സി പ്രദേശത്തു മുഴുവന്‍ പിലാവു് സര്‍വ്വ സാധാരണമായതുമൊക്കെ ചരിത്രം…

ജനാധിപത്യയുഗത്തില്‍ നമുക്കു് ഹരിതവിപ്ലവം നടന്നു, ഭക്ഷ്യസുരക്ഷ കിട്ടിത്തുടങ്ങി. ഇന്നിപ്പോ അക്കേഷ്യയോടും മട്ടിയോടും മറ്റുമാണു് നമുക്കു് കൂടുതല്‍ പ്രിയം. ചക്കയും പിലാവുമൊക്കെ ആര്‍ക്കു വേണം…

-ചരിത്രവസ്തുതകള്‍ക്കു് അവലംബം: കോഴിക്കോടിന്റെ പൈതൃകം – അഡ്വ. ടി ബി സെലുരാജ്, മാതൃഭൂമി ബുക്‍സ്.

ഒറിജിനല്‍ ഫേസ്‌ബുക്കു് പോസ്റ്റിലേക്കു് :- ഈ കണ്ണി

മലബാര്‍ വന്യജീവി സങ്കേതം – സര്‍വ്വേ

ഇക്കഴിഞ്ഞ ഏപ്രില്‍ 21, 22, 23 മലബാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയില്‍ വച്ചു വനംവകുപ്പിന്റെയും മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ നടന്ന, പക്ഷികള്‍, സസ്തനികള്‍, ചിത്രശലഭങ്ങള്‍ എന്നിവയുടെ സര്‍വ്വേയില്‍ ഞാനും പങ്കെടുത്തു. ആദ്യ ദിവസം ഉച്ചയ്ക്കു് ശേഷം 3.30 മണിക്കു് കക്കയത്തു് വച്ചു് സത്യന്‍ മാഷെ (സത്യന്‍ മേപ്പയ്യൂര്‍) കണ്ടുമുട്ടിയതോടെ പരിപാടികള്‍ ആരംഭിച്ചു.  സത്യന്‍ മാഷുടെ കാറില്‍ ഡാംസൈറ്റിലെത്തി. നല്ല ചൂടുകാലമല്ലേ, തണുപ്പു് തീരെ പ്രതീക്ഷിച്ചിരുന്നില്ല. കക്കയത്തെത്തിയപ്പോ നല്ല തണുപ്പു്. കോടമഞ്ഞും മഴയും. വനംവകുപ്പിന്റെ ക്യാമ്പ്ഷെഡിലിരുന്നപ്പോ ഒരു ഗ്ലാസ് കട്ടന്‍ചായ കിട്ടി. അര്‍മ്മാദം. സര്‍വ്വേ ടീമംഗങ്ങളുമായി പരിചയപ്പെട്ടു. ഡാംസൈറ്റിലെ കാഴ്ചകളൊക്കെ കണ്ടു. മലയണ്ണാന്‍, മലബാര്‍ ട്രീ നിംഫ് അഥവാ വനദേവതയെന്ന ചിത്രശലഭം, മലബാര്‍ ട്രോഗോണ്‍,  ഇന്ത്യന്‍ സ്വിഫ്റ്റ്‌ലെറ്റ്, ഡസ്കി ക്രാഗ് മാര്‍ട്ടിന്‍, ഹില്‍ മൈന, വൈറ്റ് ത്രോട്ടഡ് ഗ്രൌണ്ട് ത്രഷ്, വൈറ്റ് ബെല്ലീഡ് ട്രീ പൈ എന്നീ പക്ഷികളെ കണ്ടു. ബ്രൌണ്‍ ഹാക്ക് ഔളിന്റെ പാട്ടു് കേട്ടു. ക്യാറ്റ്സ് ഐ എന്ന പൂമ്പാറ്റയുടെ പടം കിട്ടി. ഹൈഡല്‍ ടൂറിസം വക സ്ഥലത്തു് ഒരു തള്ളപ്പട്ടി അതിന്റെ കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതു കണ്ടു. കുറച്ചിരുട്ടിയപ്പോ അതാ വരുന്നു ഒരു ആമ. കേയ്‌ന്‍ ടര്‍ട്ടിലാണെന്നു തോന്നുന്നു, തിരിച്ചും മറിച്ചും പടമെടുത്തു. രാത്രിയില്‍ ശ്രീലങ്കന്‍ ഫ്രോഗ് മൗത്ത് എന്ന പക്ഷിയെ കണ്ടു. മിക്കവരും പടങ്ങളെടുക്കുന്ന തിരക്കില്‍. പക്ഷിയുടെ പടമെടുക്കുന്ന പുട്ടുകുറ്റി ലെന്‍സുള്ള ക്യാമറയില്ലാത്തതിന്റെ വിഷമം തീര്‍ത്താല്‍ തീരില്ല. ഓരോ പ്രദേശത്തേക്കുമുള്ള ടീമുകളെ നിശ്ചയിച്ചു് കഴിഞ്ഞു്,  രാത്രി ഭക്ഷണവും കഴിഞ്ഞു് കിടന്നപ്പോള്‍ തണുത്തു വിറച്ചു.

പിറ്റേന്നു് അതിരാവിലെ വാച്ചറോടൊപ്പം ഞങ്ങള്‍ ടീമംഗങ്ങള്‍ ജീപ്പില്‍ ചാരങ്ങാടു് ഭാഗത്തേക്കു് പോയി. ചൂതുപാറയാണു് ഞങ്ങളുടെ സര്‍വ്വേ ഏരിയ. ചാരങ്ങാടെത്തി നേരം വെളുക്കാന്‍ കാത്തിരുന്നു. നേരം വെളുത്തപ്പോള്‍ അവിടെ നിന്നു് ചൂതുപാറയ്ക്കടുത്തുള്ള കോമ്പിയന്‍ ബീറ്റ് ക്യാമ്പ് ഷെഡിലേക്കു് നടക്കാന്‍ തുടങ്ങി. പോവുന്ന വഴി നിറയെ അട്ടയുണ്ടു്. അട്ടകടി ഇഷ്ടംപോലെ കൊണ്ടു. ലീച്ച് സോക്‍സും ഷൂവും ഇല്ലാത്തതിന്റെ വിഷമം ശരിക്കുമറിഞ്ഞു. പോവുന്ന വഴി കാട്ടുപോത്തിനെയും മലയണ്ണാനെയും കണ്ടു, സിമിറ്റാര്‍ വാര്‍ബ്ലറിന്റെ കൂടും അതിലെ മുട്ടകളും കണ്ടു. ഒമ്പതരയോടെ കോമ്പിയന്‍ ബീറ്റ് ക്യാമ്പ് ഷെഡിലെത്തി. ഈ സ്ഥലം കോഴിക്കോടു്, വയനാടു് ജില്ലകളുടെ അതിരിലാണു്. അവിടെ സിസിഎഫും ഡി എഫ് ഒയും റേഞ്ച് ആപ്പീസറും ഫോറസ്റ്റര്‍മാരും മറ്റു വനംവകുപ്പുദ്യോഗസ്ഥരുമുണ്ടായിരുന്നു. അവര്‍ തലേ ദിവസം അവിടെയെത്തി താമസിച്ച ശേഷം അന്നു രാവിലെ മടങ്ങാനിരിക്കുകയാണു്. അവര്‍ പോയ്ക്കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ഒരു റൗണ്ട് പുറമെയൊക്കെ, ബാണാസുരസാഗര്‍ അണക്കെട്ടു വരെ പോയി നിരീക്ഷിച്ചു. റോബര്‍ ഫ്ലൈയെ കണ്ടു. ഹില്‍ മൈന, വൈറ്റ് ചീക്ക്ഡ് ബാര്‍ബിറ്റ്, ബ്ലാക്ക് ക്യാപ്പ്ഡ് വാര്‍ബ്ലര്‍, മലബാര്‍ പാരക്കീറ്റ്, ലാര്‍ജ് ബില്‍ഡ് ക്രോ, ഇരട്ടത്തലച്ചി ബുള്‍ബുള്‍, ഓറിയന്റല്‍ വൈറ്റ് ഐ, ചെസ്റ്റ്നട് ഹെഡഡ് ബീ ഈറ്റര്‍, ബ്ലിറ്റ്സ് വാര്‍ബ്ലര്‍, ലിറ്റില്‍ സ്പൈഡര്‍ ഹണ്ടര്‍ തുടങ്ങി ഒട്ടനവധി പക്ഷികളെ കണ്ടു. വഴിയിലൂടെ നടക്കുമ്പോള്‍ കണ്ട പൂമ്പാറ്റയുടെ പടമെടുക്കാന്‍ ഒന്നു് നിന്നു് സാകൂതം നോക്കുമ്പോള്‍ പെട്ടെന്നൊരു കരച്ചിലോടെ അടുത്ത തിണ്ടിന്മോല്‍ നിന്നും ഒരു പക്ഷി തൊട്ടു മുന്നിലൂടെ പറന്നു പോയി. ഞെട്ടിപ്പോയി. നോക്കിയപ്പോള്‍ റെഡ് സ്പര്‍ ഫൌളാണു്. തിണ്ടിന്മേല്‍ നോക്കിയപ്പോള്‍ അതിന്റെ കൂടും, കൂട്ടിലെ മുട്ടകളും കണ്ടു. തിരികെ ക്യാമ്പ് ഷെഡിലേക്കു് വന്നു. മടങ്ങി വന്നു് കാലിന്മേല്‍ കയറിയ അട്ടകളെ നീക്കം ചെയ്തു. അപ്പോഴുണ്ടു് ഒരു വാച്ചര്‍ കാട്ടിലുണ്ടാവുന്ന ചുരുളി എന്ന ഫേണിന്റെ (പന്നല്‍ച്ചെടി) തളിരിലകള്‍ കഴുകി വൃത്തിയാക്കുന്നു. തോരന്‍ വയ്ക്കാനാണത്രേ. അടിപൊളി. കുശാലായ ഉച്ചഭക്ഷണം. ചുരുളിത്തോരന്‍ അത്യുഗ്രന്‍. ഊണു കഴിഞ്ഞു് ഉറങ്ങി.

വൈകുന്നേരം ഉണര്‍ന്നപ്പോള്‍ ഒന്നൂടെ പുറത്തേക്കിറങ്ങി. ഹില്‍ മൈന, മൌണ്ടന്‍ ഇംപീരിയല്‍ പീജിയന്‍, റാപ്റ്ററുകള്‍, സര്‍പ്പന്റ് ഈഗ്ള്‍, കിങ്ഫിഷര്‍, റാക്കറ്റ് ടെയില്‍ഡ് ഡ്രോങ്കോ തുടങ്ങി നിരവധി പക്ഷികളെ കണ്ടു. നിരവധി ചിത്രശലഭങ്ങളും. ഇരുട്ടു പരക്കാന്‍ തുടങ്ങുന്നതിനു് മുമ്പു് തിരികെ ക്യാമ്പ് ഷെഡിലേക്കു്. ഇരുട്ടിയപ്പോള്‍ ഭക്ഷണം കഴിച്ചു. രാത്രി ക്യാമ്പ് ഷെഡിനടുത്തു തന്നെയുള്ള കാട്ടുമാവിന്മേല്‍ ശ്രീലങ്കന്‍ ഫ്രോഗ് മൌത്ത്. അവയെ നിരീക്ഷിച്ചു് ഉറക്കം വന്നു തുടങ്ങിയപ്പോള്‍ കാടിന്റെ സംഗീതവും ശ്രവിച്ചു് ഉറക്കം.

പിറ്റേന്നു് രാവിലെ ട്രാന്‍സെക്ടിലൂടെ നടന്നു കൊണ്ടു് പക്ഷികളെ നിരീക്ഷിച്ചു. മ്ലാവുകളെ (മലമാന്‍) കണ്ടു. കൂടെയുള്ളവര്‍ നിരവധി പക്ഷികളുടെ പടങ്ങളെടുത്തു. എനിക്കു് ക്യാമറയില്ലാത്തതിന്റെ സങ്കടം. അട്ടകടിയും കൊണ്ടു് നടന്നു. തിരികെ ക്യാമ്പ് ഷെഡില്‍ വന്നു് അട്ടകളെ നീക്കി ഞങ്ങള്‍ സര്‍വ്വേ കണക്കുകളൊക്കെ തയ്യാറാക്കി പ്രഭാതഭക്ഷണവും കഴിച്ചു് മടക്കയാത്രയ്ക്കുള്ള പുറപ്പാടായി. ബാഗുകളെടുത്തു് ഫോറസ്റ്റ് ഗാര്‍ഡിനും, വാച്ചര്‍ക്കുമൊപ്പം നടന്നു. ചാരങ്ങാട്ടെത്തിയപ്പോള്‍ വനംവകുപ്പിന്റെ ജീപ്പ് ഞങ്ങളെയും കാത്തു് നില്പുണ്ടായിരുന്നു. ജീപ്പില്‍ തിരികെ ഡാംസൈറ്റിലെത്തി. അവിടെ സര്‍വ്വേ ചെയ്ത വിവരങ്ങള്‍ അവതരിപ്പിച്ചു. ഉച്ചഭക്ഷണവും കഴിച്ചു് എല്ലാവരുടേയും കൂടി ഗ്രൂപ്പ് ഫോട്ടോയുമെടുത്തു. പിന്നെ തിരികെ വീട്ടിലേക്കു്.

മുള്ളമ്പാറ, കരിയാത്തുംപാറ, കക്കയം

കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു പ്രാവശ്യമായി കക്കയത്തു പോവാനുള്ള അവസരം കിട്ടിയിരുന്നു. ജനുവരി നാലാം തീയ്യതി മുള്ളമ്പാറയും കക്കയവും ജോലിയുടെ ഭാഗമായി മെമ്പര്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പവും, ജനുവരി എട്ടാം തീയ്യതി കരിയാത്തുംപാറയിലും കക്കയത്തും കുടുംബസമേതം ടൂറായും, ഫിബ്രവരി പതിനൊന്നാം തീയ്യതി കൂരാച്ചുണ്ടില്‍ എന്നോടൊപ്പം ജോലി ചെയ്യുന്നവരും മുമ്പു ജോലി ചെയ്തവരുമൊന്നിച്ചു് ട്രെക്കിങ്ങിനും പോയി. കരിയാത്തുംപാറയും മുള്ളമ്പാറയും കക്കയവും കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലാണു്.

2-20170217223730_-_2017-02-17_23-14-22

കുന്നുകള്‍ക്കിടയില്‍ കക്കയത്തിന്റെ സ്ഥാനം

വയലട – മുള്ളമ്പാറ

വയലടയ്ക്കടുത്തുള്ള മുള്ളമ്പാറയിലേക്കെത്താന്‍ ബാലുശ്ശേരി – താമരശ്ശേരി റൂട്ടിലുള്ള എസ്റ്റേറ്റ് മുക്കില്‍ നിന്നും കക്കയത്തേക്കുള്ള വഴിയിലുള്ള തലയാടു് നിന്നു് തിരിഞ്ഞു് വയലടയ്ക്കു് പോയി അവിടെ നിന്നും തിരിഞ്ഞു് കയറണം. ചെറിയ വാഹനങ്ങള്‍ മുള്ളമ്പാറയുടെ താഴെ വരെ പോകും. മുള്ളമ്പാറയുടെ താഴ്ഭാഗം വരെയുള്ള സ്ഥലം പനങ്ങാടു് ഗ്രാമപഞ്ചായത്തിലും, മുള്ളമ്പാറ നില്‍ക്കുന്നതു് കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലുമാണു്. ഇതൊരു കൂറ്റന്‍ പാറക്കെട്ടാണു്. ഇവിടേക്കുള്ള വഴിയില്‍ വനംവകുപ്പിന്റെ കൈവശമുള്ള ചെറിയ ഫോറസ്റ്റ് പാച്ചുണ്ടു്. മുള്ളമ്പാറമേല്‍ കയറി താഴേക്കു നോക്കിയാല്‍ കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളും പെരുവണ്ണാമൂഴി റിസര്‍വ്വോയറുമെല്ലാം കാണാം. നിരവധി പേര്‍ സ്ഥിരമായി ഇവിടം സന്ദര്‍ശിക്കുന്നതു കൊണ്ടു് അവര്‍ കൊണ്ടു വരുന്ന പ്ലാസ്റ്റിക്‍ മുഴുവന്‍ മാലിന്യമായി ഇവിടെ ചിതറിക്കിടക്കുന്നു. ഈയിടെയായി പരിസരവാസികളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്‍ മാലിന്യമിടാന്‍ ചില ഇരുമ്പു കൊട്ടകള്‍ അവിടവിടെയായി സ്ഥാപിച്ചിട്ടുണ്ടു്. മുള്ളമ്പാറയ്ക്കടുത്തു് കാപ്പിത്തോട്ടങ്ങളുണ്ടു്. അവയുടെ ഇടയില്‍ കൂറ്റന്‍ പാറകള്‍ ഇപ്പോ ഉരുണ്ടുമാറുമെന്നു തോന്നിക്കുന്ന വിധത്തില്‍ കിടപ്പുണ്ടു്. ആകെക്കൂടി ട്രെക്കിങ്ങിനൊക്കെ പറ്റിയ ഒരു സ്ഥലം. ഞങ്ങള്‍ മണിച്ചേരിമല ആദിവാസി കോളനി സന്ദര്‍ശിച്ച ശേഷം (അവിടെ പട്ടികവര്‍ഗ്ഗ വികസനവകുപ്പു് രണ്ടു് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കു് പുതിയ വീടുണ്ടാക്കി നല്കാന്‍ തറയിട്ടിട്ടുണ്ടു്.) അതിനടുത്തുള്ള മുള്ളമ്പാറയില്‍ ചെന്നു് അവിടെ ആകെ ചുറ്റിനടന്നു കണ്ട ശേഷം കക്കയത്തേക്കു തിരിച്ചു. മുള്ളമ്പാറമേല്‍ കയറിയിറങ്ങി ക്ഷീണിച്ചപ്പോ താഴെയുള്ള കടയില്‍ നിന്നും ഒരു പാക്കറ്റ് എള്ളുണ്ട വാങ്ങി കുറച്ചെണ്ണം തിന്നു ബാക്കി വാഹനത്തില്‍ വച്ചു. അവിടുന്നു് കക്കയം ഡാംസൈറ്റിലേക്കു പോയി  അവിടെ ജോലിയുടെ ഭാഗമായി ചെയ്യേണ്ടിയിരുന്ന ഏര്‍പ്പാടുകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വാഹത്തിന്റെ സൈഡ് ഗ്ലാസുകള്‍ ഉയര്‍ത്താന്‍ മറന്നു പോയിരുന്നു. വണ്ടിയിലെ എള്ളുണ്ടപ്പാക്കറ്റ് കുരങ്ങന്‍മാര്‍ കണ്ടുപിടിച്ചു. അവരതെടുത്തുകൊണ്ടോടി മരത്തില്‍ കയറി. വണ്ടിയിലെ ഫയലുകളും ലോഗ് ബുക്കുമൊന്നും എടുത്തു കൊണ്ടുപോവാഞ്ഞതു ഭാഗ്യം. ഞങ്ങളാകട്ടെ, എള്ളുണ്ടയുടെ നഷ്ടമുണ്ടാക്കിയ സങ്കടത്തോടെ ചെയ്യേണ്ട പണികളെല്ലാം ചെയ്തു തീര്‍ത്തു് തിരികെപ്പോന്നു.

കരിയാത്തുംപാറ

ശ്രീധന്യയുടെ ആങ്ങള അനുവും ഭാര്യ രാഖിയും വീട്ടില്‍ വന്നിരുന്നു. ഞങ്ങള്‍ എല്ലാവരും കൂടി പിറ്റേദിവസം കക്കയത്തു പോവാന്‍ തീരുമാനിച്ചു. കുടുംബത്തോടൊപ്പം കരിയാത്തുംപാറയില്‍ ചെന്നിറങ്ങിയപ്പോള്‍ത്തന്നെ വേറെയും ചില സന്ദര്‍ശകരുണ്ടായിരുന്നു അവിടെ. അവിടെ നിന്നു നോക്കിയാല്‍ റിസര്‍വ്വോയറിനപ്പുറം, പശ്ചാത്തലത്തില്‍ കക്കയത്തെ ഉയര്‍ന്ന മലനിരകളുടെ ദൃശ്യം മനോഹരമാണു്. ഇവിടെ ആവശ്യക്കാര്‍ക്കു് റൂമുകള്‍ റെന്റിനു് ലഭിക്കും. വേണമെങ്കില്‍ സന്ദര്‍ശകര്‍ക്കു് താമസിക്കാം. പക്ഷേ വരുന്ന സന്ദര്‍ശകര്‍ പ്ലാസ്റ്റിക്‍ അവശിഷ്ടങ്ങള്‍ യാതൊരുവിധ തത്വദീക്ഷയുമില്ലാതെ ഇവിടെ ചിതറിയിട്ടു പോവുന്നതു് ഈ സ്ഥലത്തിന്റെ ആകര്‍ഷണീയത അധികം താമസിയാതെ ഇല്ലാതാക്കിക്കളഞ്ഞേക്കാം. ശ്രേയ റിസര്‍വ്വോയറിലെ ചെറിയ മീനുകള്‍ കണ്ടു് അവയെ പിടിക്കാനിറങ്ങി. വെള്ളത്തിലിറങ്ങിയാല്‍ പിന്നെ അവള്‍ക്കു് കേറിപ്പോരാന്‍ തോന്നില്ല. ഒടുക്കം കരഞ്ഞു വിളിക്കുന്ന അവളെ എടുത്തു കൊണ്ടു വാഹനത്തില്‍ തിരികെ കയറ്റേണ്ടിവന്നു.

കക്കയം

കക്കയത്തേക്കു് കോഴിക്കോടു നിന്നും ബാലുശ്ശേരി വഴി നേരിട്ടു് ബസ്സുണ്ടു്. പേരാമ്പ്ര നിന്നും കൂരാച്ചുണ്ടു് വഴി കക്കയത്തേക്കു് ബസ്സില്‍ വരാം. അടിയന്തരാവസ്ഥക്കാലത്തെ കക്കയം പോലീസ് ക്യാമ്പിനെപ്പറ്റിയും അവിടെ വച്ചു് റീജ്യനല്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ ഉരുട്ടിക്കൊന്നതിനെപ്പറ്റിയും കേള്‍ക്കാത്തവരുണ്ടാവില്ല. അന്നു് കക്കയം ഡാമിന്റെ പണി നടക്കുന്ന കാലം കൂടിയായതിനാല്‍ കക്കയം തിരക്കുപിടിച്ച ഒരു പ്രദേശമായിരുന്നു. ഡാമിന്റെ പണി കഴിഞ്ഞ ശേഷം ആളൊഴിഞ്ഞു് ഉറക്കം തൂങ്ങിക്കിടക്കുന്ന ഒരു സ്ഥലമായിരുന്നു കക്കയം. എന്നാല്‍ ഈയിടെയായി കെ എസ് ഇ ബിയുടെ നേതൃത്വത്തില്‍ കക്കയം റിസര്‍വ്വോയറിലും പരിസരപ്രദേശത്തും ഹൈഡല്‍ ടൂറിസം പ്രൊജക്ട് നടപ്പാക്കിയിട്ടുള്ളതിനാല്‍ വിനോദസഞ്ചാരികളുടെ വരവു് കൂടിയിട്ടുണ്ടു്. കക്കയം അങ്ങാടിയില്‍ത്തന്നെ വനസംരക്ഷണ സമിതിയുടെ കൗണ്ടറുണ്ടു്. ഇവിടെ ഒരാള്‍ക്കു് നാല്പതു രൂപ ചാര്‍ജ്ജു് അടയ്ക്കണം. ഈ കൗണ്ടറിനു സമീപം തന്നെയാണു് രാജന്റെ സ്മാരകം. കക്കയം അങ്ങാടിയില്‍ നിന്നും പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാലേ ഡാംസൈറ്റിലെത്തൂ. വാഹനങ്ങള്‍ക്കു് പാര്‍ക്കിങ് ഫീ ഉണ്ടു്. ഹൈഡല്‍ ടൂറിസം പ്രൊജക്ടിലെ പ്രധാന ആകര്‍ഷണം കക്കയം റിസര്‍വ്വോയറിലെ ബോട്ടിങ്ങ് ആണു്. ഇവിടെ രണ്ടു് സ്പീഡ് ബോട്ടുകളുണ്ടു്. അഞ്ചു പേരെയും വഹിച്ചു് പത്തു മിനുട്ടു കൊണ്ടു് റിസര്‍വ്വോയറില്‍ ഒന്നു കറങ്ങി തിരികെ കൊണ്ടു വിടും. അഞ്ചു പേര്‍ക്കു് എഴുനൂറ്റമ്പതു രൂപയാണു് ചാര്‍ജ്ജു്. ഞാനൊഴികെ മറ്റെല്ലാവരും ബോട്ടില്‍ കയറി സവാരി ചെയ്തു വന്നു. ഡാം അത്ര വലുതൊന്നുമല്ല. കക്കയം റിസര്‍വ്വോയറില്‍ വെള്ളം കുറയുമ്പോള്‍ വയനാട്ടിലെ ബാണാസുരസാഗര്‍ റിസര്‍വ്വോയറില്‍ നിന്നും ഭൂഗര്‍ഭ തുരങ്കം വഴി വെള്ളം ഇവിടേക്കു് തുറന്നു വിടും. അങ്ങനെ ഡാമിലെ ജലലഭ്യത നിലനിര്‍ത്തുന്നു. ഡാം അത്ര വലിയതൊന്നുമല്ല. കക്കയം ഡാമിനടുത്തുനിന്നും കുറച്ചു ദൂരം നടന്നാല്‍ ഉരക്കുഴി ജലപാതമായി. ഡാമിനടുത്തു നിന്നും ഉരക്കുഴിയിലേക്കു് കുടുംബസമേതം നടക്കുമ്പോള്‍ Malabar tree-nymph അഥവാ വനദേവത എന്ന മനോഹരമായ ചിത്രശലഭങ്ങള്‍ രണ്ടെണ്ണത്തെ കണ്ടു. ഉരക്കുഴി ജലപാതത്തില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ വെള്ളം കുറവായിരുന്നെങ്കിലും അപ്പോഴും അതിനൊരു തരം വന്യസൗന്ദര്യമുണ്ടു്. ഉരക്കുഴി കൂടി കണ്ടു കഴിഞ്ഞപ്പോള്‍ എല്ലാവരും ക്ഷീണിച്ചു. തിരികെയിറങ്ങി. മണി ഉച്ച തിരിഞ്ഞു് മൂന്നേകാല്‍. വിശന്നു തുടങ്ങിയിരുന്നു. കക്കയം അങ്ങാടിയിലെ ഹോട്ടലില്‍ നിന്നും ഊണു കഴിച്ചു മടങ്ങി.

മൂന്നാമത്തെ ട്രെക്കിങ് യാത്രയ്ക്കു് ഞങ്ങടെ പഞ്ചായത്തു് പ്രസിഡണ്ട് ഡി എഫ് ഒയ്ക്കു് ഞങ്ങള്‍ ജീവനക്കാര്‍ക്കും മെമ്പര്‍മാര്‍ക്കും കാട്ടിനുള്ളിലേക്കു് ട്രെക്കിങ്ങിനു് പോവാന്‍ അനുമതി ചോദിച്ചു് കത്തെഴുതിയിരുന്നു. അനുമതി കിട്ടിയതോടെ ഞങ്ങള്‍ രാവിലെ തന്നെ പുറപ്പെട്ടു് കക്കയത്തെത്തി. ഉച്ചഭക്ഷണവും (കപ്പയും കറിയും) വെള്ളവും മറ്റും കയ്യില്‍ കരുതി. കൂടെ കക്കയത്തെ വനംവകുപ്പുദ്യോഗസ്ഥരും വന്നു. ഞങ്ങള്‍ ഡാംസൈറ്റില്‍ നിന്നു് കയറ്റം കയറി പുല്‍മേട്ടിലെത്തി. കയറ്റം കയറുന്നതിനിടെ കയ്യില്‍ കരുതിയ അവിലും ഓറഞ്ചും മറ്റും തിന്നു തീര്‍ത്തു. പുല്‍മേട്ടില്‍ നിന്നു നോക്കിയാല്‍ പെരുവണ്ണാമൂഴി റിസര്‍വ്വേയര്‍ ദൂരെ കാണാം. പുല്‍മേട്ടിലൊരിടത്തു് ധാരാളം ആനപ്പിണ്ടം കണ്ടു. ആനകളുടെ സ്ഥിരം സന്ദര്‍ശന മേഖലയാണിതു്. അവിടെ നിന്നു് അമ്പലപ്പാറയിലേക്കു നടന്നു. ഇതു് കക്കയത്തെ ആദിവാസികളുടെ ആരാധനാ കേന്ദ്രമാണു്.

വന്യമൃഗങ്ങളെയൊന്നും കാണാന്‍ കഴിഞ്ഞില്ല. പക്ഷേ അമ്പലപ്പാറയ്ക്കടുത്ത അരുവിയില്‍ കുറേ വാല്‍മാക്രികളെക്കണ്ടു. ഇതിനടുത്തിരുന്നു് ഉച്ചഭക്ഷണം കഴിച്ചു. എന്നിട്ടു് കക്കയം റിസര്‍വ്വോയറിലേക്കു നടന്നു. റിസര്‍വ്വോയറിലൊരു നീന്തിക്കുളി. അതോടെ നടന്ന ക്ഷീണമെല്ലാം പോയി. കുളികഴിഞ്ഞു് തിരികെ നടന്നു. ഡാംസൈറ്റിലെത്തി വാഹനങ്ങളില്‍ കയറി തിരികെ മടക്കയാത്ര.

ഗവിയിലേക്കൊരു മഴയാത്ര

2007ല്‍ ആദ്യമായി കേട്ടപ്പോള്‍ മുതല്‍ പോവാനാഗ്രഹിച്ചിരുന്ന, എന്നാല്‍ പോവാന്‍ കഴിയാതിരുന്ന ഒരു സ്ഥലമാണു് ഗവി. ഇക്കഴിഞ്ഞ ജൂലൈ 6-ാം തീയ്യതി ഒരവധി വീണു കിട്ടിയപ്പോള്‍ നാഗര്‍കോവിലിനടുത്തുള്ള ചിതറാല്‍ സന്ദര്‍ശിക്കാനാണു് ആദ്യം പ്ലാനിട്ടതു്. ടോണിമാഷോടും, അഖിലനോടും ആലോചിച്ചു് പദ്ധതിയിട്ടിരുന്നതുമാണു്. പക്ഷേ, തൊട്ടുതലേ ദിവസം സീനിയര്‍മാരായ ശ്രീജിത്തും ശ്രീധരനും വന്നുകയറുകയും, സീനിയറായ ജയസൂര്യനും സഹപാഠിയായിരുന്ന ടോമിനുമൊപ്പം അവര്‍ ഗവിയിലേക്കു പോവാന്‍ പ്ലാനിടുകയും ചെയ്യുകയാണെന്നറിഞ്ഞപ്പോള്‍ ആദ്യത്തെ തീരുമാനത്തിനു് ഇളക്കം തട്ടി. ശ്രീജിത്തിനെ ഒരുപാടു കാലത്തിനു ശേഷമാണു് വീണ്ടും നേരിട്ടു കാണുന്നതു്. പോവുന്നതാണെങ്കില്‍ ഗവിക്കു്. ഒരാളെക്കൂടി കൊണ്ടുപോവാന്‍ വണ്ടിയില്‍ സ്ഥലം ബാക്കി. ആഹ. കുറ്റബോധം ലവലേശം പോലുമില്ലാതെ ടോണിമാഷോടു് ഒരു മുട്ടന്‍ നുണപറഞ്ഞൊഴിഞ്ഞു. ടോണിമാഷ്, ‘മഴയാണു്, അട്ട കാണു’മെന്നൊരു മുന്നറിയിപ്പു തന്നു് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും, ഗവിയോടുള്ള ആകര്‍ഷണം അത്രമാത്രമുണ്ടായിരുന്നതിനാല്‍ പോവുന്നെങ്കില്‍ അവിടേക്കു തന്നെയെന്നുറപ്പിച്ചു. അട്ടയെയൊക്കെ നമ്മളെത്ര കണ്ടതാ.

പുലര്‍ച്ചെ 5.30നു് ഡിപ്പാര്‍ട്ട്മെന്റിലെ വാട്ടര്‍ഫില്‍ട്ടറില്‍ നിന്നു് ആവശ്യമുള്ളത്ര കുപ്പികളില്‍ കുടിവെള്ളം നിറച്ചെടുത്തു് യൂണിവേഴ്സിറ്റിയില്‍ നിന്നു് പുറപ്പെട്ടു. ടോം തലേദിവസം തന്നെ ബന്ധപ്പെട്ട വനം വകുപ്പുദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു് വരുന്ന കാര്യം അറിയിച്ചിരുന്നു. എം ജി യൂണിവേഴ്സിറ്റിയില്‍ നിന്നു് അതിരമ്പുഴ – മണര്‍കാടു് – പൊന്‍കുന്നം – എരുമേലി – മുക്കൂട്ടുതറ – തുലാപ്പള്ളി – പമ്പാവാലി വഴി ആങ്ങംമൂഴിയിലെ ഗൂഡ്രിക്കല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തി.

രാവിലെ 8.30മുതലാണു് ഇവിടെ നിന്നും സന്ദര്‍ശകര്‍ക്കു് ഗവിയിലേക്കു് പാസ്സനുവദിക്കുക. അവധി ദിനങ്ങളില്‍ 30 വാഹനങ്ങള്‍ക്കും പ്രവൃത്തി ദിനങ്ങളില്‍ 10 വാഹനങ്ങള്‍ക്കുമേ പാസ്സനുവദിക്കൂവെന്നു് അവിടെ എഴുതി വച്ചിട്ടുണ്ടു്.

Jpeg

നിര്‍ദ്ദേശങ്ങള്‍

Jpeg

നിര്‍ദ്ദേശങ്ങള്‍

ഞങ്ങള്‍ 8.30നു മുന്നേ തന്നെ സ്ഥലത്തെത്തിയിരുന്നെങ്കിലും, അതിലും നേരത്തെ എത്തി സ്ഥലം പിടിച്ചവര്‍ വേറെയുമുണ്ടായിരുന്നു. റേഞ്ചാപ്പീസില്‍ നിന്നും ഓരോ കുപ്പി കാട്ടുതേനും, ഒരോ പായ്ക്കറ്റ് കുന്തിരിക്കവും വാങ്ങിയശേഷം ‍ഞങ്ങള്‍ 8.30 ആകുന്നതു വരെ അവിടെ ഒന്നു കറങ്ങാനിറങ്ങി. അടുത്തു തന്നെ പുഴയ്ക്കക്കരെയും ഇക്കരെയുമായി ഒരു പത്തിരുപതു് കടകളുള്ള ചെറിയൊരങ്ങാടിയുണ്ടു്.

Jpeg

അങ്ങാടിക്കടുത്തുള്ള പുഴ

അവിടെ കണ്ട ഒരു ടീഷാപ്പില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ചു, പുഴയ്ക്കക്കരെയുള്ള പച്ചക്കറിക്കടയില്‍ നിന്നും കദളിപ്പഴവും പാളയംകോടന്‍ പഴവും ഓരോ കിലോ വീതം വാങ്ങി. ഈ കദളിപ്പഴം ആദ്യമായിട്ടാണു് ഞാന്‍ കാണുന്നതു്. തിരികെ റേഞ്ചാപ്പീസിലെത്തിയപ്പോഴേയ്ക്കും പാസ്സ് കൊടുക്കാനുള്ള നേരമായിരുന്നു. അട്ടകളേയും കണ്ടു തുടങ്ങി. ചില മിടുക്കന്മാര്‍ വണ്ടിക്കുള്ളിലും കയറിപ്പറ്റീട്ടുണ്ടേ. ഓരോരുത്തരേയും പെറുക്കിയെടുത്തു് ദൂരെക്കളഞ്ഞു.

Jpeg

പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുടെ കണക്കെടുക്കാനുള്ള ഫോറം

Jpeg

ടിക്കറ്റ്

പാസ്സു വാങ്ങി താഴെയിറങ്ങിയപ്പോള്‍ അടുത്തുള്ള കുടുംബശ്രീ യൂണിറ്റിലെ പ്രവര്‍ത്തകര്‍ പുഴുങ്ങിയ കപ്പയും കോഴിക്കറിയും പാര്‍സലാക്കി വില്ക്കുന്നതു കണ്ടു. ഞങ്ങളും അവരുടെയടുത്തുനിന്നും ഓരോ പൊതി വീതം വാങ്ങി. ഗവിയിലേക്കുള്ള യാത്ര തുടങ്ങി. പോവുന്ന വഴിയിലുടനീളമുള്ള വനംവകുപ്പിന്റെ ചെക്ക്പോസ്റ്റുകളില്‍ ആദ്യത്തേതു് കോച്ചാണ്ടിയിലാണു്. അവിടെ നിന്നും വാഹനപരിശോധനയും കൈവശമുള്ള പ്ലാസ്റ്റിക്‍ പാത്രങ്ങളുടെയും കവറുകളുടെയും എണ്ണമെടുത്തു് സാക്ഷ്യപ്പെടുത്തി വാങ്ങി.

കാടിന്റെ മനോഹാരിതയിലേക്കു് അവിടുന്നുതന്നെ നാം പ്രവേശിക്കുകയാണു്. നേരിയ ചാറ്റല്‍ മഴ, തണുപ്പും. വനത്തിലൂടെ ഉടനീളം പല കപ്പാസിറ്റികളിലുള്ള ഇലക്‍ട്രിസിറ്റി ലൈനുകള്‍ കടന്നു പോവുന്നുണ്ടു്. ഹൈടെന്‍ഷന്‍ ലൈനുകള്‍ക്കു കീഴെയുള്ള കാടു മൊത്തം വെട്ടിത്തെളിച്ചിട്ടിട്ടുണ്ടു്. ഇലക്‍ട്രിസിറ്റി ബോര്‍ഡിന്റെയാണെന്നു തോന്നുന്നു, പഴയ ഇടിഞ്ഞു പൊളിഞ്ഞ പല കെട്ടിടങ്ങളും പോകുന്ന വഴിയില്‍ കാണാം.

മൂഴിയാറിലുള്ള പെന്‍സ്റ്റോക്കു് പൈപ്പുകളും, കക്കി അണക്കെട്ടും കാണേണ്ട കാഴ്ചകളാണു്. ഒരിടത്തു് അപൂര്‍വ്വ സസ്യാവരണമോയ മിരിസ്റ്റിക്ക ചതുപ്പു് (myristica swamp) കണ്ടു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ പെടുന്ന സ്ഥലമായതിനാല്‍ അതിന്റെ ചെക്ക് പോസ്റ്റുകളിലും പരിശോധന കഴിഞ്ഞു വേണം പോകാന്‍.

Jpeg

പുഴ

കക്കി ഡാം കഴിഞ്ഞപ്പോള്‍ റോഡരികിലൊരിടത്തു് ആനകള്‍  mineral lick ചെയ്യാറുള്ള സ്ഥലം കണ്ടു. കരിങ്കുരങ്ങുകളേയും (Nilgiri langur), തൊപ്പിക്കുരങ്ങുകളേയും (Bonnet macaque) ഗവിയിലെത്തുന്നതിനു മുന്നേ തന്നെ കണ്ടു. നേരിയ ചാറ്റല്‍ മഴ യാത്രയിലുടനീളം ഞങ്ങളെ പിന്തുടര്‍ന്നു. ഇറങ്ങി വരുന്ന മൂടല്‍മഞ്ഞിനുള്ളിലൂടെയുള്ള യാത്ര വാക്കുകള്‍ക്കു വിവരിക്കാനാവാത്ത ഒരനുഭവമാണു്.

ഗവിയിലെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ പാക്കേജ് ടൂറില്‍ ബുക്കു ചെയ്തു വരുന്നവര്‍ക്കേ ഗവിയില്‍ താമസം, ഭക്ഷണം ഇത്യാദി സൗകര്യങ്ങളുള്ളൂ. നേരത്തേ കുടുംബശ്രീക്കാരുടെയടുത്തു നിന്നും ഭക്ഷണം വാങ്ങിയതെത്ര നന്നായി. മൂടല്‍മഞ്ഞിനുള്ളില്‍ പുതഞ്ഞു നില്ക്കുന്ന ഗവി ഡാം പിന്നിട്ട ശേഷം വാഹനമൊരിടത്തൊതുക്കി വാഹനത്തിലിരുന്നു കൊണ്ടു തന്നെ ഞങ്ങള്‍ കൊണ്ടു വന്ന ഭക്ഷണം കഴിച്ചു. കപ്പയ്ക്കും ഇറച്ചിക്കറിക്കും ഇത്ര സ്വാദുണ്ടായിരുന്നോ? ഓരോ പൊതി കൂടി വാങ്ങാമായിരുന്നു. മഴ പെയ്യാന്‍ തുടങ്ങി. വള്ളക്കടവിലെത്തുന്നതിനു തൊട്ടു മുന്നേ ദൂരത്തായി കാട്ടുപോത്തിന്‍ കൂട്ടങ്ങള്‍ (Gaur) പുല്‍മേടുകളില്‍ മേയുന്നതു കണ്ടു. വണ്ടിയോടിച്ചു കൊണ്ടിരുന്ന ജയസൂര്യന്‍ ‘രുദാലി’യിലെ ‘ദില്‍ ഹൂം ഹൂം കരേ’ എന്ന പാട്ടു് പതുക്കെ മൂളി.

ഞാനാ പാട്ടു് എന്റെ മൊബൈല്‍ ഫോണില്‍ വച്ചു. കാടിന്റെ ആ നനുത്ത മടിത്തട്ടിലൂടെ ഭൂപെന്‍ ഹസാരികയുടെ സ്വരത്തില്‍ ആ പാട്ടിനു് മുമ്പെങ്ങുമില്ലാത്ത ഒരാസ്വാദ്യത. വള്ളക്കടവിലാണു് വനംവകുപ്പിന്റെ അവസാനത്തെ ചെക്ക്പോസ്റ്റ്.

വള്ളക്കടവു കഴിഞ്ഞു് വണ്ടിപ്പെരിയാറിലെത്തിയപ്പോള്‍ ഒരു ചായക്കടയുടെയടുത്തു് വണ്ടി നിര്‍ത്തി. അവിടെത്തെ ചില്ലലമാരയില്‍ കണ്ട മടക്കിന്റെ വലിപ്പം കണ്ടു് ഞെട്ടി ഉള്ളില്‍ കടന്നപ്പോള്‍ കണ്ട പഴക്കുലയിലെ പഴത്തിന്റെ വലിപ്പം കണ്ടു് വീണ്ടും ഞെട്ടല്‍. ചെങ്കദളിയുടെ പച്ച വകഭേദമാണത്രേ. ആ പഴം ഓരോന്നു് ഞങ്ങളും തട്ടി.

വീണ്ടും മഴ. തുടര്‍ന്നു് കുമിളിയിലേക്കും അവിടെനിന്നു് തമിഴ്‍നാട്ടിലേക്കും ചുരമിറങ്ങിത്തുടങ്ങി. ചുരത്തിനിരുപുറവും തൊപ്പിക്കുരങ്ങുകള്‍ ധാരാളമായുണ്ടു്. കേരളത്തിന്റെ അതിര്‍ത്തി കടന്നതോടെ നിത്യഹരിത വനത്തിന്റേതായ സസ്യാവരണം ഇലപൊഴിക്കും വനമായും തുടര്‍ന്നു് ഊഷരതയായും മാറുകയാണു്. മാറ്റം വളരെ ചടുലമാണു് (sharp), പെട്ടെന്നു തന്നെ നമുക്കതു ബോദ്ധ്യപ്പെടും. വരണ്ട സ്ഥലത്തു വളരാനുള്ള അനുകൂലനങ്ങളോടു കൂടിയ (xerophytic) ചെടികളും മരങ്ങളുമാണധികവും.

ഇടയ്ക്കിടെ ചാറ്റല്‍ മഴ (drizzle). ചുരം പൂര്‍ണ്ണമായും ഇറങ്ങിക്കഴിഞ്ഞപ്പോള്‍ മഴയും നിന്നു. റോഡിനിരുപുറവുംമായി തമിഴ്‍നാടു് മിന്‍സാര വാര്യത്തിന്റെ (Electricity Board) സബ്ബ്സ്റ്റേഷനും മറ്റനുബന്ധസ്ഥാപനങ്ങളും കണ്ടു. മുകളില്‍ കേരളത്തിന്റെ ഭാഗത്തു നിന്നു് പെന്‍സ്റ്റോക്ക് പൈപ്പുകളും. കുറേ ദൂരം ചെന്നപ്പോള്‍ കൃഷിയിടങ്ങളായി. വണ്ടി നിര്‍ത്തി.

വഴിയില്‍ കണ്ടയാളോടു് വയലിലെന്താണു കൃഷിയെന്നു ചോദിച്ചു. കടലയാണു്. കുറേയപ്പുറത്തു് അമരയും പയറും. ഒരരികില്‍ വിശാലമായ സ്ഥലം നിറയെ പുളിമരം വച്ചു പിടിപ്പിച്ചിരിക്കുന്നു.

ഞങ്ങള്‍ വീണ്ടും മുന്നോട്ടു പോയി, ഗൂഡല്ലൂര്‍ ഭാഗത്തേക്കു്.  റോഡിനിരു വശവും മുന്തിരിത്തോപ്പുകള്‍. സീസണല്ലാത്തതിനാല്‍ മുന്തിരി കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോഴതാ മാന്തോപ്പുകള്‍. നമ്മുടെ നാട്ടിലുണ്ടാവുന്ന പോലത്തെ ഉയരം കൂടിയ മാവിനങ്ങളല്ല, കുറിയ, താഴെനിന്നു തന്നെ മാങ്ങ പറിച്ചെടുക്കാവുന്ന തരത്തിലുള്ളവ. ഇവരെ സമ്മതിക്കണം. മഴയും വെള്ളവുമില്ലെങ്കിലും, എന്തെല്ലാം ഇവര്‍ കൃഷിചെയ്തുണ്ടാക്കുന്നു. ഒരിടത്തു് റോഡിനിരുപുറവുമുള്ള ഷെഡുകളില്‍ മാമ്പഴം വച്ചു വില്ക്കുന്നതു കണ്ടു. കുറച്ചു മാമ്പഴം ഞങ്ങളും വാങ്ങി. നീലം, പാലാമണി ഇനങ്ങളിലുള്ളവ. നല്ല മധുരമുണ്ടു്, രണ്ടിനങ്ങള്‍ക്കും. വിലയും കുറവു്. അവര്‍ തോട്ടമുടമയില്‍ നിന്നും പഴങ്ങള്‍ വില്ക്കാന്‍ ഒന്നിച്ചു് കരാറെടുത്തിരിക്കുകയാണത്രേ. കുറേക്കൂടി മുന്നോട്ടു് ചെന്നപ്പോഴേക്കും സന്ധ്യയാകാറായി. മടങ്ങാമെന്നു കരുതി.

തിരികെ ചുരം കയറി കുമിളിയിലെത്തിയപ്പോള്‍ ചെക്ക്പോസ്റ്റില്‍ വീണ്ടും കേരള പോലീസിന്റെ അരിച്ചു പെറുക്കിയുള്ള പരിശോധന. കഞ്ചാവുണ്ടോയെന്നു നോക്കുകയാണെന്നു തോന്നുന്നു. ചെക്കിങ് നടക്കുമ്പോള്‍ വണ്ടി ഡ്രൈവ് ചെയ്യുന്ന ജയസൂര്യനു് വീട്ടില്‍ നിന്നും ഫോണ്‍ കാള്‍. പുള്ളി ചെക്ക്പോസ്റ്റിനു മുന്നില്‍നിന്നു ഫോണ്‍ അറ്റന്‍ഡ് ചെയ്തു. പോലീസുകാരുടെ പരിശോധന കഴിഞ്ഞിട്ടും ങേഹേ, വണ്ടി നീങ്ങുന്നില്ല, പുറകേ വണ്ടികള്‍ വന്നു നില്ക്കുകയും. പോലീസുകാര്‍ നല്ല മുട്ടന്‍ തെറി. മഴയായതുകൊണ്ടു് വണ്ടിയുടെ ചില്ലു പൊക്കി വച്ചിരുന്നതിനാല്‍ ആ തെറി ഞങ്ങള്‍ പക്ഷേ കേട്ടില്ല. ജയസൂര്യനോടു് വേഗം വണ്ടി മുന്നോട്ടെടുക്കാന്‍ പറഞ്ഞു, കൂടുതല്‍ അനിഷ്ടസംഭവങ്ങളൊഴിവായി.

ഇതുപോലെ നാട്ടുകാരുടെയടുത്തു നിന്നും കുറേ വര്‍ഷങ്ങള്‍ക്കു മുമ്പു് തെറി കേട്ട മറ്റൊരു സംഭവം പുള്ളി ഓര്‍ത്തെടുത്തു. അന്നിദ്ദേഹം വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലായിരുന്നത്രേ. അവിടെത്തെ സുഹൃത്തിന്റെ പ്രൊജക്ട് തവളകളിലുള്ള ഗവേഷണമായിരുന്നു. തവളകളെ ശേഖരിക്കല്‍ രാത്രിയിലാണു് (sampling). അപ്പോഴാണല്ലോ അവ ഇര പിടിക്കാന്‍ പുറത്തിറങ്ങുക. വാഗമണില്‍ ഇരുട്ടത്തു് തവളപിടുത്തം പുരോഗമിച്ചു വരുമ്പോള്‍ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞു. ‘എന്താ ഇവിടെ ചെയ്യുന്നെ?’ ‘തവള പിടിക്കുകയാ ചേട്ടാ.’ ചേട്ടനു് സംശയമായി. കൂടുതല്‍ ചോദ്യങ്ങളായി. കിട്ടിയ ഉത്തരങ്ങളെല്ലാം സംശയാസ്പദവും. ഒടുക്കം രണ്ടു പേരോടും ‘നിങ്ങടെ പേരെന്താ?’ ‘ഞാന്‍ ജയസൂര്യന്‍. ഇവന്‍ പൃത്ഥ്വിരാജ്’. നാട്ടുകാരന്‍ ചേട്ടനു് ദേഷ്യം വന്നു. ‘ഫ. ആളെ ആസാക്കുകയാണോടാ’ എന്നും ചോദിച്ചു നല്ല മുട്ടന്‍ തെറി. ‘അയ്യോ ചേട്ടാ സത്യമായിട്ടും ഞങ്ങടെ പേരിങ്ങനെ തന്നെയാ. ഞങ്ങളു ശരിക്കും തവള പിടിക്കാനിറങ്ങിയതാ. ഈ പേരു രണ്ടു സിനിമാനടന്മാര്‍ക്കുണ്ടായിപ്പോയി.. എന്തു ചെയ്യാനാ.’ എന്നു് ഇവര്‍. ഏതായാലും ദേഹോപദ്രവം കിട്ടാതെ തടി കഴിച്ചലാക്കിയത്രേ.

വണ്ടി ഒരിടത്തു നിര്‍ത്തി ഞങ്ങള്‍ കുമിളിയില്‍ ഷോപ്പിങ്ങിനിറങ്ങി. ഞാന്‍ മോള്‍ക്കു് ഒരുടുപ്പു വാങ്ങി. കുമിളിയില്‍ നിന്നു തന്നെ രാത്രി ഭക്ഷണവും കഴിച്ചു് തിരികെ വണ്ടിപ്പെരിയാര്‍ – പീരുമേടു് – കുട്ടിക്കാനം – പെരുവന്താനം വഴി മടക്കം. വഴിയിലൊരിടത്തു് വണ്ടി നിര്‍ത്തി താഴോട്ടു് നോക്കിയപ്പോള്‍ ചുരത്തിനു താഴെ അങ്ങാടിയിലെ വിളക്കുകളും സോപ്പുപെട്ടിയുടെ വലിപ്പത്തില്‍ വാഹനങ്ങള്‍ ചുരംകയറിവരുന്നതുമായ കാഴ്ച ഒരു പ്രത്യേക ഭംഗിയുള്ളതാണു്. തുടര്‍ന്നു് മുണ്ടക്കയം – കാഞ്ഞിരപ്പള്ളി പാലാ – ഏറ്റുമാനൂര്‍ – അതിരമ്പുഴ വഴി തിരികെ യൂണിവേഴ്സിറ്റിയിലെത്തിയപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു. നല്ലൊരു യാത്രയുടെ ഹാങ്ങോവറില്‍ ഉറങ്ങി.

ഞങ്ങടെ എം എസ്സ് സി ഗ്രൂപ്പ് പ്രൊജക്ട്

ബിരുദാനന്തര ബിരുദ പഠനത്തിന്റെ ഭാഗമായി ഒരു ഗ്രൂപ്പ് പ്രൊജക്ട് ചെയ്യേണ്ടിയിരുന്നു. ഞങ്ങള്‍ ക്ലാസ്സില്‍ ആകെ പത്തു പേരാണുണ്ടായിരുന്നതു്. അതുകൊണ്ടു് ഞങ്ങളെല്ലാരും കൂടി ഒന്നിച്ചു് ഒരു പ്രൊജക്ടു് ചെയ്യാന്‍ തീരുമാനിച്ചു. ഞങ്ങള്‍ പഠിച്ച മഹാത്മാഗാന്ധി സര്‍വ്വകലാശാലാ കാമ്പസ്സിലെ ഒരു പ്രാഥമിക പഠനത്തിലൂടെ അവിടെത്തെ തരുലതാദികള്‍, പൂമ്പാറ്റകള്‍, തുമ്പികള്‍, പക്ഷികള്‍, എന്നിവയുടെ കണക്കെടുക്കുകയും, കാമ്പസ്സിലെ ജലസ്രോതസ്സുകളുടെയും മണ്ണിന്റെയും ഭൌതിക, രാസഘടകങ്ങള്‍ എന്നിവയുടെ സൂക്ഷ്മപരിശോധന നടത്തി കണ്ടുപിടിക്കുകയും ചെയ്യുകയെന്നതായിരുന്നു ഞങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചതു്. മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പഠനം (മൂന്നു ഗ്രൂപ്പുകളായിരുന്നെങ്കിലും, പരസ്പരമുള്ള സഹായ സഹകരണങ്ങള്‍ ഈ മൂന്നു ഗ്രുപ്പുകളും തമ്മില്‍ ഉണ്ടായിരുന്നു). തരുലതാദികളുടെ ഗ്രൂപ്പിലായിരുന്നു ഞാന്‍. പൂമ്പാറ്റകള്‍, തുമ്പികള്‍, പക്ഷികള്‍ എന്നിവ മറ്റൊരു ഗ്രൂപ്പും, ജലസ്രോതസ്സുകളുടെയും മണ്ണിന്റെയും സൂക്ഷ്മപരിശോധന വേറൊരു ഗ്രൂപ്പും നോക്കി. “A Preliminary Study on The Flora, Fauna and Physical Resources of Mahatma Gandhi University Campus” എന്നതായിരുന്നു തലക്കെട്ടു്.

പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുമ്പെന്നത്തേയുംകാള്‍ രൂക്ഷമാവുകയും, അതിനാല്‍ത്തന്നെ സാമൂഹ്യബോധവത്ക്കരണത്തിനു് പ്രസക്തി കൂടിവരികയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍, ഇത്തരം പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ അലമാരകളില്‍ ആരും കാണാതെ ഇരിക്കേണ്ടവയല്ലെന്നു് എനിക്കു തോന്നുന്നു. അതുകൊണ്ടു് ആ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ സോഫ്റ്റ്കോപ്പി കൂടി അതേപടി, ഇവിടെ പങ്കുവയ്ക്കുന്നു. താല്പര്യമുള്ളവര്‍ക്കു് മറ്റിടങ്ങളിലും ഇത്തരം പഠനങ്ങള്‍ നടത്തുന്നതിനും, ഈ വിഷയത്തില്‍ത്തന്നെ തുടര്‍പഠനം നടത്തുന്നതിനും, ഞങ്ങള്‍ ചെയ്തതില്‍ എന്തെങ്കിലും പിഴവുകളുണ്ടെങ്കില്‍ അവ തിരുത്തി പുതിയ നിഗമനങ്ങളിലെത്തുന്നതിനും വേണ്ടി.

group_project_cover_s

പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ പിഡി എഫ് പതിപ്പു് ഈ കണ്ണിയില്‍: എം എസ്സ് സി ഗ്രൂപ്പ് പ്രൊജക്ട് റിപ്പോര്‍ട്ട്