രാമനെഴുത്തച്ഛന്‍

രാമനു് അന്നു് ഇരുപതു വയസ്സായിക്കാണും. അടുത്ത ദേശമായ പനായി, ഒരു ബന്ധുവീട്ടില്‍ വിവാഹനിശ്ചയമാണു്. നല്ല മഴയുണ്ടു്. രാമന്‍, തന്റെ ബന്ധുക്കളും സന്തതസഹചാരികളുമായ മറ്റു രണ്ടു പേരോടൊപ്പം വീട്ടില്‍ നിന്നിറങ്ങി. മണ്ണാന്‍പൊയിലിലെ വിശാലമായ പാടത്തുകൂടി ഏതാണ്ടു് രണ്ടു കിലോമീറ്റര്‍ കുറുകെ നടന്നാല്‍ ബന്ധുവീട്ടിലെത്താം. മല്‍മല്‍ മുണ്ടും വേഷ്ടിയുമാണു് മൂവരുടെയും വേഷം. നാട്ടില്‍ പ്രചാരത്തിലായിത്തുടങ്ങിയ ശീലക്കുടയും ചൂടിയിട്ടുണ്ടു്. നേരം വൈകിത്തുടങ്ങിയതുകൊണ്ടു്, വേഗം നടക്കുകയാണു്. അതാ ഒരു കൂക്കുവിളി കേള്‍ക്കുന്നു. വയലിനക്കരെയുള്ള ഒരു പടിപ്പുരയില്‍ നിന്നാണു്. രണ്ടുപേര്‍ മാടിവിളിക്കുന്നു. മണ്ണാന്‍പൊയിലിലെ നാട്ടുപ്രമാണിയുടെ തറവാടുവീടാണു്. അവിടെനിന്നും പറഞ്ഞയച്ചതാണു് രണ്ടുപേരെ. തറവാട്ടുവീടിന്റെ പൂമുഖത്തിരുന്നാല്‍ വയലില്‍ കിലോമീറ്ററുകള്‍ അകലെ വരെ കാണാം. അങ്ങിനെയാണു് അവരെ മൂവരെയും കണ്ടു വിളിപ്പിച്ചതു്. കാര്യമെന്തെന്നറിയാന്‍ രാമനും കൂട്ടുകാരും  അവിടേയ്ക്കു് ചെന്നു.mullmull_dhothi_questioned
നായര്‍പ്രമാണി പൂമുഖത്തു് ഇരിപ്പാണു്. മൂവരും മുറ്റത്തിറങ്ങി ഓച്ഛാനിച്ചു നിന്നു. നായര്‍പ്രമാണിമാര്‍ക്കു് മുന്നില്‍ നില്‍ക്കുമ്പോള്‍ രണ്ടാംമുണ്ടു് ചുരുട്ടി കക്ഷത്തില്‍ വെയ്ക്കണം. വലതുകൈത്തലം വായ്ക്കു മുകളില്‍ പൊത്തിപ്പിടിക്കണം. അങ്ങിനെ മാത്രമേ കീഴാളര്‍ക്കു നില്ക്കാന്‍ പാടുള്ളൂ. കാരണവര്‍ ചോദ്യങ്ങള്‍  ആരംഭിച്ചു. ”എവിടെനിന്നു വരുന്നു? എവിടെ പോകുന്നു? ജാതി എന്തു്?” എന്നിങ്ങനെ. ചോദ്യങ്ങള്‍ക്കെല്ലാം രാമനും കൂട്ടരും കൃത്യമായി മറുപടി നല്‍കി. ജാതി വണ്ണാന്‍ ആണെന്നു് അറിഞ്ഞതോടെ, നാട്ടുപ്രമാണിയുടെ മുഖം ചുളിഞ്ഞു. വീതിയുള്ള മല്‍മല്‍ മുണ്ടു് ഉടുത്തതും, ശീലക്കുട ചൂടിയതും ചോദ്യംചെയ്തു. ശീലക്കുട നാട്ടില്‍ പ്രചാരത്തില്‍ വന്നുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വെളുത്ത മല്‍മല്‍ മുണ്ടും, ശീലക്കുടയും പ്രശ്നങ്ങളായി. വണ്ണാന്‍ ചെക്കന്മാരുടെ ശരീരത്തില്‍ കൈത്തരിപ്പു മാറ്റാന്‍ കാര്യസ്ഥന്മാര്‍ മുന്നിട്ടിറങ്ങി. തെറിവാക്കുകള്‍ പ്രയോഗിച്ചുകൊണ്ടു് ചോദ്യംചെയ്യലും അടിയും ഒന്നിച്ചു കഴിഞ്ഞു. എതിരെ വന്ന അടികള്‍ പലതിനും അഭ്യാസികള്‍ കൂടിയായ മൂവരും ഒഴിഞ്ഞുമാറി. ഒടുവില്‍ വാശി കേറി വളഞ്ഞിട്ടു് അടി തുടങ്ങി. രാമാദികള്‍ക്കു്  പൊറുതിമുട്ടി. ഒടുവില്‍ അവരും എതിരെ തല്ലി. തല്ലുകൊടുത്തു മാത്രം ശീലിച്ച കാര്യസ്ഥന്മാര്‍ക്കു് തല്ലിന്റെ വേദനയെക്കാള്‍ വലുതായി അനുഭവപ്പെട്ടതു് മാനഹാനിയായിരുന്നു. അവര്‍ ആളെ കൂട്ടാന്‍ കൂക്കിവിളി തുടങ്ങി. കൂടുതല്‍ നേരം അവിടെ തങ്ങുന്നതു് പന്തിയല്ലെന്നു മനസ്സിലാക്കി രാമനും കൂട്ടരും സ്ഥലത്തുനിന്നു പിടി കൊടുക്കാതെ ഇറങ്ങിയോടി.

സ്വന്തംവീട്ടില്‍ തിരിച്ചെത്തിയ രാമന്‍ ഉണ്ടായ കാര്യങ്ങളെല്ലാം തന്റെ ജ്യേഷ്ഠനെ പറഞ്ഞു കേള്‍പ്പിച്ചു. ജീവന്‍ രക്ഷിക്കണമെങ്കില്‍ സ്ഥലംവിടണമെന്നും അല്ലാത്തപക്ഷം പോലീസിനെയും കൂട്ടി വന്നു് നാട്ടുപ്രമാണിമാര്‍ കൈകാര്യം ചെയ്യുമെന്നും കാര്യം ഗുരുതരമാണെന്നും ജ്യേഷ്ഠന്‍ അനുജനെ അറിയിച്ചു. ഒട്ടും താമസിച്ചില്ല, അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും ജ്യേഷ്ഠന്‍ കൊടുത്ത ചില്ലറ നാണയത്തുട്ടുകളുമായി രാമന്‍ സ്ഥലം വിട്ടു. പിന്നീടു് രാമനെപ്പറ്റി യാതൊരു വിവരവുമില്ല. മറ്റു രണ്ടുപേരും നാട്ടില്‍ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി കുലത്തൊഴിലുകളായ തെയ്യംതിറ, തുന്നല്‍പ്പണി എന്നിവയുമായി കഴിഞ്ഞു കൂടി.

നീണ്ട പന്ത്രണ്ടുവര്‍ഷങ്ങള്‍ കടന്നുപോയി. ഒരു സുപ്രഭാതത്തില്‍ രാമന്‍ നാട്ടില്‍ തിരിച്ചെത്തി. രാമന്‍ ഉന്നതവിദ്യാഭ്യാസം നേടിയിരിക്കുന്നു. സംസ്കൃതസാഹിത്യം, തമിഴ്, യോഗാഭ്യാസം, ഹഠയോഗ തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്നു വേണ്ടത്ര അറിവുണ്ടു്. ജീവിതത്തിന്റെ സുവര്‍ണകാലമാണു് കഴിഞ്ഞു പോയതു്. രാമന്‍ ഇന്നും അവിവാഹിതനാണു്. തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠന്‍ മരിച്ചിരിക്കുന്നു. വീട്ടില്‍ ജ്യേഷ്ഠഭാര്യയും അവരുടെ ഏകമകനുമാണു് താമസം. ദാരിദ്ര്യം കൊണ്ടുള്ള കഷ്ടപ്പാടുകള്‍ സഹിച്ചുകൊണ്ടു് അവര്‍ ജീവിതം തള്ളി നീക്കുന്നു.

നാട്ടില്‍ അക്ഷരാഭ്യാസമില്ലാത്ത ജനങ്ങള്‍. അയിത്താചരണം ജനങ്ങളെ തമ്മില്‍ അകറ്റിനിര്‍ത്തി. ജന്മിത്തം അതിന്റെ പാരമ്യത്തില്‍. എങ്ങും ദാരിദ്ര്യം. സ്വതന്ത്രമായി, സമാധാനമായി ജീവിക്കാന്‍ പ്രയാസം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാഴുന്നു. അയിത്തജാതിക്കാര്‍ അടിമകളായിക്കഴിയുന്നു.

വിദ്യാഭ്യാസം നേടി തിരിച്ചെത്തിയ രാമന്‍ നന്മണ്ടയില്‍ പല സ്ഥലങ്ങളിലായി നാട്ടുകാരുടെ സഹകരണത്തോടെ, എഴുത്തുപള്ളികള്‍ സ്ഥാപിച്ചു. അക്ഷരാഭ്യാസമില്ലാത്ത കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും എഴുത്തുപള്ളികളില്‍ അക്ഷരത്തിന്റെ  വെളിച്ചം പകര്‍ന്നു. നാട്ടുകാര്‍ രാമനെ എഴുത്തച്ഛന്‍ എന്നു വിളിച്ചു. അയിത്തജാതിക്കാരന്‍ ആണെങ്കിലും വിദ്യാഭ്യാസം നേടിയ രാമനെഴുത്തച്ഛനെ നാട്ടുകാര്‍ സ്നേഹിച്ചു., ബഹുമാനിച്ചു. മുതിര്‍ന്നവര്‍ക്കുവേണ്ടി നിശാപാഠശാലകളും അദ്ദേഹം തുടങ്ങി. കൂടാതെ, തന്റെ ജ്യേഷ്ഠപുത്രനായ കേളുവിനെ അദ്ദേഹം പഠിപ്പിച്ചു. മുതിര്‍ന്ന ശേഷം കേളുവും ഈ രംഗത്തു് പ്രവര്‍ത്തിച്ചുകൊണ്ടു് ഇളയച്ഛനെ സഹായിച്ചു.

നാട്ടില്‍ പുതുതായി ആരംഭിച്ച എഴുത്തുപള്ളികളില്‍ പഠനം തുടങ്ങിയവരില്‍ പല പ്രായക്കാരും  ജാതിക്കാരും ഉണ്ടായിരുന്നു. പ്രായവ്യത്യാസവും ജാതിവ്യത്യാസവും പരിഗണിച്ചുകൊണ്ടു് പല ബാച്ചുകളായി അധ്യാപനം നടത്തേണ്ടിയിരുന്നു. അതിരാവിലെ തുടങ്ങുന്ന അദ്ധ്യാപനം ചിലപ്പോള്‍ രാത്രി വൈകുന്നതുവരെ തുടരേണ്ടിവന്നു. പലപ്പോഴായി ശിഷ്യന്മാര്‍ നല്‍കുന്ന ദക്ഷിണയായിരുന്നു എഴുത്തച്ഛന്റെ ഏകവരുമാനം. ഓരോ ദിവസവും ഓരോ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്നായിരിക്കും എഴുത്തച്ഛന്റെ ആഹാരം. ഒരു സേവനമായാണു് എഴുത്തച്ഛന്‍ അദ്ധ്യാപനം നടത്തിയിരുന്നതു്. എഴുത്തുപള്ളിയില്‍ ഓലത്തടുക്കുകളിലാണു് ശിഷ്യന്മാര്‍ ഇരിക്കുക. എഴുത്തച്ഛന്‍ ഒരു പീഠത്തിലും. തങ്ങളുടെ മുന്നില്‍ നിരത്തിയ മണലില്‍ വിരലുകൊണ്ടു് എഴുതിയാണു് ശിഷ്യന്മാര്‍ അക്ഷരാഭ്യാസം നടത്തിയിരുന്നതു്. വിദ്യാര്‍ഥികള്‍ എഴുത്തച്ഛന്മാരെ ഭയഭക്തിബഹുമാനത്തോടെയായിരുന്നു കണ്ടിരുന്നതു്. പലപ്പോഴും എഴുത്തുപള്ളികളില്‍ വരാതെ, ഒളിച്ചു കഴിയുന്ന വിരുതന്മാരും ഉണ്ടായിരുന്നു. അങ്ങിനെയുള്ളവരെ  എഴുത്തച്ഛന്മാര്‍ ഒറ്റയ്ക്കും മറ്റു കുട്ടികളെ കൂട്ടിയും നയോപായങ്ങള്‍ പ്രയോഗിച്ചു എഴുത്തുപള്ളികളില്‍ കൊണ്ടുവരും. അതിരുകടന്ന വികൃതികളെയും നാട്ടിലും വീട്ടിലും ഒതുങ്ങാത്ത അനുസരണശീലമില്ലാത്തവരെയും വരുതിയിലാക്കാന്‍ കഠിനമായ ശിക്ഷാരീതികള്‍ പോലും എഴുത്തച്ഛന്‍മാര്‍ പ്രയോഗിച്ചെന്നുവരും. ഏത്തം ഇടുവിക്കല്‍, ചന്തിയ്ക്കു് ചൂരല്‍പ്രയോഗം, ഒറ്റക്കാലില്‍  നിര്‍ത്തല്‍, കെട്ടിയിട്ടുള്ള തൂവപ്രയോഗം എന്നിവയെല്ലാം അന്നു നടപ്പുണ്ടായിരുന്ന പ്രയോഗങ്ങളില്‍ ചിലതാണു്. ഇതിലൊന്നും ആര്‍ക്കും, പ്രത്യേകിച്ചു് രക്ഷിതാക്കള്‍ക്കു് ഒരു പരാതിയും ഉണ്ടായിരുന്നില്ല. എഴുത്തച്ചന്മാരെപ്പറ്റി വീട്ടില്‍ വന്നു പരാതി പറയുന്ന കുട്ടികള്‍ക്കു്, രക്ഷിതാക്കളില്‍ നിന്നു് ശകാരവും ശിക്ഷയും ലഭിച്ചെന്നു വരും. പൊറുതിമുട്ടിയ ഒരു ശിഷ്യന്‍ കാട്ടിയ ഒരു വിക്രിയ പറഞ്ഞുകേട്ടിട്ടുണ്ടു്: ഒരിക്കല്‍, ഇടുങ്ങിയ ഇടവഴിയിലൂടെ നടന്നുവരുന്ന എഴുത്തച്ഛനെയും കാത്തു് ഉയരമുള്ള വരമ്പിനു മുകളില്‍ ഒരു ശിഷ്യന്‍ ഒരുങ്ങി നിന്നു. നേരെ കീഴ്ഭാഗത്തു് എത്തിയ ഉടനെ എഴുത്തച്ഛന്റെ തലയില്‍ ലക്ഷ്യം പിടിച്ചു ശിഷ്യന്‍ നീട്ടി മൂത്രമൊഴിച്ചു.

ആരാണു പണി പറ്റിച്ചതെന്നു ഗുരുവിനു കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം അതു കാര്യമാക്കിയതുമില്ല. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു, പ്രസ്തുത ശിഷ്യന്‍ താന്‍ ചെയ്ത കുരുത്തക്കേടു് ഏറ്റു പറഞ്ഞു ഗുരുവിനോടു് ക്ഷമാപണം നടത്തിയത്രെ.

രാമന്‍ എഴുത്തച്ഛന്‍ എഴുത്തുപള്ളികള്‍ സ്ഥാപിച്ചു് അധ്യാപനം തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കും. നന്മണ്ടയില്‍ ഒരു പ്രധാനസംഭവം നടന്നു. തന്റെ ശിഷ്യന്റെ ക്ഷണമനുസരിച്ചു് മങ്കര സ്വാമി  തയ്യുള്ളതില്‍ എന്നവീട്ടില്‍ വരികയുണ്ടായി. മുമ്പു് നാടുവിട്ട രാമന്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ മങ്കര മഠത്തിലെ  അന്തേവാസിയായിരുന്നു. അവിടെ താമസിച്ചുകൊണ്ടാണു് രാമന്‍ വിദ്യാഭ്യാസം നേടിയതു്. ആധ്യാത്മിക ജ്ഞാനം നേടിയ ഒരു സിദ്ധനായിരുന്നു സ്വാമി. ജന്മനാ അന്ധനുമായിരുന്നു. സ്വാമി വന്നതോടെ വീട്ടില്‍ പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വരാന്‍ തുടങ്ങി. സ്വാമിയെ ദര്‍ശിച്ചു അനുഗ്രഹം വാങ്ങുക. അതായിരുന്നു,  അവരുടെ അഭിലാഷം. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു് വീടിനു് ഒരു ദേവാലയത്തിന്റെ പരിവേഷം കൈവന്നു. സ്വാമിയുടെ സിദ്ധിയില്‍ ആളുകള്‍ക്കു് വിശ്വാസം വന്ന ഒരു സംഭവം നടന്നു. ദേവീക്ഷേത്രങ്ങളില്‍ ജന്തുബലി നടത്താറുള്ള ഒരു കര്‍മ്മി അദ്ദേഹത്തെ ദര്‍ശിക്കാന്‍ വന്നു. ഇത്തരം ഒരാള്‍ തന്നെ കാണാന്‍ വേണ്ടി വീട്ടില്‍ നിന്നു പുറപ്പെട്ടിട്ടുണ്ടെന്നു സ്വാമി മുന്‍കൂട്ടി പ്രവചിക്കുകയുണ്ടായതത്രെ. കുറച്ചു സമയം കഴിഞ്ഞു കര്‍മ്മി നമ്പി  വീട്ടിന്റെ കോണി കയറിയപ്പോള്‍ത്തന്നെ അയാളുടെ സാന്നിധ്യം അന്ധനായ സ്വാമി തിരിച്ചറിഞ്ഞതു് അവിടെ തടിച്ചുകൂടിയ ജനങ്ങളെ അത്ഭുതപ്പെടുത്തി. നാരകശ്ശേരി തുടങ്ങിയ ദേവീക്ഷേത്രങ്ങളില്‍ ആടുകളെയും കോഴികളെയും കണക്കറ്റു ബലി നല്‍കുന്ന വ്യക്തിയായിരുന്നു നമ്പി. നമ്പി വന്നു, സ്വാമിയെ കണ്ടു. അനുഗ്രഹം വാങ്ങി. സാധുജീവികളെ കൊല്ലുന്ന ഏര്‍പ്പാടു് ഉടന്‍തന്നെ നിര്‍ത്താന്‍ സ്വാമി അദ്ദേഹത്തെ ഉപദേശിച്ചു. സ്വാമിഭക്തനായിത്തീര്‍ന്ന നമ്പി, പിന്നീടു് ബലികര്‍മ്മങ്ങള്‍ നടത്തിയിട്ടില്ലത്രെ.

രാമനെഴുത്തച്ഛന്‍ താമസിച്ചിരുന്ന തയ്യുള്ളതില്‍ വീട്ടില്‍ എല്ലാ കൊല്ലവും ദശമിപൂജ നടത്താറുണ്ടായിരുന്നു. മൂന്നു ദിവസത്തെ പൂജയാണു് നടത്തുക. വിജയാഷ്ടമി ദിവസം ഗ്രന്ഥം വെപ്പു് പൂജയാണു്. മഹാനവമിക്കു് അടച്ചു പൂജ. വിജയദശമി ദിവസം തുറന്നു പൂജ. വിജയദശമിയ്ക്കു് കുട്ടികളെ എഴുത്തിനിരുത്താന്‍ വേണ്ടി സമീപസ്ഥലങ്ങളില്‍ നിന്നെല്ലാം ആളുകള്‍ എത്തുമായിരുന്നു. പഴം, അവില്‍, ഇളനീര്‍ തുടങ്ങിയ സാധനങ്ങളുമായാണു് പലരും വരിക. സരസ്വതിപൂജയ്ക്കു് ശേഷം വിദ്യാരംഭം നടക്കും.  എഴുത്തച്ഛന്‍ “ഹരിഃ ശ്രീ ഗണപതയേ നമഃ” എന്നുതുടങ്ങുന്ന വന്ദനശ്ലോകവും മലയാള അക്ഷരമാലയും ചൊല്ലിക്കൊടുക്കും. അവിടെ കൂടിയ ആളുകളെല്ലാം അതു് ഏറ്റു ചൊല്ലും. ഏതെങ്കിലും ഭക്തിമാര്‍ഗ്ഗഗ്രന്ഥം  പാരായണം ചെയ്യും. എഴുത്തിനിരുത്താന്‍ കൊണ്ടുവന്ന കുട്ടികളുടെ നാവില്‍ സ്വര്‍ണ്ണമോതിരം കൊണ്ടു് എഴുത്തച്ഛന്‍ ഹരിഃശ്രീ കുറിയ്ക്കും. തുടര്‍ന്നു്, ഒരു തളികയില്‍ ഒരുക്കിവച്ച ഉണങ്ങലരിയില്‍ കുട്ടികളുടെ കൈവിരല്‍ പിടിച്ചു് മലയാള അക്ഷരങ്ങള്‍ എഴുതിക്കും. എഴുത്താണി കൊണ്ടു് അക്ഷരങ്ങള്‍ കുറിച്ച എഴുത്തോലകള്‍ അരിയില്‍ എഴുതിച്ച കുട്ടികള്‍ക്കു് നല്‍കും. ദക്ഷിണ സ്വീകരിക്കും. പിന്നീടു് പ്രസാദ വിതരണം നടക്കും. അതോടെ പരിപാടികള്‍ അവസാനിച്ചു.
നന്മണ്ടയില്‍ അക്ഷരദീപം തെളിയിച്ച രാമന്‍ എഴുത്തച്ഛന്റെ (1871-1948) കുടുംബജീവിതത്തെപ്പറ്റി  കൂടുതലൊന്നും അറിയില്ല. അറിയാവുന്ന കാര്യങ്ങള്‍ വായനക്കാര്‍ക്കുവേണ്ടി ഇവിടെ കുറിയ്ക്കുന്നു. നന്മണ്ട പൂക്കുന്നു മലയുടെ വടക്കെ ചെരിവില്‍, നെടുമ്പാല എന്നൊരു വീടുണ്ടു്. നെടുമ്പാലത്തറവാട്ടില്‍ പരമ്പരയാ വണ്ണാന്‍ സമുദായക്കാരാണു് താമസം. അവിടെയുണ്ടായിരുന്ന ഒരു കാരണവര്‍ നെടുമ്പാലയ്ക്കു് വടക്കുഭാഗത്തുള്ള കരിക്കീരികണ്ടി എന്ന സ്ഥലത്തേയ്ക്കും അവിടെനിന്നു പിന്നീടു് തയ്യുള്ളതില്‍ പറമ്പിലേയ്ക്കും മാറി താമസമാക്കി. അദ്ദേഹത്തിന്റെ മകന്‍ കേളുവിന്നു് രണ്ടു് ആണ്‍മക്കളുണ്ടായിരുന്നു. മൂത്ത മകന്‍ ചെറിയപ്പോട്ടി. ഇളയ മകന്‍ നമ്മുടെ കഥാപാത്രമായ രാമന്‍. ചെറിയപ്പോട്ടി പാരമ്പര്യത്തൊഴിലുകളായ തെയ്യം തിറ, തുന്നല്‍പ്പണി എന്നിവയില്‍ ഏര്‍പ്പെട്ടു. രാമന്‍ ജന്മനാ ബുദ്ധിശാലിയായിരുന്നു. പക്ഷേ, വിദ്യാഭ്യാസം നേടാനുള്ള സാഹചര്യമൊന്നും അന്നു് നാട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ടു് ജ്യേഷ്ഠനെ പാരമ്പര്യത്തൊഴിലുകളില്‍ സഹായിച്ചുകൊണ്ടു് കഴിഞ്ഞു. ആ കാലത്താണു്, മുന്‍പു വിവരിച്ച “മണ്ണാന്‍ പൊയില്‍” സംഭവം നടന്നതു്. അതു് അദ്ദേഹത്തെ നാടുവിടാന്‍ പ്രേരിപ്പിച്ചു, വിദ്യാഭ്യാസം നേടാന്‍ ഇടയാക്കി. പില്‍ക്കാലത്തു് നാട്ടില്‍ അക്ഷരദീപം തെളിയിക്കപ്പെടുകയും ചെയ്തു. എഴുത്തച്ഛനായി സേവനം നടത്തവേ, ഏതാണ്ടു് നാല്‍പ്പതാമത്തെ വയസ്സിലാണു് അദ്ദേഹത്തിന്റെ വിവാഹം നടന്നതു്. എടക്കര സ്വദേശിനിയായ അരങ്കം ആയിരുന്നു ഭാര്യ. അവര്‍ ജന്മനാ ബധിരയായിരുന്നു. മക്കളുണ്ടായിരുന്നില്ല. വിവാഹശേഷം ജനിച്ചുവളര്‍ന്ന തയ്യുള്ളതില്‍ വീടു് വിട്ടു നന്മണ്ട ബാലബോധിനി സ്കൂളിനടുത്തുള്ള പോളയ്ക്കല്‍ എന്ന സ്ഥലത്തു് ഒരു വീടുവെച്ചു് അദ്ദേഹം താമസമാക്കി. നാട്ടില്‍ സ്കൂളുകള്‍ ഉയര്‍ന്നു വരുന്നതുവരെ എഴുത്തുപള്ളികളും അധ്യാപനവുമായി രാമനെഴുത്തച്ഛന്‍ സജീവമായിരുന്നു. ഏതാണ്ടു് രണ്ടു് തലമുറക്കാലം രാമനെഴുത്തച്ഛനെ അറിയാത്തവര്‍ നന്മണ്ടയില്‍ കുറവായിരുന്നു. എഴുത്തച്ഛന്റെ ശിഷ്യനാണെന്നു് പലരും അഭിമാനത്തോടെ പറയുന്നതു് കേട്ടിട്ടുണ്ടു്. നന്മണ്ടയിലെ പൂര്‍വ്വകാല വിദ്യാഭ്യാസപ്രവര്‍ത്തകനായ രാമനെഴുത്തച്ഛന്റെ സ്മരണ നിലനിര്‍ത്തുന്ന  യാതൊരു അവശേഷിപ്പുകളും ഇന്നില്ല. എഴുപത്തിയേഴാമത്തെ വയസ്സില്‍ വാര്‍ദ്ധക്യസഹജമായ രോഗം പിടിപെട്ടു് അദ്ദേഹം കിടപ്പിലായി. ജ്യേഷ്ഠപുത്രന്റെ പരിരക്ഷണയില്‍ തയ്യുള്ളതില്‍ വീട്ടിലായിരുന്നു അവസാനകാലം.

Advertisements

One thought on “രാമനെഴുത്തച്ഛന്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )