മലബാര്‍ വന്യജീവി സങ്കേതം – സര്‍വ്വേ

ഇക്കഴിഞ്ഞ ഏപ്രില്‍ 21, 22, 23 മലബാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയില്‍ വച്ചു വനംവകുപ്പിന്റെയും മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ നടന്ന, പക്ഷികള്‍, സസ്തനികള്‍, ചിത്രശലഭങ്ങള്‍ എന്നിവയുടെ സര്‍വ്വേയില്‍ ഞാനും പങ്കെടുത്തു. ആദ്യ ദിവസം ഉച്ചയ്ക്കു് ശേഷം 3.30 മണിക്കു് കക്കയത്തു് വച്ചു് സത്യന്‍ മാഷെ (സത്യന്‍ മേപ്പയ്യൂര്‍) കണ്ടുമുട്ടിയതോടെ പരിപാടികള്‍ ആരംഭിച്ചു.  സത്യന്‍ മാഷുടെ കാറില്‍ ഡാംസൈറ്റിലെത്തി. നല്ല ചൂടുകാലമല്ലേ, തണുപ്പു് തീരെ പ്രതീക്ഷിച്ചിരുന്നില്ല. കക്കയത്തെത്തിയപ്പോ നല്ല തണുപ്പു്. കോടമഞ്ഞും മഴയും. വനംവകുപ്പിന്റെ ക്യാമ്പ്ഷെഡിലിരുന്നപ്പോ ഒരു ഗ്ലാസ് കട്ടന്‍ചായ കിട്ടി. അര്‍മ്മാദം. സര്‍വ്വേ ടീമംഗങ്ങളുമായി പരിചയപ്പെട്ടു. ഡാംസൈറ്റിലെ കാഴ്ചകളൊക്കെ കണ്ടു. മലയണ്ണാന്‍, മലബാര്‍ ട്രീ നിംഫ് അഥവാ വനദേവതയെന്ന ചിത്രശലഭം, മലബാര്‍ ട്രോഗോണ്‍,  ഇന്ത്യന്‍ സ്വിഫ്റ്റ്‌ലെറ്റ്, ഡസ്കി ക്രാഗ് മാര്‍ട്ടിന്‍, ഹില്‍ മൈന, വൈറ്റ് ത്രോട്ടഡ് ഗ്രൌണ്ട് ത്രഷ്, വൈറ്റ് ബെല്ലീഡ് ട്രീ പൈ എന്നീ പക്ഷികളെ കണ്ടു. ബ്രൌണ്‍ ഹാക്ക് ഔളിന്റെ പാട്ടു് കേട്ടു. ക്യാറ്റ്സ് ഐ എന്ന പൂമ്പാറ്റയുടെ പടം കിട്ടി. ഹൈഡല്‍ ടൂറിസം വക സ്ഥലത്തു് ഒരു തള്ളപ്പട്ടി അതിന്റെ കുഞ്ഞുങ്ങളെ കളിപ്പിക്കുന്നതു കണ്ടു. കുറച്ചിരുട്ടിയപ്പോ അതാ വരുന്നു ഒരു ആമ. കേയ്‌ന്‍ ടര്‍ട്ടിലാണെന്നു തോന്നുന്നു, തിരിച്ചും മറിച്ചും പടമെടുത്തു. രാത്രിയില്‍ ശ്രീലങ്കന്‍ ഫ്രോഗ് മൗത്ത് എന്ന പക്ഷിയെ കണ്ടു. മിക്കവരും പടങ്ങളെടുക്കുന്ന തിരക്കില്‍. പക്ഷിയുടെ പടമെടുക്കുന്ന പുട്ടുകുറ്റി ലെന്‍സുള്ള ക്യാമറയില്ലാത്തതിന്റെ വിഷമം തീര്‍ത്താല്‍ തീരില്ല. ഓരോ പ്രദേശത്തേക്കുമുള്ള ടീമുകളെ നിശ്ചയിച്ചു് കഴിഞ്ഞു്,  രാത്രി ഭക്ഷണവും കഴിഞ്ഞു് കിടന്നപ്പോള്‍ തണുത്തു വിറച്ചു.

പിറ്റേന്നു് അതിരാവിലെ വാച്ചറോടൊപ്പം ഞങ്ങള്‍ ടീമംഗങ്ങള്‍ ജീപ്പില്‍ ചാരങ്ങാടു് ഭാഗത്തേക്കു് പോയി. ചൂതുപാറയാണു് ഞങ്ങളുടെ സര്‍വ്വേ ഏരിയ. ചാരങ്ങാടെത്തി നേരം വെളുക്കാന്‍ കാത്തിരുന്നു. നേരം വെളുത്തപ്പോള്‍ അവിടെ നിന്നു് ചൂതുപാറയ്ക്കടുത്തുള്ള കോമ്പിയന്‍ ബീറ്റ് ക്യാമ്പ് ഷെഡിലേക്കു് നടക്കാന്‍ തുടങ്ങി. പോവുന്ന വഴി നിറയെ അട്ടയുണ്ടു്. അട്ടകടി ഇഷ്ടംപോലെ കൊണ്ടു. ലീച്ച് സോക്‍സും ഷൂവും ഇല്ലാത്തതിന്റെ വിഷമം ശരിക്കുമറിഞ്ഞു. പോവുന്ന വഴി കാട്ടുപോത്തിനെയും മലയണ്ണാനെയും കണ്ടു, സിമിറ്റാര്‍ വാര്‍ബ്ലറിന്റെ കൂടും അതിലെ മുട്ടകളും കണ്ടു. ഒമ്പതരയോടെ കോമ്പിയന്‍ ബീറ്റ് ക്യാമ്പ് ഷെഡിലെത്തി. ഈ സ്ഥലം കോഴിക്കോടു്, വയനാടു് ജില്ലകളുടെ അതിരിലാണു്. അവിടെ സിസിഎഫും ഡി എഫ് ഒയും റേഞ്ച് ആപ്പീസറും ഫോറസ്റ്റര്‍മാരും മറ്റു വനംവകുപ്പുദ്യോഗസ്ഥരുമുണ്ടായിരുന്നു. അവര്‍ തലേ ദിവസം അവിടെയെത്തി താമസിച്ച ശേഷം അന്നു രാവിലെ മടങ്ങാനിരിക്കുകയാണു്. അവര്‍ പോയ്ക്കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ഒരു റൗണ്ട് പുറമെയൊക്കെ, ബാണാസുരസാഗര്‍ അണക്കെട്ടു വരെ പോയി നിരീക്ഷിച്ചു. റോബര്‍ ഫ്ലൈയെ കണ്ടു. ഹില്‍ മൈന, വൈറ്റ് ചീക്ക്ഡ് ബാര്‍ബിറ്റ്, ബ്ലാക്ക് ക്യാപ്പ്ഡ് വാര്‍ബ്ലര്‍, മലബാര്‍ പാരക്കീറ്റ്, ലാര്‍ജ് ബില്‍ഡ് ക്രോ, ഇരട്ടത്തലച്ചി ബുള്‍ബുള്‍, ഓറിയന്റല്‍ വൈറ്റ് ഐ, ചെസ്റ്റ്നട് ഹെഡഡ് ബീ ഈറ്റര്‍, ബ്ലിറ്റ്സ് വാര്‍ബ്ലര്‍, ലിറ്റില്‍ സ്പൈഡര്‍ ഹണ്ടര്‍ തുടങ്ങി ഒട്ടനവധി പക്ഷികളെ കണ്ടു. വഴിയിലൂടെ നടക്കുമ്പോള്‍ കണ്ട പൂമ്പാറ്റയുടെ പടമെടുക്കാന്‍ ഒന്നു് നിന്നു് സാകൂതം നോക്കുമ്പോള്‍ പെട്ടെന്നൊരു കരച്ചിലോടെ അടുത്ത തിണ്ടിന്മോല്‍ നിന്നും ഒരു പക്ഷി തൊട്ടു മുന്നിലൂടെ പറന്നു പോയി. ഞെട്ടിപ്പോയി. നോക്കിയപ്പോള്‍ റെഡ് സ്പര്‍ ഫൌളാണു്. തിണ്ടിന്മേല്‍ നോക്കിയപ്പോള്‍ അതിന്റെ കൂടും, കൂട്ടിലെ മുട്ടകളും കണ്ടു. തിരികെ ക്യാമ്പ് ഷെഡിലേക്കു് വന്നു. മടങ്ങി വന്നു് കാലിന്മേല്‍ കയറിയ അട്ടകളെ നീക്കം ചെയ്തു. അപ്പോഴുണ്ടു് ഒരു വാച്ചര്‍ കാട്ടിലുണ്ടാവുന്ന ചുരുളി എന്ന ഫേണിന്റെ (പന്നല്‍ച്ചെടി) തളിരിലകള്‍ കഴുകി വൃത്തിയാക്കുന്നു. തോരന്‍ വയ്ക്കാനാണത്രേ. അടിപൊളി. കുശാലായ ഉച്ചഭക്ഷണം. ചുരുളിത്തോരന്‍ അത്യുഗ്രന്‍. ഊണു കഴിഞ്ഞു് ഉറങ്ങി.

വൈകുന്നേരം ഉണര്‍ന്നപ്പോള്‍ ഒന്നൂടെ പുറത്തേക്കിറങ്ങി. ഹില്‍ മൈന, മൌണ്ടന്‍ ഇംപീരിയല്‍ പീജിയന്‍, റാപ്റ്ററുകള്‍, സര്‍പ്പന്റ് ഈഗ്ള്‍, കിങ്ഫിഷര്‍, റാക്കറ്റ് ടെയില്‍ഡ് ഡ്രോങ്കോ തുടങ്ങി നിരവധി പക്ഷികളെ കണ്ടു. നിരവധി ചിത്രശലഭങ്ങളും. ഇരുട്ടു പരക്കാന്‍ തുടങ്ങുന്നതിനു് മുമ്പു് തിരികെ ക്യാമ്പ് ഷെഡിലേക്കു്. ഇരുട്ടിയപ്പോള്‍ ഭക്ഷണം കഴിച്ചു. രാത്രി ക്യാമ്പ് ഷെഡിനടുത്തു തന്നെയുള്ള കാട്ടുമാവിന്മേല്‍ ശ്രീലങ്കന്‍ ഫ്രോഗ് മൌത്ത്. അവയെ നിരീക്ഷിച്ചു് ഉറക്കം വന്നു തുടങ്ങിയപ്പോള്‍ കാടിന്റെ സംഗീതവും ശ്രവിച്ചു് ഉറക്കം.

പിറ്റേന്നു് രാവിലെ ട്രാന്‍സെക്ടിലൂടെ നടന്നു കൊണ്ടു് പക്ഷികളെ നിരീക്ഷിച്ചു. മ്ലാവുകളെ (മലമാന്‍) കണ്ടു. കൂടെയുള്ളവര്‍ നിരവധി പക്ഷികളുടെ പടങ്ങളെടുത്തു. എനിക്കു് ക്യാമറയില്ലാത്തതിന്റെ സങ്കടം. അട്ടകടിയും കൊണ്ടു് നടന്നു. തിരികെ ക്യാമ്പ് ഷെഡില്‍ വന്നു് അട്ടകളെ നീക്കി ഞങ്ങള്‍ സര്‍വ്വേ കണക്കുകളൊക്കെ തയ്യാറാക്കി പ്രഭാതഭക്ഷണവും കഴിച്ചു് മടക്കയാത്രയ്ക്കുള്ള പുറപ്പാടായി. ബാഗുകളെടുത്തു് ഫോറസ്റ്റ് ഗാര്‍ഡിനും, വാച്ചര്‍ക്കുമൊപ്പം നടന്നു. ചാരങ്ങാട്ടെത്തിയപ്പോള്‍ വനംവകുപ്പിന്റെ ജീപ്പ് ഞങ്ങളെയും കാത്തു് നില്പുണ്ടായിരുന്നു. ജീപ്പില്‍ തിരികെ ഡാംസൈറ്റിലെത്തി. അവിടെ സര്‍വ്വേ ചെയ്ത വിവരങ്ങള്‍ അവതരിപ്പിച്ചു. ഉച്ചഭക്ഷണവും കഴിച്ചു് എല്ലാവരുടേയും കൂടി ഗ്രൂപ്പ് ഫോട്ടോയുമെടുത്തു. പിന്നെ തിരികെ വീട്ടിലേക്കു്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )