ചെറുവണ്ണൂര്‍ പഞ്ചായത്താപ്പീസ്സും ഫയല്‍ക്കൂമ്പാരത്തിനിടയിലെ കോഴിമുട്ടയും

അല്ലല്ല, പഞ്ചായത്താപ്പീസ്സില്‍ ആരെങ്കിലും കൂടോത്രം ചെയ്തു വച്ചതിന്റെ കഥയല്ല ഇതു്. അതൊന്നും ചെയ്യാതെ തന്നെ ചെറുവണ്ണൂര്‍ പഞ്ചായത്താപ്പീസ്സില്‍ അന്നു് ബാധോപദ്രവം ഏറിയ തോതില്‍ ഉണ്ടായിരുന്നെന്നു് സംശയിക്കാന്‍ വേണ്ടത്ര ദൃഷ്ടാന്തങ്ങള്‍ ഓരോരോ ദിവസവും കാണാറുണ്ടായിരുന്നു. ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫയലുകള്‍, രജിസ്റ്ററുകള്‍, മേശയ്ക്കുള്ളിലെ പെന്‍, പെന്‍സില്‍, കടലാസ്സു്, മറ്റവശ്യവസ്തുക്കള്‍ എന്നിവ കണ്ണൊന്നു തെറ്റിയാല്‍ ശൂന്യതയിലേക്കെന്ന പോലെ അപ്രത്യക്ഷമാവുക, അപ്രത്യക്ഷമായ വസ്തുക്കള്‍ തീരെ പ്രതീക്ഷിക്കാത്ത നേരത്തും സ്ഥലത്തും പൊടുന്നനെ പ്രത്യക്ഷപ്പെടുക, ചിലവ എത്ര തിരഞ്ഞാലും പൊടി പോലും കണ്ടു കിട്ടാതിരിക്കുക എന്നിവയായിരുന്നു ബാധയുടെ പൊതുവേയുള്ള രൂപവും ഭാവവും. കുറേ ദിവസത്തെ നിരീക്ഷണത്തിനു ശേഷം, ഒരു മേശപ്പുറത്തെ രജിസ്റ്ററും ഫയലുകളും വേറൊരു മേശപ്പുറത്തു് പ്രത്യക്ഷപ്പെടുന്ന പ്രതിഭാസത്തിനു പിന്നിലെ ചാലകശക്തി, അന്നു് ഓഫീസ്സിലെ ശിപായിയായിരുന്ന ചക്കിട്ടപാറക്കാരന്‍ ബാലേട്ടനായിരുന്നെന്നു് മനസ്സിലായി. ഒട്ടനവധി ജീവിതപ്രശ്നങ്ങളുള്ള മൂപ്പര്‍ എന്തെങ്കിലുമൊക്കെ ആലോചിച്ചു കൊണ്ടു് സ്വയമറിയാതെ കാട്ടിക്കൂട്ടുന്ന പണിയാണതു്. മറ്റു പ്രശ്നങ്ങള്‍ക്കു് പിന്നിലെ അഭൌമശക്തികള്‍ ഏതെന്നു് ഇന്നും വലിയ പിടിയൊന്നുമില്ല.

ഓഫീസ് നില്‍ക്കുന്ന പറമ്പിനു് ചുറ്റുപാടും വീട്ടുവളപ്പുകളാണു്. നാട്ടിന്‍പുറത്തു് ചില പറമ്പുകള്‍ ഇതു് ഭഗവതിയമ്മയുടേതു്, ഇതു് പരദേവതയുടേതു് എന്നിങ്ങനെ ഓരോ ദേവതാസങ്കല്പങ്ങള്‍ക്കായി ഒഴിച്ചിട്ടിരിക്കും. അവിടെ ക്ഷേത്രമോ കാവോ മണ്ഡപമോ ഉണ്ടായിക്കൊള്ളണമെന്നു് നിര്‍ബ്ബന്ധമില്ലെങ്കിലും അത്തരം പറമ്പുകളില്‍ വീടുവെച്ചു പാര്‍ക്കാന്‍ സാധാരണ ഗതിയില്‍ ആളുകള്‍ തയ്യാറാവാറില്ല. ചെറുവണ്ണൂര്‍ പഞ്ചായത്താപ്പീസ് സ്ഥിതി ചെയ്യുന്നതു് ഇതുപോലെ കുട്ടിച്ചാത്തന്റെ സങ്കല്‍പ്പമുള്ള ഒരു പറമ്പിലാണെന്നു് പലരും പറഞ്ഞു കേട്ടിട്ടുണ്ടു്. ജോലിക്കൂടുതല്‍ കൊണ്ടു് ചില ദിവസങ്ങളില്‍ എനിക്കു് രാത്രി ഒറ്റയ്ക്കു് ഓഫീസ്സില്‍ താമസിക്കേണ്ടി വന്നിട്ടു പോലും, ശ്രീ. കുട്ടിച്ചാത്തനെ നേരിട്ടു പരിചയപ്പെടാന്‍ പറ്റിയില്ലെന്നതു് പക്ഷേ, ഒരു നഷ്ടമായിത്തന്നെ അവശേഷിക്കും. എനിക്കു് മുമ്പും ശേഷവും പല സെക്രട്ടറിമാരും ക്ലാര്‍ക്കുമാരും അവിടെ രാത്രി താമസിച്ചിട്ടുണ്ടു്, അവരും ശ്രീ. കുട്ടിച്ചാത്തനെ അവിടെയെങ്ങും കണ്ടതായി പറഞ്ഞു കേട്ടിട്ടില്ല.

അന്നത്തെ ആപ്പീസ് കെട്ടിടത്തെക്കുറിച്ചും ചിലതു് പറയേണ്ടതുണ്ടു്. 60 കളില്‍ കെട്ടിപ്പൊക്കിയ പ്രധാന കെട്ടിടവും അതില്‍ നിന്നു് അല്പം വിട്ടുമാറി, ജനകീയാസൂത്രണം വന്നകാലത്തു് നിര്‍മ്മിച്ച ഒരു അനുബന്ധകെട്ടിടവും. അനുബന്ധകെട്ടിടത്തിനു് അന്നു് മുകള്‍ നിലയുണ്ടായിരുന്നില്ല. മഴ പെയ്യുമ്പോള്‍ ഈ രണ്ടു കെട്ടിടവും രണ്ടായിത്തന്നെ നില്‍ക്കുന്നതിനു പുറമേ, പ്രധാനകെട്ടിടം കാലപ്പഴക്കത്താല്‍ ചോര്‍ന്നൊലിക്കുകയും ചെയ്യും. ഓഫീസിനുള്ളിലേക്കു് ചോര്‍ന്നൊലിക്കുന്ന ദ്രാവകത്തിനു് മഴവെള്ളത്തിന്റെ സ്വാഭാവിക നിറമോ മണമോ ആയിരുന്നില്ല. ഇതിന്റെ കാരണമന്വേഷിച്ചു് ഒരു നാള്‍ ഓഫീസ്സിനു മുകളില്‍ കയറി നോക്കിയപ്പോള്‍ കണ്ടതു്, മുകളില്‍ നിന്നു് തേങ്ങ വീണു് പൊട്ടിപ്പൊളിഞ്ഞ ആസ്ബസ്റ്റോസ് ഷീറ്റിനും അതിനടിയിലെ ടെറസ്സിനും ഇടയില്‍ ചിതറിക്കിടന്നു് ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്ന പഴയ കാല രേഖകളും വായനശാലകള്‍ക്കായി മുമ്പു് വാങ്ങിയ കോളാമ്പി മൈക്കുകളും വാല്‍വു് റേഡിയോകളും പണ്ടത്തെ ബാലറ്റു പെട്ടികളും മറ്റുമാണു്. ഇവയൊക്കെക്കൂടി അഴുകിയ ചാറാണു് മഴ പെയ്യുമ്പോള്‍ ഓഫീസ്സിനുള്ളിലേക്കു് ചുമരിലൂടെ ഒഴുകിയിറങ്ങിക്കൊണ്ടിരുന്നതും ഇറ്റു വീണുകൊണ്ടിരുന്നതും. ക്ലാര്‍ക്കു് ഗോപാലേട്ടന്‍ മഴയത്തു് ഓഫീസ്സിനുള്ളില്‍ കുട ചൂടി ജോലി ചെയ്തു് പ്രതിഷേധിക്കുന്നതിന്റെ പടം ഒരു പ്രാവശ്യം പത്രത്തില്‍ വന്നിട്ടുണ്ടു്.

രണ്ടു കെട്ടിടത്തിനും കൂടി പത്തു വാതിലുകളായിരുന്നു പുറത്തേക്കുണ്ടായിരുന്നതു്. അതിനാല്‍ത്തന്നെ ദിവസേന താക്കോല്‍ക്കൂട്ടം കൊണ്ടുവന്നു് ഓഫീസു് തുറക്കുന്നതും അടയ്ക്കുന്നതും തന്നെ മെനക്കേടുള്ള ഒരു പണിയായിരുന്നു. പത്തു വാതിലുകളും അടച്ചുപൂട്ടിയാല്‍ത്തന്നെ, ഓഫീസു് ഭദ്രമായി എന്നു് തീര്‍ത്തു പറയാന്‍ വയ്യ താനും. ചുമരിനുള്ളിലും വാതില്‍ക്കട്ടിളക്കുള്ളിലും ജനല്‍പ്പടിക്കുള്ളിലും ചിതലുകള്‍ പുറ്റുണ്ടാക്കി സസുഖം പാര്‍ത്തു വന്നു. പത്തു വാതിലുണ്ടെന്നു വച്ചു് വലിയ സ്ഥലസൌകര്യമുള്ള ഒരോഫീസായിരുന്നു അതെന്നു് ധരിക്കരുതു്. പ്രധാന കെട്ടിടത്തിനുള്ളില്‍ ജീവനക്കാരും സെക്രട്ടറിയും പ്രസിഡണ്ടും ഇരിക്കുകയും, രേഖകള്‍ സൂക്ഷിക്കുകയും ചെയ്യും. അനുബന്ധകെട്ടിടത്തിലായിരുന്നു മീറ്റിങ് കൂടിയിരുന്നതു്. എഞ്ചിനീയറിങ് വിങ്ങിനും, ഓഡിറ്റു് ടീം വന്നാല്‍ അവര്‍ക്കും ഇരിക്കാനുള്ള സംവിധാനവും അതില്‍ത്തന്നെ. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാര്‍, കുടുംബശ്രീ, അംഗന്‍വാടി സൂപ്പര്‍വൈസര്‍ എന്നിവര്‍ ക്ലീന്‍ ഔട്ടു്. അവര്‍ക്കു് ഓഫീസ്സിനുള്ളില്‍ ഇരിക്കാന്‍ സ്ഥലമില്ല. ഓരോരോ ആവശ്യത്തിനു് എത്തുന്ന കക്ഷികള്‍ക്കു് ഇരിക്കാന്‍ കസേരയിട്ടു കൊടുത്താല്‍ ഓഫീസിനുള്ളിലെ സഞ്ചാരം വഴിമുടങ്ങും. സാമാന്യത്തിലധികം ആള്‍ത്തിരക്കു് നിത്യേന അനുഭവപ്പെടുന്ന ഓഫീസായിട്ടു പോലും, സ്ഥലസൌകര്യമില്ലായ്മ കൊണ്ടു് വീര്‍പ്പുമുട്ടുന്ന അതിന്നുള്ളില്‍ അവശ്യരേഖകള്‍ സൂക്ഷിക്കാന്‍ തന്നെ മതിയായ സംവിധാനമുണ്ടായിരുന്നില്ല. രജിസ്റ്ററുകള്‍, തീര്‍പ്പാക്കിയ അപേക്ഷകള്‍, ബില്ലുകള്‍, വൌച്ചറുകള്‍, മുതലായവ മേശകളിലും, കസേരകളിലും, നിറഞ്ഞു കവിഞ്ഞ അലമാരകള്‍ക്കു് മുകളിലും മറ്റുമായിരുന്നു അട്ടിയിട്ടു കൂട്ടി വച്ചിരുന്നതു്. റിക്കാര്‍ഡു് റൂം എന്ന ഇരുട്ടറയിലേക്കു് പാമ്പിനെയും ക്ഷുദ്രജീവികളെയും പേടിച്ചു് അധികമാരും കയറാറുണ്ടായിരുന്നില്ല. എലിയും പെരുച്ചാഴിയും മാളം കുഴിച്ചു് സര്‍വ്വത്ര ഉഴുതുമറിച്ചിട്ട, പുറ്റുകള്‍ വളരുന്ന തറയുള്ള അതിനുള്ളില്‍, ചിതലിന്റെയും വെണ്‍ചിതലിന്റെയും ആക്രമണം കൊണ്ടു് സ്വാഭാവികമൃത്യു കൈവരിച്ചുകൊണ്ടിരുന്ന പഴയ രേഖകളും രജിസ്റ്ററുകളുമായിരുന്നു കൂടുതലും. കൂടാതെ, ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ നിന്നും പുതുതായി വാങ്ങിക്കൊണ്ടു വരുന്ന രജിസ്റ്ററുകളില്‍ ഉടനേയൊന്നും അത്യാവശ്യം വരാത്തവയുമുണ്ടായിരുന്നു അതിനുള്ളിലെ റായ്ക്കുകളില്‍. പണ്ടേതോ പ്രൊജക്ടില്‍ വാങ്ങി മണ്‍പണിക്കു് ഉപയോഗിച്ച പിക്കാസു്, കൈക്കോട്ടു്, മണ്‍വെട്ടി, ചുറ്റിക, കൊടുവാള്‍ തുടങ്ങിയ പണിസാധനങ്ങളും അതിലെ മൂലകളില്‍ കൂട്ടിയിട്ടിരുന്നു.

മുറ്റത്തെ കിണറ്റിലെ വെള്ളം കുടിക്കാന്‍ കൊള്ളുന്നതല്ല. രാസപരിശോധനയില്‍ അമോണിയയുടെ അംശം കൂടിയ തോതില്‍ കണ്ടെത്തിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാണു്, മുന്‍കാലങ്ങളില്‍ ചെറുവണ്ണൂരങ്ങാടിയിലെ ബാര്‍ബര്‍ഷാപ്പുകളില്‍ നിന്നും വെട്ടിയ മുടിയും, മറ്റു് കണ്ണില്‍ക്കണ്ട ചണ്ടിയുമെല്ലാം കൊണ്ടുവന്നു് തള്ളിയിരുന്ന പൊട്ടക്കിണറായിരുന്നു അതെന്ന വിവരം കിട്ടിയതു്. ഓഫീസ്സിലെ ടോയ്ലറ്റിന്റെ മൂലകളിലാവട്ടെ, സൂക്ഷിക്കാന്‍ വേറെ സ്ഥലമില്ലാത്തതിനാല്‍, കൃഷിപ്പണിക്കു് വേണ്ടി പാടശേഖരസമിതികള്‍ക്കു് കൊടുത്തു വിട്ട പമ്പുസെറ്റിന്റെയും ഹോസ്‌പൈപ്പിന്റെയും അവശിഷ്ടങ്ങളും, കോളനികളിലേയ്ക്കു് കൊടുത്തു വിടേണ്ടിയിരുന്ന ക്ലോസറ്റുകളും മറ്റു് ലൊട്ടുലൊടുക്കു സാമഗ്രികളും കൂട്ടിയിട്ടിരുന്നു. അവയ്ക്കിടയിലിരുന്നു് ‘കാര്യം’ സാധിച്ചിരുന്നതു് ഇപ്പോഴാലോചിക്കുമ്പോള്‍ തമാശ തോന്നുന്നു.

സെക്രട്ടറിയുടെയും ജീവനക്കാരുടെയും നിര്‍ബ്ബന്ധത്തോടെയും പിടിവാശിയോടെയുമുള്ള നീക്കങ്ങള്‍ കൊണ്ടാണു് ഇന്നു കാണുന്ന തരത്തിലെങ്കിലും ആ ഓഫീസ് കെട്ടിടം നവീകരിക്കപ്പെട്ടതും, നേരിയ തോതിലാണെങ്കിലും വിപുലീകരിക്കപ്പെട്ടതും, ആവശ്യമുള്ളത്ര അലമാരകളും ഫര്‍ണിച്ചറും ഉണ്ടാവുന്നതും, വരുന്ന കക്ഷികള്‍ക്കു് ഇരിക്കാനുള്ള സംവിധാനം ഉണ്ടാവുന്നതും, ഒരു വാഹനമുണ്ടാവുന്നതും മറ്റും.

പഞ്ചായത്തിന്റെ കേന്ദ്ര ആപ്പീസ്സിനുള്ളിലെ ആകെയുള്ള ജോലികളെ സുമാറായി 75% അക്കൌണ്ടുകള്‍, 20% ഫയലുകളും അപേക്ഷകളും, ശേഷമുള്ള 5% യോഗങ്ങള്‍ എന്നിങ്ങനെ തരം തിരിക്കാം. പുറത്തു നിന്നും പല ആവശ്യങ്ങള്‍ക്കായി ആപ്പീസ്സില്‍ വരുന്ന ആളുകള്‍ക്കു് 25% മാത്രമുള്ള ജോലികളേ ദൃശ്യമാവുന്നുള്ളൂ എന്നു സാരം. ക്വാസി-ജുഡീഷ്യല്‍ ചുമതലകള്‍ക്കൊപ്പം സാമ്പത്തിക അധികാരങ്ങളും, കൃഷി, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഘടകസ്ഥാപനങ്ങളുമുള്ള പ്രാദേശിക ഭരണകൂടമാണു് ഗ്രാമപഞ്ചായത്തെന്നതിനാല്‍ അക്കൌണ്ടുകള്‍ അഥവാ കണക്കുസൂക്ഷിപ്പിനാണു് പ്രാമുഖ്യം കൂടുതല്‍. കണക്കുസൂക്ഷിപ്പു് ശരിയല്ലെങ്കില്‍ പഞ്ചായത്തിന്റെ പദ്ധതി നിര്‍വ്വഹണം മുടങ്ങും, ആളുകള്‍ക്കു് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നിലയ്ക്കും, അടുത്ത വര്‍ഷത്തേക്കുള്ള ബഡ്ജറ്റു് ശരിയാംവണ്ണം തയ്യാറാക്കാന്‍ സാധിക്കാതെയും വരും.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ അന്നത്തെ കണക്കുസൂക്ഷിപ്പിനെ ‘കുളം’ എന്ന ഒറ്റവാക്കു കൊണ്ടു് വിശേഷിപ്പിക്കാം. കാലഹരണപ്പെട്ടു പോയതടക്കം, പിരിച്ചെടുക്കാനുള്ള കരവും വരികളുമുള്‍പ്പെടെ ലക്ഷക്കണക്കിനു് രൂപ കുടിശ്ശികയായിക്കിടന്നിരുന്നു. ഇവ നിയമമനുസരിച്ചു് അതാതു കാലത്തുണ്ടായിരുന്ന ജീവനക്കാരുടെ വ്യക്തിപരമായ ബാദ്ധ്യതയാണു്. കാലഹരണപ്പെട്ടതു് ഈടാക്കാന്‍ നിയമപരമായി നിര്‍വ്വാഹമില്ല, കടിശ്ശികയുടെ കണക്കു് ശരിയാക്കാതെ തന്‍വര്‍ഷത്തേതു് ഈടാക്കാനും പറ്റില്ലെന്ന ഒരു ഊരാക്കുടുക്കുമുണ്ടായിരുന്നു ഇതില്‍. അനുവദിക്കപ്പെട്ട മുഴുവന്‍ പോസ്റ്റുകളിലും ജീവനക്കാരുണ്ടായിരുന്നില്ല. അനിയന്ത്രിതമായ ആള്‍ത്തിരക്കാണു് നിത്യേന ആപ്പീസ്സില്‍ അനുഭവപ്പെട്ടുകൊണ്ടിരുന്നതു്. അവരെ അധികം നടത്തിയാല്‍ പ്രശ്നമാണു്. ആളുകളുടെ അപേക്ഷകള്‍, ബില്ലുകള്‍, ചെക്കുകള്‍ മുതലായവ ശരിയാക്കിക്കഴിഞ്ഞ ശേഷം, സിംഹഭാഗം വരുന്ന അക്കൌണ്ട്സ് ജോലികള്‍ക്കു് ചുരുങ്ങിയ സമയമേ ഒഴിവായിക്കിട്ടിയിരുന്നുള്ളൂ. അഞ്ചും ആറും വര്‍ഷത്തെ അക്കൌണ്ടു് തയ്യാറാക്കി അയക്കാനുണ്ടായിരുന്നതു കൊണ്ടു് ഓഡിറ്റു് യഥാസമയം നടന്നിരുന്നില്ല. ഓഡിറ്റു് നടക്കാത്തതു കൊണ്ടു് ഇവിടെ ചുരുങ്ങിയ കാലമെങ്കിലും ജോലി ചെയ്തു് റിട്ടയര്‍ ചെയ്തു പോയ നിര്‍ഭാഗ്യവാന്മാര്‍ക്കു് ‘ബാദ്ധ്യത രഹിത സര്‍ട്ടിഫിക്കറ്റു്’ കൊടുക്കാനും കഴിഞ്ഞിരുന്നില്ല. ചിലര്‍ക്കു് ‘ബാദ്ധ്യത’ തന്നെ ചാര്‍ത്തിക്കൊടുക്കേണ്ടതായും വന്നു. അതു കൊണ്ടു് തന്നെ അവര്‍ക്കു് യഥാസമയം കിട്ടേണ്ട പെന്‍ഷന്‍ തുക കിട്ടുന്നതില്‍ അക്ഷന്തവ്യമായ കാലതാമസവും മുടക്കവും വന്നു ചേര്‍ന്നു. ആരിവിടെ ജോലി ചെയ്യാനിഷ്ടപ്പെടും? സ്ഥലം മാറി ആരെങ്കിലും ഇങ്ങു വന്നാല്‍ത്തന്നെ വല്ല സ്വാധീനവും ഉപയോഗിച്ചു് അവിടെ നിന്നും എത്രയും വേഗം സ്ഥലം മാറ്റം വാങ്ങി രക്ഷപ്പെട്ടു പോകാറാണുണ്ടായിരുന്നതു്.

കൊക്കക്കോള പ്രശ്നം തുടങ്ങിയ അക്കാലത്തു് പെരുമാട്ടി പഞ്ചായത്തില്‍ നിന്നു് സ്ഥലം മാറി ഇങ്ങു വന്ന് അക്കൌണ്ടില്‍ കൈ വച്ച കൂട്ടുകാരന്‍ പറഞ്ഞതു് “ഇതു് മുമ്പു് ആരോ, ‘ഒരു പഞ്ചായത്തിനെ എങ്ങനെ കുളമാക്കാം’ എന്ന വിഷയത്തില്‍ ഗവേഷണം ചെയ്തു് പഠിച്ചു് നടപ്പാക്കിയ പോലെയുണ്ടു്. അല്ലാതെ ഇതു പോലെ കുളമാവില്ലെ”ന്നാണു്. മൂപ്പര്‍ അധികം വൈകാതെ സ്ഥലം മാറ്റം വാങ്ങിപ്പോയി. ആ പറഞ്ഞതു് ശരിയാണെന്നു് ഞങ്ങള്‍ക്കും തോന്നി. മുമ്പു് അവിടെ ജോലി ചെയ്ത ചിലരുടെ പല വര്‍ഷങ്ങളിലെ തൊഴില്‍ക്കരമടയ്ക്കുന്നതില്‍ വരുത്തിയ വീഴ്ച കണ്ടു് ഞങ്ങള്‍ അന്തം വിട്ടു. ഒരുപക്ഷേ അന്നത്തെ സാഹചര്യം മൂലമായിരിക്കാം. തൊഴില്‍ക്കരത്തിന്റെ കുടിശ്ശിക പിരിച്ചെടുക്കാന്‍, പഞ്ചായത്തു് പ്രദേശത്തു നിന്നു് സ്ഥലം മാറിപ്പോയവരുടെയെല്ലാം മേല്‍വിലാസം അന്വേഷിച്ചു് തപ്പിയെടുത്തു് അവര്‍ക്കു് നേരിട്ടും, അവരുടെ ശമ്പളം മാറുന്ന ട്രഷറികളിലേക്കും നോട്ടീസ്സയച്ച കൂട്ടത്തില്‍ അവര്‍ക്കും മനസ്സില്ലാമനസ്സോടെ കത്തയച്ചു. കത്തിനു മറുപടിയില്ല. പല രജിസ്ട്രേഡ് കത്തുകള്‍ക്കും നോട്ടീസ്സുകള്‍ക്കും ഒടുവില്‍ പിഴപ്പലിശത്തുക ഉള്‍പ്പെടാത്ത മണി ഓര്‍ഡര്‍, അതിനകം പെന്‍ഷന്‍ പറ്റിയ അവരില്‍ ഒരാള്‍ അയച്ചു തന്നു. പിഴപ്പലിശക്കു് നോട്ടീസ്സയക്കാനും വകുപ്പുണ്ടായിരുന്നെങ്കിലും, അതിനേക്കാള്‍ പ്രാധാന്യമുള്ള ജോലികള്‍ വേറെ ധാരാളമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിനുള്ള രശീതിലും കത്തിലും അദ്ദേഹത്തിന്റെ പേരിലെ ‘കുഞ്ഞി’ എന്നതിന്നു പകരം ‘കഞ്ഞി’ എന്നെഴുതിച്ചേര്‍ത്തു് അയച്ചു കൊടുത്തുകൊണ്ടു് ഞങ്ങള്‍ ഞങ്ങളുടെ അരിശം തീര്‍ത്തു.

ഒരുനാള്‍ ഉച്ച തിരിഞ്ഞു് ഫീല്‍ഡില്‍ നിന്നും തിരിച്ചു വന്നു് സീറ്റിലിരിക്കാന്‍ നേരത്താണു് എന്റെ മേശപ്പുറത്തു് കോഴിക്കാട്ടം കിടക്കുന്നതു് കണ്ണില്‍പ്പെട്ടതു്. ബാധോപദ്രവം ഇങ്ങനെയും തുടങ്ങിയോ എന്നു ന്യായമായും ഞാന്‍ സംശയിച്ചു. ഇതെവിടുന്നു വന്നു എന്നാലോചിച്ചു് ചുറ്റും നോക്കിയിട്ടും അസ്വാഭാവികമായി മറ്റൊന്നും കണ്ടുകിട്ടിയില്ല. ഒരു കടലാസ്സു കഷ്ണം കൊണ്ടു് അതു് തുടച്ചു കളഞ്ഞു്, ഇതെന്തു കഥയെന്നാലോചിച്ചു് ഫയലെടുത്തു വച്ചു് പണി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍, അക്കൌണ്ടു് എഴുതിക്കൊണ്ടിരുന്നേടത്തു നിന്നും ക്ലാര്‍ക്കു് സ്മിതേച്ചി എഴുന്നേറ്റു് എന്റടുത്തേക്കു വന്നു ചിരിച്ചു കൊണ്ടു്, ‘ജയ്സാ, റിക്കാര്‍ഡു് റൂമില്‍ ഒരാളിരിക്കുന്നുണ്ടു്, ചെന്നു നോക്കു്’ എന്നു പറഞ്ഞപ്പോഴും സംഗതി മനസ്സിലായില്ല. എണീറ്റു് ചെന്നു നോക്കി. ഒറ്റ നോട്ടത്തില്‍ ഒന്നും കണ്ണില്‍പ്പെട്ടില്ല. ലൈറ്റിട്ടു നോക്കിയപ്പോള്‍, കൂടിക്കിടന്ന പഴയ ഫയലുകള്‍ക്കിടയില്‍ അതാ അവളിരിക്കുന്നു, ഓഫീസ്സിന്റെ വളപ്പില്‍ ചിക്കിപ്പെറുക്കി നടക്കാറുള്ള ഒരു പിടക്കോഴി. ‘ആങ്ഹാ? ഇവിടെയേ ഇതിനിരിക്കാന്‍ കണ്ടുള്ളൂ’ എന്നും ചോദിച്ചു് അതിനെ അവിടുന്നു് ആട്ടിയിറക്കാന്‍ തുനിഞ്ഞ എന്നെ, പിന്നാലെ വന്ന സ്മിതേച്ചി കൈക്കു് പിടിച്ചു വലിച്ചു് പുറത്തിട്ടു. മിഴിച്ചു നോക്കുന്ന എനിക്കു് സ്മിതേച്ചി മേശവലിപ്പില്‍ നിന്നും ഒരു കോഴിമുട്ടയെടുത്തു് കാട്ടിത്തന്നു. ‘ഇന്നലെ വൈകുന്നേരം ഒരു പുതിയ രജിസ്റ്ററെടുക്കാന്‍ വന്നപ്പോ ഇവിടുന്നു് കിട്ടിയതാ’. ഹ, അതു തരക്കേടില്ലല്ലോ, ഏതോ വീട്ടില്‍ പോറ്റുന്ന കോഴി. മുട്ടയിടുന്നതു് പഞ്ചായത്താപ്പീസ്സില്‍. ഹായ് ഹായ്.. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ അതിന്നുള്ളില്‍ നിന്നും ഇറങ്ങി കുണുങ്ങിക്കുണുങ്ങി പുറത്തേക്കു പോവുകയും ചെയ്തു. റിക്കാര്‍ഡ് റൂമില്‍ ചെന്നു നോക്കിയപ്പോള്‍ അതായിരിക്കുന്നു, കോഴിമുട്ട. അതും ഞങ്ങള്‍ എടുത്തു് സൂക്ഷിച്ചു വച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഉച്ചനേരത്തു് അവള്‍ ആപ്പീസ്സില്‍ വന്നു് റിക്കാര്‍ഡ് റൂമിനുള്ളില്‍ കയറി മുട്ടയിട്ടു് മടങ്ങിപ്പോവും. അങ്ങനെ അഞ്ചോ ആറോ മുട്ട ഞങ്ങള്‍ക്കു് കിട്ടിക്കാണും, പിന്നീടു് അതു് വരാതായി. ഒരുപക്ഷേ വീട്ടുകാര്‍ അതിനെ പൂട്ടിയിട്ടിരിക്കാം, അല്ലെങ്കില്‍ കുറുക്കന്‍ ശരിപ്പെടുത്തിയിട്ടുണ്ടാവാം, അറിയില്ല. ഏതായാലും അവള്‍ തന്ന മുട്ടകള്‍ ബീനേച്ചിയുടെ കുടുംബശ്രീ വനിതാഹോട്ടലില്‍ കൊടുത്തു് ആംലറ്റുണ്ടാക്കിച്ചു് ഒരു ദിവസത്തെ ഉച്ചയൂണിനു് ഞങ്ങളെല്ലാവരും കൂടി ഭക്ഷിച്ചു് ആഘോഷിച്ചു.

കുറിപ്പു്: ആര്‍ക്കെങ്കിലും ഈ കുറിപ്പിലെ ചില ഭാഗങ്ങള്‍ക്കു് നിക്കോലായ് വസീല്യെവിച്ച് ഗോഗൊളിന്റെ ഏതെങ്കിലും രചനയിലെ ഏതെങ്കിലും ഭാഗവുമായി എന്തെങ്കിലും തരത്തില്‍ വിദൂരസാമ്യം തോന്നുന്നുവെങ്കില്‍ അതു് പ്രസ്തുത രചന മനസ്സിരുത്തി വായിക്കാത്തതു കൊണ്ടു് മാത്രം തോന്നുന്നതാണു്.

Advertisements

One thought on “ചെറുവണ്ണൂര്‍ പഞ്ചായത്താപ്പീസ്സും ഫയല്‍ക്കൂമ്പാരത്തിനിടയിലെ കോഴിമുട്ടയും

  1. ഈ എഴുത്തിനു് ഒരു സഞ്ജയൻ ടച്ചുണ്ടു്. പോരാത്തതിനു്, എന്നെങ്കിലും ഒരു കാലത്തു് ഇവയൊക്കെ കേരളത്തിലെ സർക്കാർ ഓഫീസുകളുടെ അവസ്ഥ വിവരിക്കുന്ന വിലപ്പെട്ട ചരിത്രരേഖകളായിത്തീരുകയും ചെയ്യും. അതിനാൽ തുടർച്ചയായി എഴുതിക്കൊണ്ടിരിക്കുക!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )