ഗവിയിലേക്കൊരു മഴയാത്ര

2007ല്‍ ആദ്യമായി കേട്ടപ്പോള്‍ മുതല്‍ പോവാനാഗ്രഹിച്ചിരുന്ന, എന്നാല്‍ പോവാന്‍ കഴിയാതിരുന്ന ഒരു സ്ഥലമാണു് ഗവി. ഇക്കഴിഞ്ഞ ജൂലൈ 6-ാം തീയ്യതി ഒരവധി വീണു കിട്ടിയപ്പോള്‍ നാഗര്‍കോവിലിനടുത്തുള്ള ചിതറാല്‍ സന്ദര്‍ശിക്കാനാണു് ആദ്യം പ്ലാനിട്ടതു്. ടോണിമാഷോടും, അഖിലനോടും ആലോചിച്ചു് പദ്ധതിയിട്ടിരുന്നതുമാണു്. പക്ഷേ, തൊട്ടുതലേ ദിവസം സീനിയര്‍മാരായ ശ്രീജിത്തും ശ്രീധരനും വന്നുകയറുകയും, സീനിയറായ ജയസൂര്യനും സഹപാഠിയായിരുന്ന ടോമിനുമൊപ്പം അവര്‍ ഗവിയിലേക്കു പോവാന്‍ പ്ലാനിടുകയും ചെയ്യുകയാണെന്നറിഞ്ഞപ്പോള്‍ ആദ്യത്തെ തീരുമാനത്തിനു് ഇളക്കം തട്ടി. ശ്രീജിത്തിനെ ഒരുപാടു കാലത്തിനു ശേഷമാണു് വീണ്ടും നേരിട്ടു കാണുന്നതു്. പോവുന്നതാണെങ്കില്‍ ഗവിക്കു്. ഒരാളെക്കൂടി കൊണ്ടുപോവാന്‍ വണ്ടിയില്‍ സ്ഥലം ബാക്കി. ആഹ. കുറ്റബോധം ലവലേശം പോലുമില്ലാതെ ടോണിമാഷോടു് ഒരു മുട്ടന്‍ നുണപറഞ്ഞൊഴിഞ്ഞു. ടോണിമാഷ്, ‘മഴയാണു്, അട്ട കാണു’മെന്നൊരു മുന്നറിയിപ്പു തന്നു് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും, ഗവിയോടുള്ള ആകര്‍ഷണം അത്രമാത്രമുണ്ടായിരുന്നതിനാല്‍ പോവുന്നെങ്കില്‍ അവിടേക്കു തന്നെയെന്നുറപ്പിച്ചു. അട്ടയെയൊക്കെ നമ്മളെത്ര കണ്ടതാ.

പുലര്‍ച്ചെ 5.30നു് ഡിപ്പാര്‍ട്ട്മെന്റിലെ വാട്ടര്‍ഫില്‍ട്ടറില്‍ നിന്നു് ആവശ്യമുള്ളത്ര കുപ്പികളില്‍ കുടിവെള്ളം നിറച്ചെടുത്തു് യൂണിവേഴ്സിറ്റിയില്‍ നിന്നു് പുറപ്പെട്ടു. ടോം തലേദിവസം തന്നെ ബന്ധപ്പെട്ട വനം വകുപ്പുദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു് വരുന്ന കാര്യം അറിയിച്ചിരുന്നു. എം ജി യൂണിവേഴ്സിറ്റിയില്‍ നിന്നു് അതിരമ്പുഴ – മണര്‍കാടു് – പൊന്‍കുന്നം – എരുമേലി – മുക്കൂട്ടുതറ – തുലാപ്പള്ളി – പമ്പാവാലി വഴി ആങ്ങംമൂഴിയിലെ ഗൂഡ്രിക്കല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തി.

രാവിലെ 8.30മുതലാണു് ഇവിടെ നിന്നും സന്ദര്‍ശകര്‍ക്കു് ഗവിയിലേക്കു് പാസ്സനുവദിക്കുക. അവധി ദിനങ്ങളില്‍ 30 വാഹനങ്ങള്‍ക്കും പ്രവൃത്തി ദിനങ്ങളില്‍ 10 വാഹനങ്ങള്‍ക്കുമേ പാസ്സനുവദിക്കൂവെന്നു് അവിടെ എഴുതി വച്ചിട്ടുണ്ടു്.

Jpeg

നിര്‍ദ്ദേശങ്ങള്‍

Jpeg

നിര്‍ദ്ദേശങ്ങള്‍

ഞങ്ങള്‍ 8.30നു മുന്നേ തന്നെ സ്ഥലത്തെത്തിയിരുന്നെങ്കിലും, അതിലും നേരത്തെ എത്തി സ്ഥലം പിടിച്ചവര്‍ വേറെയുമുണ്ടായിരുന്നു. റേഞ്ചാപ്പീസില്‍ നിന്നും ഓരോ കുപ്പി കാട്ടുതേനും, ഒരോ പായ്ക്കറ്റ് കുന്തിരിക്കവും വാങ്ങിയശേഷം ‍ഞങ്ങള്‍ 8.30 ആകുന്നതു വരെ അവിടെ ഒന്നു കറങ്ങാനിറങ്ങി. അടുത്തു തന്നെ പുഴയ്ക്കക്കരെയും ഇക്കരെയുമായി ഒരു പത്തിരുപതു് കടകളുള്ള ചെറിയൊരങ്ങാടിയുണ്ടു്.

Jpeg

അങ്ങാടിക്കടുത്തുള്ള പുഴ

അവിടെ കണ്ട ഒരു ടീഷാപ്പില്‍ നിന്നും പ്രഭാതഭക്ഷണം കഴിച്ചു, പുഴയ്ക്കക്കരെയുള്ള പച്ചക്കറിക്കടയില്‍ നിന്നും കദളിപ്പഴവും പാളയംകോടന്‍ പഴവും ഓരോ കിലോ വീതം വാങ്ങി. ഈ കദളിപ്പഴം ആദ്യമായിട്ടാണു് ഞാന്‍ കാണുന്നതു്. തിരികെ റേഞ്ചാപ്പീസിലെത്തിയപ്പോഴേയ്ക്കും പാസ്സ് കൊടുക്കാനുള്ള നേരമായിരുന്നു. അട്ടകളേയും കണ്ടു തുടങ്ങി. ചില മിടുക്കന്മാര്‍ വണ്ടിക്കുള്ളിലും കയറിപ്പറ്റീട്ടുണ്ടേ. ഓരോരുത്തരേയും പെറുക്കിയെടുത്തു് ദൂരെക്കളഞ്ഞു.

Jpeg

പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുടെ കണക്കെടുക്കാനുള്ള ഫോറം

Jpeg

ടിക്കറ്റ്

പാസ്സു വാങ്ങി താഴെയിറങ്ങിയപ്പോള്‍ അടുത്തുള്ള കുടുംബശ്രീ യൂണിറ്റിലെ പ്രവര്‍ത്തകര്‍ പുഴുങ്ങിയ കപ്പയും കോഴിക്കറിയും പാര്‍സലാക്കി വില്ക്കുന്നതു കണ്ടു. ഞങ്ങളും അവരുടെയടുത്തുനിന്നും ഓരോ പൊതി വീതം വാങ്ങി. ഗവിയിലേക്കുള്ള യാത്ര തുടങ്ങി. പോവുന്ന വഴിയിലുടനീളമുള്ള വനംവകുപ്പിന്റെ ചെക്ക്പോസ്റ്റുകളില്‍ ആദ്യത്തേതു് കോച്ചാണ്ടിയിലാണു്. അവിടെ നിന്നും വാഹനപരിശോധനയും കൈവശമുള്ള പ്ലാസ്റ്റിക്‍ പാത്രങ്ങളുടെയും കവറുകളുടെയും എണ്ണമെടുത്തു് സാക്ഷ്യപ്പെടുത്തി വാങ്ങി.

കാടിന്റെ മനോഹാരിതയിലേക്കു് അവിടുന്നുതന്നെ നാം പ്രവേശിക്കുകയാണു്. നേരിയ ചാറ്റല്‍ മഴ, തണുപ്പും. വനത്തിലൂടെ ഉടനീളം പല കപ്പാസിറ്റികളിലുള്ള ഇലക്‍ട്രിസിറ്റി ലൈനുകള്‍ കടന്നു പോവുന്നുണ്ടു്. ഹൈടെന്‍ഷന്‍ ലൈനുകള്‍ക്കു കീഴെയുള്ള കാടു മൊത്തം വെട്ടിത്തെളിച്ചിട്ടിട്ടുണ്ടു്. ഇലക്‍ട്രിസിറ്റി ബോര്‍ഡിന്റെയാണെന്നു തോന്നുന്നു, പഴയ ഇടിഞ്ഞു പൊളിഞ്ഞ പല കെട്ടിടങ്ങളും പോകുന്ന വഴിയില്‍ കാണാം.

മൂഴിയാറിലുള്ള പെന്‍സ്റ്റോക്കു് പൈപ്പുകളും, കക്കി അണക്കെട്ടും കാണേണ്ട കാഴ്ചകളാണു്. ഒരിടത്തു് അപൂര്‍വ്വ സസ്യാവരണമോയ മിരിസ്റ്റിക്ക ചതുപ്പു് (myristica swamp) കണ്ടു. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ പെടുന്ന സ്ഥലമായതിനാല്‍ അതിന്റെ ചെക്ക് പോസ്റ്റുകളിലും പരിശോധന കഴിഞ്ഞു വേണം പോകാന്‍.

Jpeg

പുഴ

കക്കി ഡാം കഴിഞ്ഞപ്പോള്‍ റോഡരികിലൊരിടത്തു് ആനകള്‍  mineral lick ചെയ്യാറുള്ള സ്ഥലം കണ്ടു. കരിങ്കുരങ്ങുകളേയും (Nilgiri langur), തൊപ്പിക്കുരങ്ങുകളേയും (Bonnet macaque) ഗവിയിലെത്തുന്നതിനു മുന്നേ തന്നെ കണ്ടു. നേരിയ ചാറ്റല്‍ മഴ യാത്രയിലുടനീളം ഞങ്ങളെ പിന്തുടര്‍ന്നു. ഇറങ്ങി വരുന്ന മൂടല്‍മഞ്ഞിനുള്ളിലൂടെയുള്ള യാത്ര വാക്കുകള്‍ക്കു വിവരിക്കാനാവാത്ത ഒരനുഭവമാണു്.

ഗവിയിലെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ പാക്കേജ് ടൂറില്‍ ബുക്കു ചെയ്തു വരുന്നവര്‍ക്കേ ഗവിയില്‍ താമസം, ഭക്ഷണം ഇത്യാദി സൗകര്യങ്ങളുള്ളൂ. നേരത്തേ കുടുംബശ്രീക്കാരുടെയടുത്തു നിന്നും ഭക്ഷണം വാങ്ങിയതെത്ര നന്നായി. മൂടല്‍മഞ്ഞിനുള്ളില്‍ പുതഞ്ഞു നില്ക്കുന്ന ഗവി ഡാം പിന്നിട്ട ശേഷം വാഹനമൊരിടത്തൊതുക്കി വാഹനത്തിലിരുന്നു കൊണ്ടു തന്നെ ഞങ്ങള്‍ കൊണ്ടു വന്ന ഭക്ഷണം കഴിച്ചു. കപ്പയ്ക്കും ഇറച്ചിക്കറിക്കും ഇത്ര സ്വാദുണ്ടായിരുന്നോ? ഓരോ പൊതി കൂടി വാങ്ങാമായിരുന്നു. മഴ പെയ്യാന്‍ തുടങ്ങി. വള്ളക്കടവിലെത്തുന്നതിനു തൊട്ടു മുന്നേ ദൂരത്തായി കാട്ടുപോത്തിന്‍ കൂട്ടങ്ങള്‍ (Gaur) പുല്‍മേടുകളില്‍ മേയുന്നതു കണ്ടു. വണ്ടിയോടിച്ചു കൊണ്ടിരുന്ന ജയസൂര്യന്‍ ‘രുദാലി’യിലെ ‘ദില്‍ ഹൂം ഹൂം കരേ’ എന്ന പാട്ടു് പതുക്കെ മൂളി.

ഞാനാ പാട്ടു് എന്റെ മൊബൈല്‍ ഫോണില്‍ വച്ചു. കാടിന്റെ ആ നനുത്ത മടിത്തട്ടിലൂടെ ഭൂപെന്‍ ഹസാരികയുടെ സ്വരത്തില്‍ ആ പാട്ടിനു് മുമ്പെങ്ങുമില്ലാത്ത ഒരാസ്വാദ്യത. വള്ളക്കടവിലാണു് വനംവകുപ്പിന്റെ അവസാനത്തെ ചെക്ക്പോസ്റ്റ്.

വള്ളക്കടവു കഴിഞ്ഞു് വണ്ടിപ്പെരിയാറിലെത്തിയപ്പോള്‍ ഒരു ചായക്കടയുടെയടുത്തു് വണ്ടി നിര്‍ത്തി. അവിടെത്തെ ചില്ലലമാരയില്‍ കണ്ട മടക്കിന്റെ വലിപ്പം കണ്ടു് ഞെട്ടി ഉള്ളില്‍ കടന്നപ്പോള്‍ കണ്ട പഴക്കുലയിലെ പഴത്തിന്റെ വലിപ്പം കണ്ടു് വീണ്ടും ഞെട്ടല്‍. ചെങ്കദളിയുടെ പച്ച വകഭേദമാണത്രേ. ആ പഴം ഓരോന്നു് ഞങ്ങളും തട്ടി.

വീണ്ടും മഴ. തുടര്‍ന്നു് കുമിളിയിലേക്കും അവിടെനിന്നു് തമിഴ്‍നാട്ടിലേക്കും ചുരമിറങ്ങിത്തുടങ്ങി. ചുരത്തിനിരുപുറവും തൊപ്പിക്കുരങ്ങുകള്‍ ധാരാളമായുണ്ടു്. കേരളത്തിന്റെ അതിര്‍ത്തി കടന്നതോടെ നിത്യഹരിത വനത്തിന്റേതായ സസ്യാവരണം ഇലപൊഴിക്കും വനമായും തുടര്‍ന്നു് ഊഷരതയായും മാറുകയാണു്. മാറ്റം വളരെ ചടുലമാണു് (sharp), പെട്ടെന്നു തന്നെ നമുക്കതു ബോദ്ധ്യപ്പെടും. വരണ്ട സ്ഥലത്തു വളരാനുള്ള അനുകൂലനങ്ങളോടു കൂടിയ (xerophytic) ചെടികളും മരങ്ങളുമാണധികവും.

ഇടയ്ക്കിടെ ചാറ്റല്‍ മഴ (drizzle). ചുരം പൂര്‍ണ്ണമായും ഇറങ്ങിക്കഴിഞ്ഞപ്പോള്‍ മഴയും നിന്നു. റോഡിനിരുപുറവുംമായി തമിഴ്‍നാടു് മിന്‍സാര വാര്യത്തിന്റെ (Electricity Board) സബ്ബ്സ്റ്റേഷനും മറ്റനുബന്ധസ്ഥാപനങ്ങളും കണ്ടു. മുകളില്‍ കേരളത്തിന്റെ ഭാഗത്തു നിന്നു് പെന്‍സ്റ്റോക്ക് പൈപ്പുകളും. കുറേ ദൂരം ചെന്നപ്പോള്‍ കൃഷിയിടങ്ങളായി. വണ്ടി നിര്‍ത്തി.

വഴിയില്‍ കണ്ടയാളോടു് വയലിലെന്താണു കൃഷിയെന്നു ചോദിച്ചു. കടലയാണു്. കുറേയപ്പുറത്തു് അമരയും പയറും. ഒരരികില്‍ വിശാലമായ സ്ഥലം നിറയെ പുളിമരം വച്ചു പിടിപ്പിച്ചിരിക്കുന്നു.

ഞങ്ങള്‍ വീണ്ടും മുന്നോട്ടു പോയി, ഗൂഡല്ലൂര്‍ ഭാഗത്തേക്കു്.  റോഡിനിരു വശവും മുന്തിരിത്തോപ്പുകള്‍. സീസണല്ലാത്തതിനാല്‍ മുന്തിരി കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോഴതാ മാന്തോപ്പുകള്‍. നമ്മുടെ നാട്ടിലുണ്ടാവുന്ന പോലത്തെ ഉയരം കൂടിയ മാവിനങ്ങളല്ല, കുറിയ, താഴെനിന്നു തന്നെ മാങ്ങ പറിച്ചെടുക്കാവുന്ന തരത്തിലുള്ളവ. ഇവരെ സമ്മതിക്കണം. മഴയും വെള്ളവുമില്ലെങ്കിലും, എന്തെല്ലാം ഇവര്‍ കൃഷിചെയ്തുണ്ടാക്കുന്നു. ഒരിടത്തു് റോഡിനിരുപുറവുമുള്ള ഷെഡുകളില്‍ മാമ്പഴം വച്ചു വില്ക്കുന്നതു കണ്ടു. കുറച്ചു മാമ്പഴം ഞങ്ങളും വാങ്ങി. നീലം, പാലാമണി ഇനങ്ങളിലുള്ളവ. നല്ല മധുരമുണ്ടു്, രണ്ടിനങ്ങള്‍ക്കും. വിലയും കുറവു്. അവര്‍ തോട്ടമുടമയില്‍ നിന്നും പഴങ്ങള്‍ വില്ക്കാന്‍ ഒന്നിച്ചു് കരാറെടുത്തിരിക്കുകയാണത്രേ. കുറേക്കൂടി മുന്നോട്ടു് ചെന്നപ്പോഴേക്കും സന്ധ്യയാകാറായി. മടങ്ങാമെന്നു കരുതി.

തിരികെ ചുരം കയറി കുമിളിയിലെത്തിയപ്പോള്‍ ചെക്ക്പോസ്റ്റില്‍ വീണ്ടും കേരള പോലീസിന്റെ അരിച്ചു പെറുക്കിയുള്ള പരിശോധന. കഞ്ചാവുണ്ടോയെന്നു നോക്കുകയാണെന്നു തോന്നുന്നു. ചെക്കിങ് നടക്കുമ്പോള്‍ വണ്ടി ഡ്രൈവ് ചെയ്യുന്ന ജയസൂര്യനു് വീട്ടില്‍ നിന്നും ഫോണ്‍ കാള്‍. പുള്ളി ചെക്ക്പോസ്റ്റിനു മുന്നില്‍നിന്നു ഫോണ്‍ അറ്റന്‍ഡ് ചെയ്തു. പോലീസുകാരുടെ പരിശോധന കഴിഞ്ഞിട്ടും ങേഹേ, വണ്ടി നീങ്ങുന്നില്ല, പുറകേ വണ്ടികള്‍ വന്നു നില്ക്കുകയും. പോലീസുകാര്‍ നല്ല മുട്ടന്‍ തെറി. മഴയായതുകൊണ്ടു് വണ്ടിയുടെ ചില്ലു പൊക്കി വച്ചിരുന്നതിനാല്‍ ആ തെറി ഞങ്ങള്‍ പക്ഷേ കേട്ടില്ല. ജയസൂര്യനോടു് വേഗം വണ്ടി മുന്നോട്ടെടുക്കാന്‍ പറഞ്ഞു, കൂടുതല്‍ അനിഷ്ടസംഭവങ്ങളൊഴിവായി.

ഇതുപോലെ നാട്ടുകാരുടെയടുത്തു നിന്നും കുറേ വര്‍ഷങ്ങള്‍ക്കു മുമ്പു് തെറി കേട്ട മറ്റൊരു സംഭവം പുള്ളി ഓര്‍ത്തെടുത്തു. അന്നിദ്ദേഹം വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലായിരുന്നത്രേ. അവിടെത്തെ സുഹൃത്തിന്റെ പ്രൊജക്ട് തവളകളിലുള്ള ഗവേഷണമായിരുന്നു. തവളകളെ ശേഖരിക്കല്‍ രാത്രിയിലാണു് (sampling). അപ്പോഴാണല്ലോ അവ ഇര പിടിക്കാന്‍ പുറത്തിറങ്ങുക. വാഗമണില്‍ ഇരുട്ടത്തു് തവളപിടുത്തം പുരോഗമിച്ചു വരുമ്പോള്‍ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞു. ‘എന്താ ഇവിടെ ചെയ്യുന്നെ?’ ‘തവള പിടിക്കുകയാ ചേട്ടാ.’ ചേട്ടനു് സംശയമായി. കൂടുതല്‍ ചോദ്യങ്ങളായി. കിട്ടിയ ഉത്തരങ്ങളെല്ലാം സംശയാസ്പദവും. ഒടുക്കം രണ്ടു പേരോടും ‘നിങ്ങടെ പേരെന്താ?’ ‘ഞാന്‍ ജയസൂര്യന്‍. ഇവന്‍ പൃത്ഥ്വിരാജ്’. നാട്ടുകാരന്‍ ചേട്ടനു് ദേഷ്യം വന്നു. ‘ഫ. ആളെ ആസാക്കുകയാണോടാ’ എന്നും ചോദിച്ചു നല്ല മുട്ടന്‍ തെറി. ‘അയ്യോ ചേട്ടാ സത്യമായിട്ടും ഞങ്ങടെ പേരിങ്ങനെ തന്നെയാ. ഞങ്ങളു ശരിക്കും തവള പിടിക്കാനിറങ്ങിയതാ. ഈ പേരു രണ്ടു സിനിമാനടന്മാര്‍ക്കുണ്ടായിപ്പോയി.. എന്തു ചെയ്യാനാ.’ എന്നു് ഇവര്‍. ഏതായാലും ദേഹോപദ്രവം കിട്ടാതെ തടി കഴിച്ചലാക്കിയത്രേ.

വണ്ടി ഒരിടത്തു നിര്‍ത്തി ഞങ്ങള്‍ കുമിളിയില്‍ ഷോപ്പിങ്ങിനിറങ്ങി. ഞാന്‍ മോള്‍ക്കു് ഒരുടുപ്പു വാങ്ങി. കുമിളിയില്‍ നിന്നു തന്നെ രാത്രി ഭക്ഷണവും കഴിച്ചു് തിരികെ വണ്ടിപ്പെരിയാര്‍ – പീരുമേടു് – കുട്ടിക്കാനം – പെരുവന്താനം വഴി മടക്കം. വഴിയിലൊരിടത്തു് വണ്ടി നിര്‍ത്തി താഴോട്ടു് നോക്കിയപ്പോള്‍ ചുരത്തിനു താഴെ അങ്ങാടിയിലെ വിളക്കുകളും സോപ്പുപെട്ടിയുടെ വലിപ്പത്തില്‍ വാഹനങ്ങള്‍ ചുരംകയറിവരുന്നതുമായ കാഴ്ച ഒരു പ്രത്യേക ഭംഗിയുള്ളതാണു്. തുടര്‍ന്നു് മുണ്ടക്കയം – കാഞ്ഞിരപ്പള്ളി പാലാ – ഏറ്റുമാനൂര്‍ – അതിരമ്പുഴ വഴി തിരികെ യൂണിവേഴ്സിറ്റിയിലെത്തിയപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു. നല്ലൊരു യാത്രയുടെ ഹാങ്ങോവറില്‍ ഉറങ്ങി.

Advertisements

One thought on “ഗവിയിലേക്കൊരു മഴയാത്ര

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )