സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ഗ്രാമപഞ്ചായത്താപ്പീസുകളിലേക്കു്

കുറ്റസമ്മതവും മുന്‍കൂര്‍ജാമ്യവും

ഇതു് പഞ്ചായത്തു് വകുപ്പിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്കു് അവരുടെ തൊഴില്‍സാഹചര്യങ്ങള്‍ സ്വയം മെച്ചപ്പെടുത്തുന്നതിനു വേണ്ടി എഴുതിയ സഹായകക്കുറിപ്പാണു്. പഞ്ചായത്തു വകുപ്പു ജീവനക്കാര്‍ പണിയെടുക്കുന്ന ഏതൊരു ആപ്പീസിലും ഇതുപയോഗപ്പെടുത്താം. മറ്റു മേഖലകളിലുള്ളവര്‍ക്കും ഇതു് സഹായകരമായി തോന്നുന്നെങ്കില്‍ ഇതു് ഉപയോഗപ്പെടുത്തുന്നതില്‍ ഇവിടെ സന്തോഷമേയുള്ളൂ. കമ്പ്യൂട്ടര്‍ സംബന്ധമായ കാര്യങ്ങളില്‍ അഗാധമായ പരിജ്ഞാനമുള്ളവര്‍ ക്ഷമിക്കുക. അവരെ ഉദ്ദേശിച്ചല്ല ഇതെഴുതിയതു്, അവര്‍ക്കു് ഈ കാര്യങ്ങളൊക്കെ സ്വന്തം നിലയില്‍ കണ്ടുപിടിച്ചു ചെയ്യാവുന്നതേയുള്ളൂ. പഞ്ചായത്തു വകുപ്പിലെ എന്റെ സഹപ്രവര്‍ത്തകരില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം വളരെക്കുറഞ്ഞവരെപ്പോലും അവരുടെ കമ്പ്യൂട്ടറുപയോഗിച്ചു് സ്വന്തം ചുമതലകള്‍ വൃത്തിയായി ചെയ്യാന്‍ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യമേ ഈ കുറിപ്പെഴുതിയതിനു പുറകിലുള്ളൂ. ഈ കുറിപ്പു് ആധികാരികമല്ല, ആധികാരിക വിവരം തന്നെ വേണമെന്നുള്ളവര്‍ക്കു് ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുടെ അസ്സല്‍ രേഖകള്‍ വായിച്ചു മനസ്സിലാക്കാവുന്നതാണു്. അപ്പോ നമ്മളു തൊടങ്ങ്വല്ലേ? ടേം ട്ട ടേം..

മുന്നുര

ഞാനുള്‍പ്പെടെയുള്ള പഞ്ചായത്തുപണിക്കാര്‍ക്കു് അവരുടെ കമ്പ്യൂട്ടറുകളില്‍ എങ്ങനെ യൂണിക്കോഡ് മലയാളത്തില്‍ ടൈപ്പു് ചെയ്യുന്നതിനു് സംവിധാനമൊരുക്കാം എന്നു് മുമ്പൊരു ബ്ലോഗ് പോസ്റ്റില്‍ ഞാനെഴുതിയിരുന്നു. ഈ മേഖലയിലെ തുടക്കക്കാര്‍ക്കു് അതു് ഈ കണ്ണിയില്‍ വായിക്കാം: http://wp.me/pR1be-3h

ആ കുറിപ്പിനു് തുടര്‍ച്ചയാണു് ഈ കുറിപ്പു്. അധികം വൈകാതെ തന്നെ ഇതെഴുതണമെന്നുണ്ടായിരുന്നെങ്കിലും, മഹാമടി മുഖ്യഹേതുവായി ഇതങ്ങനേ നീണ്ടു നീണ്ടു പോയി. ഇപ്പഴാണു് ഇതു കുത്തിപ്പിടിച്ചിരുന്നെഴുതാന്‍ തോന്നിയതു്.

ഉത്തരവുകളും സര്‍ക്കുലറുകളും

കഴിഞ്ഞ കുറച്ചുകാലമായി സര്‍ക്കാര്‍ പുറത്തിറക്കിയ ചില ഉത്തരവുകളും സര്‍ക്കുലറുകളും ആദ്യമേ തന്നെ നമുക്കു ചര്‍ച്ച ചെയ്യാം. അവയാണല്ലോ നമ്മുടെ പരിഗണനയില്‍ ആദ്യം വരേണ്ടതു്.

1. വിവരസാങ്കേതികവിദ്യാ (ബി) വകുപ്പിന്റെ 21/08/2008 തീയ്യതിയിലെ സ.ഉ.(എം.എസ്.)31/08/വി.സ.വ നമ്പ്ര് ഉത്തരവു് – എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മലയാളം കമ്പ്യൂട്ടിങ് ലഭ്യമാക്കുന്നതിനായി യൂണിക്കോഡ് അധിഷ്ഠിത മലയാളം അക്ഷരങ്ങള്‍ ഉപയോഗിക്കേണ്ടതാണെന്നു്. ഈ കണ്ണിയില്‍: malunicode.pdf

2. ധനകാര്യ (വിവരസാങ്കേതികവിദ്യ – സോഫ്റ്റ്‌വെയര്‍) വകുപ്പിന്റെ 24/09/2010 തീയ്യതിയിലെ 86/2020/ഫിന്‍ നമ്പ്ര് സര്‍ക്കുലര്‍ – എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ സാദ്ധ്യമായേടത്തോളം ലിനക്സോ മറ്റു് ഓപ്പണ്‍സോഴ്സ് സോഫ്റ്റ്‌വെയറോ ഉപയോഗിക്കണം എന്നും, പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍, അനധികൃത സോഫ്റ്റ്‌വെയര്‍ എന്നിവ ഉപയോഗിക്കരുതെന്നും മറ്റും. ഈ കണ്ണിയില്‍: cir1-86-10-fin.pdf

3. വിവരസാങ്കേതികവിദ്യ (ഐ. ടി. സെല്‍) വകുപ്പിന്റെ 21/07/2016 തീയ്യതിയിലെ ഐ.ടി. സെല്‍-2701/2015/ഐ.ടി.ഡി നമ്പ്ര് സര്‍ക്കുലര്‍ – എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗത്തിന്റെ സാദ്ധ്യതകള്‍ നിര്‍ബ്ബന്ധമായും ഉപയോഗപ്പെടുത്തേണ്ടതാണെന്നും, സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും, പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കരുതെന്നും. ഈ കണ്ണിയില്‍: fsw_order.pdf

4. ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഭരണഭാഷ) വകുപ്പിന്റെ 29/07/2016 തീയ്യതിയിലെ 3641/ഔ.ഭാ3/2016/ഉഭപവ. നമ്പ്ര് സര്‍ക്കുലര്‍ – സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഭരണമാദ്ധ്യമം മാതൃഭാഷയിലാണെന്നു് കര്‍ശനമായും ഉറപ്പു വരുത്താനും, അടിയന്തിരമായി നടപ്പില്‍ വരുത്താനും. ഈ കണ്ണിയില്‍: personnel-and-administrative-reforms-department-official-language-malayalam-reg-no-3641-ol3-2016-pard.pdf

മേല്‍പ്പറഞ്ഞ ഉത്തരവുകളെപ്പറ്റി കൂടുതലൊന്നും ഞാനിവിടെ വിവരിക്കുന്നില്ല, അതാതു ഉത്തരവുകള്‍ വായനക്കാര്‍ക്കു തന്നെ നോക്കി കാര്യം മനസ്സിലാക്കാം. ഇവയൊക്കെ വായിച്ചതില്‍ നിന്നു് എനിക്കു മനസ്സിലായ കാര്യം ഇത്രയുമാണു്. – സര്‍ക്കാര്‍ വകുപ്പുകളിലും, സര്‍ക്കാര്‍ ആപ്പീസുകളിലും മറ്റും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗം നടപ്പില്‍ വരുത്താനും, കുത്തക സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുടെ അനധികൃത ഉപയോഗം ഇല്ലാതാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കൂടാതെ മലയാളം കമ്പ്യൂട്ടിങ്, കമ്പ്യൂട്ടര്‍ മുഖേനയുള്ള എഴുത്തുകുത്തുകള്‍ എന്നിവ യൂണിക്കോഡ് സ്റ്റാന്‍ഡേര്‍ഡിലാക്കാനും ഭരണമാദ്ധ്യമം മാതൃഭാഷയിലാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ശരിയല്ലേ?

തടസ്സങ്ങളും നീക്കുപോക്കും

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, കുത്തക സോഫ്റ്റ്‌വെയര്‍, മലയാളം കമ്പ്യൂട്ടിങ് എന്നൊക്കെ കേട്ടു് ബേജാറാകാന്‍ വരട്ടെ, സര്‍ക്കാരിന്റെ മേല്‍പ്പറഞ്ഞ ഉദ്ദേശ്യം നടപ്പില്‍ വരുത്തുകയെന്നതു് അങ്ങനെ ആനപിടിച്ചാലും പൊങ്ങാത്ത കാര്യമൊന്നുമല്ല. വേണമെന്നു വച്ചാല്‍ ആര്‍ക്കും വളരെയെളുപ്പത്തില്‍ സംവിധാനം ചെയ്തെടുക്കാവുന്നതേയുള്ളൂ ഇതു്. എന്നാല്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേ നമ്മള്‍ പഞ്ചായത്തുകാര്‍ എല്ലാം ചെയ്യൂ എന്നു ശഠിക്കാനും പറ്റില്ല. അതെന്താ അങ്ങനെ? ദാ പിടിച്ചോളൂ കാരണങ്ങള്‍:

1. നമ്മുടെ പഞ്ചായത്താപ്പീസുകളില്‍ ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്നതും ഐ കെ എം വികസിപ്പിച്ചെടുത്തതുമായ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളില്‍ സേവന സിവില്‍ രജിസ്ട്രേഷന്‍, സാംഖ്യ, സൂചിക, സ്ഥാപന, സചിത്ര എന്നിവ വിന്‍ഡോസിലേ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റൂ. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഗ്നു/ലിനക്സില്‍ അവ പ്രവര്‍ത്തിക്കില്ല. ഈ പ്രോഗ്രാമുകളുടെ ഗ്നു/ലിനക്സിലും പ്രവര്‍ത്തിക്കുന്ന പതിപ്പുകളിറങ്ങി പ്രയോഗത്തില്‍ വരുന്നതു വരെ അവ സ്ഥാപിച്ച കമ്പ്യൂട്ടറുകള്‍ വിന്‍ഡോസില്‍ തുടര്‍ന്നേ പറ്റൂ. ഇല്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തനമാകെ താളം തെറ്റും.

2. ഗ്നു/ലിനക്സ് നെറ്റ‌്‌വര്‍ക്ക് നേരാംവണ്ണം കോണ്‍ഫിഗര്‍ ചെയ്യാന്‍ ഐ കെ എമ്മിലെ ടെക്‍നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കു് നിലവില്‍ അറിവില്ല. അവരുടെ തൊഴില്‍ പരിചയം പൂര്‍ണ്ണമായും വിന്‍ഡോസ് പ്ലാറ്റ്ഫോമില്‍ ഒതുങ്ങി നില്ക്കുന്നു. അവരിനി ഇതൊക്കെ എപ്പോ മനസ്സിലാക്കും ആവോ.

അതിനാല്‍ തല്ക്കാലം ഓപ്പറേറ്റിങ് സിസ്റ്റം നമുക്കു് ഗ്നു/ലിനക്സിലേക്കു് മാറ്റാന്‍ കഴിയില്ല. പകരം, വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുപയോഗിക്കാമെന്ന കോംപ്രമൈസിലെത്താം. നമ്മുടെ ആപ്പീസുപണികള്‍ ഭംഗിയായി ചെയ്യാന്‍ സാധിക്കുന്ന അങ്ങനെത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ നമുക്കു പരിചയപ്പെടാം. റെഡിയല്ലേ?

സ്വതന്ത്ര ഫോണ്ടുകള്‍

ആദ്യമായി നമുക്കു വേണ്ടതു് കമ്പ്യൂട്ടറില്‍ നമ്മള്‍ ടൈപ്പു ചെയ്യുന്ന രേഖകള്‍ വൃത്തിയായി കാണാന്‍ കഴിയുന്ന സ്വതന്ത്ര യൂണിക്കോഡ് മലയാളം ഫോണ്ടുകളാണു്. വിന്‍ഡോസില്‍ ഡിഫാള്‍ട്ടായി വരുന്ന കാര്‍ത്തിക, നിര്‍മ്മല എന്നീ തല്ലിപ്പൊളി യൂണിക്കോഡ് ഫോണ്ടുകള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കു പറ്റിയവയല്ലെന്നു് ആദ്യമേ പറയട്ടെ. അവയ്ക്കു പകരം നല്ല അടിച്ചുപൊളി ഫോണ്ടുകള്‍ കിട്ടുന്ന ഒരു കണ്ണി ദാ, താഴെ:

https://smc.org.in/fonts/

1fonts

ഈ കണ്ണിയില്‍ ചെന്നു് അവിടെ കാണിച്ച ഫോണ്ടുകളുടെ പട്ടികയില്‍ അവയുടെ ഡൌണ്‍ലോഡ് ബട്ടണും കാണാം.

2fonts
അവിടെ കാണുന്ന എല്ലാ ഫോണ്ടുകളും ഡൌണ്‍ലോഡ് ചെയ്തു് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഫോണ്ടുകള്‍ ഡൗണ്‍ലോഡു ചെയ്തിട്ടു് അതിന്മേല്‍ റൈറ്റ്ക്ലിക്ക് ചെയ്തു് കിട്ടുന്ന മെനുവില്‍ ഇന്‍സ്റ്റാള്‍ ഐറ്റത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി.

3font_installation

പൈസയൊന്നും കൊടുക്കണ്ടാന്നേ. നിങ്ങടെ ഇഷ്ടം പോലെ ഉപയോഗിച്ചോളൂ.

മോസില്ല ഫയര്‍ഫോക്‍സ്

ഈ തലക്കെട്ടു് കാണുമ്പോഴേ നിങ്ങള്‍ക്കു് ചിരി വരുന്നുണ്ടാകുമെന്നെനിക്കറിയാം. മോസില്ല ഫയര്‍ഫോക്‍സ് ഒക്കെ അറിഞ്ഞൂടാത്ത ആളുകളുണ്ടാവ്വോ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍? എന്നാലും ഇരിക്കട്ടെ. ഇന്റര്‍നെറ്റ് എക്സ്പ്ലോററിനും ഗൂഗ്ള്‍ ക്രോമിനും പകരമുപയോഗിക്കാവുന്ന സ്വതന്ത്ര വെബ്ബ്ബ്രൌസറാണു് മോസില്ല ഫയര്‍ഫോക്‍സ്. താഴെക്കാണുന്ന കണ്ണിയില്‍ ചെന്നു് ഫയര്‍ഫോക്‍സിന്റെ ഏറ്റവും പുതിയ പതിപ്പു് ഇന്‍സ്റ്റാള്‍ ചെയ്യുക.

https://www.mozilla.org/en-US/firefox/new/

ഇന്‍സ്റ്റാള്‍ ചെയ്യലൊന്നും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നേ. ഡൌണ്‍ലോഡ് ചെയ്തു കിട്ടുന്ന ഫയലില്‍ ക്ലിക്ക് ചെയ്തു് നെക്‍സ്റ്റടിച്ചു് നെക്‍സ്റ്റടിച്ചു് ചറപറാ നെക്‍സ്റ്റടിച്ചു് ഫിനിഷാക്കിയാല്‍ മതി.

ഇനി അതിലെ ഡിഫാള്‍ട്ട് ഫോണ്ട് നമ്മള്‍ നേരത്തേ ഡൌണ്‍ലോഡ് ചെയ്ത ഫോണ്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടതൊന്നു് ആക്കി സെറ്റാക്കണം. എനിക്കിഷ്ടം മീരയാണു്. മീരയെ ഡിഫാള്‍ട്ട് ഫോണ്ടാക്കുന്നതിനു് ടൂള്‍സ് മെനുവിലെ ഓപ്ഷന്‍സ് എടുക്കുക.

mozillafirefox

അതിലെ കണ്ടെന്റില്‍ ചെന്നു് ഡിഫാള്‍ട്ട് ഫോണ്ട് മീര ആക്കുക.

mozillafirefox2

എന്നിട്ടു് അതിനടുത്ത അഡ്വാന്‍സ്ഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന മെനുവില്‍ ഫോണ്ട്സ് ഫോര്‍ മലയാളം എന്നതിലെല്ലാം മീരയെ സെറ്റ് ചെയ്ത് ഓക്കേ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

mozillafirefox3

ഫയര്‍ഫോക്സിനെ സെറ്റാക്കല്‍ കഴിഞ്ഞു. ഇനി ഫയര്‍ഫോക്‍സുപയോഗിച്ചു് ബ്രൌസ് ചെയ്യുന്ന വെബ്ബ്സൈറ്റുകളിലെയെല്ലാം മലയാളത്തിലുള്ള ഉള്ളടക്കം മീര ഫോണ്ടിലാണു് കാണുക.

ഡെല്യൂജ്

അടുത്തതായി നാം പരിചയപ്പെടാന്‍ പോവുന്നതു് മറ്റൊരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമായ ഡെല്യൂജിനെയാണു്. ഈ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം കൊണ്ടു് നമുക്കു് ആപ്പീസുപണികളില്‍ വലിയ ഉപയോഗമില്ല. പിന്നെന്തു കൊണ്ടാണിതിവിടെ പറയുന്നതെന്നല്ലേ? പറയാം. ഇതു് വളരെ വലിപ്പമുള്ള ഫയലുകള്‍ ബിറ്റ് ടൊറന്റ് സംവിധാനം വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാമാണു്. ഇനി പറയാന്‍ പോവുന്ന നമുക്കാവശ്യമുള്ള രണ്ടു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ വളരെ വലിപ്പമുള്ള ഫയലുകളായതിനാല്‍ അവ നേരിട്ടു് ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ അവയുടെ ഭാഗങ്ങള്‍ നേരാംവണ്ണം ഡൌണ്‍ലോഡ് ചെയ്യപ്പെടാതെ കറപ്ഷന്‍ വന്നുപോവാന്‍ സാദ്ധ്യതയുണ്ടു്. അപ്പോ അതുവരെ ഡൌണ്‍ലോഡ് ചെയ്തതൊക്കെ വെറുതെയാവും. അതുകൊണ്ടു് അവയുടെ ടൊറന്റ് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്തു് അവ ഡെല്യൂജ് ഉപയോഗിച്ചു് തുറന്നു് ബിറ്റ്ടൊറന്റു വഴി ഡൌണ്‍ലോഡുന്നതാണു് എളുപ്പം. താഴെ കണ്ണിയില്‍ നിന്നു് ഇതിനെ ഡൌണ്‍ലോഡ് ചെയ്യാം.

http://dev.deluge-torrent.org/wiki/Download

ഇന്‍സ്റ്റലേഷന്‍ നേരത്തെ പറഞ്ഞ പോലെതന്നെ. ക്ലിക്ക് ചെയ്തു് നെക്സ്റ്റ്.. നെക്സ്റ്റ്…. അതെന്നെ.

deluge

deluge2

deluge3

ലിബ്രെഓഫീസ്

അടുത്തതായി നാം പരിചയപ്പെടാന്‍ പോവുന്നതു് ലിബ്രെഓഫീസിനെയാണു്. ഇവനാണു് താരം. നമ്മള്‍ എം എസ് ഓഫീസ് ഉപയോഗിച്ചു് ഇന്നെന്തൊക്കെ ചെയ്യുന്നുവോ, അതും അതിലപ്പുറവും ഈ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം കൊണ്ടു് ചെയ്യാം. രേഖകള്‍ പിഡിഎഫ് ആക്കുന്നതിനു് വേറൊരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിന്റെ ആവശ്യമില്ല, ഇതില്‍ത്തന്നെ അതു ചെയ്യാം. പിഡിഎഫ് ഫയലുകള്‍ എഡിറ്റ് ചെയ്യുകയുമാവാം. യൂണിക്കോഡ് മലയാളം പിന്തുണ എം എസ് ഓഫീസിനേക്കാള്‍ കൂടുതലാണിതിനു്. എം എസ് ഓഫീസ് വിലകൊടുത്തു വാങ്ങണമെങ്കില്‍ ഇതു് സൌജന്യമാണു്. പോരാത്തതിനു് സ്വതന്ത്ര സോഫ്റ്റ്‌വെയറും. ഇതു് എം എസ് ഓഫീസ് പോലെ വലിയൊരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമായതിനാല്‍ ഇതിന്റെ ഇന്‍സ്റ്റലേഷന്‍ ഫയലും വലിയതാണു്. അതിനാല്‍ താഴെ കണ്ണിയില്‍ പോയി അതിന്റെ ടൊറന്റ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക. എന്നിട്ടു് അതിനെ നേരത്തേ നാം ഇന്‍സ്റ്റാള്‍ ചെയ്ത ഡെല്യൂജ് ഉപയോഗിച്ചു് തുറന്നു് ടൊറന്റിലൂടെ ഡൌണ്‍ലോഡുക.

https://www.libreoffice.org/download/libreoffice-fresh/

libreoffice

ഇന്‍സ്റ്റലേഷനും എളുപ്പമാണു്. ക്ലിക്ക് ചെയ്തു് നെക്സ്റ്റ്.. നെക്സ്റ്റ്…. അതു തന്നെന്നേ.
ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ ഫയര്‍ഫോക്‍സില്‍ നേരത്തേ നമ്മള്‍ ചെയ്ത മാതിരി ഒരു ചെറിയ കൈക്രിയ ചെയ്യാനുണ്ടു്. ഇതില്‍ യൂണിക്കോഡ് മലയാളത്തില്‍ ടൈപ്പു ചെയ്തു തുടങ്ങിയാല്‍ ഇപ്പോള്‍ കാണുക ചതുരക്കള്ളികളാണു്. അതിന്റെ കാരണം, മലയാളത്തിന്റെ ഡിഫാള്‍ട്ട് ഫോണ്ടായിക്കിടക്കുന്നതു് ദേവനാഗരി ഫോണ്ടായ മംഗള്‍ ആയതു കൊണ്ടാണു്. ഇതിനെ മാറ്റി മീരയോ മറ്റേതെങ്കിലും മലയാളം ഫോണ്ടോ ആക്കി ഈ സൊല്ല ഒഴിവാക്കാം. ഇതിനായി ടൂള്‍സ് മെനുവിലെ ഒപ്ഷന്‍സില്‍ ചെല്ലുക.

libreoffice1

അതിലെ ഫോണ്ട്സില്‍ റീപ്ലേസ്‌മെന്റ് ടേബിളില്‍ മംഗള്‍ സെലക്ട് ചെയ്തു് അതിനെ റീപ്ലേസ് വിത്ത് മീര എന്നാക്കി ടിക്ക് മാര്‍ക്ക് ക്ലിക്ക് ചെയ്ത് സെറ്റാക്കുക. ഓക്കെ ക്ലിക്ക് ചെയ്യുക.

libreoffice2

ഇനി മലയാളം ടൈപ്പു് ചെയ്യുമ്പോ മംഗളിന്റെ ചതുരക്കള്ളികള്‍ കയറിവരില്ല.
എം എസ് ഓഫീസ് ഉപയോഗിച്ചു പരിചയിച്ച ഒരാള്‍ക്കു് ഇതുപയോഗിക്കുന്നതെങ്ങനെയെന്നു് പറഞ്ഞു തരേണ്ട ആവശ്യമില്ല.

ലിബ്രെഓഫീസ് റൈറ്റര്‍ ഉപയോഗിച്ചു് കത്തുകളും മറ്റും ടൈപ്പു ചെയ്തെടുക്കാം. എം എസ് വേര്‍ഡിലെപ്പോലെത്തന്നെ. ഇതിന്റെ ഡിഫാള്‍ട്ട് ഫയല്‍ ടൈപ്പ് ഒ ഡി എഫ് (ഒ ഡി ടി) ആണെന്നു് ശ്രദ്ധിക്കുക. അതിനാല്‍ രേഖ ടൈപ്പു ചെയ്തു ഫയല്‍ മറ്റേതെങ്കിലും ആപ്പീസിലേക്കു് ഇമെയിലായി അയക്കുമ്പോള്‍ അവിടെ ലിബ്രെഓഫീസില്ലെങ്കില്‍ അവര്‍ക്കു് ഫയല്‍ തുറക്കാന്‍ ബുദ്ധിമുട്ടാവും. അതിനാല്‍ മറ്റാപ്പീസുകളിലേക്കു് രേഖ അയക്കുമ്പോള്‍ ഡോക് ഫോര്‍മാറ്റിലോ, പി ഡി എഫ് ആക്കിയോ അയച്ചാല്‍ ഈ പ്രശ്നവും പരിഹരിക്കാം.

libreoffice3

ഇതുപയോഗിച്ചു് തയ്യാറാക്കി ഇതില്‍ത്തന്നെ പിഡിഎഫ് ഫയലാക്കിയെടുത്ത ഏതാനും രേഖകള്‍ താഴെ കണ്ണികളില്‍ കൊടുക്കുന്നു.

ഒരു പഞ്ചായത്തു് തീരുമാനം:

319-resolution_manichery_colony_housing_project_appeal-reg.pdf

ബഹു. മന്ത്രിക്കു് പ്രസിഡണ്ടയക്കുന്ന കത്തു്:

letter_revenue_mannuppoyil_kollamkunnel_road_flood_relief_fund.pdf

ഒരു പ്രമാദമായ വിഷയം തീര്‍പ്പാക്കുന്നതിലേക്കായി നടത്തിയ എഴുത്തുകുത്തുകള്‍:

manichery_ambalakkunnu_letter_to_pcyt_director.pdf

manichery_ambalakkunnu_letter_to_pcyt_director_chamber.pdf

manichery_ambalakkunnu_letter_to_principal_sec_finance.pdf

ഇനി മേലെക്കൊടുത്ത ഇതേ മാറ്റര്‍ എം എസ് വേര്‍ഡ് 2007 പതിപ്പില്‍ കാണുന്നതെങ്ങനെയെന്നു നോക്കാം:

msofficeword2007_cp

msword2007_res_cp

ചെമന്ന വട്ടത്തിലാക്കിയ ഭാഗങ്ങളൊക്കെയും എം എസ് വേര്‍ഡ് യൂണിക്കോഡ് മലയാളം ചിത്രീകരിക്കുന്നതിലുള്ള പിഴവുകളാണു്. അവ നമ്മള്‍ ടൈപ്പുചെയ്തതിലെ പിഴവല്ലെന്നതു് ശ്രദ്ധിക്കുക. ഇതാണു് മഹത്തായ എം എസ് ഓഫീസിലെ യൂണിക്കോഡ് മലയാളം റെന്‍ഡറിങ്ങിന്റെ കോലം. ലിബ്രെ ഓഫീസില്‍ ഇതെത്ര മനോഹരമായിട്ടാണു് ചിത്രീകരിച്ചതെന്നു താരതമ്യപ്പെടുത്തി നോക്കൂ.

ലിബ്രെഓഫീസ് കാല്‍ക് ഉപയോഗിച്ചു് സ്പ്രെഡ്ഷീറ്റുകളും തയ്യാറാക്കാം. എം എസ് എക്സെല്‍ പോലെ.

libreoffice5

ലിബ്രെഓഫീസ് ഇംപ്രസ്സ് ഉപയോഗിച്ചു് മലയാളത്തിലും, ഇംഗ്ലീഷിലും പ്രസന്റേഷന്‍ സ്ലൈഡുകള്‍ തയ്യാറാക്കാം. എംഎസ് പവര്‍പോയിന്റില്‍ പിപിടി തയ്യാറാക്കുന്നതിനേക്കാള്‍ മനോഹരമായി.

libreoffice7

libreoffice9

libreoffice10

ആസ്കീ മലയാളത്തിലുള്ള രേഖകളും ലിബ്രെഓഫീസില്‍ വായിക്കാം.

libreoffice12

ലിബ്രെഓഫീസ് ഡ്രോ ഉപയോഗിച്ചു് പിഡിഎഫ് ഫയലുകള്‍ എഡിറ്റ് ചെയ്യാം. സാംപിള്‍ താഴെ:

libre_office_draw

libre_office_draw_pdf_result

സുമാത്രപിഡിഎഫ്

അടുത്തതായി ഒരു പി ഡി എഫ് റീഡര്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണു്. സുമാത്രപിഡിഎഫ്. ഇതു് നാം ഓഫീസുകളില്‍ ഉപയോഗിച്ചു പരിചയിച്ച അഡോബെ ആക്രോബാറ്റ് റീഡര്‍ പോലെത്തന്നെയാണു്. പോരാത്തതിനു് ഇതിനു് വേഗം ലേശം കൂടുതലാണെന്ന മെച്ചമുണ്ടു്. താഴെ കണ്ണിയില്‍ നിന്നു് ഇതിനെ ഡൌണ്‍ലോഡ് ചെയ്തു് ഇന്‍സ്റ്റാള്‍ ചെയ്യാം.

https://www.sumatrapdfreader.org/download-free-pdf-viewer.html

sumatrapdf

sumatrapdf2

sumatrapdf3

sumatrapdf4

എവിന്‍സ്

എവിന്‍സും ഒരു പിഡിഎഫ് റീഡര്‍ തന്നെ. ഇതു് സുമാത്ര പിഡിഎഫിന്റെ പോലെ തന്നെ ഉപയോഗിക്കാം. ഗ്നു/ലിനക്സിലെ ഗ്നോം ഡെസ്ക്ടോപ്പിലെ ഡിഫാള്‍ട്ട് പിഡിഎഫ് റീഡര്‍ ഇതാണു്. പക്ഷേ വിന്‍ഡോസില്‍ ഇതിലെ മെനുവിനൊക്കെ റെസ്പോണ്‍സീവ്‌നെസ്സ് ലേശം കുറവായിട്ടാണു് കാണുന്നതു്. ഗ്നു/ലിനക്സില്‍ ഇതിനു് പക്ഷേ ഈ പ്രശ്നം കാണുന്നില്ല.

താഴെ കണ്ണിയില്‍ നിന്നു് ഇതു് ഡൌണ്‍ലോഡ് ചെയ്തുപയോഗിച്ചു് പരീക്ഷിക്കാം.

https://wiki.gnome.org/Apps/Evince/Downloads

evince

evince1

evince2

evince3

ഗിമ്പ്

ഇതു് ഒരു ഇമേജ് പ്രോസസ്സിങ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണു്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു് സെക്‍ഷനില്‍ ആളുകളുടെ ഫോട്ടോകള്‍ ക്രോപ്പ് ചെയ്യാന്‍ വ്യാപകമായി ഉപയോഗിക്കുന്ന അഡോബെ ഫോട്ടോഷോപ്പിനു് പകരം ഇതുപയോഗിക്കാവുന്നതാണു്. കൂടാതെ വികസനരേഖയുടെയും പദ്ധതിരേഖയുടെയും പുറംചട്ടകള്‍ ഡിസൈന്‍ ചെയ്യാനും ഇതുപയോഗിക്കാം. ഇതിന്റെ ഇന്‍സ്റ്റലേഷന്‍ ഫയലും സാമാന്യം വലുതായതിനാല്‍ ഇതും ബിറ്റ്ടൊറന്റു വഴി ഡൌണ്‍ലോഡ് ചെയ്യുന്നതാണു് അഭികാമ്യം. ഇതിന്റെ ടൊറന്റ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു് ഡെല്യൂജില്‍ തുറന്നു് ഡൌണ്‍ലോഡു ചെയ്യുക.

https://www.gimp.org/downloads/

gimp1

gimp2

gimp3

അഡോബെ ഫോട്ടോഷോപ്പ് ഉപയോഗിച്ചു് പരിചയിച്ചവര്‍ക്കു് ഇതിന്റെ ഡിഫാള്‍ട്ട് രൂപമായ ഒന്നില്‍ക്കൂടുതല്‍ വിന്‍ഡോകള്‍ ഒരുപക്ഷേ പിടിച്ചെന്നു വരില്ല. അതിനെ വിന്‍ഡോ മെനുവിലെ സിംഗ്ള്‍ വിന്‍ഡോ മോഡ് ചെക്ക് ചെയ്താല്‍ ഫോട്ടോഷോപ്പ് പോലെ ഒറ്റ വിന്‍ഡോയാക്കി മാറ്റാം.

gimp4

കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിലെ മുന്‍ മെമ്പര്‍മാരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ ഗിമ്പ് ഉപയോഗിച്ചു് ഡിസൈന്‍ ചെയ്തതു് താഴെ കൊടുക്കുന്നു.

gimp5

gimp6_1

ഇങ്ക്സ്കേപ്പ്

ഇതു് വെക്ടര്‍ ഡ്രോയിങ്ങിനുപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണു്. ഡി ടി പിക്കാര്‍ കോറല്‍ഡ്രോയില്‍ ചെയ്യുന്ന ഏതു കാര്യവും ഇതില്‍ നമുക്കു ചെയ്യാം. താഴെ കണ്ണിയില്‍ പോയി ഇതു് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണു്.

https://inkscape.org/en/download/

ക്യുജിസ് എന്ന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുപയോഗിച്ചു് തയ്യാറാക്കിയ കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തിന്റെ ഭൂപടം ഇങ്ക്സ്കേപ്പില്‍ മിനുക്കിയെടുത്തതു് താഴെ കൊടുക്കുന്നു.

inkscape1

2015ല്‍ പാലക്കാട്ടു വച്ചു നടന്ന പഞ്ചായത്തു ദിനാഘോഷത്തില്‍ സ്റ്റാളൊരുക്കാന്‍ വേണ്ടി ഇങ്ക്സ്കേപ്പുപയോഗിച്ചു് തയ്യാറാക്കിയ പോസ്റ്ററുകളില്‍ ചിലതു്:

inkscape2

inkscape3

inkscape4

inkscape5

സെവന്‍സിപ്പ്

http://www.7-zip.org/
ഇതു് ഫയലുകള്‍ സിപ്പ് ചെയ്യാനും അണ്‍സിപ്പ് ചെയ്യാനും ഉപയോഗിക്കുന്ന പ്രോഗ്രാമാണു്. .zip മാത്രമല്ല മറ്റു് ഒട്ടുവളരെ കമ്പ്രഷന്‍ മെത്തേഡുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടു്. വിന്‍സിപ്പിനും വിന്‍റാറിനുമൊക്കെ പകരം ഉപയോഗിക്കാം.

7zip

7zip2

7zip3

മേല്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളില്‍ ഇടയ്ക്കിടെ വരുന്ന ആ ‘കാശു താ, കാശു താ’ എന്ന മെസേജ് ഇതിലില്ല താനും.

ഷോട്ട്‌വെല്‍

https://wiki.gnome.org/Apps/Shotwell

ഇതു് ഒരു ഫോട്ടോമാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍പ്രോഗ്രാമാണു്. ഡിജിറ്റല്‍ഫോട്ടോകള്‍ ഇതിലേക്കു് ഇംപോര്‍ട്ട് ചെയ്താല്‍ അവ എടുത്ത തീയ്യതിക്രമത്തില്‍ ഇതില്‍ ശേഖരിക്കപ്പെടും. അവയെ തിരയാനും മറ്റും എളുപ്പമാണു്. അത്യാവശ്യം ഫോട്ടോ ക്രോപ്പിങ്ങും ഇതില്‍ ചെയ്യാം. തൊഴിലുറപ്പു് സെക്‍ഷനില്‍ ഉപയോഗപ്പെടുത്താം. ഈ കണ്ണിയില്‍ ചെന്നു് ഇതു് ഡൌണ്‍ലോഡ് ചെയ്യാം.

https://shotwell.en.softonic.com/

shotwell_screenshot

shotwell_screenshot2

പിന്‍കുറി

കുത്തക സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുടെ അനധികൃത പകര്‍പ്പുകള്‍ (pirated) ഉപയോഗിക്കുന്നതു് 1957 ലെ ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരവും 2000 ലെ വിവര സാങ്കേതികവിദ്യാ നിയമം(ഇന്‍ഫോര്‍മേഷന്‍ ടെക്‍നോളജി ആക്ട്) വകുപ്പു് 66(2) പ്രകാരവും ഗുരുതരവും ശിക്ഷാര്‍ഹവുമായ കുറ്റമാണെന്നു കൂടി ഓര്‍ക്കുക. അതുകൊണ്ടു് നമ്മുടെ ആവശ്യങ്ങള്‍ നടത്തുവാന്‍ ഇത്തരം നിയമനൂലാമാലകളൊന്നുമില്ലാത്ത സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ എല്ലാവരും ഉപയോഗിക്കൂന്നേ. എല്ലാ പഞ്ചായത്തു വകുപ്പു ജീവനക്കാരും സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രോഗ്രാമുകള്‍ മാത്രമുപയോഗിക്കുന്ന ഒരു കിണാശ്ശേരിയാണെന്റെ സ്വപ്നം.

ഈ പോസ്റ്റിന്റെ പി ഡി എഫ് വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Advertisements

10 thoughts on “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ഗ്രാമപഞ്ചായത്താപ്പീസുകളിലേക്കു്

 1. തീർച്ചയായും എന്റെ പഞ്ചായത്തിൽ ട്രൈ ചെയ്യും. ഇതു പോലെ ഉപകാരപ്രദമായ പോസ്റ്റുകൾ ഇനിയു പ്രതീക്ഷിക്കുന്നു ..!

   • വിന്‍ഡോസിലെ ഡിഫാള്‍ട്ട് മലയാളം കീബോര്‍ഡാണുപയോഗിക്കുന്നതെന്നൂഹിക്കുന്നു.
    ഈ കണ്ണിയില്‍ നിന്നു് ലഭിക്കുന്ന ഫയല്‍ ഡൌണ്‍ലോഡ് ചെയ്തു് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം, ആദ്യം: http://malayalam.kerala.gov.in/images/9/92/Win-inscript.zip
    എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നു് ഈ കണ്ണിയിലെ 11-ാമത്തെ ഖണ്ഡിക മുതല്‍ താഴോട്ടു് വായിച്ചാല്‍ പിടികിട്ടും: http://wp.me/pR1be-3h
    ചെയ്തിട്ടു് ശരിയാവുന്നില്ലേയെന്നു നോക്കൂ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )