എന്റെ ബിരുദാനന്തര ബിരുദ പ്രൊജക്‍ട്

ബിരുദപഠനകാലത്തും, ബിരുദാനന്തരബിരുദപഠന കാലത്തും നാം ചെയ്ത പ്രൊജക്ടുകള്‍, അവയ്ക്കു വേണ്ടി നാം ചെലവിട്ട അദ്ധ്വാനം, തയ്യാറാക്കിയ ഡിസര്‍ട്ടേഷനുകള്‍ മുതലായവ പിന്നീടു്, ആ വിഷയത്തില്‍ കൂടുതല്‍ക്കൂടുതല്‍ അറിവു നേടുമ്പോള്‍ നമുക്കു തന്നെ ഓര്‍ക്കാനും, അയവിറക്കാനും, തുറന്നുനോക്കാനുമൊക്കെ മടിയാവാറുണ്ടു്, അല്ലേ? അന്നെത്ര സില്ലിയായാണു് കാര്യങ്ങളെ കണ്ടിരുന്നതെന്നോര്‍ത്തു് ചിലപ്പോഴൊക്കെ ചിലര്‍ക്കെങ്കിലും ചിരി വരികയും ചെയ്യും. എനിക്കും അങ്ങിനെ തന്നെ.

എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ പലരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍+ജിഐഎസ് ടാഗിലാണു് എന്നെ കാണാറുള്ളതെന്നതൊഴിച്ചാല്‍, ഒരു ഗ്രാമപഞ്ചായത്തു് ജീവനക്കാരന്‍ എന്നതാണു് മിക്കവാറും എന്റെ ഒന്നാമത്തെ ഐഡന്റിറ്റി. ആ നിലയില്‍ എന്നെ അറിയുന്നവരുടെ എണ്ണത്തോളം വരില്ല, മറ്റൊരു മേഖലയില്‍ നിന്നും എനിക്കുള്ള പരിചയക്കാര്‍. 2002 ഡിസംബറില്‍ സര്‍വ്വീസ്സില്‍ കേറിയതു മുതല്‍ ഇന്നുവരെ നാലു ഗ്രാമപഞ്ചായത്തുകളിലും, പഞ്ചായത്തു വകുപ്പിന്റെ ഓഡിറ്റ് വിഭാഗത്തിലും ക്ലാര്‍ക്കായും, പഞ്ചായത്തു് സെക്രട്ടറിയായും, ജുനിയര്‍സുപ്രണ്ടായും, ഇപ്പോ അസിസ്റ്റന്റ് സെക്രട്ടറിയായും പണിയെടുത്ത പരിചയംതന്നെ എല്ലാത്തിലും മുന്തിയ കൈമുതല്‍; സഹജീവികളില്‍ പലരുടെയും പ്രവര്‍ത്തനപരിചയത്തോളം വരില്ല, അതെങ്കിലും.

എനിക്കു് അരി വാങ്ങാനുള്ള വക നേടിത്തരുന്ന ഈ സംവിധാനത്തില്‍ എന്റെയും സഹജീവികളുടെയും ജോലി എങ്ങനെ എളുപ്പത്തിലാക്കാമെന്നും, ആ ജോലിയുടെ നിലവാരമെങ്ങനെ കൂട്ടാമെന്നുമാണു് മിക്കവാറും ഒഴിവു സമയങ്ങളിലെ ആലോചന. ജോലിയോടുള്ള അതിഭയങ്കര ആത്മാര്‍ത്ഥതകൊണ്ടാണിതെന്നു് ആരും തെറ്റിദ്ധരിച്ചു പോവേണ്ട (സഹജീവികള്‍ക്കുള്ളതില്‍ക്കൂടുതലൊന്നും അതെനിക്കുമില്ല), മഹാമടി ഒന്നു മാത്രമാണു് ഈ ആലോചനയ്ക്കു പിന്നിലെ പ്രധാന ചാലകശക്തി. 🙂 പ്രവൃത്തിയുടെ നിലവാരം കൂടിയാല്‍ ഇരട്ടിപ്പണിയും പണി ആവര്‍ത്തിക്കലും ചെയ്യുന്നതൊഴിവാക്കാല്ലോ.. യേതു്?.. അതുകൊണ്ടു്, അതിനായുള്ള അന്വേഷണങ്ങളും, പരീക്ഷണങ്ങളും, മിക്കപ്പോഴും വിഡ്ഢിത്തത്തോളമെത്തുന്ന കാട്ടിക്കൂട്ടലുകളുമാണു് പൊതുവേ എന്റെ രീതി. പക്ഷേ, ഞാന്‍ ചെയ്തകാര്യങ്ങളില്‍ പിന്നീടു് എനിക്കുതന്നെ ശുദ്ധവിവരക്കേടെന്നു് തോന്നീട്ടുള്ള പലതും, മറ്റു ചിലര്‍ക്കു് ഭയങ്കര സംഭവമാണെന്നൊക്കെ തോന്നുന്നതെന്തുകൊണ്ടാവും? അതോ എന്നെയവരൊക്കെ കളിയാക്കുന്നതാണോ? ആവോ ആര്‍ക്കറിയാം…

അതുപോലത്തെയൊരു വിഡ്ഢിത്തമെന്നു് എനിക്കു് പലപ്പോഴും തോന്നീട്ടുള്ള ഒന്നാണു് എന്റെ എം എസ്സ് സി പ്രൊജക്‍ട്. എന്നെ ഗൈഡ് ചെയ്ത ആദരണീയരായ പ്രൊഫസര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതിലുള്ളതു കൊണ്ടു്, ഇതാകെ വിഡ്ഢിത്തമെന്നു് വിശ്വസിക്കാനും വയ്യ, എന്നാല്‍ ഞാനാഗ്രഹിച്ച ഫലം ഇതുകൊണ്ടുണ്ടാവാഞ്ഞതിനാല്‍ ഈ വഴി ശരിയെന്നും തോന്നുന്നില്ല. ഇതിലും കുറഞ്ഞ പ്രയത്നം കൊണ്ടു് പി. ജി. നേടാന്‍ സാധിക്കുമായിരുന്നുവെന്നു ചിലരൊക്കെ അഭിപ്രായപ്പെട്ടതു കൊണ്ടു് ഞാനെന്തോ മണ്ടത്തരം ചെയ്തുവെന്ന തോന്നലായിരുന്നു, കുറേക്കാലം എനിക്കു്. ചില സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ജി ഐ എസ് ഡിസര്‍ട്ടേഷനുകള്‍ കണ്ടപ്പോള്‍, എന്റെ തോന്നല്‍ ഇരട്ടിക്കുകയും ചെയ്തു. ചെയ്തവനും എന്തിതെന്നറിയില്ല, വായിക്കുന്നവനും ഒരു തുമ്പും വാലും തിരിയുന്നില്ല എന്ന തോതിലുള്ള അത്തരം പ്രൊജക്‍ടുകള്‍ എന്തിനിങ്ങനെ സമയം മെനക്കെടുത്തി ചെയ്തുകൂട്ടുന്നുവെന്ന ചോദ്യത്തിനു് ഒരേയൊരുത്തരം മാത്രം. സര്‍ട്ടിഫിക്കറ്റ്. ഡിസര്‍ട്ടേഷനെന്നാല്‍ വലിയ സംഭവമാണെന്ന തോന്നലൊക്കെ അതോടെ ആവിയായിപ്പോവുകയും ചെയ്തു.

2008ല്‍ എം എസ്സ് സി കഴിഞ്ഞു് ഇപ്പോ ഏഴാം വര്‍ഷം തീരാന്‍ പോവുന്നു. ഇപ്പോ, പി എച്ച് ഡി ചെയ്യാനുള്ള ശ്രമത്തിലാണു്. നുമ്മടെ അക്കാദമിക്‍ റിക്കാര്‍ഡ് അങ്ങനെയാണു ഭായ്.. മൂന്നു വര്‍ഷം കൊണ്ടു് 1998ല്‍ തീരേണ്ട ബിരുദം നുമ്മക്കു് പഞ്ചവത്സര പദ്ധതിയായിരുന്നു, തീര്‍ന്നതു് 2000ല്‍. വിപുലമായ സപ്ലിസംഹാരഹോമം തന്നെ വേണ്ടി വന്നു, കഴിച്ചലാവാന്‍. പിന്നെ, ആരെയും ബോധിപ്പിക്കാനൊന്നുമല്ലാത്തതോണ്ടു് നമുക്കിങ്ങനെയൊക്കെ പഠിച്ചാ മതീന്നേ.

ആഹ്, പറഞ്ഞുവന്നതു് അതല്ല, ഈയ്യിടെ പുസ്തകക്കെട്ടുകളുടെ ഉള്ളില്‍ നിന്നും എന്റെ എം എസ്സ് സി ഡിസര്‍ട്ടേഷന്‍ പുറത്തു കണ്ടപ്പോ ഒന്നു മറിച്ചു നോക്കി. അന്നു് ചിന്തിച്ചതും, അന്നത്തെ സാങ്കേതിക സാഹചര്യങ്ങളും, പ്രൊജക്ടു് ചെയ്തതും, കണ്ടെന്റ് മാത്രമല്ല, ഡിസര്‍ട്ടേഷന്റെ ലേയൌട്ടും ടൈപ്പ്സെറ്റിങും കവര്‍ ഡിസൈനും എല്ലാം സ്വയം ചെയ്തതും, അന്നത്തെ സൌഹൃദങ്ങളുമെല്ലാം ഓര്‍മ്മ വന്നു. അന്നത്തെ എന്റെ സൌഹൃദങ്ങളെല്ലാം ഇന്നും എന്റെ വിലപ്പെട്ട ചങ്ങാതങ്ങള്‍ തന്നെ. അപ്പോ, അതിന്റെ സോഫ്റ്റ്കോപ്പി എവിടേലുമുണ്ടോ എന്നു തപ്പിനോക്കി, കിട്ടി. കണ്ടെന്റില്‍ തൊടാതെ ചില്ലറ മിനുക്കുപണികള്‍ ചെയ്തു് പിഡിഎഫ് ഷഫ്ലറുപയോഗിച്ചു് പി ഡി എഫ് പതിപ്പാക്കിയെടുത്തു. അതും, ജിയോവിഷ്വലൈസേഷന്റെ സോഴ്സ് കോഡും ഡാറ്റയും ഇവിടെ ഷെയറുന്നു, അന്നത്തെയും ഇന്നത്തെയും എന്റെ ചങ്ങാതിമാര്‍ക്കു്. 🙂 കവര്‍

ബാക്കു്കവര്‍

ഡിസര്‍ട്ടേഷന്റെ പിഡിഎഫ് പതിപ്പു് ഈ കണ്ണിയില്‍: Geo-visualisation for local resource planning – A Free / Libré / Open Source Approach

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തു് ജിയോ വിഷ്വലൈസേഷന്‍ സോഴ്സ് കോഡും ഡാറ്റയും ഈ കണ്ണിയില്‍: https://app.box.com/cheruvannurgis

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )