കേളു എഴുത്തച്ഛന്‍ അഥവാ കേളു മാഷ്

രാത്രി ഏതാണ്ടു് പത്തുമണിയായിക്കാണും. നിശാപാഠശാല വിട്ടു് കേളു എഴുത്തച്ഛന്‍ വീട്ടില്‍ തിരിച്ചെത്തി. ഒറ്റമുറി ഓലപ്പുരയുടെ കോലായിലിട്ട കട്ടിലില്‍ തന്റെ അച്ഛന്‍ കിടക്കുന്നു. അമ്മ മകനെ കാത്തിരിപ്പാണു്. എഴുത്തച്ഛന്‍ കഞ്ഞിയും ചമ്മന്തിയും കഴിച്ചു കിടന്നു. ക്ഷീണം കൊണ്ടു് വേഗത്തില്‍ ഉറങ്ങിപ്പോയി. അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കും, വിറകുപുരയുടെ ചായ്പില്‍ നിന്നു് പന്തിയല്ലാത്ത ഒരു ഞരക്കം. ആടു് തൂങ്ങിയല്ലോ. വിറകുപുരയില്‍ ഉയര്‍ത്തിക്കെട്ടിയ പറത്തില്‍ നിന്നു് താഴെ വീണിരിക്കും. അതാ വീണ്ടും ഞരക്കം. എഴുത്തച്ഛന്‍ പിടഞ്ഞെഴുന്നേറ്റു. കൂരാക്കൂരിരുട്ടാണു്, ഒന്നും കാണുന്നില്ല. തലയിണയുടെ കീഴെ നിന്നു് തീപ്പെട്ടി എടുത്തു് ഉരസി. കത്തുന്നില്ല. തണുത്തിരിക്കുന്നു. പിന്നീടു് ഒട്ടും താമസിച്ചില്ല. ചുമരും പിടിച്ചു് തപ്പിത്തപ്പി നടന്നു. ആട്ടിന്‍കൂടിന്റെ പറം പരതി നോക്കി. ആടു് തൂങ്ങിയതു് തന്നെ. ഉറപ്പിച്ചു. പറത്തിനു മുകളില്‍ കയറി. നടുപ്പലകയുടെ വശങ്ങളിലുള്ള പലകകള്‍ തള്ളി അകറ്റി. വിടവിലൂടെ കൈകള്‍ താഴ്ത്തി. ആടിനെ പിടിച്ചു പൊക്കി. ഇതു് ആടിന്റെ ശരീരമല്ലല്ലോ. മിനുസമുള്ള രോമം. കയ്യില്‍നിന്നു കുതറുകയും മുരളുകയും ചെയ്യുന്നു. തന്റെ അച്ഛനെയും അമ്മയെയും വിളിച്ചു കൂവി. വിളക്കു് കത്തിച്ചു വരാന്‍ പറഞ്ഞു. അമ്മ എഴുന്നേറ്റു അടുക്കളയിലെ അടുപ്പില്‍ ഓലക്കണ്ണി വെച്ചു് ഊതി. കത്താന്‍ പ്രയാസം. അച്ഛന്‍ എഴുന്നേറ്റു തപ്പിത്തടഞ്ഞു, വരുമ്പോള്‍ വിറകുപുരക്കടുത്തു വീണു. ഓര്‍ക്കാപ്പുറത്തുണ്ടായ ശബ്ദം കേട്ടു് കേളു എഴുത്തച്ഛന്‍ പരിഭ്രമിച്ചു. ഇതിനിടയില്‍, അമ്മ കത്തിച്ച ഓലച്ചൂട്ടുമായി എത്തി. ചൂട്ടിന്റെ വെളിച്ചത്തില്‍ പറത്തിനു ചുവടെ  കാലുനാലും പൊങ്ങിയ നിലയില്‍ പുള്ളിപ്പുലി കുതറുന്നു. “മോനേ, പുലി” അമ്മ നിലവിളിച്ചു. എഴുത്തച്ഛന്റെ കൈ അയഞ്ഞു. പുലി ചാടിയോടി. ആടിനെ കടിച്ചു കൊന്നിരുന്നു. ആട്ടിന്‍കൂടിന്റെ പലകയുമായി പുറം ചേര്‍ത്തു പിടിച്ചതുകൊണ്ടാവണം പുലിക്കു തിരിച്ചു് ആക്രമിക്കാന്‍ കഴിയാതെ പോയതു്. ഏതായാലും എഴുത്തച്ഛന്‍ പുലിയെ പിടിച്ച സംഭവം നാട്ടില്‍ വൈറലായി.kelu and puli

വീട്ടിനടുത്തുള്ള പൂക്കുന്നു മലയില്‍ അന്നു് നിറയെ കാടാണു്. മുമ്പുകാലത്തു് ഇരുമ്പയിരു് എടുത്തുണ്ടായ വലിയ ഗുഹകളില്‍ കാട്ടുമൃഗങ്ങള്‍ക്കു് സുഖമായി കഴിയാം. പുലി, കുറുക്കന്‍, പന്നി, മുള്ളന്‍പന്നി, മുയല്‍ തുടങ്ങിയ ജീവികള്‍ ഏറെയുണ്ടു്. പലപ്പോഴും പുള്ളിപ്പുലികള്‍ നാട്ടില്‍ ഇറങ്ങി പോറ്റുമൃഗങ്ങളെ കടിച്ചു കൊണ്ടുപോകുമായിരുന്നു. അത്തരത്തിലൊരു സംഭവമാണു് അന്നു് നടന്നതു്.

പഴയ തലമുറ അദ്ദേഹത്തെ എഴുത്തച്ഛന്‍ എന്നും പുതിയ തലമുറ അദ്ദേഹത്തെ മാഷ്‌ എന്നും വിളിച്ചു. നന്മണ്ടയില്‍ പരക്കെ അറിയപ്പെടുന്ന രാമന്‍ എഴുത്തച്ഛന്‍ കേളുമാഷിന്റെ ഇളയച്ഛനായിരുന്നു. രാമനെഴുത്തച്ഛന്റെ കാലത്തു തന്നെ കേളുവും എഴുത്തുപള്ളികളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു പോന്നു. നൂറു കുട്ടികള്‍ വരെ അദ്ദേഹത്തിന്റെ എഴുത്തുപള്ളിയില്‍ പഠിച്ചിരുന്നു. നാട്ടില്‍ സ്കൂളുകള്‍ ആരംഭിച്ചപ്പോള്‍ എഴുത്തുപള്ളികളില്‍ പഠിച്ച കുട്ടികളാണു് അവിടെ വിദ്യാര്‍ഥികളായതു്. കേളു അവിടെയും അദ്ധ്യാപകനായി. അദ്ദേഹത്തിന്റെ ജീവിതകാലം നന്മണ്ടയില്‍ വിദ്യാഭ്യാസ രംഗത്തു് മാറ്റം സംഭവിച്ച കാലഘട്ടമാണു്. എഴുത്തുപള്ളികള്‍ ആധുനിക വിദ്യാഭ്യാസരംഗങ്ങളായ സ്കൂളുകള്‍ക്കു് വഴിമാറി. എങ്കിലും നന്മണ്ടയില്‍ പല സ്ഥലങ്ങളിലായി പള്ളിക്കൂടങ്ങള്‍ കെട്ടിയുണ്ടാക്കി, വളരെയേറെ കുട്ടികള്‍ക്കു് അക്ഷരത്തിന്റെ വെളിച്ചം നല്‍കിയ വ്യക്തി എന്ന നിലയ്ക്കു് കേളു എഴുത്തച്ഛന്‍ സ്മരിക്കപ്പെടേണ്ടതാണു്.

നെടുമ്പാലത്തറവാടുമായി ബന്ധമുള്ള തയ്യുള്ളതില്‍ എന്ന വീട്ടിലാണു് കേളു ജനിച്ചതു്. ചെറിയപ്പോട്ടി പെണ്ണുക്കുട്ടി ദമ്പതിമാരുടെ ഏക മകന്‍. സ്വന്തം മാതാവിന്റെ മുലപ്പാല്‍ കുടിയ്ക്കാന്‍ ഭാഗ്യമില്ലാത്ത മകന്‍. മകനെ പ്രസവിച്ചു് നാല്‍പ്പതാം ദിവസം അമ്മ കിണറ്റില്‍ വീണു കിടപ്പിലായി. നീണ്ട നാലു വര്‍ഷങ്ങള്‍  അമ്മയെ പിരിഞ്ഞു അച്ഛന്റെ കൂടെ കഴിഞ്ഞു. അയല്‍വീടുകളിലെ സ്ത്രീകളാണു് യഥാര്‍ത്ഥത്തില്‍ വളര്‍ത്തിയതു്. അഞ്ചു വയസ്സു് പ്രായമായപ്പോള്‍ ഇളയച്ഛനായ രാമനെഴുത്തച്ഛന്റെ കീഴില്‍ എഴുത്തുപള്ളിയില്‍, വിദ്യാഭ്യാസത്തിന്റെ തുടക്കം. രൂപം, അമരം, കാവ്യം തുടങ്ങിയ സംസ്കൃതവിദ്യാഭ്യാസം പത്തു വയസ്സുവരെ തുടര്‍ന്നു. പിന്നീടു് തെക്കേടത്തു് ഉണ്ണീരിനായര്‍ എന്ന വ്യക്തി ആരംഭിച്ച ഒരു ഹയര്‍ എലിമെന്ററി സ്കൂളില്‍  ചേര്‍ന്നു് അഞ്ചാംതരം വരെ പഠിച്ചു. അതിനുശേഷം ഫീസ് കൊടുക്കാനുള്ള സാമ്പത്തികശേഷി ഇല്ലാഞ്ഞതിനാല്‍ പഠനം തുടരാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഏനാംകോട്ടു് ഗോവിന്ദന്‍ എഴുത്തച്ഛന്‍, പൂനത്തു് അപ്പു ഗുരുക്കള്‍ എന്നവരുടെ കീഴില്‍ സംസ്കൃതവിദ്യാഭ്യാസം തുടര്‍ന്നു. സ്വയം നിശാപാഠശാല ആരംഭിച്ചു. മുതിര്‍ന്നവരെ പഠിപ്പിച്ചു കിട്ടുന്ന പ്രതിഫലം നല്‍കിയാണു്, മുന്‍പറഞ്ഞ ഗുരുക്കന്മാരുടെ കീഴില്‍ വിദ്യാഭ്യാസം തുടര്‍ന്നതു്. കാക്കൂരിനടുത്തുള്ള രാമല്ലൂര്‍ എന്ന സ്ഥലത്തായിരുന്നു പഠനകാലത്തു് താമസം.

സ്വന്തമായി ഭൂമിയോ വരുമാനമോ ഇല്ലാതെ ജന്മിയുടെ പറമ്പില്‍ പാട്ടക്കുടിയാന്മാരായിട്ടാണു് ആ കാലത്തു് കുടുംബം കഴിഞ്ഞിരുന്നതു്. പിതാവിന്റെ പാരമ്പര്യത്തൊഴിലായ തുന്നല്‍പ്പണി മാത്രമായിരുന്നു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം. ഇതു് കുടുംബച്ചെലവിനു തന്നെ കഷ്ടിയായിരുന്നു. ജന്മിമാര്‍ക്കു് വര്‍ധിച്ച തോതിലുള്ള പാട്ടം കൊടുത്തു തീര്‍ക്കാന്‍ പോലും ഒരു കുടിയാനു് ആ കാലത്തു് കഴിഞ്ഞിരുന്നില്ല. പാട്ടബാക്കിയുടെ പേരില്‍ ജന്മിമാര്‍ കുടിയാന്മാരെ ഭീഷണിപ്പെടുത്തുകയും കുടിയിറക്കുകയും കേസ്സുകൊടുത്തു ബുദ്ധിമുട്ടിക്കുകയും സര്‍വ്വസാധാരണമായിരുന്നു. വൃത്തിയുള്ള ഒരു വീടുപോലും വയ്ക്കാന്‍ കുടിയാന്മാര്‍ക്കു് കഴിഞ്ഞിരുന്നില്ല. ഈ സ്ഥിതിയില്‍ കുട്ടികളെ ഫീസ്സുകൊടുത്തു പഠിപ്പിയ്ക്കാന്‍ കുടിയാന്മാര്‍ക്കു് എങ്ങിനെ കഴിയും? ഈ പരിതഃസ്ഥിതിയിലാണു്, ഒരു വെല്ലുവിളിപോലെ കേളു എഴുത്തച്ഛന്‍ തന്റെ വിദ്യാഭ്യാസം നേടിയതു്.

അഞ്ചു കൊല്ലം സ്കൂള്‍ വിദ്യാഭ്യാസവും ഏഴു കൊല്ലം വിവിധ ഗുരുനാഥന്മാരുടെ കീഴില്‍ സംസ്കൃത വിദ്യാഭ്യാസവും കഴിഞ്ഞപ്പോള്‍ വയസ്സു് ഏതാണ്ടു് പതിനെട്ടിനടുത്തു. ഈ അവസരത്തില്‍ പോലീസ് സേനയിലേയ്ക്കു് സെലക്‍ഷന്‍ കിട്ടി. ട്രെയിനിങ് നടത്തിക്കൊണ്ടിരിക്കേ, ഒരു ദിവസം ഓഫീസര്‍ വിളിപ്പിച്ചു. ട്രെയിനിങ് മതിയാക്കി വീട്ടിലേയ്ക്കു മടങ്ങാന്‍ അദ്ദേഹം ഉപദേശിച്ചു. കേളു വണ്ണാന്‍ സമുദായക്കാരനാണല്ലോ. തെയ്യം തിറ, മാറ്റു് വയ്ക്കല്‍, ബലിക്കള തുടങ്ങിയവ അവരുടെ കുലത്തൊഴിലുകളായിരുന്നു. അവരുടെ ജന്മാവകാശം ആണതു്. ദേശത്തൊഴിലുകള്‍ ചെയ്യാന്‍ ആളുകള്‍ കുറവാണെന്നു് കാണിച്ചുകൊണ്ടു് നായര്‍ പ്രമാണിയായ അംശം അധികാരി തന്റെ കുടുംബക്കാരന്‍ കൂടിയായ ഓഫീസര്‍ക്കു് എഴുത്തയച്ചതിന്റെ പരിണിതഫലമാണു് ഓഫീസറുടെ ഓര്‍ക്കാപ്പുറത്തുള്ള ഈ വിളിയും ഉപദേശവും. കൂടാതെ, ഒരു വണ്ണാന്‍ ചെക്കന്‍ പോലീസ് ഓഫീസറായാല്‍, നായര്‍ പ്രമാണിമാര്‍ അവനുമുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടി വരില്ലേ എന്ന ആശങ്കയും. ഏതായാലും പോലീസ് ട്രെയിനിങ് അവസാനിപ്പിച്ചു നാട്ടിലേക്കു തന്നെ മടങ്ങേണ്ടി വന്നു.

കുലത്തൊഴിലായ തെയ്യം തിറ കൊണ്ടു് ജീവിതം മുന്നോട്ടു പോവില്ല. സ്ഥിരം വരുമാനമുള്ള എന്തെങ്കിലും തൊഴില്‍ ചെയ്യണം. താന്‍ കഷ്ടപ്പെട്ടു നേടിയ അറിവുകള്‍ നാട്ടുകാര്‍ക്കു് ഉപകാരപ്പെടണം. ഈയവസരത്തില്‍ അക്ഷരാഭ്യാസം നേടാന്‍ താല്പര്യമുള്ള ഏതാനും ആളുകള്‍ കേളുവിനെ സമീപിച്ചു. നാട്ടില്‍ എഴുത്തുപള്ളി കെട്ടി പാവപ്പെട്ടവരെ പഠിപ്പിയ്ക്കണം. വലിയ സാമ്പത്തികമൊന്നും നല്കാന്‍ കഴിവില്ല. പക്ഷേ നിത്യച്ചെലവു കഴിഞ്ഞുപോവും. അദ്ധ്യാപനം തുടങ്ങിയാല്‍ ഓരോ ദിവസവും ഓരോ ശിഷ്യന്റെ വീട്ടില്‍ നിന്നു് ആഹാരം നല്‍കും. കൂടുതലൊന്നും ആഗ്രഹിക്കരുതു്.

കേളു കൂടുതലൊന്നും ചിന്തിച്ചില്ല. തന്റെ തറവാട്ടിലെ ഒരു കാരണവരുടെ വീട്ടുപറമ്പായ പുറ്റാരംകോട്ടുമ്മല്‍ എന്ന സ്ഥലത്തു് നാട്ടുകാരുടെ സഹകരണത്തോടെ ഒരു എഴുത്തുപള്ളി കെട്ടിയുണ്ടാക്കി. അധ്യാപനം തുടങ്ങി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുട്ടികളുടെ എണ്ണം കൂടി. കേളുവിനു് സന്തോഷവും സംതൃപ്തിയുമായി. ഓണം, വിഷു തുടങ്ങിയ വിശേഷദിവസങ്ങളില്‍ സംഭാവനയായി ലഭിക്കുന്ന അരി, നാളികേരം, മുണ്ടു്, പണം തുടങ്ങിയ വസ്തുക്കള്‍ തന്റെ പൂര്‍വ്വഗുരുവായ ഇളയച്ഛനെ മുന്‍നിര്‍ത്തി സ്വീകരിച്ചു. ഏതാണ്ടു് നാലു കൊല്ലത്തോളം അവിടെ തുടര്‍ന്നു. പിന്നീടു് എഴുത്തുപള്ളി സ്വന്തം വീട്ടിനടുത്തുള്ള കൊല്ലങ്കണ്ടി പറമ്പിലേയ്ക്കു മാറ്റി. അവിടെയും ശിഷ്യന്മാര്‍ കൂടുതലുണ്ടായിരുന്നു. മൂന്നു കൊല്ലം കഴിഞ്ഞു് അല്പം വടക്കുഭാഗത്തുള്ള അടുവാട്ടു് പറമ്പില്‍ എഴുത്തുപള്ളി സ്ഥാപിച്ചു. അവിടെ വിദ്യാര്‍ത്ഥികളുടെ എണ്ണം നൂറുവരെ ഉണ്ടായിരുന്നുവത്രേ. അവിടെ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തെക്കേടത്തു് കുഞ്ഞിരാമന്‍ അധികാരിയുടെ മകനായ കരുണാകരന്‍ നായര്‍, കല്ലാരിപറമ്പില്‍ എന്ന സ്ഥലത്തു് ഒരു സ്കൂള്‍ സ്ഥാപിക്കണമെന്ന ആഗ്രഹം അറിയിച്ചു. അവിടെ ഒഴിഞ്ഞു കിടക്കുന്ന ഒരു കെട്ടിടം ഉണ്ടായിരുന്നു. അടുവാട്ടെ എഴുത്തുപള്ളിയിലെ കുട്ടികളെ ആ കെട്ടിടത്തില്‍ കൊണ്ടുവന്നു് അധ്യാപനം നടത്താന്‍ നിര്‍ദ്ദേശിച്ചു.. അതുപ്രകാരം ക്ലാസ്സ് ആരംഭിച്ചു. സ്കൂളിന്നു് തുടക്കം കുറിച്ചു. മാസം 3 രൂപ പ്രതിഫലത്തില്‍ അവിടെ രണ്ടുകൊല്ലം ജോലി ചെയ്തു. പിന്നീടു് അവിടെ നിന്നു് വിട്ടു. ഇക്കാലത്തു് അദ്ദേഹം വിവാഹിതനായി. അധികം താമസിയാതെ, കിഴക്കേ അതിര്‍ത്തി കണ്ടി ആമു എന്നയാളുടെ വീട്ടുപറമ്പില്‍ നാട്ടുകാരുടെ സഹകരണത്തോടെ എഴുത്തുപള്ളി കെട്ടി അദ്ധ്യാപനം തുടങ്ങി. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ പി. അച്യുതന്‍  മാസ്റ്റര്‍ക്കു് കാരക്കുന്നത്തു് എന്ന സ്ഥലത്തു് സ്കൂള്‍ സ്ഥാപിക്കാന്‍ വേണ്ടി തന്റെ ശിഷ്യന്മാരെ വിട്ടുകൊടുത്തു കൊണ്ടു് അവിടെ നിന്നും ഒഴിഞ്ഞു പോന്നു. പിന്നീടു് ഊരാളിക്കുന്നത്തു് എന്ന സ്ഥലത്താണു് അദ്ദേഹം എഴുത്തുപള്ളി സ്ഥാപിച്ചതു്. അവിടെ അന്‍പതിലേറെ കുട്ടികളായപ്പോള്‍ തന്റെ സുഹൃത്തായ ടി. എം. കരുണാകരന്‍ നായരെ സമീപിച്ചു് തന്റെ പേരില്‍ ഒരു സ്കൂള്‍ സ്ഥാപിയ്ക്കാന്‍ വേണ്ട സഹായം അഭ്യര്‍ഥിച്ചു. അതു പ്രകാരം കുറൂളിപ്പറമ്പു് ക്ഷേത്രത്തിനടുത്തു് കോറോത്തു് പറമ്പിലുള്ള അദ്ദേഹത്തിന്റെ ഒരു കെട്ടിടത്തില്‍ ക്ലാസ്സു തുടങ്ങാന്‍ അനുവദിച്ചു. അവിടെ പഠിപ്പിക്കുന്നതിനു് ഒരു അധ്യാപകനെ ഏര്‍പ്പാടാക്കി.

അദ്ദേഹം താമസിച്ചുവന്ന വീടു് ഏറെ പഴക്കമുള്ളതും സൗകര്യം കുറഞ്ഞതുമായിരുന്നു. അതു് പുതുക്കിപ്പണിയാനുള്ള ശ്രമം തുടങ്ങി. തറയിടാന്‍ വേണ്ടി പഴയ ഒറ്റമുറി വീടു് പൊളിച്ചു മാറ്റി. വിറകുപുരയ്ക്കു് അടുത്തു് ഷെഡ്‌ കെട്ടി അതിലായി കുടുംബത്തിന്റെ താമസം. അതോടെ കഷ്ടകാലവും തുടങ്ങി. ഭാര്യ രോഗം പിടിപെട്ടു മരിച്ചു. ആറുമാസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ രോഗം പിടിപെട്ടു കിടപ്പിലായി. വീടുപണി എവിടെയും എത്തിയില്ല. ചുമരു് പാതികെട്ടിനിര്‍ത്തിയ നിലയില്‍. കല്ലു് തികയുന്ന മട്ടില്ല. പിതാവിന്റെ രോഗം മൂര്‍ച്ഛിച്ചു. പുതിയ വീട്ടില്‍ക്കിടന്നു മരിക്കാന്‍ യോഗമില്ലെന്നു പിതാവിന്റെ സങ്കടം. മഴയാണെങ്കില്‍ കോരിച്ചൊരിയുന്നു. ശേഷിക്കുന്ന കല്ലു്, പറമ്പിലെ വെറും ചളി വെച്ചു് ചുമരു കെട്ടി. ഉയരം തീര്‍ക്കാതെതന്നെ പുര ഓല മേഞ്ഞു. പിതാവിനെ പുതിയ വീട്ടിലേയ്ക്കു മാറ്റിക്കിടത്തി. ഏതാനും ദിവസം കഴിഞ്ഞു് പിതാവു് വിട പറഞ്ഞു.

kelu ezhuthachanവീട്ടിലെ വിഷമതകള്‍ കാരണം സ്കൂളില്‍ പോയിട്ടു് കുറേ ദിവസങ്ങളായി. പകരക്കാരനായി ഒരാളെ വച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ശരിയായി നിര്‍വ്വഹിക്കാന്‍ തന്റെകൂടി സാന്നിദ്ധ്യം ആവശ്യമാണു്. വീണ്ടും സ്കൂളില്‍ പോയിത്തുടങ്ങി. രണ്ടുമൂന്നു കൊല്ലം ഈവിധം തുടര്‍ന്നു. സ്കൂള്‍ വിശ്വാസനിലയില്‍ മറ്റൊരാള്‍ക്കു് തീരു കൊടുത്തുകൊണ്ടു് എഴുത്തച്ഛന്‍ അദ്ധ്യാപക ട്രെയിനിങ്ങിനു  ചേര്‍ന്നു. കോഴിക്കോടു് മാനാഞ്ചിറയുടെ പടിഞ്ഞാറു ഭാഗത്തായിരുന്നു ആ കാലത്തു് ട്രെയിനിങ് സ്കൂള്‍. ഇതേ കാലത്തു തന്നെ അനുജനായ നെടുമ്പാല രാമനും ട്രെയിനിങ്ങിനു ചേര്‍ന്നു. രണ്ടുപേരും കോഴിക്കോടു് നടക്കാവിലുള്ള ഒരു വീട്ടിലായിരുന്നു ഇക്കാലത്തു് താമസം. പഠനം തുടങ്ങി ഏതാണ്ടു് നാലുമാസം കഴിഞ്ഞിരിക്കും എഴുത്തച്ഛന്‍ രോഗഗ്രസ്തനായി. വീട്ടിലേക്കു തിരിച്ചു പോന്നു. ശരീരം മൊത്തം തളര്‍ന്നു പോയിരുന്നു. അമ്മ മാത്രമാണു് ആശ്രയമായി ഉണ്ടായിരുന്നതു്. പറമ്പു് ഉണ്ടറുതിയിലായതിനാല്‍ യാതൊരു വരുമാനവും ഉണ്ടായിരുന്നില്ല. ജീവിതം വഴിമുട്ടി. അതിനു പുറമേ  രോഗം പിടിപെട്ടു കിടപ്പിലും. സുഹൃത്തായ കരുണാകരന്‍ നായര്‍ അദ്ദേഹത്തെ കോഴിക്കോടു് സര്‍ക്കാര്‍ ആസ്പത്രിയില്‍ കൊണ്ടുപോയി ചേര്‍ത്തു. തുടര്‍ന്നു് ആറുമാസക്കാലം അവിടെ ചികിത്സയില്‍. അമ്മ അലക്കു തൊഴില്‍ ചെയ്തും നാട്ടുകാരുടെ സഹായം തേടിയും കാര്യങ്ങള്‍ ഒരുവിധം നടന്നു പോയി. അസുഖം ഭേദമായി നാട്ടിലെത്തി. സ്കൂള്‍ നഷ്ടപ്പെട്ടിരുന്നു. തീരു് വാങ്ങിയ വ്യക്തി  അതു് മറ്റൊരാള്‍ക്കു് ( കെ. പി.ക്കു് ) മറിച്ചു വിറ്റു.  അതാണു് ഇന്നത്തെ അമ്പലപ്പൊയില്‍ സ്കൂള്‍. ട്രെയിനിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, സ്കൂളാണെങ്കില്‍ നഷ്ടപ്പെടുകയും ചെയ്തു.

kelu ezhuthachanവെറുതേയിരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ടി. എം. കരുണാകരന്‍ നായരുടെ ഉടമസ്ഥതയിലുള്ള കരുണാറാം സ്കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നു. ഈ കാലത്തു് എടക്കാടു് ഉണ്ണ്യേരന്‍ വൈദ്യരുടെ മകളായ ദേവകിയെ അദ്ദേഹം വിവാഹം കഴിച്ചു. സ്കൂളിനു് വാര്‍ഷിക ഗ്രാന്റ് ലഭിച്ചാല്‍ കിട്ടുന്ന തുക വീതിച്ചു കിട്ടുന്ന ചെറിയൊരു പങ്കായിരുന്നു സ്കൂളില്‍ നിന്നു് കിട്ടുന്ന പ്രതിഫലം. എങ്കിലും ജോലി തുടര്‍ന്നു. കൊല്ലങ്ങള്‍ കടന്നു പോയി. സുഹൃത്തായ കരുണാകരന്‍ നായര്‍ മരണപ്പെട്ടു. എഴുത്തച്ഛന്റെ ജീവിതത്തിലെ ഒരു തീരാനഷ്ടമായിരുന്നു അദ്ദേഹത്തിന്റെ മരണം. സ്കൂളില്‍ ആകെ ഒറ്റപ്പെട്ടതുപോലെ. ഇതിനിടയില്‍ സ്കൂളിലെ പ്രധാനാദ്ധ്യാപകനായ ടി. അച്യുതന്‍ നായര്‍ പ്രതിഫലം നല്‍കുന്ന കാര്യത്തില്‍ അമാന്തം കാണിച്ചു. അദ്ദേഹവുമായി ഒത്തു പോകാന്‍ പ്രയാസമായി. മൊത്തത്തില്‍ ഒരു നിരാശ. സ്കൂള്‍ ജോലി ഉപേക്ഷിച്ചു പോന്നു. ശേഷിച്ചകാലം പാരമ്പര്യത്തൊഴിലായ തുന്നല്‍പ്പണിയും കൃഷിയും അത്യാവശ്യം ട്യൂഷനും മറ്റുമായി എഴുത്തച്ഛന്‍ കഴിഞ്ഞു. കുടുംബജീവിതം സുഖകരമായതായിരുന്നു എന്നു പറയാനൊക്കില്ല. കേളു എഴുത്തച്ഛന്‍ ദേവകി ദമ്പതികള്‍ക്കു് മൂന്നു് ആണ്‍മക്കളാണുള്ളതു്: അശോകന്‍, കൃഷ്ണന്‍, ഭരതന്‍. എഴുത്തച്ഛനു് 76 വയസ്സായപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടു, വൃക്കരോഗമായിരുന്നു. 80-ാമത്തെ വയസ്സില്‍  മാനസികമായി ആത്മഹത്യാപ്രവണത പ്രത്യക്ഷപ്പെടുകയും അതു് അസ്വാഭാവിക മരണത്തില്‍ കലാശിക്കുകയും ചെയ്തു.themeനാട്ടില്‍ പഴയകാല വിദ്യാഭ്യാസരംഗത്തു് ഏറെ പ്രവര്‍ത്തിച്ച, വളരെയേറെ ശിഷ്യസമ്പത്തിനുടമയായ അദ്ദേഹം ഒരേ സമയത്തു് നാട്ടുകാര്‍ക്കു് എഴുത്തച്ഛനും മാഷും ആയിരുന്നു. അതുതന്നെയാണു് നാട്ടില്‍,  അദ്ദേഹത്തിന്നു വേണ്ടിയുള്ള സ്മാരകവും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )