തീവണ്ടിയില്‍ കവര്‍ച്ചയ്ക്കു് വിധേയനായതു്..

കൂട്ടരെ,

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്കു് തീവണ്ടിയില്‍ യാത്ര ചെയ്യുന്ന വഴി, ഞാന്‍ അതിഭീകരമായ കവര്‍ച്ചയ്ക്കു് വിധേയനായ വിവരം അത്യധികം സങ്കടത്തോടെ അറിയിക്കട്ടെ. കഥയിങ്ങനെ:-
ശ്രീധന്യയ്ക്കു് ശനിയാഴ്ച തിരുവനന്തപുരത്തു വച്ചു് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഒരു ഇന്‍ഡക്‍ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കേണ്ടിയിരുന്നു. അതോണ്ടു് അവളും മോളും കൂടി കോഴിക്കോട്ടു നിന്നു് വെറാവല്‍ – തിരുവനന്തപുരം എക്സ്പ്രസ്സ് തീവണ്ടിയില്‍ കേറി, ഞാന്‍ കോട്ടയത്തു നിന്നും. അവളു പരിപാടിയില്‍ പങ്കെടുക്കുമ്പോ, മോളെ നോക്കാന്‍ ഞാനുണ്ടായാലേ പറ്റൂ. ശ്രീധന്യയുടെ ബാഗ് ഞാന്‍ എന്റടുത്തു് ബര്‍ത്തില്‍ വച്ചു കിടന്നു, എന്റെ ലാപ്‍ടോപ്പ് ബാഗ് ശ്രീധന്യയുടെ ബര്‍ത്തിനു് അടിയിലും. പുലര്‍ച്ചെ തിരുവനന്തപുരത്തെത്തി കണ്ണുമിഴിച്ചു നോക്കുമ്പോള്‍, എന്റെ ലാപ്‍ടോപ്പ് ബാഗ് കാണാനില്ല. ആ ബോഗി മുഴുവനും തപ്പി, കിട്ടിയില്ല. 2009ല്‍ ലാപ്‌ടോപ്പ് വാങ്ങിയതിനു പിന്നാലെ സിക്സ്‌വെയറില്‍ നിന്നു് വാങ്ങിയ എച്ച്പി ബാഗാണു്. എത്രയെത്ര യാത്രകളില്‍ അതെന്നോടൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം റെയില്‍വ്വേ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. അതില്‍ എന്റെ വിലപ്പെട്ട പല വസ്തുക്കളുമുണ്ടായിരുന്നതു് ഇങ്ങിനി തിരികെ കിട്ടാത്ത വിധം നഷ്ടപ്പെട്ടു. തിരികെയെത്തി നഷ്ടം കണക്കാക്കി നോക്കുമ്പോള്‍, പോയ്പോയ വസ്തുവഹകള്‍ താഴെപ്പറയുന്നവയാണു്:-

പുതിയ ലാപ്‌ടോപ്പ് വാങ്ങിയതിന്റെ ഇന്‍വോയ്സ് ബില്‍, അതിന്റെ വാറണ്ടി രേഖ, ഫോണിലെ ചാര്‍ജു തീരുന്നതിനേക്കാള്‍ ലേശമെങ്കിലും വേഗത്തില്‍ ചാര്‍ജു കേറ്റുന്ന വിദ്യ വശമില്ലാത്ത പവര്‍ബാങ്ക് – ഒന്നു്, 2010ല്‍ വാങ്ങി നിരന്തരം ഉപയോഗിച്ചുകൊണ്ടിരുന്ന പെന്‍ഡ്രൈവ്, ജെ ബി എല്ലിന്റെ ഇയര്‍ഫോണ്‍, കോഴിക്കോട്ടങ്ങാടിയില്‍ നിന്നു വാങ്ങിയ എന്റെ പ്രിയപ്പെട്ട ചെറിയ ഐബെല്‍ ടോര്‍ച്ചും അതിന്റെ ചാര്‍ജറും (എന്റെ വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ നടന്നാലേ ബസ്സ് ഗതാഗതമുള്ള നിരത്തിലേക്കെത്താന്‍ പറ്റൂ. രാത്രിയും പുലര്‍ച്ചെയും യാത്രപോവുമ്പോള്‍ എത്രയോ തവണ അതെന്നെ നായ്ക്കളില്‍ നിന്നും രക്ഷിച്ചിട്ടുണ്ടു്), മൊബൈല്‍ഫോണിന്റെ ഇടത്തരം പിന്നുള്ള ചാര്‍ജര്‍, ഒരു ഫൈബര്‍ വാട്ടര്‍ബോട്ടില്‍, എന്റെ തെരഞ്ഞെടുപ്പു് തിരിച്ചറിയല്‍ കാര്‍ഡ്, പിന്നെ മുരളി തുമ്മാരുകുടി സാര്‍, എസ് സി ടി ഐ എം എസ് ടിയിലെ ബിജു സോമന്‍ സാര്‍, ട്രിപ്പ്ള്‍ ഐ ടി എം – കെ യിലെ രാധാകൃഷ്ണന്‍ സാര്‍, അനിവര്‍ അരവിന്ദ് തുടങ്ങി നാട്ടിലും മറുനാട്ടിലുമുള്ള പല മഹാരഥന്മാരുമായി നേരില്‍ക്കണ്ടപ്പോള്‍ അവര്‍ തന്ന അവരുടെ വിസിറ്റിങ് കാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡ് ഹോള്‍ഡര്‍, ശ്രീ ശ്രീ ഇര്‍ഷാദ് കുന്നക്കാടനവര്‍കളുടെ അടുത്തു് ഗിറ്റ് പഠിക്കാന്‍ ചെന്നപ്പോള്‍ കുറിച്ചെടുത്ത കുറിപ്പുകള്‍, സസ്റ്റെയിനബ്ള്‍  ഡവലപ്പ്മെന്റിനെപ്പറ്റി വിശദമായ ഒരു കുറിപ്പെഴുതാന്‍ വേണ്ടി പലേടത്തു നിന്നായി ശേഖരിച്ചു പകര്‍ത്തിയ മെറ്റീരിയലുകള്‍, ലാന്‍ഡ് യൂസ് ബോര്‍ഡിന്റെ വിഭവഭൂപടത്തെക്കുറിച്ചുള്ള ഒരു ലഘുലേഖ, പിന്നെ എനിക്കു മാത്രം പ്രയോജനമുള്ളതും, മറ്റൊരാള്‍ക്കും യാതൊരുവിധ പ്രയോജനവുമുണ്ടാവാനുമിടയില്ലാത്തതുമായ – ഏറിയകൂറും എനിക്കു മാത്രം വായിച്ചു മനസ്സിലാക്കാന്‍ പറ്റുന്ന – പലസമയത്തായി അതാതു സമയത്തു തോന്നിയ കോഡുഭാഷയിലെഴുതിയ – പല പല വിവരങ്ങളടങ്ങിയ നുറുക്കു കടലാസുകഷ്ണങ്ങള്‍, എന്റെ മീശയുടെ ഒരുഭാഗത്തെ രോമം കൊഴിഞ്ഞു പോയതു നേരെയാവാന്‍ (Alopecia areata), നന്മണ്ട ആരോഗ്യപ്രദായിനി ഔഷധശാലയില്‍ നിന്നും വാങ്ങിയ ഒരു ഡപ്പി ഇന്ദ്രലുപ്താരി ലേപം, അതു ഡപ്പിയില്‍ നിന്നും തോണ്ടി യഥാസ്ഥാനത്തു തേയ്ക്കാനുപയോഗിക്കുന്ന കമ്പു്, യഥാസ്ഥാനത്തു തന്നെയാണതു തേയ്ക്കുന്നതെന്നുറപ്പാക്കുവാനായി വാങ്ങിയ ചെറിയ കൈക്കണ്ണാടി (ഇരുപതുറുപ്പിക), ഒരാഴ്ച ഞാന്‍ യൂണിവേഴ്സിറ്റിയില്‍ ധരിച്ച മുഷിഞ്ഞ കുപ്പായങ്ങള്‍ ആറെണ്ണം, മുഷിയാത്തവ – രണ്ടെണ്ണം. മിക്കവയും കൈത്തറി കോട്ടണ്‍ – രണ്ടു വര്‍ഷം മുതല്‍ ആറുമാസം വരെയായി ഉപയോഗത്തിലുള്ളവ (ഈ ചൂടുകാലത്തു് അവ നഷ്ടപ്പെട്ടതിന്റെ ദുഃഖം പറഞ്ഞറിയിക്കാന്‍ വയ്യ). മുഷിഞ്ഞ രണ്ടു പാന്റ്സ്, മുഷിയാത്തതു് – ഒന്നു് (എല്ലാം പ്യുവര്‍ കോട്ടണ്‍ – രണ്ടു മുതല്‍ ഒരു വര്‍ഷം വരെയായി ഉപയോഗത്തിലുള്ളവ – ആകെ പാകമുള്ളതു് അഞ്ചെണ്ണമാണുണ്ടായിരുന്നതു്, അതില്‍ മൂന്നും). എല്ലാം ഓണം വിഷു കൃസ്തുമസ്സ് സമയത്തെ റിബേറ്റിനു് വിവിധ നെയ്ത്തു സഹകരണ സംഘക്കാരുടെയടുത്തു നിന്നും മറ്റും തുണി വാങ്ങി നന്മണ്ട ഓര്‍ക്കിഡ് സ്റ്റിച്ചിങ്ങില്‍ കൊടുത്തു് എന്റെ അളവിനു് തുന്നിച്ചവ – റെഡിമേഡ് ഉപയോഗിക്കുന്ന ശീലം പണ്ടേയില്ല. എസ്സ് എം സിയുടെ ടീഷര്‍ട്ടുകള്‍ രണ്ടെണ്ണം – ഒന്നു് കറുത്തതും, ഒന്നു് ചാര നിറത്തിലുള്ളതും. പിന്നെ മുഷിഞ്ഞ ആറു ഷഡ്ഢികള്‍, മുഷിയാത്തവ മൂന്നെണ്ണം – എല്ലാം ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ നിരന്തരമായ ഉപയോഗത്തിലുള്ളവ – ചിലതിന്റെ ഇലാസ്റ്റിക്കും നൂലുമെല്ലാം വലിഞ്ഞിട്ടുണ്ടു്, അല്ലറ ചില്ലറ ദ്വാരങ്ങള്‍ എല്ലാത്തിനുമുണ്ടു് – ഓ പിന്നേ, മീതെ പാന്റ്സിട്ടുകഴിഞ്ഞാപ്പിന്നെ അതാരു കാണാനാ? ഇനീം കുറച്ചുകാലം കൂടി അഭിമാനപുരസ്സരം ഉപയോഗിക്കായിരുന്നു. ഒരാഴ്ച രാത്രി ഉടുത്തോണ്ടിരുന്ന കൈത്തറി കാവിമുണ്ടു് (പയ്യോര്‍മല നെയ്ത്തു സഹകരണസംഘക്കാരുടെ പേരാമ്പ്രയിലെ കടയില്‍ നിന്നും വാങ്ങിയതു് – നുമ്മ കാവിമുണ്ടും വെള്ളമുണ്ടുമേ പതിവുള്ളൂ). തോര്‍ത്തുമുണ്ടു്, സോപ്പ്, ആറേഴുമാസമായി ഉപയോഗിച്ചുകൊണ്ടിരുന്ന ടൂത്ത്ബ്രഷ്, രണ്ടു ദിവസം മുന്നേ വാങ്ങിയ ഒരു ട്യൂബ് ടൂത്ത് പേസ്റ്റ്, പിന്നെ എനിക്കിപ്പോ ഓര്‍മ്മ കിട്ടാത്തതും ദീര്‍ഗ്ഘകാലമായി ആ ബാഗിലെ അന്തേവാസികളുമായിരുന്ന അല്ലറചില്ലറ ലൊട്ടുലൊടുക്കു സാമഗ്രികള്‍ അങ്ങനെയങ്ങനെ.

ഇട്ടുകൊണ്ടിരുന്ന വസ്ത്രങ്ങളെല്ലാം ഒറ്റയടിക്കു് പോയ്പോയതിനാല്‍, എല്ലാം പുതിയതായി വാങ്ങേണ്ട അവസ്ഥ നേരിട്ടു. ഇപ്പോ റിബേറ്റുള്ള സമയമായതിനാല്‍ രക്ഷയായി. എന്നെ മുമ്പൊന്നും കണ്ടിട്ടില്ലാത്ത വസ്ത്രവിധാനത്തോടെ കണ്ടാല്‍, അതു കുളൂസ് കാണിക്കാനല്ല, ഗത്യന്തരമില്ലാഞ്ഞിട്ടാണെന്നു് എന്നെ അറിയുന്നവര്‍ക്കു മനസ്സിലാവാന്‍ വേണ്ടീട്ടാണു് ഇതിപ്പോ എഴുതുന്നെ. എല്ലാരോടും ഒരേ കാര്യം വിവരിക്കേണ്ടല്ലോ. ഇനിയുള്ള യാത്രകളില്‍, ബാഗ് സീറ്റിനോടു് ചേര്‍ത്തു കെട്ടാനുള്ള ചങ്ങലയും പൂട്ടും വാങ്ങി അതുപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ടു്. ഇതുവരെ ‘തക്കാളിപ്പെട്ടിക്കെന്തിനാ ഗോദ്റെജിന്റെ പൂട്ടു്’ എന്നതായിരുന്നു നില. തക്കാളിപ്പെട്ടി പോയാലും വെട്ടിലായിപ്പോവും എന്നു ഈ അനുഭവം കൊണ്ടു് മനസ്സിലായി.

ഞാനിപ്പോള്‍ ആ ബാഗ് കട്ടവനെ/കട്ടവളെ ഭാവനയില്‍ കാണുകയാണു്. അവന്‍/അവള്‍ നിധി കിട്ടിയ സന്തോഷത്തില്‍ ഏതെങ്കിലും ഒഴിഞ്ഞ മൂലയിലേക്കു് കൊണ്ടുപോയി ബാഗ് തുറക്കുന്നു, മുഷിഞ്ഞ തുണിയുടെ തുളച്ചുകയറുന്ന നാറ്റം സഹിക്കാതെ മുഖത്തു വല്ല തുണിയോ മറ്റോ കെട്ടി ഉള്ളിലെ സാധനങ്ങള്‍ ഓരോന്നായി പുറത്തേക്കെടുക്കുന്നു, അതിനകത്തുണ്ടെന്നു കരുതിയ പുതിയ ലാപ്‍ടോപ്പോ, അല്ലെങ്കില്‍ തത്തുല്യമായ മൂല്യമുള്ള വല്ലതുമോ ലഭിക്കായ്കയാല്‍ സ്വയം ശപിക്കുന്നു, ആ ഇലക്‍ട്രോണിക്‍ സാധനങ്ങള്‍ വല്ലടത്തും അഴിച്ചലാവുമോയെന്നു നോക്കാന്‍ അവയുമെടുത്തു സ്ഥലം വിടുന്നു. അല്ലെങ്കില്‍, അതിനകത്തു നിന്നും കിട്ടിയ രേഖകളും വിസിറ്റിങ് കാര്‍ഡുകളും, മറ്റു വസ്തുവഹകളും തമ്മിലുള്ള പ്രകടമായ പൊരുത്തക്കേടിന്റെ കാരണം പിടികിട്ടാതെ, ഇതൊരാളുടേതാണോ അതോ രണ്ടാളുടേതാണോ, ഒരു ബാഗില്‍ രണ്ടാളുകളുടെ വഹയെങ്ങനെ വന്നുവെന്നാലോചിച്ചു് ഒരു തത്വജ്ഞാനിയായിപ്പരിണമിക്കാനും മതി. അവനു/അവള്‍ക്കു നല്ലതു മാത്രം വരുത്തണേയെന്റെ ഡിങ്ക. എന്നാലുമാ ദുഷ്ടന്‍/ദുഷ്ടത്തി എന്റെ ബാഗ്…. ഹും.

Advertisements

4 thoughts on “തീവണ്ടിയില്‍ കവര്‍ച്ചയ്ക്കു് വിധേയനായതു്..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )