മുള്ളമ്പാറ, കരിയാത്തുംപാറ, കക്കയം

കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു പ്രാവശ്യമായി കക്കയത്തു പോവാനുള്ള അവസരം കിട്ടിയിരുന്നു. ജനുവരി നാലാം തീയ്യതി മുള്ളമ്പാറയും കക്കയവും ജോലിയുടെ ഭാഗമായി മെമ്പര്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പവും, ജനുവരി എട്ടാം തീയ്യതി കരിയാത്തുംപാറയിലും കക്കയത്തും കുടുംബസമേതം ടൂറായും, ഫിബ്രവരി പതിനൊന്നാം തീയ്യതി കൂരാച്ചുണ്ടില്‍ എന്നോടൊപ്പം ജോലി ചെയ്യുന്നവരും മുമ്പു ജോലി ചെയ്തവരുമൊന്നിച്ചു് ട്രെക്കിങ്ങിനും പോയി. കരിയാത്തുംപാറയും മുള്ളമ്പാറയും കക്കയവും കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലാണു്.

2-20170217223730_-_2017-02-17_23-14-22

കുന്നുകള്‍ക്കിടയില്‍ കക്കയത്തിന്റെ സ്ഥാനം

വയലട – മുള്ളമ്പാറ

വയലടയ്ക്കടുത്തുള്ള മുള്ളമ്പാറയിലേക്കെത്താന്‍ ബാലുശ്ശേരി – താമരശ്ശേരി റൂട്ടിലുള്ള എസ്റ്റേറ്റ് മുക്കില്‍ നിന്നും കക്കയത്തേക്കുള്ള വഴിയിലുള്ള തലയാടു് നിന്നു് തിരിഞ്ഞു് വയലടയ്ക്കു് പോയി അവിടെ നിന്നും തിരിഞ്ഞു് കയറണം. ചെറിയ വാഹനങ്ങള്‍ മുള്ളമ്പാറയുടെ താഴെ വരെ പോകും. മുള്ളമ്പാറയുടെ താഴ്ഭാഗം വരെയുള്ള സ്ഥലം പനങ്ങാടു് ഗ്രാമപഞ്ചായത്തിലും, മുള്ളമ്പാറ നില്‍ക്കുന്നതു് കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലുമാണു്. ഇതൊരു കൂറ്റന്‍ പാറക്കെട്ടാണു്. ഇവിടേക്കുള്ള വഴിയില്‍ വനംവകുപ്പിന്റെ കൈവശമുള്ള ചെറിയ ഫോറസ്റ്റ് പാച്ചുണ്ടു്. മുള്ളമ്പാറമേല്‍ കയറി താഴേക്കു നോക്കിയാല്‍ കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളും പെരുവണ്ണാമൂഴി റിസര്‍വ്വോയറുമെല്ലാം കാണാം. നിരവധി പേര്‍ സ്ഥിരമായി ഇവിടം സന്ദര്‍ശിക്കുന്നതു കൊണ്ടു് അവര്‍ കൊണ്ടു വരുന്ന പ്ലാസ്റ്റിക്‍ മുഴുവന്‍ മാലിന്യമായി ഇവിടെ ചിതറിക്കിടക്കുന്നു. ഈയിടെയായി പരിസരവാസികളുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്‍ മാലിന്യമിടാന്‍ ചില ഇരുമ്പു കൊട്ടകള്‍ അവിടവിടെയായി സ്ഥാപിച്ചിട്ടുണ്ടു്. മുള്ളമ്പാറയ്ക്കടുത്തു് കാപ്പിത്തോട്ടങ്ങളുണ്ടു്. അവയുടെ ഇടയില്‍ കൂറ്റന്‍ പാറകള്‍ ഇപ്പോ ഉരുണ്ടുമാറുമെന്നു തോന്നിക്കുന്ന വിധത്തില്‍ കിടപ്പുണ്ടു്. ആകെക്കൂടി ട്രെക്കിങ്ങിനൊക്കെ പറ്റിയ ഒരു സ്ഥലം. ഞങ്ങള്‍ മണിച്ചേരിമല ആദിവാസി കോളനി സന്ദര്‍ശിച്ച ശേഷം (അവിടെ പട്ടികവര്‍ഗ്ഗ വികസനവകുപ്പു് രണ്ടു് പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കു് പുതിയ വീടുണ്ടാക്കി നല്കാന്‍ തറയിട്ടിട്ടുണ്ടു്.) അതിനടുത്തുള്ള മുള്ളമ്പാറയില്‍ ചെന്നു് അവിടെ ആകെ ചുറ്റിനടന്നു കണ്ട ശേഷം കക്കയത്തേക്കു തിരിച്ചു. മുള്ളമ്പാറമേല്‍ കയറിയിറങ്ങി ക്ഷീണിച്ചപ്പോ താഴെയുള്ള കടയില്‍ നിന്നും ഒരു പാക്കറ്റ് എള്ളുണ്ട വാങ്ങി കുറച്ചെണ്ണം തിന്നു ബാക്കി വാഹനത്തില്‍ വച്ചു. അവിടുന്നു് കക്കയം ഡാംസൈറ്റിലേക്കു പോയി  അവിടെ ജോലിയുടെ ഭാഗമായി ചെയ്യേണ്ടിയിരുന്ന ഏര്‍പ്പാടുകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വാഹത്തിന്റെ സൈഡ് ഗ്ലാസുകള്‍ ഉയര്‍ത്താന്‍ മറന്നു പോയിരുന്നു. വണ്ടിയിലെ എള്ളുണ്ടപ്പാക്കറ്റ് കുരങ്ങന്‍മാര്‍ കണ്ടുപിടിച്ചു. അവരതെടുത്തുകൊണ്ടോടി മരത്തില്‍ കയറി. വണ്ടിയിലെ ഫയലുകളും ലോഗ് ബുക്കുമൊന്നും എടുത്തു കൊണ്ടുപോവാഞ്ഞതു ഭാഗ്യം. ഞങ്ങളാകട്ടെ, എള്ളുണ്ടയുടെ നഷ്ടമുണ്ടാക്കിയ സങ്കടത്തോടെ ചെയ്യേണ്ട പണികളെല്ലാം ചെയ്തു തീര്‍ത്തു് തിരികെപ്പോന്നു.

കരിയാത്തുംപാറ

ശ്രീധന്യയുടെ ആങ്ങള അനുവും ഭാര്യ രാഖിയും വീട്ടില്‍ വന്നിരുന്നു. ഞങ്ങള്‍ എല്ലാവരും കൂടി പിറ്റേദിവസം കക്കയത്തു പോവാന്‍ തീരുമാനിച്ചു. കുടുംബത്തോടൊപ്പം കരിയാത്തുംപാറയില്‍ ചെന്നിറങ്ങിയപ്പോള്‍ത്തന്നെ വേറെയും ചില സന്ദര്‍ശകരുണ്ടായിരുന്നു അവിടെ. അവിടെ നിന്നു നോക്കിയാല്‍ റിസര്‍വ്വോയറിനപ്പുറം, പശ്ചാത്തലത്തില്‍ കക്കയത്തെ ഉയര്‍ന്ന മലനിരകളുടെ ദൃശ്യം മനോഹരമാണു്. ഇവിടെ ആവശ്യക്കാര്‍ക്കു് റൂമുകള്‍ റെന്റിനു് ലഭിക്കും. വേണമെങ്കില്‍ സന്ദര്‍ശകര്‍ക്കു് താമസിക്കാം. പക്ഷേ വരുന്ന സന്ദര്‍ശകര്‍ പ്ലാസ്റ്റിക്‍ അവശിഷ്ടങ്ങള്‍ യാതൊരുവിധ തത്വദീക്ഷയുമില്ലാതെ ഇവിടെ ചിതറിയിട്ടു പോവുന്നതു് ഈ സ്ഥലത്തിന്റെ ആകര്‍ഷണീയത അധികം താമസിയാതെ ഇല്ലാതാക്കിക്കളഞ്ഞേക്കാം. ശ്രേയ റിസര്‍വ്വോയറിലെ ചെറിയ മീനുകള്‍ കണ്ടു് അവയെ പിടിക്കാനിറങ്ങി. വെള്ളത്തിലിറങ്ങിയാല്‍ പിന്നെ അവള്‍ക്കു് കേറിപ്പോരാന്‍ തോന്നില്ല. ഒടുക്കം കരഞ്ഞു വിളിക്കുന്ന അവളെ എടുത്തു കൊണ്ടു വാഹനത്തില്‍ തിരികെ കയറ്റേണ്ടിവന്നു.

കക്കയം

കക്കയത്തേക്കു് കോഴിക്കോടു നിന്നും ബാലുശ്ശേരി വഴി നേരിട്ടു് ബസ്സുണ്ടു്. പേരാമ്പ്ര നിന്നും കൂരാച്ചുണ്ടു് വഴി കക്കയത്തേക്കു് ബസ്സില്‍ വരാം. അടിയന്തരാവസ്ഥക്കാലത്തെ കക്കയം പോലീസ് ക്യാമ്പിനെപ്പറ്റിയും അവിടെ വച്ചു് റീജ്യനല്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ ഉരുട്ടിക്കൊന്നതിനെപ്പറ്റിയും കേള്‍ക്കാത്തവരുണ്ടാവില്ല. അന്നു് കക്കയം ഡാമിന്റെ പണി നടക്കുന്ന കാലം കൂടിയായതിനാല്‍ കക്കയം തിരക്കുപിടിച്ച ഒരു പ്രദേശമായിരുന്നു. ഡാമിന്റെ പണി കഴിഞ്ഞ ശേഷം ആളൊഴിഞ്ഞു് ഉറക്കം തൂങ്ങിക്കിടക്കുന്ന ഒരു സ്ഥലമായിരുന്നു കക്കയം. എന്നാല്‍ ഈയിടെയായി കെ എസ് ഇ ബിയുടെ നേതൃത്വത്തില്‍ കക്കയം റിസര്‍വ്വോയറിലും പരിസരപ്രദേശത്തും ഹൈഡല്‍ ടൂറിസം പ്രൊജക്ട് നടപ്പാക്കിയിട്ടുള്ളതിനാല്‍ വിനോദസഞ്ചാരികളുടെ വരവു് കൂടിയിട്ടുണ്ടു്. കക്കയം അങ്ങാടിയില്‍ത്തന്നെ വനസംരക്ഷണ സമിതിയുടെ കൗണ്ടറുണ്ടു്. ഇവിടെ ഒരാള്‍ക്കു് നാല്പതു രൂപ ചാര്‍ജ്ജു് അടയ്ക്കണം. ഈ കൗണ്ടറിനു സമീപം തന്നെയാണു് രാജന്റെ സ്മാരകം. കക്കയം അങ്ങാടിയില്‍ നിന്നും പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാലേ ഡാംസൈറ്റിലെത്തൂ. വാഹനങ്ങള്‍ക്കു് പാര്‍ക്കിങ് ഫീ ഉണ്ടു്. ഹൈഡല്‍ ടൂറിസം പ്രൊജക്ടിലെ പ്രധാന ആകര്‍ഷണം കക്കയം റിസര്‍വ്വോയറിലെ ബോട്ടിങ്ങ് ആണു്. ഇവിടെ രണ്ടു് സ്പീഡ് ബോട്ടുകളുണ്ടു്. അഞ്ചു പേരെയും വഹിച്ചു് പത്തു മിനുട്ടു കൊണ്ടു് റിസര്‍വ്വോയറില്‍ ഒന്നു കറങ്ങി തിരികെ കൊണ്ടു വിടും. അഞ്ചു പേര്‍ക്കു് എഴുനൂറ്റമ്പതു രൂപയാണു് ചാര്‍ജ്ജു്. ഞാനൊഴികെ മറ്റെല്ലാവരും ബോട്ടില്‍ കയറി സവാരി ചെയ്തു വന്നു. ഡാം അത്ര വലുതൊന്നുമല്ല. കക്കയം റിസര്‍വ്വോയറില്‍ വെള്ളം കുറയുമ്പോള്‍ വയനാട്ടിലെ ബാണാസുരസാഗര്‍ റിസര്‍വ്വോയറില്‍ നിന്നും ഭൂഗര്‍ഭ തുരങ്കം വഴി വെള്ളം ഇവിടേക്കു് തുറന്നു വിടും. അങ്ങനെ ഡാമിലെ ജലലഭ്യത നിലനിര്‍ത്തുന്നു. ഡാം അത്ര വലിയതൊന്നുമല്ല. കക്കയം ഡാമിനടുത്തുനിന്നും കുറച്ചു ദൂരം നടന്നാല്‍ ഉരക്കുഴി ജലപാതമായി. ഡാമിനടുത്തു നിന്നും ഉരക്കുഴിയിലേക്കു് കുടുംബസമേതം നടക്കുമ്പോള്‍ Malabar tree-nymph അഥവാ വനദേവത എന്ന മനോഹരമായ ചിത്രശലഭങ്ങള്‍ രണ്ടെണ്ണത്തെ കണ്ടു. ഉരക്കുഴി ജലപാതത്തില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ വെള്ളം കുറവായിരുന്നെങ്കിലും അപ്പോഴും അതിനൊരു തരം വന്യസൗന്ദര്യമുണ്ടു്. ഉരക്കുഴി കൂടി കണ്ടു കഴിഞ്ഞപ്പോള്‍ എല്ലാവരും ക്ഷീണിച്ചു. തിരികെയിറങ്ങി. മണി ഉച്ച തിരിഞ്ഞു് മൂന്നേകാല്‍. വിശന്നു തുടങ്ങിയിരുന്നു. കക്കയം അങ്ങാടിയിലെ ഹോട്ടലില്‍ നിന്നും ഊണു കഴിച്ചു മടങ്ങി.

മൂന്നാമത്തെ ട്രെക്കിങ് യാത്രയ്ക്കു് ഞങ്ങടെ പഞ്ചായത്തു് പ്രസിഡണ്ട് ഡി എഫ് ഒയ്ക്കു് ഞങ്ങള്‍ ജീവനക്കാര്‍ക്കും മെമ്പര്‍മാര്‍ക്കും കാട്ടിനുള്ളിലേക്കു് ട്രെക്കിങ്ങിനു് പോവാന്‍ അനുമതി ചോദിച്ചു് കത്തെഴുതിയിരുന്നു. അനുമതി കിട്ടിയതോടെ ഞങ്ങള്‍ രാവിലെ തന്നെ പുറപ്പെട്ടു് കക്കയത്തെത്തി. ഉച്ചഭക്ഷണവും (കപ്പയും കറിയും) വെള്ളവും മറ്റും കയ്യില്‍ കരുതി. കൂടെ കക്കയത്തെ വനംവകുപ്പുദ്യോഗസ്ഥരും വന്നു. ഞങ്ങള്‍ ഡാംസൈറ്റില്‍ നിന്നു് കയറ്റം കയറി പുല്‍മേട്ടിലെത്തി. കയറ്റം കയറുന്നതിനിടെ കയ്യില്‍ കരുതിയ അവിലും ഓറഞ്ചും മറ്റും തിന്നു തീര്‍ത്തു. പുല്‍മേട്ടില്‍ നിന്നു നോക്കിയാല്‍ പെരുവണ്ണാമൂഴി റിസര്‍വ്വേയര്‍ ദൂരെ കാണാം. പുല്‍മേട്ടിലൊരിടത്തു് ധാരാളം ആനപ്പിണ്ടം കണ്ടു. ആനകളുടെ സ്ഥിരം സന്ദര്‍ശന മേഖലയാണിതു്. അവിടെ നിന്നു് അമ്പലപ്പാറയിലേക്കു നടന്നു. ഇതു് കക്കയത്തെ ആദിവാസികളുടെ ആരാധനാ കേന്ദ്രമാണു്.

വന്യമൃഗങ്ങളെയൊന്നും കാണാന്‍ കഴിഞ്ഞില്ല. പക്ഷേ അമ്പലപ്പാറയ്ക്കടുത്ത അരുവിയില്‍ കുറേ വാല്‍മാക്രികളെക്കണ്ടു. ഇതിനടുത്തിരുന്നു് ഉച്ചഭക്ഷണം കഴിച്ചു. എന്നിട്ടു് കക്കയം റിസര്‍വ്വോയറിലേക്കു നടന്നു. റിസര്‍വ്വോയറിലൊരു നീന്തിക്കുളി. അതോടെ നടന്ന ക്ഷീണമെല്ലാം പോയി. കുളികഴിഞ്ഞു് തിരികെ നടന്നു. ഡാംസൈറ്റിലെത്തി വാഹനങ്ങളില്‍ കയറി തിരികെ മടക്കയാത്ര.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )