കേളുക്കുട്ടി കാരണവര്‍

എണ്‍പതിനു മുകളില്‍ പ്രായം, വെളുത്ത നിറം, ചുക്കിച്ചുളിഞ്ഞ തൊലി, മെലിഞ്ഞ ശരീരം, പറ്റെ വെട്ടിയ നരച്ച മുടി, ഒട്ടിയ കവിളുകള്‍, തീക്ഷ്ണമായ ചുവന്ന കണ്ണുകള്‍, വെറ്റിലക്കറ പിടിച്ച പല്ലുകള്‍, കാതില്‍ ചുവന്ന കല്ലു് വെച്ച കടുക്കന്‍, അലസമായി ധരിച്ച വെള്ള ഷര്‍ട്ടും മുണ്ടും, അരയില്‍ ചുവന്ന തുണി കൊണ്ടുള്ള കെട്ടു്, ഷര്‍ട്ടില്‍ ചെസ്സിലെ കാലാളിന്റെ ആകൃതിയുള്ള ചുവന്ന കുടുക്കുകള്‍ ,ഊന്നുവടിയായി മുകളറ്റം വളഞ്ഞ ഇരുമ്പുകമ്പി, അതിന്റെ കീഴറ്റത്തു് മുകളിലോട്ടും താഴോട്ടും ചലിക്കുന്ന ഏതാനും കമ്പി വലയങ്ങള്‍. ഏതാണ്ടു് ഇങ്ങനെയൊക്കെയാണു് കേളുക്കുട്ടി കാരണവരുടെ പ്രകൃതി.

ആള്‍ വലിയ മന്ത്രവാദിയാണു്. മന്ത്രച്ചരടും മന്ത്രത്തകിടും കെട്ടല്‍, കൃഷിയില്‍ പുഴു വിലക്കല്‍, ചൂരല്‍ പ്രയോഗം നടത്തി ബാധ ഒഴിപ്പിക്കല്‍, തുടങ്ങിയ സാദാ മന്ത്രവാദങ്ങളും പൂവന്‍ കോഴിയെ കയ്യിലൊതുക്കിപ്പിടിച്ചു്, മന്ത്രം ചൊല്ലിക്കൊണ്ടു അതിന്റെ കഴുത്തിലെ തൂവലുകള്‍ ഒന്നൊന്നായി പറിച്ചു ദേവിക്കു് അര്‍ച്ചന നടത്തുക, ഒടുവില്‍ അതിനെ കഴുത്തറുത്തു് കുരുതി തര്‍പ്പണം നടത്തുക തുടങ്ങിയ മധ്യമ കര്‍മ്മങ്ങളും, അപൂര്‍വ്വഘട്ടങ്ങളില്‍ തവളയുടെ വായില്‍ അരിയും പൂവും ജപിച്ചൂതിയ മന്ത്രത്തകിടും കേറ്റി, ചുണ്ടുകള്‍ തുന്നിക്കെട്ടി വിടല്‍ പോലത്തെ ദുര്‍മന്ത്രവാദങ്ങളും നടത്തിക്കൊടുക്കും. ആളുകള്‍ക്കു് മൂപ്പരുടെ മന്ത്രവാദത്തില്‍ വലിയ വിശ്വാസമാണു്. മാത്രമല്ല, ആളെ വലിയ പേടിയുമാണു്.

എന്റെ കുട്ടിക്കാലത്തു്, ചിലപ്പോഴൊക്കെ മൂപ്പര്‍ വീട്ടില്‍ വരും. വരുന്നതു് ദൂരെ നിന്നു തന്നെ അറിയാം. ഊന്നുവടിയിലെ കമ്പിവലയങ്ങള്‍, ഘ്ണിം, ഘ്ണിം എന്നു് ശബ്ദിച്ചു കൊണ്ടിരിക്കും. എനിക്കു് വലിയ ഭയമാണു്. അച്ഛമ്മ എന്നെ അകത്താക്കി വാതിലടക്കും. എങ്കിലും ജനലിലൂടെ ഞാന്‍ എത്തി നോക്കും. അച്ഛനോടു് ചിലമ്പിച്ച ശബ്ദത്തില്‍ എന്തെല്ലാമോ സംസാരിക്കുന്നതു് കേള്‍ക്കാം. എനിക്കൊന്നും മനസ്സിലാവില്ല.

അദ്ദേഹത്തിനു് രണ്ടു ഭാര്യമാരുണ്ടായിരുന്നു. രണ്ടു പേരിലുമായി നാലോ അഞ്ചോ മക്കളും. പ്രായമായെങ്കിലും ശൌര്യത്തിനു കുറവൊന്നും വന്നിരുന്നില്ല. നാട്ടുകാര്‍ പലപ്പോഴും പറയും, “കേളുക്കുട്ടിക്കു് രണ്ടണ കുറവാണു്” എന്നു്. മൂപ്പര്‍ ‍ചെയ്യുന്ന പല കാര്യങ്ങളും അതു തെളിയിക്കുന്നതുമാണു്. ഒരിക്കല്‍ ഒരു സംഭവമുണ്ടായി. അയല്‍ക്കാരനായ ‘രാരിച്ചന്‍ച്ചന്‍’ പറമ്പില്‍ വരമ്പു് കിളക്കാന്‍ രാവിലെ വീട്ടിലെത്തി. കാരണവര്‍ അന്നു് നേരം വൈകിയാണു് എഴുന്നേറ്റതു്. പല്ലു് തേയ്ക്കാന്‍ ഉമിക്കരി കൈവെള്ളയില്‍ എടുത്തു, തിരുമ്മി പൊടിക്കുകയാണു്. മൂപ്പര്‍ അയല്‍വാസിയെ കണ്ടതും, ”വടക്കൊട്ടോന്നു സൂക്ഷിച്ചു നോക്കു്, ഒരു വല്ലാത്ത പുക ഉയരുന്നതു് കാണുന്നില്ലേ? വേങ്ങോളി ഭാഗത്തായി ഏതോ പുരയ്ക്കു തീപ്പിടിച്ചെന്നാ തോന്നുന്നതു്.”രാരിച്ചന്‍ച്ചന്‍, നോക്കിയപ്പോള്‍ പുകയുള്ള ലക്ഷണമൊന്നും കണ്ടില്ല. നേരം ഉച്ചയായിക്കാണും. ഒരു നാഴിക അകലത്തുള്ള കച്ചേരിപ്പറമ്പില്‍ നിന്നും ചില നാട്ടുകാര്‍ സ്ഥലത്തെത്തി. വേങ്ങോളി തറവാടിനു ആരോ തീ വെച്ചതായി അവര്‍ അറിയിച്ചു. തീ വെച്ച ആളെ സംശയമുണ്ടെന്നും അന്വേഷിക്കാന്‍ ആളു് ഇറങ്ങിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ തീവെപ്പു് സംഭവം അന്വേഷിച്ചു ഇറങ്ങിയവര്‍ തറവാട്ടിലെത്തി. കാരണവരെ അവര്‍ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. മൂപ്പര്‍ തലേന്നു് രാത്രി വേങ്ങോളി തറവാട്ടിനു് അടുത്തുള്ള ഒരു വീട്ടില്‍ മന്ത്രവാദത്തിനു പോയിരുന്നുവത്രെ. മന്ത്രവാദം കഴിഞ്ഞു, രാത്രി ചൂട്ടും കത്തിച്ചു് മടങ്ങി വരുമ്പോള്‍ ഏതോ പൂര്‍വ്വവൈരാഗ്യം വെച്ചു് മൂപ്പര്‍ക്കു് ഒരു കുബുദ്ധി തോന്നി. ഓല മേഞ്ഞ വേങ്ങോളിപ്പുര അങ്ങിനെ കത്തി വെണ്ണീറായി. സംഭവം പുറത്തായപ്പോള്‍ രാരിച്ചന്‍ച്ചനു് പുകയുടെ രഹസ്യവും പിടികിട്ടി.

മറ്റൊരു സംഭവം ഇങ്ങനെ: നേരം ഉച്ച കഴിഞ്ഞിരിക്കും. കേളുക്കുട്ടി കാരണവര്‍ വീട്ടു കോലായില്‍ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. തിണ്ണയില്‍ യാദൃച്ഛികമായി ഒരു കൊടുവാള്‍ കണ്ടതും, അതും കയ്യിലെടുത്തു കൊണ്ടു് മുറ്റത്തിറങ്ങി, തമാശയായി കൂക്കി വിളിച്ചുകൊണ്ടു വെളിച്ചപ്പെടുന്നു. മുറ്റത്തു്, മൂപ്പരുടെ ഭാര്യ കുനിഞ്ഞു നിന്നുകൊണ്ടു് വസ്ത്രങ്ങള്‍ക്കു് നീലം മുക്കുകയാണു്. ഒരു നിമിഷം തലയുയര്‍ത്തി, തന്റെ കെട്ടിയോന്‍ വെളിച്ചപ്പെടുന്നതു് കൌതുകപൂര്‍വ്വം നോക്കുന്നു. മൂപ്പര്‍ കൊടുവാളുയര്‍ത്തിക്കൊണ്ടു് ഉരിയാടുന്നു:- ” നിന്റെ കഴുത്തിനു് ഇതുകൊണ്ടൊരു വെട്ടിട്ടു തന്നാലോ?” ഭാര്യ: “നിങ്ങളങ്ങു് വെട്ട്യൂടിന്‍, പൂത്യങ്ങു നടന്നോട്ടെ.” ഒറ്റ നിമിഷം, കൊടുവാള്‍ ഭാര്യയുടെ കഴുത്തില്‍ ഉയര്‍ന്നു താണു. “അയ്യോ” എന്നൊരു നിലവിളിയോടെ അവര്‍ നിലത്തു വീണു പിടഞ്ഞു. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി. എല്ലാരും അമ്പരന്നു. പെട്ടെന്നു് ഒരു ചാക്കു് തുന്നഴിച്ചു അതില്‍ അവരെ എടുത്തു കിടത്തി. അതും വഹിച്ചുകൊണ്ടു്, കുറച്ചു നാട്ടുകാര്‍ ഏതാണ്ടു് ഒരു നാഴിക അകലത്തുള്ള നാട്ടു വൈദ്യരുടെ വീട്ടിലേക്കു് ഓടി.

വൈദ്യര്‍ പരിശോധിച്ചു. കഴുത്തിന്റെ പിന്‍ഭാഗത്താണു് വെട്ടേറ്റതു്. കഴുത്തിലേക്കു് തലമുടി വീണു കിടന്നതിനാല്‍ മുറിവു് മാരകമായില്ല. മുറിവില്‍ മരുന്നു് വെച്ചുകെട്ടി കഴുത്തു് അനക്കാതിരിക്കാന്‍ വേണ്ടുന്ന നിര്‍ദ്ദേശങ്ങളും നല്‍കി തിരിച്ചയച്ചു. രോഗിയേയും വഹിച്ചുകൊണ്ടു് നാട്ടുകാര്‍ ഒരു ജാഥയായി തറവാട്ടിലെത്തി.

തിരിച്ചെത്തിയപ്പോള്‍ മൂപ്പര്‍ എന്തോ ഒരു കമന്റ് പാസാക്കി. പ്രായം പരിഗണിച്ചു നാട്ടുകാര്‍ അയാളെ കൈകാര്യം ചെയ്തില്ലെന്നു മാത്രം.

ഒരു അഭിപ്രായം ഇടൂ