കൊച്ചി മുസിരിസ് ബിയെനാലെ 2016

കൊച്ചി മുസിരിസ് ബിയെനാലെ 2016 ന്റെ ടെക്‍നോളജി പാര്‍ട്ട്ണര്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനായതു കൊണ്ടു് ശ്രീധന്യയ്ക്കു് അവിടെ വര്‍ക്കുണ്ടായിരുന്നു. അവിടെ പോയി മടങ്ങി വന്നപ്പോള്‍ വലിയ ആവേശത്തോടെ, ‘നമുക്കു മൂന്നു പേര്‍ക്കും കൂടി ബിയെനാലെയ്ക്കു് പോയാലോ’ എന്നെന്നോടു് ചോദിച്ചു. ഞാനും ഇതെന്താണു സംഭവം എന്നൊന്നു് അറിഞ്ഞാല്‍ തരക്കേടില്ലെന്ന ഭാവത്തിലായിരുന്നു. പോവാം എന്നു ഞാനും. അങ്ങനെ കഴിഞ്ഞ 17-ാം തീയ്യതി രാവിലെ വളാഞ്ചേരിയിലെ ശ്രീധന്യയുടെ വീട്ടില്‍ നിന്നും പുറപ്പെട്ടു. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നില്ക്കുമ്പോള്‍ വീട്ടില്‍നിന്നും പൊതിഞ്ഞെടുത്തു കൊണ്ടുപോയ ദോശയും കറിയും കഴിച്ചു. ഇന്റര്‍സിറ്റിക്കു് എറണാകുളത്തെത്തുമ്പോ മണി പന്ത്രണ്ടു്.

എറണാകുളത്തു് ഒരു ഹോട്ടലില്‍ ഊണു കഴിക്കാന്‍ കയറി. ചേയ പിണങ്ങി ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ല. ജ്യൂസ് വാങ്ങിക്കൊടുക്കാമെന്ന ധാരണയില്‍ അവള്‍ ലേശം ഊണു കഴിച്ചു, സമാധാനമായി. ബോട്ടു ജെട്ടിയില്‍ ചെന്നു് ബോട്ടില്‍ കയറി ഫോര്‍ട്ടുകൊച്ചിയിലിറങ്ങി. ഒരു ഓട്ടോ പിടിച്ചു് നേരത്തേ ബുക്കു ചെയ്തിരുന്ന കുന്നുംപുറത്തെ ഫോര്‍ട്ട് സ്ക്വയര്‍ ഹോംസ്റ്റേയില്‍ ചെന്നു് ചെക്കിന്‍ ചെയ്തു.

ഭാണ്ഡക്കെട്ടുകളൊക്കെ ഇറക്കി വച്ചു് കുറച്ചു നേരം വിശ്രമിച്ച ശേഷം മട്ടാഞ്ചേരിയിലേക്കിറങ്ങി. അവിടെ ഡച്ചു കൊട്ടാരം കാണാന്‍ ടിക്കറ്റെടുത്തു് കയറി. കേന്ദ്രപുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള കൊട്ടാരത്തിനുള്ളില്‍ കയറാന്‍ ആളൊന്നിനു് അഞ്ചു രൂപയാണു് ടിക്കറ്റ് ചാര്‍ജ്ജു്. കൊട്ടാരത്തിനുള്ളില്‍ ഫോട്ടോഗ്രാഫി അനുവദനീയമല്ല. ഉള്ളിലെ ചുമര്‍ച്ചിത്രങ്ങളും മറ്റു കാഴ്ചകളും കണ്ടു കഴിഞ്ഞു് കൊട്ടാരത്തില്‍ നിന്നിറങ്ങിയപ്പോ റോഡിനെതിര്‍വശത്തുള്ള പാര്‍ക്ക് കണ്ടു. അവിടെ കുറച്ചുനേരമിരുന്നു. ചേയയ്ക്കു് അവിടെത്തെ സ്ലൈഡറും ഊഞ്ഞാലുമൊന്നും അത്ര പിടിച്ചില്ല. ഒരു തവണ ഊഞ്ഞാലില്‍ നിന്നവള്‍ വീഴുകയും ചെയ്തു. ഞങ്ങളവിടെനിന്നിറങ്ങി സിനഗോഗ് കാണാന്‍ ജൂതത്തെരുവിലേക്കു നടന്നു. ഒരു കടയില്‍ അന്വേഷിച്ചപ്പോ സിനഗോഗ് അന്നു തുറക്കുകയില്ലെന്നു പറഞ്ഞു. അതിനാല്‍ അതു കാണാന്‍ കഴിഞ്ഞില്ല. തിരികെ ബോട്ടില്‍ കയറി എറണാകുളത്തു് എത്തി.

വൈകുന്നേരം 6മണി. വിശക്കാന്‍ തുടങ്ങിയിരുന്നു. അവിടെക്കണ്ട തറവാടു് നാടന്‍ ഭക്ഷണശാലയില്‍ കയറി. നല്ല ആംബിയന്‍സ്. കപ്പയും മീനും ചപ്പാത്തിയും കാപ്പിയും ഓര്‍ഡര്‍ ചെയ്തു. കഴിക്കാന്‍ തുടങ്ങിയപ്പോ കേറേണ്ടിയിരുന്നില്ലെന്നു തോന്നി. ഭക്ഷണം തീരെ പോരാ. കഴിച്ചിറങ്ങി ബില്ലടയ്ക്കുമ്പോ രണ്ടായിരം രൂപയ്ക്കു ചില്ലറ തന്നു. ആശ്വാസം. അതുകൊണ്ടു് ഭക്ഷണത്തിന്റെ പോരായ്മ അങ്ങു് സഹിച്ചു. ബിയെനാലെയുടെ പിന്നണി സാങ്കേതിക പ്രവൃത്തികള്‍ ശരിയാക്കാന്‍ വന്ന കൂട്ടുകാര്‍ – സുജിത്തും നോര്‍വ്വിനും വിഷ്ണുവും മറ്റും – പോളിടെക്‍നിക്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ – ലുലു മാളില്‍ കാത്തു നില്ക്കുന്നുണ്ടെന്നു പറഞ്ഞു. ഞങ്ങള്‍ ബസ്സില്‍ കയറി അങ്ങോട്ടു ചെന്നു. ലുലു മാളില്‍ മുന്നില്‍ത്തന്നെ പഞ്ഞി കൊണ്ടുള്ള കൂറ്റന്‍ മഞ്ഞുമനുഷ്യരെയുണ്ടാക്കി വച്ചിട്ടുണ്ടു്. ക്രിസ്തുമസ്സല്ലേ. ഒരു ക്രിസ്തുമസ്സ് അപ്പൂപ്പനുമുണ്ടു്. അപ്പൂപ്പന്റെ അടുത്തു നിന്നു് പലരും പടമെടുക്കുന്നു. ലുലുമാള്‍ മുഴുവന്‍ കേറി നടന്നു കണ്ടു.

അവിടെത്തെ റൈഡുകളിലൊന്നും ചേയയെ കേറ്റാന്‍ പറ്റിയില്ല. ഒരു ദിവസത്തെ മാത്രം സന്ദര്‍ശകരായ ഞങ്ങള്‍ക്കു് താങ്ങാന്‍ പറ്റിയ പ്ലാന്‍ ഇല്ലാതിരുന്നതു തന്നെ കാരണം. നല്ല തിരക്കിനിടയില്‍ ചില്ലറ ഷോപ്പിങ്ങും നടത്തി പുറത്തിറങ്ങി. കൂട്ടുകാരോടു് യാത്ര പറഞ്ഞു് തിരികെ ഫോര്‍ട്ടു കൊച്ചിയിലെ ഹോംസ്റ്റേയിലേക്കു് മടങ്ങി.

പിറ്റേന്നു് രാവിലെ എണീക്കാന്‍ നേരം വൈകി. തപ്പിപ്പിടഞ്ഞെണീറ്റു് കുളിച്ചു പുറപ്പെട്ടു് അടുത്തുള്ള ഹോട്ടലില്‍ കയറി രാവിലെത്തെ ചായപലഹാരം കഴിച്ച ശേഷം ബിയെനാലെയ്ക്കു് ടിക്കറ്റെടുക്കാന്‍ ആസ്പിന്‍വാള്‍ ഹൌസില്‍ ചെന്നു. ടിക്കറ്റ് ഒരാള്‍ക്കു് നൂറു രൂപ. ഉള്ളില്‍ കയറി ആദ്യ ഇന്‍സ്റ്റലേഷന്‍ കണ്ടപ്പോള്‍ത്തന്നെ അന്നുവരെ ഞാനറിഞ്ഞിട്ടില്ലാത്ത കലയുടെ മറ്റൊരു തലം മുന്നില്‍ അനുഭവവേദ്യമാവുകയായിരുന്നു. മിക്കവയും മള്‍ട്ടിമീഡിയ – ദൃശ്യ-ശ്രാവ്യ അനുഭവം. കണ്ട ഇന്‍സ്റ്റലേഷനുകളില്‍ മിക്കവയുടെയും പടങ്ങളെടുത്തു. പക്ഷേ, ത്രിമാനരൂപങ്ങളുടെ ദൃശ്യ-ശ്രാവ്യ ആസ്വാദനപരതയെ ദ്വിമാനപരിമിതികളിലേക്കൊതുക്കുമ്പോള്‍ ചോര്‍ന്നു പോവുന്നതു് കല തന്നെയാണു് (എന്നെ കൊല്ലരുതു. വല്യ വല്യ സാഹിത്യഘടാഘടികന്മാരു് വച്ചുകീറുന്നപോലെ ഞാനും വച്ചു കാച്ചിയതാ. ക്ഷമി).

ചേയക്കിഷ്ടപ്പെട്ട പടങ്ങളും അവിടെ കണ്ടു. ഒരു പൂമ്പാറ്റയുടെ ചിറകു് വീണു കിടക്കുന്നതു് കണ്ടു് ചേയ അതിന്റെ പിന്നാലെയായി (ഇനി അതും ഒരിന്‍സ്റ്റലേഷനാണോ?) ചുമര്‍ച്ചിത്ര കലാകാരന്മാര്‍ കൂറ്റനൊരു ചിത്രം വരയ്ക്കുന്നതു് ചേയ കൌതുകത്തോടെ നോക്കി നിന്നു. അവള്‍ കളറിങ് ബുക്കില്‍ ചായം തേയ്ക്കുന്നതു പോലെയല്ല അവര്‍ ചായം കൊടുക്കുന്നതു്.

ഉച്ചയ്ക്കു് പ്രഭാതഭക്ഷണം കഴിച്ച അതേ ഹോട്ടലില്‍ത്തന്നെ കയറി ഊണു കഴിച്ചു.

മൂന്നു മണിയോടടുത്തപ്പോള്‍ കബ്രാള്‍ യാര്‍ഡിലെ ഇന്‍സ്റ്റലേഷനുകള്‍ കാണാന്‍ ചെന്നു. ഉച്ചയൂണു കഴിഞ്ഞു് ഉറങ്ങുന്ന ചേയയേയും തോളത്തു കിടത്തിയിട്ടാണു് നടപ്പു്. ക്ഷീണിച്ചു.

കാഴ്ച മതിയാക്കി തിരികെ ഹോംസ്റ്റേയില്‍ ചെന്നിരുന്നു് കുറച്ചു നേരം വിശ്രമിച്ചു. പിന്നെ റൂം വേക്കേറ്റ് ചെയ്തു് ഇറങ്ങി. വൈകുന്നേരം 5 മണിക്കു് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ സാഗരറാണി കപ്പല്‍ എറണാകുളത്തു നിന്നു് കടലിലേക്കു് പുറപ്പെടും. ധൃതി പിടിച്ചു് ബോട്ടില്‍ കയറിയിറങ്ങി ഓടിപ്പാഞ്ഞു് ഒരു വിധം അഞ്ചു മണിയോടടുത്തപ്പോള്‍ സാഗരറാണിയുടെ അടുത്തെത്തി. സുജിത്തും നോര്‍വ്വിനും വിഷ്ണുവും മറ്റും കാത്തു നില്ക്കുന്നുണ്ടായിരുന്നു. വേഗം ടിക്കറ്റെടുത്തു് അതില്‍ കയറി. കപ്പല്‍ കടലിലേക്കു് നീങ്ങിത്തുടങ്ങി. എല്ലാവര്‍ക്കും ചായയും കടിയും കപ്പല്‍ ജീവനക്കാര്‍ വിതരണം ചെയ്തു. ചുറ്റുമുള്ള കാഴ്ചകളും, അവയുടെ ചരിത്രവും കപ്പല്‍ ജീവനക്കാര്‍ മൈക്കിലൂടെ പറഞ്ഞു തരുന്നുണ്ടു്.

കുറച്ചു കഴിഞ്ഞപ്പോ പാട്ടു വച്ചു് ഡാന്‍സ് തുടങ്ങി. ചേയയും തുടങ്ങി ഡാന്‍സ്.

പാട്ടും കളിയുമെല്ലാം കഴിഞ്ഞു് ക്ഷീണിച്ചപ്പോ തിരികെ സീറ്റില്‍ വന്നിരുന്നു. കപ്പലില്‍ നിന്നിറങ്ങിയപ്പോ നല്ല വിശപ്പു്. ഹോട്ടലില്‍ കയറിയപ്പോ ഭക്ഷണം കഴിക്കാന്‍ തീരെ കൂട്ടാക്കാതിരിക്കാറുള്ള ചേയ ഭക്ഷണം വാരിവാരി കഴിച്ചു. ഭക്ഷണം കഴിഞ്ഞു് കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്‍ഡില്‍ ചെന്നു് ബുക്കു ചെയ്തു സ്കാനിയ ബസ്സില്‍ കയറി തിരികെ വളാഞ്ചേരിക്കു പോന്നു. ബിയെനാലെയിലെ ഭൂരിഭാഗം വരുന്ന ബാക്കിയുള്ള ഇന്‍സ്റ്റലേഷനുകളൊന്നും കാണാനൊത്തില്ലെന്ന സങ്കടം ബാക്കി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )