ഹ..! ജാങ്ക ചക്ക.. ജാങ്ക ചക്ക.. ജാങ്ക ചക്ക.. ജായ്.. :)

വീണ്ടുമൊരു ചക്കക്കാലം. കേരള സര്‍ക്കാര്‍ ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഇന്നും ഞാന്‍ കഴിച്ചു കുറച്ചു പഴുത്ത ചക്കച്ചുളകള്‍. അപ്പോ തോന്നിയതാണു്, കുറച്ചു മുമ്പത്തെ (അതായതു് 2014 ജൂണിലെ) എന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെയും ഷെയര്‍ ചെയ്യാമെന്നു്. അന്നു് ശ്രേയക്കു് ഒരു വയസ്സു്. ഏതായാലും ഇതിവിടെയിടുന്നു:

ചക്ക മാഹാത്മ്യം – The jackfruit saga.

പണ്ടു് 1836ല്‍ മദ്രാസ് ഗവര്‍ണ്ണര്‍ക്കു് സര്‍ക്കാര്‍ സര്‍ജനായിരുന്ന വൈറ്റ്സ് എഴുതിയ കത്തിന്റെ തുടര്‍നടപടികളാണുപോല്‍ പഴയ മദ്രാസ് പ്രസിഡന്‍സി പ്രദേശത്തു് പിലാവും ചക്കയും വ്യാപകമാവാന്‍ കാരണമായതു്. അദ്ദേഹത്തിന്റെ കത്തിലെ പ്രസക്തഭാഗം: “മലബാറിലും സിലോണിലും കാണുന്ന ഒരു പഴവര്‍ഗ്ഗമാണു് ചക്ക. വളരെ സ്വാദുള്ളതും വലിപ്പമുള്ളതുമായ ഒരു പഴമാണിതു്… പാവപ്പെട്ടവന്റെ മുഖ്യഭക്ഷണം തന്നെയാണീ പഴം…

…നമ്മുടെ പ്രസിഡന്‍സിയില്‍ മുഴുവനായും ഇതു് കൃഷി ചെയ്യണമെന്നാണു് എന്റെ അഭിപ്രായം. ഈ പഴമുണ്ടാകുന്ന മരം പാതയോരത്തു് തണല്‍മരങ്ങളായി വച്ചു പിടിപ്പിക്കാം. തടി വീടുപണിക്കുപയോഗിക്കുന്ന വിലയേറിയ ഒരു മരമാണെന്നോര്‍ക്കുക. ജനങ്ങള്‍ക്കു് നല്ല ഭക്ഷണവും തണലും വിലയേറിയ മരവും കിട്ടുമെന്നതിനാല്‍ ഈ കൃഷിയെ നാം പ്രോത്സാഹിപ്പിക്കേണ്ടതാണു്. ഒരു പ്രദേശത്തിന്റെ സംസ്കാരത്തെയാണു് നാം ഉയര്‍ത്തിപ്പിടിക്കേണ്ടതു് എന്ന കാര്യം ഓര്‍ക്കുമല്ലോ.”

ഗവര്‍ണരാകട്ടെ ഈ കത്തു് ബോര്‍ഡ് ഓഫ് റവന്യൂവിന്റെ മുമ്പാകെ വച്ചു. അംഗീകാരം കിട്ടിയതോടെ, മദ്രാസ് പ്രസിഡന്‍സിയിലെ എല്ലാ ജില്ലാ കളക്‍ടര്‍മാര്‍ക്കും പിലാവുകൃഷി നടത്താന്‍ നിര്‍ദ്ദേശം നല്കി: “സര്‍ജന്‍ വൈറ്റ്സിന്റെ നിര്‍ദ്ദേശം നാം അംഗീകരിച്ചു കൊണ്ടു് പിലാവു കൃഷിയെ പ്രോത്സാഹിപ്പിക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു…

…താങ്കള്‍ എത്രയും പെട്ടെന്നു് നല്ല ചക്കക്കുരു ശേഖരിക്കുക. സിലോണിലെ കൊളോണിയല്‍ സെക്രട്ടറിയോടും നാം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടു്. താങ്കളുടെ ജില്ലയിലെ പ്രധാന റോഡുകളുടെ ഇരു വശത്തും ഉടനടി തണല്‍ മരങ്ങളായി പിലാവുകള്‍ നട്ടു പിടിപ്പിക്കുക. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചക്കക്കുരു ശേഖരിക്കേണ്ടതും അതു് പാതയോരങ്ങളില്‍ നട്ടു പിടിപ്പിക്കേണ്ടതുമാണു്. കൂടുതല്‍ വിത്തുകള്‍ മദ്രാസിലേക്കു് അയച്ചു തരികയും വേണം. ഇവിടെ നിന്നു് നല്ല വിത്തുകള്‍ അങ്ങോട്ടും അയച്ചു തരുന്നതായിരിക്കും. പിലാവു കൃഷി നമ്മുടെ സര്‍ക്കാരിന്റെ വിജയകരമായ ഒരു പദ്ധതിയാക്കി മാറ്റേണ്ടതു് താങ്കളുടെയും കീഴുദ്യോഗസ്ഥരുടെയും കടമയാണെന്നു് മറക്കരുതു്. പിലാവു് പാതയോരത്തു നട്ടാലും നാട്ടുകാരുടെ സ്വന്തം സ്ഥലത്തു് നട്ടാലും അതിന്റെ അവകാശം അവര്‍ക്കു തന്നെയാണെന്നു് ഓര്‍മ്മിപ്പിക്കുക…”.

31/12/1836 നു് സിലോണിലെ കൊളോണിയല്‍ സെക്രട്ടറി മദ്രാസ് ഗവര്‍ണര്‍ക്കു് ഇങ്ങനെ എഴുതി: “ചക്കക്കുരു ശേഖരിക്കാനുള്ള താങ്കളുടെ നിര്‍ദ്ദേശം സസന്തോഷം സ്വീകരിച്ചിരിക്കുന്നു. കുറെയേറെ ചക്കക്കുരു നാടിന്റെ നാനാ ഭാഗത്തു നിന്നും ശേഖരിച്ചിരിക്കുന്നു. ഉടനടി അയച്ചു തരുന്നതാണു്…”.

കളക്‍ടറുടെ നിര്‍ദ്ദേശം കിട്ടിയതിനെത്തുടര്‍ന്നു് മലബാര്‍ ജില്ലയിലെ തഹസീല്‍ദാര്‍മാരും, അംശം അധികാരിമാരും കോല്‍ക്കാരന്മാരുമൊക്കെ നാട്ടിടവഴികളിലൂടെ നടന്നു് ചക്കക്കുരു ശേഖരിച്ചതും, മലബാറിലെ പാതയോരങ്ങളിലെല്ലാം പിലാവുകള്‍ നട്ടതും, ഇന്നത്തെ ദക്ഷിണേന്ത്യയിലുള്‍പ്പെട്ട മദ്രാസ് പ്രസിഡന്‍സി പ്രദേശത്തു മുഴുവന്‍ പിലാവു് സര്‍വ്വ സാധാരണമായതുമൊക്കെ ചരിത്രം…

ജനാധിപത്യയുഗത്തില്‍ നമുക്കു് ഹരിതവിപ്ലവം നടന്നു, ഭക്ഷ്യസുരക്ഷ കിട്ടിത്തുടങ്ങി. ഇന്നിപ്പോ അക്കേഷ്യയോടും മട്ടിയോടും മറ്റുമാണു് നമുക്കു് കൂടുതല്‍ പ്രിയം. ചക്കയും പിലാവുമൊക്കെ ആര്‍ക്കു വേണം…

-ചരിത്രവസ്തുതകള്‍ക്കു് അവലംബം: കോഴിക്കോടിന്റെ പൈതൃകം – അഡ്വ. ടി ബി സെലുരാജ്, മാതൃഭൂമി ബുക്‍സ്.

ഒറിജിനല്‍ ഫേസ്‌ബുക്കു് പോസ്റ്റിലേക്കു് :- ഈ കണ്ണി

കൂളിപ്പൊയില്‍ ഉണ്ണി

കൂളിപ്പൊയില്‍ ഉണ്ണിവൈദ്യര്‍ ഒരു കാലത്തു് നന്മണ്ടയില്‍ പരക്കെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. ഒരു ചികിത്സകന്‍ എന്ന നിലയിലല്ല, ഒരു രസികശിരോമണി എന്ന നിലയ്ക്കായിരുന്നു അദ്ദേഹത്തിന്റെ  ഖ്യാതി. പല കഥകളും അദ്ദേഹത്തെപ്പറ്റി നാട്ടില്‍ പ്രചാരത്തിലുണ്ടു്. ആളെ പരിചയപ്പെടുത്താന്‍ വേണ്ടി അവയില്‍ ചിലതു് ഇവിടെ കുറിയ്ക്കുന്നു.

“വട്ടോട്ടം വടുവട്ടോട്ടം, നെട്ടോട്ടം നെടുനെട്ടോട്ടം” എന്ന പ്രയോഗത്തിലൂടെ ഇന്നും അറിയപ്പെടുന്ന സംഭവം, ഇങ്ങനെ. ദൂരസ്ഥലത്തു് എവിടെയോ യാത്ര കഴിഞ്ഞു തിരിച്ചു വരികയാണു് വൈദ്യര്‍. വഴിയില്‍ എവിടെയോ വെളിക്കിരുന്നു, ശങ്ക തീര്‍ത്തു ( കക്കൂസുകളൊക്കെ നിലവില്‍ വരുന്നതിനു മുമ്പുള്ള കാലമാണു്). ഒരു വീട്ടില്‍ കയറി, ശൌചം ചെയ്യുന്നതിനു് ഒരു കിണ്ടിയില്‍ വെള്ളം വാങ്ങി. മറവില്‍ പോയി കാര്യം സാധിച്ചു തിരിച്ചു വന്നു. വൈദ്യരെ മുന്‍പേ അറിയുന്ന വീട്ടുകാര്‍ അരികെ വന്നു കുശലമന്വേഷിച്ചു. അവര്‍ വൈദ്യരോടു് എന്തെങ്കിലും ഒരു വിദ്യ കാണിക്കണമെന്നു് അപേക്ഷിച്ചു. വൈദ്യര്‍ ഒരു നിമിഷം ആലോചിച്ചു. “വട്ടോട്ടം  വടുവട്ടോട്ടം, നെട്ടോട്ടം നെടുനെട്ടോട്ടം എന്നൊരു വിദ്യയുണ്ടു്. കാണിക്കണോ? പിന്നീടു പരാതി പറയരുതു്. സമ്മതമാണോ?”. വൈദ്യര്‍ അന്വേഷിച്ചു. വീട്ടുകാര്‍ക്കു് പൂര്‍ണ്ണ സമ്മതം. വീട്ടുമുറ്റത്തു് ഒരു തുളസിത്തറയുണ്ടു്. വൈദ്യര്‍ അതിനു മുമ്പില്‍ ഒരു നിമിഷം ധ്യാനിച്ചു നിന്നു. “ഞാന്‍ ആരംഭിക്കുകയാണു്. കണ്ടോളൂ” എന്നു പറഞ്ഞു കൊണ്ടു് തൂക്കിപ്പിടിച്ച കിണ്ടിയുമായി മൂന്നുവട്ടം തറയ്ക്കു ചുറ്റും ഓടി.

vattottam_vaduvattottam“ഇതു് വട്ടോട്ടം. അടുത്തതു് വടുവട്ടോട്ടമാണു്” വൈദ്യര്‍ വീട്ടിനു ചുറ്റും മൂന്നുവട്ടം ഓടി. അതും കഴിഞ്ഞു. “ഇനി നെട്ടോട്ടം” എന്നു് പറഞ്ഞുകൊണ്ടു് മുറ്റത്തുനിന്നു നടവഴിയിലൂടെ കോണിപ്പടവു് വരെ ഓടി തിരിച്ചുവന്നു. ആ ഇനവും കഴിഞ്ഞു. “ഇനി നെടുനെട്ടോട്ടം” എന്നു് പറഞ്ഞതും വീടിന്റെ നടവഴിയും കോണിപ്പടവുകളും കഴിഞ്ഞു തിരിഞ്ഞു നോക്കാതെ ഒരു ഓട്ടം വച്ചുകൊടുത്തു. സ്വന്തം വീട്ടിലെത്തി കയ്യിലെ കിണ്ടി കോലായില്‍ വച്ചു. കിണ്ടിയുടെ ഉടമകളായ വീട്ടുകാര്‍ പരാതിയുമായി വന്നില്ല. ഓട്ടുകിണ്ടി വൈദ്യര്‍ക്കു സ്വന്തം.

“കൊറ്റനും പീരയും തിന്ന്വോടാ” ഈ പ്രയോഗത്തിലൂടെ അറിയപ്പെടുന്ന മറ്റൊരു സംഭവമുണ്ടു്. മുമ്പുകാലത്തു് വീടുകളില്‍ വെളിച്ചെണ്ണ ഉണ്ടാക്കിയിരുന്നതു് തേങ്ങ വെന്തിട്ടായിരുന്നു. ചിരകിയെടുത്ത തേങ്ങ അല്‍പ്പം വെള്ളം ചേര്‍ത്തു വേവിച്ചു പിഴിഞ്ഞെടുത്ത തേങ്ങാപ്പാല്‍ അടുപ്പത്തു വച്ചു് കുറുക്കി അരിച്ചെടുക്കുന്നതാണു് വെന്ത വെളിച്ചെണ്ണ. ചീനച്ചട്ടിയില്‍ അവശേഷിച്ചു കിട്ടുന്നതാണു് കൊറ്റന്‍ അഥവാ കക്കന്‍. ഇതു് തേങ്ങയുടെ പീരയും കൂട്ടി കഴിക്കാന്‍ വളരെ സ്വാദുള്ളതാണു്. ഇന്നത്തെപ്പോലെ ബേയ്ക്കറി പലഹാരങ്ങളൊന്നും ഇല്ലാത്ത പഴയ കാലത്തു് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വല്ലപ്പോഴും ഒത്തുകിട്ടുന്ന ഒരു പലഹാരമാണു്. വീട്ടിലെ ആണുങ്ങള്‍ സാധാരണനിലയില്‍ ഇതു കഴിക്കാന്‍ മെനക്കെടാറില്ല. ഒരു വീട്ടില്‍ കൊറ്റന്‍ ഒരിക്കലും സ്ത്രീകള്‍ക്കു് കഴിക്കാന്‍ കൊടുക്കാതെ തട്ടിയെടുക്കുന്ന  ഒരാളുണ്ടായിരുന്നു. ഒരു ദിവസം യാദൃശ്ചികമായി വീട്ടില്‍ വന്ന വൈദ്യരോടു് അവിടുത്തെ സ്ത്രീകള്‍ പരാതി ഉന്നയിച്ചു. “ഇവിടെ വെന്ത വെളിച്ചെണ്ണ ഉണ്ടാക്കിയാല്‍ ഇവിടുത്തെ ആളു് കൊറ്റനും പീരയും കൊണ്ടു് തെങ്ങില്‍ക്കയറും. ഞങ്ങള്‍ക്കു് ഒട്ടും തരാതെ മുഴുവന്‍ തിന്നു തീര്‍ക്കും. വൈദ്യര്‍ ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരണം.” വൈദ്യര്‍ സമ്മതം മൂളി. “പക്ഷേ ചെലവു ചെയ്യണം.”  സ്ത്രീകള്‍ സമ്മതിച്ചു. “എങ്കില്‍ ഒരു ദിവസം സന്ധ്യയ്ക്കു് വെളിച്ചെണ്ണ തയ്യാറാക്കുക. ദിവസവും സമയവും എന്നെ അറിയിക്കുക.” ഏതാനും ദിവസം കഴിഞ്ഞു് വൈദ്യര്‍ക്കു രഹസ്യമായി അറിയിപ്പു് കിട്ടി. വൈദ്യര്‍ വീട്ടില്‍ നിന്നും പുറപ്പെട്ടു. സ്ത്രീകള്‍ വെളിച്ചെണ്ണ  തയ്യാറാക്കുകയാണു്. വീട്ടുകാരന്‍ നൊട്ടിനുണച്ചുകൊണ്ടു് അകലെ കാത്തിരിയ്ക്കുന്നു. വെളിച്ചെണ്ണ അരിച്ചെടുക്കേണ്ട താമസം, ആളു് കൊറ്റനും പീരയും വാരിയെടുത്തുകൊണ്ടു് ഓടി തെങ്ങില്‍ക്കയറി. പടിയ്ക്കല്‍ കാത്തുനിന്ന വൈദ്യര്‍ വീട്ടിലേക്കു ചെന്നു. മുന്‍ധാരണയനുസരിച്ചു് തയ്യാറാക്കി വച്ച പൊതിക്കെട്ടു് വാങ്ങി വൈദ്യര്‍ നടന്നകന്നു. കൈവശമുള്ള മാറാപ്പുകെട്ടഴിച്ചു് അതില്‍ നിന്നു് കറുപ്പു് പട്ടെടുത്തു അരയില്‍ ചുറ്റി, ചുവന്ന പട്ടെടുത്തു കഴുത്തിലിട്ടു് വാളെടുത്തു കിലുക്കിക്കൊണ്ടു് കക്ഷി ഇരിക്കുന്ന തെങ്ങിന്റെ ചുവട്ടിലേയ്ക്കു് ചെന്നു. തന്റെ കൈവശം നല്‍കിയ പാര്‍സല്‍ കെട്ടഴിച്ചു് ഇറച്ചിയും പത്തിരിയും കള്ളും താഴെവച്ചു പൂജിച്ച ശേഷം കഴിച്ചുതുടങ്ങി. തെങ്ങിനു മുകളിലുള്ള കക്ഷി ഇതെല്ലാം കണ്ടു കാര്യം മനസ്സിലാവാതെ ഭയന്നു. വൈദ്യര്‍ വാളും കിലുക്കി മുകളിലേയ്ക്കു് നോക്കി ഗര്‍ജ്ജിച്ചു “കൊറ്റനും പീരയും തിന്ന്വോടാ…? എട കോരപ്പാ…, കൊറ്റനും പീരയും തിന്ന്വോടാ…?” പലവട്ടം ഇതാവര്‍ത്തിച്ചു.

kottanum_peerayumതെങ്ങിനു മുകളിരുന്നു കൊറ്റനും പീരയും കഴിക്കുന്ന കോരപ്പന്‍ പേടിച്ചരണ്ടു. പ്രാണഭയത്തോടെ നിലവിളിച്ചു. “ഇല്ലേ…, ഇല്ലേ…,” ആളെക്കൊണ്ടു് സത്യം ചെയ്യിച്ചു.  വൈദ്യര്‍ സ്ഥലം വിട്ടു. പിന്നീടു് ഒരിക്കലും വെന്ത വെളിച്ചെണ്ണ തയ്യാറാക്കുന്ന ദിവസം കോരപ്പന്‍ വീട്ടില്‍ നില്‍ക്കില്ല. കൊറ്റനും പീരയ്ക്കും എന്നെന്നേക്കുമായി വിട!

“കുമ്പളങ്ങയില്‍ മോരുകറി”– വൈദ്യര്‍ രാവിലെ നടക്കാന്‍ ഇറങ്ങിയതാണു്. വഴിയില്‍ ഒരു വീട്ടില്‍ക്കയറി. അവിടെ തൊഴുത്തിനു മുകളില്‍ ഇളവന്‍കുമ്പളം നന്നായി കായ്‌ച്ചു കിടക്കുന്നു. നല്ല മുഴുത്ത കായകള്‍. ഗൃഹനാഥന്‍ വയലില്‍ പണിയ്ക്കു പോയതാണു്. സ്ത്രീകള്‍ കോലായില്‍ ഇരിക്കുന്നു. തൊഴുത്തിനു മുകളിലുള്ള ഇളവനില്‍ കണ്ണുനട്ടുകൊണ്ടു് വൈദ്യര്‍ അതിന്റെ ഗുണങ്ങളെപ്പറ്റിയും ഔഷധമൂല്യങ്ങളെപ്പറ്റിയും സംസാരിച്ചു. ഒടുവില്‍ കുമ്പളങ്ങയില്‍ മോരുകറി വയ്ക്കുന്ന വിദ്യയും വിളമ്പി. ആ പുതിയ പാചകരീതി അറിയാന്‍ സ്ത്രീകള്‍ക്കു് താല്‍പ്പര്യമായി. പശുക്കളെ കറവയുള്ള വീടാണു്. കുമ്പളങ്ങയും സ്റ്റോക്കുണ്ടു്. പക്ഷേ കുമ്പളങ്ങയില്‍ മോരുകറി വയ്ക്കുന്ന വിദ്യ അറിയില്ല.  ഇന്നത്തെപ്പോലെ പാചക ഗ്രന്ഥങ്ങള്‍ ഒന്നും അന്നു നിലവിലില്ലല്ലോ. വൈദ്യര്‍  പാചകരീതി പഠിപ്പിക്കാന്‍ തയ്യാറായി. നല്ല മുഴുത്തൊരു ഇളവന്‍ പറിച്ചു കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. ഉദ്ദേശിച്ചതുപോലെ നല്ലൊരു കായ വൈദ്യരുടെ കയ്യിലെത്തി. ഒരു നാക്കിലയും കൈച്ചിരവയും കത്തിയും ആവശ്യപ്പെട്ടു. അതും റെഡി. വൈദ്യര്‍ ഒരു ഓലത്തടുക്കില്‍ ചമ്രം പടിഞ്ഞിരുന്നു. ഇളവനെടുത്തു മുന്നില്‍  കുത്തനെ പിടിച്ചു. കണ്ണിയുള്ള ഭാഗം ഏതാണ്ടു് നാലിഞ്ചു വ്യാസത്തില്‍ വൃത്താകൃതിയില്‍ മുറിച്ചു മാറ്റിവച്ചു.  കൈച്ചിരവയെടുത്തു് ഇളവന്റെ കഴമ്പെല്ലാം ചുരണ്ടിയെടുത്തു് നാക്കിലയില്‍ വച്ചു. ഇളവന്‍ ശരിക്കും ഒരു പാത്രമാക്കി മാറ്റി.

kumbalangayil_moruഒന്നു നിവര്‍ന്നിരുന്നു. രണ്ടു ഗ്ലാസ്സ് മോരും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഓര്‍ഡര്‍ ചെയ്തു. മോരു് ഇളവന്‍ പാത്രത്തില്‍ ഒഴിച്ചു് പൊടികള്‍ അതില്‍ ചേര്‍ത്തു് ഇളക്കി. മുറിച്ചു മാറ്റിവച്ച ഇളവന്റെ   മുകള്‍ഭാഗം കൊണ്ടു് ഭദ്രമായി അടച്ചു സ്ത്രീകളെ ഏല്‍പ്പിച്ചു. “ഇതു് അകത്തെ മൂലയില്‍ മറിഞ്ഞു പോകാതെ സൂക്ഷിക്കുക. ഉച്ചയ്ക്കു് ഊണിനു് ആവശ്യത്തിനു ഉപ്പും ചേര്‍ത്തു് ഉപയോഗിക്കാന്‍ ബഹുവിശേഷമാണു്.” ഇലയില്‍ ചുരണ്ടിയിട്ട ഇളവന്റെ കഴമ്പു് കെട്ടിപ്പൊതിഞ്ഞു് വൈദ്യര്‍ സ്ഥലം വിട്ടു. സമയം ഉച്ചയായി. വയലില്‍ പണി നിര്‍ത്തി ഗൃഹനാഥന്‍ വീട്ടിലെത്തി. കാലും മുഖവും കഴുകി ഊണു കഴിക്കാനിരുന്നു. വീട്ടുകാരി ചോറു വിളമ്പി. അകത്തു സൂക്ഷിച്ച ഇളവന്‍ വിഭവം താങ്ങിയെടുത്തു് ചോറിനടുത്തു വച്ചു. അല്‍പ്പം ഉപ്പു ചേര്‍ത്തു. “ഇതെന്താണു്? കറിയൊന്നും ഇല്ലേ?” “ഇതാണു് ഇന്നത്തെ കറി.” ഇളവന്‍ കയ്യിലെടുത്തു് ലായനി ചോറില്‍ ഒഴിച്ചു് അയാള്‍ ഒരു പിടി ചോറു് ഉരുട്ടി വായിലിട്ടു. “ഇതെന്തു കറിയാണു്?” “ഇതു് കുമ്പളങ്ങയില്‍ വച്ച മോരുകറിയാണു്. വളരെ വിശേഷപ്പെട്ടതാണു്.” അയാള്‍ ഭാര്യയുടെ മുഖത്തു് സൂക്ഷിച്ചുനോക്കി ചോദിച്ചു  “കൂളിപ്പൊയില്‍ ഉണ്ണി ഇവിടെ വന്നിരുന്നോ?”

പറപ്പേടിയും മറ്റുചില പേടികളും

കഴിഞ്ഞ ദിവസം ഒരു റിസോഴ്സ് പേഴ്സണ്‍ന്റെ കൂടെ, ഫീല്‍ഡില്‍ ഒരു മലയുടെ മുകളില്‍ കുറ്റിക്കാടു നിറഞ്ഞ ഒരിടത്തു് ഒരു സര്‍വ്വേക്കല്ലിന്റെ സ്ഥാനം കണ്ടു പിടിക്കാന്‍ പോയിരുന്നു. സര്‍വ്വേക്കല്ല് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും, അതിനടുത്ത കുളത്തുവയല്‍ പള്ളി സെമിത്തേരിയിലെ രണ്ടു കല്ലറകള്‍ കണ്ടു. മലബാര്‍ മൈഗ്രേഷന്റെ തുടക്കക്കാലത്തു് ആദ്യം ആ പ്രദേശത്തു് വന്നു താമസമാക്കിയ ആളുടെയും ഭാര്യയുടെയും കല്ലറകളാണത്രേ. അദ്ദേഹം അതേപ്പറ്റി പറഞ്ഞ കഥ.

അവിടെ അക്കാലത്തു് പറയരുടെ ‘ശല്യം’ രൂക്ഷമായിരുന്നത്രേ – പറപ്പേടി. സ്ത്രീകള്‍ക്കു് സന്ധ്യ കഴിഞ്ഞാല്‍ സ്വന്തം വീട്ടിനു പുറത്തു് മുറ്റത്തു് പോലും ഇറങ്ങാന്‍ പറ്റുമായിരുന്നില്ലെന്നു്. പറയര്‍ ഒളിച്ചിരുന്നു് വന്നു് തൊടും. തൊട്ടുകൂടായ്മ രൂക്ഷമായിരുന്ന അക്കാലത്തു് അങ്ങനെ തീണ്ടലില്‍പ്പെട്ടു പോയ സ്ത്രീകളെ പിന്നെ വീട്ടില്‍ കയറ്റാന്‍ പാടില്ലായിരുന്നു പോലും. അങ്ങനെ അരക്ഷിതരായ സ്ത്രീകളെ പറയര്‍ പിടിച്ചു കൊണ്ടു പോവും. അക്കാലത്തു് അവിടുത്തെ പറയ ജീവിതം ഒരു തരം ഹണ്ടിങ്/ഗാതറിങ്/സ്കാവഞ്ചിങ് മട്ടിലുള്ളതായിരുന്നത്രേ (എന്റേതടക്കമുള്ള മറ്റു കീഴാളജാതിക്കാരുടെ ജീവിതാവസ്ഥകളും വളരെയൊന്നും മെച്ചമായിരുന്നില്ല. അരപ്പട്ടിണിയും മുഴുപ്പട്ടിണിയും സര്‍വ്വസാധാരണമായിരുന്നു. കിട്ടുന്നതെന്തും തിന്നു് വിശപ്പടക്കുകയെന്നതായിരുന്നു അക്കാലത്തു് എന്റെ പിതാമഹന്മാരുള്‍പ്പെടെയുള്ളവര്‍ക്കു് ജീവന്‍ നിലനിര്‍ത്താനായി പൊതുവായി അവലംബിക്കാമായിരുന്ന രീതി. ബ്രിട്ടീഷുഭരണം വന്ന ശേഷം അവരാണു് ബര്‍മ്മാ അരിയൊക്കെ മലബാറിലെത്തിച്ചു് ഭക്ഷ്യപ്രശ്നം പരിഹരിക്കാനെങ്കിലും ശ്രമിച്ചതു്). പറയരെ പണിക്കു് വിളിക്കാറുണ്ടായിരുന്നില്ല. അവര്‍ വീടുകളിലെ പശുക്കളെയും ആടിനെയും കോഴിയെയും മറ്റും കട്ടു കൊണ്ടു പോവും. (വിലയ്ക്കു് വാങ്ങാന്‍ അവര്‍ക്കു് പണമെവിടെ?) എന്നിട്ടു് കൊന്നു തിന്നു് ബാക്കിയുള്ളതു് വെള്ളത്തില്‍ കെട്ടിത്താഴ്ത്തിയിടും. ആവശ്യം വരുമ്പോ പൊക്കിയെടുത്തു് കുറേശ്ശെ മുറിച്ചെടുത്തു് പാകം ചെയ്തു കഴിക്കും. അവസാനം അതു് തീരാറാവുമ്പോഴേക്കും ചീഞ്ഞു തുടങ്ങീട്ടുണ്ടാവുമത്രേ. ആ പ്രദേശത്തു് ഈ പറപ്പേടി നിര്‍ത്തലാക്കിയതു് ആ കല്ലറയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ആളായിരുന്നത്രേ. പുള്ളി ഒരു പറയനെ സൂത്രത്തില്‍ പറമ്പില്‍ പണിക്കു വിളിച്ചു. ആ നിര്‍ഭാഗ്യവാന്‍ പ്രതീക്ഷകളോടെ ചെന്നപ്പോള്‍, പിടിച്ചു വച്ചു് കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു കളഞ്ഞത്രേ. ബ്രിട്ടീഷ് ഭരണമായിരുന്നതിനാല്‍ ഈ കുറ്റത്തിനു് അയാളും കൂട്ടാളികളും ശിക്ഷിക്കപ്പെട്ടു് കുറച്ചു കാലം ജയില്‍ കിടക്കുകയും ചെയ്തു. പക്ഷേ അതോടെ ആ പ്രദേശത്തെ പറയര്‍ക്കു് മൊത്തത്തില്‍ പറപ്പേടി ആചരിക്കാന്‍ ഭയമാകുകയും അതു് നിന്നു പോവുകയും ചെയ്തു.

ഇങ്ങനെത്തെ നാട്ടുകഥകള്‍ പലേടത്തും ഇപ്പോഴും പ്രചാരത്തിലുള്ളതു് പറയസമുദായക്കാരെ മുഖ്യധാരയിലേക്കു് കൊണ്ടുവരുന്നതിനു് ഒരുപക്ഷേ പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ടാവണം.

ഈ കഥ ഞാന്‍ വീട്ടില്‍ വന്നു് അച്ഛനോടു് പറഞ്ഞപ്പോ അച്ഛന്‍ ഇതുപോലെത്തെ വേറൊരു കഥ പറഞ്ഞു. അച്ഛനോടു് അച്ഛന്റെ അച്ഛമ്മ പറഞ്ഞു കൊടുത്തതു്. അതു് ഒടിയന്മാരെപ്പറ്റിയുള്ളതായിരുന്നു. മേല്പറഞ്ഞ രീതിയില്‍ തന്നെ ഒടിയന്മാരും പ്രവര്‍ത്തിച്ചിരുന്നത്രേ. ഒടിയന്മാര്‍ തട്ടിക്കൊണ്ടു പോവുന്ന സ്ത്രീകളെ അവര്‍ ഓടിപ്പോവാതിരിക്കാന്‍ കുഴിയെടുത്തു് കഴുത്തറ്റം മണ്ണില്‍ കുഴിച്ചിടും. തല മാത്രം മുകളില്‍ കാണും. മഴ, വെയില്‍, മൃഗങ്ങള്‍ ഇത്യാദികളില്‍ നിന്നും രക്ഷയ്ക്കായി മുകളില്‍ എന്തെങ്കിലും പാത്രം കമഴ്ത്തി വയ്ക്കും. വിശക്കുന്നതിനു് പുഴുത്ത കഞ്ഞിയോ അതു പോലത്തെ എന്താണോ ഉള്ളതു് അതു ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രം കൊടുക്കും. ഒരാഴ്ച കൊണ്ടു് ഇര ഈ ഭക്ഷണവുമായി പൊരുത്തപ്പെടും. പിന്നെ കുഴിമാന്തി ആളെ പുറത്തെടുത്തു് കൂടെ കൂട്ടുമത്രേ. പിന്നെ ഓടിപ്പോവില്ല. അഥവാ, ഓടിപ്പോയാല്‍ത്തന്നെ ബന്ധുക്കളുടെ കണ്ണില്‍പ്പെട്ടാല്‍ അവര്‍ കുടുംബത്തിനേറ്റ മാനക്കേടൊഴിവാക്കാന്‍ കൊന്നു കളയാനും മടിക്കില്ലായിരുന്നു പോല്‍. ഓടിപ്പോവാത്തതു് ഇരകള്‍ക്കു് ജീവനില്‍ കൊതിയുള്ളതു കൊണ്ടു്.

സവര്‍ണ്ണരുടെ മൗനാനുവാദമോ പിന്തുണയോ ഇല്ലാതെയാണോ മിക്കവാറും തങ്ങള്‍ക്കധീനരായ, ഏറിയകൂറും അടിമജീവിതം നയിച്ചിരുന്ന കീഴാളരുടെ ഇത്തരം ആചാരങ്ങള്‍ ഏറെക്കാലം നിലനിന്നതു്? വിശ്വസിക്കാന്‍ പ്രയാസം. തിരുവിതാംകൂറില്‍ മണ്ണാപ്പേടിയും പുലപ്പേടിയും നിര്‍ത്തലാക്കാന്‍ 1666ല്‍ ഉണ്ണിക്കേരളവര്‍മ്മ പുറപ്പെടുവിച്ച കല്ലേപ്പിളര്‍ത്തിയ കല്പന പ്രസിദ്ധമാണല്ലോ. മലബാറില്‍ പക്ഷേ, ചിതറിക്കിന്നിരുന്ന, ചെറുതും വലുതുമായ, ഇടകലര്‍ന്ന ഭൂപരിധികളും അധികാരമേഖലകളുമുള്ള മാടമ്പിരാജ്യങ്ങളുടെ അതിസങ്കീര്‍ണ്ണമായ ഭരണവ്യവസ്ഥയായിരുന്നതിനാലാണെന്നു തോന്നുന്നു, അത്തരമൊരു നടപടി ഉണ്ടായില്ല. അഥവാ ഇവിടെയക്കാലത്തു് ഒരു ഭരണവ്യവസ്ഥയുണ്ടായിരുന്നോ? പകരം പിന്നീടു് വന്ന മൈസൂര്‍ ആധിപത്യകാലത്തെയും, കമ്പനി ഭരണകാലത്തെയും, തുടര്‍ന്നു് വ്യവസ്ഥാപിതമായ ബ്രിട്ടീഷ് ഭരണകാലത്തെയും ഇടപെടലുകളും, മുന്‍ചൊന്ന പോലത്തെ പ്രാദേശിക മാടമ്പിത്തരങ്ങളും മൂലം ഇവ ക്രമേണ ഇല്ലാതാവുകയാണുണ്ടായതെന്നു തോന്നുന്നു.

സമൂഹത്തിന്റെ വിവിധശ്രേണികളിലെ മനുഷ്യര്‍ തമ്മില്‍ ഉച്ചനീചത്വങ്ങളും അകല്‍ച്ചയും സംശയങ്ങളും പരസ്പരഭീതിയും മാത്രമല്ല, ഇവയ്ക്കെല്ലാം എരിവു കൂട്ടാനുണ്ടായിരുന്ന ദുരാചാരങ്ങളുമൊക്കെച്ചേര്‍ന്നു് ആകെക്കൂടി ഒരു വല്ലാത്ത കാലം തന്നെയായിരുന്നു അതു്. അതേ, അന്നത്തെ ഹിന്ദുമതാചാരങ്ങള്‍ എല്ലാം തന്നെ വളരേ നല്ല ആചാരങ്ങളായിരുന്നു..! ആ കാലഘട്ടത്തിലെ മൃഗതുല്യമായ ജീവിതാവസ്ഥകള്‍ അതിജീവിച്ചവരുടെ അനന്തരാവകാശികളിലാര്‍ക്കെങ്കിലും ഇന്നും, ഇന്നത്തെ താരതമ്യേന സ്ഥിതിസമത്വം മെച്ചമായ സാമൂഹ്യവ്യവസ്ഥിതിയുടെ മുഖ്യധാരയിലേക്കു് വരാന്‍ എന്തെങ്കിലും കാരണവശാല്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ കാരണം മനസ്സിലാക്കി, ഉചിതമായ പരിഹാരനടപടികളാവിഷ്കരിച്ചു് നടപ്പാക്കേണ്ടതും, അവരെ മുഖ്യധാരയിലേക്കു് വരാന്‍ പ്രാപ്തരാക്കേണ്ടതും പ്രബുദ്ധരായ സമൂഹത്തിന്റെ ചുമതല തന്നെയാണെന്നതില്‍ തര്‍ക്കമില്ല.

പിന്‍കുറി

കോഴിക്കോടു് ജില്ലയില്‍ പേരാമ്പ്ര ഗവഃ വെല്‍ഫെയര്‍ സ്കൂളിനെപ്പറ്റിയും പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂളിലെ പറയ സമുദായത്തില്‍പ്പെട്ട കുട്ടികളോടുള്ള ജാതി വിവേചനത്തെപ്പറ്റിയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്ന ചര്‍ച്ചകളും, ജൂണ്‍ 28ാം തീയ്യതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന, പേരാമ്പ്രക്കാരിയും സുഹൃത്തുമായ ജോഷിന രാമകൃഷ്ണന്റെ ‘പറയരോടൊപ്പമിരുന്നു് പഠിക്കാമോ’ എന്ന ലേഖനം വായിച്ചും, എന്റെ മനസ്സിലൂടെ കടന്നു പോയ ചിന്തകളും എന്റെ പരിധിക്കുള്ളിലെ സംഭവങ്ങളും, ചേര്‍ത്തു് വെറുതേ കുത്തിക്കുറിച്ചിട്ടു പോയതാണു്. ദയവായി പൊങ്കാലയിടരുതേ, താങ്ങാനുള്ള കപ്പാസിറ്റി ഇവിടെയില്ലാഞ്ഞിട്ടാണു്.. 🙂

അംഗന്‍വാടികളില്‍ ഏടാകൂടം

നിങ്ങള്‍ ഇവിടെ തെറ്റിദ്ധരിച്ചു വന്നെത്തിയതാണെന്നുറപ്പു്, നൂറുതരം. ശരിയല്ലേ? 🙂 ആ വീഡിയോ ക്ലിപ്പ് കണ്ടില്ലേ? കണ്ടില്ലെങ്കില്‍ കാണൂ അതാദ്യം. എന്നിട്ടു ബാക്കി പറയാം.

ഏടാകൂടം എന്നു പറയുന്ന സാധനം യഥാര്‍ത്ഥത്തില്‍ ആ വീഡിയോയില്‍ കാണുന്നതാണത്രേ. അതൊരു തരം. ഇതുപോലെ വേറെയും തരം ഏടാകൂടങ്ങളുണ്ടത്രേ. ഇതു് അഴിച്ചെടുക്കാനും തിരികെ അതുപോലെ കുടുക്കിയെടുക്കാനും ആദ്യമായി ശ്രമിക്കുമ്പോഴുള്ള ബുദ്ധിമുട്ടില്‍ നിന്നാണു്, ഭാഷയില്‍ ഏടാകൂടമെന്ന പ്രയോഗത്തിന്റെ നിഷ്പത്തി എന്നു ചിലര്‍ പറയുന്നു. കൂടിച്ചേര്‍ന്നതും കൂട്ടിച്ചേര്‍ത്തതും ഒക്കെയാണു് കൂടം എന്നാലോചിച്ചാല്‍ ഈ വാദത്തില്‍ കഴമ്പില്ലാതെയുമല്ല. എന്റെ കുട്ടിപ്രായത്തില്‍ ഈയിനത്തില്‍ പെട്ട ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല. ഒരു പക്ഷേ, മേല്‍ത്തട്ടിലെ വളരെ ചെറിയ ഒരു വിഭാഗം കുട്ടികള്‍ക്കേ ഇത്തരം ഉപകരണങ്ങള്‍ കാണാന്‍ തന്നെ കിട്ടീട്ടുണ്ടാവൂ. കോഴിക്കോട്ടു് പന്തീരാങ്കാവിനടുത്തോ മറ്റോ ഉള്ള ഒരു അദ്ധ്യാപകന്റെ കൈവശം അദ്ദേഹം ഒരു ഹോബിയെന്ന നിലയില്‍ ശേഖരിച്ച ഇതുപോലത്തെ കുറേ സ്പെസിമനുകള്‍ ഉണ്ടെന്നു് മുമ്പെന്നോ എവിടെയോ വായിച്ചിട്ടുണ്ടു്. ആരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ഓര്‍മ്മയില്‍ നിന്നും പോയി. വേറെയും ആളുകളുടെ സ്വകാര്യശേഖരങ്ങളില്‍ ഇതുപോലുള്ളവ കാണാനും സാദ്ധ്യതയുണ്ടു്. നമ്മുടെ നാട്ടിലെ പഴയ തലമുറയിലെ ആശാരിമാരുടെ കരവിരുതിന്റെ സാക്ഷ്യപത്രങ്ങളാണവ.

പറയാന്‍ വന്നതു് അതൊന്നുമല്ല. തീര്‍ത്തും നിലച്ചു പോയ ഏടാകൂടങ്ങളുടെ നിര്‍മ്മാണം പുനരുജ്ജീവിപ്പിച്ചു കൂടേ? ഗ്രാമങ്ങളിലെ അംഗന്‍വാടികളിലെ കുട്ടികള്‍ക്കു കളിക്കാനായി ഗ്രാമപഞ്ചായത്തുകള്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കാറുണ്ടു്. കുഞ്ഞു് ജനിക്കുന്നതിനു് മുമ്പേ തന്നെ അംഗന്‍വാടികളുടെ സേവനം ലഭ്യമാണെങ്കിലും പ്രീസ്കൂള്‍ എന്ന നിലയില്‍ 3 മുതല്‍ 6 വയസ്സു വരെയാണു് അംഗന്‍വാടികളില്‍ കുഞ്ഞുങ്ങളെ പരിചരിച്ചു വരുന്നതു്. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കു് യോജിച്ച കളിപ്പാട്ടങ്ങള്‍ തിരഞ്ഞപ്പോള്‍ National Association for the Education of Young Childrenന്റെ (അമേരിക്കനാണേ, നമ്മുടെയല്ല) വെബ്സൈറ്റില്‍ (http://www.naeyc.org/toys) നിന്നും കിട്ടിയതു് താഴെ:

—————————————————————————————-

Good toys for 3- to 6-year-olds:

Things for solving problems – puzzles (with 12 to 20+ pieces), blocks that snap together, collections and other smaller objects to sort by length, width, height, shape, color, smell, quantity, and other features – collections of plastic bottle caps, plastic bowls and lids, keys, shells, counting bears, small colored blocks

Safe toys for young children are well-made (with no sharp parts or splinters and do not pinch); painted with nontoxic, lead-free paint; shatter-proof; and easily cleaned.

—————————————————————————————-

അപ്പോ, ഇത്തരം ഏടാകൂടങ്ങള്‍ അഥവാ puzzles നമ്മുടെ അംഗന്‍വാടിക്കുട്ട്യേള്‍ക്കു് പറ്റുംന്നല്ലേ കണക്കാക്കേണ്ടതു്? ഇവയുടെ നിര്‍മ്മാണം ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കു് ഏറ്റെടുക്കാവുന്ന പ്രവൃത്തിയാണെന്നു തോന്നുന്നു. സാമ്പത്തികഭദ്രതയുള്ള കുടുംബശ്രീ സ്വയംസഹായസംഘങ്ങള്‍ക്കും ഒരു കൈ നോക്കാവുന്നതാണു്. ഒരു ഗ്രാമപഞ്ചായത്തില്‍ ശരാശരി 20ഓ അതില്‍ക്കൂടുതലോ അംഗന്‍വാടികളുണ്ടാവും. കേരളത്തില്‍ 991 ഗ്രാമപഞ്ചായത്തുകളുണ്ടു്, കൂടാതെ കേരളത്തിലെ 60 മുനിസിപ്പാലിറ്റികളിലും 5 കോര്‍പ്പറേഷനുകളിലും കൂടി അംഗന്‍വാടികളുണ്ടു്. ഇവരെല്ലാം കൂടി എല്ലാ വര്‍ഷവും അംഗന്‍ വാടികളിലേക്കു് കളിപ്പാട്ടങ്ങള്‍ വാങ്ങില്ലെങ്കില്‍ത്തന്നെയും, അത്ര വലുതൊന്നുമല്ലെങ്കിലും അതൊരു വിപണിയാണു്, മിതമായ വിലയ്ക്കു് വില്പന നടത്താമെങ്കില്‍. നിര്‍മ്മാണം ക്ലച്ചു പിടിച്ചാല്‍ അംഗന്‍വാടികള്‍ക്കു പുറമേയും വിപണി കണ്ടെത്തിക്കൂടേ?

ചെയ്യേണ്ടതു്:

ഏടാകൂടങ്ങളുടെ ലഭ്യമായ മാതൃകകള്‍ കണ്ടെത്തി, ചൈല്‍ഡ് ഡവലപ്മെന്റ് സ്പെഷലിസ്റ്റുകളുടെ / ഡവലപ്മെന്റല്‍ പീഡിയാട്രീഷ്യന്‍മാരുടെ സഹായത്തോടെ ആവശ്യമായ പരിഷ്കരണങ്ങള്‍ നടത്തി, വ്യാവസായികാടിസ്ഥാനത്തില്‍ ഉല്പാദനം നടത്താവുന്ന കുറെ മാതൃകകള്‍ തയ്യാറാക്കാം. തയ്യാറാക്കുന്ന മാതൃകകള്‍ നിലവിലുള്ള ടോയ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കുന്നതാവണം. നമ്മുടെ നാട്ടില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് വക BIS IS 9873-1:2012 എന്ന പേരില്‍ ടോയ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡുണ്ടു് (ഈ സ്റ്റാന്‍ഡേര്‍ഡ് നിര്‍ബ്ബന്ധിതമല്ല, വളണ്ടറിയാണെന്ന പോരായ്മയുണ്ടു്. നമ്മുടെ രാജ്യത്തു് കുട്ടികള്‍ക്കു് അത്രയൊക്കെ പ്രാധാന്യമേ നല്കുന്നുള്ളൂ. ISO 8124-1:2012 എന്ന അന്താരാഷ്ട്ര ടോയ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡുമായി ഈ ബി ഐ എസ് സ്റ്റാന്‍ഡേര്‍ഡിനു് വലിയ വ്യത്യാസമൊന്നുമില്ല).

ആ വീഡിയോ ക്ലിപ്പു് കണ്ടപ്പോ, അതിന്റെ ഇന്നത്തെ സാദ്ധ്യതകള്‍ ആലോചിച്ചാലോചിച്ചു് കാടുകേറി പ്രാന്തായിപ്പോയ വിവരക്കേടപ്പടി ഇവിടെ വിളമ്പീന്നേയുള്ളൂ.. കാര്യാക്കണ്ടാ.. അതല്ലാ, ശരിക്കും കാര്യായിട്ടെടുക്കാനാണു് പുറപ്പാടെങ്കില്‍, എല്ലാ ആശംസകളും. ധൈര്യമായി പുതിയ ഏടാകൂടത്തില്‍ ചെന്നു് തലയിട്ടോളൂ…. 🙂

 

ആഴാവില്‍ കരിയാത്തന്‍ തോറ്റം

കൊയിലാണ്ടി – ഊരള്ളൂര്‍ (അല്ലെങ്കില്‍ കൊയിലാണ്ടി – മുത്താമ്പി – കാവുംവട്ടം) റോഡില്‍ തടോളിത്താഴം എന്ന സ്ഥലത്തു ബസ്സിറങ്ങി, കുറ്റ്യാടി ജലസേചന പദ്ധതി – കനാലിന്റെ ഓരത്തു കൂടി അല്പം കിഴക്കോട്ടു് നടന്നാല്‍ ആഴാവില്‍ അമ്പലത്തിലെത്താം.

ചെമ്പു തകിടു കൊണ്ടു മേഞ്ഞ ഒരു ചെറിയ ശ്രീകോവില്‍, മുറ്റം, തിടപ്പള്ളി, അടുത്തായി ഓല മേഞ്ഞ ചെറിയൊരു ഒറ്റനില നാലുകെട്ടുപുരയും കിണറും, മുന്നിലും പിന്നിലും ഓരോ പടിപ്പുരകള്‍, കുളം, ഒരാല്‍മരം, ഇലഞ്ഞിമരം ഇത്രയുമായാല്‍ ക്ഷേത്രസങ്കേതമായി. ഉച്ചാല്‍ ദിവസത്തിലാണു് ഇവിടത്തെ ഉത്സവം (ആരൻ എന്നാല്‍ ചൊവ്വ. വര്‍ഷത്തില്‍ ചൊവ്വ അത്യുച്ചത്തില്‍ വരുന്ന ദിവസം ഉച്ചാരല്‍. അതു ലോപിച്ചു് ഉച്ചാല്‍ ആയി. ഉച്ചാല്‍ പരമ്പരാഗതമായി കൃഷിപ്പണികള്‍ക്കു് ഒഴിവു കൊടുക്കുന്ന ദിവസമാണു്). അന്നു് തിറകളുണ്ടാവും. വെള്ളകെട്ടു്, വെള്ളാട്ടു്, നട്ടത്തിറ, കള്ളുകുടിയന്‍ തിറ, ചാന്തു തേച്ച തിറ എന്നിവയാണു് പ്രധാനപ്പെട്ടവ. കരിയാത്തനാണു് ഇവിടെത്തെ പ്രധാന ദൈവസങ്കല്പം. കരിമ്പാലരുടെ ദൈവമായിട്ടാണു് കരിയാത്തന്‍ അറിയപ്പെടുന്നതെങ്കിലും നായന്മാരാണു് ആഴാവില്‍ അമ്പലത്തിന്റെ കൈകാര്യക്കാര്‍. ഇവിടെത്തെ കുളത്തിലും മുമ്പു് നായന്മാര്‍ മാത്രമേ കുളിക്കാറുണ്ടായിരുന്നുള്ളൂ (ഈയിടെയായി ഈ വിവേചനം മാറി ജാതിഭേദമെന്യേ എല്ലാവര്‍ക്കും കുളിക്കാമെന്നായിട്ടുണ്ടു്). ഉച്ചാല്‍ ഉത്സവത്തിനു് വണ്ണാന്മാരുടെ തിറയും, ആശാരിക്കളിയും, പുലയരുടെ കുതിരക്കോലവും ഉണ്ടു്. തിറയ്ക്കു് ഉപയോഗിക്കാനുള്ള അമ്പും വില്ലുമൊക്കെ ഉണ്ടാക്കി കൊണ്ടുവരുന്നതു് അടുത്ത വീട്ടിലെ കൊല്ലനാണു്. നായാട്ടു ദൈവമാണെങ്കിലും ഗോക്കളുടെ രക്ഷകനായാണു് ഇവിടുത്തെ കരിയാത്തനെ സമീപവാസികള്‍ കണക്കാക്കുന്നതു്. അതുകൊണ്ടു് ഇവിടെ അടുത്തുള്ള വീടുകളില്‍ പശുക്കള്‍ പ്രസവിച്ചാല്‍ ആദ്യം കറന്നെടുക്കുന്ന പാലു് കരിയാത്തനു് സമര്‍പ്പിക്കുന്ന പതിവുണ്ടു്. വിവാഹദിനത്തില്‍ സമീപവാസികളായ വധൂവരന്മാര്‍ ഇവിടെ തൊഴുതു പ്രാര്‍ത്ഥിക്കാന്‍ വരാറുണ്ടെങ്കിലും ഈ അമ്പലത്തില്‍ വച്ചു് വിവാഹം നടത്തിക്കൊടുക്കാറില്ല. മുന്‍ കാലത്തെപ്പൊഴോ രണ്ടു വിവാഹങ്ങള്‍ ഇവിടെ വച്ചു് നടത്തിക്കൊടുത്തിരുന്നു പോലും. അതു രണ്ടും നല്ല നിലയില്‍ അടിച്ചു പിരിയുകയാണുണ്ടായതെന്ന കാരണത്താലാണത്രേ, ഇവിടെ വച്ചു് പിന്നീടു് വിവാഹം നടത്താന്‍ ആളുകള്‍ക്കു് ധൈര്യമില്ലാതായിപ്പോയതു്. കര്‍ക്കടക മാസത്തില്‍ കരിയാത്തന്‍ വയനാട്ടിലേക്കു പോകുമെന്നാണു് സങ്കല്പം – ആ സമയത്തു് രാവിലെ മാത്രവും മറ്റു മാസങ്ങളില്‍ വൈകുന്നേരങ്ങളില്‍ മാത്രവും ആണു് നട തുറക്കാറു് പതിവു്. എന്നാല്‍ മണ്ഡലക്കാലത്തു് രാവിലെയും വൈകുന്നേരവും നട തുറക്കാറുണ്ടു്.

കൊയിലാണ്ടിയില്‍ താമസിച്ചിരുന്ന കാലത്തു് എന്റെ വീട്ടിനടുത്തുള്ള പ്രധാന ഉത്സവം ഇവിടുത്തേതായിരുന്നു. വെള്ളമൊഴുകുന്ന കനാലിന്റെ വക്കത്തുകൂടെയും ഇടവഴിയിലൂടൊഴുകുന്ന വെള്ളത്തില്‍ ചവിട്ടിയും നടന്നു വേണം ഇവിടെയെത്താന്‍. എന്റെ ബാല്യത്തിലെ ഉത്സവപ്പറമ്പുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ മിക്കതും ഇവിടവുമായി ബന്ധപ്പെട്ടാണുള്ളതു്. വല്യ ബലൂണും കുരങ്ങുബലൂണും പീപ്പിയും കോലൈസും ഒക്കെ ആദ്യമായി ഞാന്‍ വാശി പിടിച്ചു് കൈക്കലാക്കിയതു് ഇവിടെ വച്ചാണു്. ഓര്‍ക്കാപ്പുറത്തു് കതിന പൊട്ടുന്നതു കേട്ടി ഞെട്ടിയതും, മത്താപ്പും ഇളനീര്‍പ്പൂവും കത്തുന്നതു കണ്ടു് വാപൊളിച്ചു് അന്തം വിട്ടു നിന്നതും ഇവിടെത്തന്നെ. ചെണ്ടമേളം മുറുകുമ്പോള്‍ നട്ടത്തിറയുടെ മുടി താളത്തില്‍ ആടുന്നതും നോക്കി നോക്കി ഞാനും അറിയാതെ അതുപോലെ തലയാട്ടിയിട്ടുണ്ടു്. അണിയറയില്‍ അടുത്ത തിറയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതും നോക്കിയങ്ങനെ എത്ര നേരം നിന്നിട്ടുണ്ടാവും…

ഇവിടത്തെ ഉത്സവത്തിനു് കരിയാത്തന്റെ തിറയുടെ സമയത്തു് ചൊല്ലുന്ന തോറ്റം ഇവിടെ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുന്നു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുന്‍ കൌണ്‍സിലര്‍ ആയിരുന്ന ശ്രീ. എന്‍ പി കേളുക്കുട്ടിയുടെ മകള്‍ രമയാണു് അവരുടെ എം എ (മലയാളം) പഠനത്തിനു വേണ്ടി സമാഹരിച്ച രേഖകളില്‍ നിന്നും ഇതെനിക്കു് കുറേക്കാലം മുമ്പു് എടുത്തു തന്നതു്. അവരുടെ എം എ ഡെസര്‍ട്ടേഷനിലല്ലാതെ മറ്റെവിടെയെങ്കിലും ഇതു് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതായി തോന്നുന്നില്ല. വേറൊരാവശ്യത്തിനു വേണ്ടി മുമ്പത്തെ കടലാസുകള്‍ തപ്പിയപ്പോള്‍ ഓര്‍ക്കാപ്പുറത്തു് കൈയില്‍ത്തടഞ്ഞതാണിതു്. ഫോക്‍ലോറില്‍ കമ്പം കേറി നാടുനീളെ അലഞ്ഞു നടന്ന ഒരു കാലത്തെ സമ്പാദ്യമാണു്. വടകര ഫോക്‍ലോര്‍ പഠന കേന്ദ്രത്തില്‍ ചേരണമെന്നും തിറ കെട്ടാനും ചെണ്ട കൊട്ടാനുമൊക്കെ പഠിക്കണമെന്നുമായിരുന്നു അക്കാലത്തെ എന്റെ വലിയ ആഗ്രഹങ്ങള്‍. മൂന്നും നടന്നില്ല.

പഴയ ഒരുതരം കീഴാള ആചാരഭാഷയിലാണു് തോറ്റം. പാട്ടിലുടനീളം ഒരു യോദ്ധാവിന്റെ പ്രവൃത്തികള്‍ വര്‍ണ്ണിക്കുന്നതായാണു് കാണുക. ഒരു പക്ഷേ മുന്‍കാലത്തു ജീവിച്ചിരുന്ന ഒരു വീരനെച്ചുറ്റിപ്പറ്റിയുള്ള കഥകളോ, പല വീരന്മാരുടെ കഥകള്‍ ഒരുമിച്ചു് ചേര്‍ത്തോ ഉരുത്തിരിഞ്ഞു വന്നതായിരിക്കാം ഈ ദൈവസങ്കല്പം. ഗോസംരക്ഷകന്‍ എന്ന സ്ഥാനമൊക്കെ പിന്നീടു് പ്രാദേശികമായി വന്നതാവാം, മറ്റെവിടെയും കരിയാത്തനു് ഇങ്ങനെയൊരു സ്ഥാനം കണ്ടിട്ടില്ല. നാടോടി വിജ്ഞാനീയത്തില്‍ (folklore) താല്പര്യമുള്ള ചിലര്‍ക്കെങ്കിലും ഇതുപകാരപ്പെടുമെങ്കില്‍ ആവട്ടെ.

തോറ്റം.

വാഴ്കെന്തിനച്ചാലൊ തിരുവുള്ളെര്‍ന്നു വരികെണംന്നല്ലോന്നേയിക്കുന്ന

തിരുവുള്ളൊ തിരുമേനിന്റെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

വെള്ളന്നോലയം വാണൊലയകേളു് കരിയാത്തരന്നല്ലോന്നേയിക്കുന്ന

വാണമതിലകം ചേരിസ്വരൂപം പൊഴാഴിക്കാവു് കേളു് കരിയാത്തന്‍.

ഏറനാടു് ഇട്ട്യീരി പന്തീരുകാതംന്നല്ലൊന്നേയിക്കുന്ന

വള്ളുനാട്ടു് മുന്തിരകേളു് തെക്കു വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

നാലെകാവെ നാല്പതിടപ്പാടു് കേളുകരിയാത്തരെന്നല്ലോന്നേയിക്കുന്ന

വല്ലോറക്കാവു് പയിമ്പ്രക്കാവു് തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

വീരമദ്ദളം തട്ടി അറിയിച്ചു കാണാകുന്നല്ലോന്നേയിക്കുന്ന

മകുടക്കുടയ്ക്കു് വാലൂരിച്ചിറ്റിച്ചുകാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

താനിട്ടോരു പൂണൂലങ്ങിനെ കാക്കിടയായ് കിടന്നു കാണാകുന്നല്ലോന്നേയിക്കുന്ന

അന്നേരം പറഞ്ഞുകാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

പുവ്വാ പുറപ്പെടയെന്റെ ചേകോരെ വില്ലികളെയെന്നല്ലോന്നേയിക്കുന്ന

നൂലിട്ടാല്‍ നൂല്‍ക്കും നിലയില്ലാതോരു ചൊവ്വാര്‍കുന്നിന്‍പുറംകടവിനെ

അയല്‍നാട്ടില്‍ പോനെകോലെ വില്ലികളെയെന്നല്ലോന്നേയിക്കുന്ന

അയല്‍നാട്ടില്‍ പോയാലൊ അന്നുണ്ണും ചോറും കൂറയുള്ളെല്ലോ നോക്കെ

പലനാട്ടില്‍ പോനെകോലെ വില്ലികളെയെന്നല്ലോന്നേയിക്കുന്ന

പലനാട്ടില്‍ പോയാലൊ പലനാളത്തെ പടയും പടക്കൂട്ടം കൂടയെന്നു പറഞ്ഞു കാണാകുന്നെ

തെക്കു തിരുക്കാവില്‍ നല്ലയ്യപ്പന്‍ കോട്ടെല്ലൊന്നേയിക്കുന്ന

അടിയിത്ത്യാരെന്നു ചോദിച്ചു കാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

ഇയ്യയ്യപ്പനുണ്ടോ കെട്ടിച്ചിറ്റി ദീപം തൊഴുന്നല്ലോന്നേയിക്കുന്ന

ഇയ്യയ്യപ്പന്‍ കുല കളിയോനെന്നു പറഞ്ഞു കാണാകുന്നെ തെക്കു വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

വില്ലിമാരൊരുമിച്ചങ്ങിനെ വഴിനടന്നുകാണാകുന്നല്ലോന്നേയിക്കുന്ന

അന്നേരം പറഞ്ഞുകാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

എനിച്ചാലെ പടപിരിയ പാണ്ടിയനപ്പടവെട്ടി ജയിക്കെണംന്നല്ലോന്നേയിക്കുന്ന

വില്ലിന്നു തക്കോരു വില്‍മരം എവിടെയുണ്ടെന്നു ചോദിച്ചുകാണാകുന്നെ

തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

അസുരാര്‍ കൊയിലോത്തു് തിരുനടയിലുണ്ടു് നീരാട്ടുവള്ളിക്കരിമ്പനയല്ലോന്നേയിക്കുന്ന

അതെല്ലാം വെട്ടിമുറിച്ചുതാക്കപ്പെടുത്തെണം പറഞ്ഞുകാണാകുന്നെ

തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

തച്ചന്‍നല്ലമണിമകനെ വരുത്തികാണാകുന്നല്ലോന്നേയിക്കുന്ന

നീരാട്ടു വള്ളിക്കരിമ്പന വെട്ടിമുറിച്ചു താക്കപ്പെടുത്തി കാണാകുന്നെ

തച്ചന്‍നല്ലമണിമകനൊ വില്ലിന്നു തക്കോരുവില്‍മരം തീര്‍ത്തുകാണാകുന്നല്ലൊന്നേയിക്കുന്ന

തച്ചന്‍നല്ലമണിമകനെ സമ്മാനിച്ചയച്ചു കാണാകുന്നെ

തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

എനിച്ചാലെ പടപിരിയ പാണ്ടിയനപ്പടയ്ക്കു വിളിയ്ക്കെണംന്നല്ലോന്നേയിക്കുന്ന

പടപിരിയപാണ്ടിയനപ്പടയ്ക്കു വിളിച്ചുകാണാകുന്നെ

തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

പടയുംവെട്ടി വാളുംകിട്ടി കാണാകുന്നെല്ലോന്നേയിക്കുന്ന കിഴക്കിനെ

കൊയിലോംകരയേറികാണാകുന്നെ തെക്കു് വെള്ളന്നൂരു് കോട്ടയില്‍ നായരു് കരിയാത്തന്‍.

ആയിരം വഴിയങ്ങൂടു്രിക്കൂലംന്നല്ലോന്നേയിക്കുന്ന

ഞാങ്ങളുടെ കാവിലും മണ്ടോത്തിലും കുടികൊണ്ടരയിരിയിക്കാന്‍ പാടി വിളിയ്ക്കുന്നെ.

പദസൂചി

വാഴ്കെന്തിനച്ചാലെ – വാഴുകയിന്നും നിനച്ചാലെ

നേയിക്കുന്നെ – വന്ദിക്കുന്നെ

നാലെകാവെ – നാലു്കാവു്

നോക്കെ – നമുക്കു്

പോനെ – പോന്നേ, പോകേണ്ടും

കോലെ – ചേകോരെ

താക്കപ്പെടുത്തണം – പാകപ്പെടുത്തണം

——————-*——————-

കുറിപ്പു്: കുറേനാള്‍ മുമ്പെഴുതിയ ഈ പോസ്റ്റില്‍ ചേര്‍ക്കാനായി പടങ്ങള്‍ തന്നതു് ഫോട്ടോഗ്രാഫര്‍ കൂടിയായ ശ്രീ ഉണ്ണികൃഷ്ണന്‍ മുത്താമ്പി. അദ്ദേഹം തന്ന പടങ്ങള്‍ 23/11/2019 നു് ഇതില്‍ ചേര്‍ത്തു.