കുറ്റസമ്മതം.

ഒടുവില്‍ എന്റെ സ്വപ്നത്തില്‍ നിന്നും ഞാനുണര്‍ന്നെണീക്കുകയാണു്. ആ സ്വപ്നത്തിന്റെ ലഹരിയില്‍ വല്ലാതെ ഭ്രമിച്ചു പോയിരുന്നുവോ ഞാന്‍? പൊതുവേ, അറ്റത്തെ പ്രായോഗികതയാണു് എന്റെ ചിന്തകളെ മുന്നോട്ടു് നയിക്കാറുള്ളതു്. ഭൂമിയില്‍ കാലുറപ്പിച്ചുകൊണ്ടേ ഞാന്‍ നടക്കാറും പതിവുള്ളൂ. പക്ഷേ, ചിലപ്പോഴെങ്കിലും ഒരു തരം ഭാവനാലോകത്തു് പഴയ മലര്‍പ്പൊടിക്കാരനെപ്പോലെ കടന്നു ചെന്നു് കുറെയേറെ സമയം ചെലവഴിക്കുന്നതു് എന്റെ ഒരു ദുശ്ശീലം തന്നെയാണു്. ചിലപ്പോഴൊക്കെ ഈ ശീലം എന്നെ വലിയ ഊരാക്കുടുക്കുകളില്‍ കൊണ്ടു ചെന്നു് ചാടിച്ചിട്ടുമുണ്ടെങ്കിലും, ‘ചൊട്ടയിലെ ശീലം ചുടല വരെ’ എന്നുണ്ടല്ലോ. ഇതെന്നോടു കൂടെയേ തീരൂ. കുറച്ചേറെ ദിവസങ്ങളായി അത്തരമൊരു മായാലോകത്തു് സ്വയം അകപ്പെട്ടു വിഹരിക്കുകയായിരുന്നു ഞാന്‍. ഏതു് സ്വപ്നത്തിന്നും ഒരവസാനമുണ്ടല്ലോ. ഒരു ഘട്ടത്തില്‍ എന്റെ സ്വപ്നത്തെ മുന്നോട്ടു കൊണ്ടു പോവാന്‍ വഴി കാണാതെ ഗതി മുട്ടിയപ്പോഴാണു് ഇതു് സ്വപ്നമാണു്, യാഥാര്‍ത്ഥ്യമല്ല, മായക്കാഴ്ചകളാണു് എനിക്കു ചുറ്റുമുണ്ടായിരുന്നതു് എന്നൊക്കെയുള്ള ബോധം എന്റെ തലയ്ക്കു് വെളിവായിത്തുടങ്ങിയതു്. യാഥാര്‍ത്ഥ്യത്തിന്നു് ഒരിക്കലും സ്വപ്നത്തിന്റെ മാസ്മരികതയില്ല, പകിട്ടുമില്ല. അപ്പോള്‍ സങ്കടമായി. തിരിച്ചു് സ്വപ്നലോകത്തേക്കു് തന്നെ തിരികെ പോയാലോ? സെന്‍ ഗുരു ചുവാങ്സു, താന്‍ പൂമ്പാറ്റയായി മാറിയതായി സ്വപ്നം കണ്ട കഥയിലേതു പോലെ, ഏതാണു് സ്വപ്നം ഏതാണു് യാഥാര്‍ത്ഥ്യം എന്നായി പിന്നെ ചിന്ത. ഇപ്പോള്‍ കാണുവാന്‍ തുടങ്ങിയതാണോ സ്വപ്നലോകം, അതോ ഇപ്പോഴവസാനിച്ചതോ?

ഏതെങ്കിലും ഒരു കുടുക്കിലകപ്പെട്ടു പോവുമ്പോഴും, പല ചിന്തകളില്‍പ്പെട്ടു് മനസ്സു തന്നെ കെട്ടു പോവുമ്പോഴും, മിക്കപ്പോഴും എന്റെ ആശ്രയം കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനമാണ്. ഇപ്പോഴും പതിവു തെറ്റിച്ചില്ല. അലമാരയില്‍ നിന്നും വെറുതേ എടുത്തു മറിച്ചുനോക്കിയപ്പോള്‍ കണ്ണില്‍പ്പെട്ടതു് അതിലെ കിരാതമൂര്‍ത്തി എന്ന ഭാഗമാണു്. വായിച്ചു. സ്വയമിരുന്നാലോചിച്ചു. സ്വന്തം നയക്കേടുകള്‍ കൊണ്ടു് ആര്‍ക്കൊക്കെ ഞാന്‍ ഇതിന്നു് മുമ്പും ബുദ്ധിമുട്ടുകളുണ്ടാക്കിയിട്ടുണ്ടെന്നു് ഒരിക്കല്‍ക്കൂടി ഓര്‍മ്മ വന്നു. എന്തു ചിന്തിച്ചുറപ്പിച്ചിട്ടാണു് ഇപ്പോഴത്തെ ഈ വേഷം കെട്ടിയതെന്നും. വന്ന വഴി തന്നെ മറന്നുപോയതിന്നു് സ്വയം ശാസിച്ചു. ഇതിന്നു് മുമ്പും പല പ്രാവശ്യം ചെയ്തതു പോലെ, ഇനിയിങ്ങനെയുണ്ടാവില്ലെന്നു് മനസ്സിലുറപ്പിച്ചു. ഒടുക്കം നിര്‍ത്തിയതു് ഈ വരികളിലാണു് :-

തപോ ന കല്‍ക്കോfധ്യയനം ന കല്‍ക്കഃ

സ്വാഭാവികോ വേദവിധിര്‍ന്ന കല്‍ക്കഃ,

പ്രസഹ്യവിത്താഹരണം ന കല്‍ക്ക,

സ്താന്യേവ ഭാവോപഹതാനി കല്‍ക്കഃ

എന്നു വച്ചാല്‍, തപസ്സു് ( അഥവാ എന്തിലെങ്കിലുമുള്ള ഏകാഗ്രമായ ശ്രദ്ധ) ചീത്തയല്ല, അദ്ധ്യയനം (അഥവാ പഠനം) ചീത്തയല്ല, സ്വാഭാവികമായി ചെയ്യേണ്ടുന്ന കര്‍ത്തവ്യം ചെയ്യുന്നതു് ചീത്തയല്ല, പണം തട്ടിപ്പറിച്ചെടുക്കുന്നതും ചീത്തയല്ല. എന്നാല്‍ ഇവയിലൊക്കെ മനസ്സു വച്ചാല്‍ അതാണു് ചീത്ത.

ഞാനും ഇതൊക്കെ ചെയ്തിട്ടുണ്ടു്. തൊഴിലിന്റെ ഭാഗമായി ചെയ്യേണ്ടിയിരുന്ന കര്‍ത്തവ്യം തന്നെയായിരുന്നു അതെങ്കിലും, ചെയ്തതു് ചെയ്തതു തന്നെയാണു്. എന്നാല്‍ ചിലതിലെല്ലാം മനസ്സുവച്ചുപോയതാണു് എനിക്കു് പറ്റിയ പിഴവു്. സ്വയം തിരുത്തിയേ തീരൂ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )