പഞ്ചായത്തു തെരഞ്ഞെടുപ്പുകാലത്തെ ഒരു തമാശ

ഇപ്പോ, എല്ലാവരും തെരഞ്ഞെടുപ്പു ചൂടിലാണല്ലോ. ഉദ്യോഗസ്ഥരില്‍ പലര്‍ക്കും ഡ്യൂട്ടി ഉത്തരവും കിട്ടി. 2002ല്‍ സര്‍വ്വീസ്സില്‍ കേറിയ ശേഷം മിക്കവാറും എല്ലാ പ്രാവശ്യവും എനിക്കും പല റോളിലും തെരഞ്ഞെടുപ്പു ജോലി കിട്ടീട്ടുണ്ടു്. ഞങ്ങള്‍ പഞ്ചായത്തു ജീവനക്കാര്‍ ജോലിഭാരവും ടെന്‍ഷനും കൊണ്ടു് ഏറ്റവും കൂടുതല്‍ വീര്‍പ്പുമുട്ടാറുള്ളതു്, തെരഞ്ഞെടുപ്പുകളിലേറ്റവും വാശിയേറിയ മത്സരം നടക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പു കാലത്താണു്. അതു മറ്റു ജീവനക്കാര്‍ക്കു് സാധാരണ കിട്ടാറുള്ളതു പോലെ പോളിങ്ങ് ബൂത്തിലെ കേവലം രണ്ടു ദിവസത്തെ ഡ്യൂട്ടിയും, അതിനു പ്രാപ്തരാക്കാനുള്ള ട്രെയിനിങ്ങുകളുമല്ല (പോളിങ് ബൂത്തുകളിലേതു് ഉത്തരവാദിത്തം കുറഞ്ഞ ജോലിയാണെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം, അതും ഞാന്‍ ചെയ്തിട്ടുണ്ടു്). തെരഞ്ഞെടുപ്പിനു് മാസങ്ങള്‍ക്കു മുമ്പുതന്നെ അതിനുള്ള ഒരുക്കങ്ങള്‍ പഞ്ചായത്താപ്പീസുകളില്‍ ആരംഭിക്കും. റവന്യൂ വകുപ്പിനുള്ളതുപോലെ തെരഞ്ഞെടുപ്പിനായി പ്രത്യേകമായൊരു ഉദ്യോഗസ്ഥസംവിധാനം ഗ്രാമപഞ്ചായത്തുകളിലോ പഞ്ചായത്തു വകുപ്പിനോ ഇല്ല, എന്നാല്‍ തെരഞ്ഞെടുപ്പു സമയത്തു് മറ്റു ചുമതലകളില്‍ നിന്നു് പഞ്ചായത്തു സെക്രട്ടറിമാരെയോ ജീവനക്കാരെയോ ഒഴിവാക്കാറുമില്ല. ഉള്ള സമയത്തിനനുസരിച്ചു്, മറ്റെല്ലാ ചുമതലകളും നിര്‍വ്വഹിച്ചുകൊണ്ടു തന്നെ വേണം തെരഞ്ഞെടുപ്പു സംബന്ധിച്ച ചുമതലകളും പഞ്ചായത്തു സെക്രട്ടറിമാരും ജീവനക്കാരും ചെയ്തു തീര്‍ക്കാന്‍. വാര്‍ഡു വിഭജനവും (ഈ പ്രക്രിയ പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കില്ല) വോട്ടര്‍പട്ടിക പരിഷ്കരിക്കുന്നതും പോലത്തെ ദുര്‍ഘടം പിടിച്ച, പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളോടും മറ്റും ഉരസലും കൊമ്പുകോര്‍ക്കലും പലപ്പോഴും വേണ്ടി വരാറുള്ള, അക്കാരണത്താല്‍ത്തന്നെ നിരവധി ദിവസങ്ങളിലെ മനഃസ്വാസ്ഥ്യമില്ലായ്മയും ഉറക്കമില്ലായ്മയും സമ്മാനിക്കുന്ന ജോലികള്‍ ഏതായാലും പോളിങ് ബൂത്തുകളിലെ പ്രിസൈഡിങ് ആപ്പീസര്‍മാര്‍ക്കും പോളിങ് ആപ്പീസര്‍മാര്‍ക്കുമില്ലെന്നതാണു സത്യം. വാസ്തവത്തില്‍ പഞ്ചായത്തു തെരഞ്ഞെടുപ്പുകളില്‍ പോളിങ് ബൂത്തുകളിലുകളിലുള്ള വോട്ടെടുപ്പു ജോലിയും, പഞ്ചായത്തു സെക്രട്ടറിയുടെയും പഞ്ചായത്തു ജീവനക്കാരുടെയും മാസങ്ങള്‍ നീളുന്ന ജോലിയും തമ്മില്‍ താരതമ്യം പോലുമില്ല. വോട്ടര്‍പ്പട്ടികകള്‍ യഥാസമയം പരിഷ്കരിക്കുന്നതു് പലപ്പോഴും പല രാത്രികളിലും ആപ്പീസ്സില്‍ സെക്രട്ടറിയും ജീവനക്കാരും ഉറക്കമില്ലാതെ ക്യാമ്പു ചെയ്തു പണിയെടുത്തു കൊണ്ടാണു്. പലപ്പോഴും പരിഹരിക്കാവുന്നതായ പ്രശ്നങ്ങള്‍ക്കു പോലും ഉന്നതാധികാരികള്‍ സസ്പെന്‍ഷനും, കര്‍ക്കശമായ ശിക്ഷാനടപടികളും കൈക്കൊള്ളാറുള്ളതു് ഉള്ള സ്വസ്ഥതയുമില്ലാതെയാക്കും. എന്നാല്‍ ശിക്ഷാനടപടികള്‍ പേടിച്ചല്ല, യഥാസമയം ചട്ടപ്രകാരം തെരഞ്ഞെടുപ്പു സംബന്ധിച്ച പ്രക്രിയകള്‍ നടക്കാതിരുന്നാല്‍ വരാവുന്ന സങ്കീര്‍ണ്ണമായ നിയമപ്രശ്നങ്ങളും, അവ തങ്ങള്‍ തന്നെ സമയം മെനക്കെടുത്തി കൈകാര്യം ചെയ്തു പരിഹരിക്കേണ്ടി വരുമെന്നതുമോര്‍ത്താണു് ജീവനക്കാര്‍ തെരഞ്ഞെടുപ്പു പ്രക്രിയ മറ്റെന്തിനേക്കാളും ഊര്‍ജ്ജസ്വലമായും കുറ്റമറ്റ രീതിയിലും നടത്താന്‍ മിക്കവാറും ശ്രദ്ധിക്കാറുള്ളതു്. മാസങ്ങളായിത്തുടരുന്ന ഈ പണ്ടാരമൊന്നു് എങ്ങനെയെങ്കിലും തീര്‍ന്നു തടി കഴിച്ചലായിക്കിട്ടിയാല്‍ മതിയെന്ന നിലയിലേക്കെത്തും പഞ്ചായത്തു്സെക്രട്ടറിമാരും ജീവനക്കാരുമെല്ലാം. തെരഞ്ഞെടുപ്പു പ്രക്രിയ കഴിഞ്ഞു് പുതിയ ഭരണസമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു് അധികാരമേറ്റെടുക്കുന്നതു വരെ തുടരും പഞ്ചായത്തു സെക്രട്ടറിമാരുടെയും ജീവനക്കാരുടെയും ആധി.

തെരഞ്ഞെടുപ്പു കാലത്തെ ഈ ആധികള്‍ക്കിടയിലും, പഞ്ചായത്താപ്പീസുകളില്‍ പല രസകരമായ സംഭവങ്ങളും അരങ്ങേറാറുണ്ടു്. 2010ലെ പഞ്ചായത്തു തെരഞ്ഞെടുപ്പു സമയത്തു് കോഴിക്കോടു് ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താപ്പീസ്സില്‍ നടന്നതായി പറയപ്പെടുന്ന ഒരു കഥ പറയാം. അന്നു് ഞാന്‍ ഗ്രാമപഞ്ചായത്തിലല്ല, പഞ്ചായത്തു വകുപ്പിന്റെ പെര്‍ഫോമന്‍സ് ഓഡിറ്റു വിഭാഗത്തിലാണു് ക്ലാര്‍ക്കായി പണിയെടുത്തിരുന്നതു്. അതിനാല്‍ത്തന്നെ, ജില്ലയിലെ മൊത്തം തെരഞ്ഞെടുപ്പു പ്രക്രിയയുടെ പള്‍സ് അതാതു സമയം തന്നെ അറിയാന്‍ കഴിഞ്ഞിരുന്നു. പഞ്ചായത്തുകളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ അതാതു സമയം ശേഖരിക്കാന്‍ ഇ-മെയില്‍ സംവിധാനം വ്യാപകമായി ഉപയോഗപ്പെടുത്തിത്തുടങ്ങിയ കാലമായിരുന്നു അതു്. പഞ്ചായത്തു് സെക്രട്ടറിമാരിലും ജീവനക്കാരിലും പലര്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം ലഭിച്ചിരുന്നില്ല. ആപ്പീസുകളില്‍ അന്നു് ടെക്‍നിക്കല്‍ അസിസ്റ്റന്റുമാരുമില്ല. എന്നാലും, പഞ്ചായത്തു് ജീവനക്കാര്‍ക്കിടയില്‍ പൊതുവേയുള്ള, വിഷയമെന്തു തന്നെയായാലും അവനവനറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ തമ്മില്‍ത്തമ്മിലും, മറ്റാപ്പീസുകളിലേക്കും മറ്റും വിളിച്ചന്വേഷിച്ചു്, കാര്യം മനസ്സിലാക്കി നടത്തിക്കൊണ്ടു പോവാനുള്ള മനഃസ്ഥിതി മൂലം, പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഇ-മെയില്‍ റിപ്പോര്‍ട്ട് ശേഖരണ പരിപാടി വിജയിച്ചു, അതിന്നും തുടരുന്നു.

മിക്കവാറും പഞ്ചായത്താപ്പീസ്സുകളില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനറിയാവുന്ന ഒന്നോ രണ്ടോ ക്ലാര്‍ക്കുമാരായിരുന്നു ആ ആപ്പീസ്സിലെ ഇ-മെയില്‍ കത്തിടപാടുകളെല്ലാം തന്നെ അന്നു് കൈകാര്യം ചെയ്തിരുന്നതു്. അങ്ങനെയിരിക്കേ, വോട്ടര്‍പ്പട്ടിക പുതുക്കലിന്റെ സമയമോ മറ്റോ ആണെന്നു തോന്നുന്നു, കോഴിക്കോടു് പഞ്ചായത്തു് ഡെപ്യൂട്ടി ഡയറക്‍ടറാപ്പീസ്സില്‍ (പഞ്ചായത്തു വകുപ്പിന്റെ ജില്ലാ ആപ്പീസ്) പഞ്ചായത്താപ്പീസുകളില്‍ നിന്നു് ശേഖരിച്ചു കൊണ്ടിരുന്ന ഒരു റിപ്പോര്‍ട്ട്, ഒരു പഞ്ചായത്തില്‍ നിന്നു് എന്തുകൊണ്ടോ ലഭിച്ചില്ല. ജില്ലാതല ആപ്പീസ്സില്‍ ലഭിക്കേണ്ട റിപ്പോര്‍ട്ടു് മറ്റെല്ലായിടത്തു നിന്നും ലഭിച്ചു് ഒരു പഞ്ചായത്തില്‍ നിന്നു് ലഭിക്കാതിരുന്നാല്‍ പോലും, അതിന്മേലുള്ള തുടര്‍നടപടി (മിക്കവാറും ക്രോഡീകരിച്ചു് പഞ്ചായത്തു് ഡയറക്‍ടര്‍ക്കു് അയച്ചു കൊടുക്കല്‍) അസാദ്ധ്യമാക്കും. തെരഞ്ഞെടുപ്പു വിഷയമായതിനാല്‍ ഉത്തരവാദപ്പെട്ട പലരും കുഴപ്പത്തിലാവാന്‍ അതു മതി. ഡെപ്യൂട്ടി ഡയറക്‍ടറാപ്പീസ്സിലെ സെക്‍ഷന്‍ ക്ലാര്‍ക്കും സൂപ്രണ്ടും റിപ്പോര്‍ട്ട് ഫോണ്‍ മുഖേന ശേഖരിക്കാന്‍ നടത്തിയ ശ്രമം വിജയം കാണാത്തതിനാല്‍ വിഷയം, ഡെപ്യൂട്ടി ഡയറക്‍ടര്‍ തന്നെ നേരിട്ടു് കൈകാര്യം ചെയ്തു. പഞ്ചായത്തു് സെക്രട്ടറിയെ ഫോണില്‍ വിളിച്ചു് ചൂടായി: “ഇന്നു് മൂന്നു മണിക്കു മുന്നേ ആ റിപ്പോര്‍ട്ടയച്ചു തന്നില്ലെങ്കില്‍…” എന്ന ടോണില്‍. നമ്മള്‍ മുന്‍ചൊന്ന പ്രശ്നങ്ങളെല്ലാം പഞ്ചായത്താപ്പീസ്സില്‍ കൈകാര്യം ചെയ്തു് ടെന്‍ഷനടിച്ചിരിക്കുന്ന സെക്രട്ടറിക്കാണെങ്കില്‍ അതോടെ ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. ഇക്കണ്ട പണിയെല്ലാം രാവു പകലാക്കി ചെയ്തു തീര്‍ത്തിട്ടും, ഇങ്ങനെ ഡി ഡി പിയുടെ ചീത്ത കേള്‍ക്കേണ്ടി വന്നല്ലോയെന്നായി പുള്ളിയ്ക്കു്. അദ്ദേഹം സെക്‍ഷന്‍ ക്ലാര്‍ക്കിനെ വിളിച്ചു് ചൂടായി: “എന്താ ……….. റിപ്പോര്‍ട്ടു് ഡി ഡി പി ആപ്പീസ്സിലേക്കു് പോവാഞ്ഞതു്?” സെക്‍ഷന്‍ ക്ലാര്‍ക്കു്: “സാര്‍, അങ്ങനെയൊരു കത്തു് ഇവിടുത്തെ ഇ-മെയിലില്‍ കാണുന്നില്ല സാര്‍”. സെക്രട്ടറി: “ങേ? കാണുന്നില്ലേ? അതെന്തു പറ്റി?” പുള്ളി അടുത്ത പഞ്ചായത്തിലേക്കു ഫോണില്‍ വിളിച്ചു: “നിങ്ങള്‍ക്കു് …………..റിപ്പോര്‍ട്ടു് ചോദിച്ചു കൊണ്ടുള്ള ഇ-മെയില്‍ വന്നിരുന്നോ?” ആ പഞ്ചായത്തില്‍ നിന്നും മറുപടി: “പിന്നല്ലാതെ? റിപ്പോര്‍ട്ടുണ്ടാക്കി എപ്പഴേ കൊടുത്തു. നിങ്ങളിതുവരെ അയച്ചില്ലേ?” അതോടെ സെക്രട്ടറി ആകെ കണ്‍ഫ്യൂഷനിലായി. അവര്‍ക്കു കിട്ടി, നമുക്കു കിട്ടീട്ടില്ല. ഇനിയെങ്ങാനും സെക്‍ഷന്‍ ക്ലാര്‍ക്കു് ആ ഇ-മെയില്‍ കാണാത്തതാവുമോ? നോക്കിക്കളയാം. അദ്ദേഹം കമ്പ്യൂട്ടര്‍ റൂമിലേക്ക് നടന്നു, സെക്‍ഷന്‍ ക്ലാര്‍ക്കിനോടു് കമ്പ്യൂട്ടര്‍ റൂമിലേക്കു് വരാന്‍ ആംഗ്യം കാണിച്ചു. പുള്ളി കമ്പ്യൂട്ടറിനു മുന്നിലിരുന്നു്, ക്ലാര്‍ക്കിനോടു്: “നീയാ ഇ-മെയിലൊന്നു് തുറക്കു്, ഞാനൊന്നു് നോക്കട്ടെ.” ക്ലാര്‍ക്കു് ഇ-മെയില്‍ ഇന്‍ബോക്‍സ് തുറന്നു. മുഴുവന്‍ പരതി. സംഗതി ശരിയാണല്ലോ, ആ ഇ-മെയില്‍ മാത്രം കാണുന്നില്ല. അതിനു മുമ്പു വന്നതും, ശേഷം വന്നതുമൊക്കെ കാണുന്നുണ്ടു താനും. പുള്ളി സെക്‍ഷന്‍ ക്ലാര്‍ക്കിന്റെ മുഖത്തേക്കു നോക്കി. സെക്‍ഷന്‍ ക്ലാര്‍ക്കു് “ഇനി സാറു തന്നെ പറ എന്താ ചെയ്യണ്ടേന്നു്” എന്ന ഭാവത്തില്‍ നില്പാണു്. പുള്ളി സീറ്റില്‍ നിന്നെണീറ്റു, കുറച്ചു നേരം ഗാഢമായാലോചിച്ചു. പിന്നെ, മെല്ലെ കുനിഞ്ഞു് കമ്പ്യൂട്ടര്‍ മേശയുടെ അടിയിലേക്കു് നോക്കി. അവിടെ നിരവധി വയറുകളും കേബിളുകളും ഒന്നാകെ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. പുള്ളിക്കു് കാര്യം പിടി കിട്ടി: “ആ അതാണു പ്രശ്നം. ആ വയറൊക്കെ ഇങ്ങനെ ചുറ്റിപ്പിണഞ്ഞു കെടക്ക്വല്ലേ, നമ്മടെ ഇ-മെയിലു് അതിന്റുള്ളിലു് എവട്യേങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടാവും. നീയാ വയറുകളൊക്കെയൊന്നു് കെട്ടിക്കുടുക്കഴിച്ചു് നിവര്‍ത്തിയിടു്. എന്നിട്ടു് ആ മെയിലു് വരുന്നുണ്ടോന്നു് നോക്കു്.” അതും പറഞ്ഞു് അദ്ദേഹം തന്റെ മറ്റു തിരക്കുകളിലേക്കു് ഊളിയിട്ടു. ഇതു കേട്ടു് പാവം സെക്രട്ടറിയെ ചീത്ത കേള്‍പ്പിച്ച ആ ചതിയന്‍ കമ്പ്യൂട്ടര്‍ ചിരിച്ച ചിരി തൊട്ടപ്പുറത്തെ പഞ്ചായത്തുകളിലെ കമ്പ്യൂട്ടറുകള്‍ വരെ കേട്ടു എന്നാണു കേള്‍വി. സെക്‍ഷന്‍ ക്ലാര്‍ക്കു് ചിരിച്ചില്ല. ഡി ഡി പിയുടെയടുത്തു നിന്നും ചീത്ത കേട്ട ദേഷ്യത്തില്‍ നില്ക്കുന്ന സെക്രട്ടറിയുടെ മുന്നില്‍ നിന്നും ചിരിക്കുന്നതു് പന്തിയല്ലെന്നു് അങ്ങേര്‍ക്കു് തോന്നിയിരിക്കണം. പക്ഷേ, അധികം താമസിയാതെ തന്നെ എങ്ങനെയൊക്കെയോ റിപ്പോര്‍ട്ടു് ഡി ഡി പി ആപ്പീസ്സിലേക്കു് ചെന്നു, കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടാവാതെ സെക്രട്ടറിയും ക്ലാര്‍ക്കും രക്ഷപ്പെട്ടു.

ഇനി, ഇതു വായിക്കുന്ന എന്നോടു് ആര്‍ക്കും ചോദിക്കാവുന്ന ചോദ്യം: “നീയിതെല്ലാം അറിഞ്ഞിട്ടാണോ ഇപ്പണി ചെയ്യുന്നെ?” എന്റെ മറുപടി: “സത്യം പറഞ്ഞാ, ഇക്കണ്ട കാലം മുഴുവന്‍ പഞ്ചായത്തില്‍ പണിയെടുത്തിട്ടും എനിക്കു് ഒരു പിടിയുമില്ലാത്ത പല കാര്യങ്ങളും പഞ്ചായത്തിലുണ്ടു്. പരിചയമില്ലാതെ പലതും കൈകാര്യം ചെയ്ത സമയത്തു് ആനമണ്ടത്തരങ്ങള്‍ പലതും പറയുകയും ചെയ്യുകയും ചെയ്തിട്ടുമുണ്ടു്. എങ്ങനെയൊക്കെയോ കുടുക്കുകളില്‍ പെടാതെ തടി കഴിച്ചലായിപ്പോരുന്നുവെന്നു മാത്രം. ചെയ്യേണ്ടുന്ന പല കാര്യങ്ങളുടെയും ഗൌരവവും സങ്കീര്‍ണ്ണതയും, എന്നാല്‍ അവ ചെയ്യാനുള്ള വിഭവശേഷിക്കുറവും എന്റെ വിവരമില്ലായ്മയും തമ്മില്‍ തട്ടിച്ചു നോക്കുമ്പോള്‍, ഞാനിനിയും ഒരു കുടുക്കിലും പെടില്ലെന്നോ, ഒരു വിവരക്കേടും ചെയ്യില്ലെന്നോ ഒരു ഗ്യാരണ്ടിയും തരാന്‍ ധൈര്യമില്ല താനും.” ഇനി, ഈ കഥയെപ്പറ്റിയാണെങ്കില്‍, കേട്ട ഒരു രസം ഇവിടെ പറഞ്ഞുവെന്നേയുള്ളൂ. ഒ എസ് ഐ റഫറന്‍സ് മോഡലും പാക്കറ്റ്സ്വിച്ചിങ്ങും മറ്റും എന്താണെന്നു പഠിച്ചിട്ടല്ല ആരും പഞ്ചായത്തു് സെക്രട്ടറിമാരാകുന്നതു്. അതു സര്‍ക്കാരിനു മനസ്സിലായതു കൊണ്ടാണെന്നു തോന്നുന്നു, പഞ്ചായത്താപ്പീസുകളില്‍ സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇപ്പോള്‍ ഒരു ടെക്‍നിക്കല്‍ അസിസ്റ്റന്റുള്ളതു്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )