എന്റെ പോലീസുപേടി

പോലീസിന്റെ സാന്നിദ്ധ്യം എന്നില്‍ സുരക്ഷിതത്വബോധമല്ല ഉണ്ടാക്കാറു്, കാരണമെന്തെന്നു് വേര്‍തിരിച്ചു പറയാന്‍ സാധിക്കാത്ത ഒരുള്‍ഭയമാണു്. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ എന്റെ ജൈവിക ചോദനതന്നെ “എസ്ക്കേപ്പ്….” എന്നതാണു്. പ്രായോഗിക തലത്തില്‍, പൊതുജനസുരക്ഷയോ സംരക്ഷണമോ അല്ല, അതിന്റെ ഒന്നാമത്തെ അജണ്ടയെന്നു് ഒന്നില്‍ക്കൂടുതല്‍ തവണ നേരിട്ടു് എനിക്കു് അനുഭവിച്ചറിയേണ്ടി വന്നിട്ടുണ്ടു്. സാമാന്യജനത്തോടു് മര്യാദയോടെയുള്ള പെരുമാറ്റം എന്നതു് അതിന്റെ ടേംസ് ഓഫ് റഫറന്‍സില്‍പ്പെടുന്ന ഒന്നല്ലെന്നും തോന്നിയിട്ടുണ്ടു്. എന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി അതിനെ എനിക്കുപയോഗിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും (മര്‍ദ്ദനത്തിനല്ല), വല്ല നിവൃത്തിയുമുണ്ടെങ്കില്‍ അതിന്റെ സാന്നിദ്ധ്യവും, സാന്നിദ്ധ്യമുള്ള ഇടങ്ങളും‍ ഒഴിവാക്കാനാണു് ഞാന്‍ ശ്രമിക്കാറു്.

ആ സംവിധാനം അതാതു കാലത്തു് അധികാരത്തിലിരിക്കുന്നവരുടെ മര്‍ദ്ദന – പീഡനോപകരണം എന്ന നിലയില്‍ത്തന്നെയാണു് കൊളോണിയല്‍ കാലം മുതല്‍ ഉരുത്തിരിഞ്ഞു് വികസിച്ചു വന്നതു്, ഇപ്പോഴും അവിടെത്തന്നെയാണതു നില്ക്കുന്നതും. അതിനു് നല്ലൊന്നാന്തരം ഉദാഹരണമാണു പ്രസാദിനു് കിട്ടിയ സമണ്‍സ് തന്നെ.

ഇത്രത്തോളമില്ലെങ്കിലും, എന്റെ ഒരനുഭവം പറയാം. അന്നെനിക്കു് ഇത്ര കരുതലില്ല. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സില്‍ വിസിറ്റിങ് സ്റ്റുഡന്റായിരുന്ന സമയത്തു് ഒരു ദിവസം പുലര്‍ച്ചെ മൂന്നുമണിക്കോ മറ്റോ കോഴിക്കോട്ടു് മാവൂര്‍ റോഡ് ബസ്സ് സ്റ്റാന്റില്‍ വന്നിറങ്ങി. നന്മണ്ട വഴിക്കുള്ള ആദ്യത്തെ ബസ്സ് വരാന്‍ മണി അഞ്ചരയെങ്കിലുമാവുമെന്നതിനാല്‍ അതുവരെ എന്തു ചെയ്യുമെന്നായി ചിന്ത. കോശസ്ഥിതി പരിതാപകരമായിരുന്നതിനാല്‍ ലോഡ്ജില്‍ മുറിയെടുക്കുന്ന കാര്യം ചിന്തിച്ചതേയില്ല. കുറെനേരം ബസ്സ്സ്റ്റാന്റില്‍ കൊതുകുകളുമായി യുദ്ധം ചെയ്തു മതിയായ ശേഷം, മാവൂര്‍ റോഡിലൂടെ ഒന്നു നടക്കാം എന്നു കരുതി. നേരം കളയണം, കൊതുകുകള്‍ക്കു് പിടി കൊടുക്കരുതു് – ഇതായിരുന്നു ആകെയുള്ള ആവശ്യം. പിന്നെ ആകാശവും നക്ഷത്രക്കൂട്ടങ്ങളുമൊക്കെ കാണാലോ. പതുക്കെ, രാത്രിയിലെ ആകാശവും നോക്കി ഏതാണ്ടു് വിജനമായ ഫുട്പാത്തിലൂടെ നടന്നു.

ഒരു വശത്തു് നിര്‍ത്തിയിട്ട പോലീസ് വാഹനത്തെയും കടന്നു് മുന്നോട്ടു നീങ്ങിയപ്പോള്‍ പിന്നില്‍ നിന്നു് അതിലെ പോലീസുകാരാരോ എന്തോ പറഞ്ഞെന്നു് തോന്നി. തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെയാരും നോക്കുന്നതായി കണ്ടില്ല. എന്നോടാവില്ലെന്നു കരുതി വീണ്ടും മുന്നോട്ടു്നടന്നപ്പോള്‍ കേട്ടതു്, “ഡാ” എന്നൊരലര്‍ച്ചയും ഒരു ഏക്ലാസ്സ് തെറിയും “ബ്ട വാടാ” എന്നൊരു വിളിയുമാണു്. ദേവഗിരിക്കോളജിലെ മെന്‍സ് ഹോസ്റ്റലില്‍ രണ്ടുകൊല്ലം താമസിച്ച എനിക്കു് ഭൂമിമലയാളത്തിലുള്ള എല്ലാ തെറിപ്പദങ്ങളും അറിയാമെന്ന എന്റെ സ്വകാര്യ അഹങ്കാരം അതോടെ തകര്‍ന്നു. ആ ഗ്രെയിഡിലുള്ള ഒരു തെറി അതിനു മുന്‍പോ ശേ‍ഷമോ ഞാന്‍ കേട്ടിട്ടില്ല. ഇതെന്തിനാണെന്നെ വിളിച്ചതെന്നും മനസ്സിലായില്ല. ആ പരിസരത്തു് ആ പോലീസുകാരും ഞാനുമല്ലാതെ വേറെ മനുഷ്യജീവികളെയാരെയും കാണാത്തതു കൊണ്ടു് വിളിച്ചതെന്നെത്തന്നെ എന്നും ഉറപ്പായി (മറ്റാളുകളെ ഇവന്മാര്‍ തെറിപറഞ്ഞോടിച്ചതാവണം). അവരുടെ അടുത്തേക്കു് ചെന്നു. എസ്സൈയും പരിവാരങ്ങളും എന്നെത്തന്നെ തറച്ചു നോക്കുന്നു. “എന്താടാ ഇവടെ ചെയ്യുന്നതു്?” എന്നായി. ഞാന്‍ കാര്യം പറഞ്ഞു. അവര്‍ക്കു് വിശ്വാസം വരുന്നില്ല. ഇനിയെന്തു വന്നാലും അസ്തു, നേരിടുക തന്നെ എന്നതായി എന്റെ നില. എസ്സൈ എന്നെ അടിമുടിയൊന്നു് നോക്കി. നിസ്സഹായതയോടെ ഒരു ചിരി ചിരിച്ചുകൊണ്ടു് ഞാനവിടെ ഇളിഭ്യനായി നിന്നു. എന്നെയിവന്മാര്‍ കൈകാര്യം ചെയ്യാന്‍ പോവുകയാണെന്നു തന്നെ ഞാന്‍ തീര്‍ച്ചപ്പെടുത്തി. അന്നു് എന്റെ വേഷം പാന്റ്സും, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സിന്റെ മുദ്രയും പേരും പതിച്ചിരുന്ന ഒരു ടീഷര്‍ട്ടും. എസ്സൈ ആ മുദ്രയിലേക്കു് സൂക്ഷിച്ചു നോക്കുന്നതു കണ്ടു. കുറച്ചുനേരം എന്റെ മുഖത്തേക്കു നോക്കി “പോയ്ക്കോ, ഇതിലെ നടക്കണ്ടാ” എന്നു ഗൌരവത്തില്‍ പറഞ്ഞു (ആ സ്ഥലം അന്നത്തേയ്ക്കു് അവര്‍ക്കു തീറെഴുതിക്കിട്ടിയതാണു്). ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ഞാന്‍ രംഗത്തു നിന്നു് നിഷ്ക്രമിച്ചു. തിരിച്ചു് ബസ്സ് സ്റ്റാന്റിലേക്കു തന്നെ മടങ്ങി, ബസ്സു വരുവോളം അവിടെയിരുന്നു് കൊതുകുകടി കൊണ്ടു. അന്നെന്നെ രക്ഷിച്ചതു് ആ ടീഷര്‍ട്ടാണെന്നു് ഇന്നും ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. പിന്നീടു് പോലീസിന്റെ സാന്നിദ്ധ്യം ഉണ്ടാവാനിടയുള്ള ഏതിടത്തൂടെയും പോവുമ്പോള്‍ ആ ടീഷര്‍ട്ടായിരുന്നു എന്റെ സംരക്ഷണ കവചം.. ഇന്നെനിക്കു് അങ്ങിനെയൊരു കവചവുമില്ല, അവന്മാരുള്ളിടത്തൂടെ പോവാന്‍ ധൈര്യവുമില്ല. അതേ, ഞാനൊരു പേടിത്തൂറി തന്നെയാണു്…

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )